തര്‍ജ്ജനി

മരുതിമല : കയ്യേറ്റങ്ങളുടെ വിലാപഭൂമി

കൊല്ലം ജില്ലയില്‍ കൊട്ടാരക്കര താലൂക്കില്‍ വെളിയം പഞ്ചായത്തിന്റെ വടക്ക്‌ പടിഞ്ഞാറെ അതിര്‍ത്തി ഗ്രാമമായ മുട്ടറയിലാണ്‌ മരുതിമല.

ഇടപ്പൊയ്കകളും വലിയ പാറക്കൂട്ടങ്ങളും ഇടകലര്‍ന്ന ഏകദേശം 300 ഏക്കര്‍ സ്ഥലത്ത്‌ രണ്ടായിരത്തോളം അടി ഉയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നു മരുതിമല. മുട്ടറ, കുടവട്ടൂര്‍, കട്ടയില്‍, മാരൂര്‍ - ദേശങ്ങളുടെ കാവല്‍ക്കാരനായി. മലയെക്കാത്ത്‌ - ചെറുകരക്കോണം പരബ്രഹ്മാവും മുട്ടറ ഇണ്ടിളയപ്പനും.

മരുതിമലയുടെ ദൃശ്യഭംഗി അനന്യമാണ്‌. മലയുടെ ഏറ്റവും ഉയര്‍ന്ന ഭാഗമാണ്‌ കാറ്റാടിപ്പാറ. ഇടനാട്ടില്‍ ഇത്രയും ഉയരമുള്ള ഒരു മല വേറെയില്ല. കാറ്റാടിപ്പാറയുടെ മുകളില്‍ നിന്ന്‌ ചുറ്റും നോക്കിയാല്‍ നാം അനുഭവിക്കുന്നത്‌ കാഴ്ച്ചയുടെ അനന്തസൌന്ദര്യമാണ്‌. വെള്ളിമണികള്‍ പോലെ തിരകള്‍ മറിയുന്ന അറബിക്കടലും മഞ്ഞുമേഘങ്ങള്‍ തഴുകി താരാട്ടു പാടിയുറക്കുന്ന സഹ്യനും ദൂരത്തിന്റെ നിയമങ്ങള്‍ ലംഘിച്ച്‌ നമ്മുടെ കണ്ണില്‍ പ്രത്യക്ഷപ്പെടുന്നു. ഉദയാസ്തമനങ്ങളുടെ ചെമന്ന സൂര്യവട്ടം ചക്രവാള സീമയില്‍ പ്രതിബിംബിക്കുന്നത്‌ കാണാന്‍ ഇന്നും ആളുകള്‍ മരുതിമല കയറുന്നു.

!files/pictures/tharjani/maruthi_monkey.jpg(alt maruthimala monkey)!

മണ്ണും മനുഷ്യനും മരങ്ങളും മിണ്ടാപ്രാണികളും പരസ്പരം കലഹിച്ചും സ്നേഹിച്ചും ചരിത്രത്തിന്റെ ഗോത്രവഴികളിലൂടെ നടന്നു പോയ പുരാതന ഭൂമികയുടെ ഒരു പരിഛേദമാണ്‌ മരുതിമലയുടെ ഇടങ്ങള്‍. ഈ ഇടങ്ങളില്‍ തണുത്ത കാറ്റിന്റെ ലാളനയും കിന്നാരവും കേട്ട്‌ തെറ്റിയും കലംപൊട്ടിയും കാക്കപ്പൂവും കാട്ടുമുല്ലയും പൊട്ടിവിരിഞ്ഞ്‌ തലയാട്ടം കളിച്ച ഒരു വസന്തകാലം... പന്നികളും കുറുനരികളും മലമ്പൂച്ചകളും മലയണ്ണാനും മലങ്കുരങ്ങുകളും സ്വൈരമായി ജീവിതം നയിച്ചിരുന്ന ഒരു കാലം മരുതിമലയ്ക്കുണ്ടായിരുന്നു.

ഈ സുവര്‍ണ്ണ കാലത്തെ മരുതിമലയില്‍ നിന്നും ആട്ടിപ്പായിച്ചത്‌ ആദ്യം വന്നു കയറിയ വസ്തു കയ്യേറ്റക്കാരാണ്‌. മരുതിമലയുടെ ദുരന്തങ്ങള്‍ക്ക്‌ തുടക്കം കുറിച്ചവര്‍. ആ തണുത്ത കാറ്റ്‌ ഇന്നും തിരക്കൊഴിയാതെ മരുതിമലയില്‍ വീശിക്കൊണ്ടേയിരിക്കുന്നു. സന്ദര്‍ശ്ശകരുടെ ക്ഷീണങ്ങള്‍ ഒപ്പിയെടുത്തു ജീവാമൃതം പോലെ... നേരും കുളിരുമുള്ള കാറ്റ്‌. മലയിലെ പാറക്കെട്ടുകളില്‍ പ്രകൃതി നിര്‍മ്മിച്ച ഷെല്‍റ്ററുകളിലിരുന്ന്‌ ഈ കാറ്റ്‌ കൊണ്ട്‌ നിങ്ങള്‍ക്കു നഷ്ടവസന്തങ്ങളുടെ കിനാവുകള്‍ നെയ്യാം.

