തര്‍ജ്ജനി

രാജേഷ്

Visit Home Page ...

സിനിമ

ഇന്റര്‍സ്റ്റെല്ലാര്‍ - ആസ്വാദനം

ഇന്റര്‍സ്റ്റെല്ലാര്‍ സിനിമയുടെ തിരക്കഥ കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റില്‍ ലീക്ക് ആയിരുന്നു. അപ്പോള്‍ത്തന്നെ ഞാനത് വായിക്കുകയും ചെയ്തു. സിനിമ ശരിക്ക് മനസ്സിലാവണമെങ്കില്‍ ടൈം ട്രാവല്‍, ബ്ലാക്ക് ഹോര്‍സ് തുടങ്ങിയവയെക്കുറിച്ച് സാമാന്യവിവരം ഉണ്ടാകുന്നത് നന്നായിരിക്കും.

ഇനിയിപ്പോള്‍, യാതൊന്നും അറിയാതെ ഈ സിനിമയ്ക്ക് പോകുകയാണെന്ന് വച്ചാലും, അതില്‍ പറയുന്ന കാര്യങ്ങള്‍ അത്ര കടുപ്പമുള്ളതൊന്നുമല്ല. അവ വരുമ്പോഴെല്ലാം എല്ലാം വിശദമായിത്തന്നെ സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. എന്നാലും ഈ ലേഖനത്തില്‍ സിനിമയെ വിശദമായിത്തന്നെ ശ്രദ്ധിക്കാന്‍ പോകുന്നതുകൊണ്ട് സിനിമയില്‍ വരുന്ന എല്ലാ വിഷയങ്ങളും ഒന്ന് ലളിതമായി നോക്കാം.

ആദ്യം, കഴിഞ്ഞ വര്‍ഷം ലീക്ക് ആയ തിരക്കഥ എഴുതപ്പെട്ടത് 2008ല്‍ ആണ്. എഴുതിയത് ജൊനാഥന്‍ നോളര്‍. സഹായിച്ചത് ശാസ്ത്രജ്ഞനായ കിപ് തോണും പ്രശസ്ത സംവിധായകയായ ലിന്റ ആബ്സ്റ്റും ആയിരുന്നു. ആ തിരക്കഥ ലീക്ക് ആയതും രണ്ട് നോളന്മാരും ചേര്‍ന്ന് അതില്‍ മാറ്റങ്ങള്‍ വരുത്തി. പക്ഷേ, മുഴുവനായും മാറ്റിയതുമില്ല. ചില പ്രധാനപ്പെട്ട ഭാഗങ്ങള്‍ മാത്രമേ മാറ്റിയുള്ളൂ. കാരണം, എഴുതുമ്പോള്‍ എല്ലാ പ്രധാനസംഭവങ്ങളും വിശദമായി കൈകാര്യം ചെയ്യുന്ന ഒരു തിരക്കഥ മുഴുവനായും മാറ്റുന്നത് വളരെ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ ഇന്റര്‍സ്റ്റെല്ലാര്‍ കണ്ടതിന് ശേഷം ആലോചിക്കുമ്പോള്‍, ലീക്ക് ആയ തിരക്കഥയായിരുന്നു മികച്ചതെന്ന് തോന്നും. അതില്‍ ചില സംഭവങ്ങള്‍ വളരെ വിശദമായി പറയുന്നുണ്ട്. എന്നാല്‍ വെബ്ബില്‍ എത്തിയതുകൊണ്ട് വേറെ വഴിയില്ലാതെ അതെല്ലാം നോളന്മാര്‍ മാറ്റിയതിനാല്‍ ആ സംഭവങ്ങളുടെ പ്രാധാന്യം കുറഞ്ഞ്, തിരക്കഥയും ഒരു ടിപ്പിക്കല്‍ ഹോളിവുഡ് മസാല തിരക്കഥയായി മാറി.

തുടക്കം മുതല്‍ അവസാനംവരെ ഒരു നോളന്‍ സിനിമ എന്ന് പറയാവുന്ന രംഗങ്ങള്‍ സിനിമയില്‍ അവസാനം കുറച്ചേ വരുന്നുള്ളൂ. ആ രംഗങ്ങളും ഇപ്പോഴത്തെ കാലഘട്ടത്തില്‍ ആര്‍ക്ക് വേണമെങ്കിലും എഴുതാവുന്നതേയുള്ളൂ. ഒരു തരത്തില്‍ നോക്കിയാല്‍ ഞാന്‍ ആദ്യം ഡാര്‍ക്ക് നൈറ്റ് ലേഖനത്തില്‍ എഴുതിയിരുന്നതുപോലെ നോളന്റെ മഹത്വം ആകെ മങ്ങി, അദ്ദേഹത്തിനെ ഹോളിവുഡിലെ ഒരു ടിപ്പിക്കല്‍ സംവിധായകനാക്കി മാറ്റിയത് ഈ സിനിമയില്‍ വ്യക്തമായി കാണാം. ഇനി ഡൂഡില്‍ ബഗ്, മൊമെന്റോ, പ്രസ്റ്റീജ് പോലെയുള്ള സിനിമകള്‍ സംവിധാനം ചെയ്ത നോളനെ കാണാന്‍കിട്ടാന്‍ പ്രയാസമാണ്. ഞാന്‍ ഇങ്ങനെ പറയുന്നത് എന്തുകൊണ്ടെന്നാല്‍, നോളന്റെ പശ്ചാത്തലം അറിയാതെ, ഡാര്‍ക്ക് നൈറ്റ് ട്രിലജി മാത്രം കണ്ട് (ഇന്‍സെപ്ഷനും ചേര്‍ക്കാം) നോളന്‍വിരോധികള്‍ വെബ്ബില്‍ അട്ടഹാസം മുഴക്കുന്നുണ്ട്. അവര്‍ക്ക് നോളന്റെ പശ്ചാത്തലം ഒന്നും അറിയില്ല. സാഹിത്യവും നോളനും തമ്മിലുള്ള ബന്ധം, ഇന്‍സെപ്ഷന് പ്രചോദനമായ ബോര്‍ഹസിനെപ്പറ്റിയുള്ള അറിവ്, നോളന്റെ സിനിമയെടുക്കുന്ന രീതി ഒന്നും അറിയില്ല. എന്നാല്‍ സത്യത്തില്‍ ഇതാണ് ഡാര്‍ക്ക് നൈറ്റ് സിനിമയ്ക്ക് ശേഷമുള്ള നോളന്റെ വളരെ സാധാരണമായ സിനിമ.

