തര്‍ജ്ജനി

ഗൌതമസിദ്ധാര്‍ത്ഥന്‍

Visit Home Page ...

കഥ

തമ്പി

എല്‍. യു. കെ. ജിയില്‍ പഠിക്കുന്ന ആത്മാര്‍ത്ഥന്‍ അന്നും പതിവുപോലെ തന്റെ തമ്പിയെപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു. ഞാന്‍ ഉത്സാഹം നിറഞ്ഞ മുഖത്തോടെ അത് ആസ്വദിക്കുകയായിരുന്നു. തമ്പി സ്റ്റൂളില്‍ ഇരുന്ന് നാണത്തോടെ നഖം കടിക്കുന്നു. അവിടെ വന്ന എന്റെ ഭാര്യ ഞങ്ങളുടെ സംഭാഷണം ശ്രദ്ധിച്ചില്ലെന്ന് നടിച്ച് അനായാസം സ്റ്റൂള്‍ എടുത്തു. ഉടനെ, “അയ്യയ്യോ…അമ്മാ അമ്മാ, അതില്‍ തമ്പി ഇരിക്കുന്നുണ്ടമ്മാ…” എന്ന് അലറിക്കൊണ്ട് വന്ന് അവളുടെ കൈപിടിച്ചു ആത്മാ. “വേറെ ജോലിയില്ലാത്ത അപ്പനും മകനും… പോടാ അവിടന്ന്…” എന്ന് ആത്മയെ തള്ളിമാറ്റി അവള്‍ സ്റ്റൂള്‍ എടുത്തു കൊണ്ടുപോയി.

ആത്മ താഴെ വീണുകിടന്ന തമ്പിയെ വിഷമത്തോടെ എടുത്ത് എന്റെ മടിയില്‍ വച്ചു. ഞാന്‍ വിഷമത്തോടെ വാങ്ങി. “തമ്പിയ്ക്ക് മുറിഞ്ഞോ… വേദനിച്ചോ…?” എന്ന് അലിവോടെ ചോദിച്ച് തോളും ശരീരവും തടവി. “കരയല്ലേ… ഇനി അമ്മയോട് … മിണ്ടില്ല… കരയല്ലേ പൊന്നേ…” എന്ന് ആശ്വസിപ്പിച്ചു, അവന്‍.

ഞാനും, “രാജാ കരയല്ലേ കണ്ണാ… ഇനി അമ്മ വരട്ടെ… നല്ല അടി കൊടുക്കാം… ഇവിടെ വാ…” എന്ന് ചൂണ്ടുവിരല്‍ ആട്ടിക്കൊണ്ട് പറഞ്ഞ മാത്രയില്‍ എന്റെ ഭാര്യ വന്നു. “കഥ പറഞ്ഞത് മതി, ഇതാ…. പലചരക്ക് സാധനങ്ങളുടെ ലിസ്റ്റ്…. മാര്‍ക്കറ്റില്‍ പോയി വാ… പോ… വേഗം പോയി വാ…” എന്ന് വിരട്ടി എന്റെ കൈയ്യില്‍ സഞ്ചി തന്നിട്ട് അവള്‍ അകത്തേയ്ക്ക് പോയി.

ഞാന്‍ ആത്മയെ നോക്കി. കണ്ണുകള്‍ കലങ്ങി ദയനീയമായ ശോകം മുഖത്തെങ്ങും പരന്ന് പരിതാപകരമായ അവസ്ഥയിലായിരുന്ന അവന്‍, “വാ നമുക്ക് നമ്മുടെ സ്ഥലത്തേക്ക് പോവാം… നമ്മുടടത്ത് കൂടാത്തവരെ നമുക്കും കൂട്ടണ്ട…” എന്ന് പറഞ്ഞ് തമ്പിയേയും കൂട്ടിക്കൊണ്ട് പോയി.

തുടക്കത്തില്‍ അവളും വലിയ താല്പര്യത്തോടെ ഈ വിനോദത്തില്‍ പങ്കുചേരുമായിരുന്നു. തമ്പിക്ക് പാല് കൊടുക്കും. തൊട്ടിലില്‍ കിടത്തി താലാട്ടും. തമ്പിയെ എടുത്ത് അമ്മാനമാടും. തമ്പിയോടൊപ്പം ഒളിച്ചുകളിക്കാന്‍ കൂടും.

കിണ്ണത്തില്‍ ചോറ് കുഴച്ച് ഊട്ടുമ്പോള്‍ തമ്പിയ്ക്ക് ഒരു വായ, ആത്മയ്ക്ക് ഒരു വായ, എന്ന് വലിയ ഉത്സാഹത്തോടെ പങ്കെടുക്കുമായിരുന്ന അവള്‍, ദിവസം കഴിയുംതോറും അത് മടുത്ത് അശ്രദ്ധ കാണിക്കാന്‍ തുടങ്ങി. എനിക്കും ആത്മയ്ക്കും മടുത്തതേയില്ല.

തമ്പി ജനിച്ച കഥ ഒരു അത്ഭുതകഥയാണ്.

അവള്‍ തമ്പിയെ വയറില്‍ ചുമന്നിരുന്ന ഒരു ദിവസം.

ഇരുട്ട് പതുക്കെ പരക്കുമ്പോള്‍ അവള്‍ കട്ടിലില്‍ കിടക്കുകയായിരുന്നു. ആത്മയ്ക്ക് ഉറക്കം വരാതെ കട്ടിലിനെ ചുറ്റിച്ചുറ്റി കളിക്കുകയായിരുന്നു. എന്തൊക്കെയോ ആലോചനകളില്‍ ചൂരല്‍ക്കസേരയില്‍ ഇരിക്കുകയായിരുന്ന ഞാന്‍ അവരുടെ സംഭാഷണം ശ്രദ്ധിച്ചു.

“വയറില്‍ കയറല്ലേന്ന് പറഞ്ഞാല്‍ കേള്‍ക്കില്ല…. പിന്നേം പിന്നേം വന്ന് കയറുന്നു.. അടി വേണോ?”

“ഏ… വയറില്‍ കയറിയാ എന്താ? ഞാന്‍ കയറും..” എന്ന് പറഞ്ഞ് വയറില്‍ കാല്‍ വച്ചപ്പോള്‍, അവള്‍ പെട്ടെന്ന് കാല് പിടിച്ച് മാറ്റിയതും, അവന്‍ കട്ടിലില്‍ ചാടിവീണ് കരയാന്‍ തുടങ്ങി.

അവനെ തൂക്കിയെടുത്ത് അടുത്തുകിടത്തി “ എന്റെ കണ്ണല്ലേ, പൊന്നല്ലേ, ശരി.. ശരി പോട്ടെ, അപ്പാവിനെ അടിക്കാം കരയല്ലേ” എന്നവള്‍ പറഞ്ഞു. ആത്മാ പെട്ടെന്ന് “അപ്പാവിനെ അടിക്കാനോ…? നീയല്ലേ തള്ളിയിട്ടേ..” എന്ന് കരച്ചിലിനിടയില്‍ തല കുലുക്കിക്കൊണ്ട് പറഞ്ഞതും എനിക്ക് ചിരിവന്നു.