വിശ്വാസങ്ങളുടെ മാരിയമ്മ ഭൂമിയില്‍ വസൂരി പെയ്തപ്പോള്‍ കൂട്ട മരണത്തിന്റെ വക്കില്‍ നിന്നും നമ്മുടെ പൂര്‍വ്വികരെ പിടിച്ചു കയറ്റിയത്‌ മരുന്ന്‌ ചെടികളായിരുന്നു. മഹാമാരികള്‍ക്ക്‌ നേരെ പ്രതിരോധത്തിന്റെ ഉരുക്ക്‌ കോട്ട പോലെ നിലകൊണ്ടവര്‍ - ഔഷധ സസ്യങ്ങള്‍. ഒരു കാലത്തു ആയിരക്കണക്കിന്‌ മരുന്ന്‌ ചെടികള്‍ മരുതിമലയില്‍ വളര്‍ന്നിരുന്നു എന്നും അവയ്ക്ക്‌ വളരുവാന്‍ പറ്റിയ മണ്ണും കാലാവസ്ഥയും ഈ മലയില്‍ ഇന്നുമുണ്ടെന്നും നാട്ടുദീനം പൊറുപ്പിച്ച്‌ നല്ലദിനങ്ങള്‍ക്ക്‌ വരവൊരുക്കിയ പഴക്കം ചെന്ന നാട്ടുവൈദ്യന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

വസൂരിപ്പാറ - പരമ്പരാഗതമായി കട്ടയില്‍ നിവാസികള്‍ ആരാധന നടത്തുന്ന വിശ്വാസങ്ങളുടെ മൂര്‍ത്തരൂപം. പണ്ടു കാലങ്ങളില്‍ വസൂരി ബാധിച്ചവരെ ഈ പാറയില്‍ കൊണ്ടുവന്ന്‌ പച്ചില മരുന്നുകള്‍ നല്‍കി സുഖപ്പെടുത്തിയിരുന്നുവെന്ന്‌ പഴമക്കാര്‍ ഓര്‍ത്തെടുക്കുന്നു. മരുതിമലയിലെ മണ്ണ്‌ നാടുകാക്കും തേവരുടെ മണ്ണാണെന്ന്‌ ഇവര്‍ വിശ്വസിച്ചു പോരുന്നു. മലയാളത്തിന്റെ മണ്ണും രുചിയും മാഞ്ഞുപോകുന്ന ഈ കാലഘട്ടത്തില്‍, മരുതിമല നശിച്ചാല്‍ നമുക്ക്‌ നഷ്ടമാകുന്നത്‌ കര്‍മ്മശേഷിയുള്ള മണ്ണും പ്രാണന്‍ രക്ഷാമരുന്നുകളുടെ ഗര്‍ഭഗേഹവുമാണ്‌. പുല്ലറുത്തു കുലം കഴിഞ്ഞിരുന്ന ഒരു ജനത മരുതിമലയ്ക്ക്‌ ചുറ്റും പാര്‍ത്തിരുന്നു. പുല്ലു വാറ്റി പുല്‍ത്തൈലം ഉണ്ടാക്കി ധനം നേടിയ ഒരു പ്രമാണിക്ക്‌ ഒരു കെട്ട്‌ പുല്ലു കൊടുത്ത്‌ കാലണ വാങ്ങി വിശപ്പു മാറ്റിയ പാവങ്ങള്‍ക്ക്‌ വേണ്ടി വസൂരിപ്പാറയുടെ പടിഞ്ഞാറ്‌ ദര്‍ഭപ്പുല്ലുകള്‍ ഇന്നും സമൃദ്ധിയായി തഴയ്ക്കുന്നു, വേരറ്റു പോയ ഗോത്രകുലങ്ങളുടെ കഥയറിയാതെ..

!files/pictures/tharjani/maruthi_hill.jpg(alt maruthimala hill picture)!

