തര്‍ജ്ജനി

അബിന്‍ തോമസ്‌

abntms.blogspot.com
thmmn.blogspot.com

Visit Home Page ...

കഥ

ചില ഫ്രോയിഡിയന്‍ സ്വപ്നങ്ങള്‍

കണ്സള്ട്ടിംഗ് റൂമിന്റെ‌ വാതിലുകള്‍ ഉള്ളില്‍നിന്ന് അടച്ച് വീട്ടിനുള്ളിലേക്ക് ചെല്ലുമ്പോള്‍ നിശ്ശബ്ദതയുടെ മഞ്ഞുവീഴ്ച ഡോക്ടര്‍ ഗീതയില്‍ തണുത്തരിച്ചു. ഉലയുന്ന സാരിയുടെ ശബ്ദം വീടിനുള്ളില്‍ കനത്തുകിടന്ന വായുവിനെ ഇഞ്ചപ്പുല്പ് പെറ്റത്തെപ്പോലെ വകഞ്ഞെടുത്ത് വന്നു. ഒരു ഫാനിന്റെ ഭ്രമണംപോലുമില്ലാതെ സ്വച്ഛതയില്‍ പുസ്തകത്തിലായിരുന്നു പ്രൊഫസര്‍ രവീന്ദ്രന്‍. രാത്രിഭക്ഷണത്തിനുള്ള ഓര്മ്മപ്പെടുത്തലായി ഗീത നടന്നകലുമ്പോള്‍ രവീന്ദ്രന്‍ പുസ്തകത്തിന്റെ വായടച്ചു. ഡൈനിംഗ് ടേബിളിലേക്ക് പുസ്തകമുറിയില്‍നിന്ന് പുറകില്‍ ഇരുട്ടുവീഴ്ത്തി കടന്നുവരുന്ന ഒരു മാന്ത്രികത തന്റെ നടത്തത്തില്‍ പ്രൊഫസ്സര്‍ കണ്ടു. കറുത്ത മേല്ക്കുപ്പായം ധരിച്ചിരിക്കുകയും പുറകിലേക്ക് ഇരുളായി വ്യാപിക്കുകയും ചെയ്യുന്ന ഒരു പ്രായംതെറ്റിയ വിസ്മയത്തിന്റെ വാഗ്മയം അയാളില്‍ പൊടിഞ്ഞു. അണുനാശിനിയുടെ രൂക്ഷതയ്ക്ക് മുകളിലൂടെ സുഗന്ധദ്രവ്യത്തിന്റെ ഒരു തൊലി പടര്ത്തി വിചിത്രമായ ഒരു ഗന്ധംപേറി ഗീത കസേര വലിച്ച് ഇരിക്കാനൊരുങ്ങുന്നു. കൈകളും മുഖവും കഴുകി തിരിയുമ്പോള്‍ ഗീത പെട്ടെന്ന്‍ ഒരു നേര്ത്ത പിറുപിറുപ്പോടെ എഴുന്നേറ്റ് കിടപ്പുമുറിയിലേക്ക് നടന്നു. ആ അനിശ്ചിതാവസ്ഥയില്‍നിന്ന്‍ പ്രൊഫസറുടെ കാഴ്ച ഭാര്യയടെ നടത്തത്തിന്റെ പിന്കൊഴുപ്പില്‍ കൊത്തി. കിടപ്പുമുറിയില്‍ നിന്ന് ടോയ്‌ലറ്റിന്റെ വാതില്‍ തുറക്കുന്ന ശബ്ദം പ്രൊഫസര്ക്ക് കേള്ക്കാം. ടി വിയുടെ മുന്നിലിരിക്കുമ്പോള്‍ നേരം തെറ്റിത്തുടങ്ങുന്ന ഭക്ഷണത്തെ ഓര്മ്മിപ്പിച്ച് ബഹിര്ഗമിക്കുന്ന തോന്നലുകളില്‍ വിപണിയുടെ സാദ്ധ്യതകളാണ് മനുഷ്യന്റെ നൂതനത്വം എന്ന് ചാനലുകളില്‍ നോക്കി അസ്വസ്ഥതപ്പെട്ടു.

