തര്‍ജ്ജനി

യാക്കോബ് തോമസ്

മലയാളവിഭാഗം,
ഗവ. കോളേജ്,
കട്ടപ്പന.

Visit Home Page ...

നിപാഠം

രാത്രിയില്‍ ഇറങ്ങി നടക്കാന്‍...

ഞങ്ങള്‍ പതുങ്ങിയ ഈണത്തില്‍ ശീലാവതിയുടെ ഭര്‍ത്തൃശുശ്രൂഷാ പാട്ടുകള്‍ പാടുമ്പോള്‍ ഈ പണിക്കാരിക്കുട്ടികള്‍ ഉറക്കെ ഉശിരോടെ ഈ വടക്കന്‍കഥകള്‍ പാടിത്തിമിര്‍ക്കും.

കേട്ടുകേട്ട് വടക്കന്‍പാട്ടുകളുടെ വരികളും എനിക്കു ഹൃദിസ്ഥമാകാന്‍ തുടങ്ങി. കെട്ടിലും അടുക്കളിയിലും നടക്കുമ്പോള്‍ കുളത്തിലേക്കു പോകുമ്പോള്‍ ഒക്കെ ഞാനും ശീലാവതിക്കു പകരം അവ മൂളാന്‍ തുടങ്ങി. എന്നാല്‍ വടക്കന്‍ പാട്ടുകള്‍ ഞങ്ങള്‍ പെണ്‍കിടാങ്ങള്‍ക്ക് പാടാന്‍ അവകാശമില്ലെന്ന് ക്രമത്തില്‍ എനിക്കു മനസ്സിലായി. അതൊക്കെ പുറത്തുള്ളവരുടെ പാട്ടാണ്, അതൊന്നും പാടേണ്ട എന്ന് അമ്മ കൂടെക്കൂടെ ശാസിക്കാനും തുടങ്ങി ( ദേവകി നിലയങ്ങോട്, കാലപ്പകര്‍ച്ചകള്‍, 2012, 75).

നവോത്ഥാനകാലത്ത് ജീവിതത്തിന്റെ സ്പന്ദനം അനുഭവിച്ച ദേവകി നിലയങ്ങോടിന്റെ ഈ ഓര്‍മ്മകള്‍ സാഹിത്യത്തിന്റെ പ്രത്യയശാസ്ത്രപരതയെക്കുറിച്ച് വാചാലമായി സംസാരിക്കുന്നു. ഭര്‍ത്താവിനെ അനുസരിക്കുന്ന, അയാള്‍ക്കായി വിധേയത്വത്തോടെ ജീവിക്കുന്ന ശീലാവതിയുടെ കഥകള്‍ക്കു പകരം ഭര്‍ത്താവിനെ ധിക്കരിച്ച, തെരുവില്‍ ജോനകരുമായി പോരാടിയ ഉണ്ണിയാര്‍ച്ചയുടെ കഥ പറയുന്ന വടക്കന്‍പാട്ടുകള്‍ മകള്‍ പാടരുതെന്ന് അമ്മ ശാസിച്ചതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരം വ്യക്തമാണ്. ജാതിപരമായ യുക്തികള്‍ക്കൊപ്പം പെണ്ണിന്റെ അടക്കവുമൊതുക്കവും നിലനിര്‍ത്തി പെണ്ണിനെ പുരുഷസങ്കല്പത്തിനു പ്രിയപ്പെട്ട ശരീരമാക്കുന്ന പ്രക്രിയയ്ക്ക് വീട്ടിലെ ശാസനാദികള്‍ക്കു പുറമേ വളരെ പ്രധാനപ്പെട്ടതാണ് അത്തരം സാഹിത്യവും. അവയുടെ നിരന്തരാവര്‍ത്തനത്തിലൂടെ ഉണ്ണിയാര്‍ച്ചകളുടെ കഥകള്‍ പടിയിറങ്ങുകയും ശീലാവതികള്‍ മനസ്സിനെ ഭരിക്കുകയും ചെയ്യുന്നു. ഒരു ശീലാവതിയായി പകര്‍ന്നാടുകയും ചെയ്യുന്ന വേഷംകെട്ടലിന്റെ അരങ്ങിലേക്കു ശരീരം വലിച്ചെറിയപ്പെടുകയും ചെയ്യുന്നു. ഇത്തരം വേഷംകെട്ടലുകള്‍ക്കു നിര്‍ബ്ബന്ധിക്കപ്പെടുന്നതാണ് നമ്മുടെ ലിംഗാവസ്ഥകള്‍ -ആണും പെണ്ണും- എന്നുകാണാം. കുട്ടിക്കാലം ഇത്തരത്തില്‍ വിലക്കുകളുടെ, ഭയപ്പെടുത്തലിന്റെ കഥാകാലമാണ്. പേടിപ്പിക്കാനും അടക്കിനിര്‍ത്താനും ഉമ്മാക്കികളും മറുതകളെയുമൊക്ക കുഞ്ഞുമനസ്സിലേക്കും പിന്നെ മുതിരുമ്പോഴും നിറച്ചുകൊണ്ടിരിക്കുന്നു. ഇത്തരം നൂറുകണക്കിന് കഥകളിലൂടെയാണ് രാത്രി നമ്മുടെ പെണ്‍കുട്ടികള്‍ക്ക് വിലക്കുള്ള സമയമായത്. സ്വാതന്ത്ര്യത്തോടെയുള്ള പെണ്‍ജീവിതം അന്യമാക്കിയത്. ഇവിടെ, പുതിയ കഥപറച്ചിലുകള്‍ക്കായി നമ്മുടെ ഭാവനകളെ കൂടുതല്‍ വിടര്‍ത്തേണ്ടതുണ്ട്. യക്ഷിക്കഥകള്‍ ഇവിടെയാണ് വീണ്ടും വായിക്കേണ്ടത്.....

