തര്‍ജ്ജനി

മണിലാല്‍ സി. എസ്.

Visit Home Page ...

കഥ

ദേശസേവിനി ആര്‍ട്സ് ക്ലബ്ബ്

ദേശസേവിനി റീഡിംഗ്റൂം & ആര്‍ട്സ് ക്ലബ്ബ്, തോട്ടപ്പുഴശ്ശേരി പി. ഒ. റജി.ക്യു/47/1/1969. പേരിലെയോ രജിസ്ട്രേഷനിലെയോ പഴക്കമൊന്നും ബോര്‍ഡിലില്ല. പുതിയ പിള്ളേര്‍ നമ്മളേക്കാളെല്ലാം അഡ്വാന്‍സ്ഡാണ്. ‍ഞാനും വിനോദും ചെറുതായി അതിശയിച്ചു. അവര്‍ ക്ലബ്ബിന് ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി ഓരോ ദിവസവും അവരുടെ പ്രതികരണങ്ങള്‍ പോസ്റ്റ് ചെയ്യും. ക്ലബ്ബ് ലൈവാണ്. ഞാനും വിനോദും ക്ലബ്ബിന്റെ മുന്‍ ഭാരവാഹികളാണ്. അന്ന് ഞങ്ങള്‍, കെടുത്തിയ ബീഡിയില്‍ ഇന്‍ഡ്യന്‍ ഇങ്ക് മുക്കിയാണ് പോസ്റ്ററുകള്‍ എഴുതിയിരുന്നത്. ഒരിരുപത് പോസ്റ്ററൊക്കെ ഒറ്റ ബീഡിയില്‍ തീരും. ഇന്ന് ക്ലബ്ബിന് സ്വന്തമായി പ്രിന്റെടുക്കാനുള്ള സംവിധാനമുണ്ട്. ആവശ്യാനുസരണം ഫ്ലെക്സ് വെക്കാനുള്ള സൗകര്യങ്ങളുണ്ട്. നമുക്ക് ക്ലബ്ബിലേക്ക് പോകാം.

റീഡിംഗ്റൂമിന്റെ ഒരുവശം പ്ലെയിംഗ് സോണാണ്. കാരംസും ചെസ്സും. പണ്ട് ചീട്ടുകളിയുണ്ടായിരുന്നു. ഇരുപത്തിയെട്ട്, അമ്പത്താറ്, കഴുത. പിന്നീടേതോ സംഘര്‍ഷത്തെച്ചൊല്ലി അത് നിരോധിച്ചു. മറ്റേ വശം റീഡിംഗ് ഏരിയയാണ്. പണ്ട് പത്രങ്ങള്‍ കുറവായിരുന്നു. വായനക്കാര്‍ കൂടുതലും. ഇപ്പോഴത്തെ ചില പത്രങ്ങളുടെ പേരുപോലും പലര്‍ക്കും നല്ല നിശ്ചയമില്ല. വാരികകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. റീഡിംഗ് റൂമില്‍ തര്‍ക്കം മുറുകുകയാണ്. ഇവിടെയിരുന്ന് പലരും തര്‍ക്കിച്ചത് പ്രസംഗം പഠിക്കാന്‍ വേണ്ടികൂടിയായിരുന്നു. തര്‍ക്കത്തിനിന്നും കുറവില്ല.

'ച' യുടെ ഫോട്ടോ വെക്കുന്നതിനെച്ചൊല്ലി ഏറെ നാള്‍ തര്‍ക്കമുണ്ടായിരുന്നു. ക്ലബ്ബ് മെംബര്‍ ഓട്ടോ ഡ്രൈവര്‍ സുനില്‍ കുമാര്‍ ഒരു ദിവസം 'ച' യുടെ ചിത്രം ഭിത്തിയില്‍ തൂക്കി. ചിലര്‍ അതിനെ എതിര്‍ത്തു. എതിര്‍ത്തവര്‍ പറഞ്ഞ വാദം കുറച്ച് പ്രസക്തമായിരുന്നു. 'ച' മരിച്ചിട്ടില്ല. ക്ലബ്ബിന്റെ ഭിത്തിയില്‍ ഇതുവരെ വച്ചിട്ടുള്ളത് മരിച്ചവരുടെ മാത്രം ചിത്രങ്ങളാണ്. ചിത്രംവയ്ക്കണോ എന്നത് 'ച' മരിക്കുമ്പോള്‍ മാത്രം ആലോചിക്കേണ്ട വിഷയമാണ്. 'ച' സംഘം മറുവാദമുന്നയിച്ചു. 'ച' പോരാളിയാണ്. ഈ മരിച്ച പലരെക്കാളും ശക്തനായ പോരാളി. അടിപതറാത്ത പടനായകന്‍.

