തര്‍ജ്ജനി

യാക്കോബ് തോമസ്

മലയാളവിഭാഗം,
ഗവ. കോളേജ്,
കട്ടപ്പന.

Visit Home Page ...

നിപാഠം

സാംസ്കാരിക അധഃപതനമെന്ന മിത്ത് അഥവാ ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു...

കേരളചരിത്രത്തിലും സാമുഹ്യചിന്തയിലും മിക്കയിടത്തും കണ്ടുമുട്ടുന്ന പദമാണ് സാംസ്കാരിക അധഃപതനം എന്നത്. വിദേശികള്‍ രംഗത്തുവരുന്ന സന്ദര്‍ഭങ്ങളില്‍ തീര്‍ച്ചയായും ഈ പദം കാണും. വലിയൊരു പാരമ്പര്യമുള്ള സംസ്കാരം നമുക്കുണ്ടെന്നും അതങ്ങ് പരമപവിത്രമാണെന്നും കന്യകാത്വമുള്ളതാണെന്നും ചില സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അതിന്റെ പവിത്രതയും കന്യാചര്‍മവുമൊക്കെ പൊട്ടുന്നുവെന്നും വിലപിക്കുന്നു. അതിനായി നിര്‍മ്മിച്ച പദമാണ് സംസ്കാരിക അധഃപതനം. ചുംബനസമരത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന കേട്ടവാദം ഇതാണ്. പരസ്യചുംബനമൊക്കെ പടിഞ്ഞാറന്‍ സംസ്കാരമാണെന്നും നമ്മളുടേത് ശരീരത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന മനസ്സിനെ മുന്നോട്ടുവയ്ക്കുന്ന ആത്മീയതയ്ക്കു പ്രാധാന്യമുള്ള പാരമ്പര്യമാണെന്നും അതിനാല്‍ ഇത്തരം പ്രവൃത്തികള്‍ സംസ്കാര അധഃപതനമാണെന്നുമാണ് വാദിക്കപ്പെട്ടത്. അതായത് വളരെ ഔന്നത്യത്തിലാണ് നമ്മുടെ സംസ്കാരം നിലനില്ക്കുന്നതെന്നും ഉമ്മവയ്ക്കുന്ന ശീലത്തോടെ അത് താഴെ പതിച്ചുവെന്നുമാണ് വാദം. അങ്ങനെ അധഃപതിച്ച സംസ്കാരത്തെ പരിശുദ്ധമാക്കുന്നതിനുള്ള ഹോമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

അത്ര നിസ്സാരമായ ഒന്നല്ല ഈ പ്രശ്നം. ചരിത്രപരമായ വേരുകള്‍ ഉള്ളതിനാല്‍ ചികിത്സയും രോഗനിര്‍ണയവും ചരിത്രപരമായിത്തന്നെ വേണ്ടതാണ്. കേരളചരിത്രത്തില്‍ സാംസ്കാരിക അധഃപതനനിലവിളി ഉയര്‍ന്ന കാലം പലതുണ്ട്. വിദേശികള്‍ കേരളത്തില്‍ വന്ന് ആധിപത്യം ഉറപ്പിക്കുന്ന കാലമാണ് പ്രധാനമായും ഈ വിലാപം ഉണ്ടാവുക. ഈ നിലവിളി ഉണ്ടായതെന്നു ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരു കാലം പതിനാറാം നൂറ്റാണ്ടിലെ എഴുത്തച്ഛന്റെ കാലമാണ്. പോര്‍ട്ടുഗീസുകാര്‍ വന്ന് കേരളത്തില്‍ അക്രമവും പിടിച്ചുപറിയും ആധിപത്യവും നടത്തി അവരുടെ 'വൃത്തികെട്ട ലൈംഗികസംസ്കാരവും' ഇറക്കുമതി ചെയ്ത് പറങ്കിപ്പുണ്ണും കേരളമാകെ പരത്തി കേരളത്തിന്റെ പരിശുദ്ധി തകര്‍ത്ത കാലത്താണ് ആ അധഃപതനത്തില്‍ നിന്നും നാടിനെ സംശുദ്ധമാക്കുവാനായി എഴുത്തച്ഛന്‍ കവിതകളെഴുതിയതെന്നാണ് സാഹിത്യചരിത്രവും മറ്റും അടിച്ചുവിട്ടിരിക്കുന്നത്. പണ്ട്, മോശ വടിനീട്ടി ചെങ്കടലിനെ പിളര്‍ന്നപോലെയുള്ള പരിപാടിയാണ് എഴുത്തച്ഛന്‍ ചെയ്തതെന്നാണ് ഭാഷ്യം. തന്റെ കവിതയാകുന്ന വടി നീട്ടിപിടിച്ചപ്പോള്‍ കേരളത്തിലെ സാംസ്കാരികമാലിന്യമെല്ലാം ക്ഷണം അറബിക്കടലുകടന്നത്രേ.

