തര്‍ജ്ജനി

വര്‍ത്തമാനം

സ്ത്രീ എന്തെഴുതണമെന്ന വ്യവസ്ഥാപിതധാരണകള്‍ തകര്‍ക്കപ്പെടേണ്ടതാണ്

കെ. ആര്‍. മീരയുമായി അഭിമുഖസംഭാഷണം. തയ്യാറാക്കിയത് മിനേഷ് രാമനുണ്ണി

ചോദ്യം : പ്രസിദ്ധീകരിച്ചിട്ട് രണ്ടു വര്‍ഷമായിട്ടും മലയാളിവായനാസമൂഹം ഇപ്പോഴും ആരാച്ചാര്‍ എന്ന നോവലിനെക്കുറിച്ചാണ് ചര്ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ആരാച്ചാര്‍ എന്ന കൃതിയെ മലയാളം എങ്ങനെ സ്വീകരിച്ചുവെന്നാണ് വിലയിരുത്തുന്നത്? ബെന്യാമിന്റെ മഞ്ഞവെയില്‍ മരണങ്ങള്‍, ടി. ഡി. രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര തുടങ്ങിയ നോവലുകളില്‍ എന്നതുപോലെ, ഭരണകൂടം എങ്ങനെയാണ് പൌരനുമേല്‍ അധികാരം പ്രയോഗിക്കുന്നത് എന്നതിന്റെ ഉദാഹരണങ്ങള്‍ ആരാചാരിലും ഉണ്ടല്ലോ. ഇന്ത്യന്‍ രാഷ്ട്രീയഭൂപടത്തെ താങ്കള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്? കല്ക്കത്തയെ പശ്ചാത്തലമാക്കുവാന്‍ പ്രേരിപ്പിച്ചതെന്താണ്?

കെ. ആര്‍. മീര ഭരണകൂടഭീകരതയെക്കുറിച്ച് ആണ്‍എഴുത്തുകാര്‍ എഴുതുമ്പോള്‍ ഉണ്ടാവാത്ത അത്ഭുതം ഞാനെഴുതുമ്പോള്‍ എന്തുകൊണ്ട് ഉണ്ടാവുന്നു എന്ന മറുചോദ്യമാണ് എനിക്കുള്ളത്. ഒരു സ്ത്രീ എഴുതുന്നതിനെപ്പറ്റി നമ്മുടെ സമൂഹത്തിനു ചില മുന്‍ധാരണകള്‍ ഉണ്ട് .നിലാവിനെപ്പറ്റിയും പൂക്കളെപ്പറ്റിയും പ്രണയത്തെപ്പറ്റിയും മാത്രമേ സ്ത്രീ എഴുതാവൂ എന്ന നിര്‍ബ്ബന്ധം ഉണ്ടോ? അത്തരം ധാരണകളെ പൊളിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം തന്നെയാണ് ആരാച്ചാര്‍. എന്റെ എല്ലാ കഥകളിലും അതിനുള്ള ശ്രമം ഉണ്ട്. എഴുത്തുകാരിയായി നിലനില്ക്കണം എന്ന് തീരുമാനിച്ചതുമുതല്‍ എന്നില്‍നിന്ന് മറ്റാരും പ്രതീക്ഷിക്കാത്ത കഥകള്‍ എഴുതണം എന്ന കാര്യത്തില്‍ നിഷ്കര്ഷ പുലര്ത്താരുണ്ട്. പത്രപ്രവര്ത്തക ആയിരുന്നതിനാല്‍ ഭരണകൂടഭീകരതയെക്കുറിച്ച് നേരത്തെതന്നെ ബോധവതിയാണ്. അധികാരത്തിന്റെ ശ്രേണിയില്‍ ഏറ്റവും താഴെയാണ് ആരാച്ചാരുടെ സ്ഥാനം. ആ സ്ഥാനത്ത് ഒരു സ്ത്രീ ഇന്ത്യയില്‍ ഒരിക്കലും വന്നിട്ടില്ല. ആരാച്ചാര്‍ എഴുതുന്ന കാലംവരെ നടന്ന അവസാനതൂക്കിക്കൊല കൊല്‍ക്കൊത്തയില്‍ 2004-ല്‍ സംഭവിച്ചതാണ്. ആ സംഭവം ഏറെ മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജനങ്ങളുടെ ഓര്‍മ്മയില്‍ അതു തെളിച്ചത്തോടെ ഉണ്ട്. അതുകൊണ്ട് നോവലിന് യുക്തിഭദ്രതയുടെ പിന്‍ബലം നല്കാന്‍വേണ്ടിയാണ് കൊല്‍ക്കൊത്തയെ നോവലിന്റെ ഭൂമികയായി തിരഞ്ഞെടുത്തത്.

