തര്‍ജ്ജനി

രശ്മി രാധാകൃഷ്ണന്‍

മെയില്‍ : reshmirpm@gmail.com

Visit Home Page ...

സിനിമ

മനസ്സിലേയ്ക്കൊരു വഴി : ഹൈവേ

യാത്രകള്‍ എന്നും ജീവിതത്തില്‍ പൊളിച്ചെഴുത്തുകള്ക്കുള്ള കാരണങ്ങളാണ്. പരിചയിച്ച കാഴ്ചകളും നിറങ്ങളും മണവും വഴികളും തല്ക്കാലത്തേക്കെങ്കിലും മറന്ന്, അല്ലെങ്കില്‍ മാറ്റിവച്ച്, പുതിയ ഒന്നിന് വേണ്ടിയുള്ള തേടലാണ് എല്ലാ യാത്രകളും. അതുവരെ കാണാത്ത, അറിയാത്ത എന്തൊക്കെയോ ആണ് കാത്തിരിയ്ക്കുന്നത് എന്ന തോന്നല്‍ തന്നെയാണ് യാത്രയുടെ ആവേശവും. അവിചാരിതമായി സംഭവിക്കുന്ന ഒരു യാത്ര പുതിയ വഴികളിലേയ്ക്ക് മനസ്സിനെയും ചിന്തകളെയും പറിച്ചുനട്ട് ജീവിതത്തിന്റെതന്നെ മറ്റൊരു പകര്പ്പാകുന്നു. വീണ്ടെടുക്കലാകുന്നു. അത്തരത്തിലുള്ള അപ്രതീക്ഷിതമായ ഒരു മനോഹരയാത്രയാണ് ഇംതിയാസ് അലിയുടെ ഹൈവേ.

