തര്‍ജ്ജനി

മുഖമൊഴി

നാലാം തൂണും ദ്രവിക്കുമ്പോള്‍...

ജനാധിപത്യത്തിന്റെ ബാക്കി മൂന്ന് തൂണുകളും ദ്രവിച്ചപ്പോഴും ഒരു പരിധിവരെ പിടിച്ചു നില്ക്കുകയും മറ്റുള്ളവയെ തിരുത്താന്‍ പരമാവധി ശ്രമിക്കുകയും ചെയ്തവരാണ് മാദ്ധ്യമങ്ങള്‍ - ജനാധിപത്യമെന്ന പരമോന്നത സംവിധാനത്തിന്റെ നാലാംതൂണ്. ഓരോ തൂണുകള്‍ തകരുമ്പോഴും സംഭവിക്കുന്ന ഏങ്കോണിപ്പുകള്‍ സമൂഹത്തില്‍ പ്രകടമാകാറുണ്ട്. തിരുത്തല്‍ ശക്തികളായ മാദ്ധ്യമങ്ങള്‍ക്കുകൂടി അപചയം സംഭവിക്കുന്നതോടെ സത്ത നഷ്ടപ്പെടുന്ന ജനാധിപത്യം വെറും 'പ്രതീതി' ജനാധിപത്യമായി മാറും. അതുകൊണ്ടുതന്നെ വളരെ കരുതലോടെ ഒരു പുനര്‍വിചിന്തനത്തിനും തിരുത്തലിനും സമയമായിരിക്കുന്നു. മാദ്ധ്യമങ്ങളുടെയും മാദ്ധ്യമപ്രവര്‍ത്തകരുടേയും വര്‍ത്തമാനകാല അവസ്ഥയും രീതികളും പരിശോധിച്ചുകൊണ്ട് മാത്രമേ ഇത് സാദ്ധ്യമാകുകയുള്ളു.

പത്രപ്രവര്‍ത്തനം ഒരു പാഠ്യവിഷയമായപ്പോള്‍, മറ്റെല്ലാ വിദ്യാഭ്യാസശാഖകളെയും പോലെ തന്നെ പത്രപ്രവര്‍ത്തനം സവിശേഷപാഠ്യവിഷയമാകുകയും സ്വകാര്യ-സ്വാശ്രയ മേഖലകളില്‍ കോളേജുകള്‍ ഉയര്‍ന്നുവരികയും ചെയ്തതോടുകൂടി ജേര്‍ണലിസം പഠിക്കുകയെന്നത് ഒരു ഫാഷനായി മാറി. വിദ്യാര്‍ത്ഥികളില്‍ നല്ലൊരു ശതമാനം പേരും ദൃശ്യമാദ്ധ്യമങ്ങളുടെ തിളക്കത്തില്‍ ഭ്രമിച്ചുമാത്രം ഈ രംഗത്തേക്ക് വന്നവരായി. യാതൊരു രാഷ്ട്രീയധാരണയോ പത്രപ്രവര്‍ത്തനത്തോട് താത്പര്യമോ ഇല്ലാത്ത കുട്ടികളെ ഇത്തരം കോഴ്സ്കളിലേക്ക് തള്ളിവിട്ട് ഞെക്കിപഴുപ്പിക്കുന്നതും ഈ മേഖലയിലെ മൂല്യച്യുതിക്ക് കാരണമായിട്ടുണ്ട്. പരീക്ഷാകേന്ദ്രീതമായി കരിക്കുലത്തിലും പഠനരീതികളിലും വന്നിട്ടുള്ള മാറ്റങ്ങളും പരീക്ഷകളടക്കം ചെലുത്തുന്ന സമ്മര്‍ദ്ദങ്ങളും പത്രപ്രവര്‍ത്തകന്റെ മൂല്യബോധം രൂപപ്പെടുന്നതില്‍ ദോഷകരമായി ബാധിച്ചിരിക്കുന്നു. ഈ രംഗത്തെ മികച്ച അദ്ധ്യാപകര്‍പോലും രാഷ്ട്രീയബോധത്തെക്കുറിച്ചും മൂല്യബോധത്തെക്കുറിച്ചും പത്രപ്രവര്‍ത്തകനുണ്ടാകേണ്ട സൂക്ഷ്മജാഗ്രത പുതുതലമുറയ്ക്ക് പകര്‍ന്നു കൊടുക്കുന്നതില്‍ നിരാശപ്പെടുത്തുന്നു. പുസ്തകങ്ങളില്‍ പഠിക്കുന്നതും കോഴ്സ് കഴിഞ്ഞ് ഇറങ്ങിയാല്‍ ആദ്യം ചെയ്യേണ്ടിവരുന്നതും, കണ്‍മുന്നില്‍ പ്രായോഗികമാകുന്നതും തമ്മിലുള്ള വൈരുദ്ധ്യം പലരെയും നിഷ്ക്രിയരാക്കുന്നു. വളരെ ആത്മവിശ്വാസത്തോടെയും ചടുലതയോടെയും കടന്നുവരുന്ന പുതുരക്തങ്ങളെ വെറും റബ്ബര്‍ബാന്‍ഡ് വ്യക്തിത്വങ്ങളാക്കി മാറ്റുകയാണ് ഒട്ടുമിക്ക കോളേജുകളിലും സംഭവിക്കുന്നത്.

കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ സൂക്ഷ്മരാഷ്ട്രീയം ബോദ്ധ്യപ്പെടാതെ പത്രപ്രവര്‍ത്തനത്തെ ഒരു തൊഴില്‍ മാത്രമായി കരുതുന്ന ചിലരും, ലാഭമാത്രം ലക്ഷ്യം വച്ച് കാഴ്ചയുടെ കമ്പോളസാദ്ധ്യതകള്‍ക്ക് മാത്രം മുന്‍തൂക്കം നല്കുന്ന ചില സ്ഥാപനങ്ങളും ഉത്പാദിപ്പിക്കുന്ന സാമൂഹികാപചയം സമീപഭാവിയില്‍ത്തന്നെ ഗുരുതരമായ ചലനങ്ങള്‍ക്ക് കാരണമാകും.

ആദിവാസിജീവിതങ്ങളുടെ ദൈന്യതയും ദുരിതങ്ങളും കേരളത്തിലെ ദൃശ്യമാദ്ധ്യമങ്ങള്‍ക്ക് എക്കാലത്തും ചൂടുള്ള വിഭവങ്ങള്‍ തന്നെയാണ്. ദൃശ്യങ്ങളുടെ വ്യത്യസ്തതയ്ക്കും ഒഴുക്കോടെയുള്ള വിശദീകരണത്തിനും പിറകെ പോകുന്നതുകൊണ്ട് ഇത്തരം വാര്‍ത്തകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മിന്നിമറയുന്ന കെട്ടുകാഴ്ചകളായിമാറുന്നു. അരിക് ജീവിതങ്ങളുടെ ഗതികേടുകളെയും ചെറുത്തുനില്പുകളെയും കേവലം കൗതുകവാര്‍ത്തയുടെ തലത്തിലേക്ക് താഴ്ത്തി ഗൗരവംചോര്‍ത്തിക്കളഞ്ഞ് അപഹസിക്കുന്നു.

കേരളത്തിനുണ്ടെന്നു അവകാശപ്പെടുന്ന സാമൂഹിക-സാംസ്കാരിക ഔന്നത്യത്തിന്റെ കാപട്യം പൂര്‍ണ്ണമായും തുറന്നു കാണിക്കപ്പെട്ട തലത്തിലേക്ക് ഉയര്‍ന്ന ചുംബനസമരവും അതിനോടനുബന്ധിച്ചു വിഷയങ്ങളിലും വിപുലമായ ഇടപെടല്‍ നടത്തിയെങ്കിലും മാദ്ധ്യമങ്ങളും മാദ്ധ്യമപ്രവര്‍ത്തകരും നടത്തിയ ഒളിഞ്ഞുനോട്ടങ്ങള്‍ അടക്കമുള്ള മനുഷ്യാവകാശലംഘനങ്ങളെ കുറിച്ച് മൗനംപാലിക്കുന്നത് കാണാം. പേന‌‌/ക്യാമറ ആയുധമാക്കി കാലങ്ങളായി ഇരകളാക്കപ്പെടുന്നവര്‍ക്ക് വേണ്ടി, അവരുടെ ദൈന്യതയുടെ രാഷ്ട്രിയ-സാമൂഹിക പശ്ചാത്തലത്തെ ഇഴകീറി പരിശോധിച്ച് ഭരണകൂടത്തെ ചോദ്യംചെയ്ത് തിരുത്തിക്കാന്‍ പ്രാപ്തിയുള്ള ബൗദ്ധികവ്യക്തിത്വങ്ങള്‍ കഴിവു തെളിയിച്ച പല സ്ഥാപനങ്ങളിലും ഇന്ന് പൂര്‍വ്വസൂരികള്‍ നേടിത്തന്ന സാമൂഹിക അന്തസ്സിനെ അമിതമായി ദുരുപയോഗം ചെയ്ത് ഒഴുക്കിനൊപ്പം നീന്തുന്ന അല്പബുദ്ധികളാണ്.