1.
ആകാശം മുട്ടി കാടുനിറഞ്ഞ് അതിഭയങ്കരമായുള്ള ദ്രംഷ്ട്രങ്ങളും രക്തനിറമായി നിലത്തോളം മുട്ടുന്ന നാക്കും ഗുഹപോലെയുള്ള വായും തീപ്പൊരി ചിതരുന്ന വട്ടക്കണ്ണുകളും വൃക്ഷങ്ങളെപ്പോലെ നിവര്‍ന്നു നില്കുന്ന തടിച്ച രോമങ്ങളും ഇങ്ങനെയുള്ള ആകൃതികളോടു കൂടിയ പഞ്ചവങ്കാട്ടിലെ യക്ഷിതന്നെ പട്ടരുടെ മുന്നിലുണ്ട്. യക്ഷിയുടെ വായിലും മൂക്കിലും തീയും പുകയും പിന്ന അട്ടഹാസവും -പത്മനാഭ പാവം പട്ടര്‍ (സി.വി രാമന്‍ പിള്ള, മാര്‍ത്താണ്ഡവര്‍മ, 78, 1999).

മാര്‍ത്താണ്ഡവര്‍മ നോവലിലെ കള്ളിയങ്കാട്ടു നീലിയെക്കുറിച്ചുള്ള ഈ ഭാഗം കേരളത്തിലെ ജനങ്ങളുടെ ഇടയിലെ പ്രബലമായൊരു വിശ്വാസത്തെ/ ഭയത്തെ അടയാളപ്പെടുത്തുന്നതാണ്. യക്ഷി എന്നൊരു സ്ത്രീ ശക്തിയുണ്ടെന്നും അതിന്റെ മുന്നില്‍ ആണത്തത്തിനോ അതിന്റെ പ്രതാപങ്ങള്‍ക്കോ യാതൊരു വിലയുമില്ലെന്നുള്ളതാണ് ഇതിന്റെ അടിസ്ഥാനം. കേരളത്തിലെ നാടോടിവിശ്വാസമായി രൂപപ്പെടുകയും ആധുനികതയിലും സിനിമ, സാഹിത്യംപോലുള്ള കലകളിലൂടെ വര്‍ത്തമാനത്തിലും ഇടപെടുകയും ചെയ്യുന്ന ഒന്നാണിത്. നിരവധി തരത്തിലുള്ള വ്യാഖ്യാനങ്ങളും കഥകളും മിത്തുകളും കൂടിക്കലര്‍ന്നുള്ള യക്ഷിക്കഥകള്‍ ശ്രദ്ധിച്ചാല്‍ യക്ഷിക്കഥകള്‍ക്കുള്ളത് ഭീകരതയുടെ പശ്ചാത്തലവും ഉള്ളടക്കമാണ്. പ്രതികാരമാണ് യക്ഷികളുടെ അടിസ്ഥാന ലക്ഷ്യം. ജീവിച്ച കാലത്ത് ജീവിതസുഖം അല്ലെങ്കില്‍ പ്രണയം/ അതിഭീകരമായ പുരുഷാധിപത്യപരമായ അക്രമത്തിന് വിധേയമാക്കപ്പെട്ടവരോ നിഷേധിക്കപ്പെട്ടവരാണ് മരണാനന്തരം തന്നെ മരണത്തിന് വിധേയരാക്കിയവരോട് പ്രതികരിക്കാന്‍ വരുന്നത്. കള്ളിയങ്കാട്ട് നീലിക്കഥ തന്നെ ഉദാഹരണം. പട്ടരുടെ ധനാര്‍ത്തിയ്ക്ക് വിധേയയായി കൊല്ലപ്പെട്ടവളാണ് നീലി. ആ സ്ഥലത്ത് അവള്‍ യക്ഷിയായി പലരെയും ഉപദ്രവിക്കുന്നു, അതേസ്ഥലത്തുവച്ച് തന്നെ കൊന്ന പുരുഷനെ അവള്‍ പ്രതികാരം ചെയ്ത് ഇല്ലാതാക്കുന്നു.

ഈ കഥകളില്‍നിന്ന് പുതിയ ജനപ്രിയകഥകളിലേക്കും സിനിമകളിലേക്കും വന്നപ്പോള്‍ യക്ഷിയുടെ മൂലരൂപത്തിന് കാര്യമായി മാറ്റം വന്നില്ല. പാരമ്പര്യത്തിന്റെ അംശം നിലനിര്‍ത്തിക്കൊണ്ട് സവിശേഷമായി ഒരു ലിംഗപ്രശ്നമായി ഉയര്‍ത്തുന്നതിലും അവളെ മെരുക്കുന്നതിലുമാണ് കഥകളുടെ ശ്രദ്ധ. പുതിയ കഥകളില്‍ യക്ഷിമാര്‍ ആവുന്നവര്‍ ഭൂരിപക്ഷവും പ്രണയം നിഷേധിക്കപ്പെട്ടവരാണ്. വലിയവിജയം നേടിയ മണിച്ചിത്രത്താഴ് എന്ന ചിത്രത്തില്‍ ഇത് കാണാം. പ്രാചീനമായ തറവാടിന്റെ ഫ്യൂഡല്‍ മൂലധനത്തില്‍ ജീവിക്കുന്നതിനായി നകുലനും ഗംഗയും വരുന്നു. ഇപ്പോള്‍ താമസിക്കുന്ന തറവാട് ഒരുകാലത്ത് ശങ്കരന്‍തമ്പി എന്ന ക്രൂരനായ ഒരു കാരണവരുടേതായിരുന്നു. തഞ്ചാവൂരില്‍ നിന്നും വന്ന ഭരതനാട്യ നര്‍ത്തകി നാഗവല്ലിയെ ഇയാള്‍ ഇവിടെ പാര്‍പ്പിച്ചു. എന്നാല്‍ നാഗവല്ലിക്ക് തൊട്ടടുത്തു താമസിക്കുന്ന രാമനാഥന്‍ എന്ന നര്‍ത്തകനുമായുള്ള ഇഷ്ടമറിയുന്ന കാരണവര്‍ നാഗവല്ലിയെ വെട്ടിക്കൊല്ലുന്നു. പ്രതികാരദാഹിയായ ആത്മാവായി മാറുന്ന നാഗവല്ലിയെ ഒരു മന്ത്രവാദി തെക്കിനിയില്‍ ബന്ധിച്ചു. തന്റെ മുത്തശ്ശിയില്‍ നിന്ന് പലതരം കഥകള്‍ കേട്ടുവളര്‍ന്ന ഗംഗ, നാഗവല്ലിയുടെ ഈ കഥയിലൂടെ അവളിലേക്കു പ്രവേശിക്കുന്നു. ഇവിടെ യക്ഷിയായി നാഗവല്ലി മാറുന്നതിനു കാരണം പ്രണയത്തകര്‍ച്ചയാണ്. അതോടെ ഗംഗയുടെ ജീവിതമാകെ മാറിമറിയുന്നു.

