തര്‍ജ്ജനി

സോണി ഡിത്ത്

ബ്ലോഗ്‌ :monaliza smiles http://sonyschinthakal.blogspot.com/

Visit Home Page ...

കവിത

കവിതകള്‍ വില്ക്കുന്ന പെണ്‍കുട്ടീ

കവിതകള്‍ വില്ക്കുന്ന പെണ്‍കുട്ടീ
ചക്കക്കുപ്പുണ്ടോ
എന്ന് നോക്കുന്നതുപോലെളുപ്പമല്ല
ജീവിതം കൊറിച്ചു നടക്കുകയെന്നത്‌ .

കവിതയിലേയ്ക്ക് നടന്നു കയറുക
എന്നാല്‍ പുറത്തേക്കുള്ള വഴികളെ
മായക്കണ്ണാടിയിലാക്കുക എന്ന് കൂടിയാണ് .
കവിതയിലുണരുകയും
കവിതയിലുറങ്ങുകയും
കവിതയില്‍ ജീവിക്കുകയും
മാത്രം ചെയ്യുകയെന്നത്
ശാപത്തിന്‍റെയും കൂടി
ഉടലെഴുത്താണ് .

കവിതയ്ക്ക് പുറത്ത്
വെയിലുണ്ട് ചൂടുണ്ട്
നീ വാടിപ്പോവുക തന്നെ ചെയ്യും .
മഞ്ഞും മഴയും
കവിതയില്‍
അലങ്കരിച്ചതിനെക്കാള്‍ വേഗത്തില്‍
നിന്നെ പൊതിയുകയും
വാക്കുകളുടെ ഈറന്‍ താങ്ങാനാകാതെ നീ
പനിച്ചു പോകുകയും ചെയ്യും .

വാക്കുകള്‍ കൊണ്ട് പുണര്‍ന്നവയെല്ലാം
മുപ്പതുവട്ടം നീയും
അവ നിന്നെയും തള്ളിപ്പറയും .
ഉപമകളുടെ ഉടുതുണികളെ
കുടഞ്ഞെറിയുവാന്‍
വീണ്ടും ഒരാലോചനയെ
നീ വിരുന്നുകാരനാക്കില്ല .

അക്ഷരക്കോലായില്‍
മാറ്റി മാറ്റി നിവര്‍ത്തിയിട്ട
ഋതുക്കളോരോന്നും
സര്‍പ്പമെന്നപോലെ നിന്‍റെ
ഏകാന്തതകളെയും
കവിതയുടെ
കാല്പനികത മണക്കുന്ന മരത്തെയും
ചുറ്റിവരിയും,

വെള്ളം വെള്ളമെന്നുറക്കെ -
പ്പിളര്‍ക്കുമ്പോള്‍
നീയെഴുതിയൊരു കവിത
ഉടുവസ്ത്രം കൊണ്ട് തലമൂടി
നിനക്ക് മുന്നില്‍ അട്ടഹസിക്കുകയും
നിന്റെ ദാഹത്തിന്റെ ഒച്ചയെ
കൂക്കി വിളിക്കുകയും ചെയ്യും .

ഉറുമ്പു കടിച്ച പകല്‍പോലെ
ഉടല്‍ വിയര്‍ത്ത ഉച്ചപോലെ
മുരടനക്കി
നിന്റെയുടല്‍ കവിതയൂറിയ
വാക്കിനെ ചുമച്ചും കിതച്ചും
തുപ്പിക്കളയും .

അന്നേരം
ഒരുവന്‍
തൂമ്പയെടുത്ത് കുനിഞ്ഞു നിവര്‍ന്നു
തെങ്ങിന്‍ തടത്തിലൊത്ത വൃത്തത്തില്‍
ഒരു ഭൂമിഗീതമെഴുതുമ്പോള്‍
വിശപ്പിന്റെ വിളിയിലേക്ക്
ചോറ്റുപാത്രവുമായ് അവള്‍
നടന്നടുക്കുന്നു

ഹാ ! അവള്‍ക്കു ജീവനുണ്ട്
നീന്റെ മുന്നില്‍ ഒരു പദപ്രശ്നം
സ്വയം പൂരിപ്പിക്കാന്‍ തുടങ്ങുന്നു .
പൂര്‍ത്തിയാകുമ്പോള്‍
കവിത വാത്സല്യത്തോടെ ചിരിക്കുന്നു

ഇപ്പോള്‍
തെങ്ങിലകള്‍ക്കിടയിലൂടെ നിന്നെയും
ചിതറിത്തൊടുന്ന
യാഥാര്‍ത്ഥ്യത്തിന്റെ പരുപരുപ്പും
ചൂടും നീയറിയുന്നുണ്ടോ ,
കവിതകള്‍ വില്ക്കുന്ന
പെണ്‍(ആണ്‍)കുട്ടീ ??

Subscribe Tharjani |