തര്‍ജ്ജനി

റഷീദ്. സി. പി.

Visit Home Page ...

സിനിമ

വജ്ദ: സിനിമയുടെ സാദ്ധ്യതകളും ക്ഷതങ്ങളും

സിനിമ മാത്രമല്ല, മറ്റ് കലാസൃഷ്ടികളും സൗന്ദര്യാത്മകാന്വേഷണങ്ങളും, അത്ര എളുപ്പം സാദ്ധ്യമല്ലാത്തവിധം മതാന്ധത മുടചൂടിയാടുന്ന ചാവുനിലമാണ്, ഇന്നും സൗദി അറേബ്യ. എന്നാല്‍, ഈ ശൂന്യമായ ഇടത്തില്‍നിന്ന് ഇപ്പോള്‍ ഉണ്ടാവുന്ന സിനിമകള്‍ എണ്ണത്തില്‍ ചുരുക്കമെങ്കിലും, വലിയ സിനിമാചരിത്രമുള്ള നാടുകളിലെ സിനിമകളോട് കിടപിടിക്കുകയോ, അവയെ മറികടക്കുകപോലുമോ ചെയ്യുന്നുണ്ട്. തീര്‍ച്ചയായും അത്തരമൊരനുഭവമാവും 'വജ്ദ' എന്ന ഫീച്ചര്‍ഫിലിമും നിങ്ങള്‍ക്ക് നല്കുക. ഈ പുരുഷാധിപത്യഭൂമിയില്‍നിന്ന്, അതും ഒരു സ്ത്രീ സംവിധായികയുടേതായി കടന്നുവരുന്ന ഈ സിനിമ സൃഷ്ടിക്കുന്ന ആഘാതം വലുതും മനോഹരവുമാണ്.

ഒരു പക്ഷേ, അറബ് വസന്തങ്ങളെ ഉണ്ടാക്കിയ പരിവര്‍ത്തനമോഹങ്ങള്‍, സൗദിയില്‍ അദൃശ്യമായി പ്രവര്‍ത്തിക്കുന്നതിന്റേയും ഇറാന്‍ സിനിമകളുടെ സ്വാധീനവും ഈ സിനിമയുടെ സൃഷ്ടിയില്‍ ഒളിഞ്ഞോ, തെളിഞ്ഞോ കിടപ്പുണ്ടാവും. ബാപ്പയും ഉമ്മയും മകളും അടങ്ങുന്ന വജ്ദയുടെ കുടുംബം താമസിക്കുന്നത് സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലാണ്. 11 വയസ്സ് പ്രായമായ അവളുടെ ജീവിതത്തില്‍ ഒരൊറ്റ സ്വപ്നം മാത്രമാണ് നങ്കൂരമിട്ട് കിടക്കുന്നത്. അത് സ്കൂളിലേക്ക് പോവുന്ന വഴിയിലെ ഷോപ്പില്‍ കാണുന്ന 'പച്ച സൈക്കിള്‍' സ്വന്തമാക്കുക എന്നതു മാത്രമാണ്. 800 റിയാല്‍ വിലവരുന്ന 'ബൈസിക്കിള്‍' സ്വന്തമാക്കാനുള്ള അവളുടെ ശ്രമങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം. ഏക കാല്‍നടക്കാരിയായി സിനിമയില്‍ നാം കാണുന്ന, 'വജ്ദ'യുടെ 'സൈക്കിള്‍ എന്ന സ്വപ്നം', സ്ത്രീകളുടെ വേഗത്തിനും മോഹങ്ങള്‍ക്കും കടിഞ്ഞാണിടുന്ന സാമൂഹ്യബന്ധങ്ങളോടുള്ള കലഹം തന്നെയാണ്. വാഹനമോടിക്കാനുള്ള അവകാശത്തിനുവേണ്ടി സൗദിയില്‍ സ്ത്രീകള്‍ ഉജ്ജ്വലമായി സമരംചെയ്യുന്ന വര്‍ത്തമാനകാലത്ത്, ഇത്തരമൊരു രൂപകം വളരെ ശക്തമായ ഒരു രാഷ്ട്രീയ ഐക്യദാര്‍ഢ്യം കൂടിയാണ്. മാത്രമല്ല, ഈ സിനിമയിലെ, വജ്ദയുടെ ഉമ്മയും ബാപ്പയും തമ്മിലെ വലിയ തര്‍ക്കങ്ങളാണ് എപ്പോഴും നാം കാണുക, കാര്‍ ഡ്രൈവറുടെ ശമ്പളം നല്കുന്നതുമായി ബന്ധപ്പെട്ടാണ്. ഇതും യാദൃശ്ചികമല്ല.