നമ്മുടെ തറവാടുകളുടെ സാമ്പത്തിക- ജാതീയ ഘടനയിലേക്ക് വ്യക്തമായി കണ്ണിചേരുന്ന യക്ഷിത്വത്തില്‍ സങ്കീര്‍ണ്ണമായ വിധത്തിലാണ് ലിംഗപ്രശ്നം കിടക്കുന്നത് (യക്ഷിക്കഥകളില്‍ മറ്റ് ഘടകങ്ങള്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാലത് ഇവിടെ ഉന്നയിക്കുന്നില്ല). യക്ഷിയായി മാറുന്നതോടെ അഥവാ യക്ഷി ആവേശിക്കുന്നതോടെ സ്ത്രീ അവളുടെ പുരുഷനിര്‍മ്മിതമായ പെണ്ണത്തത്തില്‍ നിന്നും പുറത്തു കടക്കുന്നുവെന്നുള്ളതാണ് പ്രധാനം. നാഗവല്ലി ഗംഗയിലേക്കു പ്രവേശിക്കുന്നതോടെ ഗംഗ ഗംഗയുടെ സാധാരണമട്ട് വിടുകയും ഒന്നിനെയും ഭയക്കാതെ അക്രമോത്സുകയായി പ്രതികരിക്കുന്നവളായി മാറുകയും ചെയ്യുന്നു. എന്നൈ വിടമാട്ടെ എന്ന മട്ടില്‍ അതിക്രൂരമായി അവള്‍ പ്രതികരിക്കുകയും അതിഭയങ്കരമായ വിധത്തില്‍ ശക്തി പ്രകടിപ്പിക്കുകയും ചെയ്യുന്നു. ദൈവികതയുടെ, അഭൗമികതയുടെ തലത്തിലാണ് അവളെ നിര്‍ത്തുന്നതെങ്കിലും അവളുടെ സ്ത്രൈണതയാണ് അതിന്റെ അടിസ്ഥാനമായിരിക്കുന്നത്. ആര്‍ക്കും കീഴടക്കാനാവാത്ത ശക്തിയായി മാറുന്നു യക്ഷികളെന്നാണ് സങ്കല്പം. മന്ത്രവാദികളൊക്കെ വളരെ ബദ്ധപ്പെട്ടാവും അവരെ മെരുക്കി നിര്‍ത്തുന്നത്. ചെറിയൊരു ശ്രമം മതി അവര്‍ വീണ്ടും പുറത്തുചാടും. അതായത് ഒരു ശക്തിക്കും പൂര്‍ണ്ണമായി കീഴടക്കുവാനാവാത്ത ശക്തിയാണ് യക്ഷിത്വം എന്നതാണ് വസ്തുത. എന്നാല്‍ മിക്കസിനിമകളിലും കഥകളിലും അവളെ തളച്ചിരിക്കും അഥവാ ഇല്ലാതാക്കിയിരിക്കും. മണിച്ചിത്രത്താഴില്‍ നാഗവല്ലിയെ ഇല്ലാതാക്കി നകുലേട്ടന്റെ ഭാര്യയായ ഗംഗയെ വീണ്ടെടുക്കുന്നു. ഏട്ടന്മാരെ തൃപ്തിപ്പെടുത്തുന്ന വിധേയകളെ യക്ഷികളില്‍ നിന്നു വീണ്ടെടുത്ത് വീടിനുള്ളില്‍ പ്രതിഷ്ഠിക്കേണ്ടതുണ്ട്. ഇവിടെ ഇല്ലാതാക്കുന്ന യക്ഷിത്തം സ്ത്രീത്വമാണ്. രാത്രിയെ ഭയക്കുന്ന വീടിനുള്ളില്‍ ഒതുങ്ങുന്ന ഭര്‍ത്താവിനു ചുറ്റും തന്റെ ലോകം കെട്ടിയിടുന്ന വെറും സ്ത്രീകള്‍ക്ക് ഇത്തരം ഭാവങ്ങളൊന്നും പാടില്ലെന്നും അതൊക്കെ ഇല്ലാതാക്കണമെന്നും കല്പിക്കുന്ന പുരുഷയുക്തിയാണ് ഇല്ലതാക്കപ്പെടുന്ന യക്ഷിത്തത്തിന്റെ പിന്നില്‍.