കിടപ്പുമുറിയ്ക്കുള്ളിലെ ടോയ് ലറ്റില്‍, വെളുത്ത മിനുസമുള്ള പ്രതലത്തിലേക്ക് ഗീത അടിവയറിനെ മുക്കിപ്പിഴിഞ്ഞ് ഇറ്റിച്ച് ചുവപ്പിച്ചു. ഇടവേളകളുടെ ഉറപ്പ് ലംഘിച്ച് അവയവങ്ങള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നു. രണ്ട് പ്രസവങ്ങളുടെ വികാസത്തിലും കൊഴുപ്പിന്റെ മുഴുപ്പും ചേര്ന്ന രൂപഭംഗം വന്ന അരക്കെട്ട് ഇരിപ്പിടത്തില്‍ അമര്ന്നിരിക്കുവാന്‍ അനുവദിച്ചുകൊണ്ട് തരിപ്പുണര്ന്ന് കാലില്‍ നിന്ന് ഭാരം പിന്‍വലിച്ചു. അരമുഴുത്ത ഒരു സ്ത്രീചിത്രമായി താന്‍ അഞ്ചിന്റെ രണ്ടക്കങ്ങളായി വിങ്ങിനിറയുന്നത് ഗീത കണ്ടു. കഴുത്തിലും മുലത്തടത്തിനു മുകളിലേക്കും വിയര്പ്പിന്റെ പൊള്ളല്‍, രക്തലോമികളുടെ വികാസത്തുടിപ്പ്. ഉള്ളില്‍നിന്നും നിലച്ചുപോയെന്നു ഉറപ്പുവരാത്ത ഓരൊഴുക്കിന്റെ ചലനം അടിവയറിലേക്ക്, മുപ്പതോളം വര്ഷത്തെ ചോരപ്പടര്പ്പ്. താഴെ ഡൈനിംഗ് ടേബിളില്‍ രവീന്ദ്രന്‍ കാത്തിരിക്കുന്നുണ്ടാകുമെന്ന മിന്നിയപ്പോയ തോന്നല്‍. മാസങ്ങള്ക്ക് മുന്പ് വാങ്ങിയിരുന്ന സാനിട്ടറി നാപ്കിന്റെ സുരക്ഷിതത്വത്തിലേക്ക് കയറുംമുന്പ്, ചോരയുടെ സാന്നിദ്ധ്യത്തിലേക്ക് വിരലോടിച്ചു. ഇല്ല, ജലത്തിന്റെ സുതാര്യത. വിരലില്‍ നിറം പുരട്ടിയിരുന്ന ഒരു സമ്മതിദാനാവകാശം ഡോക്ടറില്‍ വിളറി വെളുത്തു.

ഡൈനിംഗ് ടേബിളിലേക്ക് നടന്നടുക്കുമ്പോള്‍ രവീന്ദ്രന്‍ അവിടെയില്ലെന്ന്‍ ഗീതയില്‍ ഈര്ഷ്യ നിറച്ചു. ടിവിയുടെ ശബ്ദത്തിന്റെ പെട്ടെന്നുള്ള നിലയ്ക്കല്‍ രവി എഴുന്നേറ്റ് വരുന്നെന്നൊരു അറിയിപ്പായിരുന്നു. കസേരയിലേക്ക് കയറി ഇരിക്കുംമുന്പ്‍ ചോദിക്കുവാനൊരുങ്ങുന്നത് ഗീതയ്ക്ക് അറിയാനാവുന്നു.

