തര്‍ജ്ജനി

സിയാഫ് അബ്ദുല്‍ഖാദിര്‍

ബ്ലോഗ് : http://aamiyudechithrapusthakam.blogspot.in/,
http://karivandukal.blogspot.in/
മെയില്‍ : siyaf.k.a@gmail.com

Visit Home Page ...

കഥ

പകല്‍ക്കള്ളന്‍

പകല്‍ മാത്രം കക്കാനിറങ്ങുന്ന ശീലമുള്ള കള്ളന് അന്ന് നല്ല ശകുനമായിരുന്നു. വിവാഹവേഷത്തില്‍ മരിച്ചുകിടന്ന ഒരു മൃതദേഹം! ചോരവീണ് ചുവന്ന ഡാഫോഡില്‍സ് പൂക്കള്‍ കൊണ്ടുണ്ടാക്കിയ ഒരു പൂച്ചെണ്ട്, മരണത്തിനുപോലും വിട്ടുകൊടുക്കാതെ, മരിച്ചയാള്‍ കയ്യില്‍ മുറുക്കിപ്പിടിച്ചിരുന്നു. അവിടെ ചിതറിക്കിടന്ന പല നിറങ്ങളില്‍ ഉണ്ടാക്കിയ കടലാസുപക്ഷികളും വര്‍ണ്ണബലൂണുകളും കമ്പിത്തിരികളും ആ മരണരംഗത്തിന്റെ ശോകസാന്ദ്രത വല്ലാതെ ചോര്‍ത്തിക്കളഞ്ഞു. ഇത് തന്നെ തന്റെ ജോലിക്ക് നല്ലതക്കം എന്നുകണ്ട കള്ളന്‍ ആള്‍ക്കൂട്ടത്തില്‍നിന്ന് പുറത്തുകടന്നു.

ജൂതത്തെരുവിലെ, തണല്‍മരങ്ങള്‍ ഇലകളുടെ പരവതാനി വിരിച്ച, നിരത്തിലേക്ക് തുറക്കുന്ന ജാലകങ്ങള്‍ പിടിപ്പിച്ച,പഴയമട്ടിലെ ബാല്‍ക്കണികളുള്ള, വീടിന്റെ പിരിയന്‍ ഗോവണി കേറി കള്ളനെത്തുമ്പോള്‍ വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ഒരു കാക്കയെപ്പോലെ അങ്ങുമിങ്ങും പാളിനോക്കി കള്ളന്‍ അകത്തുകടന്നു. വൃത്തിയും വെടിപ്പുമുള്ള നന്നായി അലങ്കരിച്ച ഒരു മുറി ആയിരുന്നു അത്. സന്തോഷകരമായ എന്തോ ഒരു ചടങ്ങ് അവിടെ നടക്കാന്‍ പോകുന്നുണ്ടെന്ന് കള്ളന് തോന്നി.

"ജാക്ക്.. ജാക്ക് ! നീ എന്താ ഇത്ര വൈകിയത് ?"എന്നു ഉള്ളില്‍ നിന്നെവിടന്നോ ചോദ്യമുയര്‍ന്നു. ഒളിക്കാന്‍ കള്ളന്‍ ശ്രമിച്ചെങ്കിലും അവിടെയെങ്ങും പതുങ്ങിനില്ക്കാന്‍ പറ്റിയ സ്ഥലമുണ്ടായിരുന്നില്ല. അകത്തുനിന്ന് വെള്ളഞൊറികളുള്ള ഗൌണും തിളങ്ങുന്ന കല്ലുകള്‍ പതിപ്പിച്ച കിരീടവുമണിഞ്ഞ ഒരു പെണ്‍കുട്ടി മുറിയിലേക്ക് വന്നു.

"ആരാത് ? " മറുപടി ഇല്ലാത്തതുകൊണ്ട് ആ പെണ്‍കുട്ടി സംശയത്തോടെ ചോദ്യം ആവര്‍ത്തിച്ചു. "ജാക്ക്, അത് നീയല്ലേ?"

"ഞാന്‍ ഒരു മരപ്പണിക്കാരന്‍ ആണ്. വാതിലിനു എന്തോ കുഴപ്പമുണ്ടെന്നു ജാക്ക് പറഞ്ഞു" കള്ളന്‍ അപ്പോള്‍ വായില്‍ത്തോന്നിയ ഒരു കള്ളം തട്ടിവിട്ടു.