വജ്ദയുടെ ആഗ്രഹം അത്ര ചെറുതല്ല. കാരണം സൗദിയില്‍ പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍ ഉപയോഗിക്കാനാവില്ല. സ്കൂളിലേക്ക് നടന്നുപോവുന്ന അവളെ പിന്നിലാക്കി കുതിക്കുന്ന 'ആണ്‍ സൈക്കിള്‍'ക്കൂട്ടങ്ങളുടെ രംഗങ്ങള്‍, ആണധികാരം അടക്കിവാഴുന്ന ഇടങ്ങളില്‍ നിന്നുയരുന്ന, പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന പെണ്ണിന്റെ നോവുകളെ ദൃഢ്മായി പിന്തുണയ്ക്കുന്നുണ്ട്.

ബാപ്പയുടെ താവഴി ചിത്രീകരിക്കുന്ന മരത്തില്‍ വജ്ദ തന്റെ പേര് കുറിച്ചിടുമ്പോള്‍ അത് പറിച്ചെറിയപ്പെടുന്നതും പെണ്‍കുട്ടിയായതിന്റെ പേരില്‍ വജ്ദയുടെ ബാപ്പ വീണ്ടും വിവാഹം കഴിക്കാന്‍ പോവുന്നതും അവളുടെ മാത്രം നോവായല്ല, കാണുന്നവരുടേയും ദു:ഖമായി മാറുന്നുണ്ട്. ദൈനംദിനജീവിതത്തിന്റെ പലഘട്ടങ്ങളിലും ഓരോ സ്ത്രീയ്ക്കും പ്രതിസന്ധികള്‍ സ്വയം മറികടക്കാന്‍ ഈ സിനിമയിലുടനീളം സഹായമാവുന്നത് സ്ത്രീകളാണ്.


കടപ്പാട്: വിക്കിപീഡിയ

അടിച്ചമര്‍ത്തപ്പെടുന്ന 'സ്ത്രീമോഹങ്ങളുടെ വീണ്ടെടുപ്പിന് പലപ്പോഴും മുതിര്‍ന്നസ്ത്രീകള്‍ക്ക് വിലക്കുകളെ ലംഘിക്കേണ്ടിവരുന്നുണ്ട്. ഇത്തരം ഒളിപ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നാണ് വജ്ദ തന്റെ സൈക്കിള്‍ വാങ്ങാനുള്ള പണം സംഘടിപ്പിക്കുന്നത്. ഇങ്ങനെ ഈ സിനിമയുടെ ഉടലാകെ സ്ത്രീപക്ഷവികാരങ്ങളാല്‍ അണിഞ്ഞൊരുങ്ങീട്ടുണ്ട്.
ഒടുവില്‍ ഖുര്‍ ആന്‍ കോംപിറ്റീഷനിലൂടെ ആയിരം റിയാല്‍ സമ്മാനമായി സ്വന്തമാക്കാനുള്ള ഒരവസരം അവള്‍ക്ക് ലഭിക്കുന്നു. അതിലവള്‍ വിജയിക്കുകയും ചെയ്യുന്നു. വിജയിയായ വജ്ദയോട് പണം എന്തിനുവേണ്ടി ഉപയോഗിക്കും എന്ന് ടീച്ചര്‍ ചോദിക്കുമ്പോള്‍ 'ബൈസിക്കിള്‍' എന്ന അവളുടെ ഉത്തരം ദൃഢമായിരുന്നു. ഇതവളെ ഒറ്റപ്പെടുത്തുന്നു. അനിസ്ലാമികമായ അവളുടെ മോഹം അടിച്ചമര്‍ത്തപ്പെടുന്നു. പകരം പണം പാലസ്തീനു കൈമാറാന്‍ ടീച്ചര്‍ തീരുമാനിക്കുന്നു.

ബാപ്പയുടെ വിവാഹം നടക്കുന്ന രാത്രിയില്‍, സ്വന്തം വീടിന്റെ ടെറസ്സില്‍ പരസ്പരം കെട്ടിപ്പിടിച്ച് വജ്ദയും ഉമ്മയും നില്ക്കുന്നു. പരസ്പരം താങ്ങായ് മാറുന്ന രണ്ടു സ്ത്രീകള്‍. ലിംഗപദവി, സ്വയം തിരിച്ചറിയാനും താങ്ങാവാനും മറ്റെന്തിനെക്കാളും ഉപയുക്തമാവുന്ന ഈയൊരവസ്ഥ, ഈ സിനിമയിലെ ഏറ്റവും ശക്തവും മനോഹരവും തീവ്രവുമായ ഒരു രംഗമാണ്. ഒടുവില്‍ ആ രാത്രി 'വജ്ദ'ക്ക് ഉമ്മയുടെ സമ്മാനമായി സൈക്കിള്‍ ലഭിക്കുന്നു. തന്റെ കളികൂട്ടുകാരന്‍ സലീമിനെ പിന്നിലാക്കി, തന്നെ തോല്പിക്കാന്‍ വെല്ലുവിളിച്ച് വജ്ദയുടെ സൈക്കിളില്‍ കുതിക്കുമ്പോള്‍ ഈ സിനിമ അതിന്റെ അവസാനരംഗം കണ്ടെടുക്കുന്നു. ശക്തമായ സ്ത്രീപക്ഷ മനസ്സോടെ.