“...എന്ത് പറ്റി, പെട്ടെന്ന്‍...?” രവി പറഞ്ഞ് പൂര്ത്തിയാക്കും മുന്പേ തന്നില്‍നിന്ന് മറുപടി പുറപ്പെട്ടത് ഗീതയറിഞ്ഞു.
“..പീരിയഡ്സ്...”. സ്വയം തോന്നിയ വികാരം പോലെന്തോ രവിയുടെ മുഖത്ത് കണ്ടെത്തുമ്പോള്‍ രക്തമര്‍ദ്ദത്തില്‍ വര്ദ്ധനവ്‌ ഉണ്ടായിരുന്നിരിക്കാം.
“..അതാണോ... പെട്ടെന്ന്‍ ഒരു അസ്വസ്ഥതപോലെ...”. പൂര്ത്തിയാക്കാനാവാത്ത ഒരു മുനമ്പ്, ഹെയര്പിന്‍ വളവ്, യു ടേണ്‍.
“...അതൊരിക്കലും രവിയെ ബുദ്ധിമുട്ടിക്കാറില്ലല്ലോ, ഉവ്വോ...?” ഗീത ലോസര്ടന്‍ ക്യാപ്സൂള്നെപ്പറ്റി ഓര്ത്തു, ഇന്നു കഴിച്ചിട്ടില്ല.
“...ഓര്മ്മയില്‍ ആ സാദ്ധ്യതയില്ലായിരുന്നു. അത് അവസാനിച്ചിരിക്കുമെന്ന്‍ കരുതിപ്പോയിരിക്കാം...”. രവീന്ദ്രന്‍ സ്വയം ഒരു കുറ്റാരോപണത്തില്‍ നിന്നു.
“...എത്രയെളുപ്പം..? ഈ പ്രായത്തില്‍ രവിക്ക് സ്റ്റെറിലൈസ് ചെയ്യപ്പെടാന്‍, വാസക്ടമി ചെയ്യാന്‍ ധൈര്യം ഉണ്ടോ..? അടുത്ത മറുപടിക്ക് ഗീത കാത്തുനിന്നു. ചോദ്യങ്ങള്‍ വേഴ്ചനടത്തി തുടങ്ങിയിരുന്നു ഡോക്ടര്ക്കുള്ളില്‍. പാത്രങ്ങളുടെ; ഗ്ലാസ്സിന്റെ; ജലത്തിന്റെ; വായുടെ ചലനത്തിലൂടെ ഭക്ഷണം പൂര്ത്തിയാക്കപ്പെട്ടു. തന്റെ വാക്കുകളുടെ ഉരം കൊണ്ടതിന്റെ ചോരപ്പൊടിപ്പ് രവീന്ദ്രനില്‍ ഗീത കണ്ടു.

ചരിത്രവിഭാഗം തലവനായിരുന്ന രവീന്ദ്രന്‍ ചാനലുകളുടെ സ്ക്രോളിംഗ് ബാറുകളില്‍ കണ്ണുപറ്റിച്ചിരിക്കുന്നു, ഒന്നില്‍ ഇന്ദിരാഗാന്ധിയുടെ ചരമദിനം ഓര്മ്മപ്പെടുന്നു. ഗീതയുടെ വാക്കുകളില്‍നിന്നും പടര്ന്ന് അടിയന്തിരാവസ്ഥ. സ്റ്റെറിലൈസ്, വന്ധ്യംകരിക്കപ്പെടുകയെന്നതിന്റെ ധ്വനിയില്‍ ചാഞ്ഞിരുന്നു. ചരിത്രത്തെക്കുറിച്ച്, സ്ത്രീ ആയിരുന്ന ഏകാധിപതിയെക്കുറിച്ച്, നിര്ബന്ധിത കുടുംബാസൂത്രണം തുടങ്ങി അലക്ഷ്യമായ ചില തോന്നലുകള്ക്കുപോലും തന്നില്‍ വ്യക്തമായ ലക്ഷ്യങ്ങള്‍ നിറവേറ്റാനാകുന്നെന്നു രവീന്ദ്രന്‍ തിരിച്ചറിഞ്ഞു. കമ്പ്യൂട്ടറിലേക്ക് നടക്കുമ്പോള്‍ ടി വിയില്‍ അവസാനരംഗത്തിന് മുന്നില്‍ കറുത്ത തിരശ്ശീല വീണിരുന്നു.

