തര്‍ജ്ജനി

മുഖമൊഴി

സത്യാര്‍ത്ഥിയും മലാലയും നൊബേല്‍പുരസ്കാരം നേടുമ്പോള്‍

നൊബേല്‍പുരസ്കാരത്തിന്റെ ചരിത്രം വിചിത്രമായ കണ്ടെത്തലുകള്‍ ഇല്ലാത്തതല്ല. നീതീകരിക്കാനാവാത്ത മറവിയും കാണാതിരിക്കലുമെല്ലാം അതില്‍ കാണാം. സമാധാനത്തിനുള്ള നൊബേല്‍പുരസ്കാരം ഇരുപതാം ശതകത്തില്‍, ഗാന്ധിജിയോളം അര്‍ഹതപ്പെട്ട വേറെ എത്രപേരുണ്ട്? പക്ഷെ ഗാന്ധിജിക്ക് ജീവിച്ചിരിക്കുമ്പോഴോ മരണാനന്തരമോ അത് നല്കാന്‍ നൊബേല്‍ പുരസ്കാരസമിതിക്ക് കഴിഞ്ഞിട്ടില്ല. ഇന്ത്യയില്‍ ജനിച്ച്, ഇവിടെത്തന്നെ ജീവിക്കുന്ന ഒരാളെത്തേടി സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം വന്നെത്തുന്നത് ഈ വര്‍ഷമാണ്. കൈലാസ് സത്യാര്‍ത്ഥിയെ. അദ്ദേഹം അത് പാകിസ്ഥാനിയായ മലാല യൂസഫ് സായിയുമായി പങ്കിടുകയാണ്. മലാലയെ അറിയാത്ത മലയാളികള്‍ കേരളത്തില്‍ ജീവിച്ചിരിക്കാന്‍ ഇടയില്ല. ഡി.വൈ.എഫ്.ഐക്കും സി.പി.ഐ.എമ്മിന്റെ കീഴിലുള്ള സംഘടനകള്‍ക്ക് ചെ ഗുവേരെയെപ്പോലെ പ്രിയപ്പെട്ട ചിത്രമാണ് മലാലയുടേത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സമസ്തതെരുവുകളിലും മലാലയുടെ മനോഹരമായ ചിത്രങ്ങളുള്ള ഫ്ലെക്സ് ബോര്‍ഡുകള്‍ അവര്‍ സ്ഥാപിച്ച് വികാരഭരിതമായ ആഹ്വാനവും പ്രതിഷേധവുമെല്ലാം അവര്‍ എഴുതിവെച്ചിരുന്നുവല്ലോ. മലപ്പുറത്തുകാര്‍ ഫുട്ബോള്‍ താരങ്ങളോട് കാണിക്കുന്ന വികാരവായ്പും ആവേശവും ഇടതുപക്ഷയുവാക്കള്‍ മലാലയുടെ കാര്യത്തില്‍ കാണിച്ചിരുന്നു. മലാല നൊബേല്‍ പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്നവരില്‍ ഒരാളാണെന്നത് വലിയ അഭിമാനത്തൊടും സന്തോഷത്തോടുമാണ് മലയാളികള്‍ കണ്ടത്. പരിഗണിക്കപ്പെടുന്നവരില്‍ കൈലാസ് സത്യാര്‍ത്ഥിയെന്ന ഇന്ത്യക്കാരന്‍ ഉണ്ടായിരുന്നതായി നമ്മളാരും അറിഞ്ഞതുമില്ല. മലയാളിയായ ഒരു കവി ഇത്തവണയും സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്നുവെന്ന് പറഞ്ഞുകേട്ടിരുന്നു. അങ്ങനെയിരിക്കെ സമാധാനത്തിനുള്ള പുരസ്കാരം പങ്കിടാനായി കൈലാസ് സത്യാര്‍ത്ഥിയെ പുരസ്കാരസമിതി കണ്ടെത്തിയപ്പോള്‍ ആരാണിയാള്‍ എന്നതായിരുന്നു പരക്കെ ഉയര്‍ന്നുകേട്ട ചോദ്യം. ഇങ്ങനെയൊരാളെ നമ്മള്‍ ഇതിനു മുമ്പ് കേട്ടിട്ടേയില്ലല്ലാ എന്ന വിസ്മയവും. സാഹിത്യത്തിന് ഇത്തവണ പുരസ്കാരം നേടിയ എഴുത്തുകാരനെക്കുറിച്ച് പറഞ്ഞത് ഫ്രാന്‍സില്‍ നന്നായി അറിയപ്പെടുന്നയാളാണെന്നാണ്, ആഗോളപ്രശസ്തി നേടിയ ആളല്ലെന്നതാണ്. സത്യാര്‍ത്ഥിയുടെ കാര്യത്തില്‍ സ്വദേശത്ത് പ്രശസ്തനാണെന്ന് പറയാനും ആവില്ലല്ലോ.