പ്രധാന കേരളചരിത്രമായി പഠിപ്പിക്കപ്പെടുന്ന ശ്രീധരമേനോന്റെ കേരളചരിത്രത്തിലിങ്ങനെ വായിക്കാം- രാഷ്ട്രീയാക്രമത്തിന്റെയും സാമൂഹികജീര്‍ണ്ണതയുടെയും സാമ്പത്തികത്തകര്‍ച്ചയുടെയും ഒരു ഘട്ടമായിരുന്നു പോര്‍ട്ടുഗീസ് കാലം.... ഈ പരിതസ്ഥിതിയില്‍ മരവിച്ചുപോയ ജീവിതം അങ്ങനെ തുടര്‍ന്നുകൊണ്ടുപോകുന്നതില്‍ മടുപ്പുതോന്നിയ സാധാരണജനങ്ങള്‍ ആശയുടെയും ആശ്വാസത്തിന്റെയും ഒരു സന്ദേശത്തിനുവേണ്ടി തിടുക്കംകൊണ്ടു. പരമമായ മോക്ഷോപായമെന്ന നിലയില്‍ ഭക്തിയോഗത്തിനു പ്രാധാന്യം നല്കിക്കൊണ്ട് പുതിയ നേതാക്കന്മാര്‍ ആ രംഗത്തു പ്രത്യക്ഷപ്പെട്ടു. അങ്ങനെയാണ് എഴുത്തച്ഛനും മറ്റും വന്നതെന്നാണ് അദ്ദേഹം പറയുന്നത്. പി.കെ. ബാലകൃഷ്ണന്‍ പറഞ്ഞതുപോലെ ഇതൊക്കെ കേള്‍ക്കാനും പറയാനും രസമുള്ള കാര്യമാണ്, വിശ്വസിക്കാന്‍ 'അസാമാന്യമായ' 'ചരിത്രബോധ'വും പാണ്ഡിത്യവും വേണം. അതൊന്നുമില്ലാതെ ചരിത്രത്തിലേക്കൊന്നു ശ്രദ്ധിച്ചുനോക്കിയാല്‍ മതി, പോര്‍ട്ടുഗീസുകാരുടെ സാംസ്കാരിക അധഃപതനം നമ്മുടെ ചരിത്രകാരന്മാരുടെ ഒരു തമാശയാണെന്നറിയുവാന്‍. എഴുത്തും വായനയും ബ്രാഹ്മണരിലും - അവര്‍ക്ക് മലയാളത്തോട് പുച്ഛവും - കുറച്ചു നായന്മാരിലും ഒതുങ്ങിയ, വലിയൊരു വിഭാഗത്തിന് അക്ഷരജ്ഞാനം അപ്രാപ്യമായിരുന്ന, അച്ചടി ഇല്ലാതിരുന്ന കാലത്ത് എഴുത്തച്ഛന്റെ കവിത കേരളത്തിലെ (?) എല്ലാ മനുഷ്യരും വായിച്ചുവെന്നും ഭക്തിയില്‍ ആറാടിയെന്നും വിശ്വസിക്കാന്‍ ന്യായമായ ഭാഷയില്‍ പറഞ്ഞാല്‍ വിവരക്കേടുവേണം. ജീവിച്ചിരുന്ന കാലത്ത് ഏതാനും നായര്‍ തറവാടുകളിലെ ഓലച്ചുരുളുകളില്‍ ഒതുങ്ങിയ ഒരു കവി, പില്കാലത്തെ സാഹിത്യവായനകളിലാണ് ഭാഷയുടെ പിതാവൊക്കെയായി മാറ്റപ്പെടുന്നത് എന്നതാണ് വസ്തുത.

ഈ വസ്തുത ഉല്പാദിപ്പിക്കുന്നത് ലൈംഗികതയില്ലാത്ത, തീര്‍ത്തും മതാത്മകമായ, ആദ്ധ്യാത്മികമൂല്യങ്ങള്‍ നിറഞ്ഞ ഒന്നായിരുന്നു കേരളസമൂഹം എന്ന വിവരക്കേടാണ്. അതിന്റെ അടയാളമായാണ് ഭക്തകവിയായി എഴുത്തച്ഛനെ വാഴിക്കുന്നത്. ലൈംഗികത – ഭക്തി എന്ന ദ്വന്ദ്വത്തിലൂടെ ഭക്തികൊണ്ട് ലൈംഗികതയെ കീഴടക്കി പുതിയ സമൂഹം സൃഷ്ടിച്ചുവെന്ന് കുട്ടിക്കഥമട്ടില്‍ തട്ടിമൂളിക്കുകയാണ്. ഇവിടെ ലൈംഗിക പാപത്തിന്റെ വിത്തുവിതച്ചത് വിദേശികളാണെന്നാണ് പറയാതെ പറയുന്നത്. അങ്ങനെ ലൈംഗികതയെ അനുവദിക്കാനാവത്ത വലിയൊരു പ്രശ്നവും ഭീകരതയുമായി അവതരിപ്പിച്ചുകൊണ്ട് ലൈംഗികതാമുക്തമായ സമൂഹമാണ് ശരിയെന്നും അത്തരത്തിലൊരു സംസ്കാരമാണ് കേരളീയമെന്നും സ്ഥാപിക്കുകയാണ് ഈ (അ)ചരിത്രങ്ങള്‍. ലൈംഗികതയെ പാപമായി വിലക്കിയ, നിയന്ത്രിച്ച ആധുനികതയുടെ സൃഷ്ടിയാണ് ഈ ചരിത്രങ്ങളെന്നത് ആരുമേ കാണുന്നില്ല. അതായത് ലൈംഗികതയെ മോശമായിട്ടും ലൈംഗികതയില്ലാത്ത ശുദ്ധമായ സംസ്കാരമായും കേരളീയ സംസ്കാരത്തെ നിര്‍വ്വചിക്കുമ്പോള്‍ പടിഞ്ഞാറന്‍, കോളണി ബോധത്തിലാണ് നാം നില്ക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം.

2

വിചിത്രമായ സംഗതി അക്കാലത്തിലെ കേരളത്തിലെ കടുംബ-ലൈംഗിക-വ്യവസ്ഥയെ ക്കുറിച്ച് ആരും മിണ്ടില്ലെന്നാണ്. യഥേഷ്ടം ലൈംഗികബന്ധങ്ങള്‍ അനുവദിക്കുന്ന (ജാതിപരമായി) മരുമക്കത്തായവും ബഹുഭാര്യത്വത്തിന്റെയും ഭര്‍ത്തൃത്വത്തിന്റെയും വിവിധ രീതികളും കൂടിക്കുഴഞ്ഞ നമ്മുടെ കുടുംബ-ലൈംഗിക-വ്യവസ്ഥയും അരയ്ക്കു മീതെ വസ്ത്രം ധരിക്കാതെയുള്ള ജീവിതവും മറച്ചുവച്ചുകൊണ്ട് ലൈംഗികതയൊന്നുമില്ലാത്ത പരിശുദ്ധമായ ഒന്നായിരുന്നു നമ്മുടെ സംസ്കാരം എന്നാണ് പലരും സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ഏതായാലും ഇവിടെ വന്ന വിദേശികള്‍ക്കു എല്ലായ്പോഴും അത്ഭുതം ഉളവാക്കിയ, മനസിലാക്കന്‍ പ്രയാസമനുഭവപ്പെട്ട ഒന്നായിരുന്നു നമ്മുടെ കുടുംബ-ലൈംഗിക ജീവിതം എന്നതായിരുന്നു വസ്തുത. അതിനാല്‍ 'കുത്തഴിഞ്ഞ' ലൈംഗികതയായിട്ടാണ് മരുമകത്തായത്തെയൊക്കെ അവര്‍ കണ്ടതും വിമര്‍ശിച്ചതും. ഇവിടെ വന്ന വിദേശികളെല്ലാം തന്നെ ശരീരം മറയ്ക്കുന്ന വിധത്തില്‍ വസ്ത്രം ധരിക്കുന്നവരായിരുന്നു. നമ്മളാകട്ടെ ഒരു തോര്‍ത്തുമാത്രം ഉടുത്ത 'പ്രാകൃതരു'മായിരുന്നു അവരുടെ കണ്ണില്‍. ചുരുക്കത്തില്‍ വിദേശികള്‍ക്ക് പ്രത്യേകിച്ചൊരു ലൈംഗിക അരാജകത്വവും ഇവിടേക്ക് ഇറക്കുമതി ചെയ്യേണ്ടിവന്നില്ല എന്നതാണ് വസ്തുത. മറിച്ച് ഏതൊരു നാട്ടുകാരെയും അമ്പരിപ്പിക്കുന്ന ലൈംഗിക 'അരാജകത്വം' ഇവിടെ ഉണ്ടായിരുന്നു.

