തര്‍ജ്ജനി

വിജയ് റാഫേല്‍

Visit Home Page ...

സമകാലികം

മറൈന്‍ ഡ്രൈവ്, സദാചാരപോലീസ് പിന്നെ സാദാ പോലീസും

ആദര്‍ശവിടുവായത്തം മുഖമുദ്രയായ മലയാളിയുടെ യാഥാസ്ഥിതികമനസ്സ് എല്ലാ മറകളും തകര്‍ത്ത് പുറത്തുവന്ന ഒരു സംഭവമാണ് കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന ചുബനസമരം. കോഴിക്കോട്ടെ ഒരു റെസ്റ്റോറന്റില്‍ ഇണകള്‍ പ്രണയലീലയാടുന്നുവെന്ന് ഒരു മലയാളം ചാനല്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നു. സദാചാരത്തിന്റെ കാവല്‍ഭടന്മാരായി വേഷംകെട്ടിയ ഒരുസംഘം വാര്‍ത്തയ്ക്കു പിന്നാലെ, വാര്‍ത്ത ശരിയെന്ന് ഉറപ്പിച്ച് റെസ്റ്റോറന്റ് തല്ലിത്തകര്‍ക്കുന്നു. സംഘടിതമായ ആക്രമണം എന്ന നിലയിലും, ഒരു രാഷ്ട്രീയസംഘടനയുടെ നേതൃത്വത്തില്‍ നടന്നത് എന്ന നിലയിലും ഇത് വളരെ ഗൌരവമുള്ള പ്രശ്നമാണ്. എവിടെയെങ്കിലും നിയമലംഘനമോ അതിക്രമമോ ഉണ്ടായാല്‍ വടിയും കുന്തവുമായിച്ചെന്ന് തല്ലാനും തകര്‍ക്കാനും ഈ നാട്ടിലെ നിയമവ്യവസ്ഥ അനുവദിക്കുന്നില്ല. ജാഥയായിപ്പോയി തല്ലിത്തകര്‍ത്തവര്‍ അവിടുത്തെ സാംസ്കാരികപ്രശ്നത്തില്‍ കുപിതരാണ് എന്ന് നടിക്കുന്നു. ആ റെസ്റ്റോറന്റില്‍ ചായ ഓര്‍ഡര്‍ ചെയ്താല്‍ അതോടൊപ്പം കെട്ടിപ്പിടുത്തവും ചുംബനവും ഫ്രീയാണോ? അങ്ങനെയാണോ അവിടത്തെ കച്ചവടം? അവിടെ പോവുന്നവര്‍ കെട്ടിപ്പിടിക്കാതെയും ഉമ്മവെക്കാതെയും തിരിച്ചുപോരാനാകാത്ത അവസ്ഥയിലാണോ? ആള്‍ത്തിരക്ക് കുറഞ്ഞ ഒരു റെസ്റ്റോറന്റില്‍ കമിതാക്കള്‍ പോവുന്നു. അവരവിടെ ലഭ്യമായ സ്വകാര്യതയില്‍ പ്രണയിക്കുന്നു. അങ്ങനെ അതിനെയല്ലേ അതിനെ കാണേണ്ടത്?

വിവാഹിതരായവര്‍ക്ക് മാത്രമേ പ്രണയജീവിതം പാടുള്ളൂ എന്ന് ഏന്ന് ഏത് സദാചാരസംഹിതയാണ് പറയുന്നത്? ഏത് അളവുകോല്‍ വെച്ചാണ് കമിതാക്കളുടെ പ്രണയം നമ്മുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും എതിരാണെന്ന് പറയുന്നത്. പരപുരുഷനെ, അല്ലെങ്കില്‍ സ്ത്രീയെ സ്പര്‍ശിക്കുന്നത് അല്ലെങ്കില്‍ അടുത്ത് പെരുമാറുന്നത് സാന്മാര്‍ഗ്ഗികമായ തെറ്റാണോ? സ്ത്രീകള്‍ പരപുരുഷന്മാരുടെ കണ്ണില്‍ പെടാതിരിക്കാനായി കറുത്ത തുണിയില്‍ പൊതിഞ്ഞുകെട്ടി, കണ്ണിനുപോലും വലകെട്ടി കൊണ്ടുപോവുന്ന അറബ് നാട്ടിലെ രീതി ഇപ്പോള്‍ നമ്മുടെ നാട്ടിലും വ്യാപകമായി പ്രചാരത്തില്‍ വന്നുകഴിഞ്ഞിട്ടുണ്ട്. ഒരു തലത്തില്‍ സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചും ശാക്തീകരണത്തെക്കുറിച്ചും ആവേശംകേറി പ്രസംഗിക്കുകയും സ്ത്രീകളുടെ സ്വാതന്ത്ര്യം എന്തെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്ന് പറയുകയും ചെയ്യുന്ന അസംബന്ധം നാം കാണുന്നു. യാഥാസ്ഥിതിക പൌരോഹിത്യത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സ്ത്രീകളുടെയും പെണ്കുട്ടികളുടെയും സംഘടനകള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് കൌതുകകരം. സദാചാരത്തെക്കുറിച്ച് പത്തുവാക്യം പരസ്പരവിരുദ്ധമായല്ലാതെ പറയാനാവാത്ത പരിതാപകരമായ സദാചാരസങ്കല്പമാണ് അവരുടേത്.

