തര്‍ജ്ജനി

മുഖമൊഴി

ജാതിവാലുകള്‍ തെഴുത്തുവളരുന്ന ജീര്‍ണ്ണകേരളം

മലയാളികള്‍ക്ക് പ്രിയപ്പെട്ട പദങ്ങളിലൊന്നാണ് നവോത്ഥാനം. രാഷ്ട്രീയക്കാര്‍ക്കും സാംസ്കാരികനായകന്മാര്‍ക്കും പ്രസംഗിക്കാനും എഴുതാനും പുളകംകൊള്ളാനും ഇത്രത്തോളം രസമായി വേറെ ഒരു വാക്കില്ല. വി.ടി.ഭട്ടതിരിപ്പാടില്‍ നിന്ന് ആരംഭിച്ച് അയ്യങ്കാളിയിലും ശ്രീനാരായണഗുരുവിലുമൊക്കെയായി വളര്‍ന്ന നവോത്ഥാനത്തെക്കുറിച്ച് സഹതാപജനകമായ ചരിത്രബോധത്തോടെ സംസാരിക്കുന്നവരെ നാം കാണാറുണ്ട്. സര്‍വ്വകലാശാലാപാഠപുസ്തകം നവോത്ഥാനപാഠങ്ങള്‍ സമാഹരിച്ചപ്പോള്‍ അത് ആരംഭിക്കുന്നത് വി.ടി. ഭട്ടതിരിപ്പാടില്‍ നിന്നുമായിരുന്നു!!! നമ്പൂതിരിയെ മനുഷ്യനാക്കുകയായിരുന്നല്ലോ കേരളത്തിന്റെ വലിയ പ്രശ്നം!!!

വഴിനടക്കാന്‍ സ്വാതന്ത്ര്യമില്ലാതെ, മനുഷ്യന്റെ അന്തസ്സ് അംഗീകരിക്കപ്പെടാത്ത അവസ്ഥയില്‍ അതിനെതിരെ നടന്ന പോരാട്ടത്തിലൂടെ രൂപപ്പെട്ട് കരുത്താര്‍ജ്ജിച്ച നവോത്ഥാനചരിത്രമാണ് കേരളത്തിന്റേത്. സമൂഹത്തിന്റെ ഏറ്റവും കീഴ്ത്തട്ടില്‍ നിന്നും ആരംഭിച്ച് പതുക്കെ, അനുക്രമം മുകള്‍ത്തട്ടിലേക്ക് വളരുന്ന നവോത്ഥാനസമരങ്ങള്‍ അയ്യങ്കാളിയില്‍ നിന്നും ആരംഭിച്ച് യോഗക്ഷേമസഭയില്‍ ചെന്നെത്തിനില്ക്കുന്നത് കാണാന്‍ ആര്‍ക്കും സാധിക്കും. പക്ഷെ നവോത്ഥാനനായകരെപ്പറ്റി പറയേണ്ടിവരുമ്പോള്‍ വി.ടിയില്‍ നിന്നും ആരംഭിക്കുന്നത് നമ്മുടെ നവോത്ഥാനം ഇന്ന് ചെന്നെത്തിനില്ക്കുന്ന ജാതീയതയുടെ പ്രശ്നം കാരണമാണ്. ഇക്കാരണത്താലാണ് ആദിവാസികളും ദലിത് സമൂഹങ്ങളും നടത്തുന്ന ജീവിക്കുവാനുള്ള സൌകര്യങ്ങള്‍ക്കുവേണ്ടിയുള്ള സമരം നമ്മുടെ മുഖ്യധാരാസമൂഹം കാണാതെപോകുന്നത്. തിരുവനന്തപുരത്തെ ഭരണകേന്ദ്രത്തിനു മുന്നില്‍ നില്പ് സമരം നടത്തുന്ന ആദിവാസികളുടെ കാലുപിടിക്കാനും കാലില്‍ മുത്താനും ചിലര്‍ക്ക് തോന്നിയത് കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍ സന്മാര്‍ഗപോലീസിംഗിനെതിരെ പ്രതിഷേധിച്ച് കിസ് ഓഫ് ലവ് ചുബനപ്രതിഷേധം സംഘടിപ്പിക്കുമെന്ന് പറഞ്ഞപ്പോഴായിരുന്നു. പ്രബുദ്ധകേരളത്തിന്റെ ജീര്‍ണ്ണസാന്മാര്‍ഗ്ഗികത വെളിപ്പെട്ടുപോയപ്പോഴായിരുന്നു, അവര്‍ തിരുവനന്തപുരത്തേക്ക് വണ്ടികയറി ആദിവാസികളുടെ സമരം പ്രധാനമാണെന്ന് കണ്ടെത്തിയത്.