അപ്പോള്‍ എതിര്‍പ്പുകാര്‍ മറ്റൊരാവശ്യമുന്നയിച്ചു. എങ്കില്‍ 'ണ'യുടെ പടവുംവെക്കണം . 'ച' യുടെ ആരാധകര്‍ പിന്‍വാങ്ങി. ഈ വിഷയത്തില്‍ പിന്നീട് തര്‍ക്കമുണ്ടാകതിരിക്കാന്‍ ക്ലബ്ബിന്റെ പൊതുയോഗം പ്രമേയവും പാസ്സാക്കി 'മരിക്കാത്തവരുടെ ചിത്രങ്ങള്‍ ഇനി തൂക്കേണ്ടതില്ല'.

പ്രമേയത്തിനെതിരെ ചിലര്‍ ഒച്ചപ്പാടുണ്ടാക്കി. ഇവിടെ ഭിത്തിയില്‍ തൂക്കിയിരിക്കുന്നവര്‍ മരിച്ചവരാണ്, ശരി. പക്ഷേ അവര്‍ മരിച്ചിട്ടില്ല. നമ്മോട് കൂടെയുണ്ട് എന്നല്ലേ നമ്മള്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും.

പ്രമേയം പാസ്സാക്കാനുള്ള കയ്യടിയില്‍ പ്രതിഷേധങ്ങള്‍ ‍ഞെരുങ്ങിപ്പോയി. ഈയിടെയായി കുട്ടികള്‍ ആരംഭിച്ച രസകരമായ മറ്റൊരു കളിയുണ്ട്. ഇന്നത്തെ കളി കണ്ടോളു.

റഫീഖ്;- ആരുപറ‍ഞ്ഞു അയാള്‍ 'കെ' ജാതിയാണെന്ന്. പേരിനു വാലില്ലെന്നെയുള്ളു. 'കെ' തന്നെയാണ്.

സുമോദ്;- 'പി'യില്‍ പെട്ടവരെയെല്ലാം ആളുകള്‍ മോശക്കാരായി ചിത്രീകരിക്കുന്നുണ്ട്. 'പി' പാര്‍ശ്വവത്കരിക്കപ്പെടുകയാണ്.

സന്തോഷും അതിനോട് യോജിച്ചു. അതെ, ഒരുകാലത്ത് കേരളത്തിന്റെ ചുവപ്പ് നിലനിറുത്തിയത് ഞങ്ങള്‍ 'പി' ക്കാരാണ്. ഏറെക്കുറെ ഇന്നും. പക്ഷേ ആ പരിഗണന ഞങ്ങളോടുമില്ല, ഞങ്ങളുടെ ജാതിയോടുമില്ല, ഞങ്ങളുടെ നേതാവ് 'ച'യോടുമില്ല. ഞങ്ങളെ വെട്ടി നിലംപരിശാക്കുകയല്ലേ നിങ്ങളുടെ 'ണ' .

വിബീഷ്;- 'ണ' യും 'ച'യും ഒരേ ജാതിയാണെന്ന സത്യം മറന്നുകൊണ്ട് സംസാരിക്കല്ലേ സന്തോഷേ.

സന്തോഷ്;- 'ണ' വടക്കനാണ്, വടക്കന്‍മാര്‍ ഞങ്ങള് തെക്കന്മാരെ, 'പി' ക്കാരെ അംഗീകരിക്കാറില്ല. 'പി' പുറന്തള്ളപ്പെട്ട് പോകുകയാണ്. പലയിടത്ത്നിന്നും.

വിബീഷ്;- ഞങ്ങള്‍ 'ക' യുടെ കാര്യമോ? ഒരു കാലത്ത് പാവപ്പെട്ടവനുവേണ്ടി ശബ്ദിക്കാന്‍ സകലതും കളഞ്ഞാണ് 'ക' ക്കാര്‍ രംഗത്തെത്തിയത്. ഇന്ന് 'ക' വേണ്ട.

