തര്‍ജ്ജനി

ലേഖനം

ജാതി ഒരു വാല്‍ മാത്രമാണോ?

സി. ആര്‍. നീലകണ്ഠന്‍

തീര്‍ത്തും ഒരു പൂജാരി കുടുംബത്തിലാണ് ഈയുളളവന്‍ ജനിച്ചത്. പേരിനൊപ്പം നമ്പൂതിരി എന്ന ജാതിവാല്‍ വയ്കുന്നത് തൊഴില്‍പരമായ ഒരു അവകാശമായി പരിഗണിക്കപ്പെട്ടിരുന്ന കുടുംബം. അത്കൊണ്ടുതന്നെ സ്കുളില്‍ചേര്‍ത്തപ്പോള്‍ (1963) നീലകണ്ഠന്‍നമ്പൂതിരി. സി. ആര്‍ എന്നായിരുന്നു പേരുപറ‍ഞ്ഞത്. സ്വാഭാവികമായും അതങ്ങ് ഉറച്ചു.

വിദ്യാര്‍ത്ഥിജീവിതകാലത്താണ് രാഷ്ട്രിയ സാമൂഹ്യപ്രശ്നങ്ങളില്‍ ഇടപെടുന്നത്. അടിയന്തരാവസ്ഥകാലം, തീവ്രഇടതുപക്ഷത്തോടും പിന്നീട് വ്യവസ്ഥാപിതഇടതുപക്ഷത്തോടും അടുപ്പമുണ്ടായത് സ്വാഭാവികം. എസ്. എഫ്. ഐ ജില്ലാസെക്രട്ടറിയും പാര്‍ട്ടി ലോക്കല്‍സെക്രട്ടറിയുമൊക്കെ ആകുമ്പോഴും ജാതിവാല്‍ ഒരു തടസ്സമായി തോന്നിയില്ല. കാരണം, ഇ. എം. എസ്‍ നമ്പൂതിരിപ്പാടും പി. കൃ‍ഷ്ണപിള്ളയും സി. അച്യുതമേനോനും മറ്റുമായിരുന്നല്ലോ നേതാക്കള്‍. പിന്നെയീ ചെറിയസ്ഥാനത്തുള്ള ‍ഞാനെന്തിനു വേവലാതിപ്പെടണം? തന്നെയുമല്ല നമ്പൂതിരി എന്ന സ്ഥാനപ്പേര് ഒട്ടനവധി ഗുണങ്ങള്‍ നല്കിയിരുന്നുവെന്നതും മറന്നുകൂട. പ്രത്യേകിച്ചും സ്കൂള്‍വിദ്യാഭ്യാസകാലത്ത്. അദ്ധ്യാപകരും മറ്റും അല്പം ബഹുമാനത്തോടെയാകും പെരുമാറുക. എന്തായാലും ഒരു ബ്രാഹ്മണനാണല്ലോ എന്നാണവരുടെ നിലപാട്. പണ്ടൊരിക്കല്‍ എം.വി.ദേവനോ മറ്റോ എഴുതിയിരുന്നു - ഇ. എം. എസിന് കേരളസമൂഹത്തില്‍ ഡബിള്‍ അഡ്‍വാന്റെജ് (ഇരട്ടആനുകൂല്യം) കിട്ടിയിരുന്നു എന്ന്. തൊഴിലാളിവര്‍ഗ്ഗത്തിന്റെ നേതാവ് എന്നതും അതില്‍ തന്നെ അവര്‍ ഏറെ തലമുറകളായി ബഹുമാനിക്കുന്ന ഒരു വിഭാഗത്തില്‍പെട്ടയാള്‍ എന്നും. ഒരു പഴയ സിനിമാപ്പാട്ടില്‍ പട്ടാമ്പിയിലെ തമ്പ്രാന്‍ നമ്മുടെ തമ്പ്രാന്‍, എന്ന് പറയുന്നുണ്ട്. കമ്മ്യുണിസ്റ്റുകാര്‍ക്ക് ജാതിയില്‍ വിശ്വാസമില്ലാത്തതിനാല്‍ ജാതിവാല്‍പേര് ഒരു തെറ്റല്ലെന്ന വിശദീകരണമാണ് പാര്‍ട്ടിയില്‍നിന്നും കിട്ടികൊണ്ടിരുന്നത്. ഏറെ ചെറുപ്പമായ ഒരു നേതാവിന്റെ പേരില്‍പോലും നായര്‍വാല്‍ ഉണ്ടായിരുന്നു എന്നും ഓര്‍ക്കുക. പഞ്ചാബില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിനു സഹായകരമാണെന്നതിനാല്‍ താടിയും തലക്കെട്ടും വെക്കാന്‍ ഹര്‍കിഷന്‍സിങ്ങ് സുര്‍ജിത്തിനെപ്പോലുള്ളവരെ പാര്‍ട്ടി അനുവദിക്കുകയും ചെയ്തിരുന്നല്ലോ.