എന്നാലും, നോളന്റെ സിനിമ എന്ന ടാഗ് ഇല്ലാതെ നോക്കിയാല്‍ ഈ സിനിമ ആസ്വാദ്യകരം ആണ്. ഇതുവരെ ഹോളിവുഡ് സിനിമകളില്‍ മനോഹരമെന്ന് പറയപ്പെട്ട, തരികിട പണികള്‍ ചെയ്ത് ഭയങ്കരമായി കാണിച്ചിട്ടുള്ള രണ്ട് വിഷയങ്ങള്‍ ഈ സിനിമയില്‍ വളരെ വളരെ യാഥാര്‍ത്ഥ്യത്തോടെയും ശരിക്കുള്ള കണക്കുകളും സമവാക്യങ്ങളും ഉപയോഗിച്ച് അവസാനം വരെ യാഥാര്‍ത്ഥ്യത്തോട് വളരെ അടുത്ത് നിര്‍ത്തുന്നുണ്ട്. അവയെല്ലാം എനിക്ക് വളരെ ഇഷ്ടമുള്ളതായത് കൊണ്ട് ഈ സിനിമ ഒരു പ്രശ്നവുമില്ലാതെ കാണാന്‍ സാധിച്ചു.

അതില്‍ ആദ്യത്തെ അംശം - Wormhole ഇതെന്താണെന്ന് മുകളിലെ ലിങ്കില്‍ നിന്നും മനസ്സിലാക്കാം. എന്നാലും, ഈ സിനിമയില്‍ വോംഹോള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാലും, സിനിമയില്‍ മനോഹരമായി കാണിച്ചിട്ടുള്ള ഒരു വിഷയമായതിനാലും, ഇനി നമ്മുടെ അനാലിസിസ് തുടങ്ങാം.

ഇവിടം തൊട്ട് സ്പോയ് ലറുകള്‍ ഉണ്ടാകും. സിനിമ കണ്ടവര്‍ക്ക് ഈ ഭാഗങ്ങള്‍ ആസ്വാദ്യകരമായിരിക്കും, കാണാത്തവര്‍, ഇത് വായിക്കുന്നത് ഉപകാരമായിരിക്കും എന്ന് കരുതുന്നവര്‍ മാത്രം വായിക്കുക. ഒന്നും അറിയാതെ മാത്രമേ വായിക്കൂ എന്ന് തീരുമാനിച്ചവര്‍ സ്പോയ് ലറുകളുടെ അവസാനത്തെയ്ക്ക് പോകാം.

**** ഇവിടെ സ്പോയിലര്‍ തുടങ്ങുന്നു ****

Wormholes and Interstellar
വോംഹോള്‍ (വിരദ്വാരം) എന്നാല്‍ ശൂന്യാകാശത്തെ രണ്ട് ഇടങ്ങള്‍ ഒന്നിക്കുന്ന ഒരു തരം ടണല്‍ ആണ്. രണ്ട് ഇടങ്ങള്‍ക്കിടയില്‍ എത്ര ദൂരം ഉണ്ടോ അതാണ് ആ വോംഹോളിന്റെ നീളം. ഈ വോംഹോളിന്റെ ഒരു അറ്റത്ത് നുഴഞ്ഞ് അപ്പോള്‍ത്തന്നെ അടുത്ത അറ്റത്തെത്താന്‍ പറ്റില്ല. സത്യത്തില്‍ അതൊരു ദ്വാരമേയല്ല. ഒരു നീളമുള്ള കുഴല്‍ (Sphere shaped) എന്ന് വേണമെങ്കില്‍ പറയാം. കുഴലിന്റെ രണ്ട് ഭാഗങ്ങളിലും ദ്വാരങ്ങള്‍. കുഴലിന്റെ നീളം എന്നത് ആ ദ്വാരങ്ങള്‍ക്കിടയിലുള്ള ദൂരമാണ്. നമുക്ക് ഈ വോംഹോള്‍ സൃഷ്ടിക്കാന്‍ പറ്റില്ല. പിണ്ഡത്തിനെ ഇഷ്ടം പോലെ മാറ്റാന്‍ കഴിവുള്ള, അറിവിലും വിജ്ഞാനത്തിലും പലമടങ്ങ് മുന്നേറിയിട്ടുള്ള ആര്‍ക്കെങ്കിലുമേ ഇങ്ങനെയൊരു വോംഹോള്‍ സൃഷ്ടിക്കാന്‍ കഴിയൂ. വോംഹോളിന്റെ ഒരു വശത്ത് നിന്നും നോക്കിയാല്‍, അടുത്ത വശത്തുള്ള ലോകങ്ങള്‍ വളരെ കൂടിക്കുഴഞ്ഞ് കാണപ്പെടും. കൂടിക്കുഴഞ്ഞിരിക്കുന്നതിന്റെ കാരണം സ്വീകരണബലം (suction force) ആണ്. താഴെ കൊടുത്തിരിക്കുന്ന ചിത്രം ഇന്റര്‍സ്റ്റെല്ലാറില്‍ വരുന്ന വോംഹോളിനെ കാണിക്കുന്നു. അതില്‍ കാണുന്ന ചെറിയ ഗോളമാണ് സ്പേസ് ക്രാഫ്റ്റ്.