ഞാന്‍ എഴുന്നേറ്റുചെന്ന് അവരുടെയടുത്തിരുന്ന്, മോനേ, അമ്മയുടെ വയറ്റില്‍ കുഞ്ഞനിയത്തിയുണ്ട്… നീ ചവുട്ടിയാല്‍ അവള്‍ക്ക് വേദനിക്കില്ലേ…? എന്ന് അവന്റെ മുഖത്ത് വാത്സല്യത്തോടെ തലോടിക്കൊണ്ട് പറഞ്ഞു. ഭാര്യ പെട്ടെന്ന് അവന്റെ മുഖം തന്നിലേയ്ക്ക് തിരിച്ച്, “കുഞ്ഞനിയത്തി അല്ലടാ…കുഞ്ഞുത്തമ്പി…” എന്ന് പറഞ്ഞു. ഇതിനെക്കുറിച്ച് ഇരുവര്‍ക്കുമിടയില്‍ ദിവസവും തര്‍ക്കം നടക്കുമായിരുന്നു.

ആത്മ പതുക്കെ കരച്ചില്‍ നിര്‍ത്തി ആവേശത്തോടെ ചോദിച്ചു. “അമ്മാ തമ്പിയെക്കാണാന്‍ എങ്ങിനെയുണ്ടാകും, നിന്നെപ്പോലെയോ എന്നെപ്പോലെയോ അപ്പായെപ്പോലെയോ?”

“നിന്നെപ്പോലെത്തന്നെ എന്റെ പൊന്നേ…”

“അമ്മാ, തമ്പി സ്കൂളിലേയ്ക്ക് വരുമോ?”

“മ്.. വരും”

“തമ്പി ശരവണത്തിനെപ്പോലെ ക്രിക്കറ്റ് കളിക്കുമോ?”

“മ്.. കളിക്കും”

“പേരക്കാമരത്തില്‍ കേറുമോ?”

അവള്‍ നിര്‍ത്താതെ യന്ത്രം പോലെ മറുപടി പറഞ്ഞു കൊണ്ടിരുന്നത് എനിക്കുള്ളില്‍ എന്തോ ഒരു തോന്നല്‍ ഉണ്ടാക്കിയത് ഇടയ്ക്ക് മനസ്സിലാക്കി.

“ഏത് മരം വേണമെങ്കിലും കയറും… ഒരേ ജമ്പില്‍ പേരക്കാമരത്തില്‍ കയറി പേരക്കാ നിനക്കൊന്ന് അമ്മയ്ക്കൊന്നെന്ന് പറിച്ച് തരും….”

ആത്മയ്ക്ക് എന്റെ മറുപടി ഇഷ്ടപ്പെട്ട് അവന്‍ എന്റെ മേലേ ചാഞ്ഞു.

“അമ്മാ… തമ്പി സൈക്കിള്‍ ഓടിക്കുമോ?”

“ഓ… നിന്നെ പിന്നിലിരുത്തി സൈക്കിള്‍ വേഗത്തിലോടിക്കും… ബസ്സ്, ലോറിയെല്ലാം സൈഡ് കൊടുത്ത് ഭയങ്കരമായി ഓടിക്കും….”

“വലിയ സൈക്കിളിലോ?”

“വലിയ സൈക്കിള്‍ ചെറിയ സൈക്കിള്‍ എല്ലാം…”

“അപ്പാ തമ്പിയെ സ്വാമിനാഥന്‍ അടിക്കുമോ?” ഇതുവരെ ഗംഭീര്യത്തിലായിരുന്ന സ്വരം പതുങ്ങിപ്പോയി.

“തമ്പിയെ ആര്‍ക്കും അടിക്കാന്‍ പറ്റില്ല… അവനാണ് എല്ലാരേം അടിക്കുക. ഡിഷ്യൂം ഡിഷ്യൂം…” എന്ന് അവന്റെ വയറ്റില്‍ ഞാന്‍ ഇടിച്ചു.

ഞെളിഞ്ഞുകൊണ്ട് അവന്‍ എന്റെ വാക്കില്‍ വിശ്വാസം വരാതെ ചോദിച്ചു.

“രാജാമണിയെ?”

“എല്ലാരേം..”

“അയ്യടാ…ഞങ്ങടെ മിസ്സിനേം?”

ഞാനും ഭാര്യയും പെട്ടെന്ന് ചിരിച്ചുപോയി. അതില്‍ ഊറിയിരുന്ന ബലഹീനതയെ മനസ്സിലാക്കിയതുപോലെ, “അതല്ലേ നോക്കിയത്… ഞങ്ങടെ മിസ്സിനെ ആര്‍ക്കും അടിക്കാന്‍ പറ്റില്ല…. അത് എല്ലാരേം അടിക്കും…” എന്ന് നൈരാശ്യത്തോടെ പറഞ്ഞു.

“പക്ഷേ തമ്പിയെ ആര്‍ക്കും അടിക്കാന്‍ പറ്റില്ല…” എന്ന് ഞാന്‍ പറഞ്ഞു.

പെട്ടെന്ന് ഓര്‍മ്മ വന്നതുപോലെ, “തമ്പിയ്ക്ക് എന്തൊക്കെ കളികളറിയാം…?” എന്ന് ആകാംക്ഷ മുഖത്ത് തുളുമ്പിച്ച് ചോദിച്ചു.

“എല്ലാ കളികളും അറിയും” ഞാന്‍ എളുപ്പത്തില്‍ പറഞ്ഞു.

“അമ്മാ അമ്മാ…. തമ്പിയെ ഇടക്കി വിടമ്മാ… ഞങ്ങള്‍ കളിക്കട്ടെ…” എന്ന് പറഞ്ഞ് അവന്‍ എഴുന്നേറ്റിരുന്നു.

ഞാന്‍ പെട്ടെന്ന് പൊട്ടിച്ചിരിച്ചപ്പോള്‍ ഭാര്യ സങ്കടം ഉള്ളിലൊളിപ്പിച്ച് ചിരിച്ചു.

“അമ്മാ അമ്മാ, ഇറക്കി വിടമ്മാ…” എന്നെ കാലില്‍ പിടിച്ച് ചിണുങ്ങാന്‍ തുടങ്ങി ആത്മാ.

ഞാന്‍ അവനെ കെട്ടിപ്പിടിച്ചു കൊണ്ട് “മോനേ… തമ്പി ഇറങ്ങി വരാനിനിയും…” മനസ്സില്‍ കണക്കുകൂട്ടി നോക്കിയിട്ട്, “ഏഴ് മാസം ആകും… അത് കഴിഞ്ഞ് കളിക്കാം…” എന്ന് പറഞ്ഞു.

അവന്‍ കരയാന്‍ തുടങ്ങി. ഭാര്യ അവനെ കട്ടിലില്‍ കിടത്തി കഥ പറഞ്ഞുനോക്കി. അവന്‍ കുതറി. എഴുന്നേറ്റ് കളിപ്പാട്ടങ്ങളെടുത്ത് കളിക്കാന്‍ തുടങ്ങി. അവള്‍ ആഹാരം എടുത്തുകൊടുത്തു. കരച്ചില്‍ നില്ക്കുന്ന ലക്ഷണമില്ല. ഭാര്യ അടിക്കാന്‍ കൈയ്യോങ്ങിയതും കരച്ചില്‍ ശക്തമായതൊഴികെ കുറയുന്ന മട്ടില്ല. ഞാന്‍ അവനെയെടുത്ത് എന്തൊക്കെയോ വിദ്യകള്‍ കാണിച്ചിട്ടും പ്രയോജനമില്ലാതെ ദേഷ്യം വന്നു.

“കണ്ണാ, തമ്പി ഉറങ്ങുകയാണ്…. നാളെയേ എഴുന്നേല്ക്കൂ…നാളെ എഴുന്നേറ്റതും തമ്പിയുടെയൊപ്പം കളിക്കാം… ട്ടോ…? എന്ന് പറഞ്ഞു. അവന്‍ ഉടനെ കരച്ചില്‍ നിര്‍ത്തി അമ്മയുടെ അടിവയറില്‍ ചെവി ചേര്‍ത്തുവച്ച് നോക്കി. “അതെ അപ്പാ… തമ്പി ഉറങ്ങാണ്…“ അവന്‍ പിറുപിറുത്തു. അവന്റെ മുഖം ആഹ്ലാദംകൊണ്ട് തിളങ്ങി.

ഞാന്‍, “ കണ്ടില്ലേ, തമ്പിയുറങ്ങി… നീയും കിടക്ക് പൊന്നേ… നോക്കട്ടെ കണ്ണ് പൂട്ടിയുറങ്ങ്…” എന്ന് ഒരു വിധത്തില്‍ സമാധാനിപ്പിച്ചു. അവന്റെയുള്ളില്‍ നിരാശത നിറഞ്ഞിരുന്നെങ്കിലും ആഹ്ലാദം അതിനെ ഒളിപ്പിച്ച് അവന്‍ അമ്മയോട് ചേര്‍ന്നുകിടന്ന് കണ്ണുകള്‍ മൂടി.

അവന്‍ തമ്പിയെ കൈകള്‍കൊണ്ട് അണച്ചുപിടിച്ചു.

അടുത്ത ദിവസം വിഷമിച്ച് തമ്പി ഇറങ്ങിപ്പോയി. ഭാര്യയ്ക്ക് ഗര്‍ഭമലസിപ്പോയി. അവള്‍ രാവിലെ കാര്യം വിഷമത്തോടെ അറിയിച്ചപ്പോള്‍ എനിക്ക് നടുക്കംകൊണ്ട് ശരീരം വിറച്ചു. സ്വപ്നങ്ങള്‍ സ്വപ്നങ്ങളായിത്തന്നെ മാറിയ വിഷമം ഉള്ളില്‍ പടര്‍ന്ന് ഉഷ്ണം നിറച്ച് മനസ്സ് വരണ്ട് ശോകത്തിന്റെ വലയില്‍ കുരുങ്ങിക്കിടക്കുന്ന നേരത്ത് ആത്മാ വന്ന് കാലില്‍ കെട്ടിപ്പിടിച്ചു.

“അപ്പാ..അപ്പാ…തമ്പിയെവിടെ അപ്പാ?”

കണ്ണുകളില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു. ഞാന്‍ മുഖം തിരിച്ചൊളിപ്പിച്ച് കൊണ്ട് അവനെ നോക്കി. അവനെ കണ്ടാല്‍ ഉറക്കമുണര്‍ന്ന് വന്നവനെപ്പോലെ മുഖം മങ്ങി ആലസ്യം മൂടിയതായിരുന്നില്ല, മുഖം നിറയെ തേജസ്സ് നിറഞ്ഞ് കൈകാലുകള്‍ ഉത്സാഹത്തോടെ ആട്ടിക്കൊണ്ട് ആകാംക്ഷയോടെ അവന്‍ നിന്നു. എന്റെ മൌനം അവന്റെ ആകാംക്ഷയെ പെരുപ്പിച്ച് അവന്‍ അമ്മയുടെ അടുത്തേയ്ക്ക് പോയി.

“അമ്മാ അമ്മാ….തമ്പിയെ ഇറക്കി വിട്ടോ? എവിടെ തമ്പി?” അവളുടെ കാലില്‍ കെട്ടിപ്പിടിച്ച് അവന്‍ തുള്ളി. ഭാര്യയുടെ തേങ്ങല്‍ വിലാപമായി മാറി.

“പോടാ ശനിയനേ…. നിന്റെ നാക്ക് കാരണമാ ഇങ്ങനെയായത്…” എന്ന് അവനെ തള്ളിമാറ്റി, അവള്‍.

അവന്‍ ഉരുണ്ടുവീണ് ദിഗ്ഭ്രമം പിടിച്ചത് പോലെ കരയാന്‍ തുടങ്ങി.

“ഏയ്, അവനെയെന്തിനാ അടിക്കുന്നേ? എന്തോ നടന്നതിന് അവനെന്ത് ചെയ്യും… നീ വാടാ കുട്ടാ….” എന്ന് പറഞ്ഞ് ഞാന്‍ അവനെ മാറോട് ചേര്‍ത്ത് തഴുകി. അവന്‍ കരഞ്ഞുകൊണ്ടേ വിക്കി വിക്കി “അപ്പാ….തമ്പി എവിടെപ്പാ… എനിക്ക് അവന്റെ കൂടെ കളിക്കണം…” എന്ന് പറഞ്ഞു. ഞാനും കരഞ്ഞു പോകുമെന്നത് പോലെയുണ്ടായിരുന്നു. ദുരന്തത്തിന്റെ ആഘാതം ആ പിഞ്ചുമനസ്സ് താങ്ങുമോ? അവന്റെ ആഗ്രഹങ്ങള്‍ അറുത്ത് മുറിച്ച് വേദനിപ്പിക്കാന്‍ എനിക്ക് തോന്നിയില്ല.

“തമ്പി കളിക്കാന്‍ പോയിരിക്കാണ്…അവന്‍ വന്നതും നമുക്ക് മൂന്ന് പേര്‍ക്കും കളിക്കാം…മ്?” എന്ന് ചോദിച്ചു.

ഞാന്‍ ചെയ്ത വലിയ തെറ്റായിരുന്നു അത്.