മുഖ്യധാര രാഷ്ട്രിയസംഘടനകളും ഭരണകൂട സ്ഥാപനങ്ങളും ഉദ്യോഗസ്ഥപ്രമാണിമാരും മാത്രമല്ല ആദിവാസികളെയും ഇരകളെയും ചൂഷണം ചെയ്യുന്നത്. ഇത്തരം ചൂഷണത്തിന്റെ കഥകള്‍ പുറലോകത്തിനെ അറിയിക്കുകയും പ്രതികരണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന മാദ്ധ്യമപ്രവര്‍ത്തകരും ഇവരെ ഇരകളാക്കുന്ന പ്രവണതകള്‍ ഏറിവരികയാണ്. ഡൗണ്‍ടൗണ്‍ കോഫിഷോപ്പ് തകര്‍ക്കുന്നതിലേക്കും സദാചാരപോലിസിന്റെ അതിക്രമങ്ങളിലേക്കും നയിച്ച ജയ്ഹിന്ദ് ചാനല്‍ റിപ്പോര്‍ട്ടിങ്ങും വയനാട്ടില്‍ ഭവനരഹിതരായ ആദിവാസി കുടുംബത്തിന്റെ ദൈന്യത റിപ്പോര്‍ട്ട് ചെയ്ത ഏഷ്യനെറ്റ് ലേഖകന്‍ ആ കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തന്റെ വീട്ടില്‍ ജോലിക്കായി നിറുത്തിയതും, പോലീസും ഭരണകൂടവും നല്കുന്ന വാര്‍ത്തകളുടെ നിജസ്ഥിതി പരിശോധിക്കാതെ പ്രസിദ്ധീകരിച്ച് നിരപരാധികളെ ഇരകളാക്കുന്നതും അടുത്തിടെ നടന്ന സംഭവങ്ങളാണ്. വയനാട്ടില്‍ നടന്ന മാവോയിസ്റ്റ് അക്രമണം, ലൗജിഹാദ് സംഭവം തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വരുത്തിയ പിഴവുകളും മറക്കാറായിട്ടില്ല. ചില വന്‍കിടസ്ഥാപനങ്ങള്‍ നടത്തുന്ന പരിസ്ഥിതി നശീകരണം വനം കൈയേറ്റം മലിനീകരണം നിയമലംഘനങ്ങള്‍ മനുഷ്യാവകാശലംഘനങ്ങള്‍ എന്നിവയെ പറയാതിരിക്കുകയോ, തീരേ അപ്രസക്തമായി മാത്രം വാര്‍ത്തയാക്കുകയോ ചെയ്യുന്നതും പതിവായിരിക്കുന്നു. ഇതൊക്കെ തന്നെയും പ്രസ്തുത മാദ്ധ്യമ പ്രവര്‍ത്തകന്‍/കര്‍ കാട്ടിയ വ്യക്തിപരമായ ജാഗ്രത കുറവ് എന്നതിനും അപ്പുറത്തേക്ക് കുറേകൂടി ആഴത്തിലും വിശാലമായും പരിശോധിക്കപ്പെടേണ്ടതാണ്. അടിമുടി വിഴുപ്പേറി നില്‍ക്കുന്ന ഒരു മാദ്ധ്യമ സംസ്കാരകാലത്താണ് പ്രസ്തുതലേഖകര്‍ എന്നുള്ളത് കുറ്റത്തെ ലഘൂകരിക്കുന്നില്ല എന്നത് പോലെ തന്നെ തികച്ചും വ്യക്തിപരമായൊരു വിമര്‍ശനത്തിനപ്പുറത്തേക്ക് ഒരു തിരുത്തല്‍ പ്രക്രിയയ്ക്ക് പ്രേരകമാകുന്ന തരത്തിലേക്ക് ചര്‍ച്ച ഉയര്‍ത്തി കൊണ്ട് വരേണ്ടതുണ്ട്.

