തര്‍ജ്ജനി

എ. ജി. പ്രേംചന്ദ്

Visit Home Page ...

ലേഖനം

പി. എം. ആന്റണി: നാടകവണ്ടിയില്ലാത്ത നാടകമാമന്‍

സ്ത്രീയേ എനിക്കും നിനക്കും എന്ത്‌ ? കാനായിലെ കല്യാണം

രംഗം ഒന്ന്‌

രംഗവും രംഗപടവും
കാഴ്ചയും കാഴ്ചക്കാരും
ഇല്ലാത്ത ഒരു സന്ധ്യയില്‍
സാന്താക്ലോസ്സിനെപ്പോലെ നിര്‍മ്മലനായ
ആ മനുഷ്യസ്നേഹിയോട്‌ അയാളുടെ നെഞ്ചത്തിരുന്ന്‌
താടി വലിച്ച്‌ നാല്‌ വയസ്സുള്ള നിര്‍മ്മല്‍ ചോദിച്ചു
വ്യക്തമാകാത്ത കൊഞ്ചലിന്റെ ശബ്ദത്തില്‍
"നാടകമാമ, നാടകമാമ, നാടകവണ്ടിയെന്തിയേ?"
ഞാന്‍ നാടകവണ്ടിയില്ലാത്തൊരു
നാടകമാമന്‍ എന്നയാള്‍ ഉത്തരം പറഞ്ഞു.
എന്നിട്ടയാള്‍ സ്വകാര്യം പറഞ്ഞു.
എന്റെ കൂട്ടുകാരന്‍ ഒരു നാടകവണ്ടി തരാമെന്നു
പറഞ്ഞിട്ടുണ്ട്‌.
ആഫ്രിക്കയില്‍ നിന്നയാള്‍
നാടകത്തെക്കുറിച്ചുംകൂടി പഠിച്ചിട്ട്‌ മടങ്ങിവരും.
ആ നാടകവണ്ടിയുമായി മാമന്‍ ഒരു
ദിവസം വരും............

നടന്‍ മുരളി മരിച്ചു

രംഗം രണ്ട്‌

പത്രങ്ങളിലെ തലക്കെട്ടുകള്‍...
നാടകവണ്ടിക്കുള്ള കാത്തിരിപ്പിന്റെ അര്‍ത്ഥം
നഷ്ടമാ യി.....
ഞങ്ങള്‍ വാളത്തുംഗല്‍ നിന്നും
കുടവട്ടൂരിലേക്കു യാത്രയായി.
ഓടനാവട്ടം എത്തുന്നതിനു മുമ്പേ
എതിരേ ശവമഞ്ചം പേറിയ ആ വണ്ടി വരുന്നു.
ഞങ്ങള്‍ വണ്ടിയൊ തുക്കി ശവമഞ്ചത്തിനു പോകാനായി
ഒതുങ്ങിനിന്നു.
ഞങ്ങളുടെ അടുക്കല്‍ ആ മഹാനടന്റെ,
സംഗീതനാടകഅക്കാദമി ചെയര്‍മാന്റെ
ശവവണ്ടി നിന്നു.
അതില്‍നിന്നും ഇറങ്ങി
വന്നൊരാള്‍ വിളിച്ചു.
(ബേബി ജോണ്‍) ആന്റണി മാഷ്‌.....
നിശ്ശബ്ദരായി തലകുനിച്ച്‌ പി എംഉം ബൈജുവും
ആംബുലന്‍സിനകത്ത്‌ കയറി മുരളിയെ
അവസാനമായി കണ്ടു.
പതിവു നിസ്സംഗതയുമായി ഞാന്‍ വെളിയില്‍ കാത്തുനിന്നു.
മൌനം. ചങ്കുപിളര്‍ന്നെത്തുന്ന നിശ്ശബ്ദത

രംഗം മൂന്ന്‌ :

