തര്‍ജ്ജനി

കാല്‍വിന്‍

Visit Home Page ...

ലേഖനം

റോസെറ്റ/ഫിലെ വാല്നക്ഷത്രപര്യവേഷണം:

കഴിഞ്ഞ നവംബര്‍ പന്ത്രണ്ടിനാണ് ചരിത്രത്തില്‍ ആദ്യമായി മനുഷ്യനിര്മ്മിതമായ ഒരു ഉപകരണം വാല്നക്ഷത്രത്തില്‍ നിയന്ത്രിതഇറങ്ങല്‍ നടത്തുന്നത്. 'ഫിലേ' എന്ന് പേരിട്ട യന്ത്രം 67P/Churyumov-Gerasimenko (67P/C-G) എന്ന വാല്നക്ഷത്രത്തില്‍ ഇറങ്ങുകയായിരുന്നു. റോസറ്റ എന്ന, ആളില്ലാത്ത ബഹിരാകാശപേടകമാണ് ഫിലേയെ വാല്നക്ഷത്രത്തിനടുത്ത് എത്തിച്ചത്. പത്തുവര്ഷത്തെ യാത്രയ്ക്കൊടുവിലാണ് റോസെറ്റ വാല്നക്ഷത്രത്തിന്റെ ഭ്രമണപഥത്തില്‍ എത്തി അതിനെ ഭ്രമണംചെയ്ത് തുടങ്ങിയത്. യൂറോപ്യന്‍ ബഹിരാകാശഏജന്സീ 2004ല്‍ ആണ് റോസറ്റയെ ഭൂമിയില്‍ നിന്നും വാല്നക്ഷത്രത്തിലേക്ക് പറഞ്ഞയച്ചത്. നാസയും പദ്ധതിയില്‍ പങ്കാളിയായിരുന്നു.

റോസെറ്റ എന്ന പേരിനു പിറകിലെ കഥ രസകരമാണ്. പുരാതന ഈജിപ്ഷ്യന്‍ സാംസ്കാരികതയെപ്പറ്റി ആധുനികസമൂഹം പഠനം നടത്തിത്തുടങ്ങിയപ്പോള്‍ നേരിടേണ്ടിവന്ന ഏറ്റവും വലിയ കീറാമുട്ടികളൊന്ന് ഹൈറോഗ്ലിഫിക്സില്‍ എഴുതപ്പെട്ട ഈജിപ്ഷ്യന്‍ ഭാഷ എങ്ങിനെ മനസ്സിലാക്കിയെടുക്കാം എന്നതായിരുന്നു. വളരെക്കാലത്തെ അന്വേഷണത്തിനു ശേഷമാണ് 'റോസെറ്റ' എന്ന നഗരത്തില്‍നിന്നും പിന്നീട് 'റോസെറ്റയിലെ കല്ല്' എന്ന് പ്രസിദ്ധമായ ശിലാലിഖിതം കണ്ടെടുക്കുന്നത്. ഹൈറോഗ്ലിഫിക്സും പുരാതന ഗ്രീക്ക്ഭാഷയുമടക്കം മൂന്ന് ലിപികളില്‍ ഒരേ ഉള്ളടക്കം അതില്‍ ലേഖനം ചെയ്യപ്പെട്ടിരുന്നതുകൊണ്ട് വിദഗ്ദ്ധര്ക്ക് ഏതാനും വര്ഷത്തെ പ്രയത്നംകൊണ്ട് ഹൈറോഗ്ലിഫിക്സിനെ കീഴടക്കാനായി. ഇതാണ് റോസെറ്റ എന്ന് പേരു തിരഞ്ഞെടുക്കാനുള്ള തീരുമാനത്തിനു പിറകിലത്രെ!