ക. മനുഷ്യരെ തമ്മില്‍ കാണാനും അടുക്കാനും അനുവദിക്കാത്ത ജാതിവ്യവസ്ഥയെന്ന ഭ്രാന്ത്.

ഖ. മാറുമറയ്ക്കാതെ നടക്കുന്ന വസ്ത്രധാരണരീതി. ഇനി അഥവാ മറച്ചാലും മേല്‍ജാതിക്കാരെ കാണുമ്പോള്‍ എടുത്തമാറ്റണമെന്ന ചട്ടം.

ഗ. ബഹുഭാര്യാത്വവും ബഹുഭര്‍ത്തൃത്വവും കൂടിക്കുഴഞ്ഞ മരുമക്കത്തായകുടുംബ-ലൈംഗികവ്യവസ്ഥ.

ഇന്നത്തെ തലമുറയ്ക്കന്യമായ ഇതിന്റെ ചില ചിത്രങ്ങള്‍ ഒന്നു പരിചയപ്പെടാം.
കൊച്ചി രാജ്യചരിത്രത്തില്‍ പത്മനാഭമേനോന്‍ പറയുന്നു- നായന്മാര്‍ ബഹുഭര്‍ത്തൃത്വം ആചരിച്ചുവന്ന അപരിഷ്കൃതന്മാരായ ദ്രാവിഡന്മാരുടെ കൂട്ടത്തില്‍ പെടുന്നവരായിരുന്നതിനാല്‍ ബ്രാഹ്മണരുടെ മേല്പറഞ്ഞ നിശ്ചയത്തിനു യാതൊരു ബാധകവുമുണ്ടായിരുന്നില്ല.

ബാര്‍ബോസ പറയുന്നുഃ
നായര്‍ സ്ത്രീകള്‍ ബ്രാഹ്മണരുമായോ നായന്മാരുമായോ ഇഷ്ടംപോലെ രമിച്ചുവരുന്നു. എന്നാല്‍ തങ്ങളില്‍ താണജാതിക്കരായ പുരുഷന്മാരുമായി അവര്‍ രമിക്കാറില്ല. സ്ത്രീകള്‍ക്കു പത്തോ പന്ത്രണ്ടോ വയസ്സുചെന്നാല്‍ അവരുടെ അമ്മ കല്യാണ അടിയന്തരം നടത്തുന്നു. ഈ അടിയന്തരം കഴിഞ്ഞാല്‍ സ്ത്രീക്കു തന്നെക്കാള്‍ താണ ജാതിയല്ലാത്ത ഏതു പുരുഷനോടുകൂടിയെങ്കിലും രമിക്കുന്നതിനു വിരോധമില്ല.

സാമുവല്‍ മെറ്റീര്‍ വിവരിക്കുന്നുഃ
ഏഴ് ഭാര്യമാരെവരെ നിലനിര്‍ത്തിക്കൊണ്ട് നമ്പൂരി ബ്രാഹ്മണര്‍ ബഹുഭാര്യാത്വം തുടര്‍ന്നുപോരുന്നു. നായര്‍, ഈഴവര്‍ തുടങ്ങിയവര്‍ ഇടയ്ക്കിടെ ബഹുഭര്‍ത്തൃത്വം അവലംബിക്കുന്നു. അതായത് ഓരോ ഭാര്യമാരെ സംരക്ഷിക്കാന്‍ കഴിവില്ലാത്തവരോ മനസ്സില്ലാത്തവരോ ആയ രണ്ടോ മൂന്നോ സഹോദരന്മാര്‍ക്ക് ഒരു സ്ത്രീ പൊതുവായ വെപ്പാട്ടിയായി ജീവിക്കുന്നു.