ചോദ്യം :ആരാചാരില്‍ വലിയൊരു ചരിത്രവും വംശാവലിയും വരുന്നുണ്ടല്ലോ ?

കെ. ആര്‍. മീര സ്ത്രീയുടെ ചരിത്രം പറയാനുള്ള ശ്രമമാണ് ആരാച്ചാര്‍. വര്‍ഷങ്ങള്‍ക്കു മുമ്പേ മനസ്സില്‍ വന്ന കഥാപാത്രമാണ് ചേതന. പക്ഷേ ചേതനയുടെ ജോലിയോ പശ്ചാത്തലമോ അന്ന് വ്യക്തമായിരുന്നില്ല. 2004-ലെ തൂക്കിക്കൊലയെക്കുറിച്ച് ഓര്‍ത്തപ്പോളാണ് ഇതാണല്ലോ ചേതനയുടെ കഥ പറയാന്‍ ഏറ്റവും ഉചിതമായ പശ്ചാത്തലം എന്ന് തിരിച്ചറിഞ്ഞത്. നാളിതുവരെ ഇന്ത്യന്‍സ്ത്രീക്ക് കൊല്ലും കൊലയും നടത്താനുള്ള രാഷ്ട്രിയാധികാരം സമൂഹം നല്കിയിട്ടില്ല. നേരത്തെ പറഞ്ഞതുപോലെ ആ അധികാരശ്രേണിയുടെ താഴെ അറ്റത്താണ് ആരാച്ചാരുടെ സ്ഥാനം. ആ സ്ഥാനത്ത് വരുന്ന സ്ത്രീയിലൂടെ ഇന്ത്യയുടെ ചരിത്രം പറയുക എന്നതായിരുന്നു വെല്ലുവിളി. അതിന്റെ ക്രാഫ്റ്റ് കയറുപോലെ പല ഇഴകള്‍ ചേര്‍ന്നതാകണം എന്ന് ആദ്യമേ വിചാരിച്ചു. ആ കയര്‍കൊണ്ട് സാമ്പ്രദായികമായ പലതിനേം തൂക്കിക്കൊല്ലേണ്ടിവരും എന്ന് ബോദ്ധ്യം ഉണ്ടായിരുന്നു. അതുകൊണ്ട് ക്രാഫ്റ്റില്‍ ഒരേസമയം ചരിത്രത്തിന്റെയും ഐതിഹ്യത്തിന്റെയും സമകാലികരാഷ്ട്രിയസംഭവങ്ങളുടെയും ഇഴകള്‍ ഉണ്ടായി.

ചോദ്യം :കേരളരാഷ്ട്രീയത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉള്ള ആളാണ്‌ മീര. അതേസമയം കേരളത്തിലെ സാഹിത്യപ്രവര്‍ത്തകര്‍ നടത്തുന്ന പല രാഷ്ട്രീയഇടപെടലുകളിലും മീരയുടെ സാന്നിദ്ധ്യം കുറവായിരുന്നു എന്നാണ് തോന്നിയിട്ടുള്ളത്?