ടെലിവിഷന്‍ സംവാദത്തിലും വാര്‍ത്തയിലും പത്രങ്ങളിലുമെല്ലാമായി മറൈന്‍ ഡ്രൈവില്‍ നടത്താന്‍ നിശ്ചയിച്ച സദാചാരപോലീസിംഗിനെതിരെയുള്ള സമരത്തെക്കുറിച്ച് പ്രതികരിച്ചവരില്‍ ഏറെയും ചുബനസമരം നമ്മുടെ സംസ്കാരത്തിന് വിരുദ്ധമായതാണ് അതെന്ന് വാദിക്കുന്നു. അവര്‍ പറയുന്നത് വിക്ടോറിയന്‍ സദാചാരത്തെക്കുറിച്ചാണ്. അത് ഇവിടെ ബ്രിട്ടീഷുതാര്‍ ഭരിച്ചപ്പോള്‍ അവര്‍ പ്രചരിപ്പിച്ചതും പ്രയോഗത്തില്‍ വരുത്തിയതുമാണ്. ബഹുഭാര്യാത്വവും ബഹുഭര്‍ത്തൃത്വവും സംബന്ധവ്യവസ്ഥയും നിലനിന്നിരുന്ന ഒരു നാട്ടില്‍, സ്ത്രീ മാറ് മറയ്ക്കുന്നത് കുറ്റവും ധിക്കാരവുമാണെന്ന് നിശ്ചയിച്ച ഒരു നാട്ടിലെ സദാചാരം ചുബനത്തിന് എതിരാണെന്ന് പറയുന്നത് ചരിത്രബോധമില്ലായ്മയാണ് വെളിപ്പെടുത്തുന്നത്. കെട്ടിയ പെണ്ണിനെ ജന്മിക്ക് കാഴ്വവെച്ച് ഉദ്ഘാടനം നടത്തിപ്പോന്ന ഒരു പാരമ്പര്യമാണ് ഇവിടെ ഉണ്ടായിരുന്നത്. അത്തരം കാര്യങ്ങളെല്ലാം താനേ മാറിപ്പോയതല്ല. അതിനെതിരെ നിരന്തരമായ സമരങ്ങള്‍ നടന്നിട്ടാണ് അവയെല്ലാം മാറിപ്പോയത്. മാറുമറക്കണമെന്ന് സ്ത്രീകള്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനെ എതിര്‍ത്തവരായിരുന്നല്ലോ നമ്മുടെ പൂര്‍വ്വീകര്‍!

നാഴികയ്ക്ക് നാല്പതുവട്ടം നവോത്ഥാനത്തെക്കുറിച്ചും പുരോഗമനത്തെക്കുറിച്ചും പറയുന്നവര്‍പോലും ചുംബനസമരത്തെ എതിര്‍ത്തു. അവരുടെ എതിര്‍പ്പിന്റെ യുക്തി, പൊതുസ്ഥലത്ത് ഇങ്ങനെ ചുംബിക്കുന്നത് ശരിയോ എന്ന സംശയമാണ്. പാശ്ചാത്യരാജ്യങ്ങളില്‍ കമിതാക്കള്‍ വഴിയരികില്‍ ആശ്ലേഷബദ്ധരായി, ചുബിച്ചുകൊണ്ട് നില്ക്കുന്നത് ഏറ്റവും കുറഞ്ഞത് സിനിമകളിലെങ്കിലും നാം കണ്ടിട്ടുണ്ട്. അവിടെ എല്ലാവരും ആശ്ലേഷിക്കാനും ഉമ്മവെക്കാനും തെരുവിലിറങ്ങുകയല്ല. പ്രണയവും രതിയും വ്യക്തിയുടെ സ്വകാര്യതയാണ്. ഒളിഞ്ഞുനോട്ടത്തിന്റെ മഹനീയമായ സംസ്കാരമാണ് നമ്മുക്കുള്ളത് എന്നതിനാല്‍ നമ്മുടെ തുറിച്ചുനോട്ടത്തിനും ഒളിഞ്ഞുനോട്ടത്തിനുമുള്ള ഒരു വിഷയമായി നമ്മള്‍ അതിനെ കണക്കാക്കുന്നു. മറൈന്‍ ഡ്രൈവിലെ യഥാര്‍ത്ഥപ്രശ്നം ചുംബനമോ ആശ്ലഷമോ അല്ല, മറിച്ച് സദാചാരപോലീസിനെതിരെയുള്ള പ്രതിഷേധം ആയിരുന്നു. അതിനുള്ള പ്രതീകാത്മകമായ രൂപമായിരുന്നല്ലോ പരസ്യചുംബനം.