“തമ്പി കളിക്കുന്നിടത്തേക്ക് എന്നേം കൊണ്ടുപോ…” എന്ന് കരച്ചില്‍ ഉച്ചസ്ഥായിയിലാക്കി അവന്‍. ഞാനും വിഷയം മാറ്റാന്‍ എന്തൊക്കെയോ സൂത്രങ്ങള്‍ പ്രയോഗിച്ചു നോക്കി. ഞാന്‍ അവനെ കൂട്ടിക്കൊണ്ട് പുറത്തുപോകാതെ അവന്‍ കരച്ചില്‍ നിര്‍ത്തുന്നതായി തോന്നിയില്ല.

“നിങ്ങളായി നിങ്ങടെ പാടായി” എന്ന് പറഞ്ഞ് അവള്‍ അടുക്കളയിലേയ്ക്ക് പോയി. ഞാന്‍ അവനെ കൂട്ടിക്കൊണ്ട് പുറത്തേയ്ക്ക് പോകാനിറങ്ങുമ്പോള്‍ എനിക്ക് ഒരു ഐഡിയ തോന്നി.

“ദാ നോക്ക്….തമ്പി വന്നല്ലോ…” കണ്ണുകളില്‍ അത്ഭുതം വിരിയിച്ച് ഞാന്‍ പറഞ്ഞു.

ആത്മാ ആകാംക്ഷയോടെ “എവിടെ എവിടെ” എന്ന് ചോദിച്ച് ചുറ്റും നോക്കി.

“ദാ നോക്ക്….അയ് ഇവിടെ നോക്ക്…” എന്ന് പുറത്തേയ്ക്ക് കൈകള്‍ ചൂണ്ടി കുട്ടിയെ എടുക്കുന്നത് പോലെ അഭിനയിച്ചു.

“ഡാ തമ്പീ.. അപ്പോഴേക്കും കളികഴിഞ്ഞ് വന്നോ? കള്ളാ, ക്രിക്കറ്റ് കളിച്ചോ? ഇതെന്താഡാ തലയിലൊക്കെ ഒരേ മണ്ണ്.. ഫൂ ഫൂ…” എന്ന് ഊതിക്കളഞ്ഞു. “സ്വാമിനാഥനെ അടിച്ചിട്ടോ? ഹ ഹ ഹ ഹ അതിരിക്കട്ടെ ആത്മയെ വിട്ടിട്ട് നീ മാത്രം കളിക്കാന്‍ പോയതെന്തിനാ? നോക്ക്… നീ കളിക്കാന്‍ പോയതിന് ആത്മാ കരയണു നോക്ക്… ഇനിമേല്‍ അവനെ വിട്ട് കളിക്കാന്‍ പോവല്ലേ…” എന്നൊക്കെ പറഞ്ഞ് മുഖത്ത് പലവിധത്തിലുള്ള ഭാവങ്ങള്‍ വരുത്തി കൊഞ്ചി… "അപ്പായ്ക്ക് ഒരു മുത്തം താ നോക്കട്ടെ… മ്… ആത്മയ്ക്ക്….” എന്ന് പറഞ്ഞ് അവന്റെ നേരെ തിരിഞ്ഞപ്പോള്‍, അവന്‍ ആഹ്ലാദത്തോടെ മുഖം നീട്ടി മുത്തം വാങ്ങി.

“മ്ം ശരി ശരി, രണ്ട് പേരും പോയി കളിച്ചോ… ആത്മാ, ദാ തമ്പിയെ കൂട്ടിക്കോ” എന്ന് പറഞ്ഞ് ആത്മയ്ക്ക് കൊടുത്തു. അവന്‍ പതുക്കെ മടിച്ച് കൈകള്‍ നീട്ടി വാങ്ങി.

പിന്നീടുള്ള നാളുകളില്‍ അവന്‍ തമ്പിയെ കൂട്ടിക്കൊണ്ട് സ്കൂളിലേയ്ക്ക് പോയി. തമ്പി പറിച്ചു കൊടുക്കാത്ത പേരക്കകള്‍ കൊണ്ടുവന്ന് തന്നു. തമ്പിയെ ചെറിയ സൈക്കിളില്‍ ഇരുത്തിക്കൊണ്ട് തെരുവ് മുഴുവന്‍ ചുറ്റി. “തമ്പി ആവശ്യമില്ലാതെ വഴക്കിന് പോവില്ലെന്നും, വഴക്കിന് വന്നാല്‍ വിടില്ലെന്നും, തന്നോട് വഴക്കിന് വന്ന സ്വാമിനാഥനേയും മറ്റ് എതിരാളികളേയും അടിച്ചോടിച്ചതായും“ അവന്‍ അഭിമാനത്തോടെ പറഞ്ഞു. “സ്കൂളില്‍ ആരും തമ്പിയോട് കൂടുന്നില്ലെന്നും, തന്റെ കൂട്ടുകാരോട് തമ്പിയെപ്പറ്റി പറഞ്ഞാല്‍ കളിയാക്കിയും പരിഹസിച്ചും ചിരിക്കുന്നെന്നും പറഞ്ഞു. തമ്പിയും അവനും സന്തോഷത്തോടെ സംസാരിക്കുന്നത് കണ്ട ഭാര്യ, “നിങ്ങള്‍ നശിച്ചത് പോരെ? അവനേം ഭ്രാന്തനാക്കണോ?” എന്ന് ചീത്ത പറഞ്ഞു. ആത്മ വാശി പിടിക്കാതെ ചോറ് കഴിക്കാന്‍, പാഠം പഠിക്കാന്‍ തമ്പി ഉപയോഗപ്പെടുന്നതിനാല്‍ അവളും സഹിച്ചു.

നാളുകള്‍ കഴിയുന്തോറും വിചിത്രമായ സംഭവങ്ങള്‍ അവന്‍ പറയാന്‍ തുടങ്ങി. സ്കൂളില്‍ മിസ്സ്, കുരുവിയെ വരയ്ക്കുന്നതെങ്ങിനെയെന്ന് ക്ലാസ്സ് എടുക്കുകയായിരുന്നു. ആദ്യത്തെ പടിയായി ‘ന’ എന്ന് എഴുതണം, രണ്ടാമതായി അതിന്റെ മൂക്ക് കൂര്‍പ്പിച്ച് പിന്‍ഭാഗം വളച്ച് കഴുത്ത് വരയ്ക്കണം, എന്ന് കുറച്ച് കുറച്ചായി വിവരിച്ച് കണ്ണ്, മൂക്ക്, ഉടൽ, കാലുകള്‍ എന്നിങ്ങനെ പത്താമത്തെ പടിയില്‍ ഒരു ഭംഗിയുള്ള കുരുവിയുണ്ടാകും. എന്നാല്‍, തമ്പിയാകട്ടെ, ‘ആദ്യം വരച്ച ‘ന’ മതിയെന്നും അതിനെ പത്ത് വരെ നീട്ടേണ്ട ആവശ്യമില്ലെന്നും വാദിച്ചിരിക്കുന്നു. മിസ്സ് മൂക്കില്‍ വിരല്‍വച്ച് വിയര്‍ത്ത് കുളിച്ച് പ്രേതം പിടിച്ചത് പോലെയായി.