ഭൂമിയിലെ ഇപ്പോഴത്തെ കാലഘട്ടത്തില്‍നിന്നും അമ്പത് വര്‍ഷങ്ങള്‍ കഴിഞ്ഞ്, പയര്‍ച്ചെടികള്‍ക്കിടയില്‍ പരക്കുന്ന ഒരു തരം വിരകളാല്‍ പല കൃഷികളും നശിച്ച് കൊണ്ടിരിക്കുന്നു. ചോളം മാത്രമേ നശിക്കാത്തതായുള്ളൂ. ഇടയ്ക്കിടെ ധൂളിക്കൊടുങ്കാറ്റ് വീശി ലോകം മുഴുവനും നാശനഷ്ടങ്ങള്‍ വിതയ്ക്കുന്നു. അങ്ങനെ ഒരു സമയത്ത്, കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂമിയിലുള്ള മനുഷ്യവംശം ഇല്ലാതാകുമെന്ന ഘട്ടത്തില്‍ - ഒരു വോംഹോള്‍ പെട്ടെന്നൊരു ദിവസം ശനിഗ്രഹത്തിന്റെ അടുത്ത് കാണപ്പെടുന്നു. ആരാണ് അതുണ്ടാക്കിയതെന്ന് ആര്‍ക്കും അറിയില്ല. ഉടന്‍ തന്നെ ഉഷാറാകുന്ന നാസ, അതിനുള്ളിലേയ്ക്ക് ചില ആളില്ലാത്ത ആകാശപേടകങ്ങള്‍ അയയ്ക്കുന്നു. അവയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍കൊണ്ട് ധൈര്യം കിട്ടി, ആ കഥ നടക്കുന്നതിന് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചില ശാസ്ത്രജ്ഞന്മാരെ തിരഞ്ഞെടുത്ത്, അവരെ ഈ വോംഹോളിലേയ്ക്ക് അയയ്ക്കുകയാണ് നാസ. അവരില്‍ മൂന്ന് പേരില്‍നിന്നും അപ്പോഴും സിഗ്നലുകള്‍ വന്നുകൊണ്ടിരുന്നു. ആ മൂന്ന് പേരും ഇപ്പോഴും ജീവനോടെ ഉണ്ട്/അവരുടെ ആകാശപേടകങ്ങള്‍ നശിച്ചിട്ടില്ല എന്ന് തെളിയിക്കുന്നു അത്. അവര്‍ ജീവനോടെ ഉണ്ടെങ്കില്‍, ജീവിക്കാന്‍ സാദ്ധ്യമായ ഒരു ഇടത്തിലായിരിക്കും അവരെന്നും അര്‍ത്ഥമാകുന്നു.

അതുകൊണ്ട്, തന്റെ വീട്ടിലെ പുസ്തകഅലമാര പെട്ടെന്ന് ഇളകുമ്പോള്‍ (അത് ഏതോ പ്രേതത്തിന്റെ പണിയാണെന്ന് പത്ത് വയസ്സുള്ള മകൾ മര്‍ഫിയുടെ അഭിപ്രായം) ഉണ്ടാകുന്ന ചില Co-ordinates വച്ച് കഥാനായകന്‍ കൂപ്പര്‍ ഒരു രഹസ്യമായ സ്ഥലത്തേയ്ക്ക് പോകുന്നു. അത്, നാസയില്‍ ബാക്കിയുള്ള ചില ശാസ്ത്രജ്ഞന്മാര്‍ ഉള്ള സ്ഥലമാണ്. വോംഹോളിനുള്ളില്‍ പോകുന്നവരുടെ സിഗ്നലുകള്‍ വച്ച് അവര്‍ ഇരിക്കുന്ന സ്ഥലങ്ങളിലേയ്ക്ക് ചെന്ന് മനുഷ്യന് ജീവിക്കാന്‍ സാദ്ധ്യമായ ഗ്രഹങ്ങളെ കണ്ടെത്തുന്നതാണ് അവരുടെ ജോലി. അങ്ങിനെയുള്ള ഒരു മിഷന്‍, അവിടെ കൂപ്പര്‍ എത്തിപ്പെട്ടതിനാല്‍ അയാള്‍ക്കും കൊടുക്കുന്നു. തന്റെ ജീവനായ മകൾ മര്‍ഫിയേയും മകന്‍ ഡാമിനേയും മരണപ്പെട്ട ഭാര്യയുടെ അച്ഛന്‍ ഡൊണാള്‍ഡിന്റെ വീട്ടിലാക്കി അയാള്‍ ഈ യാത്രയില്‍ പങ്കുചേരുന്നു.