വാല്നക്ഷത്രപര്യവേഷണത്തിന്റെ പ്രധാനലക്ഷ്യങ്ങളൊന്ന് സൗരയൂഥത്തിന്റെ ആദ്യകാലത്തെക്കുറിച്ച് പഠിക്കുക എന്നതാണ്. അതാകട്ടെ ഏറെ പ്രധാനവും. സൗരയൂഥത്തിന്റെ ഉല്പത്തിസമയത്തെക്കുറിച്ച് പഠിക്കാനുള്ള ഏറ്റവും നല്ല സാദ്ധ്യതകള്‍ സമ്മാനിക്കുന്നത് വാല്നക്ഷത്രങ്ങളും ഉല്ക്കകളുമൊക്കെയാണ്. വാല്നക്ഷത്രങ്ങള്‍ മഞ്ഞും പൊടിയും ചേര്ന്നുണ്ടായ ആകാശഗോളങ്ങളാണ്. കൂട്ടത്തില്‍ അമോണിയയും കാര്‍ബണ്‍ ഡൈ ഓക്സൈഡും മീഥേയ്നും പോലുള്ള മറ്റനേകം രാസപദാര്ത്ഥങ്ങളും കണ്ടെന്നിരിക്കും. ഏകദേശം 4.6 ബില്യണ്‍ വര്ഷങ്ങള്ക്കുമുമ്പ് സൂര്യനും ഗ്രഹങ്ങളുമടക്കമുള്ള സൗരയൂഥഗോളങ്ങള്‍ ഉരുത്തിരിഞ്ഞ കാലത്തെ അവശേഷിപ്പുകളാണ് വാല്നക്ഷത്രങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. ശാസ്ത്രജ്ഞരെ സംബന്ധിച്ചേടത്തോളം വാല്നക്ഷത്രങ്ങളുടെ ഉള്ളുകളികളെപ്പറ്റി പഠിക്കാനുള്ള ആകാംക്ഷയ്ക്കു കാരണങ്ങളിലൊന്നിതാണ്. ഭൂമിയില്‍ ജീവന്‍ ഉരുത്തിരിയാന്‍ കാരണകാരികളായ ജലവും ജൈവരാസപദാര്ത്ഥുങ്ങളും ആദ്യമായി ഇങ്ങെത്തിയത് വാല്നക്ഷത്രപതനത്തിലൂടെയാവാമെന്നും വിശ്വസിക്കപ്പെടുന്നുണ്ട്. സൂര്യനും ചുറ്റും ഏറെ നീണ്ട ദീര്ഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലൂടെയാണ് വാല്നക്ഷത്രങ്ങള്‍ സഞ്ചരിക്കുന്നത്. സൂര്യനില്‍നിന്നും അകലെ ആയിരിക്കുന്ന സമയത്ത് ഉറഞ്ഞുകട്ടിയായിരിക്കുമെങ്കിലും സൂര്യനോടടുക്കുമ്പോള്‍ ചൂടുകാരണം ഉരുകി വാതകങ്ങള്‍ പുറത്തേക്ക് തള്ളുന്നു. വാലുപോലെ നമ്മള്‍ കാണുന്നത് ഈ വാതകപടലമാണ്. പ്ലൂട്ടോയ്ക്കുമപ്പുറത്തുള്ള ഊര്‍ട്ട് ബെല്റ്റ് (oort belt) വാല്നക്ഷത്രങ്ങള്‍ ധാരാളമായി കാണപ്പെടുന്ന പ്രദേശമാണ്. കൈപ്പര്‍ ബെല്റ്റ് (Kuiper belt ) ആണ് മറ്റൊരിടം. ഗ്രഹങ്ങള്ക്കുമപ്പുറത്ത് സരയൂഥത്തിന്റെ പുറംപാളികളിലുള്ള കൈപ്പര്‍ ബെല്റ്റ് (പ്ലൂട്ടോയടക്കമുള്ള കുള്ളന്‍ ഗ്രഹങ്ങളുടെയും ഹ്രസ്വകാലഭ്രമണപഥമുള്ള ധാരാളം വാല്നക്ഷത്രങ്ങളടക്കം മറ്റ് ഒരുപാട് ആകാശഗോളങ്ങളുടെയും വാസഗൃഹമാണ്. ഉല്പത്തിസമയത്തെ അതേ രാസഘടന ഇവയില്‍ പലയിടങ്ങളും അതേപടി നിലനില്ക്കുന്നുവെന്ന് കണക്കാക്കപ്പെടുന്നു. അവയെപ്പറ്റി അറിയുക എന്നത് അക്കാരണത്താല്‍ പ്രധാനമാകുന്നു. സൗരയൂഥപഠനത്തിലെ 'റോസെറ്റയിലെ കല്ല്' ആയി മാറും വാല്നക്ഷത്രപഠനങ്ങള്‍ എന്നാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത് എന്ന് ആലങ്കാരികമായി പറയാം.