സുദീര്ഘമായ ഒരു യാത്രയുടെ രണ്ട് അറ്റങ്ങള്‍ പോലെ തികച്ചും വിദൂരവും വ്യത്യസ്തവുമായ പശ്ചാത്തലമുള്ള രണ്ടുപേരുടെ ഏതാനും ദിവസത്തെ ഒരുമിച്ചുള്ള ഒരു റോഡ്‌ യാത്രയാണ് ഹൈവേ. വീരാ ത്രിപാഠി ഡല്ഹിയിലെ വ്യവസായപ്രമുഖന്റെ ഒരേ ഒരു മകളാണ്. ജീവിതത്തിന്റെ മിനുസമുള്ള വഴികള്‍ മാത്രം കണ്ടു ശീലിച്ച, ആഡംബരത്തിന്റെ, നഗരത്തിന്റെ പുത്രി. ദിവസങ്ങള്ക്കപ്പുറം നടക്കേണ്ട തന്റെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കിടയില്‍നിന്ന് കുറച്ച് സമയത്തേയ്ക്കെങ്കിലും എങ്ങോട്ടെങ്കിലും ഓടിപ്പോകാനുള്ള വീരയുടെ ആഗ്രഹമാണ് ഹൈവേയിലെയ്ക്ക് വഴി തുറക്കുന്നത്. തിരക്കുകള്ക്കിടയില്‍ ശ്വാസംമുട്ടി അല്പം ശുദ്ധവായു ശ്വസിക്കാന്‍ ഒരു രാത്രി പ്രതിശ്രുതവരനോടൊപ്പം കുറച്ച് ദൂരം സഞ്ചരിക്കാനിറങ്ങുന്ന വീരയെ പണത്തിനു വേണ്ടി ഒരു സംഘം തട്ടിക്കൊണ്ടുപോകുന്നു. പക്ഷേ പോലീസിലും രാഷ്ട്രീയത്തിലുമുള്ള അവളുടെ അച്ഛന്റെ സ്വാധീനം മനസ്സിലാക്കുന്ന സംഘം പിടിക്കപ്പെടുമോയെന്നുള്ള ആശയക്കുഴപ്പത്തിലാകുന്നു. പ്രതിവിധിയെന്നോണം സംഘാംഗം മഹാവീര്‍ ഭാട്ടി വീരയെയും കൊണ്ട് പോലീസ് കണ്ടെത്താത്ത സുരക്ഷിതമായ ഒരു സങ്കേതം തേടി ആരംഭിക്കുന്ന യാത്രയാണ് ഹൈവേ. അപരിചിതരായ സഹയാത്രികരും അജ്ഞാതമായ വഴികളും അവളെ ഭയപ്പെടുത്തുന്നു. യാത്രയുടെ തുടക്കത്തില്‍ പ്രതിരോധിക്കാനും ഓടി രക്ഷപ്പെടാനും ശ്രമിക്കുന്ന വീര, തികച്ചും അപരിചിതമായ പുറം ലോകത്തേക്കാള്‍ സുരക്ഷിതമായ ഇടമെന്ന് തിരിച്ചറിഞ്ഞു ഒടുവില്‍ തളര്ന്നു മഹാവീറിലെയ്ക്ക് തന്നെ തിരിച്ചെത്തുന്നു.. യാത്രയുടെ ഏതൊക്കെയോ ഘട്ടങ്ങളില്‍വച്ച് അവള്‍ ആ വഴികളെ സ്നേഹിച്ചു തുടങ്ങുന്നു.. ആഡംബരഹോട്ടല്‍ മുറികളില്‍ തങ്ങുന്ന കുടുംബയാത്രകളില്‍നിന്ന് വ്യത്യസ്തമായ ഒന്നായിരുന്നു അവള്ക്ക് അത്. മണ്ണറിഞ്ഞ്, മഴയറിഞ്ഞ് ഒരു സ്വപ്നയാത്ര. മഹാവീര്‍ എന്ന ആ അപരിചിതന്റെ സാന്നിദ്ധ്യം അവള്ക്ക് ഏറ്റവും സുരക്ഷിതമായി തോന്നിത്തുടങ്ങുന്നു. പിന്നീട് ഒരു തവണ രക്ഷപ്പെടാന്‍ അവസരം കിട്ടിയിട്ടും അവള്‍ അതിനു തയ്യാറാകുന്നില്ല. തന്റെ വീട്ടിലേയ്ക്ക് തിരിച്ച് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവള്‍ തുറന്നു പറയുന്നു. ദേഷ്യം മറന്നു വീരയോടു സ്നേഹം തോന്നിത്തുടങ്ങിയപ്പോള്‍ തിരികെ മടങ്ങാന്‍ അനുവദിക്കുന്ന മഹാവീറിനോട് എത്ര ദൂരം പോകാമോ അത്രയും ദൂരം ആ യാത്ര തുടരാന്‍ അവള്‍ നിര്ദ്ദേശിക്കുന്നു. ആ യാത്രയുടെ സുരക്ഷിതത്വം അവള്ക്ക് വേണ്ടിയിരുന്നു. അപരിചിതത്വത്തിന്റെ പുറം മോടികള്‍ മാറ്റിവച്ച് ഇരുവരും യാത്ര തുടരുന്നു.