പൊതുവില്‍ ഈ രീതികളെ 'കുത്തഴിഞ്ഞ' ലൈംഗികതയായിട്ടാണ് വിദേശികളൊക്കെ കണ്ടതും തിരുത്താന്‍ ശ്രമിച്ചതും. ഈ രീതികളെ ആദ്യം ശക്തമായി തിരുത്താന്‍ ശ്രമിച്ച ഭരണാധികാരി ടിപ്പുവാണ്, മലബാറില്‍. എന്നാല്‍ ടിപ്പുവിന്റെ മരുമക്കത്തായവിരുദ്ധ വിളംബരത്തെ അക്കാലത്തു ജനങ്ങളും പിന്നീട് ചരിത്രകാരന്മാരും വായിച്ചത് ഇസ്ലാമിലേക്കു മതംമാറ്റുന്ന പ്രക്രിയയായാണ്. എഴുത്തച്ഛനുശേഷം സാംസ്കാരിക അധഃപതനം വായിക്കപ്പെട്ടത് ടിപ്പുവിന്റെ വിളംബരത്തിലായിരുന്നു. ചുരുക്കത്തില്‍ നമ്മുടെ സംസ്കാരത്തിലായിരുന്നു കുഴപ്പം. അല്ലാതെ വിദേശത്തുനിന്നു വന്നതിലായിരുന്നില്ല. വിദേശികളുടെ ഇടപെടലിലൂടെയാണ്- കൊളോണിയല്‍ ആധുനികത- നാം ഇന്നു കാണുന്ന ആധുനികസാംസ്കാരിക 'മാന്യത'യിലേക്കു പ്രവേശിച്ചത്. പത്തൊമ്പത്-ഇരുപത് നൂറ്റാണ്ടുകളിലായി നടന്ന ആ പ്രവര്‍ത്തനങ്ങളില്‍ സമൂഹം മാറിക്കൊണ്ടിരിക്കുമ്പോഴാണ് തങ്ങളൊക്കെ ജീവിച്ചത് 'കുത്തഴിഞ്ഞ' ലൈംഗികതയിലാണെന്ന് ഇവിടുത്തെ പുതുതലമുറ - പുതു വിദ്യാഭ്യാസം ലഭിച്ചവര്‍- തിരിച്ചറിയുന്നത്. അതില്‍ നിന്ന് മോചനം വേണമെന്ന് വാദിക്കാന്‍ തുടങ്ങിയതും. ഇതിനെ അന്നത്തെ പഴയ തലമുറ -കാരണവന്മാര്‍- എതിര്‍ത്തു. മാറ്റം വേണമെന്നു വാശിപിടിച്ച അന്നത്തെ 'ന്യൂ ജെന്‍' നവോത്ഥാനത്തിലൂടെ മുന്നേറി. ഈ 'ലൈംഗികഅരാജകത്വ'ത്തില്‍ നിന്നെല്ലാം മലയാളികളെ രക്ഷിക്കാന്‍ നിയമങ്ങളും ചിന്തകളും പ്രചരിപ്പിച്ചത് വിദേശികളോ അവരോട് ഐക്യപ്പെട്ട 'ന്യൂജെന്‍' തദ്ദേശീയരോ ആണെന്നാണ് വസ്തുത. ഈ പ്രക്രിയയെയാണ് നവോത്ഥാനം എന്നു വിളിക്കുന്നത്. നമുക്ക് സന്ന്യാസം തന്നതുപോലും വിദേശികളാണെന്നുള്ള നാരായണഗുരുവിന്റെ വിഖ്യാതമായ പ്രസ്താവന ഇവിടെയോര്‍ക്കുക.

പ്രശ്നം സംസ്കാരം എന്നവാക്കിനു നാം നല്കുന്ന പരമശുദ്ധമായ ഒന്നാണ് എന്ന നിര്‍വ്വചനത്തിന്റെയാണ്. അത് തീര്‍ത്തും തെറ്റാണ്. കേരളസമൂഹം ഉണ്ടായ ആദിമ കാലത്തില്‍നിന്നേ ഉണ്ടായ ശുദ്ധമായ, നല്ലതായ ശീലങ്ങളുടെയും ആചാരങ്ങളുടെയും രൂപമാണ് നമ്മുടെ സംസ്കാരമെന്ന് പലരും കരുതുന്നു. ഇതിനെയാണ് തനിമ എന്നു വിളിക്കുന്നതും. ഇവയുടെ ഒരു വകഭേദമായാണ് സദാചാരമെന്നൊക്കെ പറയുന്നത്. ഗോത്രകാലത്തുനിന്നു ഫ്യൂഡലിസത്തിലേക്കും അവിടെനിന്ന് ആധുനികതയിലേക്കും പരിണമിച്ചവരാണ് നമ്മള്‍. ഇതില്‍ ഓരോ ഘട്ടത്തിലും ആചാരങ്ങളും ശീലങ്ങളും വഴക്കങ്ങളും പരസ്പരബന്ധമില്ലാതെ മാറിക്കൊണ്ടിരുന്നു. മുകളില്‍ നിന്ന് കെട്ടിയിറക്കപ്പെടുന്ന ആരുമറിയാതെ സംഭവിക്കുന്ന മാറ്റങ്ങളല്ലിവ. കൂടുതല്‍ ജനാധിപത്യവല്കരിക്കപെടാനുള്ള സമൂഹത്തിന്റെ വാഞ്ഛയില്‍ നിന്നാണ് ഇത് സാദ്ധ്യമാകുന്നത്.

പരസ്പരമുള്ള വിവിധ സമൂഹങ്ങളുടെ കൊടുക്കല്‍ വാങ്ങലുകളിലൂടെയാണ് സംസ്കാരവും പരിവര്‍ത്തിക്കപ്പെടുന്നത്. നമ്മുടേതുമാത്രമായ അഹന്തയ്ക്കവിടെ പ്രസക്തിയില്ല. അതിനാല്‍ സംസ്കാരം എന്നു പറയുന്നത് ശുദ്ധമായ തനിമയുടെ വ്യവസ്ഥയല്ല, മറിച്ച് ഓരോ കാലത്തെയും സാമുഹ്യജീവിതത്തിന്റെ പലതട്ടുകളുള്ള വ്യവസ്ഥ മാത്രമാണ്. അതില്‍ ശുദ്ധിക്കോ പവിത്രതയ്ക്കോ യാതൊരു സ്ഥാനവുമില്ല. സാമ്പത്തിക- ജാതി- ലിംഗ ബന്ധങ്ങളുടെ വ്യവസ്ഥയാണത്. അതിനാല്‍ ചിലരുടെ ആചാരങ്ങളെ സദ് ആക്കുന്ന സദാചാരത്തിനും പ്രസക്തിയില്ല. ഏതെങ്കിലും ചിലതിനെയൊക്കെ സംസ്കാരമെന്ന പേരില്‍ ഉയര്‍ത്തിക്കാട്ടുന്നതുതന്നെ (ഉദാ. കഥകളി, മുണ്ട്, മുതലായവ) ആ കാലത്തിലെ ആധിപത്യവ്യവസ്ഥയെയാണ് വ്യക്തമാക്കുന്നത്. നിലവില്‍ കേരളീയതയെന്നു പറഞ്ഞ് ഉന്നയിക്കുന്ന പലതും നമ്മുടെ ഫ്യൂഡല്‍-ജാതിവ്യവസ്ഥയുടെ ബ്രാഹ്മണിക്കല്‍ ബോധത്തിന്റെ ആധിപത്യമാണ് കാണിക്കുന്നത്. ഈ ആധിപത്യത്തിന് അടിപ്പെട്ടുകൊണ്ടാണ് ശുദ്ധമായ സംസ്കാരത്തെക്കുറിച്ചൊക്കെ ഇന്ന് സംസാരിക്കുന്നത്. ഈ ശുദ്ധി, ജാതിവ്യവസ്ഥയുടെ, ബ്രാഹ്മണ്യത്തിന്റെ ശുദ്ധാശുദ്ധിയുടെ ബാക്കിയാണുതാനും.