എനിക്ക് കുറച്ച് കുറച്ചായി ഭയം തോന്നിത്തുടങ്ങി. എന്റെ മുറിയില്‍ കയറി എന്റെ പുസ്തകങ്ങളോ, മറ്റ് വസ്തുക്കളോ തൊടരുതെന്നും പാഠപുസ്തകങ്ങള്‍ മാത്രം വായിച്ചാല്‍ മതിയെന്നും ഞാന്‍ ആജ്ഞാപിച്ചു. അവന്‍ ഉടനേ പഴയ അടുക്കള വൃത്തിയാക്കി അത് തന്റെ മുറിയാണെന്ന് പറഞ്ഞു. അവന്റെ സാധനങ്ങളെല്ലാം അവിടെ വച്ചു. ഇടയ്ക്ക് തമാശകള്‍ വ്യത്യസ്തമായ വാര്‍ത്തകളെല്ലാം ധാരാളം അവനില്‍നിന്നും വന്നപ്പോള്‍ ഇത് എവിടെപ്പോയി അവസാനിക്കുമെന്ന് തല പെരുക്കും.

അവന്റെ മുറിയില്‍ കയറിയപ്പോള്‍ അവന്‍ തമ്പിയെ സമാധാനിപ്പിക്കുകയായിരുന്നു. ‘ആത്മാ, മാര്‍ക്കറ്റിലേയ്ക്ക് വരുന്നോ?’ എന്ന് ചോദിച്ചു. അവന്‍ ഒന്നും മിണ്ടാതെ മുഖം തിരിച്ചു. ഞാന്‍ അടുത്ത് പോയി അവന്റെ മുഖം തിരിച്ച് വിരലുകള്‍ കൊണ്ട് മുടി കോതി അവനെ തണുപ്പിച്ചു.

“ അവന്‍ കിടക്കുകയാ… നമുക്ക് മാര്‍ക്കറ്റിലേക്ക് പോകാം വാ… പോ പോയി ഉടുപ്പ് മാറീട്ട് രണ്ട് പേരും വാ…”

തമ്പിയേയും ചേര്‍ത്തതിനാല്‍ ആത്മയ്ക്ക് ഒരേ സന്തോഷം. “നിക്ക് അപ്പാ…വരാം…” എന്ന് പറഞ്ഞ് വീട്ടിലേയ്ക്ക് ഓടി.

ഞാന്‍ മുറി നിരീക്ഷിച്ചു. ചുവരില്‍ ആണിയടിച്ച് തോള്‍സഞ്ചി തൂക്കിയിട്ടിരുന്നു. അതിനു താഴെ പാഠപുസ്തകങ്ങള്‍ ഭംഗിയായി അടുക്കി വച്ചിരിക്കുന്നു.

അതിന്റെയോരത്ത് കളിപ്പാട്ടങ്ങള്‍. ഒരു മൂലയ്ക്ക് ചെറിയ സൈക്കിള്‍ നിര്‍ത്തിയിരിക്കുന്നു. വലത് വശത്ത് കളിമണ്ണ് കൊട്ടിയിരിക്കുന്നതിന്റെ അടുത്ത് ചെറിയ പ്ലാസ്റ്റിക് ഡബ്ബയിലുള്ള വെള്ളം കലങ്ങിയിരുന്നു. അതിന്റെ ഓരത്ത് ചതുരത്തില്‍ പലക പോലെ ഒരു കരിങ്കല്ല്… അതില്‍ കളിമണ്ണ് കുഴച്ചതിനിടയില്‍ പൂര്‍ത്തിയായതും അല്ലാത്തതുമായ കളിമണ്‍ ബൊമ്മകള്‍ ചിതറിയിരുന്നു. ആത്മാ തിരിച്ച് വന്നു.

“അപ്പാ പോകാം?”

“ആത്മാ, ബൊമ്മയെല്ലാം ഉണ്ടാക്കുമോ? എന്നെ കാണിച്ചില്ലല്ലോ…”

“ഇല്ലപ്പാ…ഇതൊക്കെ തമ്പി ഉണ്ടാക്കിയതാ…”

“ഓ..ശരി നോക്കട്ടെ….” ബൊമ്മകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ ഒരു ബൊമ്മ വ്യത്യാസപ്പെട്ടിരുന്നത് കണ്ട് എടുത്ത് നോക്കി.

“ഇതെന്ത് ബൊമ്മയാ?”

“അത് ഒറ്റക്കണ്ണന്‍ പിച്ചക്കാരന്‍”

കോല്‍പോലെ രണ്ട് കാലുകള്‍. കാലുകള്‍ക്ക് മുകളില്‍ ഒരു മനുഷ്യത്തല; മുഖത്ത് താടിയും മീശയും വരഞ്ഞിരുന്നു; ഒരു കണ്ണുണ്ടായിരുന്നയിടത്ത് വെറും കുഴി. തലയുടെ ഭാഗത്ത് നിന്നും രണ്ട് കൈകള്‍ കോലുകള്‍ പോലെ മുന്നോട്ട് നീട്ടിക്കൊണ്ടിരുന്നതില്‍ മണിബന്ധത്തില്‍നിന്നും…. കമണ്ഡലു അല്ലേ അത്? മുളച്ചിരുന്നു. ഹാ… ശരീരം കോരിത്തരിച്ചു. ഞാന്‍ ഭ്രമിച്ചുപോയി.

ഒന്നുരണ്ട് നിമിഷങ്ങള്‍ തരിച്ചു നിന്നുപോയി.

“ഈ ബൊമ്മയ്ക്ക് വയര്‍ കൂടിയുണ്ടായിരുന്നെങ്കില്‍ ഉഗ്രനായേനേ…” എന്ന് പറഞ്ഞു.

“അതോ…അവന്റെ കൈയ്യില്‍ അഴിച്ച് വച്ചിട്ടുണ്ടല്ലോ…അതാണ് വയറ്”

എന്റെ തലയില്‍ ചമ്മട്ടികൊണ്ട് അടിച്ചത് പോലെ. അവനെപ്പറ്റി എന്തൊക്കെയോ വിവരിക്കാനാകാത്ത രൂപങ്ങള്‍ മനസ്സെങ്ങും വ്യാപിച്ചു. ജീനിയസ് ഓഫ് ദി ഏജ്.

“ദിവസവും ഈ പിച്ചക്കാരനെ സ്കൂളിലേക്ക് പോകുമ്പോള്‍ കാണും. “വയറിന് എന്തെങ്കിലും തായോ…’ ന്ന് പറയും; അവന്റെ സംസാരം വയറ് അഴിച്ച് കൈയ്യില്‍ വച്ചിരിക്കുന്നത് പോലെ തോന്നും…”

എനിക്ക് ഉടനെ അവന്റെ എല്ലാ ബൊമ്മകളും കാണണമെന്ന് ആഗ്രഹമുണ്ടായി, ചമ്രം പടിഞ്ഞ് തറയിലിരുന്നു.

