തര്‍ജ്ജനി

ശ്രീദേവി

mail:sreedevi.prabin@gmail.com

Visit Home Page ...

കഥ

മകള്‍

മകള്‍ ഉറങ്ങുന്ന നേരത്തു പിടിക്കാറുള്ള തന്റെ മാലയില്‍ അവള്‍ തടവി.അതു തീപോലെ പൊള്ളൂന്നതായി അവള്ക്കു തോന്നി. മുറ്റത്തു കളിച്ചുകൊണ്ടിരുന്ന തന്റെ മകളെ കാണാതായിട്ട് ഇതു പതിമൂന്നാം നാള്‍.

എന്റെ മകള്‍ ഇപ്പോള്‍ എവിടെയായിരിക്കും.... എവിടെയായാലും അവളുടെ കണ്ണുനീരുണങ്ങിയ മുഖത്തു ഇപ്പോള്‍ തന്നെ കാണാതുള്ള വിഷമം ആളിക്കത്തുന്നുണ്ടാവും.പോലീസ് അന്വേഷിക്കുന്നുണ്ടെന്നു പറഞ്ഞ് ഭര്ത്താവ് അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു... അവളുടെ അമ്മമനസ്സിനെ ആ കുഞ്ഞുമുഖത്തെ പാല്പു‍ഞ്ചിരിക്കല്ലാതെ മറ്റെന്തിന് സമാധാനിപ്പിക്കാന്‍ കഴിയും..

റ്റിവിയിലും പേപ്പറിലും കുഞ്ഞുകുട്ടികളുടെ പീഢനകഥകള്‍ കേള്‍ക്കുമ്പോള്‍ അവള്‍ തന്റെ പൊന്നോമനയെ നെഞ്ചൊടുചേര്ക്കുകയും നെറുകയില്‍ ഉമ്മവെക്കുകയും ചെയ്യുമായിരുന്നു... അന്ന് എന്താണ് നടന്നത്... അവളുടെ തളര്ന്ന മനസ്സിന്നു ഭാരമേറിയ ആ ചിന്തയെ മുങ്ങിയെടുക്കാന്‍ സാധിക്കുന്നില്ല.... അമ്മേ വെള്ളം എന്നു മകള്‍ ചോദിച്ചപ്പോള്‍ വെള്ളമെടുക്കാന്‍ പോയ ആ നിമിഷങ്ങളുടെ ഇടവേളയില്‍... എന്റെ മകള്ക്ക് എന്താണ് സംഭവിച്ചത്...

എന്റെ മകള്‍ വെള്ളം കുടിച്ചിരിക്കുമോ... വയ്യ മോളെ ഈ അമ്മക്കു വയ്യ.... അടിവയറ്റില്‍‍ നിന്ന് പൊക്കിളിലൂടെ ഒരു ഗദ്ഗദം തന്റെ തൊണ്ടയില്‍ വന്നു തന്നെ ഞെക്കിക്കൊല്ലുന്നു... വല്ലാതെ ശ്വാസംമുട്ടുന്നു... എനിക്കിപ്പോള്‍ മരിക്കാന്‍ കഴിയില്ല... എനിക്കു എന്റെ മകളെ കാണണം... ആ തുടുത്തകവിളില്‍ ഉമ്മവെക്കണം... എന്നെ കാണുമ്പോള്‍ ആ മുഖത്തു വിരിയുന്ന സന്തോഷം കാണണം..

പക്ഷെ മനുഷ്യന്റെ ആഗ്രഹങ്ങള്‍പോലെ പരന്നുകിടക്കുന്ന ഈ ലോകത്ത് അമ്മ നിന്നെ എങ്ങിനെ കണ്ടെത്തും.... വൈകൃതമാര്ന്ന അന്തര്നാടകങ്ങളെ ചിരിയുടെ തിരശ്ശീലയാല്‍ മൂടിയ മുഖങ്ങള്‍ക്കിടയില്‍ ഞാന്‍ നിന്നെ എങ്ങിനെ തേടും....

പെട്ടെന്നു എവിടെനിന്നോ ഒരു കാറ്റു ഒഴുകിവന്നു... എന്റെ മകള്ക്ക് ഇഷ്ടപ്പെട്ട റോസാപ്പൂക്കളുടെ ഗന്ധം.... എന്റെ നെഞ്ചിലെ അമ്മചൂടില്‍ പുതഞ്ഞു നീ നുണഞ്ഞ അമ്മിഞ്ഞപ്പാലിന്റെ ഗന്ധത്തിലൂടെ ഞാന്‍ നിന്നെ തേടും....

കണ്ണടയ്ക്കുമ്പോള്‍ എന്നെ കെട്ടിപ്പിടിച്ചുറങ്ങിയ നിന്റെ ഗന്ധം.... സ്നേഹത്തിന്റെ ഗന്ധം എനിക്കു അനുഭവിക്കാം. ലോകം ഒരു ഭ്രാന്തന്‍ കടല്ക്കരയായി ഇരുളടഞ്ഞു അവളുടെ മുന്നില്‍ പരന്നുകിടന്നു.... ഏറെ നടന്നപ്പോള്‍ അവളുടെ അമ്മിഞ്ഞപ്പാല്‍ അവിടെയെങ്ങും നിലാവായി ഒഴുകി.... ചിപ്പികളായി ഉറങ്ങിക്കിടന്ന അനാഥകുഞ്ഞുങ്ങളുടെ പുഞ്ചിരികള്‍ ആ നിലവില്‍ വെട്ടിത്തിളങ്ങി...

Subscribe Tharjani |