എന്നാല്‍ ഈ രംഗത്തെ സംവിധാനങ്ങളായ പ്രസ് ക്ലബുകള്‍,സംഘടനങ്ങള്‍ പത്രപ്രവര്‍ത്തക കൂട്ടായ്മകള്‍ എന്നിവ ഇത്തരത്തിലുള്ള ഗൗരവകരവും പ്രസക്തവുമായ വിഷയങ്ങളില്‍ നിലപാടെടുക്കുകയോ ചര്‍ച്ചകള്‍ ഉയര്‍ത്തി കൊണ്ട് വരികയോ ചെയ്യുന്നതില്‍ തീര്‍ത്തൂം വിമുഖരാണ്. ഈ മേഖലയിലെ മൂല്യച്യുതിയെ കുറിച്ചും അതിനെ മറികടക്കുന്നതിനു ള്ള വഴികളെ കുറിച്ചും ഗുണകരമായി വിനിമയം ചെയ്യപ്പെടുന്നൊരു സംവാദം ഉയര്‍ത്താന്‍ കഴിയുന്നില്ലയെന്നത് അപകടകരമായ അവസ്ഥയാണ് സൂചിപ്പിക്കുന്നത്. നേതാക്കളുടെ കുറ്റകരമായ മൗനവും വിചാരണചെയ്യപ്പെടേണ്ടതാണ്.ഒരു പക്ഷേ ചൂണ്ടുവിരലുകള്‍ തങ്ങള്‍ക്ക് നേരെയും തിരി‍ഞ്ഞേക്കാമെന്ന തിരി ച്ചറിവില്‍ നിന്നായിരിക്കാം ഈ മൗനം.

തൊഴിലാളി സംഘടനകള്‍ എന്ന കടലാസ് പുലി
മുഖ്യധാര രാഷ്ട്രിയപാര്‍ട്ടികളുടെ പോഷകസംഘടനകള്‍ക്ക് സമാനമായ ഘടനയും മൂല്യബോധവും സൂക്ഷിക്കുന്ന കെ.യു.ഡബ്ല്യു.ജെ. തൊഴിലാളിസംഘടനയെന്നതിലുപരി പലപ്പോഴും മാനേജ്മെന്റിന്റെ ബി ടീം എന്നനിലയിലാണ് നിലനില്‍ക്കുന്നത്. പത്രപ്രവര്‍ത്തനം ഒരു തൊഴില്‍മേഖലയെന്ന നിലയില്‍ കാലങ്ങളായി നിലനില്ക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരമാകാത്തത് ഇതുമൂലമാണ്. അത്കൊണ്ട് തന്നെ സംഘടനയ്ക്കോ അതിന്റെ നിയന്ത്രണത്തില്‍ നടക്കുന്ന പ്രസ്സ് ക്ലബുകള്‍ക്കോ ഇത്തരത്തിലു ള്ള നൈതിക-മൂല്യബോധപ്രശ്നങ്ങളില്‍ മാതൃക പരമായി മുന്നിട്ടി റങ്ങാന്‍ കഴിയില്ല.

തൊഴില്‍ദാതാവിന്റെ അനുമതിയോടെ മാത്രം അംഗത്വം നല്‍കുന്ന ഏക തൊഴില്‍ സംഘടനയാണിത്. എന്നാല്‍ വര്‍ഷങ്ങളായി ഈ മേഖലയില്‍ തൊഴിലെടുക്കുന്നവരെ സ്ഥിരപ്പെടുത്താനോ, കാലാനുസൃതമായ വേതനവ്യവസ്ഥകള്‍ രൂ പപ്പെടുത്താനോ, വളരെ പരിമിതമായ ഇടപെടല്‍ മാത്രമാണ് നടത്തിയിട്ടുള്ളത്. മജീദിയ കമ്മിറ്റി റിപ്പോര്‍ട്ട് പോലെ ഒരെണ്ണം ദൃശ്യമാദ്ധ്യമമേഖലയില്‍ കൂടി ആവിഷ്കരിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ വേണ്ടരീതിയില്‍ ഏകോപിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്‍ഡ്യവിഷനിലേയും റിപ്പോര്‍ട്ടറിലേയും ശമ്പളപ്രശ്നവും മീഡിയവണ്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചവരെ പിരിച്ചുവിട്ടപ്പോഴും സംഘടനയുടെ സാന്നിദ്ധ്യം ചടങ്ങ്സമരങ്ങള്‍ നടത്തുന്ന മുഖ്യധാര രാഷ്ട്രിയപാര്‍ട്ടികളുടേത് പോലെ ആയിരുന്നു. കേരളത്തിലെ മാദ്ധ്യമരംഗം എത്തി നില്‍ക്കുന്ന അവസ്ഥ ചൂണ്ടി കാട്ടുന്നതോടൊപ്പം ഈ ശ്രേണിയിലെ താഴത്തെ കണ്ണികളായ പ്രാദേശികലേഖകര്‍, റിപ്പോര്‍ട്ടര്‍, ക്യാമറമാന്‍ എന്നിവര്‍ തൊഴില്‍ പരമായും സാമൂഹികമായും നേരിടുന്ന സമ്മര്‍ദ്ദങ്ങളെയും വെല്ലുവിളികളെയും വിലയിരുത്തികൊണ്ട് മാത്രമേ ഇത്തരം അപചയങ്ങള്‍ക്ക് പരിഹാരം അന്വേഷിക്കാന്‍ കഴിയുകയുള്ളു.