ഉണ്ടായ കാലം മുതല്‍ ശത്രുക്കളായി പെരുമാറുന്ന രണ്ട് രാജ്യങ്ങളില്‍ നിന്നും രണ്ടുപേര്‍ സമാധാനത്തിനുള്ള പുരസ്കാരം പങ്കിടുന്നുവെന്നത് കൌതുകകരം തന്നെ. നമ്മുടെ രാഷ്ട്രീയക്കാരും മന്ത്രിമാരും അതിര്‍ത്തിക്കപ്പുറത്തുനിന്നും, അയല്‍രാജ്യം എന്നുമെല്ലാം പറഞ്ഞ് പേരുപറയാതെ നമ്മുടെ ശത്രുവാണെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്നത് പാകിസ്ഥാനെക്കുറിച്ചായിരുന്നല്ലോ. പാകിസ്ഥാനിലും അങ്ങനെ തന്നെ ആയിരിക്കാന്‍ ഇടയുണ്ട്. അവിടത്തെ രാഷ്ട്രീയക്കാര്‍ക്കും സൈനികഭരണാധികാരികള്‍ക്കും സ്വന്തം സ്ഥാനം ഉറപ്പിച്ചു നിറുത്താന്‍ അതിര്‍ത്തിക്കപ്പുറം ശത്രുവാണെന്നും അവര്‍ നമ്മെ ആക്രമിക്കാന്‍ ഒരുങ്ങിയിരിക്കയാണെന്നും നിരന്തരം പറയേണ്ടതായി വരും.ഒരു വശത്ത് നയതന്ത്രതലത്തില്‍ സമാധാനചര്‍ച്ചകളും കരാറുകളും ഉണ്ടാക്കുമ്പോള്‍ അതിന്റെ കൂടെ അതിര്‍ത്തിയില്‍ ആക്രമണം എന്ന വാര്‍ത്തയും നാം നിരന്തരം കേട്ടുകൊണ്ടിരുന്നതാണ്. ഇപ്പോഴും അങ്ങനെ തന്നെ. അമൃതസറില്‍നിന്നും അധികം അകലെയല്ലാത്ത ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗയില്‍ വൈകുന്നേരം രണ്ട് രാജ്യങ്ങളുടേയും പതാകകള്‍ ഇറക്കുമ്പോള്‍ കാണിക്കുന്ന കളികള്‍, വെറും കളിയോ കാര്യമോ എന്ന് മനസ്സിലാകില്ല. രണ്ട് രാജ്യങ്ങളിലേയും പൌരസമൂഹം ഈ കാഴ്ച കാണാന്‍ എത്തിയിരിക്കും. സ്വന്തം രാജ്യത്തിന് ജയ് വിളിച്ച് ദേശാഭിമാനപുളകിതരാവും.അപരനോടുള്ള വെറുപ്പും ശത്രുതയും വേണം ദേശാഭിമാനത്തിന് നിലനില്ക്കാന്‍ എന്നത് സഹതാപജനകമായ കാര്യമാണ്.

വലിയ സൈനികസന്നാഹത്തോടെ നിരന്തരമായ യുദ്ധഭീഷണിയുടെ നിഴലില്‍ നില്ക്കുന്ന ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഭരണാധികാരികള്‍ സമാധാനത്തിന് ശ്രമങ്ങള്‍ നടത്താതിരുന്നവരല്ല. പക്ഷെ അവരെ ആരെയും നൊബേല്‍ സമിതി പുരസ്കാരത്തിന് പരിഗണിച്ചില്ല. പരിഗണിച്ചത് പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിലകൊണ്ടതിനാല്‍ മതാന്ധതബാധിച്ചവരുടെ വെടിയേറ്റ് ജീവിതത്തിലേക്ക് തിരിച്ചുവന്ന ഒരു സ്കൂള്‍ ബാലികയും കൊച്ചുകുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന, ബാലവേലയില്‍ നിന്ന് അവരെ മോചിപ്പിക്കതിനായി ജീവിതം ഉഴിഞ്ഞുവെച്ച മറ്റൊരാളെയുമാണ്. അതിര്‍ത്തിയിലെ സമാധാനരാഹിത്യത്തെക്കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഭരണാധികാരികളും രാഷ്ട്രിയക്കാരും ഉള്ള രണ്ട് രാജ്യങ്ങളില്‍ നിന്നും ഇങ്ങനെ രണ്ടുപേരെ പുരസ്കാരത്തിനായി തെരഞ്ഞെടുക്കുമ്പോള്‍ അത് നല്കുന്ന ഒരു സന്ദേശമുണ്ട്. ഈ രണ്ട് രാജ്യങ്ങളും അംഗീകരിക്കപ്പെടുക അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരിലൂടെയാണ് എന്നതാണ് ആ സന്ദേശം. ഗാന്ധിജിയുടെ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നയാളാണ് കൈലാസ് സത്യാര്‍ത്ഥിയെന്നാണ് പുരസ്കാരവാര്‍ത്ത പുറത്തുവന്നതിനോടൊപ്പം മാദ്ധ്യമങ്ങളില്‍ നാം കണ്ടത്. സമാധാനം, ഔപചാരികമായ കരാറോ നയതന്ത്രതലത്തിലെ കെട്ടിക്കാഴ്ചകളോ അല്ലെന്നും അത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

Subscribe Tharjani |