വിദ്യകൊണ്ട് പ്രബുദ്ധരാവുകയും സംഘടനകൊണ്ട് ശക്തരാവുകയും ചെയ്ത നവോത്ഥാനകേരളം തന്‍കാര്യത്തിനപ്പുറത്ത് മറ്റൊന്നിലും താല്പര്യമില്ലാത്തവരായി മാറുകയായിരുന്നില്ലേ? രാഷ്ട്രീയവും അധികാരവുമെല്ലാം തന്‍കാര്യത്തിനുള്ള വഴികള്‍ മാത്രമാക്കി മാറ്റിയെടുക്കുകയായിരുന്നില്ലേ? അവിടെ തന്റെ കാര്യം സാധിക്കാന്‍ സ്വന്തം ജനത്തെ കണ്ടെത്താന്‍ ജാതിയും മതവും പ്രാദേശികതയുമെല്ലാം വഴികളാവുകയായിരുന്നില്ലേ? വെട്ടിമാറ്റിയ ജാതിവാലുകള്‍ തെഴുത്തു വളരുന്നത് സ്വാര്‍ത്ഥം സാധിക്കാനുള്ള കൊടിയടയാളങ്ങളായിട്ടല്ലേ?

ജാതിവാലുകള്‍കൊണ്ട് എന്താണ് പ്രയോജനം? കലോത്സവങ്ങളില്‍ ക്ലാസ്സിക്കല്‍ പാട്ടിനും നൃത്തത്തിനും ജാതിവാലുകള്‍ ബോണസ് മാര്‍ക്ക് നല്കുമെന്ന് പരക്കെ പറഞ്ഞുകേള്‍ക്കുന്ന അപവാദമാണ്. നമ്മള്‍ ഒരേ കൂട്ടരാണ് എന്ന് അന്വേഷിക്കാതെ തന്നെ അറിയിക്കാനുള്ള അടയാളമായിട്ടല്ലേ ജാതിവാലുകള്‍ ഉപയോഗിക്കപ്പെടുന്നത്? കുട്ടികള്‍ക്ക് പേരിടുമ്പോള്‍ ഇല്ലാത്ത വാല് സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധാപൂര്‍വ്വം കൂട്ടിച്ചേര്‍ക്കുകയാണ്. നഷ്ടപ്പെട്ടുപോയ സവര്‍ണ്ണാധികാരം പുനഃസ്ഥാപിച്ചെടുക്കാനുള്ള ഈ കുതന്ത്രം പരിഷ്കൃതരമല്ലാത്ത ഒരു സമൂഹത്തിന്റെ അധമചോദനകളെ തന്നെയല്ലേ പ്രതിനിധീകരിക്കുന്നത്.

ഈ വിഷയത്തെക്കുറിച്ച് സക്കറിയ ഞങ്ങള്‍ക്ക് നല്കിയ കുറിപ്പ് ചുവടെ ചേര്‍ക്കുന്നുഃ

ഫോട്ടോ: കെ. ആര്‍. വിനയന്‍

Subscribe Tharjani |
Submitted by ഒ. കെ. സുദേഷ് (not verified) on Sun, 2014-11-16 07:37.