തികച്ചും വ്യത്യസ്തരായ ഈ സഹയാത്രികരെ അറിയാതെ ബന്ധിപ്പിക്കുന്നത് തങ്ങളുടെ ബാല്യവും അനുഭവങ്ങളുമാണ്. ആ വേദനകള്‍ പരസ്പരം പറഞ്ഞു പങ്കുവയ്ക്കുന്നതല്ല. യാത്രയുടെ ഒഴുക്കില്‍ അറിയാതെ മനസ്സ് തുറന്നു തുളുമ്പിപ്പോകുന്നതാണ്. രക്ഷപ്പെടാന്‍ അവസരം കിട്ടിയിട്ടും അതിനു ശ്രമിക്കാതിരുന്ന വീര താന്‍ ആ വീട്ടിലോട്ട് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നില്ല എന്ന് തുറന്നുപറയുന്നു. വീടിനോടുള്ള വെറുപ്പിന്റെ കാരണമായി അവള്‍ പറഞ്ഞത് നിറംകെട്ട സ്വന്തം ബാല്യത്തിന്റെ കഥയായിരുന്നു. മിഠായിയുടെ മധുരം നല്കി,ഒമ്പതാം വയസ്സ് മുതല്‍ ശാരീരികമായി ഉപയോഗിച്ചിരുന്ന അടുത്ത ബന്ധു. എതിര്ക്കാന്‍ ശ്രമിച്ച അവളുടെ നിലവിളിയെ തടഞ്ഞുകൊണ്ട് അയാള്‍ വായടച്ചു. അമ്മയോട് പരാതിപ്പെട്ടപ്പോഴും മിണ്ടാതിരിക്കാനാണ് പറഞ്ഞത്. പീഡനങ്ങള്‍ പയ്യെ അവസാനിച്ചു. പക്ഷെ നിറങ്ങളും സ്വപ്നങ്ങളും നിറഞ്ഞ നിഷ്കളങ്കബാല്യത്തില്‍ അമര്ത്തിവയ്ക്കപ്പെടുന്ന ഒരു നിലവിളി ഒരു കുഞ്ഞിനെ അതിന്റെ ജീവിതകാലം മുഴുവന്‍ പിന്തുടരും. മഹാവീറിനു അവന്റെ ബാല്യം അമ്മയുടെ വേദന നിറഞ്ഞ ഒരു താരാട്ട് പാട്ടിന്റെ ഈണമാണ്. കുനിഞ്ഞ ശിരസ്സുമായി നില്ക്കുന്ന നിശ്ശബ്ദമായി കരയുന്ന തന്റെ തന്നെ ബാല്യം അവനെ ഇപ്പോഴും വേട്ടയാടാറുണ്ട്. ബാല്യത്തിലെ കയ്പ് നിറഞ്ഞ ഓര്മ്മകളില്‍ നിന്നും രണ്ടുപേരും സ്വയം രക്ഷിക്കുന്നത് രണ്ടുവിധത്തിലാണ്. വീര തന്റെ ജീവിതത്തെ ചിരിച്ചും കളിച്ചും സജീവമാക്കുന്നു. വേദനിപ്പിക്കുന്ന ഓര്മ്മകളുടെ നിഴലുകള്‍ അറിയാതെപോലും കടന്നുവരാതെ ഓരോ നിമിഷങ്ങളേയും തന്റെ തന്നെ ബഹളങ്ങള്‍കൊണ്ട് നിറയ്ക്കുന്നു. പക്ഷെ,അപ്പോഴെല്ലാം ‘ശുദ്ധവായു കിട്ടുന്ന’ എങ്ങോട്ടെങ്കിലും ഓടിപ്പോകാനുള്ള ഒരു വെമ്പല്‍ അവളില്‍ ഉണ്ടായിരുന്നു. ബാല്യം മരിച്ചുവീണ ആ വീട്ടില്‍ നിന്നോ, വെറുപ്പിക്കുന്ന ഓര്മ്മകളില്‍ നിന്നോ അപ്പോഴും വീട്ടില്‍ സജീവമായ ആ ബന്ധുവില്‍ നിന്നോ ആവാം. മഹാവീര്‍ ആകട്ടെ പരുക്കന്‍ ഭാവങ്ങളിലൂടെ, അന്തര്മുഖത്വത്തോടെ തന്നെ മറച്ച് പിടിക്കുന്നു. മുറിവേറ്റ നിസ്സഹായമായ അവരുടെ ബാല്യങ്ങള്‍ ആണ് വര്ഷങ്ങള്ക്കിപ്പുറം ആ യാത്രയിലൂടെ പരസ്പരം തണല്‍ തേടുന്നത്. അവരുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും ഒന്നാകുന്നു. വീരയും മഹാവീറും കളിക്കൂട്ടുകാരായ രണ്ടു കുട്ടികളാകുന്നു.