ഒരു വാല്നക്ഷത്രത്തെ ഭ്രമണം ചെയ്യാനായി ഒരു പേടകത്തെ അയക്കുകയും അതില്‍നിന്ന് നിയന്ത്രിതമായി ഒരു യന്ത്രത്തെ താഴെയിറക്കുകയും ചെയ്യുന്നത് അതിസങ്കീര്ണമായ ഉദ്യമമാണ്. ഉഗ്രന്‍ വേഗത്തിലാണ് വാല്നക്ഷത്രങ്ങള്‍ സഞ്ചരിക്കുന്നത്. ചുമ്മാ ചെന്നങ്ങ് ഭ്രമണപഥത്തില്‍ കയറിപ്പറ്റാന്‍ പേടകങ്ങള്ക്ക് സാധിക്കില്ലെന്നര്ഥം. പ്രവേശിക്കുംമുമ്പ് വാല്നക്ഷത്രത്തിന്റെ വേഗത്തോട് താരതമ്യപ്പെടുത്താവുന്ന വേഗം പേടകവും കൈവരിച്ചിരിക്കണം. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ ചാടിക്കയറുമ്പോള്‍ നമ്മളും അങ്ങിനെയാണല്ലോ ചെയ്യാറ് (അങ്ങിനെ ഒരിക്കലും ചെയ്യാതിരിക്കുക). പോരെങ്കില്‍ സൂര്യനില്‍നിന്നും അല്പം ദൂരെ വാല്നക്ഷത്രം ഉറഞ്ഞ അവസ്ഥയിലിരിക്കുമ്പോഴാണ് പേടകം അങ്ങോട്ട് ചെല്ലേണ്ടത്. ചൂടുപിടിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. പത്തുവര്ഷം നീണ്ട യാത്രോദ്യമം റോസെറ്റ പേടകത്തിന് ആവശ്യമാകുന്നത് അതുകൊണ്ട് കൂടിയാണ്. വളരെ നീണ്ടതും പലപ്പോഴും ചാക്രികമായി ആവര്ത്തിക്കുന്നതുമായ വഴിയിലൂടെയാണ് റോസെറ്റ സഞ്ചരിച്ചത്. പോകുന്ന വഴി ഭൂമിയും ചൊവ്വയുമടക്കമുള്ള ഗ്രഹങ്ങളുടെ അടുത്തുകൂടെ കടന്നുപോകുമ്പോള്‍ അവയെ ഒന്നുചുറ്റി ആ ഗ്രഹങ്ങളുടെ ഗുരുത്വാകര്ഷണബലത്തെ സ്വന്തം വേഗം വര്ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നു.

വാല്നക്ഷത്രത്തിന്റെ ഭ്രമണപഥത്തിലെത്തിയശേഷം രണ്ട് വര്ഷത്തോളമെങ്കിലും റോസെറ്റ അതിനെ നിരീക്ഷിച്ച് പഠിച്ചുകൊണ്ടിരിക്കും. ഇക്കാലംകൊണ്ട് വാല്ന‍ക്ഷത്രം സൂര്യനെ അടുത്ത് സമീപിക്കുകയും വാല്‍മുളയ്ക്കുകയും ചെയ്തുതുടങ്ങും. ഈ സഞ്ചാരത്തിന്റെയും മാറ്റത്തിന്റെയും ശാസ്ത്രം റോസെറ്റ നിരീക്ഷിക്കും, ഭൂമിയിലേക്ക് വിവരങ്ങള്‍ അയക്കും, നമ്മള്‍ പഠിക്കും.

നവംബറില്‍ റോസെറ്റ ഫിലെയെ വാല്നക്ഷത്രത്തിലേക്കിറങ്ങാനായി പറഞ്ഞയച്ചു. ഇറങ്ങിയശേഷം മൂന്നു കാലില്‍ ഉറച്ചുനിന്ന് സ്വയം നിലത്തേക്ക് പിരിയനാണികളാല്‍ ബന്ധിതമാക്കി നിര്ത്തി വാല്നിക്ഷത്രത്തെ പഠിക്കുക എന്ന ലക്ഷ്യമാണ് ഫിലേയ്ക്കുണ്ടായിരുന്നത്. ഇതിനായി ധാരാളം ഉപകരണങ്ങള്‍ ഫിലേയില്‍ ഘടിപ്പിച്ചിരുന്നു. മൂന്ന് ദിവസത്തേക്ക് മാത്രം നിലനില്ക്കുന്ന പ്രധാനബാറ്ററിയാണ് ഫിലേയില്‍ ഉള്ളത്. പോരെങ്കില്‍ സൗരോര്ജ്ജംകൊണ്ട് ചാര്ജ്ജ് ചെയ്ത് വീണ്ടും പ്രവര്ത്തിപ്പിക്കാവുന്ന ദ്വിതീയബാറ്ററിയും ഫിലേയിലുണ്ട്.