ബെഡ് ലാമ്പിന്റെത വെളിച്ചം പ്രഭാതത്തെയോ സന്ധ്യയെയോ നേര്പ്പിച്ചെടുത്തതുപോലെ പ്രതലങ്ങളില്‍ ഇഴഞ്ഞു. ഗീത, ഇന്നു അമലിനോടും അമൃതയോടും തന്റെെ ഓണ്‍ലൈന്‍ സംഭാഷണങ്ങള്‍ മുടങ്ങിയെന്ന് ഓര്ത്തു. വശം ചെരിഞ്ഞ് കാല്‍മുട്ടുകള്‍ അല്പം മടക്കി തൊട്ടടുത്ത തലയിണയിലേക്ക് കൈകിടത്തി തന്റെ കൗമാര ആര്ത്തവദിനങ്ങളെ ഉരുവിട്ട് കിടന്നു. വര്ഷങ്ങളായി ആണ്സ്പര്ശമില്ലാത്ത ശരീരത്തിന്റെ സ്വകാര്യദുഃഖത്തിന്റെ വെറുപ്പ്. രതിയിലൊഴികെ വ്യക്തമായ മറ്റു പങ്കാളിത്തങ്ങളില്ലാത്ത ശരീരങ്ങളില്‍; ശാരീരികഅടുപ്പങ്ങളുടെ പ്രതലസ്വഭാവം വാര്ദ്ധക്യത്തെ കൂടുതല്‍ ഏകാന്തതയിലേക്ക് തള്ളിവീഴ്ത്തുമെന്ന നിഗമനം. ഗീതയില്‍ തന്റെ ആര്ത്തവങ്ങളെപ്പോലെ രവിയുടെ സ്വയംഭോഗങ്ങളിലൂടെയും ചില തോന്നലുകള്‍ ഉറയൂരിക്കടന്നുപോയി. രവിയോടുള്ള സംസാരത്തിലെ രൂക്ഷത തന്നില്‍ ഇളിഭ്യത നിറയ്ക്കുമ്പോള്‍ സ്വയം പുച്ഛം നിറച്ച് സഹതാപം കണ്ടെത്തി. പക്ഷേ, ജനറല്‍ സര്ജറിയുടെ വര്ഷ‍ങ്ങളില്‍ ഒരിക്കല്‍പ്പോലും ആരെയും വന്ധ്യംകരണശസ്ത്രക്രിയ ചെയ്തിട്ടില്ലെന്നും പഠനകാലത്തിനുശേഷം അപൂര്‍വ്വം ചിലപ്പോഴല്ലാതെ ഇപ്പോള്‍ മാത്രമാണ് അതിനെ കുറിച്ച് ഓര്ത്തതെന്ന് അത്ഭുതത്തോടെ ഗീത സ്ഥിരീകരിച്ചു. അബോധതലങ്ങളില്‍നിന്നും പൊട്ടിവീണ ചോദന, ഇണയെ വന്ധ്യംകരിക്കുക, ഷണ്ഡനാക്കുക. തനിക്ക് രതിയുടെ ആദ്യകാലങ്ങളില്‍പോലും പഠനവിധേയമാകാത്ത ജീവനുള്ള വൃഷ്ണസഞ്ചിയുടെ രഹസ്യം. വീണ്ടും വീണ്ടും ഇഴകളെ വേര്പെടുത്തിക്കൊണ്ടിരുന്നു ഗീത.

അകത്തളങ്ങളില്‍നിന്നും നിദ്രയുടെ വേഷങ്ങള്‍ രംഗപടത്തിലേക്ക് കയറുമ്പോള്‍, തെളിയുവാനൊരുങ്ങുന്ന തീവെളിച്ചങ്ങളുടെ നടുവിലേക്ക് ആട്ടിയോടിക്കപ്പെടും മുന്പ് രവീന്ദ്രന്‍ കിടക്കയുടെ ഇടത് ഓരത്തേക്ക് ചരിഞ്ഞുകിടക്കുകയും ഗീത നേര്ത്ത ഉള്ളറിവിനെ അടിവയറിലൊതുക്കി മയങ്ങിപ്പോകുകയും ചെയ്തു. നിശ്ചലമായ തുടര്‍രംഗങ്ങളുടെ തീവ്രതകളെ ഉള്ളിലൊളിപ്പിച്ച രണ്ട് മനുഷ്യശരീരങ്ങളില്‍ സ്വപ്നത്തിന്റെ മൂര്ത്തത ഉറവപൊട്ടി.

