തര്‍ജ്ജനി

മനീഷ്

Veetilavalappil House
Pidavannoor Post
Mookkuthala
679 574

Visit Home Page ...

കഥ

മന്ത്രിയും കുറെ കടലാസ്സു കഷണങ്ങളും...!

ഇരുട്ട്, കൂരാ കൂരിരുട്ട്. അതങ്ങനെ മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണ്. പുറത്തെ പ്രകാശം ഉള്ളിലേക്ക് കയറാതിരിക്കാന്‍ കറുത്ത കര്‍ട്ടന്‍കൊണ്ട് ജനാലകള്‍ മറയ്ക്കാന്‍ ഞാന്‍തന്നെയാണ് പറഞ്ഞത്. ബെഡ് ലാംബ് ഇടാമായിരുന്നിട്ടും അങ്ങനെ ചെയ്യാതിരിക്കുന്നതാണ്. ഇരുട്ടിനോടുള്ള അമിതമായ പ്രണയം കൊണ്ടല്ല. മനസ്സിനെ ബാധിച്ച ഇരുട്ടിനോട് പൊരുത്തപ്പെടാനുള്ള ശ്രമം നടത്തുകയാണ്. ഭയമല്ല ഇപ്പോള്‍ ഇരുട്ടിനോട് തോന്നുന്നത്, ഒരുതരം സഹതാപമാണ്. എന്നെപ്പോലെ തന്നെയാണ് അവളും.
തലയിണയോട് മുഖം അമര്‍ത്തി കിടക്കുമ്പോള്‍ ഞാന്‍ ആലോചിച്ചു കൊണ്ടേയിരുന്നു. ഉറക്കെ ഒന്ന് ചിരിക്കണമെന്ന് തോന്നി. എല്ലാവരും മരണത്തിലാണ്. ദൈവസ്പര്‍ശം ലഭിക്കുന്നവര്‍ പുലര്‍ച്ചെ ലാസറസിനെപോലെ ഉണരും. അല്ലാത്തവര്‍ ഒരിക്കലും ഉണരാതെ....

മനസ്സില്‍ പറഞ്ഞു "അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം"

എപ്പോഴോ ഉറങ്ങി. ക്രിസ്തുവിന്റെ കരസ്പര്‍ശം ഏറ്റുകൊണ്ടല്ല ഉണര്‍ന്നത്. "എന്നാല്‍ നാളെ കാലത്ത് എട്ട് മണിക്ക് തന്നെ ഇറങ്ങാം" എന്നച്ചായന്‍ പറയുന്നത് കേട്ടു. ഉറക്കം പോയ ദേഷ്യത്തില്‍ ഒന്ന് തിരിഞ്ഞു കിടന്നുറങ്ങാന്‍ ശ്രമിച്ചു . സാറ വാതില്‍ തുറന്നു കൊടുത്തിട്ടുണ്ടാവും.

ഉറക്കം വരാതെ വീണ്ടും തിരിഞ്ഞുകിടന്നു. പുറത്തു നിലാവും കാറ്റും കെട്ടിപ്പുണരുകയാവും. കല്യാണം കഴിഞ്ഞ നാളുകളിലെ സുന്ദരരാത്രികളെപ്പറ്റി ഓര്‍ത്തു. ഇതുപോലെ നിലാവും കാറ്റും ഇണചേര്‍ന്നുകൊണ്ടിരുന്ന ഒരു രാത്രിയില്‍ ശീല്‍ക്കാരശബ്ദം പുറപ്പെടുവിച്ചു ഒരു പാമ്പിനെപ്പോലെ അയാള്‍ എന്നില്‍ പടര്‍ന്നുകയറി. എത്ര തിരക്കുണ്ടെങ്കിലും പിന്നീടെല്ലാ രാത്രികളിലും ആ യുവമന്ത്രി ഈ ജെസീക്കയില്‍ അലിഞ്ഞില്ലാതായിരുന്നു.

അപ്പച്ചനും അമ്മച്ചിയും തനിക്കുവേണ്ടി സ്വര്‍ഗ്ഗം തീര്‍ത്തുതന്നു എന്ന് അന്നൊക്കെ അഹങ്കാരത്തോടെതന്നെ പറഞ്ഞിരുന്നു. ഓഫിസില്‍നിന്ന് വേഗംവന്നു ജോലി എല്ലാം തീര്‍ത്ത് മന്ത്രിപ്പണിയും കഴിഞ്ഞു അച്ചായന്‍ വരാന്‍ കാത്തിരുന്ന ദിവസങ്ങളായിരുന്നു അതെല്ലാം. പക്ഷെ പിന്നീടെപ്പോഴോ അയാളുടെ വഴികള്‍ എന്നിലെത്താതെ തെറ്റി ഒഴുകാന്‍ തുടങ്ങി. ചോദിച്ചപ്പോള്‍ വല്ലാത്ത തിരക്കും.