മാദ്ധ്യമസ്ഥാപനങ്ങളുടെ പിരമിഡല്‍ ഘടന ഉണ്ടാക്കുന്ന പരിമിതികള്‍, അമിത സെന്‍സേഷണിലസത്തിനു മാനേജ്മെന്റ് നല്‍കുന്ന പ്രാധാന്യം, മാധ്യമങ്ങള്‍/മാദ്ധ്യമ പ്രവര്‍ത്തകര്‍ തമ്മിലുള്ള മത്സരങ്ങളെ കൊഴുപ്പിക്കുന്ന കച്ചവട തന്ത്രം, ചാനല്‍പ്രവര്‍ത്തകര്‍ക്ക് നേരെ മാനേജ്മെന്റ് നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍, മാര്‍ക്കറ്റിങ്ങ്/പരസ്യ വിഭാഗങ്ങളുടെ വാര്‍ത്തകളിലെ ഇടപെടല്‍, ഈ മേഖലയെ അപ്പാടെ വിഴുങ്ങാന്‍ കാത്തിരിക്കുന്ന കോര്‍പ്പറേറ്റുകളുടെ സാന്നിദ്ധ്യം, പരിഷ്കരിക്കപ്പെടാത്ത വേതനവും വ്യവസ്ഥകളും, മീഡിയമാനിയാ ക്കുകളായ രാഷ്ട്രിയക്കാരും ജനപ്രതിനിധികള്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തിനു പുറമേ മാധ്യമ പ്രവര്‍ത്തകനു പൊതുസമൂഹത്തില്‍ നിന്നു ലഭിക്കുന്ന അമിതപ്രാധാന്യവും മാദ്ധ്യമപ്രവര്‍ത്തകന്റെ സ്വഭാവരൂപീകരണത്തിലും വാര്‍ത്തയുടെ രാഷ്ട്രിയ ഗുണ നിലവാരത്തിലും വളരെ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നു.

സ്ഥാപനങ്ങളുടെ ഘടനയും പരിമിതികളും
സാങ്കേതികമായും ഗുണനിലവാരത്തിലും ബഹുദൂരം മുന്നിലാണ് നമ്മുടെ സ്ഥാപനങ്ങള്‍ മിക്കതും. പക്ഷേ മാധ്യമ കമ്പോളത്തിലെ അനാരോഗ്യമത്സരം മാദ്ധ്യമ പ്രവര്‍ത്ത കരിലേക്ക് കയറ്റിവയ്ക്കുന്ന സമ്മര്‍ദ്ദം വളരെവലുതാണ്. ഇതു മൂലമുണ്ടാകുന്ന അനാശാസ്യപ്രവണതകള്‍ ലേഖകന്റെ സമീപനത്തെയും വാര്‍ത്തയുടെ ഗുണനിലവാരത്തെയും ദോഷകരമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ കുറേകാലമാ യി പത്രപ്രവര്‍ത്തകര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ പ്രധാനം മാദ്ധ്യമങ്ങളുടെ നടത്തിപ്പിലും വാര്‍ത്തകളിലും പരസ്യ/മാര്‍ക്കറ്റിങ്ങ് വിഭാഗം നടത്തുന്ന ഇടപെടലുകള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നതാണ്. ദൃശ്യ മാധ്യമങ്ങളില്‍ മിക്കതിലും പരസ്യദാതക്കള്‍ക്ക് എതിരെയുള്ള വാര്‍ത്തകള്‍ പലതും വെളിച്ചം കാണാറില്ല. അഥവ ചെയ്യാന്‍ നിര്‍ബന്ധിതരായാല്‍ തന്നെ വളരെ അപ്രസക്തമായ തരത്തിലാ യിരിക്കും. വിവേചനബുദ്ധിയില്ലാതെ പരസ്യം സ്വീകരിക്കേണ്ടി വരുന്നത് ലേഖകരുടെ ആത്മവീര്യത്തെ കെടുത്തി കളയുന്നു.