മറ്റൊരു കളികൂടി അവര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഓരോ ദിവസവും പത്രത്തില്‍ നോക്കി മരിക്കുന്നവരുടെ, മോഷണം, പിടിചുപറി, വഞ്ചന, ബലാത്സംഗം, എന്നീ കേസുകളില്‍ അകപ്പെടുന്നവരുടെ എണ്ണമെടുക്കും. ഇവര്‍ക്കായി ഒരു പട്ടിക തയ്യാറാക്കും ഇന്ന് പേരിയം വാഹനമോഷണക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട നാല് പേരും 'ജി' മതക്കാരാണ്.

'ജി', 'എല്‍', 'എസ്', എന്നീ മൂന്ന് മതങ്ങള്‍ക്കുമായി ഇനം തിരിച്ച് പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസില്‍ പിടിക്കപ്പെടുന്നത് 'എല്‍' മതക്കാരാണ്. ഏറ്റവും കൂടുതല്‍ ക്രിമിനല്‍ പ്രവൃത്തിചെയ്യുന്നതും അവരാണ്.

ആരു പറഞ്ഞെടോ, എട്ടും മൂന്നും പതിനൊന്ന് പേരാ നിങ്ങള്‍ ശാന്തസ്വഭാവികളെന്ന് അവകാശപ്പെടുന്ന 'എസി'ന്റെ പട്ടികയിലേക്ക് കയറിയത് മുംബൈയില്‍ പട്ടാപ്പകല്‍ പത്രപ്രവര്‍ത്തക മാനഭംഗത്തിനിരയായ കേസില്‍. മണിപ്പാലും ഡല്‍ഹിയും ഇങ്ങനെ ആവര്‍ത്തിച്ചാല്‍ നിങ്ങളെ കടത്തിവെട്ടാനാകില്ല. നമുക്ക് പോകാം വിനോദേ.

ക്ലബ്ബിന്റെ 40-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമിടുകയാണ്. പത്തുകൊല്ലം കൂടി കഴിഞ്ഞ് നമുക്ക് സുവര്‍ണ്ണ ജൂബിലി ആഘോഷിക്കരുതോ ഭാരവാഹികളേ? ഞാന്‍ ചോദിചു

അവര്‍ക്കത് ഇഷ്ടപെട്ടില്ല.എട്ടു പത്തുകൊല്ലം ക്ലബ്ബ് ഇതേ രീതിയില്‍ തുടരും എന്ന് ആര് കണ്ടു. ഇപ്പോഴാണെങ്കില്‍ നമുക്ക് കവിത ചൊല്ലാന്‍ കെ.കെ യെ കിട്ടും. കെ.കെ യുടെ ട്രെന്‍ഡല്ലേ. അവര്‍ എന്നെ കാണാന്‍ വന്നത് അഭിപ്രായം ചോദിക്കാനൊന്നുമല്ല. ക്ലബ്ബിന്റെ ആദ്യകാലപ്രവര്‍ത്തകരും സ്രഷ്ട്രാക്കളുമായ മൂന്നുപേരെപ്പറ്റി ജീവചരിത്രംപോലെ ഒരു ചെറുകുറിപ്പെഴുതണം. സുവനീറിലേക്കാണ്. ഞാന്‍ മൗനസമ്മതമറിയിച്ചു.