ദര്‍ഭക്കാടിന്റെ പടിഞ്ഞാറെ പാറച്ചരുവില്‍ അരയടി വ്യാസത്തില്‍ ശുദ്ധജലം കിട്ടുന്ന ഒരു നീരുറവയുണ്ട്‌, ഇതിനൊരു കല്ലടപ്പും. മലകയറുന്നവര്‍ ഈ കുളിനീര്‍ കുടിച്ച്‌ ദാഹമടക്കുന്നു. മലയാളത്തിലെ നീര്‍നിലങ്ങള്‍ക്ക്‌ പ്രധാനകാരണം പാറക്കെട്ടുകളും മലയടിവാരങ്ങളുമാണ്‌. കരിമ്പാറകളുടെ ഉള്ളറകളില്‍ ശുദ്ധജലം വിള്ളലുകളിലൂടെ ഊര്‍ന്നിറങ്ങുന്ന ഈ തെളിനീരാണ്‌ വരണ്ട വേനലുകളില്‍ പോലും നിലങ്ങളെ
നീരോട്ടമുള്ളതാക്കി മാറ്റുന്നത്‌ എന്നും ഭൂഗര്‍ഭജല മണ്ണിന്റെ അരിപ്പക്കുഴലുകളിലൂടെ ബാഷ്പീകരിച്ച്‌ (കേശീകത്വം) നഷ്ടപ്പെടാതിരിക്കാന്‍ പാറക്കെട്ടുകള്‍ സഹായിക്കുന്നു എന്നും ഭൂഗര്‍ഭശാസ്ത്രജ്ഞന്‍മാര്‍ വിലയിരുത്തുന്നു. പാറക്കെട്ടുകള്‍ പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ട ഇടനാട്ടിലെ മിക്ക പ്രദേശങ്ങളും ഇന്ന്‌ കുടിവെള്ള ക്ഷാമത്തിന്റെയും കൃഷിനാശത്തിന്റെയും ദുരന്തഫലങ്ങള്‍ അനുഭവിക്കുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു.

മരുതിമലയിലെ നീരുറവ ഭൂഗര്‍ഭശാസ്ത്രജ്ഞന്‍മാരുടെ കണ്ടെത്തലുകളെ ബലപ്പെടുത്തുന്നു. കേരളം കൊടും വരള്‍ച്ചയില്‍ വാ പിളര്‍ത്തുമ്പോള്‍പ്പോലും മരുതിമലയുടെ താഴ്‌വാരങ്ങള്‍ നീര്‍നിലങ്ങളാണ്‌. മുട്ടറ, മാരൂര്‍, കുടവട്ടൂര്‍, കട്ടയില്‍ പ്രദേശങ്ങളിലെ നീര്‍നിലങ്ങളിലെ നീരൊഴുക്കിന്‌ കാരണം ഊരുകാക്കും തേവരുടെ കുടിയിരിപ്പ്‌ ഭൂമിയായ മരുതിമലയാണ്‌. വരണ്ട നെല്‍നിലങ്ങളും അടിത്തട്ടുണങ്ങിയ കിണറുകളുമായിരിക്കും ഇദ്ദേശ്ശവാസ്സികള്‍ക്കു മരുതിമലയുടെ നാശം നല്‍കുന്ന സമ്മാനം.

"war for fuel and war for water" - ഇനിയുള്ള യുദ്ധങ്ങള്‍ ഇന്ധനത്തിനും വെള്ളത്തിനും വേണ്ടിയുള്ളതാണ്‌. അമേരിക്ക ഇറാക്കിനെ ആക്രമിക്കുന്നതിന്റെ ലക്ഷ്യവും ഇതുതന്നെ. ലോകത്തിലെ മഹാനദികള്‍ കയ്യടക്കുന്നവന്‍, ഇന്ധനങ്ങളുടെ ഭൂഗര്‍ഭശേഖരം പിടിച്ചടക്കുന്നവന്‍ വരും നൂറ്റാണ്ടില്‍ ലോകം ഭരിക്കുമെന്ന്‌ ചരിത്രകാരന്‍മാര്‍ പ്രവചിക്കുന്നു.

പ്രകൃതിയെ കൊലയ്ക്ക്‌ കൊടുത്തു കൂടി നീരുറവ നശിപ്പിക്കുന്ന നമ്മള്‍ വരും തലമുറയ്ക്ക്‌ കരുതി വയ്ക്കുന്നത്‌ ഒരിക്കലും രക്ഷപെടാനാവാത്ത ഒരു വന്‍വിപത്താണ്‌. നൈലിന്റെയും യൂഫ്രട്ടീസിന്റെയും യാങ്ങ്ട്സീയുടെയും ഗംഗയുടെയും യമുനയുടെയും ജലം കയ്യടക്കിയവന്റെ കൊള്ളക്കൊതിയ്ക്ക്‌ മുന്നില്‍ പ്ലാസ്റ്റിക്‌ ബോട്ടിലിലെ ഒരിറ്റ്‌ ദാഹജലത്തിനു വേണ്ടി, മണ്ണും മാനവും വിറ്റ്‌ നെട്ടോട്ടമോടി നമ്മുടെ കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങുന്ന മഹാവിപത്ത്‌. മലകളും പാറക്കെട്ടുകളും നമ്മുടെ ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും ആധാരശിലകളാണ്‌. അതിനെ നശിപ്പിക്കുന്നവരും കൂട്ടുനില്‍ക്കുന്നവരും വരും തലമുറയുടെ ജനകീയ കോടതിയില്‍ വിചാരണ ചെയ്യപ്പെടും. മാപ്പും ജാമ്യവും ഇല്ലാത്ത വിചാരണ.

വാക്കനാട്‌ സുരേഷ്‌
ചരിത്ര വിവരങ്ങള്‍ക്ക്‌ കടപ്പാട്‌ ശ്രീ. ഹരി കട്ടയില്‍