തര്‍ജ്ജനി

വിജയ് റാഫേല്‍

Visit Home Page ...

നേര്‍‌രേഖ

കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നത് നന്നായി

കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നത് വലിയ ദുരന്തമായിരുന്നുവെന്ന് സി.പി.ഐയുടെ കേരളത്തിലെ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. പിളര്‍ന്നത് നന്നായി, അതിനാലാണ് ഇപ്പോള്‍ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നിലനില്ക്കുന്നതെന്ന് സി.പി.ഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.പന്ന്യന്‍ പാര്‍ട്ടിയെക്കുറിച്ചോ കമ്യൂണിസത്തെക്കുറിച്ചോ വല്ലതും പറഞ്ഞാല്‍ അതിന് എതിര് പറയുവാനല്ലെങ്കില്‍ പിന്നെന്തിനാണ് വേറൊരു കമ്യൂണിസ്റ്റ് പാര്‍ട്ടി? അതിനാല്‍ പിണറായി വിജയന്‍ അങ്ങനെ തന്നെയാണ് പറയേണ്ടത്. അത് പറഞ്ഞല്ലോ, സമാധാനമായി.

1964ലാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് രണ്ടാവുന്നത്. അതായത് കൃത്യം അര നൂറ്റാണ്ട് മുമ്പ്. അന്നത്തെ അവസ്ഥയല്ല ഇന്ന്. അക്കാലത്ത് നാട്ടിലെവിടെയും ഉണ്ടായിരുന്നിട്ടില്ലാത്ത പലതരം പാര്‍ട്ടികള്‍ രൂപീകരിക്കപ്പെടുകയും അവരില്‍ പലരും സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഭരണത്തില്‍ എത്തുകയും ചെയ്തു. പക്ഷെ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളം, ബംഗാള്‍, ത്രിപുര എന്നിങ്ങനെ ചിലയിടങ്ങളിലായി ഒതുങ്ങി. അതില്‍ ബംഗാളിന്റെയും ത്രിപുരയുടെയും സ്ഥിതി വല്ലാത്ത പരുങ്ങലിലാണ്. കേരളത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നതുമാണല്ലോ. പതിവ് രീതി അനുസരിച്ച് ഒരു തവണ യു.ഡി.എഫ് ഭരിച്ചാല്‍ പൊറുതിമുട്ടി ജനങ്ങള്‍ അടുത്ത തവണ എല്‍.ഡി.എഫിനെ ജയിപ്പിച്ചോളും. അങ്ങനെയെങ്കില്‍ വൈകാതെ കേരളത്തില്‍ ഭരണത്തിലെത്താം. പക്ഷെ അത് നടക്കുമെന്ന് യാതൊരു ഉറപ്പും ഇപ്പോഴത്തെ നിലവെച്ച് പറയാനാകില്ല. ഉമ്മന്‍ചാണ്ടി ഭരിക്കാന്‍ കേറിയതിന് ശേഷം പാര്‍ട്ടി നടത്തിയ സമരങ്ങളെല്ലാം മികച്ച പരാജയങ്ങളാണ്. എം.ടിയുടെ ചന്തു പറഞ്ഞതുപോലെ പരാജയം ഏറ്റുവാങ്ങാന്‍ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി എന്നതുപോലെയാണ് ഇവിടുത്തെ അവസ്ഥ. മാത്രമല്ല നരേന്ദ്ര മോഡി ഡല്‍ഹിയില്‍ അധികാരത്തില്‍ വന്നതില്‍പ്പിന്നെ ഇവിടുത്തെ അണികള്‍ ബി.ജെ.പിയിലേക്ക് ചേക്കേറുന്നതായി വാര്‍ത്തകള്‍.

ഇങ്ങനെ ഒരു വിഷമംപിടിച്ച കാലത്ത് അര നൂറ്റാണ്ട് മുമ്പ് പാര്‍ട്ടി പിളര്‍ന്നതിനെപ്പറ്റി തര്‍ക്കിച്ചിട്ട് വല്ല കാര്യവുമുണ്ടോ? ഒരു പക്ഷെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ സംസാരിക്കാവുന്ന ഒരേയൊരു വിഷയം പാര്‍ട്ടിയിലെ പിളര്‍പ്പ് എന്നതായിരിക്കുമോ? ഇടയ്ക്കൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വിശാല ഇടതുപക്ഷ ഐക്യം എന്ന ഒരു ആശയം അവതരിപ്പിച്ച് സംസാരിക്കുമായിരുന്നു. വേറെ വിഷയങ്ങള്‍ ഒന്നുമില്ലാതിരിക്കുമ്പോഴത്തെ വിനോദമായിരിക്കാം അത്. ഇക്കാലത്തിനിടയ്ക്ക് അങ്ങനെ ഒരു വിശാലസഖ്യം ഉണ്ടായില്ല എന്നു മാത്രമല്ല ഇടത് ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ മറുചേരിയില്‍ പോവുന്നതാണ് കാണുന്നത്. സോഷ്യലിസം പ്രഖ്യാപിതാദര്‍ശമായ പാര്‍ട്ടികള്‍ക്ക് ഇന്ത്യയില്‍ ക്ഷാമമില്ല. അവരെ എല്ലാവരേയും കൂട്ടിക്കെട്ടി ഒരു മുന്നണിയുണ്ടാക്കിയാല്‍ വലിയ നേട്ടമൊന്നും തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയെടുക്കാനാവില്ല. പാര്‍ട്ടിയുടെ പേരും കൊടിയും ചില്ലറ മുദ്രാവാക്യങ്ങളുമല്ലാതെ കിട്ടാന്‍ ഏറെ വോട്ടുകളൊന്നുമില്ല. എന്നാലും ഒരു കുടുംബത്തില്‍ പെട്ടവരെല്ലാം ഒന്നിച്ചു നില്ക്കണം എന്ന് പറയുന്നതുപോലെ ഒരു വര്‍ത്തമാനം. അത്രതന്നെ.