ജാതിയിൽ നിങ്ങൾ വിശ്വസിയ്ക്കുന്നില്ലെങ്കിൽ, ജാതി ഇന്ന് ഇഫക്ടീവ് അല്ലെങ്കിൽ പേരിനു പിന്നിൽ അവ പ്രത്യക്ഷപ്പെട്ടാൽ എന്താണ് പ്രശ്നം? ഇട്ടവരുടെ പ്രശ്നമാണോ കേട്ടവരുടെ പ്രശ്നമാണോ --പ്രശ്നം? 'സക്കറിയ' എന്ന പേര് നോക്കൂ. അതിൽ ഒരാളുടെ മതത്തെ സൂചിപ്പിയ്ക്കുന്ന വല്ലതുമുണ്ടോ? എന്തായാലും ഒരു ഹിന്ദു രീതി പിന്തുടരുന്നവർ ഇടുന്ന പേരല്ല. പിന്നെ എന്തിനാണ് ഈ സാഹിത്യകാരൻ ഇത് ചുമക്കുന്നത്? അദ്ദേഹം മതം പിന്തുടരുന്നവനല്ല എന്നതിന് ഉദാഹരണമായി ചില എഴുത്തെല്ലാം കാണാം. പക്ഷെ പേരിൽ നിന്ന് ഊറി വരുന്ന ആ മതസാംസ്ക്കാരിക സൂചകം കളയാത്തതെന്ത്? എന്തുകൊണ്ട് എക്സ് എന്ന് മാറ്റിയിടുന്നില്ല. മണ്ടത്തരം പറയുന്നതിനും അതിര് വെയ്ക്കണം. ഹിന്ദുനാമസ്ഥർക്ക് മാത്രമുള്ളതാണ് ജാതി എന്നത്. അല്ലേങ്കിൽ ഒന്നുകൂടി സൂക്ഷമമായി പറഞ്ഞാൽ ഹിന്ദുവായി ഭൂമിയിൽ വന്നുവീഴുന്നവർക്കുള്ളത്. അങ്ങിനെ വന്നു വീണ പ്രകാരത്തിലാണോ ഇന്നും ഹിന്ദുക്കളും മറ്റ് മതീയരും കല്യാണം തൊട്ട് മരണാനന്തര ചടങ്ങുകളത്രയും നടത്തുന്നത്? ആണെങ്കിൽ എന്താണ് വാൽ ഇട്ടാൽ? ആർക്കാണ് പരിഭ്രമം വരുന്നത്? വാലില്ലാത്തവർക്കോ എന്തോ കാരണത്താൽ സ്വന്തം ജാതിവാലിനെ കുറിച്ച് അപകർഷതയനുഭവിയ്ക്കുന്നവർക്കോ? വളരെ സില്ലിയാണ് ഈ എഡിറ്റോറിയൽ എന്ന് പറയാതെ വയ്യ.

Submitted by Suresh Potteckat (not verified) on Tue, 2014-11-18 18:38.

ജാതിയുടെ തിരിച്ചുവരവ് സില്ലിയായ പ്രശ്നമല്ല. അത് ഈ എഡിറ്റോറിയലില്‍ കൈകാര്യം ചെയ്തതുപോലെ എഴുതിയാല്‍ മതിയോ എന്നതാണ് സംശയം.

ബ്രിട്ടീഷ് ഭരണകാലത്ത് രേഖകള്‍ തയ്യാറാക്കുമ്പോഴാണ് സര്‍നെയിമുകളായി ജാതിപ്പേരുകള്‍ കടന്നുവന്നതെന്ന് കേട്ടിട്ടുണ്ട്. അതിനുമുമ്പ് കേരളീയര്‍ പേരിനോടൊപ്പം ജാതിപ്പേര് രേഖപ്പെടുത്തിയിരുന്നുവോ എന്ന് സംശയമാണ്. ജാതികള്‍ തൊഴില്‍സമൂഹങ്ങളായിരുന്നു.ഭൂമിയുടെ ഉടമസ്ഥാവകാശം സവര്‍ണ്ണരില്‍ നിക്ഷിപ്തമായതിനാല്‍ സവര്‍ണ്ണജാതിവാലുകളോടെയുള്ള ആളുകള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായി. അവര്‍ണ്ണരുടെ പേരിനോടൊപ്പം ജാതിപ്പേര് ചേര്‍ക്കുന്ന പതിവില്ല. അതിനാല്‍ സവര്‍ണ്ണാവര്‍ണ്ണഭേദം കാണിക്കാനുള്ള അടയാളമായി, സവര്‍ണ്ണത്വത്തിന്റെ കേമത്തം കാണിക്കുന്ന അടയാളമായി ജാതിവാലുകള്‍ മാറി.