കെ. ആര്‍. മീര സാധാരണ ഈ ചോദ്യം ചോദിക്കപ്പെടുന്നത് മറ്റൊരു രീതിയിലാണ്‌. മുമ്പ് എഴുത്തുകാര്‍ക്കുണ്ടായിരുന്ന സാമൂഹികപ്രതിബദ്ധത ഇപ്പോള്‍ ഇല്ലല്ലോ എന്ന മട്ടിലാണ്‌ അത് ചോദിക്കപ്പെടുക. എഴുത്തുകാരി ആയതില്‍പ്പിന്നെ കേരളത്തിലെ മിക്കവാറും ജനകീയപ്രശ്നങ്ങളില്‍ പങ്കെടുക്കുന്ന ഒരാളാണ് ഞാന്‍. സാറട്ടീച്ചറിനെപ്പോലെ ഞാന്‍ പൂര്‍ണ്ണസമയ activist അല്ല. പക്ഷെ ചെങ്ങറസമരവും മൂലമ്പള്ളി കുടിയൊഴിപ്പിക്കലും അരിപ്പസമരവും ഉള്പ്പടെ എന്റെ പിന്തുണ ആവശ്യം ഉള്ളിടത്ത് നല്കിയിട്ടുണ്ട്. കേരളത്തിലെ എത്ര സാഹിത്യപ്രവര്‍ത്തകര്‍ എത്ര രാഷ്ട്രീയഇടപെടലുകള്‍ നടത്തുന്നുണ്ട്?

ചോദ്യം :പെണ്ണെഴുത്ത്, പ്രവാസിസാഹിത്യം, ദളിത്‌സാഹിത്യം എന്നിങ്ങളെയുള്ള തരംതിര്ക്കലിനെ എങ്ങനെയാണ് കാണുന്നത്?

കെ. ആര്‍. മീര അത് വായനക്കാരല്ലേ തീരുമാനിക്കേണ്ടത്. ഇത്തരം ലേബലുകളെ തിരിച്ചറിയേണ്ടത് വായനക്കാരാണ്. നാം അടക്കമുള്ള വിപണിയാണ് ഇത്തരം ലേബലുകള്‍ സൃഷ്ടിക്കുന്നത്. അതേസമയം ജീവിതത്തിന്റെ നാനാതുറകളിലും ഉള്ള എഴുത്തുകാര്‍ അവര്‍ പ്രതിനിധീകരിക്കുന്നതും അനുഭവിച്ചതുമായ ജീവിതപരിസരങ്ങളെ ആവിഷ്കരിക്കുന്നെങ്കില്‍ നാം എന്തിന് അവയോട് മുഖംതിരിക്കണം? കാലാകാലങ്ങളായി സമൂഹത്തിന്റെ അടിച്ചമര്‍ത്തലില്‍നിന്നും ഉണര്ന്ന് സ്ത്രീകളോ ദളിതരോ ലൈംഗികന്യൂനപക്ഷങ്ങളോ അവരുടെ അനുഭവങ്ങള്‍ തുറന്നുപറയുന്നെങ്കില്‍ അവ കേള്‍ക്കാന്‍ സമൂഹത്തിന് ബാദ്ധ്യത ഇല്ലേ?

ചോദ്യം :അധികാരം നമ്മെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് പുതിയ കഥയായ പ്രണയാന്ധിയിലും പറയുന്നുണ്ടല്ലോ ?

കെ. ആര്‍. മീര സ്ത്രീയും മതവും, സ്ത്രീയും വിശ്വാസവും എന്നീ ചിന്തകളാണ് പ്രണയാന്ധിക്കു പ്രചോദനം. അത് എങ്ങനെ സ്വീകരിക്കപ്പെടും എന്ന് സംശയം ഉണ്ടായിരുന്നു. കുറച്ചു സങ്കീര്‍ണ്ണമാണ് അതിന്റേയും ക്രാഫ്റ്റ്. പക്ഷെ ഈ വര്ഷം വായിച്ച ഏറ്റവും നല്ല കഥ എന്ന് പല വായനക്കാരും പറഞ്ഞു കേട്ടപ്പോള്‍ സന്തോഷം തോന്നി.

ചോദ്യം :മീരയുടെ കഥകളിലെ പ്രണയത്തിന്റെ മാനങ്ങളെക്കുറിച്ച്? സ്ത്രീയുടെ പ്രണയത്തിന്റെ വിവിധവശങ്ങളെ അവിചാരിതമായ മാനങ്ങളെ എങ്ങനെ കണ്ടെടുക്കുന്നു? മീരസാധു, കരിനീല, പ്രിയേ പശ്യേ കൊങ്കണേ, കമിംഗ് ഔട്ട് അങ്ങനെ നിരവധി കഥകളില്‍ ഈ വൈവിദ്ധ്യം കാണാം.