റോസെറ്റയുടെ സമയചരിത്രം (പ്രധാനപ്പെട്ടവ) പരിശോധിക്കുക.

2004 ഫെബ്രുവരി - ഒരു റോക്കറ്റില്‍ റോസെറ്റയെ ആദ്യമായി ബഹിരാകാശത്തേക്ക് പറഞ്ഞയക്കാന്‍ തീരുമാനിച്ചിരുന്ന മാസം. എന്നാല്‍ അവസാനവട്ട പരിശോധനയില്‍ കണ്ടെത്തിയ ചില സാങ്കേതികത്തകരാറുകളെത്തുടര്ന്ന് പദ്ധതി മാര്ച്ചിലേയ്ക്ക് മാറ്റുന്നു.

2004 മാര്ച്ച് 2 - റോസെറ്റയെ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നു. ആദ്യദിനങ്ങളില്‍ റോസെറ്റയുമായി ഭൂമിയില്‍നിന്നും നടത്തിയ വിനിമയങ്ങള്ക്കൊവടുവില്‍ പേടകത്തിന്റെ സ്ഥാനവും വഴിയും തൃപ്തികരവും കൃത്യമാര്ന്നതും ആണെന്ന് ബോദ്ധ്യപ്പെട്ടശേഷം ലക്ഷ്യത്തിലേക്കുള്ള വഴിയെ മറ്റു രണ്ട് ഉല്ക്കകളുടെ പരിസരത്തുകൂടെ കടന്നുപോകുമെന്ന് കണക്കാക്കുന്നു.

2004 ഏപ്രില്‍ - ഈ സമയം കൊണ്ട് റോസെറ്റയ്ക്കകത്തെ പല വിധ ഉപകരണങ്ങള്‍ പ്രവര്ത്തനക്ഷമമാക്കപ്പെടുന്നു. എല്ലാം വിജയം.

2004 മെയ് - ആദ്യ നിരീക്ഷണം C/2002 T7 (LINEAR) എന്ന വാല്നക്ഷത്രത്തിനു മേല്‍ നടത്തുന്നു. റോസെറ്റ വാല്നക്ഷത്രത്തിന്റെ തൊണ്ണൂറ്റഞ്ച് മില്യണ്‍ പ്രകാശവര്ഷം ദൂരെനിന്നും എടുത്ത ചിത്രം യൂറോപ്യന്‍ ബഹിരാകാശ എജന്സി പുറത്തുവിടുന്നു.

2005 മാര്ച്ച് - പദ്ധതിപ്രകാരം റോസെറ്റയുടെ ഭൂമിക്കടുത്തുകൂടെയുള്ള ആദ്യ കടന്നുപോക്ക് വിജയകരമായി പൂര്ത്തിയാകുന്നു.

2007 ഫെബ്രുവരി - ചൊവ്വാഗ്രഹത്തിന്റെ വെറും 250 കി.മീ അടുത്തുകൂടെ റോസെറ്റ കടന്നുപോകുന്നു.

2007 നവമ്പര്‍ - ഭൂമിയെ ചുറ്റിയുള്ള രണ്ടാം പറക്കല്‍

2009 നവമ്പര്‍ 13 - ഭൂമിയെ ചുറ്റിയുള്ള മൂന്നാം പറക്കല്‍.

2010 ജൂലൈ - 21 Lutetia എന്ന ഉല്ക്കയ്ക്കടുത്തുകൂടെ കടന്നുപോകുന്നു

2011 ജൂണ്‍ - പേടകത്തിലെ പ്രധാനകമ്പ്യൂട്ടര്‍ ഒഴികെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളെയെല്ലാം താല്ക്കാലിക ഉറക്കത്തിലേക്ക് (hibernation) പ്രവേശിപ്പിക്കുന്നു.

2014 ജനുവരി 20 - ഏതാണ്ട് രണ്ടര വര്ഷകങ്ങള്ക്ക് ശേഷം പേടകത്തിലെ ഉപകരണങ്ങളെ ഉറക്കമുണര്ത്തുന്നു. ഭൂമിയിലേക്ക് നമസ്കാരസന്ദേശം (Hello World) അയക്കുന്നു. സന്ദേശം അയക്കപ്പെട്ട സിഗ്നലിന്റെ ശക്തി പരിശോധിച്ചശേഷം അത് വര്ദ്ധിപ്പിക്കാനുള്ള പ്രവര്ത്തനങ്ങള്‍ ഭൂമിയില്‍നിന്നും നടത്തുന്നു.