നമ്മുടെ ക്ലബ്ബിനെപ്പോലെ ഒരെണ്ണം ഒരുകാലത്തും ഈ പ്രദേശത്തെങ്ങും ഉണ്ടായിരുന്നില്ല, അല്ലേ വിനോദേ. വിനോദിന് എന്നെക്കാള്‍ കുറച്ച്കൂടി ക്ലബ്ബുമായി അടുപ്പമുണ്ട്. വിനോദിന്റെ മൂത്ത സഹോദരന്‍ മുരളി അതിന്റെയും മുത്തയാള്‍ രാധാകൃഷ്ണന്‍ എന്നിവരെല്ലാം ക്ലബ്ബ് ഭാരവാഹികളായിരുന്നു. രാധാകൃഷ്ണന്‍ ക്ലബ്ബ് യോഗത്തില്‍ പ്രസംഗിച്ചിരുന്നത് പിന്നീട് പലരും പറഞ്ഞുകേട്ടിട്ടുണ്ട്.“ നമ്മുടെ കൈയെഴുത്ത് മാസികയുടെ എഡിറ്റോറിയല്‍ നമുക്ക് ശുന്യമായി വിടാന്‍ ആവില്ല. ശൂന്യമായി എഡിറ്റോറിയല്‍ ഇടുന്നത് പ്രതിഷേധമായിരിക്കാം. പക്ഷേ അത് ഭീരുത്വം കൂടിയാണ്. വായ് മൂടിക്കെട്ടി സമരംചെയ്യുന്നതുപോലെ. നിങ്ങള്‍ക്ക് പറയാനുള്ളത് പരമാവധി ഒച്ചയില്‍ തന്നെ വിളിച്ചുപറയണം. ചോദിക്കാത്തവന് ഇവിടെ ഒന്നും കിട്ടിയിട്ടില്ല. ഒരധികാരിയും സ്ഥാപനവും തൊഴിലാളികളുടെ, പ്രജയുടെ, സങ്കടം മുന്‍കൂട്ടി കണ്ട് ആനുകൂല്യം വര്‍ദ്ധിപ്പിച്ചിട്ടില്ല. നമ്മുടെ കൈയെഴുത്ത് മാസികയില്‍ എഡിറ്റോറിയല്‍ ഉണ്ടാകും". ആ കൈയ്യെഴുത്ത് മാസികയുടെ പകര്‍പ്പ് ഇന്നും ക്ലബ്ബിന്റെ ലൈബ്രറിയിലുണ്ട്. ഓരോ വാക്കുകളും ഇന്നും നിന്ന് പ്രതിധ്വനിക്കുന്നത് കാണാം. വേണമെങ്കില്‍ തുറന്നു നോക്ക്.

അക്കാലത്താണ് ഓരോരുത്തരും ഓരോ ചിത്രങ്ങള്‍ വെക്കാന്‍ തുടങ്ങിയത്. ആദ്യകാലത്ത് മാര്‍ക്സിന്റെ ഒരു 1/2ഡമ്മി സൈസിലുള്ള ചില്ലിട്ട് ഫ്രയിം ചെയ്ത ചിത്രം മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീട് പലരുംവന്നു. ലെനിന്‍, സഖാവ് പി., ഭഗത്സിംഗ്, ബെഞ്ചമിന്‍ മൊളോയസ്, സഫ്ദര്‍ ഹഷ്മി, അങ്ങനെ ഓരോന്ന് . ഇന്ന് 156 ചിത്രങ്ങളുണ്ട് ക്ലബ്ബിന്റെ ഭിത്തിയില്‍.

ഞങ്ങള്‍ ക്ലബ്ബിന്റെ പഴയ ഭാരവാഹികളുടെ ജീവിതം തേടിയിറങ്ങി. കേട്ടറിഞ്ഞ വിവരങ്ങള്‍ അടുക്കിവച്ച് ഒരു ദിവസം ഞാന്‍ എഴുതിതുടങ്ങി.

ശശാങ്കന്‍ ഒരു പിയാനിസ്റ്റായിരുന്നു. എവിടെനിന്ന് പഠിച്ചെടുത്തു എന്നാര്‍ക്കുമറിയില്ല. പക്ഷേ അസാദ്ധ്യമായ കരവിരുതോടെ പിയാനോ വായിക്കുമായിരുന്നു.

രാമേട്ടന്‍ എന്നു വിളിച്ചിരുന്ന രാമകൃഷ്ണപണിക്കര്‍ നാടകരചയിതാവും അഭിനേതാവുമായിരുന്നു. ആദ്യമാദ്യം ക്ലബ്ബായിരുന്നു തട്ടകം. പിന്നീട് സമീപപ്രദേശങ്ങളിലെ തട്ടുകളിലേക്ക് പടര്‍ന്നുകയറി. രാമേട്ടന്‍ ചായങ്ങളില്ലാത്ത കലാകാരനായിരുന്നു.