യാത്രയില്‍, രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ് അവര്‍ ഈ വോംഹോളില്‍ എത്തുന്നു. ഏകദേശം 1.25 മൈലുകള്‍ ചുറ്റളവും, പത്ത് ബില്ല്യന്‍ പ്രകാശവര്‍ഷങ്ങളുടെ നീളവും ഉണ്ട് ഈ വോംഹോളിന്. ഇടയ്ക്കുള്ള ദൂരം പത്ത് ബില്ല്യന്‍ പ്രകാശവര്‍ഷങ്ങള്‍ (ആറ് ട്രില്ല്യന്‍ മൈല്‍ അല്ലെങ്കില്‍ പത്ത് ട്രില്ല്യന്‍ കിലോമീറ്റര്‍). മനുഷ്യന് ചിന്തിക്കാന്‍പോലും പറ്റാത്ത ദൂരം. ഈ വോംഹോള്‍ ഉള്ളതുകൊണ്ട് മാത്രമാണ് അത്രയും ദൂരം ഞൊടിയിടയില്‍ കടന്ന് പ്രപഞ്ചത്തിന്റെ വേറൊരു ഭാഗത്തേയ്ക്ക് പോകാന്‍ കഴിഞ്ഞത്.

https://www.youtube.com/watch?feature=player_embedded&v=lTv3td5iR74

അകത്ത് കടന്ന് മറുഭാഗത്ത് എത്തുന്നു കൂപ്പര്‍ കൂട്ടം. മറുഭാഗത്ത് അവരെ വളരെ വലിയ ഒരു തമോഗര്‍ത്തം കാത്തിരിക്കുന്നു. തമോഗര്‍ത്തം എന്നാല്‍, അതുള്ളത് അറിയാതെ ഇരുട്ട് മാത്രമുള്ള ഒന്നാണ്. കത്തിത്തീര്‍ന്ന് തുടങ്ങുന്ന ഒരു നക്ഷത്രം പെട്ടെന്ന് ഭാവനയില്‍ കാണാന്‍പറ്റാത്ത വിധം ചുരുങ്ങിയാണ് തമോഗര്‍ത്തം ഉണ്ടാകുന്നത്. അതിന്റെ നടുക്ക് ആഴത്തില്‍ ആ നക്ഷത്രത്തത്തിന്റെ അളക്കാന്‍ കഴിയാത്ത പിണ്ഡം അപ്പോഴും ഉള്ളതിനാല്‍ ആ ഗുരുത്വാകര്‍ഷണം കാരണം അടുത്ത് വരുന്ന എല്ലാത്തിനേയും ആ തമോഗര്‍ത്തം വലിച്ചെടുക്കും. പ്രകാശത്തിന് പോലും ഇതില്‍നിന്നും രക്ഷപ്പെടാന്‍ പറ്റില്ല. സിനിമയില്‍ വരുന്ന ഈ തമോഗര്‍ത്തത്തിന്റെ പേരാണ് ഗാര്‍ഗാന്‍ഷ്വാ (Gargantua). ഈ പിണ്ഡം, സൂര്യന്റെ പിണ്ഡത്തേക്കാള്‍ നൂറ് മില്ല്യന്‍ മടങ്ങ് അധികമാണ്. ഇത് ഏകദേശം പ്രകാശത്തിന്റെ വേഗത്തിന്റെ 99.8 ശതമാനം വേഗത്തില്‍ കറങ്ങുന്നു.

ഈ തമോഗര്‍ത്തത്തിന്റെ ഓര്‍ബിറ്റിലാണ് ഇവര്‍ക്ക് പോകേണ്ട ആദ്യത്തെ ഗ്രഹം ഉള്ളത്. പക്ഷേ ഈ തമോഗര്‍ത്തത്തിന്റെ അടുത്തായതിനാല്‍, അതിന്റെ ആകര്‍ഷണത്തിനാല്‍ വലിയ അലകള്‍ ഈ ഗ്രഹത്തില്‍ അടിയ്ക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതേസമയം തമോഗര്‍ത്തം എന്നതിന്റെ ഗുരുത്വാകര്‍ഷണം കൊണ്ടുണ്ടാകുന്ന ഒരു പ്രധാനപ്പെട്ട മാറ്റവും ഈ ഗ്രഹത്തില്‍ നടക്കുന്നു.

Black Hole and Interstellar

എന്താണെന്നാല്‍, എവിടെയൊക്കെ ഗുരുത്വാകര്‍ഷണം അധികമായിട്ടുണ്ടോ, അവിടെയെല്ലാം സമയം വളരെ പതുക്കെയാകും. അതാണ് ഐന്‍സ്റ്റൈന്റെ റിലേറ്റിവിറ്റി തിയറി. അത് കാരണം, തമോഗര്‍ത്തത്തിനെ ചുറ്റിയുള്ള ഒരു ഗ്രഹത്തില്‍ തമോഗര്‍ത്തത്തിന്റെ ഗുരുത്വാകര്‍ഷണം വളരെ അധികമായതിനാല്‍ ആ ഗ്രഹത്തില്‍ ചെന്നാല്‍, അവിടത്തെ ഒരു മണിക്കൂറില്‍ ഭൂമിയിലെ 7 വര്‍ഷങ്ങള്‍ കഴിയും. കാരണം തമോഗര്‍ത്തത്തിന്റെ ഗുരുത്വബലം ഭൂമിയുടേതിനേക്കാള്‍ പലമടങ്ങ് അധികമാണ് (സിനിമയിലെ ഈ വിവരം വൈജ്ഞാനികപരമായി തെറ്റാണെന്ന് തെളിയിക്കപ്പെടുന്നുണ്ട്. കാരണം ഒരു മണിക്കൂര്‍ = 7 വര്‍ഷം എന്നത് സത്യമാകണമെങ്കില്‍ ആ ഗ്രഹം തമോഗര്‍ത്തത്തിന്റെ പുറത്ത് വളരെ അടുത്ത് ഉണ്ടായിരിക്കണം. അത്ര അടുത്താണെങ്കില്‍ തമോഗര്‍ത്തത്തിന്റെ ആകര്‍ഷണംകൊണ്ട് അത് ഒറ്റ നിമിഷം കൊണ്ട് അകത്തേയ്ക്ക് വലിച്ചെടുക്കപ്പെടും. എന്തായാലും ഇത് നോളന്‍ രസകരമായി തിരുകിക്കയറ്റിയതാണ്) ഇങ്ങനെ വേഗത്തില്‍ കാലം ഓടുന്നത് കാരണം നായകന്‍ കൂപ്പര്‍ മടിക്കുന്നു. കാരണം അവിടെയെത്തി കുറച്ച് മണിക്കുറുകള്‍ ചിലവഴിച്ചാല്‍ ഭൂമിയില്‍ അയാളുടെ പത്തുവയസ്സുള്ള മകള്‍ മര്‍ഫി ഏകദേശം കിഴവിയായിത്തീരും. എന്നാലും ആ ഗ്രഹത്തില്‍നിന്നും വന്ന സിഗ്നല്‍ കാരണവും, അതാണ് അവര്‍ക്ക് ഏറ്റവും അടുത്തുള്ളത് എന്നതിനാലും വേറെ വഴിയില്ലാതെ അങ്ങോട്ട് പോകുന്നു.