3

ബഷീറിന്റെ ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് എന്ന നോവലില്‍ കുഞ്ഞുപാത്തുമ്മായുടെ ബാപ്പയും ഉമ്മയും പറഞ്ഞുകൊണ്ടിരുന്നത് അവരുടെ ഉപ്പൂപ്പാക്ക് വല്യകൊമ്പനാന ഉണ്ടെന്നാണ്. പക്ഷേ കഥാന്ത്യത്തില്‍ ആ ആന വെറും കുയ്യാനയായിരുന്നുവെന്ന് തിരിച്ചറിയപ്പെടുന്നു.

ബരട്ടെടീ ഉമ്മാ ഉച്ചത്തില്‍ നാടൊടുട്ടുക്കും കേള്‍ക്കത്തക്കവിധത്തില്‍ പറഞ്ഞു- നിന്നെ അവരിക്ക ഒന്നു കാണട്ടെ. ആനമക്കാരിന്റെ പുന്നാരമോട പുന്നാരമോളെ അവരിക്ക ഒന്നു കാണട്ടെ. ന്റുപ്പുപ്പാക്കേ ഒരാനേണ്ടാര്‍ന്ന് - ബല്യ ഒര് കൊമ്പനാന.

അദ് കുയ്യാനേര്‍ന്ന് മൂക്കട്ട ഒലിക്കുന്ന മുഖത്തോടും ചൊറിപിടിച്ച കൈകളോടും കൂടിയ കറുത്ത ഒരു മുഴം പൊക്കമുള്ള ഒരു അടിമ പറഞ്ഞു - കുയ്യാന കുയ്യാന.

കുഞ്ഞുതാച്ചുമ്മായ്ക്ക് സഹിക്കാന്‍ കഴിയുമോ? മഹാപ്രതാപത്തിന്റെ ചരിത്രസൗധം തകര്‍ന്നിരിക്കുന്നു...................

അവര്‍ ഒന്നടങ്കം ആഹ്ലാദത്തോടെ ആര്‍ത്തുവിളിച്ചു.

ആനമക്കാരിന്റെ ബല്യകൊമ്പനാന കുയ്യാനേര്‍ന്ന്...കുയ്യാന....

നമ്മള്‍ പൊക്കിക്കൊണ്ടുനടക്കുന്ന കേരളീയ/ ഭാരതീയസംസ്കാരവും ഇതുപോലെയാണ്. കൊമ്പനാനയുടെ എടുപ്പാണ് നമുക്ക് സംസ്കാരം. അതൊക്കെ കാണാന്‍ ഭംഗിയില്ലാത്ത വെറും കുയ്യാനകളാണെന്ന് പുതുതലമുറ, അഥവാ സാമൂഹികമാറ്റങ്ങള്‍ പറയും. പറഞ്ഞു നിര്‍വൃതികൊള്ളാന്‍ കഴിയുന്ന ഒന്നായാണ് നമ്മുടെ സംസ്കാരത്തെ നാം വച്ചിരിക്കുന്നത്. ജനാധിപത്യമില്ലാത്ത അത് പരിവര്‍ത്തിക്കപ്പെടണമെന്ന് കാലം പറയുമ്പോള്‍ തകര്‍ന്നുപോവുകയോ പരിഭ്രമിക്കുകയോ ചെയ്യും- കേരളത്തിലെ തറവാടുകള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ ഇതുപോലെ അന്നത്തെ പഴയ തലമുറയുടെ നിലവിളിയുണ്ടായി. അപ്പോഴാണ് സംരക്ഷകവേഷം കെട്ടുന്നവരുടെ, യഥാസ്ഥിതികരുടെ, ആധിപത്യത്തിന്റെ, അക്രമത്തിന്റെ കുറുവടി ഉപയോഗിക്കപ്പെടുന്നത്. കേരളത്തില്‍ കുറച്ചുകാലമായി സംഭവിക്കുന്ന അവസ്ഥ ഇതാണ്. ആഗോളീകരണത്തിലൂടെ രൂപപ്പെട്ട പുതുതലമുറ, നിലവിലുള്ള സംസ്കാരത്തിന്റെ എടുപ്പുകളെ പ്രശ്നവല്കരിക്കുന്ന ഇടപെടലുകളിലാണ്. അതിനെ കൊമ്പനാനയുടെ ഓര്‍മ്മകള്‍കൊണ്ട്, കഥകള്‍കൊണ്ട് വൃഥാ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ് ഇവിടുത്ത സംസ്കാരത്തിന്റെ കാവല്‍ഭടരെന്നു വിളിക്കുന്നവര്‍ അല്ലെങ്കില്‍ അങ്ങനെ സ്വയം വിശ്വസിക്കുന്നവര്‍. തങ്ങള്‍ ഓമനിക്കുന്ന കൊമ്പനാനകള്‍ കുഴിയാനകളായി തങ്ങളെ നോക്കിച്ചിരിക്കുന്നത് അവര്‍ കാണുന്നതേയില്ല.
------------------------------------------
പിന്‍കുറി