വീര എന്നോ സ്വപ്നത്തില്‍ കണ്ട മനോഹരമായ ഒരു താഴ്വരയില്‍ അവരുടെ യാത്രാതാവളം കണ്ടെത്തുന്നു. മഹാവീറിന്റെ അമ്മയുടെ ഓര്മ്മകളും വീരയുടെ സുരക്ഷിതമായ വീടെന്ന സങ്കല്പവുമെല്ലാം ചേര്ന്ന് ആ ലോകം സ്വര്ഗ്ഗീയമായിത്തുടങ്ങുമ്പോഴേക്കും താഴ്വരയില്‍ വെടിയൊച്ച മുഴങ്ങുന്നു. മഹാവീര്‍ ആരായിരുന്നെന്നോ യാത്രയിലൂടെ താന്‍ നേടിയതെന്താണെന്നോ തേടിയെത്തുന്നവരെ വിശ്വസിപ്പിക്കാന്‍ അവള്ക്ക് കഴിയുന്നില്ല. അവര്‍ കണ്ടത് ഒരു കുറ്റവാളിയെയാണ്. വീരയുടെ സ്വപ്നഭൂമിയില്‍ മഹാവീര്‍ വെടിയേറ്റു വീഴുന്നു. തിരികെ വീട്ടിലെത്തുന്ന വീരയെ അടച്ചിട്ട ആഡംബരമുറികളിലെ മുഴക്കങ്ങളും ഔപചാരികതയുടെ കപടതകളും വീര്പ്പുമുട്ടിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ ആകാശത്തു നിന്നും, സ്വപ്നങ്ങളുടെ താഴ്വരകളില്‍ നിന്നും അവള്‍ വന്നുവീണത്, കാപട്യങ്ങളുടെ ഒരു ഇടുങ്ങിയ ലോകത്തെയ്ക്കാണ്. സ്വാതന്ത്ര്യത്തിന്റെ ആ യാത്രയില്‍ അവള്ക്ക് മഹാവീറിനെ നഷ്ടപ്പെട്ടെങ്കിലും തിരികെകിട്ടിയത് തടഞ്ഞുവയ്ക്കപ്പെട്ട തന്റെ ശബ്ദമാണ്. കാലങ്ങളായി തന്റെ ഉള്ളില്‍ മാത്രം മുഴങ്ങിയിരുന്ന ഒരു നിലവിളിയിലൂടെ, ഒരു വെളിപ്പെടുത്തലിലൂടെ, തന്റെ ബാല്യം നരകമാക്കിയ മാന്യന്റെ മുഖംമൂടി വലിച്ചുകീറി, അവള്‍ താന്‍ വെറുക്കുന്ന ആ വീട് വിട്ടിറങ്ങുന്നു. ഒടുവില്‍ ജീവിതത്തിന്റെ അര്ത്ഥവും തണലും കണ്ടെത്തിയ ആ സ്വപ്നദേശത്ത്, മഹാവീറിന്റെ ഓര്മ്മകളുള്ള ആ താഴ്വരയില്‍ ജീവിതം തുടങ്ങുന്നു... അങ്ങനെ ഹൈവേ എന്ന യാത്ര വീര എന്ന പെണ്കുട്ടിയുടെ സ്വയം കണ്ടെത്തലായി മാറുന്നു. ആ സ്വയം ശുദ്ധീകരണം, അവനവനെ കണ്ടെത്തല്‍ ഒരു നല്ല യാത്രയുടെ മാത്രം അനുഭവവും അനുഗ്രഹവുമാകുന്നു..