എറണാകുളം തോപ്പുംപടിയില്‍
ലയണ്‍സ്‌ ഹാളില്‍ ജോസഫ് സ്റ്റാലിനിരിക്കുന്നു.
സ്റ്റാലിന്റെ പല പ്രായങ്ങള്‍ പലരാണ്‌ അഭിനയിക്കുന്നത്‌.
മീനാ രാജ്‌ നിര്‍ദ്ദേശങ്ങള്‍ നല്കി ഓടിനടക്കുന്നു.
ഏകദേശം എല്ലാ മാദ്ധ്യമങ്ങളുടേയും കിങ്കരന്മാര്‍
എന്തോ വലിയ അത്യാഹിതം സംഭവിക്കാന്‍ പോകുന്നു
എന്ന മുഖത്തില്‍ സന്നിഹിതരാണ്‌.
ചിലര്‍ ക്യാമറാമാന്മാരുമായി
ചിലര്‍ റൈറ്റിംഗ്‌ പാഡുമായി.
ആകെ ചിരിക്കുന്നത് 5 പേര്‍.
ഞാനും പിഎമ്മും സജി നാഥും ശ്രീസാറും അനൂപണ്ണനും.

രംഗം നാല്

തിരുമലവാസ ശ്രീ വെങ്കിടേശാ.........
(എന്റെ ഫോണില്‍ ബെല്ലടിക്കുന്നതിങ്ങനെയാണ്‌)
: ആ മാഷേ.....
: അണ്ണാ, എന്നെ അവന്മാര്‍ നാടകം കളിക്കാന്‍ ലണ്ടനിലേക്ക്‌ വിളിച്ചു.
( ഞാന്‍ ഒരുപാട്‌ ഇളയതാണെങ്കിലും എന്നെ സ്നേഹപൂര്‍വ്വം പി.എം വിളിച്ചിരുന്നത്‌ അണ്ണാ എന്നാണ്‌.)
: ആര്‌?
: അവിടെയുള്ള ഏതോ വട്ടന്മാര്‍, നമ്മളെപ്പോലെ
: പെട്ടിയെടുക്കാന്‍ എന്നേയും കൂട്ടണം. ശര്‍മ്മസാര്‍ പറയാറുണ്ട്‌
"ലണ്ടന്‍ ഓണ്‍ തേംസ്‌." നമ്മുക്കവിടെ മീന്‍ പിടിക്കണം
: ഓകെ, ഓകെ..

രംഗം അഞ്ച്

"തിരുമലവാസാ ശ്രീ വെങ്കിടേശാ.....
: ആ മാഷേ.....
: അണ്ണനെവിടെയുണ്ട്‌?
: കരുനാഗപ്പള്ളിയില്‍നിന്നും കൊല്ലത്തേക്കുവരുന്നു.
: ഞാന്‍ കൊല്ലത്തുണ്ട്‌. ബസ്സ്‌ സ്റ്റാന്റില്‍
: ഞാന്‍ വരാതെ പൊയ്ക്കളയരുത്‌.
അഷ്ടമുടിക്കായലിന്റെ ദുര്‍ഗ്ഗന്ധം സഹിച്ച്‌
ബോട്ടുജട്ടിയിലിരിക്കൂ ഞാനിതാ എത്തി.
ലണ്ടനില്‍ ചെന്നാലിടാനുള്ള ഹാഫ് പാന്റ്‌
കിട്ടീല്ലെങ്കില്‍ കീറിയ പാന്റ്‌ വെട്ടി റഡിയാക്കാം...
(വണ്ടിക്ക്‌ ഒച്ചിന്റെ വേഗത) എങ്കിലും ഞാനെത്തി.
ബോട്ടുജട്ടിയില്‍ ഞാനെത്ര ശ്രമിച്ചിട്ടും അടിച്ചുമാറ്റാന്‍
കഴിയാത്ത പച്ച ഉടുപ്പിട്ട്‌ പി എം ആന്റണി കായലിനെ നോക്കിയിരിക്കുന്നു.
നടന്നടുക്കുന്ന ഞാന്‍ (സംഗീതം നിങ്ങളുടെ മനസ്സുപോലെ)
: മാഷേ.... ( ഒരു ലണ്ടന്‍യാത്ര തരപ്പെട്ട സന്തോഷത്തില്‍ ഞാന്‍
: ഒരു പ്രശ്നമുണ്ട്‌.
: എല്ലാവരേയും പോലെ രക്ഷപ്പെടുന്ന നേരത്ത്‌
എന്നെ ഒഴിവാക്കാനാണ്‌ ശ്രമമെങ്കില്‍ മാഷിന്‌ മുമ്പേ
ഞാന്‍ ബക്കിംഹാം പാലസിലെത്തും. ഒരു കുക്കായെങ്കിലും.
: അതല്ല. (വിഷാദാര്‍ദ്രമായ എന്നാല്‍ നര്‍മ്മത്തില്‍ ചാലിച്ച ചിരി)
അണ്ണാ സര്‍ക്കാര്‍രേഖയില്‍ ഞാന്‍ ഇപ്പോഴും ജയിലിലാണ്‌.
: അതെന്തൊരു ന്യായം.
: കൂടുതല്‍ ചോദിക്കാന്‍ നിന്നാല്‍ അവന്മാര്‍ എന്നെ ഇനിയും
പിടിച്ച്‌ ജയിലിലിടും.( ഇവിടെയും സംഗീതത്തിനു സാദ്ധ്യതയുണ്ട്‌
മനോധര്‍മ്മത്തിനുവിടുന്നു). പോംവഴി തിരയാമെന്ന നിശ്ചയത്തില്‍
ഞങ്ങള്‍ പിരി യു ന്നു.