രേഖാചിത്രം: നാമത്ത്
http://yaksham.blogspot.in/

യക്ഷി എന്ന പദമുല്പാദിപ്പിക്കുന്ന അര്‍ത്ഥവും വ്യവഹാരങ്ങളും കരുത്തരായ ആണുങ്ങള്‍ക്കുപോലും അസഹ്യമാണ്. യക്ഷിയെന്നത് സ്ത്രീത്വത്തിന്റെ ഭാവമാണ്. എന്നാല്‍ അധിഭൗതികമായ ശക്തിയുടെ ചിഹ്നവും. യക്ഷിക്കുമുന്നില്‍ ആണത്തം ഒന്നുമല്ല എന്നത് ഗൗരവമുള്ളൊരു ലിംഗപ്രശ്നമാണ്. നിലവിലുള്ള സ്ത്രീ-പുരുഷ മാതൃകയുടെ അപ്പുറത്ത് സ്വാതന്ത്ര്യത്തിന്റെയും കരുത്തിന്റെയും ലൈംഗികാസക്തിയുടെയും പ്രതികാരത്തിന്റെയും അധികാരമാണ് യക്ഷിയില്‍ പ്രകടമാകുന്നത്. നിലവിലുള്ള സാഹിത്യത്തിലും സാമാന്യവ്യവഹാരങ്ങളിലും കാണുന്ന യക്ഷിയില്‍ രൂപവും വേഷവും ഒഴിച്ചാല്‍ ബാക്കിയുള്ള ഗുണങ്ങളെല്ലാം നമ്മുടെ സമൂഹത്തില്‍ പുരുഷനു കല്പിച്ചിട്ടുള്ള ഗുണങ്ങളാണെന്നും കാണാം. ചില യക്ഷിക്കഥകളിലെ യക്ഷിമാര്‍ ബ്രാഹ്മണര്‍ക്കു കീഴടങ്ങുന്നു. എന്നാല്‍ മറ്റുചിലതില്‍ ഇവര്‍ സ്വാര്‍ത്ഥചിന്തക്കാരായ ബ്രാഹ്മണ പ്രതിനിധികളെ തോല്പിക്കുകയും ചെയ്യുന്നതായി കാണാം.