അവനെ ദിവസം സ്കൂളിലേയ്ക്ക് കൊണ്ടുപോകുന്ന സൈക്കിള്‍റിക്ഷയും; ക്രിക്കറ്റ് ബാറ്റുമായി ഒരു കുട്ടി; കാളകളില്ലാതെ അഴിച്ച് വിട്ടിരിക്കുന്ന വണ്ടി; മിഠായി വില്ക്കുന്ന കൂടക്കാരിക്കിഴവി; മനുഷ്യത്തലകള്‍, കൈകള്‍, വണ്ടിച്ചക്രങ്ങള്‍… ഒരു മനുഷ്യത്തല കൈയ്യിലെടുത്ത്, “ഇതാണ് തമ്പി…” എന്ന് പറഞ്ഞു ആത്മാ.

മുഖം ഉരുണ്ടുരുണ്ട് അല്പം കൂര്‍ത്ത മൂക്കുമായി വിരിഞ്ഞ നെറ്റിയില്‍ മുടി വീഴാതെ മുകളിലേയ്ക്ക് ചീകിയിരുന്നു. ചുണ്ടില്‍ കുറുമീശയുമായി ഒരു ഗംഭീരമായ അശ്രദ്ധ മൂടിയ ആ തല കാണാനുണ്ടായിരുന്നു, എന്റെയുള്ളില്‍ എന്തൊക്കെയോ വിരിഞ്ഞു “അപ്പാ, അമ്മാ വഴക്ക് പറയുന്നതിന് മുമ്പ് പോയിട്ട് വരാം…”

എനിക്ക് ആ മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ തോന്നിയില്ല. തിരിച്ചും മറിച്ചും ചോദിച്ചു. എത്രയൊ അത്ഭുതങ്ങള്‍ തന്റെയുള്ളില്‍ അടക്കിക്കൊണ്ട് ശാന്തമായി ഇരിക്കുന്നത് പോലെ തോന്നി. “അപ്പാ പോകാം?” എന്ന് കൈ പിടിച്ച് വലിച്ചു ആത്മാ.

പോകുന്ന വഴി ആത്മാ ഒന്നും സംസാരിച്ചില്ല. അവനും തമ്പിയും സംസാരിച്ചുകൊണ്ട് വന്നു. അവനെപ്പറ്റിയുള്ള സൂക്ഷ്മരൂപങ്ങള്‍ ഉള്ളില്‍ നിറഞ്ഞ് പര്‍വ്വതീകരിച്ച് വിരിഞ്ഞു പടര്‍ന്നു. അവനെക്കുറിച്ചോര്‍ത്ത് അഭിമാനിക്കണോ അതോ ആശങ്കപ്പെടണോയെന്നറിയാതെ ഉള്ളില്‍ ഒരു പോരാട്ടം നടന്നു കൊണ്ടിരുന്നു. ആയാസപ്പെട്ട് ഒരു ദീര്‍ഘനിശ്വാസം പുറപ്പെട്ട് അതില്‍നിന്നും മോചിതനായപ്പോള്‍ വേറൊരു ഭയം കൂടെച്ചേര്‍ന്നു. “ഇവന്റെ സ്കൂള്‍ ജീവിതം എങ്ങിനെയായിരിക്കും?”

“ആത്മാ, ഇന്നലെ നിന്റെ മിസ്സ് എന്താ പഠിപ്പിച്ചത്…”

“അറിയില്ല അപ്പാ, ഞാന്‍ സ്കൂളില്‍ പോയിട്ട് ഒരാഴ്ചയായി”

ചാട്ടയുടെ നീളന്‍ നാവുകള്‍ ശരീരമെങ്ങും കൊത്തിയെടുത്തു. ഞാന്‍ റോഡില്‍ സ്തംഭിച്ചു നിന്നുപോയി.

“എന്ത്… എന്താ പറഞ്ഞത്? സ്കൂളില്‍ പോകാറില്ലേ..അയ്യോടാ… പിന്നെവിടെഡാ പോണേ?”

എനിക്ക് വന്ന ദേഷ്യത്തിന് അവനെ തല്ലിച്ചതച്ച് കഷ്ണങ്ങളാക്കാനുള്ള തരിപ്പ് ഉയര്‍ന്നു വന്നെങ്കിലും, ഇതിന് അവന്‍ എന്ത് രസകരമായ മറുപടി പറയാന്‍ പോകുന്നെന്ന് അറിയാനുള്ള ആകാംക്ഷ കലര്‍ന്ന വേവലാതിയോടെ അവന്റെ മുഖത്ത് ഉറ്റു നോക്കി.

സ്കൂളില്‍ എന്നും ഒരേ പോലെ പോയി ഇരിക്കുന്നതും, ടങ് ടങ്ങെന്ന് മിസ്സ് വന്ന് ഏ ബി സി ഡി പറയാന്‍ പറയുന്നതും അവന്‍ പറയുന്നതും റൈം മന:പ്പാഠമാക്കി പറയുന്നതും എഴുതിക്കാണിക്കാന്‍ പറഞ്ഞാല്‍ എഴുതിക്കാണിക്കുന്നതും വീണ്ടും വീണ്ടും ഇത് തന്നെയാണോയെന്ന് തമ്പിയ്ക്ക് ഒറ്റയടിയ്ക്ക് മടുത്തുപോയി. “നിനക്ക് മടുക്കുന്നില്ലേ’ എന്ന് ആത്മയോട് ചോദിച്ചു. അപ്പോഴാണ് അവനും തോന്നിയത്. തനിക്കും മടുപ്പായിക്കൊണ്ടിരിക്കുന്നെന്ന്. അടുത്ത ദിവസം ആത്മ അമ്മയോട് പറഞ്ഞു. “തമ്പി കിമ്പിയെല്ലാം പറന്നുപോകും… എന്താടാ അത്രയ്ക്ക് തിമിരാണോ? സ്കൂള്‍ ഇഷ്ടമല്ലാതായോ? മര്യാദയ്ക്ക് സ്കൂളില്‍ പോയില്ലെങ്കില്‍ ചൂട് വക്കും…കഴുതേ…” എന്ന് താണ്ഡവമാടിയപ്പോള്‍ തമ്പി ആത്മയെ അടക്കി. ഇരുവരും നല്ല കുട്ടികളായി സ്കൂളിലേയ്ക്ക് പോയി. സ്കൂള്‍ മുറ്റത്ത് റിക്ഷ ഇറക്കി വിട്ടതും എല്ലാ കുട്ടികളും ഹോ യെന്ന് ശബ്ദമുണ്ടാക്കിക്കൊണ്ട് സ്കൂളിലേയ്ക്ക് കയറുമ്പോള്‍ ആത്മയും തമ്പിയും മാത്രം പുറത്ത് കാലുകള്‍ നയിച്ച വഴിക്ക് നടന്നു.