സുദേഷ് പറയുന്നതുപോലെ ഇത് ഹിന്ദുക്കളുടെ ഇടയില്‍ മാത്രം ഉണ്ടായിരുന്ന പ്രശ്നം തന്നെ. അവരുടെ ഇടയില്‍ ഇതുമാത്രമായിരുന്നില്ല പ്രശ്നം എന്നതിനാലാണല്ലോ അനാചാരങ്ങള്‍ക്കെതിരെയുള്ള പ്രസ്ഥാനങ്ങള്‍ കേരളത്തില്‍ ഉടലെടുത്തത്. ബംഗാളിലേതുപോലെ ബ്രാഹ്മണരുടെ ഇടയിലെ ആചാരപരിഷ്കരണപ്രസ്ഥാനം ആയിരുന്നില്ലല്ലോ കേരളത്തിലേത്. മനുഷ്യന്റെ അന്തസ്സ് അംഗീകരിച്ചുകിട്ടാനായി നടന്ന പോരാട്ടമായിരുന്നല്ലോ അത്.അയ്യങ്കാളികളും അനുയായികളും തെരുവില്‍ മര്‍ദ്ദനമേറ്റതും അവര്‍ തിരിച്ച് തല്ലിയതുമെല്ലാം അതിവിദൂരചരിത്രമല്ല. അവിടെനിന്ന് ആരംഭിച്ച് സമൂഹത്തിലെ മനുഷ്യര്‍ക്ക് പൊതുവില്‍ പെരുമാറാവുന്ന ഒരിടം സൃഷ്ടിക്കപ്പെട്ടത് കേരളത്തില്‍ മാത്രമാണ്. ആ പൊതുവിടം നഷ്ടപ്പെട്ടുപോകുന്നത് ഒരു സില്ലി പ്രശ്നമായി ആരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ ഗൌരവമുള്ളതായി കണക്കാക്കുന്ന പ്രശ്നമേതെന്ന് പറഞ്ഞുകേട്ടാല്‍ കൊള്ളാം. വെറുതെ അറിയാനാണ്.

Submitted by ഒ. കെ. സുദേഷ് (not verified) on Thu, 2014-11-20 00:20.

പൊതുവിടം! അതുതന്നെ വ്യാജമാണ്. ആ വാക്ക് വ്യാജമാണ്. എന്ത് ഇടമാണ് പൊതുവിടം. ഹർത്താൽ നടക്കുമ്പോൾ സന്തോഷിച്ച് വീട്ടിൽ വിശ്രമിയ്ക്കുന്നതും വിനോദത്തിൽ മുഴുകുന്ന ഇടമോ? കേരളത്തിൽ വാലാണോ ജാതിവാഴ്ചയുടെ ഒരേയൊരു ലക്ഷണം? അതോ എല്ലാവരും അവരവരുടെ ജാതിയിൽ നിന്നുകൊണ്ട് ജീവിതത്തെ നരകമാക്കുന്നതോ? അത് 'സവർണ്ണർ' എന്ന് അടയാളപ്പെടുത്തിയവർ മാത്രമാണൊ ചെയ്യുന്നത്? വെറുതെ ഒരു ചർച്ചയുണ്ടാക്കാൻ പൂശിയ എഡിറ്റോറിയലാണിത്.

Submitted by Suresh Potteckat (not verified) on Thu, 2014-11-20 08:49.