2.
എങ്ങനെയുള്ളവളാണ് യക്ഷി?
ക. ഒന്നിനെയും ഭയമില്ലാത്തവള്‍.
ഖ. രാത്രിയാണ് യക്ഷികളുടെ സഞ്ചാരസമയം. അതും പുരുഷന്മാര്‍ പോലും സഞ്ചരിക്കാന്‍ മടിക്കുന്ന അര്‍ധരാത്രികളിലൊക്കെ സ്വതന്ത്രമായി പുറത്തിറങ്ങി വിലസുന്നവരാണ് യക്ഷികള്‍. സാധാരണ സ്ത്രീക്കു ചിന്തിക്കാന്‍ പോലുമാകാത്തതാണ് ഇത്.
ഗ. സാരിയാണ് വേഷമെങ്കിലും സാധാരണ സ്ത്രീകളുടെ വിധത്തിലല്ല അതിന്റെ ഉപയോഗം. ശരീരത്തിന്റെ അടക്കവും ഒതുക്കവും സാദ്ധ്യമാക്കുന്ന വിലങ്ങായാണ് സാരി സാധാരണ ഉപയോഗത്തിലെന്നു കാണാം. എന്നാല്‍ യക്ഷിമാരില്‍ വെള്ളസാരി അവരുടെ കരുത്തിന്റെയും അക്രമശേഷിയുടെയും അടയാളമാണ്. അവരുടെ ഭയങ്കരതയുടെ പ്രതീകമായിട്ടാണ് സാരി പ്രത്യക്ഷപ്പെടുക.
ങ. അതിശക്തമായ അക്രമം. കോപം, പൊട്ടിച്ചിരി തുടങ്ങിയവ നിയന്ത്രണമില്ലാതെ പ്രകടപ്പിക്കുന്നവള്‍. യക്ഷിയുടെ ജീവിതം ക്രിയാഭരിതമായ നിമിഷങ്ങളാണ്. അവളുടെ ചടുലമായ നടത്തം, പ്രവര്‍ത്തനങ്ങള്‍, കോപം, സംസാരം രാത്രിയിലെ ജീവിതം തുടങ്ങി വളരെ ചലനാത്മകമായ ജീവിതത്തിന്റെ അടയാളമാണ് ഓരോ യക്ഷിക്കഥകളും. സ്വതന്ത്രമായ ലൈംഗികതയുടെ അബോധമാണവളുടെ ശരീരവും ജീവിതവും.

പുരുഷന്മാരേക്കാള്‍ രാത്രി സ്വന്തമാക്കിയവരാണിവര്‍, രാത്രിയെ ദേശമായി അടക്കി ഭരിച്ച നാടുവാഴികളാണിവര്‍. പുരുഷന്മാരെ ഭയപ്പെടുത്തുന്ന രാത്രിജീവിതത്തിന്റെ ആജ്ഞകള്‍. അതിനാല്‍ ഏതെങ്കിലും പെണ്ണ് രാത്രി ഇറങ്ങിനടന്നാലവളെ യക്ഷിയാക്കുന്ന പതിവ് പലയിടത്തും കാണാം. രാത്രിയാണ് പല ഭയങ്ങളുടെയും വേള. ഈ വേളയെ കീഴ്പെടുത്തിയവളായ യക്ഷി ഒന്നിനെയും കൂസാത്തവളാണ്. പുരുഷന്റെ കരുത്ത്, അറിവ്, ആയുധങ്ങള്‍, തുടങ്ങിയവയെല്ലാം അതിജീവിക്കുന്നവളാണ് യക്ഷി. ഇതാണ് യക്ഷിയുടെ രാഷ്ട്രീയം. പേരുകൊണ്ടുതന്നെ പൗരുഷത്തെ നിര്‍ജ്ജീവമാക്കുന്ന വ്യവഹാരമാണിത്. നമ്മുടെ സമൂഹത്തിലെ പെണ്മയുടെ സ്വാതന്ത്ര്യത്തിന്റെ കൊടിയും ആദിപ്രരൂപവുമാണ് ഈ നാമവും രൂപവും മിത്തുകളും. ഇത് പൗരുഷത്തിന് അസഹ്യമാണ്. അസ്വസ്ഥജനകമാണ്. അതാണ് എല്ലാക്കഥകളിലും യക്ഷിയെ കീഴടക്കുന്ന കഥാന്ത്യം വരുന്നത്. എല്ലാ യക്ഷികളും വീണ്ടും തളയ്ക്കപ്പെടുകയോ പൂര്‍ണ്ണമായും ഇല്ലാതാക്കപ്പെടുകയോ ചെയ്യുന്നു. കീഴടക്കപ്പെടാത്ത യക്ഷി സമൂഹത്തിന്റെ നിലനില്പിനെ ചോദ്യം ചെയ്യപ്പെടുന്നുവെന്ന മട്ടിലാണ് കഥകള്‍ പറയുന്നത്. യക്ഷിത്വം ആവശ്യമില്ലെന്ന മട്ടിലാണ് ആഖ്യാനങ്ങള്‍. ഈ കഥകളെല്ലാം നമ്മുടെ പുരുഷാധിപത്യത്തിന്റെ അധികാരമാണ്. സ്വതന്ത്രയും കരുത്തുമുള്ള സ്ത്രീയെ ഭാവനചെയ്യുന്നതില്‍ എല്ലാ അര്‍ത്ഥത്തിലും വിമുഖമാണ് നമ്മുടെ പുരുഷഭാവനകള്‍. അങ്ങനെ ഇത്തരം യക്ഷിത്വം സ്വാംശീകരിക്കപ്പെടാതിരിക്കാനും ശീലാവതികള്‍ ഉണ്ടാകുവാനുമായിട്ടാണ് പുതുകഥകള്‍ പുരുഷന്‍ ചമയ്ക്കുന്നത്.