പച്ച നിറത്തിലുള്ള അയഞ്ഞ മേല്ക്കുപ്പായത്തിനും മുകളില്‍ ചതുരത്തില്‍ ഒഴിവുള്ള വലിയ തുണിയുടെ അടിയിലേക്ക് മലര്ന്നു കിടക്കുകയാണെന്ന്, ഏതൊരാളെയുംപോലെ സ്വന്തം തലച്ചോറിനാല്‍ രവീന്ദ്രന്‍ ക്രൂരമായി വഞ്ചിക്കപ്പെട്ടു. സ്വപ്നത്തിന്റെ യാഥാര്ത്ഥമായുള്ള വളരെ കുറഞ്ഞ സമയത്തിന്റെെ പകര്ന്നാട്ടത്തില്‍ രവീന്ദ്രന്‍ തന്നിലേക്ക് അടുത്തുവരുന്ന രൂപങ്ങളില്‍ ഒന്നിനെ തിരിച്ചറിഞ്ഞു. ഗീത. നിറങ്ങളുടെ സാമ്യതയില്‍, ക്രമീകരണങ്ങളുടെ വെളിച്ചത്തില്‍, ലോഹത്തിന്റെ ഉരസലുകളുടെ കമ്പനത്തില്‍ രവീന്ദ്രന്‍ വെപ്രാളപ്പെട്ടു. തിയേറ്ററിന്റെ വായുക്രമീകൃതാവസ്ഥയില്‍; അണുനാശിനികളുടെ; മരുന്നുകളുടെ ഗന്ധത്തില്‍ താന്‍ ഒരു ശസ്ത്രക്രിയാമേശയില്‍. സ്വപ്നത്തെ പൊട്ടിച്ചെറിയാനുള്ള ഓരോ ശ്രമങ്ങളെയും അബോധത്തിന്റെ ബലാല്ക്കാരം. അയാള്ക്കുള്ളില്‍ നിറഞ്ഞ വെളിച്ചത്തിന് നടുവില്‍ പ്രൊഫസര്‍ രവീന്ദ്രന്‍ കിടന്നു.
തന്റെ പരിചയസമ്പന്നതയിലും ശസ്ത്രക്രിയ ശരീരങ്ങളുടെ നഗ്നതയിലും രതിയിലും തന്റെ മകന്റെ ബാല്യത്തിലും തിരഞ്ഞ് തളര്ച്ചയിലേക്ക് സംക്രമിച്ച് ഉറങ്ങിയ ഡോക്ടര്‍ ഗീത, അസ്വസ്ഥസ്വപ്നങ്ങളെ പാടെ ഉപേക്ഷിച്ചാണ് ഉണര്ച്ച കണ്ടെത്താറുള്ളത്. തന്റെ പതിവിടം സ്വപ്നത്തിലേക്ക് പകര്ത്തപ്പെടുന്നതിനാല്‍ തുടക്കനിമിഷങ്ങളില്‍ തീര്ത്തും അലക്ഷ്യമായ പരിഗണനകളാണ് ഗീതയില്‍ ഉണ്ടായിരുന്നത്. തനിക്ക് മുന്നില്‍ രവിയുടെ ശരീരമെന്ന അറിവ് ചടുലത ഉണര്ത്തിയെങ്കില്‍ സ്വയം തിരഞ്ഞെടുക്കാനാവാത്ത ഒരു പ്രേരണ ഉണരുന്നു എന്ന്‍ ഉറപ്പിക്കാമായിരുന്നു. വൃഷണങ്ങളുടെ തൊലിയില്‍ ലോക്കല്‍ അനസ്തേഷ്യ കൊടുക്കുകയെന്ന തുടക്കംകുറിക്കുമ്പോള്‍ ഗീത ഉള്പ്പുളകം അറിഞ്ഞു. സ്പര്ശനവും വേദനയും ഒഴിപ്പിച്ചെടുത്ത്, രണ്ട് നേര്ത്ത മുറിവുകള്‍; രതിയുടെ ശൂന്യതയിലേക്ക് ജീവനൊഴുക്കിയ രണ്ട് ഞരമ്പുകളില്‍.