തീര്‍ത്തും പാര്‍ട്ടിക്കാരന്‍ ആയിരുന്ന കാലത്ത് എന്റെ ജാതിവാലിനെ ചോദ്യംചെയ്ത ചിലര്‍ ഉണ്ടായിരുന്നു. ചില പ്രാദേശികപ്രശ്നങ്ങളില്‍ ഉണ്ടായ സംവാദമാണിതിന് വഴിവച്ചത്. പക്ഷേ ധീരമായി പൊരുതിനില്ക്കാന്‍ എനിക്ക് ശക്തി തന്നത് പാര്‍ട്ടിപാരമ്പര്യമായിരുന്നു. പാര്‍ട്ടി ഒരുകാര്യം തെറ്റായികാണാത്തിടത്തോളം ഞാനും തെറ്റായികാണുന്നില്ല. ആ തര്‍ക്കം അങ്ങനെ ‍അവസാനിച്ചു. എന്നാല്‍ പിന്നീട് പാര്‍ട്ടിവിരുദ്ധര്‍ എന്ന രീതിയില്‍ ഞാന്‍ മാറ്റിനിറുത്തിയിരുന്നവര്‍ പറയുന്നതിലും ചില കാര്യങ്ങള്‍ ഉണ്ടെന്നു തോന്നിതുടങ്ങിയത് 1990കളുടെ അന്ത്യത്തില്‍ മുതല്‍ ചില ജനകീയസമരങ്ങളുമായി ബന്ധപ്പെട്ടപ്പോഴാണ്. രാം മനോഹര്‍ ലോഹ്യയെപ്പോലുള്ളവരുടെ രാഷ്ട്രീയചിന്തകളെ പുതിയ അര്‍ത്ഥതലത്തില്‍ കാണാന്‍ ഇതു വഴിവച്ചു. ജാതിയും വര്‍ഗ്ഗവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നതും ജാതിനിര്‍മ്മാര്‍ജ്ജനം സംബന്ധിച്ച പരമ്പരഗത ഇടതുപക്ഷകാഴ്ചപ്പാട് എത്രമാത്രം ദുര്‍ബ്ബലമാണെന്നുമുള്ള തിരിച്ചറിവ് ഇതില്‍ പ്രധാനമായിരുന്നു. പ്രത്യേകിച്ചും, ദളിത് - ആദിവാസി - അംബേദ്കറിസ്റ്റ് പ്രസ്ഥാനങ്ങളുമായി അടുത്ത് ഇടപഴകുമ്പോഴാണ് ഈ വൈരുദ്ധ്യം കൂടുതല്‍ വ്യക്തമായത്. ലോകം 'പാര്‍ട്ടി,വിരുദ്ധര്‍' എന്ന രൂപത്തിലെ കേവലദ്വന്ദം അല്ലെന്ന കണ്ടെത്തല്‍ ഉണ്ടായത് സമരങ്ങളിലൂടെയാണ്. മിക്കവാറും എല്ലാസമരങ്ങളിലും എല്ലാ പ്രമുഖപാര്‍ട്ടികളും എതിര്‍പക്ഷത്താണ് നിലകൊണ്ടത്. മുത്തങ്ങാസമരവും പ്ലാച്ചിമടസമരവും എന്റെ ജീവിതവീക്ഷണത്തിലും രാഷ്ട്രീയചിന്തകളിലും ആണിക്കല്ലിളക്കാന്‍ പോന്നവയായിരുന്നു. പിന്നീട് ചെങ്ങറസമരംകൂടി ആയതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി. ഇത്തരം സമരങ്ങളില്‍ ചെല്ലുമ്പോള്‍ പലരും നമ്പുതിരിവാല്‍ ചേര്‍ത്ത് എന്നെ അഭിസംബോധനചെയ്തപ്പോള്‍ വല്ലാത്ത അപകര്‍ഷതാബോധം തോന്നി. ആ സാഹചര്യത്തിലാണ് എന്റെ സാമൂഹ്യപ്രവര്‍ത്തനരംഗത്തെ പേരില്‍നിന്ന് ജാതിവാല്‍ മുറിച്ചുമാറ്റാന്‍ തീരുമാനിച്ചത്.