കെ. ആര്‍. മീര നമ്മുടെ പ്രണയത്തെ കൂടുതലും നിര്‍വ്വചിച്ചത്‌ പുരുഷന്മാരാണ്. പുരുഷകേന്ദ്രീകൃതലോകം പണ്ടുമുതല്‍ പണിയുന്ന സങ്കല്പങ്ങളെ മറികടക്കാനുള്ള ശ്രമങ്ങളില്‍നിന്നാണ് പ്രണയത്തിനും വിവിധമാനങ്ങള്‍ കിട്ടുന്നത്. വിധേയത്വത്തോടെ പ്രണയിക്കുന്നതാണ് നമുക്ക് കണ്ടുപരിചയം. പക്ഷെ, പകയോടെ പ്രണയിച്ചുകൂടെ? നിരാശയോടെ പ്രണയിച്ചുകൂടെ? വെറുപ്പോടെ പ്രണയിച്ചുകൂടെ ?

ചോദ്യം :സ്ത്രീ എഴുതുമ്പോള്‍ നിങ്ങളുടെ കഥയാണോ എന്ന ചോദ്യം കൂടുതലായില്ലേ?

കെ. ആര്‍. മീര പണ്ടൊക്കെ ഈ ചോദ്യം എഴുത്തുകാരികളെ ഭയപ്പെടുത്തിയിരുന്നു. ഇക്കാലത്ത് അത് സാദ്ധ്യമല്ല. പക്ഷെ, വായനക്കാര്ക്ക് എഴുത്തുകാരുടെ ജീവിതത്തെക്കുറിച്ച് അറിയാന്‍ വല്ലാത്ത താല്പര്യം ഉണ്ട്. പ്രത്യേകിച്ചും സ്ത്രീകളുടെ. ആ താല്പര്യത്തിന് മാധവിക്കുട്ടിയാണ് ഏറ്റവും നല്ല മരുന്ന് കൊടുത്തത്. എന്റെ കഥ. നുണയോ നേരോ എന്ന് തീര്ച്ചയില്ലാത്ത എരിപൊരി തന്നെയാണ് ജിജ്ഞാസുക്കളായ വായനക്കാര്‍ക്ക്‌ സമ്മാനിച്ചത്‌.

ചോദ്യം :നവമാധ്യമങ്ങളെപ്പറ്റി?

കെ. ആര്‍. മീര സമയക്കുറവുകൊണ്ട് സോഷ്യല്‍മീഡിയയില്‍ സജീവമല്ല. ഗൗരവതരമായ ചര്‍ച്ചകളെ നിശ്ശബ്ദമായി വീക്ഷിക്കാറുണ്ട്. ഫേസ് ബൂക് കമന്റ്സ് നമ്മളുടെ വ്യക്ത്വിത്വത്തിന്റെ ഏറ്റവും ഫലപ്രദമായ പ്രകാശനം നടത്തുന്നുണ്ട്. എല്ലാ മുഖംമൂടികളും അഴിഞ്ഞുവീഴുന്ന ഇടമാണ് സോഷ്യല്‍മീഡിയ.

ചോദ്യം :ആരാച്ചാരുടെ ഇംഗ്ലീഷ് പരിഭാഷയെ എങ്ങനെ വിലയിരുത്തുന്നു?

കെ. ആര്‍. മീര ഇതുവരെ raving reviews ആണ് കിട്ടിയിട്ടുള്ളത്. മിക്കവാറും എല്ലാ ഇംഗ്ലീഷ് പത്രങ്ങളും മാസികകളും മികച്ച റിവ്യൂകള്‍ പ്രസിദ്ധീകരിച്ചു. ഔട്ട്‌ ലുക്ക്‌ മാസികയില്‍ അനിതാനായര്‍ ആണ് റിവ്യൂ എഴുതിയത്. കാരവന്‍ (Caravan) മാസികയില്‍ പണ്ഡിതനായ ദിലീപ് മേനോന്‍ ഒരു വിശദമായ പഠനം തന്നെ നടത്തി. ഇന്ത്യ ടുഡേ, ദി വീക്ക്‌, മിന്റ്, ഇന്ത്യന്‍ എക്സ്പ്രസ്സ്‌, ഏഷ്യന്‍ ഏജ് എന്നിങ്ങനെ ഹാങ്ങ് വുമണ്‍ നോവലിനെ പ്രശംസിച്ച മാദ്ധ്യമങ്ങളുടെ ലിസ്റ്റ് നീണ്ടതാണ്. ബംഗാളി വായനക്കാരും പത്രപ്രവര്‍ത്തകരും ഈ പുസ്തകത്തിന്‌ നല്കിയ സ്വീകരണം ആഹ്ലദിപ്പിക്കുന്നതാണ്. എന്റെ കൂട്ടുകാരി ദേവിക ആണ് പരിഭാഷ നിര്‍വ്വഹിച്ചത്.