ഈ സിനിമയുടെ സംവിധായിക തന്നെയാണ് അതിന്റെ തിരക്കഥാകൃത്തും. ഹൈഫാ അല്‍ മന്‍സൂറിന്റെ സ്വന്തം അനുഭവലോകം തന്നെയാവും ഈ സിനിമക്ക് പ്രചോദനം. സ്ത്രീകളും പുരുഷന്‍മാരും അടുത്തിടപഴകാന്‍ കഴിയാത്ത സൗദിയിലെ സാഹചര്യം ഷൂട്ടിംഗിന് സൃഷ്ടിക്കുന്ന തടസ്സങ്ങളെക്കുറിച്ച് അവര്‍ ഒരഭിമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്. അമേരിക്ക, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സംവിധായികയെ പാശ്ചാത്യജീവിതവും ചിന്താലോകവുമാണ് പ്രചോദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ മതാന്ധതയുടെ ഇരുട്ടില്‍നിന്ന് സാമ്രാജ്യത്വ പളപ്പിലേക്കാണ് രക്ഷയ്ക്കായി അവര്‍ നോക്കുന്നത്. സ്ത്രീവിമോചനത്തിന്റെ സങ്കീര്‍ണ്ണതകളിലേക്കും അതിനപ്പുറത്തേക്കും സിനിമയുടെ കാഴ്ചകള്‍ നീളാത്തത് ഇത് കൊണ്ടാണ്. സൗദിയുടെ യഥാര്‍ത്ഥഅവകാശികളായ ഗോത്രവര്‍ഗ്ഗവിഭാഗങ്ങള്‍ അവിടെ പൂര്‍ണ്ണമായും ബഹിഷ്കൃതരും ദരിദ്രരുമാണ്. ഇത്തരം മനുഷ്യര്‍ ഈ സിനിമയില്‍ അദൃശ്യമാവുന്നത് വെറുതെയല്ലെന്ന് ചുരുക്കം. വജ്ദയുടെ സ്വപ്നങ്ങള്‍ക്ക് പലസ്തീനെ പ്രതിസ്ഥാപിക്കുന്നതും ഈ സിനിമയിലെ വലിയൊരു കല്ലുകടിയായി.

ജര്‍മ്മന്‍ സാമ്പത്തികസഹായത്തോടെയാണ് ഈ സിനിമ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ആഗോളവത്കരണത്തിന്റെ തീവ്രതയോടെ, ലോകത്താകമാനം സിനിമാനിര്‍മ്മാണത്തില്‍ ഉണ്ടായ പ്രധാനമാറ്റം ഇത്തരം സംയുക്തനിര്‍മ്മാണത്തിലൂടെ സംഭവിക്കുന്ന മൂലധനാധിനിവേശമാണ്. ലാറ്റിനമേരിക്കന്‍, ഏഷ്യന്‍, മഗ്‌രിബ് സിനിമകളെയെല്ലാം പലപ്പോഴും അതിന്റെ രാഷ്ട്രീയമോഹങ്ങളില്‍ ദുര്‍ബ്ബലമാക്കാന്‍ ഈ മൂലധനപ്രവേശനത്തിലൂടെ സാദ്ധ്യമായിട്ടുണ്ട്. ഈ സിനിമയ്ക്കും അത്തരം ചില പോറലുകള്‍ ഏറ്റിട്ടുണ്ട്.

ഭൗതികവും ബൗദ്ധികുവുമെല്ലാമായ മൂന്നാംലോക പിന്നോക്കാവസ്ഥ ഒരു സാമ്രാജ്യത്വസൃഷ്ടികൂടിയാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാത്തിടത്തോളം, നമ്മുടെ വിമോചനാത്മക അന്വേഷണങ്ങള്‍ സ്വയം ഒറ്റുകൊടുക്കുന്നതായി തീരും. എങ്കിലും ഇനിയും ജനിക്കാത്ത കണ്ണുകള്‍ക്കുവേണ്ടി, ഈ ലോകത്തെ സ്നേഹിക്കാനും മാറ്റിതീര്‍ക്കാനുമുള്ള ഈ സിനിമയുടെ മോഹം മനോഹരമാണ്. വജ്ദ സിനിമയുടെ സാദ്ധ്യതകളെ തന്നെയാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

Subscribe Tharjani |