രംഗം ആറ്

പാതിമയക്കത്തില്‍ ബസ്സിലിരിക്കുമ്പോള്‍ ഫോണ്‍ ബെല്ലടിക്കുന്നു.
സ്ക്രീനില്‍ കെ. പി സജിനാഥ്‌
: ആ സജി.
: പി. എം. ആന്റ ണി.....
: ഞങ്ങള്‍ ലണ്ടനില്‍ പോകുന്നു. ഇടയ്ക്ക്‌ ചില ജയില്‍ പ്രശ്നങ്ങള്‍
: അതല്ല ടി. വി. സ്ക്രീനില്‍ ചില അടിക്കുറിപ്പുകള്‍ കാണുന്നു.
ഇയാള്‍ പി. എം നെ വിളിച്ചിട്ട്‌ എന്നെ വിളിക്കണം.
: (അടിക്കുറിപ്പുകള്‍, പിന്നെയും പി. എം അകത്തായോ
ഡയല്‍ ചെയ്യുന്നു. അപ്പുറത്തുനിന്നും
: ഒന്നു വിയര്‍ത്തു. ആശുപത്രിയില്‍ എത്തിക്കുന്ന മുമ്പേ.......

രംഗം എഴ്

(കണ്ണുകള്‍ ദാനം ചെയ്തതിനാല്‍ കണ്ണാടി വച്ച്‌ പി.എം. ഉറങ്ങുന്നു.
ആചാരവെടി മുഴക്കാന്‍ പോലീസ്‌ സംഘം തോക്കുമായി വന്നിറങ്ങുന്നു.
കാഞ്ഞിരംചിറയിലെ കടപ്പുറത്ത്‌ കടല്‍ഭിത്തിയിലെ പാറകള്‍പോലും
കരയുന്നതുപോലെ അര്‍ദ്ധബോധത്തിന്റെ ഉന്മത്തതയില്‍
ആ പോലീസ്‌വണ്ടിയുടെ പിറകിലെ പൊടിപിടിച്ച ഗ്ലാസ്സില്‍
ഞാന്‍ വിരല്‍ കൊണ്ടെഴുതി.
ക്രിസ്തുവിന്റെ ഏഴാം തിരുമുറിവ്‌.
അന്ത്യകൂദാശയില്ലാതെ അയാള്‍
ചിതയിലേക്ക്‌)
ഇല്ലാ... ഇല്ല. മരിക്കില്ല.
പി. എം ആന്റണി ജീവിക്കുന്നു.
ഞങ്ങളിലൂടെ.....
കുരീപ്പുഴ ശ്രീകുമാര്‍ നിറഞ്ഞ കണ്ണുകളോടെ
ഇടറിയ തൊണ്ടയില്‍ ഉച്ചത്തില്‍ വിളിക്കുന്നു.
അനൂപ് ചന്ദ്രനും ഞാനും ഒട്ടനേകം സുഹൃത്തു ക്കളും ഏറ്റുവിളിക്കുന്നു.
ഇല്ല, ഇല്ല, മരിക്കില്ല പി.എം ആന്റണി... ജീവിക്കുന്നു ഞങ്ങളിലൂടെ....
ഒരാള്‍ മരണശേഷം ജീവിക്കേണ്ടത്‌ അയാളുടെ ആദര്‍ശങ്ങളുടെ തുടര്‍ച്ചയിലാണ്‌. സംഘപരിവാറുകാരനായ എനിക്ക്‌ പി. എം ആന്റണിയുടെ ആദര്‍ശങ്ങളുടെ
തുടര്‍ച്ച നിര്‍വ്വഹിക്കാനാവില്ല.
എങ്കിലും പി. എം ആന്റണിയുടെ ഓര്‍മ്മകളെ ജീവിപ്പിക്കാനാവും.
കാരണം ജീവിച്ചിരുന്നപ്പോള്‍ ആദര്‍ശങ്ങളുടെ പേരിലല്ലാതെ
ഞങ്ങള്‍ക്ക്‌ കലഹങ്ങളില്ലായിരുന്നു.