പി.കെ ബാലകൃഷ്ണന്റെ എഴുത്തച്ഛന്റെ കല (കറന്റ് ബുക്സ് തൃശൂര്‍), കെ.പി പത്മനാഭമേനോന്റെ കൊച്ചി രാജ്യചരിത്രം (മാതൃഭൂമി), പത്മനാഭനുണ്ണിയുടെ പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം (ബാര്‍ബോസയുടെ വിവരണം) (കേരള സാഹിത്യ അക്കാദമി), സാമുവല്‍ മെറ്റീറിന്റെ നേറ്റീവ്സ് ഇന്‍ ട്രാവന്‍കൂര്‍ എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം ഞാന്‍ കണ്ട കേരളം (കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട്), ശ്രീധരമേനോന്റെ കേരളചരിത്രം എന്നിവയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പ്രധാനപുസ്തകങ്ങള്‍. കേരളചരിത്രസംബന്ധിയായ പലരുടെയും പുസ്തകങ്ങളിലെ ആശയങ്ങള്‍ ഇതില്‍ കടന്നുവരുന്നുണ്ട്. പ്രധാനമായും പി കെ ബാലകൃഷ്ണന്റെ ജാതിവ്യവസ്ഥിതിയും കേരളചരിത്രവും എന്നത്. കേരളത്തിലെ ഫ്യൂഡല്‍കാലത്തെ ലൈംഗികത കുത്തഴിഞ്ഞതായ ഒന്നായാണ് ആധുനികകാലത്ത് പലരും നിരീക്ഷിച്ചത്. അത് ആധുനിക ലൈംഗികബോധത്തില്‍ നിന്നുകൊണ്ട് മരുമക്കത്തായത്തെ മനസ്സിലാക്കുന്നതില്‍ സംഭവിച്ച പിഴവായാണ് ഇന്ന് മനസ്സിലാക്കുന്നത്. അല്പം സങ്കീര്‍ണമാണ് കേരള സാമൂഹികചരിത്രത്തിന്റെ ഇക്കാലത്തെ വായന എന്നതാണ് വസ്തുത. സദാചാരത്തിന്റെ സങ്കുചിത കാഴ്ചവട്ടങ്ങള്‍ ഇവിടെ എറിഞ്ഞുടയ്ക്കപ്പെടുകതന്നെ ചെയ്യും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലും ജനിച്ച നവോത്ഥാനനായകരായി പലരുടെയും ആത്മകഥകള്‍ മതി നമ്മുടെ ഇന്നത്തെ ലൈംഗികസദാചാരരോഗം ചികിത്സിക്കുവാന്‍. വിസ്തരഭയത്തിലാണ് അവ ഒഴിവാക്കിയത്. കൂടുതല്‍ ചര്‍ച്ചയ്ക്ക് ഈ ലേഖകന്റെ ആധുനികതയുടെ പാഠങ്ങള്‍- മലയാള കവിയുടെ സ്ത്രീപക്ഷരാഷ്ട്രീയം എന്ന പുസ്തകം (കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട്) കാണുക.

Subscribe Tharjani |
Submitted by Suresh Potteckat (not verified) on Tue, 2014-11-18 19:05.

നല്ല നിരീക്ഷണങ്ങള്‍. അഭിനന്ദനങ്ങള്‍.

Submitted by പ്രദീപ് പുരുഷോത്തമന്‍ (not verified) on Sun, 2014-11-23 19:55.

'ചുംബനസമര' (അങ്ങനെ പേരിട്ട 'മാദ്ധ്യമസംസ്കാരി'കര്‍ക്ക് പ്രണാമം! എന്തൊരു പേര്!) ത്തെ അടിസ്ഥാനപ്പെടുത്തിയ വിലയിരുത്തലുകളില്‍ വളരെ ന്യായയുക്തവും യുക്തിഭദ്രവും സത്യസന്ധവുമായി ഈ വിലയിരുത്തല്‍. നിറം പിടിപ്പിക്കാത്ത കേരളചരിത്രം അറിയുന്നവര്‍ക്ക് (അറിയേണ്ടവര്‍ക്കും) വളരെ ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍. ലോഗന്റെ മലബാര്‍ മാന്വലിലും ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.. വളരെ നന്നായി, ഈ വിലയിരുത്തല്‍. അഭിനന്ദനങ്ങള്‍!

Submitted by ഒ. കെ. സുദേഷ് (not verified) on Tue, 2014-11-25 10:50.

ദുവാർത്തെ ബാർബോസ (1480-1521) എന്ന പോർത്തുഗൽ സ്വദേശി സഞ്ചാരിയും എഴുത്തുകാരനും (നോട്ടറി) ആയിരുന്നു. ചില സമയങ്ങളിൽ അദ്ദേഹം വിവർത്തകനായും ജോലിചെയ്തുപോന്നു. ‘പോർത്തുഗീസ് ഇൻഡ്യ’ യുടെ ഓഫീസറായിരുന്ന കാലത്ത് (1500-1517) അദ്ദേഹം മലബാറിനെ പറ്റിയും നായന്മാരെ പറ്റിയും എഴുതിയതാണ് യാക്കോബ് തോമസിന്റെ ലേഖനത്തിൽ കാണുന്നത്.

ആട്ടെ, മറ്റു ചിലർ ഇതേ വിഷയത്തെ പറ്റി എഴുതിയതും ഒന്നു നോക്കേണ്ടേ?

“A Commentary on Malabar Law and Custom” എന്നൊരു പുസ്തകമുണ്ട്. 1882-ൽ രചിച്ചത്. എഴുതിയത് Herbert Wigram. കക്ഷി ദക്ഷിണ മലബാറിലെ ഡിസ്ട്രിക്ട് ജഡ്ജിയായിരുന്നു. അതിൽ ‘സംബന്ധ’ത്തിന് കൊടുക്കുന്ന ഹ്രസ്വ വിവരണം ഇങ്ങിനെയാണ്.

“തങ്ങളുടെ (നായർ പുരുഷന്മാരുടെ) ഭാര്യമാരിലും കുട്ടികളിലും സ്നേഹവും അടുപ്പവും ഉണ്ടാവുന്നത് തടയാൻ വേണ്ടി ഉണ്ടാക്കിയ വിചിത്രമായ നിയമമാണ് സംബന്ധം എന്നത്. കുടുംബ സംരക്ഷണ താല്പര്യം തടഞ്ഞാൽ അവരുടെ ശ്രദ്ധയെ കൂടുതൽ രണോത്സുകതയിലേയ്ക്ക് സമർപ്പിയ്ക്കാം എന്നതായിരുന്നു ഉദ്ദേശ്യം. കാരണം യുദ്ധം ചെയ്യാൻ നിയുക്തമായ ജന്മങ്ങളായിരുന്നു അവർക്ക്.”

ഇനി, ‘Malabar Manual’ (1887) എന്ന വിശ്രുത ഗ്രന്ഥം എഴുതിയ William Logan അതിൽ ‘സംബന്ധ’ത്തെ കുറിച്ച് നല്കിയ വിവരണം എന്തെന്ന് നോക്കൂ:
“നിയമത്തിന്റെ സൈദ്ധാന്തിക തലത്തിൽ ഈ തരം ബന്ധങ്ങൾ സ്വാതന്ത്ര്യം അനുവദിയ്ക്കുന്നുണ്ടെങ്കിലും ദാമ്പത്യ വിശ്വസ്തത എന്നത് വളരെ സാധാരണമായിരുന്നു. വിവാഹബന്ധം എന്നത് മറ്റൊരിടത്തും കാണാത്ത വിധം കണിശമായി ആചരിയ്ക്കുകയും മാനിയ്ക്കുകയും ചെയ്തിരുന്നു. അതിന്റെ സംരക്ഷണം മറ്റൊരു കാര്യത്തിലും കാണാത്ത വിധം സ്പർദ്ധയോടെ ജാഗ്രമാക്കുകയും ചെയ്തിരുന്നു. അതിൽ വരുന്ന ഉപേക്ഷയെ നിഷ്ഠൂരമായ പ്രതികാരക്രിയകളാൽ പകവീട്ടുകയും ചെയ്തിരുന്നു. നിയമത്തിലെ അയവുകളും പഴുതുകളും വ്യക്തിഗതമായ നിരീക്ഷണത്തേയോ ആചാരബദ്ധതയേയോ അതീവ സൂക്ഷമമാക്കുമല്ലൊ. കാരണം, അതിന്റെ അഭാവം അവർക്കുതന്നെയാണല്ലൊ നഷ്ടമുണ്ടാക്കുക.”