അവിടെയെത്തിയതിന് ശേഷമാണ് ഭീമൻ അലകളെപ്പറ്റി അവർക്ക് മനസ്സിലാകുന്നത്. അതിൽ അവരും പെട്ട് പോകുന്നു. ആ ഗ്രഹത്തിനും ഭൂമിയ്ക്കും ഇടയിലുള്ള കാലവിത്യാസം കാരണം, ഭൂമിയിൽ നിന്നും പത്ത് വർഷങ്ങൾക്ക് മുമ്പ് അയച്ച മില്ലർ, ഈ ഗ്രഹത്തിൽ ഒരു മണിക്കൂർ മുമ്പ് മാത്രമേ വന്നിട്ടുള്ളൂയെന്ന് അറിയുന്നു. കുറച്ച് നിമിഷങ്ങൾക്ക് മുമ്പ് അടിച്ച ഭീമൻ തിരമാല കാരണമാണ് അയാൾ മരിച്ചതെന്നും മനസ്സിലാകുന്നു. അല്പം മുമ്പ് എത്തിയിരുന്നെങ്കിൽ മില്ലറെ രക്ഷിക്കാമായിരുന്നു. അവർ അവിടെ നിന്നും രക്ഷപ്പെടുന്നു. അപ്പോഴത്തെ കാലവിത്യാസം കാരണം ഭൂമിയിൽ 23 വർഷങ്ങൾ കടന്ന് പോയിരിക്കുന്നു, ഇപ്പോൾ കൂപ്പറിന്റെ മകൾ മർഫിയ്ക്ക് വയസ്സ് 33. അതറിയുന്ന കൂപ്പർ വിഷമത്തിലാകുന്നു.

ഇപ്പോഴുള്ള ഇന്ധനം വച്ച് ബാക്കിയുള്ള രണ്ട് ഇടങ്ങളിൽ ഒന്നിലേയ്ക്കേ പോകാൻ പറ്റൂ. ഒന്നിൽ പത്ത് വർഷങ്ങൾക്ക് മുമ്പ് പോയ യാത്രികരുടെ തലവനായ ഡോ. മൻ ഉണ്ട്. വേറൊന്നിൽ കൂപ്പറിന്റെ കൂടെ വന്ന അമേലിയയുടെ കാമുകനായ എഡ്വേർഡും ഉണ്ട്. അവസാനം, അവർ ഡോ. മൻ ഉള്ള ഇടത്തേയ്ക്ക് പോകാമെന്ന് തീരുമാനിക്കുന്നു. അപ്പോഴാണ്, ജീവിക്കാനുള്ള സാഹചര്യമില്ലാത്ത ആ ഗ്രഹത്തിൽ പല വർഷങ്ങളായി ഏകാന്തതയിലകപ്പെട്ട ഡോ.മൻ വ്യാജമായ സിഗ്നലുകൾ അയക്കുകയായിരുന്നെന്ന് അറിയുന്നത്. എന്നാലല്ലേ ഭൂമിയിൽ നിന്നും അവിടെ ചെന്ന് അദ്ദേഹത്തിനെ അവർ രക്ഷിക്കുകയുള്ളൂ? അതിനുശേഷം അദ്ദേഹം കൂപ്പറിനെ കൊന്ന്, അയാളുടെ പേടകം എടുത്ത ബാക്കിയുള്ള എഡ്മണ്ടിന്റെ ഗ്രഹത്തിലേയ്ക്ക് പോയി, അവർ കൊണ്ടുവന്നിട്ടുള്ള മനുഷ്യന് ജീവിക്കാനുള്ള വസ്തുക്കൽ വച്ച് ഒരു കോളനി ഉണ്ടാക്കാൻ ആലോചിക്കുന്നു. കൂപ്പർ, മകളെ പിരിയാനാകാതെ ഭൂമിയിലേയ്ക്ക് പോകാൻ തീരുമാനിച്ചതായിരുന്നു അതിന്റെ കാരണം. അപ്പോൾ നടക്കുന്ന വഴക്കിൽ ഡോ. മൻ മരണപ്പെട്ട്, അവർ ആ ഗ്രഹത്തിൽ നിന്നും രക്ഷപ്പെടുന്നു.