അഹംബോധത്തിലേക്ക് ആണ്മയിലേക്ക് ഭാര്യയുടെ സ്ത്രൈണതയുടെ കടന്നുകയറ്റം. രവീന്ദ്രന്‍ താന്‍ സ്വപ്നത്തിലും തളര്ന്ന് കിടക്കുകയാണെന്ന് അറിഞ്ഞു. ബീജത്തിന്റെ ഞരമ്പില്‍, പാരമ്പര്യത്തില്‍, സ്വത്വത്തിന്റെ സ്വകാര്യതയില്‍ പിളര്പ്പ്. അവയവധാര്ഷ്ട്യത്തില്‍, അധികാരത്തില്‍, മേല്ക്കോയ്മകളില്‍നിന്നും ചരിത്രത്തില്‍ നിന്നുപോലും താന്‍ മുറിച്ചുമാറ്റപ്പെടുകയാണെന്ന് രവീന്ദ്രന് തോന്നി. തലച്ചോറിന്റെ സിരകളില്‍നിന്നും കലങ്ങിമറിഞ്ഞ് ഉണര്ന്നുവരുന്ന വിറയല്‍.

മുറിച്ച രണ്ട് കുഴലുകളില്‍ അറ്റുപോയത് തന്നില്‍ നിന്നുപോലും ഉണര്ന്ന ചില അതിപ്രാചീനതകളായി ഗീതയ്ക്ക് തോന്നി. നേര്ത്ത രണ്ട് തുന്നലുകളില്‍ താന്‍ ചേര്ത്തെടുക്കുന്ന തൊലിക്കുള്ളില്‍ അടക്കം ചെയ്തത് എന്തൊക്കെയാണെന്ന് ഇനിയും തെളിഞ്ഞിട്ടില്ലെന്ന് ഡോക്ടര്ക്ക് അറിയാം. അല്പസമയത്തിന് ശേഷം നേര്ത്ത വേദനയില്‍ രവീന്ദ്രനില്‍ ഒരു ആര്ത്തനാദം ഉണരുമെന്ന്‍ ഓര്ത്ത് തനിക്കുള്ളില്‍ ഒരു തിരത്തള്ളല്‍. അരക്കെട്ടില്‍ പൊത്തിപ്പിടിച്ച് അയാള്‍ കരയുന്നത് ഗീതയില്‍ തെളിഞ്ഞുനിന്നു.

ഉണര്ച്ചയിലേക്ക്, സ്വപ്നത്തിന്റെ സിരകളെ മുറിച്ച് എഴുന്നേല്ക്കുമ്പോള്‍ ഓര്മ്മയില്‍ തങ്ങുന്ന സ്വപ്നത്തിന്റെ തുടര്ച്ച ഗീതയെ ഉലച്ചു. രഹസ്യം, സ്വപ്നത്തിനു വെളിയിലേക്കിറങ്ങുന്നത് ഓര്ത്ത് ഉള്‍വിറയല്‍. അലക്ഷ്യമായി വെളിച്ചം തെളിയിച്ച് രവീന്ദ്രനെ നോക്കുമ്പോള്‍ ഗീതയില്‍ ഒരു നിലവിളി പൊങ്ങി. നിദ്രയെ പിളര്ന്ന് ‍ യാഥാര്ത്ഥ്യം രംഗം തുടരുമ്പോള്‍, വര്ഷങ്ങള്ക്ക് പുറകില്‍ നിന്ന് ഉണര്ന്ന അപസ്മാരത്തിന്റെ പിടച്ചിലുകളില്‍ നുരതുപ്പി രവീന്ദ്രന്‍ കിടക്കുന്നത് ഗീതയുടെ റെറ്റിനയില്‍ പ്രതിബിംബിച്ചു.

Subscribe Tharjani |