കുറച്ചകലെ പൂന്തോട്ടം കണ്ടു. അതിന്റെ അമാനുഷികമായ രൂപവും, പക്ഷികളുടെ കരച്ചിലും പച്ച പുതച്ച് ആകാശം നോക്കുന്ന മരങ്ങളുടെ ചില്ലകളും തലയാട്ടി വരവേറ്റു. നിലം മുഴുവനും ചെടികളും പുല്‍ത്തകിടും പടര്‍ന്നിരുന്നു. ചീവീടുകളുടെ സീല്‍ക്കാരവും പക്ഷികളും ഭാഷയും നിറഞ്ഞ് ശാന്തതയ്ക്ക് അഴക് ചാര്‍ത്തി, വിരിഞ്ഞ പൂക്കളും ഇലകളും മെതിച്ച് നടന്ന് അവന്‍ അകത്ത് കയറി. എങ്ങ് നോക്കിയാലും അഴുക്കുചുമടുകളായി കിഴങ്ങന്‍ ജനങ്ങള്‍. ആ സ്ഥലത്തെ അത്ഭുതങ്ങള്‍ ആസ്വദിക്കാതെ സൌന്ദര്യബോധമേയില്ലാത്ത ജഡങ്ങള്‍ പോലെ കിടന്നുറങ്ങിക്കൊണ്ടിരുന്നു. തമ്പിയ്ക്കും ആത്മയ്ക്കും ഈ കാഴ്ച കണ്ടതും കരച്ചില്‍ വന്നു. ആ ക്രൂരത കണ്ട് സഹിക്കാനാകാതെ, പെട്ടെന്ന് ആ സ്ഥലം വിട്ടകന്ന്, ആരുമില്ലാത്ത ഒരു ഇടം തേടി പുല്‍ത്തകിടിയിലിരുന്ന് ആ സ്ഥലത്തിന്റെ അത്ഭുതത്തിനെ ആസ്വദിച്ചു കൊണ്ടിരുന്നു അവന്‍. ക്ലാസ്സില്‍ ഉറക്കം തൂങ്ങി ചുവരുകള്‍ നോക്കി വെറുത്തു പോയ കണ്ണുകള്‍ക്ക് ആ സ്ഥലം കണ്ടതില്‍ വച്ച് അത്ഭുതകരമായി തോന്നി.

“എത്ര അത്ഭുതങ്ങള്‍ നഷ്ടപ്പെടുത്തിയേനേ” എന്ന് പറഞ്ഞു തമ്പി.

“അതെ ഇനിയും എത്ര അത്ഭുതങ്ങള്‍ പുറത്തുണ്ടാകും” ആത്മ പറഞ്ഞു.

അപ്പോള്‍ ആത്മയുടെ തോളില്‍ ഒരു കൈ മയില്‍പ്പീലി പോലെ വന്നു വീണു. തിരിഞ്ഞ് നോക്കിയപ്പോള്‍, എതിരേ തുമ്പപ്പൂ പോലെ നരച്ച തലയുള്ള ഒരു വയസ്സന്‍ പല്ലുകള്‍ കാട്ടി പുഞ്ചിരിച്ചു. അപ്പോള്‍ കുളിച്ച് വന്നത് പോലെയുണ്ടായിരുന്നു. മുടിയില്‍ വെള്ളം സ്ഫടികത്തുള്ളികള്‍ പോലെ തിളങ്ങി. മുടി മേലേയ്ക്കൊതുക്കി വാരി നെറ്റിയില്‍ നടുക്ക് കുങ്കുമപ്പൊട്ട് ചാര്‍ത്തിയിരുന്നു. മുഖം വഴുവഴുനെന്ന് ഉരുണ്ട് തേജസ്സുള്ളതായിരുന്നു. കൈപ്പത്തി വരെ മൂടിയ ജുബ്ബയും മുണ്ടുമായി തൂവെള്ള വസ്ത്രം ധരിച്ച് മിന്നല്‍ക്കുമാരനെപ്പോലെ കാണപ്പെട്ടു, അയാള്‍. അഴുക്ക് മനുഷ്യരെ കണ്ട് അരിശം കൊണ്ട കണ്ണൂകള്‍ക്ക് അദ്ദേഹത്തിനെ ഒപ്പിയെടുക്കണമെന്ന് തോന്നി.

“എന്താ മോനേ, സ്കൂളിലേയ്ക്ക് പോയില്ലേ…?” വയസ്സന്‍ ചോദിച്ചു. “എന്താ ടീച്ചര്‍ അടിച്ചോ?”

ആത്മ ഇല്ലായെന്ന് തലയാട്ടി.

“എന്താ സ്കൂളില്‍ പോകാത്തത്?”

“സ്കൂള്‍ എനിക്ക് ഇഷ്ടമല്ല”

വയസ്സന്‍ ആത്മയെ എടുത്ത് മാറോട് ചേര്‍ത്തു. തമ്പി പറഞ്ഞു.

‘സ്കൂളില്‍ ഞങ്ങള്‍ക്ക് പഠിക്കാനായി ഒന്നുമില്ലല്ലോ…”

വയസ്സന്‍ അതിശയത്തോടെ കണ്ണുകള്‍ വിടര്‍ത്തി. അദ്ദേഹത്തിന്റെ ചുണ്ടുകളുടെ കോണില്‍ പുഞ്ചിരിയൊക്കെ മിന്നിമറഞ്ഞു.

“വാസ്തവം തന്നെ… നിനക്ക് സ്കൂളില്‍ ഒന്നും പഠിക്കാനില്ല…. പുറത്ത് പഠിക്ക് സുര്യന് താഴെയുള്ള ഈ ലോകത്ത് പഠിക്കാന്‍ ഒരുപാടുണ്ട്… ആ ക്ലാസ്സ് റൂമില്‍ സമയം പാഴാക്കല്ലേ….”

ആത്മയുടെ മുടി കോതി ഉച്ചിയില്‍ പതുക്കെ മുത്തമിട്ട് എഴുന്നേറ്റ്, തലയാട്ടി, പതുക്കെപ്പതുക്കെ അയാള്‍ മാഞ്ഞുപോയി.