2014 മെയ് - ലക്ഷ്യമായ 67P/C-G വാല്നക്ഷത്രത്തിലേക്കുള്ള പേടകത്തിന്റെ പാതയില്‍ അവശ്യം വേണ്ട തിരുത്തലുകള്‍ നടത്തുന്നു. ഇപ്പോള്‍ ലക്ഷ്യത്തില്‍നിന്നും ഉദ്ദേശ്യം ഒരു കോടി കിലോമീറ്റര്‍ അകലെയാണ് റോസെറ്റ.

2014 ജൂണ്‍ - ലക്ഷ്യത്തില്‍നിന്നും വെറും രണ്ട് ലക്ഷം കിലോമീറ്റര്‍ മാത്രം അകലെ...

2014 ജൂലൈ 23 - ലക്ഷ്യത്തില്‍നിന്നും വെറും 4100 കിലോമീറ്റര്‍ അകലെ റൊസെറ്റ എത്തുന്നു.

2014 ആഗസ്റ്റ് 6 - വാല്നക്ഷത്രത്തിന്റെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിച്ചേരുന്നു.വാല്നക്ഷത്രത്തെ ഭ്രമണം ചെയ്തുതുടങ്ങുന്നു.

2014 സെപ്റ്റംബര്‍ 4 - നീരീക്ഷണത്തില്‍നിന്നും ലഭിച്ച ആദ്യവിവരങ്ങള്‍ ഭൂമിയിലേക്ക്. പ്രതീക്ഷകള്ക്ക് വിരുദ്ധമായി വാല്നക്ഷത്രത്തില്‍ മഞ്ഞുരൂപത്തിലുള്ള ജലസാന്നിദ്ധ്യം ഇല്ല എന്ന് സൂചനകള്‍ ലഭിക്കുന്നു. അപൂര്‍വ്വമാംവിധം ഇരുണ്ടതാണ് വാല്നക്ഷത്രമെന്നും മനസ്സിലാകുന്നു.

2014 നവംബര്‍ 12 - ചരിത്രമുഹൂര്ത്തം. ഫിലേ ഉപകരണം വാല്നക്ഷത്രത്തിലേക്ക് നിയന്ത്രിതഇറങ്ങല്‍ നടത്തുന്നു. ആദ്യത്തെ തവണ ഇടിച്ചശേഷം ഫിലേ മുകളിലേക്ക് പൊങ്ങി വീണ്ടും തിരിച്ചുവീഴുന്നു. ഇങ്ങനെ മൂന്നു തവണ പൊങ്ങിത്താണ ശേഷമാണ് ഫിലേ നിശ്ചലാവസ്ഥ കൈവരിക്കുന്നത്. ആദ്യത്തെ തവണ ഇടിച്ചശേഷം ഏതാണ്ട് ഒരു കിലോമീറ്ററോളം ഉയരത്തിലേക്കാണ് ഫിലേ തെറിച്ചത്. വാല്നക്ഷത്രത്തിലെ ഗുരുത്വാകര്ഷണബലം അത്രമേല്‍ ദുര്ബ്ബലമായതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഭൂമിയിലെങ്കില്‍ പത്തു ഗ്രാം ഭാരം തോന്നിക്കുന്ന അത്രയേ വാല്നക്ഷത്രത്തിനു മേലെ ഫിലേയ്ക്ക് തോന്നിക്കൂ. കുറച്ചുദൂരം പൊങ്ങിയ ശേഷം അല്പം അകലെ ഒന്നുകൂടെ വന്നു പതിക്കുന്നു. ഇത്തവണ ഏതാണ്ട് ഇരുപത് മീറ്ററോളം പൊങ്ങിയ ശേഷം വീണ്ടും നിലത്തിറങ്ങി നിശ്ചലമാകുന്നു.