Again comes the Black Hole – the Pre-climax

ഇനിയുള്ള ഓരേയൊരു സാധ്യത – എഡ്മണ്ടിന്റെ ഗ്രഹത്തിലേയ്ക്ക് പോകുന്നതാണ്. പക്ഷേ, ഇന്ധനം ഏതാണ്ട് കാലിയാണ്. അപ്പോൾ കൂപ്പർ ഒരു ഉപായം പറയുന്നു. ഭീമാകാരനായ തമോഗർത്തത്തിന്റെ അടുത്ത് ചെല്ലുകയാണെങ്കിൽ, അത് ശബ്ദത്തിന്റെ വേഗത്തിൽ കറങ്ങുന്നത് കൊണ്ട് അവരുടെ പേടകത്തിനേയും ഒപ്പം കറക്കും. പതുക്കെ അകത്തെയ്ക്ക് വലിക്കുകയും ചെയ്യും. അപ്പോൾ ആ ചുറ്റലിൽ നല്ല വേഗമെടുത്ത് അവരുടെ പേടകം പുറപ്പെട്ടാൽ, ആ ചുറ്റലിന്റെ വേഗത്തിൽത്തന്നെ തമോഗർത്തത്തിന്റെ ഓർബിറ്റിൽ നിന്നും പുറത്തെയ്ക്ക് എറിയപ്പെടും. അങ്ങിനെ എളുപ്പത്തിൽ ആ ഗ്രഹത്തിലെയ്ക്ക് പോകാം. ഈ ഉപായം ചെയ്യുമ്പോൾ, കൂപ്പർ ഉള്ള പേടകം പെട്ടെന്ന് തമോഗർത്തത്തിലേയ്ക്ക് നീങ്ങുന്നു. അപ്പോഴാണ്, അധികമുള്ള ഭാരം ഒഴിവാക്കിയാൽ മാത്രമേ പേടകം ലക്ഷ്യത്തിലേയ്ക്ക് നീങ്ങുകയുള്ളൂ എന്നതിനാൽ കൂപ്പർ സ്വയം ത്യാഗം ചെയ്യുകയായിരുന്നെന്ന് അമേലിയായ്ക്ക് മനസ്സിലാകുന്നത്.

തമോഗർത്തത്തിൽ വീണ കൂപ്പറിന് എന്ത് പറ്റി? അതിലാണ് ഭൂമിയുടെ ഭാവി അടങ്ങിയിരിക്കുന്നത്. കാരണം, ഭൂഗുരുത്വത്തിന്റെ താണ്ടി എല്ലാ ജനങ്ങളേയും എങ്ങിനെ വേറെ ഗ്രഹത്തിലേയ്ക്ക് കൊണ്ടുപോകണം എന്നതായിരുന്നു ഇതുവരെയുള്ള വലീയ ചോദ്യം. അതിനായിട്ടാണ് പല വർഷങ്ങൾ അമേലിയയുടെ അഛൻ ബ്രാന്റ് ശ്രമിച്ചുകൊണ്ടിരുന്നത് (അല്ലെങ്കിൽ അങ്ങിനെ നടിച്ചത്). കുറച്ച് കൂടെ തെളിച്ച് പറഞ്ഞാൽ, ഭാവന കാണാൻ കഴിയാത്തത്ര ഗുരുത്വാകർഷണമുള്ള തമോഗർത്തത്തിന്റെ അകത്ത് പോകുന്ന വസ്തുക്കൾക്ക് എന്ത് സംഭവിക്കുമെന്ന് അറിഞ്ഞാൽ മതി. അത് വച്ച് ഭൂമിയിൽ നിന്നും ഗുരുത്വാകർഷത്തിനെ മറികടന്ന് എല്ലാ മനുഷ്യരേയും പുറത്തെത്തിക്കാനുള്ള സൂത്രം കണ്ടുപിടിയ്ക്കാം.

https://www.youtube.com/watch?feature=player_embedded&v=7yxaUi8LIzE

Cooper and the Tesseract

തമോഗർത്തത്തിലേയ്ക്ക് അതിവേഗത്തിൽ വലിച്ചെടുക്കപ്പെടുന്ന കൂപ്പറിന്, പെട്ടെന്ന് ഏതോ ഒരു ലോകത്ത് എത്തിപ്പെട്ടത് പോലെ തോന്നുന്നു. അത്, അയാളുടെ വീട്ടിലെ ലൈബ്രറിയാണ്. അതിലെ ഒരു പുറത്തിൽ അയാളുണ്ട്. വേറൊരു പുറത്തിൽ പത്ത് വയസ്സുള്ള മർഫി. അപ്പോഴാണ്. സിനിമയുടെ തുടക്കത്തിൽ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ തന്നത്താൻ വീണത് കൂപ്പറിന് ഓർമ്മ വരുന്നത്. അത് അയാൾ തന്നെ ചെയ്തതായിരുന്നു. കാരണം, അപ്പോഴേ അയാൾ അവിടെ കുടുങ്ങിയിരിക്കുകയാണെന്ന് മർഫിയ്ക്ക് മനസ്സിലാകൂ എന്നതിനാൽ അയാൾ തന്നെ ആ പുസ്തകങ്ങളെ വീഴ്ത്തിയതാണ്. അപ്പോൾ, യാത്ര തുടങ്ങുന്നതിന് മുമ്പ് അയാൾ മർഫിയ്ക്ക് കൊടുത്ത ഘടികാരത്തിന്റെ ഓർമ്മ അയാൾക്കുണ്ടായി. തമോഗർത്തത്തിന്റെ അകത്ത് നിന്നും റോബോ ടാർസ് കൊടുത്ത വിവരങ്ങൾ മോഴ്സ് കോഡിൽ ആ ഘടികാരത്തിന്റെ സെക്കന്റ് സൂചിയിൽ പതിയ്ക്കുന്നു.

സിനിമയിൽ നാൽപ്പത് വയസ്സായ മർഫി, ഒരു പ്രധാനഘട്ടത്തിൽ ആ ലൈബ്രറിയിൽ എത്തുന്നു. അപ്പോൾ അതുവരെ നടന്ന സംഭവങ്ങൾ വച്ച് അവൾ ആലോചിക്കുന്നു. അപ്പോഴാണ്, മുപ്പത് വർഷങ്ങൾക്ക് മുമ്പ് പോയ കൂപ്പറാണ് തന്നോട് ഇങ്ങനെ ബന്ധപ്പെടുന്നതെന്ന് അവൾക്ക് മനസ്സിലാകുന്നത്. അതറിഞ്ഞതും ആ ഘടികാരം എടുത്ത് നോക്കുന്നു. അതിലുള്ള സന്ദേശങ്ങൾ വച്ച് വർഷങ്ങളായി പരിഹാരമില്ലാതിരുന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നത്. അത് വച്ച് മനുഷ്യരെ മൊത്തത്തിൽ ഈ വോംഹോൾ ഉപയോഗിച്ച് വേറെ ഗ്രഹത്തിലേയ്ക്ക് കൊണ്ടുപോയി ജീവിക്കാൻ കഴിയും.