"വാതിലിനു കുഴപ്പമൊന്നുമില്ലല്ലോ," ഒന്ന് നിര്‍ത്തി അന്ധയായ പെണ്‍കുട്ടി തുടര്‍ന്നു. "പിയാനോ നന്നാക്കണം എന്നാണോ ജാക്ക് പറഞ്ഞത്?"

"അതെയതെ; ജാക്ക് അങ്ങനെയാണ് പറഞ്ഞത്, എനിക്കെപ്പോഴും ഇങ്ങനെ വാക്കുകള്‍ മാറിപ്പോകും" സ്വരത്തില്‍ മനപ്പൂര്‍വ്വം ജാള്യത വരുത്താന്‍ കള്ളന്‍ ശ്രദ്ധിച്ചു. "പിയാനോക്ക് എന്താണ് കുഴപ്പം?"

"അതിന്റെ മഫ്ലര്‍ പെഡല്‍ പ്രവര്‍ത്തിക്കുന്നില്ല".

പിയാനോയുടെ ഫാള്‍ബോര്‍ഡില്‍ വെട്ടിത്തിളങ്ങിയിരുന്ന എന്തെല്ലാമോ വിചിത്ര അക്ഷരങ്ങള്‍ കൊത്തിയ സ്വര്‍ണ്ണത്തള കള്ളന്റെ ശ്രദ്ധയെ അതിനകം ആകര്‍ഷിച്ചിരുന്നു. അവന്‍ അത് തികഞ്ഞ കയ്യടക്കത്തോടെ, പെണ്‍കുട്ടി കാണാതെ, തന്റെ കീശയിലൊതുക്കി.

"നിങ്ങളെ ഇങ്ങോട്ടയച്ചിട്ടു ഈ ജാക്ക് എങ്ങോട്ട് പോയതാ?" പെണ്‍കുട്ടിയുടെ സ്വരത്തില്‍ അക്ഷമ പടര്‍ന്നിരുന്നു.

"ഒരു പൂച്ചെണ്ട് വാങ്ങണം എന്ന് പറയുന്നുണ്ടായിരുന്നു". മരിച്ചു കിടന്നത് ജാക്ക് ആകാന്‍ വിദൂരസാദ്ധ്യതപോലും കള്ളന്‍ അപ്പോള്‍ കല്പിച്ചിരുന്നില്ലെങ്കിലും താന്‍ പറഞ്ഞതെന്തെന്നോര്‍ത്ത് കള്ളന്‍ നാക്ക്കടിച്ചു. ചോരയില്‍ മുങ്ങിയ ഒരു പൂച്ചെണ്ട് പൊടുന്നനെ അയാളുടെ കണ്ണുകള്‍ക്ക് മുന്നില്‍ തെളിഞ്ഞു. "അല്ലല്ല, എന്തോ ജോലി ഉണ്ടെന്നു പറഞ്ഞു". അയാള്‍ തിരുത്തി. തിരുത്തിക്കഴിഞ്ഞാണ് അതും വേണ്ടിയിരുന്നില്ല എന്നയാള്‍ക്ക് തോന്നിയത്.

"റബ്ബിയെ വിളിക്കാന്‍ പോയതാകും....". കള്ളന്‍ മറുപടിയൊന്നും പറയാതെ പിയാനോയില്‍ തട്ടുകയും മുട്ടുകയും ചെയ്തു. അയാളുടെ കൈ തട്ടി പിയാനോയില്‍നിന്ന് സംഗീതമുതിര്‍ന്നു."നിങ്ങള്‍ക്ക് പിയാനോ വായിക്കാനറിയാമോ?"

"ഏയ്‌. ഓരോ മരത്തിനുള്ളിലും സംഗീതമുണ്ട്, സ്നേഹമുള്ള വിരലുകള്‍കൊണ്ട് തൊട്ടാല്‍ അത് പുറത്ത് വരും," കള്ളന്‍ തമാശപോലെ പറഞ്ഞു.