മത്സരമുണ്ടാക്കുന്ന സമ്മര്‍ദ്ദം വളരെ കടുത്തതാണ്. അതുകൊണ്ട് തന്നെ ഒരു വാര്‍ത്തയ്ക്ക് സാധ്യതയുള്ള വിവരം ലഭ്യമായാല്‍ അതിന്റെ ആധികാരികതയും വിവിധ വശങ്ങളും അന്വേഷിച്ച് ഉറപ്പ് വരുത്താനുള്ള സാവകാശമോ പലരും കാണിക്കാറില്ല. ഒരേ മേഖലയില്‍ ജോലിചെയ്യുന്നവര്‍ എന്ന നിലയില്‍ സാധിക്കുമായിരുന്ന തുറന്ന ചര്‍ച്ചകളും അതുവഴിയുണ്ടാകുന്ന വ്യക്തതകള്‍ക്കുമുള്ള വഴികള്‍ ഈമത്സരം അടച്ചുകളഞ്ഞു.തുടര്‍ പഠനങ്ങള്‍ക്കും അന്വേഷണങ്ങ ള്‍ക്കുമുള്ള വഴികള്‍ പണ്ട് ലഭിച്ചിരുന്നതില്‍ നിന്ന് എത്രയോ മടങ്ങ് അധികമാണെങ്കിലും അത്തരത്തിലൊരു മനോഭാവമുള്ളവര്‍ ചുരുക്കമാണ്. എന്തെങ്കിലും ചെയ്യണമെന്ന് കരുതുന്നവരെ കൂടി നിരാശപ്പെടുത്തുന്നതായിരിക്കും തലപ്പത്തിരിക്കുന്നവരുടെയും സഹപ്രവര്‍ത്തകരുടെയും മനോഭാവം. ആത്മവിശ്വാസത്തോടെ ഈ രംഗത്തെക്ക് കടന്നു വരുന്ന തുടക്കകാരെ തളച്ചിടുന്നത് ചില സ്ഥിരം ലാവണങ്ങളിലാണ്. ക്രിയാത്മകമായി ഒന്നുംചെയ്യാനില്ലാതെ മടുപ്പിക്കുന്ന ഇത്തരം തൊഴില്‍ സാഹചര്യം അവന്റെ ആത്മവിശ്വാസവും ധാര്‍മികബോധവും തകര്‍ത്തുകളയുന്നു. ഇതിനെയൊക്കെ മറികടന്ന് വ്യത്യസ്തവും വ്യക്തിത്വം തെളിയിക്കുന്നത് എന്തെങ്കിലും ചെയ്ത് സമര്‍പ്പിച്ചാല്‍ അത് തലപ്പത്തിരിക്കുന്നവരുടെ പെരുന്തച്ചന്‍ കോംപ്ളക്സില്‍ കുടുങ്ങി അവസാനിക്കും. ദൃശ്യമാധ്യമങ്ങളില്‍ ഇത് കുറച്ചുകൂടി പ്രകടമാണ്. കാരണം മലയാളംദൃശ്യമാധ്യമ ചരിത്രം പത്ത് ഇരുപത് വര്‍‍ഷത്തിന്റെ പഴക്കംമാത്രമുള്ളതാണ്. ഇതില്‍ ഒന്നാംതലമുറ പലരും കളമൊഴിഞ്ഞ് പകരം അത്രതന്നെ രാഷ്ട്രീയ-നൈതിക ബോധമില്ലാത്ത ഒരു കോര്‍പ്പറേറ്റ് ബിസിനസ് മാനേജര്‍ മനോഭാവമുള്ളവര്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തുടങ്ങി. അവരുടെ സംസാരഭാഷയും ശരീരഭാഷയും പോലും ഇത് പ്രകടിപ്പിക്കുന്നത് കാണാം. വെള്ളിവെളിച്ചത്തില്‍ തിളങ്ങുന്നവര്‍ മാത്രം അംഗീകരിക്കപ്പെടുകയും. ക്യാമറയടക്കമുള്ള സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ അവഗണിക്കപ്പെടുകയും ചെയ്യുന്ന പ്രവണത പ്രബലമാണ്. സമരങ്ങള്‍ പോലെയുള്ള സംഘര്‍ഷ മേഖലകളില്‍ റിപ്പോര്‍ട്ടറെക്കാള്‍ അദ്ധ്വാനം വേണ്ടി വരുന്നതും അപകട സാധ്യതകളും ക്യാമറ കൈകാര്യം ചെയ്യുന്നവര്‍ക്കാണ്. വിലപിടിപ്പുള്ള ഉപകരണങ്ങള്‍ നഷ്ടപ്പെടുകയോ നാശം സംഭവിക്കുകയോ ചെയ്താല്‍ വിശദീകരണം നല്‍കേണ്ടതും ഇവരാണ്.പലപ്പോഴും ഇത് റിപ്പോര്‍ട്ടറും ക്യാമറമാനും തമ്മിലുള്ള മാനസിക സംഘര്‍ഷത്തിലേക്ക് വളരുന്നു. കൃത്യതയും സത്യസന്ധതയും രാഷ്ട്രീയ ഇച്ഛാശക്തിയും മാറി ലാഭവും പരസ്യവും കാഴ്ചക്കാരുടെ എണ്ണവും വര്‍ദ്ധിപ്പിക്കുകയെന്നത് ലക്ഷ്യമായപ്പോള്‍ വാര്‍ത്തയുടെ പൈങ്കിളിവത്ക്കരണത്തിന്റെ ആക്കവും കൂടി.