ഞങ്ങള്‍ക്കൊരു കൂട്ടായ്മയുണ്ട്‌. തര്‍ജ്ജനി സാംസ്കാരികവേദി....
പടിഞ്ഞാറോട്ട്‌ അറബിക്കടലിലേക്ക്‌ ചാഞ്ഞമണ്ണില്‍
കാലുറക്കാത്തവരെന്നും തോന്നാവുന്ന
ചിലര്‍ ഒരു പ്രദോഷസന്ധ്യയില്‍ ആകാശം നോക്കി
കിടക്കവേ ഒരുള്‍വിളി.
ഒരു പ്രസിദ്ധീകരണം തുടങ്ങണം.
അനൂപണ്ണന്‍ പേരിട്ടു തര്‍ജ്ജനി. അര്‍ത്ഥം ചൂണ്ടുവിരല്‍.
സകലതും ചൂണ്ടുന്നവരുടെ നടുവില്‍
ചൂണ്ടാത്ത ചിലരുടെ ബോധത്തിന്റെ ചൂണ്ടുവിരല്‍.
അതുകൊണ്ടുതന്നെ ഒരു സമൂഹം ഞങ്ങള്‍ക്കൊപ്പമുണ്ട്‌.
ഒരേ ഹൃദയതാളമുള്ളവര്‍.
സിദ്ധാന്തത്തിന്റെ കടുപ്പം മനസ്സിന്റെ മതിലുകള്‍ക്കില്ലാത്തവര്‍.
തര്‍ജ്ജനി സാംസ്ക്കാരികവേദിക്ക്‌ കക്ഷിരാഷ്ട്രീയമില്ല.
എന്നാല്‍ ഒരോ അംഗത്തിനും അവരവരുടെ ത്രീവ്രനിലപാടുകളുണ്ട്‌ താനും.
ഞങ്ങള്‍ കലഹിച്ചുകൊണ്ടുതന്നെ യോജിക്കുന്നു.
യോജിച്ചുകൊണ്ടുതന്നെ കലഹിക്കുന്നു.
സ്വാര്‍ത്ഥമോഹങ്ങളില്ലാതെ വാദിക്കുവാനും ജയിക്കുവാനും വേണ്ടിയല്ലാതെ.

ഞങ്ങള്‍ക്ക്‌ പി.എം ആന്റണി പ്രതീകമാ ണ്‌......
കാരണമില്ലാതെ ആക്രമിക്കപ്പെട്ടവന്‍.... തടവിലാക്കപ്പെട്ടവന്‍...
സൌഭാഗ്യങ്ങള്‍ വേണ്ടാത്തവന്‍...
നിഷേധിക്കപ്പെട്ടവന്‍....
ഞങ്ങളുടെ നാട്ടില്‍ ജനിക്കാതെ പോയവന്‍...
ഞങ്ങളുടെ മനസ്സില്‍ ജീവിക്കുന്നവന്‍...
പി.എം ആന്റണി ഞങ്ങളുടെ സ്വന്തമല്ല...
ഞങ്ങളുടെ വികാരമാണ്‌... അതു കൊണ്ട്‌...
പി.എം ആന്റണി സ്മാരക അഖിലകേരള നാടകോത്സവം...
അനുഗ്രഹം ചൊരിയുന്നവര്‍ക്കും ആക്രമിക്കാന്‍ ആഗ്രിഹിക്കുന്നവര്‍ക്കും സ്വാഗതം... സ്ഥലം: കൊല്ലം വാളത്തുംഗല്‍ കളരിവാതുക്കല്‍ ശ്രീ മഹാദേവക്ഷേത്ര മൈതാനം.
ഡിസംബര്‍ 22 മുതല്‍ 26 വരെ.

Subscribe Tharjani |