സദാചാരപോലിസിനെതിരെ നടത്തുന്ന പ്രതിഷേധത്തെ ചെറുക്കുമെന്ന് സദാചാരപോലീസിംഗ് നടത്തുന്നവര്‍ ധാര്‍ഷ്ട്യത്തോടെ പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട്ടെ ഒരു ഹോട്ടല്‍ എന്ത് ന്യായത്തിന്റെ പേരിലായാലും നിയമവിരുദ്ധമായ കയ്യേറ്റം നടത്തി അടിച്ചു തകര്‍ത്തവരുടെ നിയമലംഘനത്തിന്റെ പക്ഷത്തു നില്ക്കുന്നവരുടെ പ്രഖ്യാപനം കൂടുതല്‍ കുറ്റകൃത്യങ്ങള്‍ അങ്ങള്‍ ചെയ്യുമെന്ന പ്രഖ്യാപനം തന്നെയാണ്. അതിനെതിരെ നടപടികള്‍ സ്വീകരിക്കുകയാണ് പോലീസ് ചെയ്യേണ്ടത്. അക്രമം നടത്തുമെന്ന് പറയുന്നവന് സൌകര്യം ഒരുക്കിക്കൊടുക്കകയല്ല പോലീസിന്റെ പണി. കൊച്ചിയില്‍ വന്‍ പോലീസ് സന്നാഹം ഒരുങ്ങിനിന്നത് സദാചാരപോലീസുകാര്‍ക്ക് സംരക്ഷണം നല്കുകയാണ് തങ്ങളുടെ പണിയെന്ന നിലയിലാണ്. അവര്‍ മറൈന്‍ ഡ്രൈവില്‍ കൂടിനിന്നിരുന്ന നിരായുധരും അസംഘടിതരുമായ ആള്‍ക്കൂട്ടത്തെ യാതൊരു നീതീകരണവുമില്ലാതെ തല്ലിയോടിക്കുന്നതാണ് നമ്മള്‍ കണ്ടത്. മാത്രമല്ല ബൈക്കിലെത്തി വടിയുമായി ആക്രമണം നടത്തുന്നവര്‍ക്ക് സഹായം നല്കുകയായിരുന്നു സാദാ പോലീസ്.

സദാചാരം സംരക്ഷിക്കുക ആരാണെന്ന് മറൈന്‍ ഡ്രൈവിലെ സംഭവം നമ്മുക്ക് വ്യക്തമാക്കിത്തന്നു. ഇസ്ലാമിന്റെ പേരില്‍ യാഥാസ്ഥിതികവും പ്രാകൃതവുമായ ആശയങ്ങള്‍ പ്രതരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍, അതുപോലെ ഹിന്ദുവിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നവര്‍. ഇവരെല്ലാം ചുംബനരംഗമുള്ള സിനിമകള്‍ ഉപരോധിക്കുന്ന ദിനം നാം കാത്തിരിക്കുക. മറൈന്‍ ഡ്രൈവില്‍ ഒരു ദിവസം വൈകുന്നേരം കുറച്ചുനേരം മാത്രമാണ് ചുബനസമരം. ഒരു സിനിമ ചിത്രീകരിക്കപ്പെട്ടാല്‍ അത് നിലനില്ക്കുന്നേടത്തോളം കാലം അതിലെ ചുംബനം നിലനില്ക്കും. ഓരോ പ്രദര്‍ശനത്തിലും ആയിരക്കണക്കിന് ആളുകള്‍ അത് കാണും. ഏങ്ങനെയാണ് ഇത്തരം അപകടത്തില്‍ നിന്ന് ഈ സദാചാരവാദികള്‍ സ്വന്തം ജനങ്ങളെ രക്ഷപ്പെടുത്തുകയെന്ന് കാണേണ്ടിയിരിക്കുന്നു. സിനിമകള്‍ നിരോധിക്കപ്പെടുന്ന കാലം വരാനിരിക്കുകയാണോ?

Subscribe Tharjani |