നവസാമൂഹികമാദ്ധ്യമങ്ങള്‍
മാദ്ധ്യമരംഗത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി പൊതുവേ ചൂണ്ടികാണിക്കുന്നത് നവമാദ്ധ്യമങ്ങളെയാണ്.മുഖ്യധാര മാദ്ധ്യമങ്ങള്‍ ബോധപൂര്‍വ്വം അവഗണിച്ചതോ, തിരസ്കരിച്ചതോ ആയ നിരവധിവിഷയങ്ങള്‍ പൊതുസമൂഹത്തിനുമുന്നില്‍ എത്തിച്ചത് വളരെ ശ്രദ്ധേയമായ ഇടപെടല്‍ തന്നെയാണ്. നിരന്തരം നവീകരിക്കുകയും ശക്തമായ രാഷ്ട്രീയദിശബോധത്തോ ടെ വിഷയങ്ങളെ സമീപിക്കുകയും ചെയ്യുന്ന നിരവധി കൂട്ടായ്മകള്‍ കുറഞ്ഞകാലത്തിനുള്ളില്‍ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. ഇത് മാധ്യമരംഗത്തെ അശങ്കയോടെ വീക്ഷിച്ചിരുന്നവരില്‍ പുതിയ പ്രതീക്ഷയ്ക്ക് വകനല്‍കിയിട്ടുണ്ട്. ഈ രംഗത്തെ തിരുത്തല്‍ ശക്തിയായ് നവമാദ്ധ്യമങ്ങളെ അംഗീകരിക്കുമ്പോള്‍ തന്നെ ഇതി ന്റെ സാധ്യതകളെയും പരിമിതികളെയും യാഥാര്‍ത്ഥ്യ ബോധത്തോടെ വിലയിരുത്തപ്പെടേണ്ടതുണ്ട്. അച്ചടി/ദൃശ്യ മാധ്യമങ്ങളുടെ കാലംകഴിഞ്ഞെന്നും ഭാവിയിലെ മാദ്ധ്യമം ഇതാണെന്നുമുള്ള പ്രസ്താവനകള്‍ അതിശയോക്തിപരമാണ്.

