തര്‍ജ്ജനി

ബിനു ആനമങ്ങാട്

എടത്രത്തൊടി വീട്,
തൂത തപാല്‍,
മലപ്പുറം ജില്ല. 679 357
ഇ മെയില്‍: afgaar@gmail.com

Visit Home Page ...

കവിത

നിനക്കുമാത്രമറിയാവുന്ന ഉത്തരങ്ങളേ….

നീ വരച്ചിട്ട ചിത്രാക്ഷരങ്ങളില്‍
മുടന്തിവീണ ഒരു ചില്ലക്ഷരമുണ്ട്…
അസൃഷ്ടിയുടെ സൂര്യശമനങ്ങളില്‍
പതം വന്ന ഒരു വിത്ത്..
കാലങ്ങള്‍ താണ്ടിയ പ്രമാണങ്ങളില്‍
ഒറ്റയും കൂട്ടും മാറ്റിയെഴുതുമ്പോള്‍
നിന്റെ നിഘണ്ടുവില്‍ ബാക്കിയാകുന്നത്
ഏതുവാക്കിന്റെ ചോരച്ചുവപ്പാണ്?

കണ്‍മഷിമെഴുക്കില്‍ സ്വപ്നമൊളിപ്പിയ്ക്കാന്‍
നീ പകര്‍ന്നുവച്ച നനവിടങ്ങള്‍,
കനല്‍വേവിലും കാവലാകാന്‍
നീ കുരുത്തിട്ട കാനല്‍പ്പടര്‍പ്പുകള്‍,
എന്നിട്ടും വീശാത്ത കാറ്റിന്റെ
ഇല്ലാവേഗങ്ങളേ,
നിന്റെ നിയമത്തിന്റെ ഏത്രാമത്തെ കുരുക്കിലാണ്
പച്ചിലപ്പടര്‍പ്പുകളുടെ വേരിളകുന്നത്?

മത്സ്യനിയമങ്ങളുടെ ജയഘോഷങ്ങളില്‍
തോറ്റൊടുങ്ങുന്ന അല്പപ്രാണന്‍…
തിന്നുതീര്‍ക്കുന്ന പാപപ്പങ്കില്‍
ലഹരി തേടുന്ന ചെന്നായ്ക്കൂട്ടം…
എന്നിട്ടുമെത്താത്ത നക്ഷത്രവെളിച്ചമേ,
ഏതുറക്കത്തിന്റെ ഇരുള്‍മെത്തയില്‍ വെച്ചാണ്
നിന്റെ കൈത്തെറ്റിന് ഉരുവമായത്?

ഒരു വരയില്‍ ലോകം പകുക്കുമ്പോള്‍
അന്യമാകുന്ന മൂന്നടിക്കോലുകള്‍..
സ്വൈരതയുടെ ആകാശച്ചരുവുകളിലേയ്ക്ക്
കാഴ്ചയെ പറത്തിവിട്ടിട്ടും
ശേഷിയ്ക്കുന്ന കൈതോലമുറിവുകള്‍..
എന്നിട്ടും പെയ്യാത്ത
മേഘസ്വപ്നങ്ങളേ,
ഏതു സ്വപ്നാടനത്തിന്റെ ബാക്കിയായാണ്
ഈ നീറ്റുവല നീ നീട്ടിയെറിഞ്ഞത്?

ചാരം പുരണ്ട തലമുടിയ്ക്കും
മഞ്ഞച്ച നഖങ്ങള്‍ക്കും
ദ്രവിച്ച നെഞ്ചിന്‍കൂടിനും
പൊട്ടിയൊലിയ്ക്കുന്ന ഞരമ്പുകള്‍ക്കും
ഇനിയും ആരുത്തരം പറയും,
നീയല്ലാതെ,
എന്റെ ദൈവമേ നീയല്ലാതെ?

Subscribe Tharjani |