ഇന്ത്യയില്‍ വേറെ ഒരിടത്തും ഇല്ലാത്ത രീതിയില്‍ ജാതിനിരപേക്ഷമായ പൊതുവിടങ്ങള്‍ ഉണ്ടോ എന്നത് തര്‍ക്കിച്ച് ബോദ്ധ്യപ്പെടേണ്ടതല്ല, ജീവിച്ച് മനസ്സിലാക്കേണ്ടതാണ്. അതില്ലെന്ന് പറയാന്‍ എളുപ്പമാണ്. ജീവിക്കാന്‍ വഴിയില്ലാതെ അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ വരുന്നതിന്റെ കാരണം അതാണ്. എടുത്ത ജോലിക്ക് കൂലികിട്ടാത്ത അവസ്ഥയില്‍ നിന്നും മാറി, കൂലിയും മാന്യമായി ജീവിക്കാനുള്ള അവസ്ഥയും കേരളത്തിലുണ്ട് എന്നതിനാല്‍ ബംഗാളികള്‍ക്കും ബീഹാറികള്‍ക്കും കേരളം, മലയാളികള്‍ക്ക് ഗള്‍ഫ് എന്തോ, അതാണ്.

കേരളത്തില്‍ എല്ലാം കേമമാണ് എന്നല്ല പറയുന്നത്. ഇവിടെ നവോത്ഥാനകാലം എന്ന് പറയുന്ന ഘട്ടത്തില്‍ ഒരു ന്യൂനപക്ഷം സാഹസികമായി ത്യാഗങ്ങള്‍ സഹിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളാണ് പ്രതിഷേധിക്കാനും എതിര്‍ക്കാനും ചോദ്യം ചെയ്യാനും അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനുമുള്ള അവസ്ഥ ഉണ്ടാക്കിയത് എന്നത് വാസ്തവമാണ്. പക്ഷെ അത് അങ്ങേയറ്റം തന്‍കാര്യക്കാരായ ഇടത്തരക്കാരെ ഉണ്ടാക്കിയെന്ന നിരീക്ഷണം അംഗീകരിക്കേണ്ടത് തന്നെ.

Submitted by ഒ. കെ. സുദേഷ് (not verified) on Thu, 2014-11-20 10:13.

കേരളത്തിൽ ജീവിയ്ക്കാൻ 'വഴി'യില്ലാത്തവൻ ഗൾഫിൽ പോകുമ്പോൾ ആ കേരളജോലികളിലേയ്ക്കാണ് ഇൻഡ്യയിൽ വഴിമുട്ടിയ അന്യ സംസ്ഥാന തൊഴിലാളി വന്നുനിറയുന്നത്. അതൊന്നും സങ്കീർണ്ണമായ എക്ണോമിക്സ് അല്ല. അവൻ ഗൾഫിൽ പോകാതെ താന്താങ്ങളുടെ കുലത്തൊഴിലുകൾ പ്രാവീണ്യതയോടെ വികസിപ്പിച്ചിരുന്നുവെങ്കിൽ ഈ തൊഴിലുകളിൽ അവൻ തന്നെ ഇരിയ്ക്കുമായിരുന്നു. ഇത് തൊഴിലിന്റെ ഡിഗ്നിറ്റിയെ സംബന്ധിയ്ക്കുന്നത് പോലുമല്ല. ഗൾഫിൽ ചിലവാക്കാൻ അനുവദിയ്ക്കാത്ത സ്ഥിതിയും സമൂഹ ഒറ്റപ്പെടലും (ഒറ്റയ്ക്ക് വരിയ്ക്കുന്ന തടവുജീവിതം) അങ്ങിനേയും കൂടി ഉയർന്നുവരുന്ന വേതനസാമ്പാദ്യവുമാണ് അട്രാക്ടീവു ആവുന്നത്. അതേ സാധനങ്ങൾ അന്യസംസ്ഥാന തൊഴിലാളിയ്ക്കും കേരളത്തിൽ കിട്ടുന്നു. അവന് കേരളം ഗൾഫ് ആകുന്നത് നമ്മുടെ നവോത്ഥാനം കൊടുത്ത സൌകര്യങ്ങളോ? അത്ഭുതകരമായ ന്യൂനീകരണമാണത്. അതുണ്ടെങ്കിൽ നാമെന്തിനു കേരളം വിടണം? നവോത്ഥാനത്തെ ഒന്നുകൂടി മികച്ചതാക്കിക്കൂടേ? അതൊന്നുമല്ല. നമ്മുടെ നവോത്ഥോനം ചെറുകിട മുതലാളിമാരിൽ ഭാരം അർപ്പിച്ചുകൊണ്ടാന് ഒരു എക്ണോമിക്സ് മെനയുന്നത്. ജാതിയിലും അങ്ങിനെത്തന്നെ. വടക്കെ ഇൻഡ്യൻ അവസ്ഥകളിലെ ക്രൌര്യമൊന്നും ജാതിയാചാരത്തിലും കേരളത്തിലുണ്ടായിരുന്നില്ല. ജാതിവാൽ വെയ്ക്കുന്നതു പോലുള്ള അസഹ്യതകളോളമെ അതും മുറ്റിയുള്ളു. കിട്ടാവുന്ന നിലവും കിട്ടി, ജാതി പോയെന്ന് കള്ളവും പറഞ്ഞു എന്നതാണ് നമ്മുടെ നവോത്ഥാന മഹിമ. അപ്പോൾ പിന്നെ കാശുണ്ടാക്കാൻ ഗൾഫിൽ പോകേണ്ടിയും വന്നു. ഇവിടെ തൊണ്ട പൊട്ടിച്ച കയ്യ് ഉയർത്തി നേടിയ അവകാശ ഗരിമയെ നാണം കെടുത്തുന്ന മട്ടിൽ 'നവോത്ഥാന' മലയാളിയുടെ അനന്തര തലമുറ അവിടെ അവിടത്തുകാർ പറയുന്ന സ്ളേവ് കണ്ടീഷനുകളെ പുഞ്ചിരി തൂവി അനുസരിയ്ക്കുന്നു. കാശുണ്ടാക്കാം എന്ന മെച്ചമൊഴിച്ച ഒരു സ്ഥിതിയും പണ്ടത്തേതിൽ നിന്ന് മാറിയിട്ടില്ല. അന്നിവിടെ മേൽജാതി പറഞ്ഞതനുസരിച്ചിരുന്നുവെങ്കിൽ ഇന്ന് അറബിയാണ് ഇതേ ബഹള തലമുറകൾക്ക് മേൽജാതി. ഇതാണ് നമ്മുടെ നവോത്ഥാനം നമുക്ക് തന്നത് എന്നതാണ് പറഞ്ഞുവരുന്നത്.