മന്ത്രിയല്ലേ...? തിരക്ക് തന്നെയാവും എന്ന് മനസ്സിനെ പറഞ്ഞുപഠിപ്പിച്ചു. ഒരുപാടൊരുപാട്. നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ ക്ലാസിലെ എറ്റവും പിന്നിലെ ബെഞ്ചില്‍ അറ്റത്ത് ഇരുന്നിരിന്ന റോയിയെപ്പോലെ ആയിരുന്നു മനസ്സ്. ടീച്ചര്‍ എത്ര പറഞ്ഞാലും ഒന്നും മനസ്സിലാവാതെ റോയി മിഴിച്ചു നില്ക്കുന്നത് കണ്ട് എത്ര കളിയാക്കിയിരിക്കുന്നു. റോയിയുടെ ശാപമാണോ....?

പിന്നീടുള്ള ദിവസങ്ങള്‍ അവസാനിക്കാത്ത ഒരു യുദ്ധം ആയിരുന്നു. ഹൃദയത്തെ ഒരു തീക്കട്ട ആക്കിയും, വാക്കുകള്‍ കൂരമ്പുകളാക്കിയും, കണ്ണുകളിലൂടെ കടലൊഴുക്കിയും അയാളോട് പൊരുതി. എന്ത് കാര്യം...? ചിലപ്പോളൊക്കെ പൊട്ടിത്തെറിച്ചു, പിന്നീട് അതും ഇല്ലാതായി. പതുക്കെപ്പതുക്കെ ഞാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പുതിയ ജീവിതത്തോട് പൊരുത്തപ്പെടാനുള്ള ശക്തി തരാന്‍ കണ്ണുകളടച്ചു മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. ഉള്ള അപ്പംകൊണ്ടും വീഞ്ഞുകൊണ്ടും തൃപ്തിപ്പെടാന്‍ പഠിച്ചു. മനസ്സുകൊണ്ട് എപ്പോളോ അപ്പച്ചനേം അമ്മച്ചിയേയും ഓര്‍ത്തു പല്ലുഞെരിച്ചു, ദേഷ്യത്തോടെ അല്ലെങ്കില്‍പ്പോലും.

"ജെസീക്ക എഴുന്നേല്ക്കൂ...! മരണത്തില്‍ നിന്ന് പുറത്ത് ജീവനിലേക്കു വരൂ...!" അലാറം ആയിരുന്നു വിളിച്ച് എഴുന്നേല്പിച്ചത്. തിരക്കിട്ട് ദിനചര്യകളൊക്കെ കഴിച്ചു ഡൈനിംഗ് ടേബിളിലേക്കോടി.

"സാറ... അച്ചായന്‍ പോയോ...? "
"സാറു നേരത്തെ ഇറങ്ങി. ഒന്നും കഴിച്ചില്ല"

കഴിച്ചെന്നുവരുത്തി ഞാനും ഇറങ്ങി. ബ്ലാക്ക്‌ ആക്ടിവ എന്നെയും കൊണ്ട് പറന്നു. ഞങ്ങള്‍ക്ക് ഈ ലോകത്തിന്റെ അങ്ങേ തലക്കല്‍ എത്തണമായിരുന്നു. ശബ്ദമുണ്ടാക്കി മറ്റൊരു ബൈക്ക് എന്നെ കടന്നുപോയി. പിന്നിലിരിക്കുന്നവന്‍ നോക്കി പല്ലിളിക്കുന്നുണ്ട്. അവനെ നോക്കി കൊഞ്ഞനംകുത്തി. എനിക്കപ്പോള്‍ അങ്ങനെ ചെയ്യാനാണ് തോന്നിയത്. പെട്ടെന്ന് ഇടയിലേക്ക് കയറിയ കാര്‍ എനിക്ക് പരിസരബോധം തിരിച്ചുതന്നു.

സിസ്റ്റം ഓണ്‍ ആക്കി ആദ്യം എന്റെ ലോകത്തിലേക്ക്‌ കടന്നു. പ്രമീളയും പൂജയും ശ്വേതയും ഷാഹിനയും ഹേബയും എന്ത് പറയുന്നു എന്നറിയാനുള്ള തിടുക്കത്തില്‍ ആയിരുന്നു ഞാന്‍. ഭാഗ്യം സിഗ്നല്‍ ഓണ്‍ ആണ്. പുഞ്ചിരിച്ചു കൊണ്ട് എല്ലാരുടെയും സ്ക്രാപ്പുകള്‍ വന്നു കിടപ്പുണ്ട്.