വീടിന്റെ അകത്തളങ്ങള്‍പോലും കുഞ്ഞുങ്ങള്ക്ക് എത്ര അരക്ഷിതമാണ് എന്ന സന്ദേശം ഹൈവേ നല്കുന്നുണ്ട്. പുറംലോകവും അപരിചിതരും സുരക്ഷിതമല്ല എന്ന് കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്ന അമ്മമാര്‍ പലപ്പോഴും വീടിനുള്ളിലെ അപകടങ്ങള്‍ കാണാതെ പോകുന്നു. അഥവാ കണ്ടാലും അത് മറച്ചു വയ്ക്കാന്‍ നിര്ബ്ബന്ധിതരാകുന്നു. ഇര തന്നെ തെറ്റുകാരിയായി മാറുകയും കുറ്റവാളി വീണ്ടും മാന്യനും സ്വതന്ത്രനുമായി ഇരയുടെ കണ്മുന്നില്‍ വിഹരിക്കുകയും ചെയ്യുന്ന അവസ്ഥ സൃഷ്ടിക്കുന്ന അപകര്ഷതാബോധവും അരക്ഷിതാവസ്ഥയും ചെറുതല്ല. എല്ലാ കാലത്തും ദൂരേയ്ക്ക് ദൂരേയ്ക്ക് എന്ന് അവളുടെ മനസ്സും ചിന്തകളും പുതിയൊരു ഇടം തേടിക്കൊണ്ടിരിക്കും. ഒരു പെണ്കുട്ടിയുടെ ഇഷ്ടങ്ങള്ക്കും സ്വാതന്ത്ര്യങ്ങള്ക്കും മുന്നില്‍ നിയന്ത്രണങ്ങളുടെ, ചോദ്യങ്ങളുടെ നീണ്ട നിരയുണ്ട്. അവളുടെ ഭ്രാന്തമായ ഇഷ്ടങ്ങളോ ബാലിശമായ സ്വപ്നങ്ങളോ വെറും ജല്പനങ്ങളായിട്ടാണ് മറ്റുള്ളവര്‍ കരുതുന്നത്. ഇന്നതോക്കെയെ ചെയ്യാവൂ എന്ന ചട്ടക്കൂടിനുള്ളില്‍ അവളുടെ സ്വപ്നങ്ങള്‍ ഒതുങ്ങുന്നു. ഉറക്കെ ഒന്ന് ചിരിക്കാനോ സ്വതന്ത്രമായി യാത്ര ചെയ്യാനോ അവള്‍ ഉള്ളില്‍ കൊതിയ്ക്കും. അവളുടെ മനസ്സിന്റെ അടഞ്ഞ ജനാലകള്‍ എപ്പൊഴും നീലാകാശവും ഇളം വെയിലും പച്ചപ്പും നിറഞ്ഞ ഒരു സ്വപ്നഭൂമി തേടിക്കൊണ്ടിരിക്കും. യാത്രയില്‍ വീര എന്ന പെണ്കുട്ടി ഒരു ചിത്രശലഭത്തെ പോലെ പറന്നുനടന്നു. നിയന്ത്രണങ്ങളോ ചോദ്യം ചെയ്യലുകളോ ഇല്ലാതെ അവന്‍ അവളുടെ കൊച്ച് കൊച്ച് ഇഷ്ടങ്ങള്ക്ക് ഒരു കൂട്ടുകാരനെപ്പോലെ കൌതുകത്തോടെ കൂടെ നിന്നു. സ്നേഹം നിറഞ്ഞ ആ ഉദാരതയാണ് ഒരു പെണ്കുട്ടി തന്റെ പുരുഷനില്‍നിന്നും ആഗ്രഹിക്കുന്നത്.

റോഡ്‌ മൂവികളില്‍ പൊതുവേ കാണപ്പെടുന്ന സാഹസികത ഹൈവേയില്‍ ഇല്ല. ഗഹനമായ ലക്ഷ്യങ്ങളുടെ ഭാരമില്ല. നിഗൂഢതകളുടെ കെട്ടുകാഴ്ചകളില്ല. പകരം, മനസ്സ് നിറയ്ക്കുന്ന കാഴ്ചകളിലൂടെയുള്ള സ്നേഹനിര്ഭരമായ ഒരു ഒഴുക്കാണ് ഹൈവേ. വീരയുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ പുറപ്പെട്ടിടത്തെയ്ക്ക് തിരിച്ച് ചെല്ലാനോ ലക്ഷ്യ സ്ഥാനത്തേയ്ക്ക് എത്തിച്ചേരാനോ ആഗ്രഹിക്കുന്നില്ലാത്ത ഒരു യാത്ര.. കാരണം ആ വഴികളേയാണ് അവള്‍ സ്നേഹിക്കുന്നത്. വഴികള്‍ തന്നെയാണ് യാത്രയുടെ അര്ത്ഥവും ആത്മാവും..