ജോണേട്ടന്‍ ഒരു ബുള്‍ബുള്‍ മാസ്റ്ററായിരുന്നു. ഗാനരചയിതാവും. ഹിന്ദു, ക്രിസ്തീയഭക്തിഗാനങ്ങളും, മാപ്പിളപ്പാട്ടുകളും ഒരേ പ്രാവീണ്യത്തോടെ എഴുതി ട്യൂണ്‍ നല്കി പാടിനടക്കും. ജോണേട്ടന്‍ ക്ലബ്ബിന്റെ സ്വരമായിരുന്നു. പശ്ചത്തലസംഗീതമായിരുന്നു. ഇതില്‍ ശശാങ്കേട്ടനെപ്പറ്റി എഴുതാനാണ് എന്നെ ചുമതലപ്പെടുത്തിയത്. രാമേട്ടനെപ്പറ്റി അഭിലാഷും, ജോണേട്ടനെപ്പറ്റി വിനോദും എഴുതും. ഞങ്ങള്‍ ആശങ്ക അറിയിച്ചിരുന്നു. മൂന്ന് ജീവചരിത്രക്കുറിപ്പുകളുമെഴുതുന്നത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. അതിന്റെ വഴുവഴുപ്പുണ്ടാകും. ഭാരവാഹികള്‍ സമാശ്വസിപ്പിച്ചു, സാരമില്ല.

എഴുത്ത് മുറുകുകയാണ്. ഞാന്‍ വാച്ചില്‍ നോക്കി, രാത്രി ഒന്നര കഴിഞ്ഞു. പത്തര വരെ വിനോദ് കൂട്ടിരുന്നു. വിനോദ് ഒന്ന് വന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ വല്ലാതെ ആഗ്രഹിച്ചു. ഒറ്റയ്ക്കിരുന്നെഴുത്ത് പലപ്പോഴും മുഷിപ്പിക്കും.

വാതിലില്‍ ആരോ മുട്ടി. ഞാന്‍ അത്യധികം സന്തോഷിച്ചു . വിനോദെങ്ങനെ അറിഞ്ഞു. അവന്‍ വന്നിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചതേയുള്ളു.

ഞാന്‍ വാതില്‍ തുറന്നു. ഞാന്‍ മുമ്പ് കണ്ടിട്ടില്ലാത്ത രണ്ടു പേര്‍. ഒരാള്‍ കൂടിയുണ്ട്. അയാള്‍ മാറിനില്ക്കുകയാണ്.

“എന്തുവേണം?.”
“‍ഞങ്ങള്‍ താങ്കളെ കാണാന്‍ വന്നതാണ് “.
“എന്താണാവശ്യം?”.
“ഞങ്ങളുടെ ജീവചരിത്രകുറിപ്പ് താങ്കള്‍ എഴുതുന്നുവെന്നറിഞ്ഞു . ഞാന്‍ ശശാങ്കന്‍ ഇതു രാമകൃ‍ഷ്ണന്‍. മാറിനില്ക്കുന്നത് ജോണേട്ടന്‍. ”

എന്റെ ശ്വാസം തൊണ്ടയിലെവിടയോ ന‍ഷ്ടപ്പെട്ടു. എന്റെ മരണം സംഭവിക്കുകയാണോ എന്ന് പോലും ഭയന്നു. ഞങ്ങള്‍ക്ക് ചിലതു പറയാനുണ്ട്. അവര്‍ മൂന്ന്പേരും മുറിയിലേക്ക് കയറിയിരുന്നു. മുറിനിറഞ്ഞ് ചൂട് പൊങ്ങി. ശശാങ്കന്‍ പറഞ്ഞു തുടങ്ങി.