(ഈ രണ്ടു ഉദ്ധരണികളുടേയും ഒറിജിൻ വിക്കിപീഡിയയിൽ നിന്നാണ്. Sambandam എന്ന് സെർച്ച് ചെയ്താൽ അത് കണ്ടെത്താം. വിവർത്തനം എന്റേതാണ്.)

ലോഗന്റെ ‘മലബാർ മാന്വൽ’-നെ പിന്തുടർന്നാണ് Charles Alexander Innes എന്ന ബ്രിട്ടീഷ് ബർമ്മ ഗവർണ്ണർ തന്റെ ‘Malabar Gazatteer’ എഴുതുക. അത് 1908-ലാണ് പ്രകാശനം ചെയ്തത്. മലബാർ മാന്വലിന് 21 വർഷം ശേഷം. ഈ ഗ്രന്ഥത്തിലും ചിലപ്പോഴെല്ലാം അതിശയോക്തം എന്ന് തോന്നിയ്ക്കുന്ന നായർ സംബന്ധ വിവരണമുണ്ട്.

“Castes and Tribes of Southern India” (1909) എന്ന ഏഴു വോല്യം വിജ്ഞാനകോശം തയ്യാറാക്കിയ Edgar Thurstan –ഉം K. Rangachari –യും മ്യൂസിയോളജിസ്റ്റുകളായിരുന്നു. ലോഗന്റെ മലബാർ മാന്വലിനു 22 വർഷം ശേഷമാണ് ഇത് പുറത്ത് വന്നത്. ഇതിൽ അവിശ്വസനീയമെന്നു തോന്നാവുന്ന നായർ-സംബന്ധ വിവരണങ്ങളുണ്ട്.

നായർ പെൺകുട്ടി ഋതുമതിയായാൽ അവളെ കെട്ടുകല്യാണം നടത്തും. ഇണങ്ങനോ വല്ല ശാന്തിക്കാരനൊ ആയിരിയ്ക്കും ആ താല്ക്കാലിക വരൻ. വരനാണെങ്കിലും ഡിഫ്ളവർ ചെയ്യാൻ അയാൾക്ക് അനുവാദമില്ല. കെട്ടുകല്യാണം നടത്തുക, അതിനുള്ള പ്രതിഫലം പറ്റി പോവുക --അതാണയാളുടെ ഡ്യൂട്ടി. അതു കഴിഞ്ഞ് പെൺകുട്ടിയുടെ അമ്മ നല്ല ചെറുപ്പക്കാരെ കണ്ടു യാചിയ്ക്കുമത്രെ. എന്റെ മകളെ ഒന്ന് ഡിഫ്ളവർ ചെയ്യൂ ചെയ്യൂ എന്ന്. പലരും മാനക്കേട് ഓർത്ത് അതിനു തയ്യാറാവുകയില്ലത്രെ! തയ്യാറാവുന്നവരെ മണവാളൻ എന്ന് വിളിയ്ക്കും. അത്തരക്കാർ പൊതുവെ കാമകലയിൽ വൈദഗ്ദ്യമുള്ളവരായിരിയ്ക്കുമത്രെ. അവർ ഒരിയ്ക്കൽ പെൺകുട്ടിയെ ഡിഫ്ളവർ ചെയ്തു കഴിഞ്ഞാൽ പിന്നെ പെൺകുട്ടി സർവ്വസ്വതന്ത്രയായി. പിന്നെയങ്ങോട്ട് അവളുടെ ഇഷ്ടജീവിതവും അനിയന്ത്രിതമായ ലൈംഗികതയുമാണ്. ഈ പുസ്തകങ്ങൾ ഇന്റർനെറ്റ് ആർക്കൈവ്സിൽ ഫ്രീയായി ലഭ്യമാണ്. കുത്തിയിരുന്നു നോക്കണമെന്ന് മാത്രം.

ദക്ഷിണ ഏഷ്യൻ ഹിസ്റ്ററിയിൽ നിഷ്ണാതനായ പ്രൊഫസർ ക്രിസ്പിൻ ബെയ്റ്റ്സിനു ഈ ഗ്രന്ഥ സമുച്ചയത്തെ പറ്റി സമീപ കാലത്ത് നടത്തിയ ഒരു കമന്റുണ്ട്.
“ഭയജനകവും ഓറിയന്റലിസ്റ്റ് സങ്കല്പന രീതികളും! എത്നോഗ്രഫിൿ സർവെകളിൽ ഏറ്റവും അപഹാസ്യമായ പഠനം തേഴ്സ്റ്റൺ-ന്റെ ദക്ഷിണ ഇൻഡ്യയെ കുറിച്ചുള്ളതാണ്. തേഴ്സ്റ്റൺ ബ്രിട്ടീഷ്-മദ്രാസ് സർക്കാരിന്റെ മ്യൂസിയം ക്യൂറേറ്ററായിരുന്നു. അതിനാൽ പൂമ്പാറ്റകളെയും സസ്യങ്ങളേയും തിരഞ്ഞുപിടിച്ച് പിന്നിങ്ങും ലേബലിങ്ങും നടത്തി കാറ്റഗറൈസ് ചെയ്യുന്ന പോലെ ഇൻഡ്യക്കാരുടെ വംശമാതൃകകളും കാറ്റഗറൈസ് ചെയ്യാമെന്ന് കരുതി ചെയ്ത വർക്കാണത്.”

ഇതൊക്കെ ഹെർബർട്ട് വിഗ്രാമും വില്യം ലോഗനും എഴുതിയവകളുമായി തട്ടിച്ചു നോക്കുക.

