തര്‍ജ്ജനി

ചന്ദ്ര ബാല

chandrabalamurali@gmail.com

Visit Home Page ...

കവിത

ചമയം

അതിഥികളെത്തേണ്ട നേരമായ് ;
ആഹ്ലാദത്തിന്റെ ചമയങ്ങള്‍
മുഖമാകെ വാരിപ്പൂശേണ്ടതുണ്ട്;

എന്റെ ശരികളും നിന്റെ ശരികളും
തമ്മിലുരസ്സി ഹൃദയത്തിലാഴ്ന്നിറങ്ങിയ
ആണിപ്പഴുതുകള്‍
നമുക്ക് തുന്നിച്ചേര്‍ക്കേണ്ടതുണ്ട് ;
ആരുമറിയാതെ,

ജാലകവിടവിലൂടെ ശയ്യാഗാരത്തിലേക്ക്
ഒളിച്ചെത്തുന്ന ആസക്തിയുടെ കണ്ണോട്ടങ്ങളെ
നമുക്ക് തൃപ്തിപ്പെടുത്തേണ്ടതുണ്ട്.

പകച്ച കണ്ണുകളിലെ കുരുന്നുനോട്ടങ്ങളില്‍
പതറാതെ, തിരിഞ്ഞുനോക്കാതെ
നമുക്ക് കടന്നുപോകാം;

എന്തെന്നാല്‍,

ചുണ്ടുകള്‍കൊണ്ട് ചിരിച്ച്
നമുക്ക് കാണികളെ വരവേല്ക്കേണ്ടതുണ്ട്,
ഉരുവിട്ടുരുവിട്ട് തേഞ്ഞുപോയ
ആ വരികള്‍ നമുക്ക് വീണ്ടും ചര്‍ദ്ദിക്കേണ്ടതുണ്ട്.

അണിയറയിലെ അലോസരങ്ങളെ
ചുവന്ന പട്ടുതുണിയിട്ട് നമുക്ക് മൂടിവെക്കാം !

കാണികളുടെ നിലക്കാത്ത കരഘോഷങ്ങള്‍
ഇനിയുമിനിയും മുഴങ്ങേണ്ടതുണ്ട്;
അരങ്ങിലെ ഈ നാടകം
നമുക്ക് തുടരേണ്ടതുണ്ട്;

അതിഥികള്‍ എത്തേണ്ട നേരമായ്
ചമയങ്ങള്‍ അണിയേണ്ട നേരം .

Subscribe Tharjani |