“ഞാന്‍ ഒരു വലിയ പിയാനിസ്റ്റൊന്നുമായിരുന്നില്ല. എന്നെകുറിച്ച് എഴുതുമ്പോള്‍ വിട്ടുപോകരുതാത്ത ഒരു കാര്യം ഓര്‍മ്മിപ്പിക്കാനാണ് ഞാനിപ്പോള്‍ വന്നത്.”
“അതെന്താ?.”
“ഞാന്‍ എറണാകുളത്ത് ഏറെക്കാലം ടാക്സി ഓടിച്ചിരുന്നു. അന്ന് കൊച്ചി കായലിന്റെ കരയില്‍ കാറ്റ് കൊള്ളാന്‍ പോകുമായിരുന്നു ഞാനും മറ്റൊരു ഡ്രൈവര്‍ രമണനും. രമണനാണ് അവളെ സംഘടിപ്പിച്ചത്. കൂടുതല്‍ പണം മുടക്കിയതും അവന്‍ തന്നെ . അതുകൊണ്ട് ആദ്യത്തെ ഊഴം അവനായിരുന്നു. രണ്ടാമത് ഞാനും. നാലുമാസങ്ങള്‍ക്കുശേ‍ഷം ഒരിക്കല്‍ കായല്‍ക്കരയില്‍ അവളെ വീണ്ടും കണ്ടു. അവള്‍ പറഞ്ഞു, ഞാന്‍ നിങ്ങളെ തേടി കഴിഞ്ഞ ഒരാഴ്ചയായി എല്ലാ ദിവസവും ഇവിടെ വരാറുണ്ടായിരുന്നു. അവള്‍ ഗര്‍ഭിണിയാണ്. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് എന്നില്‍ നിന്നാണ്. വളരെ ചുരുക്കിപ്പറയാം, ഇന്ന് നിങ്ങള്‍ കാണുന്ന എന്റെ ഭാര്യ ചന്ദ്രമതി അവളാണ്. മകന്‍ ആ ഗര്‍ഭവും.

വീടും പുരയിടവും ജപ്തി ചെയ്യപ്പെട്ടപ്പോള്‍ ഒരു ചായ്പ് തല്ലിക്കൂട്ടാന്‍ 5സെന്റ് സ്ഥലം ഒറ്റി തന്നത് പുഴവള്ളിപറമ്പില്‍ അബ്ദുല്ലക്കോയ മുസ്ല്യാരാണ്. പിന്നീട് മുസ്ലിയാര് അത് പത്ത് സെന്റാക്കി തീറാധാരമെഴുതി തന്നു. പിള്ളേര്‍ക്ക് ഇതൊന്നും മനസ്സിലായില്ലന്നുവരും ”
ഞാന്‍ ശശാങ്കേട്ടന് വാക്കുകൊടുത്തു. “ഇതും കൂടി എഴുതാം”. വിനോദ് എന്നെ ശാസിച്ചു. നീയെന്താ കരുതിയേ? നീയിത് എഴുതിയാല്‍ അയാളുടെ വീട്ടുകാരും ഈ നാട്ടുകാരും നിന്നെ വെറുതെ വിടില്ല. അന്തസ്സുള്ള ഒരു കുടുംബത്തെ കരിവാരിത്തേക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം. ക്ലബ്ബ്കാരന്മാര്‍ ഇത് പ്രസിദ്ധീകരിക്കുമെന്ന് കരുതുന്നുണ്ടോ?. ഇതാരെങ്കിലും ഇനി വിശ്വസിക്കുമോ? എന്നോടും അഭിലാഷിനോടും ഇതേ പോലെ പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് എഴുതാനാവില്ല. വേണ്ട ഞാനുമെഴുതുന്നില്ല.

ക്ലബ്ബ് പ്രസിഡന്റ് റഫീഖ് രണ്ട് ദിവസമായി നിരന്തരം എന്നെ ഫോണില്‍ വിളിച്ചുകൊണ്ടിരിക്കുകയാണ്.
“ഏട്ടാ കുറിപ്പെഴുതിയോ?.”
“ഇല്ല മോനെ. നാളെ കണിശമായിട്ടും തരാം.”
ഞാന്‍ ശശാങ്കേട്ടന്റെ ജീവചരിത്രക്കുറിപ്പ് പൂര്‍ത്തിയാക്കാന്‍ എഴുതിത്തുടങ്ങി.
ശശാങ്കേട്ടന്റെ നേതൃത്വത്തില്‍ സരിഗ എന്ന പേരില്‍ ഒരു ഗാനമേള ട്രൂപ്പ് രൂപംകൊണ്ടു.
രാവിലെ വിനോദാണ് ആ വാര്‍ത്ത വിളിച്ചു പറഞ്ഞത്.
“ഡാ ക്ലബ്ബിനാരോ തീയിട്ടു.”
“അയ്യോ നമ്മുടെ കൈയ്യെഴുത്ത് മാസികേം പടങ്ങളും?.”
“എല്ലാം പോയി”

Subscribe Tharjani |