തര്‍ജ്ജനി

ഗൌതമന്‍

ക്രാന്തി,
കുമാരപുരം (പി. ഒ.),
ഹരിപ്പാട്.

Visit Home Page ...

കവിത

എങ്കിലും

വലതുവശത്തിരിക്കുന്ന
താടിക്കാരന്‍ പ്രാന്തന്‍
തൂണിനോട് തെലുങ്കില്‍
പറയുന്നതെന്താണെന്നറിയില്ല.

എന്നെ വേണമെന്നു നീ പറയുന്നതും
എന്തിനാണെന്നെനിക്കറിയില്ല.

മറ്റൊരു ഭാഷയുമറിയാത്തയീ മനസ്സിനെ
എത്ര തവണ പകുത്തു ഞാന്‍, ദൈവമേ!
എന്നിട്ടുമറിയില്ല,
ചോര പൊടിയുന്നില്ല!
ഒന്നും മനസ്സിലാകുന്നില്ല!

കടമെടുത്ത വാക്കുകളില്‍
നീ പൊതിഞ്ഞുകെട്ടിയ പ്രണയത്തെ
തുറന്നുനോക്കാന്‍ പോലും
മടിയാകുന്നു.

ഇനി നീയൊരു കവിതയെഴുതൂ.
അഖ്മത്തോവയുടെ മേപ്പിളിലകളേയും
മുറാകാമിയുടെ കൊടുങ്കാറ്റുകളെയും
നീ സ്വയം തുറന്നുവിടൂ.
മനസ്സിലാകില്ലെങ്കിലും
ഞാനൊരു തവണ കൂടെ വായിച്ചുനോക്കാം.

അഴിച്ചെടുക്കാനാകാത്ത കെട്ടുകള്‍കൊണ്ടു
നാം ഒതുക്കിനിര്‍ത്തിയ റോസാച്ചെടി
ഇനിയും പുഷ്പിക്കില്ലയെങ്കിലും...

Subscribe Tharjani |