കേരളത്തില്‍ ഇനി അധികാരത്തില്‍ കേറാന്‍ ഇടതുപക്ഷവിശാലൈക്യം ഉണ്ടായാലും നടക്കില്ല എന്നതിനാലാണ് കെ.എം.മാണിയെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരാന്‍ കഠിനപരിശ്രമം ചെയ്യുന്നത്. കേരളകോണ്ഗ്രസ്സിന്റെ ഇപ്പോഴത്തെ താത്വികാചാര്യന്‍ കൂടിയാണ് കെ.എം.മാണി. അദ്ദേഹത്തിന് അദ്ധ്യാനവര്‍ഗ്ഗസിദ്ധാന്തം എന്ന ഒരു സിദ്ധാന്തം തന്നെയുണ്ട്. മാര്‍ക്സിസത്തിനും കമ്യൂണിസത്തിനും എതിരെയുള്ള സിദ്ധാന്തമാണത്. അത്തരം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവിനെത്തന്നെയാണല്ലോ ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനും അധികാരത്തിലേറ്റാനും കൂടെ കൂട്ടേണ്ടത്!!! റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയെന്ന ഇടതുസഹയാത്രികരെ മറുകണ്ടം ചാടിപ്പിച്ചതിനുശേഷം നടത്തുന്ന വിപ്ലവമാണിത്. അതിനും മുമ്പെ, വീരേന്ദ്രകുമാര്‍ സോഷ്യലിസ്റ്റുകളെയും ഓടിച്ചുവിട്ടു. കൂടെക്കൂട്ടാന്‍ ലീഗിലേയും കേരള കോണ്ഗ്രസ്സിലെയും വിപ്ലവകാരികളെയാണ് നോട്ടമിടുന്നത്.

ഇന്ത്യന്‍ വിപ്ലവത്തിന്റെ വര്‍ഗ്ഗപരമായ സമീപനത്തെക്കുറിച്ചുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായതെന്നാണ് പാഠപുസ്തകങ്ങള്‍ പറയുന്നത്. ഇന്ത്യന്‍ ബുര്‍ഷ്വാസി കൊളോണിയല്‍ ബൂര്‍ഷ്വാസിയുടെ ദല്ലാളാണെന്നും, അങ്ങനെയല്ല ദേശീയസ്വഭാവമുള്ള ബൂര്‍ഷ്വാസിയാണ് ഇന്ത്യന്‍ ഭരണവര്‍ഗ്ഗമെന്നും ഒന്നായതിനെ രണ്ടായിക്കണ്ട ഇണ്ടലില്‍ പാര്‍ട്ടി പിളര്‍ന്നുപോയതാണ്. ജവഹര്‍ലാല്‍ നെഹ്രു, ഇന്ദിരാ ഗാന്ധി എന്നിവരെല്ലാം കഴിഞ്ഞ് സോണിയാഗാന്ധിയിലും പുത്രനിലും എത്തിനില്ക്കുന്ന ഇന്ത്യന്‍ ഭരണവര്‍ഗ്ഗം, പഴയകാലത്തെ മേധാവിത്തമൊന്നുമില്ലാത്ത അല്പപ്രാണികളാണ്. ആരുടെയൊക്കെയോ സഹായംകിട്ടി അധികാരം കയ്യേല്‍ക്കുന്ന അവസ്ഥയിലാണ് അവര്‍. ഇടതുപക്ഷവും അവരെ താങ്ങി അധികാരത്തില്‍ കേറ്റിയതാണ്. പിന്നെ ആണവബില്ലിനെക്കുറിച്ച് തര്‍ക്കിച്ച് പിന്തുണ പിന്‍വലിച്ചതും ഓര്‍ക്കാമല്ലോ. പഴയ അമേരിക്കന്‍-സോവിയറ്റ് ചേരികള്‍ ഇല്ലാതായി. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ കമ്യൂണിസത്തെ കുഴിച്ചുമൂടി. ചൈന പുത്തന്‍മുതലാളിത്തത്തിന്റെ രൂപത്തില്‍ ഒരു ശക്തിയായി വളരുന്നു. എണ്ണ ഉല്പാദകരാജ്യങ്ങള്‍ വേറെ ഒരു ഭാഗത്ത്. 1964 ലെ ലോകമല്ല ഇപ്പോള്‍ നിലവിലുള്ളത്. ഇവ ഓരോന്ന് വരുമ്പോഴും തര്‍ക്കിച്ച് പിരിഞ്ഞിരുന്നെങ്കില്‍ ഇന്ന് ഇന്ത്യയില്‍ ഒരുപാട് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉണ്ടാകുമായിരുന്നു.

പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞതോ പിണറായി വിജയന്‍ പറഞ്ഞതോ കാര്യം എന്നതാണ് മനസ്സിലാകാത്തത്.

Subscribe Tharjani |