കീഴടക്കിയ യക്ഷികളുടെയും സ്ത്രീകളുടെയും ശവകുടീരങ്ങളുടെ പ്രദര്‍ശനശാലയാണ് നമ്മുടെ നിത്യജീവിത, സാഹിത്യാദി വ്യവഹാരങ്ങള്‍. ഈ കഥകളെങ്കിലും നമ്മള്‍ പെണ്‍കുട്ടികളോടു നിരന്തരം പറയണം. ആരാലും കീഴടക്കപ്പെടാത്ത ജീവിതമുണ്ടെന്ന് അവര്‍ അറിയുന്നതിന്. രാത്രികള്‍ പേടിപ്പെടുത്തുന്ന വേളയാകാതിരിക്കുന്നതിന്. നിയന്ത്രണങ്ങളില്ലാത്ത ഇറങ്ങിനടപ്പിന്റെ സുഖവും ഭീതിയില്ലാത്ത ശരീരജീവിതത്തിന്റെ ആഴവുമറിയുന്നതിന്.... രാത്രിയെ പ്രണയിക്കുന്നതിന്.. രാത്രിയെ സ്വന്തമായി അനുഭവിച്ച യക്ഷികളുടെ കഥകള്‍ നാം ഉറക്കെ പാടുക, പറയുക...അവകള്‍കേട്ട് നമ്മുടെ കുട്ടികളും യുവതികളും രാത്രിയെ സുഹൃത്താക്കി അതിലിറങ്ങി നടക്കട്ടെ. തലയുയര്‍ത്തി, തുറന്നുവിട്ട ശരീരത്തോടെ രാത്രിയുടെ സുഖവും ആഹ്ലാദവും നിലാവിന്റെ കുളിര്‍മ്മയും സുഗന്ധവും കിനാവുകളും ആവോളം അനുഭവിക്കട്ടെ. സ്ത്രൈണതയുടെയും മാതൃത്വത്തിന്റയും അടക്കവുമൊതുക്കവുമല്ല ഇറങ്ങിനടപ്പിന്റെ സ്വച്ഛതയും ആഹ്ലാദവും സ്വാതന്ത്ര്യവും അനുഭവിച്ച് നമ്മുടെ പെണ്‍തലമുറകള്‍ വളരട്ടെ.

Subscribe Tharjani |