ചോദ്യം :സമകാലിക കേരളസമൂഹത്തില്‍ വര്ഗ്ഗീയമായ ധ്രുവീകരണം രൂപപ്പെടുന്നില്ലേ? ഒരു പത്രപ്രവര്ത്തക എന്ന നിലയില്‍ എങ്ങനെ ഇതിനെ കാണുന്നു?

കെ. ആര്‍. മീര സമൂഹത്തിന്റെ പ്രയാണത്തിനിടെ വര്ഗ്ഗീയതയും ഏകാധിപത്യവും മതാധിപത്യവും ഉരുത്തിരിഞ്ഞു വന്നേക്കാം. അത് സ്വാഭാവികമാണ്. ഓരോ ജനതയും അധികാരത്തിന്റെ പല പരീക്ഷകളിലൂടെ കടന്നുപോകാന്‍ വിധിക്കപ്പെട്ടവരാണ്. ഏകാധിപത്യവും ജനാധിപത്യവും ഒക്കെ മാറിമാറി വന്നേക്കാം. പക്ഷെ ജീര്ണ്ണിച്ചുപോകുന്നതോ ശ്വാസം മുട്ടിക്കുന്നതോ ആയ വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്നുതന്നെ ആന്തരികമായി ചില ചെറുത്തുനില്പുകള്‍, തിരുത്തലുകള്‍ ഉയരും എന്ന് ഉറപ്പാണ്‌. അതും പ്രകൃതിനിയമമാണ്. കേരളത്തിന്റെ കാര്യത്തില്‍ ആശങ്ക ഉണര്ത്തുന്നത് നമ്മളെക്കാള്‍ ദുര്ബ്ബലരായ മനുഷ്യരോടുള്ള ദയവില്ലായ്മയാണ്. അത് ജീവിതത്തിന്റെ സമസ്തരംഗങ്ങളിലും പ്രസക്തമാണ്. ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ ഏറ്റവും ആശങ്കപ്പെടുന്നത് പ്രകൃതിയെക്കുറിച്ചാണ്. പ്രകൃതി ആവശ്യമില്ല എന്നും മണ്ണിന് മഴവെള്ളം ആവശ്യമില്ല എന്നും ഒക്കെ നിശ്ചയിക്കുന്നിടത്ത് നാമെല്ലാം ഈശ്വരവിരോധികള്‍ ആകുന്നു. എല്ലാ കാലത്തും ആന്ധ്രയില്‍നിന്നും അരി വരും തമിഴ് നാട്ടില്‍ നിന്ന് പച്ചക്കറി വരും, ഗള്‍ഫില്‍നിന്നും പണം വരും എന്ന് വിശ്വസിച്ചു മദിച്ചു ജീവിക്കുന്ന മലയാളി മനസ്സിലാക്കേണ്ടത് ആന്ധ്രയിലും തമിഴ് നാട്ടിലും ഒക്കെ കൃഷിഭൂമി നശിക്കുകയാണ് എന്നതാണ്. ഗള്ഫിലെ അവസ്ഥ ഞാന്‍ പറയേണ്ടതില്ല. ഭൂമിയെ നശിപ്പിച്ചാല്‍, കയര്‍ നോവലില്‍ തകഴി ചോദിച്ചതുപോലെ ഇക്കാണായ മനുഷ്യര്ക്കൊക്കെ എവിടെനിന്ന് തിന്നാന്‍കൊടുക്കും? മലയില്ലാതെ, മരമില്ലാതെ പുല്‍മേടുകള്‍ ഇല്ലാതെ നാം എങ്ങനെ സാഹിത്യമുണ്ടാകും?

ഇവകൂടി കാണുക:

മീരയുടെ ലേഖനങ്ങള്‍

ആരാച്ചാര്‍ ചിത്രങ്ങള്‍

Subscribe Tharjani |