അയാള്‍ പോയശേഷം ആത്മയും തമ്പിയും അദ്ദേഹത്തിന്റെ വാക്കുകളില്‍ ആകൃഷ്ടരായി അതിനെപ്പറ്റിത്തന്നെ സംസാരിച്ചു കൊണ്ടിരുന്നു. ദിവസവും പുറത്ത് എവിടെയൊക്കെയോ അലഞ്ഞ്, മനസ്സിന് ഇഷ്ടപ്പെട്ട സംഭവങ്ങൾ നോക്കി നിന്ന്, മനസ്സിലാകാത്തവയെ കുടഞ്ഞ് കുടഞ്ഞ് ആലോചിച്ച്, ഓരോ ദിവസവും പുതിയ പുതിയ രൂപത്തിൽ അനുഭവിച്ച്, വൈകുന്നേരം സ്കൂൾ വിടുന്ന നേരത്ത് വന്ന് റിക്ഷയിൽ കയറി വീട്ടിലേയ്ക്ക് ചെന്ന് തങ്ങളുടെ മുറിയിലേയ്ക്ക് പോയി ചിത്രങ്ങൾ വരച്ച്, കളിമൺ ബൊമ്മകളുണ്ടാക്കി…. എല്ലാം അവൻ ദിവസവും കണ്ടുമുട്ടിയ സംഭവങ്ങൾ, മനുഷ്യർ, ലൈബ്രറിയിൽ പോയി വായിച്ച് – പടം നോക്കി – പുസ്തകങ്ങൾ എന്നിങ്ങനെ എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരുന്നു അവൻ.

എനിക്ക് ഭയം, കോപം, വിഷമം എല്ലാം ഒന്നിച്ച് വന്നു. “വായ മൂടെഡാ കഴുതേ…. തമ്പിയുമില്ല മണ്ണാങ്കട്ടിയുമില്ല…. എന്താടാ സ്കൂളിൽ പോകാൻ പറഞ്ഞാ നാട് തെണ്ടിയിട്ട് വരുന്നോ റാസ്കൽ….”

ഞാൻ ഒരിക്കലും അങ്ങിനെ വഴക്ക് പറഞ്ഞിട്ടില്ലാത്തതിനാലും, തമ്പി ഇല്ലയെന്ന ആശ്ചര്യം തോന്നിയതിനാലും, ആത്മ ഭയന്ന് പോയി കണ്ണുകൾ ചുരുങ്ങി താഴെ വീണു. ഞാൻ പതറിപ്പോയി അവനെ തൂക്കിയെടുത്ത്” ആത്മാ, ആത്മാ, എന്ന് വിളിച്ചു. അവൻ മയങ്ങിക്കിടന്നു. എന്റെ സപ്തനാഡികളും പതറി, അവനെയെടുത്ത് മാറോട് ചേർത്ത് പിടിച്ച് അടുത്തുണ്ടായിരുന്ന കടയിലേയ്ക്ക് കൊണ്ടുപോയി വെള്ളം വാങ്ങി മുഖത്ത് തളിച്ചു. അടുത്തുണ്ടായിരുന്നവർ കൂട്ടം ചേർന്ന് വിചാരണ തുടങ്ങി.

“ഒന്നുമില്ല…വെയിൽ നോക്ക് പൊള്ളുന്നു…108 ഡിഗ്രി നമുക്കേ സഹിക്കാൻ പറ്റില്ല… ചെറിയ കുട്ടിയുടേ കാര്യം പറയണോ…. ബോധം കെട്ടുപോയി..”

ആത്മ കണ്ണ് തുറന്നതും തമ്പി തമ്പി എന്ന് എന്തൊക്കെയോ പുലമ്പി. തമ്പി ഉണ്ട് അപ്പാ… നോക്ക് നിൽക്കുന്നത് നോക്ക്…” എന്ന് പറഞ്ഞ് അവന് വെള്ളം കൊടുത്തു. “നീ തമ്പിയില്ലെന്ന് പറഞ്ഞില്ലേ… നീ എന്നോട് മിണ്ടണ്ട പോ…”

“ഇല്ലടാ കുട്ടാ… ഞാൻ ചുമ്മാ തമാശയ്ക്ക് പറഞ്ഞതാ… ദാ നോക്ക് തമ്പി… നീ മയങ്ങി വീണതിന് കരയുകയാണ്… വാ എഴുന്നേൽക്ക് പോകാം…” പെട്ടെന്ന് അവനെ കൂട്ടിക്കൊണ്ട് ഞാൻ നടന്നു.

അവൻ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അതൊന്നും ഞാൻ ശ്രദ്ധിച്ചില്ല. എന്റെ അകം മുഴുവനും ആശങ്കയുടെ മുള്ളുകൾ കുത്തിക്കൊണ്ടിരുന്നു.

ഇവനെ ബുദ്ധിജീവിയെന്നാണോ ഭ്രാന്തൻ എന്നാണോ വിളിക്കേണ്ടത്. ഇത്ര ചെറിയ പ്രായത്തിൽത്തന്നെ സാധാരണ ജീവിതത്തിൽ നിന്നും ബഹുദൂരം പോയിക്കളഞ്ഞല്ലോ… ബാക്കിയുള്ള ജീവിതം നീണ്ടു കിടക്കുന്നു… എന്റെയുള്ളിൽ എന്തൊക്കെയോ പ്രയാസങ്ങളും അവ്യക്തതകളും നിറഞ്ഞിരുന്നു. തല മുഴുവൻ വേദന. ഓർമ്മകളുടെ അതിർ വരമ്പുകൾ ഉള്ളമെങ്ങും പാഞ്ഞ് സ്മരണകളെ തിരയുമ്പോൾ വാത്സല്യം നിറഞ്ഞ പാതയിൽ നഷ്ടപ്പെട്ടുപോയി. പുളയുന്ന ഹൃദയത്തോടെ ഒരായിരം ചിന്തകളുമായി നടന്നു. മാർക്കറ്റിൽ സാധനങ്ങൾ വാങ്ങുമ്പോഴും, പണം കൊടുക്കുമ്പോഴും ഞാൻ ഞാനായിരുന്നില്ല. വീട്ടിലേയ്ക്ക് തിരിച്ച് പോകുമ്പോൾ വിടാതെ കൂടുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കി പെട്ടെന്ന് ഒരു ആലോചന തോന്നി.ആ നിമിഷത്തിൽ ഉടൽ മുഴുവനും പതറിച്ചയും പരപരപ്പും നിറഞ്ഞു.

എതിരേ ബസ്സ് വന്നു. ഞങ്ങൾ പാതയോരത്തേയ്ക്ക് മാറി.

അടുത്ത നിമിഷം, “ആ..അയ്യയ്യോ…തമ്പിയെ ബസ്സിടിച്ചല്ലോ…” എന്ന് ഒച്ചയിട്ടു. ആത്മ അല്പം താമസിച്ച് ആ ഭീകരതയെ മനസ്സിലാക്കിക്കൊണ്ട് “അയ്യോ അയ്യോ” എന്ന് അലറി. ബസ്സ് തമ്പിയുടെ മീതേ കയറിപ്പോയി. ഞാൻ ഓടിപ്പോയി നടുറോഡിൽ കുന്തിച്ചിരുന്ന്, “ആത്മാ, തമ്പി മരിച്ചു പോയി…അയ്യോ അയ്യോ…” എന്ന് കരഞ്ഞു. ആത്മാ ഓ… യെന്ന് കരയാൻ തുടങ്ങി.

Subscribe Tharjani |