Submitted by Dr. Hari. P.G (not verified) on Thu, 2014-11-20 16:50.

സുഹൃത്തുക്കളെ,
എഡിറ്റോറിയല്‍ ചര്‍ച്ചചെയ്യുന്ന്ത് നിസ്സാരപ്രശ്നമല്ലെന്നതാണ് ഈ ചര്‍ച്ചയും തെളിയിക്കുന്നത്. കൂടിവരുന്ന സവര്‍ണ്ണജാതിബോധവും അതിനെ ചെറുക്കാനെന്ന പേരില്‍ മറുപക്ഷത്ത് നടക്കുന്ന സംഘംചേരലും തുറന്ന് എതിര്‍ക്കുക തന്നെവേണം. അങ്ങനെ വരുമ്പോള്‍ ഈ പ്രശ്നത്തിന്റെ തുടക്കം മുതലുള്ള ചരിത്രവും വികാസവും പരിശോധിക്കണം. ജാതിയുടെ കാര്യത്തില്‍ കേരളിയസമൂഹമൊരു തിരിച്ചുപോക്ക് നടത്തുന്നുവെന്ന് കാണാം. അതുകൊണ്ടുതന്നെ നമ്മള്‍ ഇടപെടുന്ന മേഖലയില്‍ ജാതിയും ജാതിചിഹ്നങ്ങളും ഉപേക്ഷിക്കുക എന്ന തീരുമാനമെടുക്കാന്‍ കഴിയണം. ആ അര്‍ത്ഥത്തില്‍ തര്‍ജ്ജനിയുടെ തീരുമാനം നല്ലൊരു തുടക്കം തന്നെയാണ്. സാഹിത്യ-സാംസ്കാരികലോകത്ത് ഇപ്പോഴും ജാതിവാല്‍ പേറുന്നവരുടെ വാല്‍ തര്‍ജ്ജനിതന്നെ ഒഴിവാക്കാനാണ് തീരുമാനം. അത് തുടര്‍ലക്കങ്ങള്‍ തെളിയിക്കുമെന്നു കരുതാം.