"നിങ്ങളും ജാക്കിനെപ്പോലെ തന്നെ. അവനും ഇത് പോലെയൊക്കെ തന്നെയാ സംസാരിക്ക്യാ " പെണ്‍കുട്ടി തുടര്‍ന്നു. "ആരുമില്ലാത്ത ഈ നഗരത്തില്‍ പഴയമട്ടിലുള്ള ചടങ്ങുകള്‍ ഒന്നും വേണ്ടെന്നു ഞാന്‍ അവനോട് എത്ര പറഞ്ഞതാണെന്നോ?, അപ്പോള്‍ അവനു ഡാഫോഡില്‍സ് പൂച്ചെണ്ടുകള്‍ വേണം, സ്ഫടികപ്പാത്രങ്ങള്‍ ചവിട്ടിപ്പൊട്ടിക്കണം, "അന്ള്‍ ദോദി വ് ദോദി ലി" എന്ന് ഹീബ്രുവില്‍ കൊത്തിയ ബ്രേസ്ലെറ്റുകള്‍ പരസ്പരം കൈമാറണം. രണ്ടുപേരും ചേര്‍ന്ന് പിയാനോയില്‍ പ്രണയഗീതങ്ങള്‍ ആലപിക്കണം, ബലൂണുകളും കടലാസ് പക്ഷികളെയും പറത്തണം, മലമുകളിലെ മരത്തിന്റെ മേലെയുള്ള മാതളനാരങ്ങകള്‍ പറിക്കാന്‍ പോകണം, പൂത്തിരികള്‍ കത്തിക്കണം, ഒക്കെയും കണ്ണ് കാണാത്ത ഈ പൊട്ടിപ്പെണ്ണിനെയും കൂട്ടി!!"

അവള്‍ അന്ധയാണെന്ന് അപ്പോള്‍ മാത്രമാണ് കള്ളന് മനസ്സിലായത്.... പെണ്‍കുട്ടിയുടെ കണ്ണുകളില്‍ ഒട്ടും ചൈതന്യമില്ലെന്നതും അവളുടെ കൃഷ്ണമണികള്‍ ചലനമറ്റതാണെന്നതും അതുവരെ കള്ളന്‍ ശ്രദ്ധിച്ചിരുന്നില്ല. മരിച്ചത് ജാക്ക് തന്നെയാണെന്ന അറിവ് അവനുള്ളില്‍ ആവശ്യമില്ലാത്ത ഒരു കുറ്റബോധവും പാരവശ്യവും മുളപ്പിച്ചു. ഞൊടി നേരത്തേക്ക് തന്റെ ശ്വാസകോശങ്ങള്‍ നിശ്ചലമായി എന്നുപോലും അയാള്‍ക്ക് തോന്നി.

"ക്ഷമിക്കണേ, ജാക്ക് വരുന്നതിനു മുന്നേ എനിക്കും ഒരുങ്ങി നില്ക്കണം, ഇവിടെ എവിടെയോ ഞാന്‍ എന്റെ വെഡ്ഡിംഗ്ബാന്‍ഡു വെച്ചിരുന്നല്ലോ" സ്വയം അങ്ങനെ പറഞ്ഞുകൊണ്ട് പെണ്‍കുട്ടി തന്റെ കൈത്തളകള്‍ പരതാന്‍ തുടങ്ങി.
കള്ളന്‍ തന്റെ ഉപകരണങ്ങള്‍ ഒക്കെ പെറുക്കിക്കൂട്ടി പോകാനൊരുങ്ങി, അയാള്‍ക്ക് എല്ലാറ്റിലുമുള്ള താല്പര്യം നശിച്ചിരുന്നു.

"നിങ്ങളുടെ ജോലി കഴിഞ്ഞോ? കൂലി എത്രയാണ്?" പെണ്‍കുട്ടി ചോദിച്ചു.

"ഞാന്‍ ജാക്കിനോടു വാങ്ങിച്ചു കൊള്ളാം "എന്ന് പറഞ്ഞു കള്ളന്‍ ഒന്നുമറിയാത്ത മാതിരി താന്‍ മോഷ്ടിച്ച സ്വര്‍ണ്ണത്തള താഴെയിട്ടു. ലോഹം കലമ്പുന്ന ശബ്ദംകേട്ട പെണ്‍കുട്ടി മുഖമുയര്‍ത്തി.

"ഇതാണോ നിങ്ങളുടെ ആ വെഡ്ഡിംഗ്ബാന്‍ഡ്? പിയാനോക്ക് മുകളിലിരുപ്പുണ്ടായിരുന്നു ഇത്." അത് കൈമാറുമ്പോള്‍ സാന്ത്വനസൂചകമായി കള്ളന്‍ അവളുടെ കൈകളില്‍ തൊട്ടു. പെണ്‍കുട്ടിയുടെ കവിളില്‍ ഒരു മുത്തംകൂടി നല്കണം എന്നയാള്‍ക്ക് ആശയുണ്ടായിരുന്നു. പക്ഷെ അവളുടെ പൂങ്കവിളുകള്‍ തന്റെ കണ്ണുനീരിനാല്‍ നനയുന്നത് അയാള്‍ ഇഷ്ടപ്പെട്ടില്ല .!

Subscribe Tharjani |