വ്യക്തിപരമായി എനിക്കത് വ്യക്തമായി ബോദ്ധ്യപ്പെട്ടിരുന്നതിനാല്‍ ഒരു സംഘര്‍ഷവുമില്ലാതെ ഞാന്‍ എഴുതുന്ന ലേഖനങ്ങളില്‍ സി. ആര്‍. നീലകണ്ഠന്‍ എന്നാക്കിമാറ്റി അയച്ചു. മാതൃഭൂമി, മാദ്ധ്യമം തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ പത്രാധിപരോട് കാര്യങ്ങള്‍ നേരിട്ടെഴുതിയും പറഞ്ഞും ബോദ്ധ്യപ്പെടുത്തി. പക്ഷെ എങ്ങനെ മാറ്റിയെഴുതിയാലും ചില മാദ്ധ്യമങ്ങള്‍ എന്റെ പേരിനൊപ്പം വാല്‍ കൊടുത്തുകൊണ്ടിരുന്നു. ചില മാസങ്ങള്‍കൊണ്ട് അതും മാഞ്ഞുപോയി.

കേരളീയസമൂഹത്തില്‍ രണ്ടാംനവോത്ഥാനവും രണ്ടാംഭൂപരിഷ്കരണവും മറ്റും നടപ്പിലാക്കണമെന്നു സമരംചെയ്യുമ്പോള്‍ ഒന്നാം നവോത്ഥാനത്തിന്റെ പ്രാഥമിക കടമകളെങ്കിലും പൂര്‍ത്തികരിക്കേണ്ടതുണ്ടല്ലോ എന്ന ചിന്ത ശക്തിപ്പെട്ടുകൊണ്ട് തന്നെയിരുന്നു. ഞാന്‍ ചെയ്തത് തീര്‍ത്തും ശരിയാണെന്നു ഇന്ന് ഉറച്ചു വിശ്വസിക്കുന്നു. ജാതി അസത്യമായതിനാല്‍ അതിന്റെ വാല്‍ ഒരു വലിയ പ്രശ്നമായി കാണേണ്ടതില്ലെന്ന പഴയ പാര്‍ട്ടി വിശദീകരണം ഇന്ന് തീര്‍ത്തും അപ്രസക്തമായിരിക്കുന്നു. മറിച്ച് ജാതിയുടെ ഉത്തരാധുനികസ്വാധീനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലം കൂടിയാണ് പിന്നീട് കടന്നുവന്നത്. ഇന്ന് ജാതി കേവലം അലങ്കാരത്തിനപ്പുറം അധികാരശക്തിയായി തിരിച്ചുവന്നിരിക്കുന്നു. ഇക്കാലത്ത് വീണ്ടും ജാതിവാല്‍ മുറിക്കാന്‍ (ഇതു പേരില്‍ മാത്രമല്ല മനസ്സിലും) വേണ്ട സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങേണ്ടതുണ്ട്. പക്ഷേ, ഇന്ന് ജാതിബോധം കേവലമായ ഒന്നല്ലല്ലോ. സംവരണത്തിന്റെ ആനുകൂല്യത്തിന് അര്‍ഹതയുള്ള സമുദായാംഗങ്ങള്‍ക്ക് ജാതിപറയേണ്ടിവരും. അവരോട് ജാതിവിരുദ്ധത പറയുന്നത് ശരിയോ?...... നിരവധി ചോദ്യങ്ങള്‍ ബാക്കിയാകുന്നുണ്ട്. എന്തായാലും ജാതിവാല്‍ ചര്‍ച്ച വരുന്നതിനു മുമ്പുതന്നെ അത് മുറിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവും ഉണ്ട്.
----------------------------------------
വാല്‍ക്കഷ്ണം: ഒരിക്കല്‍ കെ.ഇ.എന്‍. പറഞ്ഞു: നീലകണ്ഠന് ജാതിപ്പേര് വാല്‍ ആയിരുന്നെങ്കില്‍ എനിക്ക് കുഞ്ഞഹമ്മദ് എന്നത് കാല്‍ ആണ് എന്ന്. തീര്‍ച്ചയായും ചര്‍ച്ചചെയ്യപ്പെടേണ്ട ഒന്നുതന്നെയല്ലേ ഇത് …. ?

Subscribe Tharjani |