Submitted by ഒ. കെ. സുദേഷ് (not verified) on Fri, 2014-11-21 10:13.

തർജ്ജനി എഴുതിയ ഈ എഡിറ്റോറിയൽ യുണീൿ ആയ ഒരു വിഷയമൊന്നുമല്ല. ഒരുപാട് കേരളീയർ ഇയ്യിടെ ഇതിനെ പറ്റി എഴുതി എന്നാൽ ഒന്നും ചെയ്യാനാവാതെ അവരവരുടെ ഫ്രസ്ട്രേഷൻ ചിലവാക്കുന്നു. ജാതിവാലില്ലാത്ത, അല്ലെങ്കിൽ ജാതിയെ പുല്കുമ്പോഴും ജാതിവാൽ വെയ്ക്കാൻ അറയ്ക്കുന്ന വ്യക്തികൾ തന്നെയാണിവരും. കല്യാണം കഴിയ്ക്കുമ്പോഴും കുട്ടികൾ ഉണ്ടാവുമ്പോഴും അവരെ ജീവിതത്തിലേയ്ക്ക് ഇനീഷ്യേറ്റ് ചെയ്യുമ്പോഴും മരിയ്ക്കുമ്പോഴും ഇവർ ജാതിയിൽ മുഴുകിയാണ് കഴിയുന്നത്. അല്ലാതെ ഒരു കേരളീയ ന്യൂനപക്ഷമൊന്നുമല്ല ജാതി ആചരിച്ചുകൊണ്ടിരിയ്ക്കുന്നത്. ഈ കണ്ട ആരാധനാലയങ്ങളും ശബ്ദമലിനീകരണവും സാമുദായികമായ സംഘം ചേരലും എല്ലാം കാണിയ്ക്കുന്നത് ഉയർന്ന ജീവിതാവബോധമൊന്നുമല്ല. എന്നത്തേയും പോലെ മലയാളി സ്റ്റയിലടിച്ച് സംഭാഷണം നടത്തുകയും ഗോത്രജീവിതമാതൃകകൾ പിന്തുടരുകയും ചെയ്യുന്നു. അതിനിടയിൽ ജാതിവാൽ വെയ്ക്കാൻ അറയ്ക്കാത്ത മലയാളികൾ അത് കൊണ്ടുതരുന്നു എന്ന് കരുതുന്ന സമ്പത്തും അവസരവും മുന്നെക്കണ്ട് അവരവരുടെ ജാതിവാലുകൾ പരസ്യമായി പേരിൽ ചേർത്തു വിലസുന്നു. പേരിനൊപ്പം ഈഴവൻ എന്ന് ചേർത്താലും മേനോൻ എന്ന് ചേർത്താലും ഏതിന് അറ്റൻഷൻ കൂടുതൽ കിട്ടുന്നു എന്നതാണ് കാര്യം. അതാണവർ നോക്കുന്നത്. ഒന്നും കിട്ടുന്നില്ല, മറിച്ച് പരിഹാസ്യനാവുന്നു എങ്കിൽ ഈഴവൻ എന്ന് ആർ പരസ്യപ്പെടുത്തും? മേനോൻ വെറുമൊരു ഉദ്യോഗനാമത്തിൽ നിന്ന് ജാതിനാമത്തിലേയ്ക്ക് സംക്രമിച്ചതാണ്. അതിനർത്ഥം രാജവാഴ്ചക്കാലത്ത് അവരുടെ മാതൃദായക കുടുംബപരമ്പരയിൽപെട്ട ഏതോ ഒരു അമ്മാമന് മേനോൻ പണിയുണ്ടായിരുന്നു എന്നതാണ്. ഇന്ന് ഡോക്ടർ അല്ലെങ്കിൽ എഞ്ചിനീയർ എന്ന പ്രൊഫഷൻ നാമങ്ങൾ സർ നെയുമുകൾ ആയാൽ അതിലെ വൈചിത്ര്യം തമാശയുണർത്തുമെങ്കിലും അതും ഒരു പതിവായി തീരും. സംശയമുണ്ടെങ്കിൽ പാർസികളുടെ പേരുകൾ നോക്കുക. ഇന്ന് മേനോൻ എന്ന് പേരിനോട് ചേർക്കുന്നവർ ജാതിമർദ്ദനത്തിന്റെ ഒരു ഭീഷണിയും നടത്തുന്നില്ല. മേനോൻ എന്നതിലെ മാലയാളിക മൂല്യനിക്ഷേപത്തെ ചൂഷണം ചെയ്യാനുറച്ചാണ് അവരത് ഇടുന്നത്. നിങ്ങളാദ്യം ചെയ്യേണ്ടത് ഈ മൂല്യനിക്ഷേപത്തെ നിരസിയ്ക്കുകയാണ്. അതിനു പോയാൽ അതിലെ നിവൃത്തികേട് മനസ്സിലാവുകയും ചെയ്യും. അപ്പോഴാണ് നാം ഇപ്പോഴും ഒരു ഫ്യൂഡൽ സമൂഹം തന്നെയാണെന്ന് അറിയുകയും. അത് നിരസിയ്ക്കുകയും അതിലെ സവിശേഷ സാംസ്ക്കാരിക മൂല്യ നാട്യത്തെ ഉന്മൂലനം ചെയ്യുകയും ചെയ്യാത്തിടത്തോളം കാലം ഈ പ്രക്ഷോഭണങ്ങൾക്കും എഡിറ്റോറിയലുകൾക്കും ഒരു കാര്യവുമില്ല. ജാതിവാൽ ഇടാൻ ധൈര്യമുള്ളവർ അതിടും. പറ്റാത്തവർ നിരാശരായി ഇരിയ്ക്കും. അല്ലാതെ ജാതിയുടെ -- പ്രത്യേകിച്ച് സവർണ്ണ ജാതികളുടെ -- തിരിച്ചുവരവാണെന്നൊക്കെ പറയുന്നത്, ഇങ്ങിനെ പറയുന്നവർ ജാതിബോധത്തെ മറികടന്നവരാണെന്ന് സ്വയം ഘോഷിയ്ക്കുകയാണെന്നേ തോന്നിപ്പിയ്ക്കൂ. അങ്ങിനെ ചിന്തിയ്ക്കുന്നവർ അവരുടെ പെണ്മക്കളെ അവരുടെ ജാതിയേക്കാൾ അല്ലെങ്കിൽ അവരുടെ മാതാപിതാക്കളുടെ ജാതിയേക്കാൾ കുറവുള്ള ജാതിയിൽ നിന്ന് വരുന്ന യുവാക്കൾക്കായി വിവാഹം ചെയ്ത് കൊടുക്കുക. പരാതിപ്പെടുന്നവരുടെ ബഹുസംഖ്യ അങ്ങിനെ സംഖ്യാതീതമാവുമാവുകയും അതൊരു തിരയായി കേരളത്തെ പിടിച്ചുലയ്ക്കുകയും ചെയ്യട്ടെ. അല്ലാതെ ഒരു പരിഹാരവും മുന്നിലില്ല. ഇന്ന് നിങ്ങളിൽ പലരും ജാതിവാൽ എന്ന് ആക്ഷേപിയ്ക്കുന്നത് സർ നെയ്മിന്റെ ഡ്യൂട്ടി ചെയ്യുന്ന നാമങ്ങളാണ്. അത് കണ്ട് വിരളേണ്ട. നിങ്ങൾക്കും അങ്ങീൻ ഒരു സർ നെയ്ം ഉണ്ടാക്കാം. അല്ലെങ്കിൽ സവർണ്ണ ജാതി നാമങ്ങൾ തന്നെ ഏച്ചുകൂട്ടാം. ഗസറ്റിനിൽ പബ്ളിഷ് ചെയ്താൽ അതും ലീഗലായി ഉപയോഗക്ഷമമാവും.

Submitted by mangalat on Tue, 2014-11-25 22:01.

ഈ വിഷയത്തില്‍ ഡൂള്‍ ന്യൂസില്‍ വന്ന ഒരു ലേഖനത്തിലേക്കുള്ള കണ്ണി: http://www.doolnews.com/laser-shines-movement-to-remove-the-caste-tail-from-the-facebook-profile-876.html