തര്‍ജ്ജനി

ബിനു ആനമങ്ങാട്

എടത്രത്തൊടി വീട്,
തൂത തപാല്‍,
മലപ്പുറം ജില്ല. 679 357
ഇ മെയില്‍: afgaar@gmail.com

Visit Home Page ...

കവിത

കാന്തക്കല്ലില്‍ തലതല്ലിയുടച്ച ഭൂമിയുടെ ശേഷിയ്ക്കുന്ന ആകാശങ്ങള്‍

മറ്റൊരു ദിവസത്തിന്റെ
തുടക്കത്തെയോര്‍ത്ത് നീറുന്ന
എന്നത്തെയുമൊരു വൈകുന്നേരമായിരുന്നു
അതും.
പ്രത്യേകതകളൊന്നും അവകാശപ്പെടാനില്ലാത്ത
ഒരു മഞ്ഞച്ച വൈകുന്നേരം!
മ്യൂസിയം ഗ്രൌണ്ടില്‍
പേരറിയാത്ത മരങ്ങളില്‍നിന്ന്
ഇലകള്‍ പെയ്യുന്നുണ്ടായിരുന്നു.
ലെഗ്ഗിന്‍സിന്റെ വടിവുകളില്‍
സുതാര്യമായ കാലുകള്‍
കിതച്ചു നടക്കുന്നുണ്ടായിരുന്നു.
കാത്തിരിയ്ക്കുന്ന വീടിന്റെ
തുറക്കാത്ത വാതില്‍പ്പാളി
എന്റെ നെഞ്ചില്‍ തട്ടിവിളിക്കുന്നുണ്ടായിരുന്നു.

ഊന്നന്‍പാറയിലേയ്ക്കുള്ള ബസ്സ് വരുന്നു.
നീയിറങ്ങുന്നു
ഞാന്‍ കയറുന്നു.
കയറ്റിറക്കങ്ങളുടെ നിമിഷാര്‍ദ്ധത്തില്‍
ആഞ്ഞുകൊത്തിയ നിന്റെ കണ്ണിലെ കാന്തക്കല്ല്
ജീവനൊടുങ്ങുംവരെ
എന്നെ പിടിച്ചുവലിയ്ക്കുമെന്നു ഞാനോ,
എന്റെ സിരകളില്‍ ഉറഞ്ഞുതുള്ളുന്ന ഭ്രാന്ത്
നിന്റെ പ്രാണനെ പിന്തുടരുമെന്നു നീയോ
ഓര്‍ത്തിരിക്കില്ല.

കുതിരാനിട്ട അരിമണികളെയും
ആറാനിട്ട അയൽക്കുപ്പായങ്ങളെയും
മറന്നുമറന്ന്
ഏതോ രാജ്യത്തിലെ കൊട്ടാരക്കെട്ടിനുള്ളില്‍
അടയിരുന്നു ഞാന്‍.
ഇല്ലാദേശത്തിന്റെ ഭ്രമവ്യൂഹത്തില്‍
നീ സൂര്യനും ഞാന്‍ ഭൂമിയുമാകുന്നു,
മറ്റെല്ലാമദൃശ്യമാകുന്നു.

കനല്‍ത്തിളപ്പില്‍ കരിയുന്ന നനവില്‍,
എല്ലാ പൊള്ളിപ്പിടച്ചിലിനുമൊടുവില്‍
മഴപെയ്യുന്ന റെയില്‍വേസ്റ്റേഷന്
ഉപേക്ഷിയ്ക്കപ്പെട്ടവളുടെ മുഖമാണെന്ന്
ഞാന്‍ പതംപറയുന്നു.
ചിരിയെന്നു തോന്നുന്ന എന്തോ ഒരു ഭാവം
നിന്റെ മുഖത്തു ഞാന്‍ കാണുന്നു.
ചീഞ്ഞ അരിയുടെ മണം പഴുത്തുകിടക്കുന്ന
പാഴ്മരച്ചോടുകള്‍ക്ക്
വിശന്നുമരിച്ച കുഞ്ഞുങ്ങളുടെ മുഖമെന്നു
ഞാന്‍ ആണയിടുമ്പോള്‍
ചിരി മായുന്നു.
ഭ്രാന്തെന്ന വ്യാകരണത്തെറ്റിലൊതുക്കാനാവാതെ
നീ കണ്ണടയ്ക്കുന്നു.

നിന്റെ നിഘണ്ടുവിലില്ലാത്ത വാക്കിനാല്‍
ഞാന്‍ തീര്‍ത്ത മഹാവൃക്ഷം
ഇന്ന്,
വേരറ്റു വീണു.
ഇനി
ചേക്കേറാന്‍
ഇരുള്‍പൂത്ത ആകാശത്തിന്റെ
അന്തമില്ലാത്തതിരുകള്‍.
തച്ചുടച്ച തലച്ചോറിന്റെു
ശേഷിക്കുന്ന ചോരപ്പാടുകള്‍
നിന്റെ രാജ്യാതിര്ത്തിയില്‍
ഞാനുപേക്ഷിക്കുന്നു.
നീയെന്ന കാന്തികതയില്‍നിന്ന്‍
ഞാനിതാ
സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.

ഏറുമാടം പോലൊരു വീടു വേണം..
പോകും മുമ്പ്,
നക്ഷത്രങ്ങളും ചന്ദ്രനുമില്ലാത്ത ഒരാമാവാസിരാത്രി
എനിയ്ക്കൊരില്ലാരാജ്യം സൃഷ്ടിയ്ക്കണം.
തകര കൊണ്ടു തോരന്‍ വെയ്ക്കണം,
മുളയരി കൊണ്ടു പായസവും.
അവസാനത്തെയാഗ്രഹമെന്ന്
ഞാനടക്കം പറയുമ്പോള്‍,
അര്‍ദ്ധപ്രാണനേ,.
പങ്കു തരാനില്ലാത്ത ജീവന്റെ പ്രാന്തദേശങ്ങളില്‍
നീയെനിയ്ക്കായി
ഒരു മെഴുതിരി നാട്ടണം..
ഉരുകിയൊലിയ്ക്കലിന്റെ അവസാനമിടിപ്പിലും
എന്റെ ശ്വാസം
നിന്റെ പേരുചൊല്ലി വിളിയ്ക്കുന്നത്
അന്നെങ്കിലും നീ കേള്‍ക്കണം.

Subscribe Tharjani |