കംഫർട്ടബ്ൾ ആയ തെളിവു കിട്ടി എന്ന് വിചാരിച്ച് (കാരണം ലോഗനേയും വിൻ ഗ്രാമിനേയും യാക്കോബ് കണ്ട ഭാവം നടിയ്ക്കുന്നില്ല) അൺറീസണബ്ൾ ആയ തീരുമാനങ്ങളിൽ ചെന്ന് ചാടരുത്. റീസണിങ് എന്നത് ഒരു മഹത്തായ ഫാക്കൾട്ടിയാണ്. വെള്ളക്കാരൻ എഴുതിയാൽ സത്യസന്ധമായിരിയ്ക്കും എന്ന് ഉറപ്പിയ്ക്കരുത്. അവർക്ക് ദുഷ്ടലാക്കുണ്ടായിരിയ്ക്കും എന്നൊന്നുമല്ല സൂചന. അന്യസംസ്കാരങ്ങളെ വിവരിയ്ക്കുമ്പോൾ മുൻ വിധിയോടെ സമീപിയ്കാം, അപക്വമായി എഴുതാം, അശ്രദ്ധമായി എഴുതാം, കോണ്ടസെൻഡിങ്ങ് ആയി എഴുതാം, അബദ്ധം ഇഴഞ്ഞുകയറാം, തെറ്റായി നയിയ്ക്കപ്പെടാം --അങ്ങിനെ പലതും അവർക്കും സംഭവിയ്ക്കാം. പലപ്പോഴും ഈ അന്യഭാഷാ സഞ്ചാരികൾ അക്കാലത്ത് കേട്ടുകേൾവിയിലൂടെ ഒക്കെയായിരിയ്ക്കും ഡാറ്റ സ്വരൂപിയ്ക്കുക. ഹിന്ദു മേൽജാതികൾ അക്കാലത്ത് കർശനമായി അയിത്തം പുലർത്തിയിരുന്നവരായിരുന്നു. അത് മുറിച്ച് കടന്ന് ഡാറ്റ ശേഖരിയ്ക്കാൻ എന്തായാലും പോർത്തുഗീസ് സഞ്ചാരികൾക്ക് ആവുമായിരുന്നില്ല. അവർ ആദ്യ വരത്തന്മായിരുന്നല്ലൊ. അവരോട് അന്നത്തെ കേരളീയർക്ക് നല്ല റെസിസ്റ്റൻസും ഉണ്ടായിരുന്നു. ഗോവയെ പോലെ എളുപ്പമല്ലായിരുന്നു പോർത്തുഗീസുകാർക്ക് അന്നത്തെ കേരളം. മുടിഞ്ഞ വയലൻസ് കാരണം അത്രയ്ക്ക് സ്വാധീനം ഉറപ്പിയ്ക്കാനുമവർക്ക് കഴിഞ്ഞിരുന്നില്ല. അവരുടെ (പോർത്തുഗീസ്/സ്പാനിഷ്) യാത്രകളുടെ മുഖ്യ ഉദ്ദേശ്യം കിഴക്കൻ ദേശങ്ങളെ ക്രിസ്ത്യാനികളാക്കി പരിവർത്തിപ്പിച്ച് അവരുടെ രാജ്ഞിയുടെ പ്രജകളാക്കുക എന്നായിരുന്നു. പുറമെ സമ്പത്ത് കൊള്ളയടിയ്ക്കുകയും.

ഇന്നത്തെ സദാചാരം വെച്ചല്ല ചരിത്രകാലത്തെ മനുഷ്യബന്ധങ്ങളെ വിലയിരുത്തേണ്ടത്. ഉദാഹരണത്തിന് നമ്പൂതിരിമാർ സംബന്ധങ്ങളിൽ ഏർപ്പെട്ടതിനെ ഒന്നു നോക്കാം:

നമ്പൂതിരിമാരുടെ ദായക്രമത്തിലെ ഒരു അസൌകര്യമായിരുന്നു അവർക്ക് ‘സംബന്ധം’ പോലുള്ള വിവാഹബന്ധം തരപ്പെടുത്താൻ വഴിവരുത്തിയിരുന്നത്. അവരിൽ ആദ്യ പുരുഷസന്താനത്തിനു മാത്രമെ സ്വജാതിയിൽ നിന്ന് വേളി കഴിയ്ക്കാനാവൂ അക്കാലത്ത്. സ്വത്ത് സംരക്ഷിയ്ക്കാനുള്ള ഒരു മുറ മാത്രമായിരുന്നു അത്. ശേഷം വരുന്ന സഹോദരർക്ക് സ്വജാതിയിൽ വിവാഹം നിഷിദ്ധമായിരുന്നു. അതിനാലാണ് അവർ മറ്റു ജാതികളിൽ (തമ്പുരാൻ/നായർ/അമ്പലവാസികൾ) ‘സംബന്ധം’ നടത്തിയിരുന്നത്. നായന്മാരും ചില അമ്പലവാസിജാതികളും മാതൃദായക്രമം പിന്തുടർന്നതിനാൽ ആ വക ബന്ധങ്ങളിലുണ്ടാവുന്ന സന്തതികൾ അമ്മ വീട്ടുകാർക്ക് അവകാശപ്പെട്ടതായിരുന്നു. അവർക്ക് സംരക്ഷണച്ചിലവ് കൊടുത്താൽ മതിയായിരുന്നു. ഓരോ ദിവസവും ഓരോ നമ്പൂതിരി എന്നോ അതിനിടയ്ക്ക് ഓരോ നായർ എന്നോ അല്ല അതിനർത്ഥം. സംബന്ധം എന്നത് വേശ്യാവൃത്തി ആയിരുന്നില്ല. അതൊരു വിവാഹ സമ്പ്രദായമായിരുന്നു. അതിനും നിയമങ്ങൾ ഉണ്ടായിരുന്നു. ഇന്നത്തെ നിലയിൽ സ്വീകരിയ്ക്കാൻ ബുദ്ധിമുട്ടുള്ള ബന്ധ-രീതികൾ തന്നെയായിരിയ്ക്കാം. അതിൽ അപവാദങ്ങളും ഉണ്ടാവാം. അത് ഇക്കാല വിവാഹങ്ങളിലും കാണാം. അതിനാൽ മുഴപ്പിച്ച് കാണിച്ച് അതിൽ നിന്ന് സാമാന്യവല്ക്കരണം നടത്തുന്നത് പണ്ഡിതോചിതമല്ല.