ഡല്ഹി, ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ്, ഹിമാചല്‍പ്രദേശ്‌, കാശ്മീര്‍ എന്നിങ്ങനെ തികച്ചും വ്യത്യസ്തമായ ആറ് ഭൂപ്രകൃതികളിലൂടെയാണ് ഹൈവേ കടന്നുപോകുന്നത്. സ്ഥലങ്ങള്‍ മാറുന്നതിനനുസരിച്ച് ദൃശ്യങ്ങളുടെ നിറവും പശ്ചാത്തലസംഗീതവും വസ്ത്രധാരണരീതിവരെയും മാറുന്നുണ്ട്. ദേശവൈവിദ്ധ്യങ്ങളുടെ ആത്മാവായ സൂഫിയും പഞ്ചാബിയും നാടന്‍പാട്ടുകളുമുള്പ്പെടുന്ന ഹൈവേയുടെ സംഗീതം ഏ ആര്‍ റഹ്മാന്‍ എന്ന മാന്ത്രികന്റെ കൈകളില്‍ സുഭദ്രം. രാജസ്ഥാന്‍ മരുഭൂമിയും ഹിമാചലിലെ മഞ്ഞുമൂടിയ മലനിരകളും കാശ്മീര്‍താഴ്വരകളും ഭംഗി ഒട്ടുംചോരാതെ ഒപ്പിയെടുത്ത് നല്കിയത് അനില്‍ മേഹ്തയുടെ കാമറ. വീരയെ ഉജ്ജ്വലമാക്കിയ ആലിയ ഭട്ടിന്റെ ചടുലത. ഇംതിയാസ് അലിയുടെ തന്നെ ‘ജബ് വി മെറ്റി’ലെ കരീനയുടെ ഗീത്നെ ഓര്മ്മിപ്പിച്ചു. രണ്ദീപ് ഹൂഡയുടെ മിതത്വം മഹാവീറിനെ മനസ്സിനോടടുപ്പിച്ചു. സഹതാരങ്ങള്‍, പ്രത്യേകിച്ചും മഹാവീറിന്റെ സഹായികളായി അഭിനയിച്ച കലാകാരന്മാര്‍ ശ്രദ്ധേയ സാന്നിദ്ധ്യമായി. മികച്ച തിയേറ്റര്‍ കളക്ഷനിലൂടെ ഹൈവേ നിര്മ്മാതാവിനും ഒരു ശുഭയാത്ര തന്നെയായി..

ഹൈവേയുടെ വഴികള്‍ പരുക്കനാണെങ്കിലും ആത്മാവ് ആര്ദ്രമാണ്. സ്വാതന്ത്ര്യത്തിന്റെ ആകാശം തേടുന്ന പെണ്‍മനസ്സിന്റെ കൌതുകങ്ങളുടെ യാത്രയാണ് അത്. ആശങ്കകളില്ലാതെ, മനസ്സിന്റെ ജനാലകള്‍ ഒന്ന് തുറന്നുവച്ചാല്‍ നിങ്ങള്ക്കും കാണാം ജീവിതത്തിന്റെ,സ്വപ്നങ്ങളുടെ വിശാലമായ ഹൈവേ. ലക്ഷ്യങ്ങളുടെ ഭാരമില്ലാതെ ആ വഴികളെ,വഴികളെ മാത്രം സ്നേഹിയ്ക്കാം..

Subscribe Tharjani |