മൂന്നു കാലുകളിന്മേല്‍ ഫിലേ ഇറങ്ങണമെന്നാണ് ആസൂത്രണം ചെയ്യപ്പെട്ടിരുന്നത്. അതിനുശേഷം കാലുകളില്‍നിന്നും യന്ത്രസഹായത്താല്‍ പ്രവര്ത്തിക്കുന്ന പിരിയാണി നിലത്തേക്ക് തുളച്ചുകയറും. അങ്ങനെ ഫിലേയുടെ സ്ഥാനം ഉറപ്പിക്കപ്പെടും. എന്നാല്‍ രണ്ട് തവണ പൊങ്ങിത്താണതുകൊണ്ട് അത്ര കൃത്യമായല്ല ഫിലേ ഇറങ്ങിയത്. രണ്ട് കാലുകളേ തറയില്‍ തൊട്ടുള്ളൂ. മൂന്നാമത്തേത് വായുവിലേക്കെന്ന മട്ടില്‍ (വായുസാന്നിദ്ധ്യം ഇല്ലെന്നോര്ക്കുക) പൊങ്ങിനിന്നു. ഒരു വശത്തെ പാറക്കല്ലിന്മേല്‍ ചാരിയാണ് ഫിലേ നിന്നത് എന്ന് അനുമാനിക്കുന്നു. അതിനാല്‍ ഇരിപ്പിനു വേണ്ടത്ര സ്ഥിരത കൈവരിക്കാന്‍ സാധിച്ചില്ല. ഭൂഗുരുത്വാകര്ഷണത്തിന്റെ കുറവുകൊണ്ട് ചെറിയൊരു ഇളകല്‍ കൊണ്ടുതന്നെ ഫിലേ വീണ്ടും മുകളിലേക്ക് പൊങ്ങാം എന്നതുകൊണ്ട് ഇതത്ര തൃപ്തികരമായ അവസ്ഥയല്ലായിരുന്നു. എങ്കിലും ഫിലേ വിജയകരമായിത്തന്നെ വാല്നക്ഷത്രത്തില്‍നിന്നും ശാസ്ത്രീയമായ വിവരങ്ങള്‍ ശേഖരിച്ച് ഭൂമിയിലേക്കയച്ചു.

2014 നവംബര്‍ 15 - ഫിലേയുടെ ബാറ്ററിയിലെ ചാര്ജ് പൂര്ണമായും അവസാനിക്കുകയും വിനിമയസാദ്ധ്യതകള്‍ അവസാനിക്കുകയും ചെയ്തു. ഫിലേയില്‍ സൗരോര്ജ്ജപാനലുകള്‍ ഉണ്ട്. എന്നാല്‍ തല്ക്കാലം സൂര്യനില്‍നിന്നും വേണ്ടത്ര ഊര്ജ്ജം വാല്നക്ഷത്രത്തിന്റെ പരിസരത്തേക്കെത്തുന്നില്ല. അത് മാത്രമല്ല ഫിലെയുടെ സ്ഥാനം സൂര്യപ്രകാശം മറക്കത്തക്കരീതിയില്‍ ഒരു കുഴിയിലോ മറ്റോ ആണെന്നും അനുമാനിക്കപ്പെടുന്നു. സൂര്യനുമായി വാല്നക്ഷത്രം അടുത്തുവരുമ്പോള്‍ ഒരു പക്ഷേ ഫിലേ വീണ്ടും പ്രവര്ത്തനനക്ഷമമായേക്കാം. നമ്മള്‍ പ്രതീക്ഷയിലാണ്. റോസെറ്റ ഏതായാലും അതിന്റെ നിരീക്ഷണങ്ങള്‍ തുടര്ന്നു കൊണ്ടിരിക്കുന്നു.

References :

[1]. "Watch Humanity Touch a Comet" - http://www.slate.com/blogs/bad_astronomy/2014/11/12/rosetta_and_philae_watch_the_lander_set_down_on_a_comet.html

[2]. "Rosetta: mission to land on a comet" - http://blogs.discovermagazine.com/badastronomy/2012/03/30/rosetta-mission-to-land-on-a-comet/#.VHHQaHWSzCI

[3]. "Timeline of Rosetta spacecraft" - http://en.wikipedia.org/wiki/Timeline_of_Rosetta_spacecraft

[4]. " Rosetta - A lesson on comets" - http://www.youtube.com/watch?v=urXuyEpkiTw&feature=youtu.be

[5] "Comets: Facts About The ‘Dirty Snowballs’ of Space" - http://www.space.com/53-comets-formation-discovery-and-exploration.html

[6] "Rosetta - Rendezvous with a comet" - http://rosetta.esa.int/

Subscribe Tharjani |