തര്‍ജ്ജനി

സുജീഷ്

letter.sujeesh@gmail.com

Visit Home Page ...

കവിത

ചുവര്‍

നമുക്കിടയില്‍
എല്ലായ്പോഴുമൊരു
ചുവരുണ്ടായിരുന്നു.

ചിലപ്പോഴൊക്കെ
ആ ചുവരില്‍
നീ കിളിവാതില്‍ വരച്ചു
ഞാന്‍ വാതിലും.

മേല്‍ക്കൂരയും
മൂന്ന് ചുവരുകളും കൂടി
പണിതുയര്‍ത്താനായെങ്കില്‍
ഒറ്റച്ചുവരില്‍നിന്ന് നമുക്ക്‌
മുറികളുണ്ടാക്കിയെടുക്കാമായിരുന്നു.

അങ്ങനെ
ഒരേവീട്ടിലെ
അടുത്തടുത്ത മുറികളില്‍
വസിക്കുന്നവരാകാമായിരുന്നു.

പക്ഷേ, ഇതേ ചുവരിനെ
ഒറ്റപ്പെട്ടതിന്റെ പേരില്‍
മതിലെന്നവരെല്ലാം
വിളിച്ചുകൊണ്ടിരിക്കുന്നതിനാല്‍
നമുക്കതിനായില്ല.

അവരുടെ മതില്‍
പൊളിച്ചെടുക്കാനുള്ള
ശ്രമങ്ങളാണ് നമ്മളിനി
നടത്താനൊരുങ്ങുന്നത്‌.

നമുക്കിടയില്‍
ഇപ്പോഴൊരു
മതിലുണ്ട്‌.

Subscribe Tharjani |