ജോലി കഴിഞ്ഞതും കൂപ്പർ ഉണ്ടായിരുന്ന ഇടം മായുന്നു. എന്ത് ഇടമെന്നാൽ, അതൊരു Tesseract ആണ്. തമോഗർത്തത്തിന്റെയുള്ളിൽ പോയ കൂപ്പർ എങ്ങിനെ ഒരു ടിസെറാക്റ്റിനുള്ളിൽ എത്തി?

ടെസറാക്റ്റ് എന്നാലെന്താണ്?

ടെസെറാക്റ്റ് എന്നാൽ, നാല് മാനങ്ങളുള്ള ഒരു വസ്തുവാണ്. ക്യൂബ് എന്നാൽ ത്രിമാനമുള്ളതാണെന്ന് എല്ലാവർക്കും അറിയാം. അതിനേക്കാൾ ഒരു മാനം അധികമുള്ളതാണ് ടെസറാക്റ്റ്. മൂന്ന് മാനങ്ങൾ എന്നാൽ നീളം, അകലം, ഉയരം, ആഴം, വീതി എന്നിവയിൽ ഏതെങ്കിലും മൂന്ന് മാനങ്ങൾ ചേർന്ന് കാണുന്നതാണ്. ലോകത്തിലെ ഏത് വസ്തുവായിരുന്നാലും ഉയരം, നീളം അകലം എന്നിവയുണ്ടാകും. അതാണ് ത്രിമാനം. ഇതിന്റെയൊപ്പം കാലം എന്നതും ചേരുമ്പോൾ അത് ചതുർമാനം ആകുന്നു. ഈ നാലാമത്തെ മാനം ഉള്ള വസ്തുവാണ് ടെസറാക്റ്റ്. അതിന്റെയുള്ളിലാകുമ്പോൾ, കാലം എന്നതിനെ വച്ച് അതിന്റെയുള്ളിൽ മുന്നോട്ടും പിന്നോട്ടും സമയയാത്ര നടത്താം.

തമോഗർത്തത്തിൽ വീണ കൂപ്പർ, അവിടെയൊരു ടെസറാക്റ്റിലാണ് കണ്ണ് തുറക്കുന്നത്. അയാളായിട്ട് അതിൽ വീണതല്ല. കാരണം, തമോഗർത്തത്തിൽ വീണാൽ, അതീതമായ ഗുരുത്വാകർഷണം കാരണം കൈകാലുകൾ വലിഞ്ഞ് ശരീരം മുഴുവനും ഛിന്നഭിന്നമാകും. അങ്ങിനെ ഒന്ന് സംഭവിക്കുന്നതിനുള്ളിൽ അയാൾ ടെസറാക്റ്റിൽ എത്തുന്നതിന്റെ കാരണം ആരാണെന്നോ, സിനിമയുടെ തുടക്കത്തിൽ വോംഹോൾ ഉണ്ടാക്കി ശനി ഗ്രഹത്തിന്റെ അടുത്ത് നിർത്തുന്നില്ലേ, അവർ തന്നെ. അതാരായിരുന്നു? ഇതിനുള്ള മറുപടി സിനിമയിൽ ഉണ്ടോ?

ഉണ്ടല്ലോ. ടെർമിനേറ്റർ 2 കണ്ടിട്ടില്ലേ? അതിൽ, ഭാവികാലത്തിൽ നിന്നും ഒരു വില്ലൻ റോബോ വരുന്നുണ്ട്. കാരണം, ഇപ്പോഴത്തെ കാലത്ത് കുട്ടിയായിരിക്കുന്ന ഒരു മനുഷ്യവംശത്തിന്റെ ഭാവികാലത്തെ തലവനെ ഇപ്പോഴേ കൊന്ന് കളഞ്ഞാൽ ഭാവിയിൽ അവൻ ഉണ്ടാവില്ല എന്നത് തന്നെ. അതുപോലെ, ഭാവികാലത്തിലെ ശാസ്ത്രജ്ഞന്മാർ കൂടുതൽ പുരോഗമിച്ച മനുഷ്യരാണ്. ഭൂമി നശിക്കാതെ കാക്കുന്ന വോംഹോളിലെ സൃഷ്ടിച്ച്, വരും കാലത്തിൽ തങ്ങൾ എങ്ങിനെ രക്ഷപ്പെടുമോ, ആ കാലത്തുള്ള അപ്പോഴത്തെ ഭൂവാസികൾ രക്ഷപ്പെടാൻ വഴിയൊരുക്കുകയാണവർ. ആ വഴിയിൽക്കൂടി, തമോഗർത്തത്തിൽ വീണ കൂപ്പറിനെ അവരാണ് ടെസെറാക്റ്റിൽ വച്ച്, തമോഗർത്തത്തിന്റെയുള്ളിൽ നിന്നും ലഭിച്ച വിവരങ്ങൾ അവന്റെ മകളെ അറിയിച്ച്, അതുപയോഗിച്ച് മനുഷ്യർ എല്ലാവരും വേറെ ഗ്രഹത്തിലേയ്ക്ക് കുടിയേറാനുള്ള വഴി പറഞ്ഞത് കൊടുക്കുന്നത്.