നാലാം തൂണ് എന്ന നിലയില്‍ നിന്ന്മാറി അധികാരത്തിന്റെ ഇടനാഴികളില്‍ സ്വാധീനം വിലപേശി ഉറപ്പിക്കാനുള്ള ഉപകരണമായി മാദ്ധ്യമ സ്ഥാപനങ്ങളുടെ ഉടമസ്ഥത മാറികഴിഞ്ഞു. അത്കൊണ്ട് തന്നെ യാണ് കേരളത്തിലെ പ്രമുഖകുത്തക ഗ്രൂപ്പുകളും വനം-ഖനന-ക്വാറി-കരിമണല്‍ ലോബികളും നിലവിലുള്ള മാധ്യമങ്ങളുടെ ഉടമസ്ഥതയില്‍ പങ്കാളികളാകുകയോ സ്വന്തമായി പത്രം/ചാനല്‍ തുടങ്ങാന്‍ തീരുമാനിക്കുകയോ ചെയ്യുന്നത്. യാതൊരു തരത്തിലുമുള്ള സാമൂഹിക രാഷ്ട്രീയ ബോധമോ ധാര്‍മികതയോ ഉത്പാദിപ്പിക്കുന്ന വിദ്യാഭ്യാസ-തൊഴില്‍ സാഹചര്യമല്ല മാധ്യമ രംഗത്ത് നിലനില്‍ക്കുന്നത്. പെയ്ഡ്ന്യൂസിന്റെയും സൗജന്യമെഡിക്കല്‍പാക്കേജുകളുടെയും മുന്തിയ ഹോട്ടലുകളിലെ വിലകൂടിയ മദ്യപാനസദസ്സുകളുടെയും പ്രലോഭനങ്ങളെ മറികടന്നുവേണം ഇന്നൊരു വാര്‍ത്ത സമൂഹത്തില്‍ എത്താന്‍. അതുകൊണ്ട് തന്നെ ഇതിനെയൊക്കെ അതിജീവിച്ച് പത്രധര്‍മ്മവും ധാര്‍മ്മികതയും ഉയര്‍ത്തിപ്പിടിച്ച വ രില്‍ ചിലര്‍ക്ക് മനംമടുത്ത് ജീവന്‍ ത്യജിക്കേണ്ടിവന്നതും, മറ്റു ചിലര്‍ സ്ഥാപനങ്ങളില്‍ നിന്ന് ഇറങ്ങി പോരുന്നതും അറിയുക തന്നെവേണം.

കടുത്തവെല്ലുവിളികളെയും കായികമായ നേരിടലുകളെയുമൊക്കെ നേരിട്ട് ചെയ്യുന്നൊരു വാര്‍ത്ത ജനങ്ങളില്‍ എത്താതിരിക്കുമ്പോഴുണ്ടാകുന്ന മനംമടുപ്പും ജനങ്ങളി ല്‍ നിന്നുയരുന്ന വിമര്‍ശനത്തെയും ആരോപണങ്ങളെയും നേരിടേണ്ടിവരുന്നതും ഇവര്‍ തന്നെ. ഇതിനെയൊക്കെ മറികടന്ന് ചുരുക്കംചിലരെങ്കിലും എല്ലാ മാധ്യമങ്ങളിലുമുണ്ടെന്നുള്ളതും വൈകിയാണെങ്കിലും അവരെ സമൂഹം തിരിച്ചറിയുണ്ടെന്നുള്ളതും പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. നവസാമൂഹിക മധ്യമങ്ങളുടെ ഇടപ്പെടലുകളും ഒരു പരിധിവരെ ഈ രംഗത്തെ മൂല്യങ്ങളെ തിരികെ പിടിക്കുന്നതില്‍ പങ്ക് വഹിക്കുന്നുണ്ട്.

അടിമുടി അഴുകിയ വ്യവസ്ഥിതിയില്‍, പൂര്‍ണമായും അതിന്റെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നില്ക്കുന്ന നാലാംതൂണു മാത്രം ദ്രവിക്കരുതെന്ന് പറയുന്നതില്‍ അ‍ര്‍ത്ഥമില്ല. എങ്കിലും ഒരു സമ്പൂര്‍ണ്ണ അഴിച്ചുപണിയിലൂടെ അസമത്വങ്ങളെയും സമ്മര്‍ദ്ദങ്ങളെയും പരിഹരിച്ച് മൂല്യവത്തും അര്‍ത്ഥപൂര്‍ണവുമായ മാദ്ധ്യമ സംസ്കാരത്തിനു വേണ്ടിയുള്ള ശ്രമമാണ് കാലം നമ്മളോട് ആവശ്യപ്പെടുന്നത്.

Subscribe Tharjani |