"വിഷ് യു എ വെരി വെരി ഹാപ്പി മാര്യേജ് അനിവേര്‍സറി"

ആദ്യത്തെ വിഷ് വായിക്കുമ്പോള്‍ മനസ്സില്‍ പറഞ്ഞു "ഓ ഇന്നാണല്ലേ അത്"

എല്ലാര്ക്കും വാരിക്കോരി തന്നെ നന്ദി പറഞ്ഞു. ചെലവ് ചോദിച്ചവർക്കെല്ലാം വേണ്ടത് ഓഫർ ചെയ്തു.

വീണ്ടും മനസ്സിനൊരു സുഖമില്ലായ്മ. മൊബൈൽ എടുത്ത് അച്ചായനെ വിളിച്ചു. റിങ്ങിഗ് ബട്ട്‌ ഫോണ്‍ കട്ട്‌ ചെയ്തു. ബിസി ആയിരിക്കും എന്ന് മനസ്സിനോട് പറഞ്ഞു.
വൈകീട്ട് നേരത്തെ ഇറങ്ങി. ബസ് സ്റ്റാൻഡിൽ ഉള്ള പുസ്തക കടയിൽ നിന്നും കാർഡ്‌ വാങ്ങി. വേഗം വീട്ടിലേക്ക് എത്തണം. ഒരിക്കൽ കൂടി ഹൃദയം ഈ കാർഡിലെക്ക് പറിച്ചു നട്ട് അച്ചായന് കൊടുക്കണം. അവസാനിച്ചു പോയ ഇന്നലെകളെല്ലാം തിരിച്ചു പിടിക്കണം. മനസ്സിലെ ചിന്തകൾ വേഗം കൂട്ടി.

വീട്ടിലെത്തിയതും നേരെ അകത്തേക്ക് ഓടി. ജനാലകൾക്കു മീതെ ഉണ്ടായിരുന്ന കറുപ്പ് കർട്ടൻ വലിച്ചു കീറി. റൂമുകളിൽ പ്രകാശം പരത്തി. ഹൃദയത്തെ കാർഡിൽ നിറച്ചു കൊണ്ടിരിക്കുമ്പോൾ സാറ വന്നു പറഞ്ഞു.
"സാറ് ഉണ്ട്"
കാർഡ്‌ എടുത്ത് സന്തോഷം അടക്കാനാവാതെ അച്ചായന്റെ ഓഫിസ് റൂമിലേക്കോടി. അകത്തു നിന്ന് കുറ്റിയിട്ടിരിക്കുന്നു. തുറക്കുന്നില്ല. പത്തു മിനിട്ട് നേരത്തെ കാത്തിരിപ്പിനു ശേഷം വാതിൽ തുറന്നു ഒരു സൌന്ദര്യം ഇറങ്ങിപ്പോയി. കണ്ണിൽ നിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു എങ്കിലും ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു അച്ചായന്റെ റൂമിൽ കയറി മേശപ്പുറത്തിരിക്കുന്ന പേപ്പറിൽ എഴുതിയത് വായിച്ചു " വിൻഡ് എനർജി പ്രൊജക്റ്റ്‌ ബൈ വർഷ". കാർഡ്‌ മേശപ്പുറത്തു വച്ച് തിരിച്ചു നടക്കുമ്പോൾ അയാൾ പറഞ്ഞു.
"ഒന്നും നടക്കാൻ പോണതല്ല...ചുമ്മാ കടലാസ്സു കഷണങ്ങൾ"
തിരിഞ്ഞു നോക്കുമ്പോൾ അയാൾ അതെല്ലാം എടുത്ത് ചീന്തി ചവറ്റു കുട്ടയിൽ ഇട്ടു നടക്കുന്നു.
എൻറെ ഹൃദയം...രണ്ടു കൈകൾ കൊണ്ടും നെഞ്ചത്ത് അമർത്തിപ്പിടിച്ചു കുട്ടയിലേക്ക് നോക്കി. വർഷ, ഹൃദ്യ,അഷാന,സാറ.....ഒരുപാട് കടലാസ്സു കഷണങ്ങൾ....ഒടുവിൽ അവക്കിടയിൽ എൻറെ മുഖവും.
കണ്ണുകൾ ഇറുക്കി അടച്ചു...ഇരുട്ട് തന്നെയാണ് നല്ലത്...!

Subscribe Tharjani |