അപ്പോൾ വേറൊരു ചോദ്യം വരും. ഭാവികാലത്തെ ആളുകൾ അങ്ങിനെ ചെയ്തിട്ടുണ്ടെങ്കിൽ, അവർ സാധാരണ മനുഷ്യർ ആയിരിക്കുമ്പോൾ അവർ എങ്ങിനെ രക്ഷപ്പെട്ടു? അവർക്ക് അവരുടെ പിന്തുടർച്ചക്കാർ ഇങ്ങനെ വോംഹോൾ കാണിച്ച് കൊടുത്തിട്ടുണ്ടാകും. ഇതൊരു infinite loop ആണ്.

ഈ infinite loop ആണ് നോളന്റെ മുഖമുദ്ര. ഇൻസെപ്ഷനിൽ വരുന്ന ചില ദൃശ്യങ്ങൾ ഇതുമായി ചേരുന്നുണ്ട്. അതിൽ അവസാനമില്ലാത്ത തിരിയുന്ന സ്ഥലം, വയസ്സായ കഥാപാത്രങ്ങൾ അവരുടെ തന്നെ ചെറുപ്പവുമായി സംസാരിക്കുന്നതെല്ലാം നോളൻ ബോറസിൽ നിന്നും എടുത്ത ഇൻസ്പിരേഷൻ ആണ്. നോളൻ ഇംഗ്ലീഷ് സാഹിത്യം വായിച്ചിട്ടുള്ളത് കൊണ്ടാണ് ഇത് സാധിക്കുന്നത്.

ഇവിടെ സ്പോയിലർ അവസാനിക്കുന്നു.

ഇങ്ങനെ തമോഗർത്തങ്ങൾ, വോംഹോളുകൾ എന്നിവയെല്ലാം ഈ സിനിമയിൽ മുഴുവനും നോളന്റെയൊപ്പം ഉണ്ടായിരുന്ന ശാസ്ത്രജ്ഞനായ കിപ് തോൺ കാരണമാണ് സാധ്യമായത്. തമോഗർത്തത്തിനെപ്പറ്റി അദ്ദേഹത്തിന്റെ പല ഫോർമുലകൾ, ഏകദേശം ഒന്നര വർഷത്തോളം ഗവേഷണം ചെയ്ത് മുപ്പത് പേരുള്ള ഒരു സംഘം ഉണ്ടാക്കിയതാണ്. അങ്ങിനെ ഉണ്ടാക്കിയ സി.ജി തമോഗർത്തം, സ്വാഭാവികമായും തന്നെ ചുറ്റിയുള്ള എല്ലാം അകത്തേയ്ക്ക് വലിച്ചെടുക്കാൻ തുടങ്ങി, ചുറ്റിലുമുള്ള സ്ഥലത്തേയും വളയ്ക്കാൻ തുടങ്ങി. അപ്പോഴാണ് തന്റെ ഫോർമുലകൾ എത്ര കൃത്യമാണെന്ന് കിപ് തോണിന് മനസ്സിലായത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഇതുവരെ ഇത്ര കൃത്യമായ തമോഗർത്തം ഒരു സിനിമയിലും കാണിച്ചിട്ടില്ല. ഈ സിനിമയിലെ തമോഗർത്തവും ചുറ്റുമുള്ള ഇടത്തിനെ വലിച്ചെടുക്കുന്നത് കാണാം. ഒപ്പം തന്നെ, അവയുടെ വെളിച്ചവും വലിച്ചെടുത്ത്, മുകളിലും താഴേയും ചുറ്റുഭാഗത്തും വീർത്തിരിക്കുന്നത് പോലെയുള്ളതും കാണാം.

ഇതെല്ലാം എനിക്ക് വളരെ ഇഷ്ടമുള്ളവയാണ്. ഇങ്ങനെ ഗംഭീരമായ ആശയങ്ങളെ സിനിമയിൽ കണ്ടിട്ട് കുറേ നാളുകളായി. അവസാനമായി ഇങ്ങനെയൊന്ന് ആസ്വദിച്ചത് Event Horizon ആണ്.

ശരി. ഇതെല്ലാം മാറ്റി വച്ച് നോക്കിയാൽ, ഒരു സിനിമ എന്ന രീതിയിൽ ഇന്റർസ്റ്റെല്ലാർ എങ്ങിനെയുണ്ട്? ഈ ലേഖനത്തിന്റെ രണ്ടാമത്തെ ഭാഗത്ത് അത് നോക്കാം. ഈ ലേഖനത്തിന്റെ തുടക്കത്തിൽ തിരക്കഥ മോശമാണെന്ന് പറഞ്ഞിരുന്നു. എന്നാലും സിനിമയെപ്പറ്റി പറയാൻ ഇനിയും പല വിഷയങ്ങളുണ്ട് (ഉദാ: റ്റരന്റിനോ ഈ സിനിമയെ തർക്കോവിസ്കിയുടെ സിനിമ പോലെയുണ്ടെന്ന് പറഞ്ഞത് ശരിയാണോ? സ്റ്റാൻലി ക്യൂബ്രിക്കിന്റെ 2001: സ്പേസ് ഒഡീസിയെ നോളർ മറികടന്നെന്ന് വെബ്ബിൽ വായിച്ചില്ലേ? അതെല്ലാം സത്യമാണോ?) ഇതിൽ അതും എഴുതിയാൽ ലേഖനം കോട്ടുവായുണ്ടാക്കും (ഇപ്പോഴേ അങ്ങിനെയല്ലേ?)

തുടരും.

Subscribe Tharjani |
Submitted by jasir (not verified) on Tue, 2015-03-17 16:35.

hello i need to contact mr. rajesh. gimme his mail id and fb id