തര്‍ജ്ജനി

യാക്കോബ് തോമസ്

മലയാളവിഭാഗം,
ഗവ. കോളേജ്,
കട്ടപ്പന.

Visit Home Page ...

നിപാഠം

കൊടു കൈ അഥവാ ഷേക്ഹാന്‍ഡിന്റെ (ശരീര)രാഷ്ട്രീയം

സൂരിനമ്പൂതിരിപ്പാട് - കേള്‍ക്കൂ..... ഉടനെ വിഢ്ഡി മക്‍ഷാമന്‍ കാര്യമൊന്നും മനസ്സിലാവാതെ എന്നോട് ഇങ്ങിനെ പറഞ്ഞു "എന്റെ ഭാര്യയെ താങ്കളുമായി പരിചയമാക്കുവാന്‍ ഞാന്‍ വിചാരിക്കുന്നു. താങ്കള്‍ക്കു സന്തോഷമുണ്ടാകുമെന്നു ഞാന്‍ വിശ്വസിക്കുന്നു”. എനിക്കു വല്ലാതെ ചിറി വന്നു.... വേഗം മക്‍ഷാമന്‍ എണീറ്റുപോയി അവളെ കൂട്ടിക്കൊണ്ടുവന്ന് എന്റെ അടുക്കല്‍ നിര്‍ത്തി. പിന്നെ അവള്‍ എന്റെ അടുക്കല്‍ ഇരുന്നു. സായ്‌വ് നീട്ടുംപോലെ കൈ എന്റെ സമീപത്തേക്കു നീട്ടി. ഞാനും നീട്ടി. മെതമ്മ സായ്‌വ് എന്റെ കരം പിടിച്ചു. എനിക്കു ശരീരം ആസകലം ഒരു രോമാഞ്ചം ഉണ്ടായി. (ഇന്ദുലേഖ, ചന്തുമേനോന്‍, അദ്ധ്യായം 7)

മനുഷ്യര്‍ പരസ്പരം പരിചയവും ബഹുമാനവും ആദരവും പ്രകടിപ്പിക്കാന്‍ പലതരത്തിലുള്ള അഭിവാദനരീതികള്‍ ഉപയോഗിക്കാറുണ്ട്. ഇന്ത്യയില്‍ നമ്മുടെ തനതായ അഭിവാദനരീതിയായി വ്യവഹരിക്കുന്നതാണ് നമസ്കാരം എന്നത്. ആര്‍ഷഭാരതത്തിന്റെ അടിത്തട്ടില്‍ ചരിത്രപരമായി രൂപപ്പെട്ട നമസ്കാരം ദൈവികതയുടെയും ഹിന്ദുത്വത്തിന്റെയും ആധാരശിലകളിലൊന്നായി കരുതിവരുന്നു. പക്ഷേ ആദര്‍ശവല്കരിച്ചിരിക്കുന്ന നമസ്കാരം ഒന്നു ശ്രദ്ധിച്ചുനോക്കിയാല്‍ അതില്‍ രണ്ടു പേര്‍ക്കടിയില്‍ അകലം കാണാം. നിശ്ചിത അകലത്തുനിന്നുകൊണ്ട് അകലം പാലിച്ചുകൊണ്ട് നടത്തേണ്ടുന്ന നമസ്കാരം ജാതിവ്യവസ്ഥയില്‍ ജാതിയുടെ ശുദ്ധാശുദ്ധിയെ നിലനിര്‍ത്തുന്ന ഒന്നാണെന്നും വ്യക്തമായിക്കാണാം. പ്രമുഖചിന്തകന്‍ കാഞ്ച ഐലയ്യ ഇത് വ്യക്തമായി വിമര്‍ശിക്കുന്നുണ്ട്. ആര്‍ഷഭാരതസങ്കല്പംതന്നെ ജാതിയുടെ ഉപോല്പന്നമായിരിക്കെ അതിന്റെ ചിഹ്നമായ നമസ്കാരം ആ വ്യവസ്ഥയെ പുനരുല്പാദിപ്പിക്കുന്ന ധര്‍മ്മമാണ് നിര്‍വ്വഹിച്ചത്. ക്ലാസ് മുറിയില്‍, പൊതുവഴിയില്‍, ഹാളുകളില്‍ മറ്റ് സമ്മേളനങ്ങളില്‍ എല്ലാം നമസ്കാരം അകലത്തെ ഉല്പാദിപ്പിച്ചുകൊണ്ട്, നമ്മള്‍ അകന്നുനില്ക്കേണ്ട പരിചയക്കാരാണ് എന്നോര്‍പ്പിച്ചുകൊണ്ട് കൈകളെ ഉയര്‍ത്തിക്കാണിക്കുകയാണ്. ഇവിടെ പരിചയത്തെക്കാള്‍ കാണുന്നത് അകല്‍ച്ച പാലിക്കേണ്ടുന്നവരാണ് എല്ലാ വ്യക്തിത്വങ്ങളുമെന്ന ഓര്‍പ്പിക്കലാണ്. അഥവാ നമ്മള്‍ക്കിടയില്‍ അശുദ്ധിയുടെ അംശം പറ്റിനില്ക്കുന്നുണ്ട് എന്നതാണ്. നമ്മളുടെ ശരീരം അകല്‍ച്ചയില്ലാതെ കൂടിച്ചേരുന്ന പ്രവര്‍ത്തനത്തെ വിലക്കുന്ന ഒന്നാണ് നമസ്കാരത്തിന്റെ രാഷ്ട്രീയം എന്നു പറയാം. അതേസമയം ബ്രിട്ടീഷുകാര്‍ അതിനെ മറികടക്കുന്ന പരസ്പരം തൊടുന്ന ഷേക്ഹാന്‍ഡ് അവതരിപ്പിച്ചു. എന്നാല്‍ മുസ്ലീങ്ങള്‍ അതിനേക്കാള്‍ പാരസ്പര്യം ജനിപ്പിക്കുന്ന ആശ്ലേഷണം/ കെട്ടിപ്പിടുത്തം അഭിവാദനരീതിയായി മുന്നോട്ടുവച്ചതായും അത് വളരെ പ്രസക്തമാണെന്നും അദ്ദേഹം കുറിക്കുന്നു.

ക്ലാസ് മുറിയില്‍ ഇതിന്റെ വിവക്ഷകള്‍ വ്യക്തമാകുന്നു. ഗുരുവും ശിഷ്യരും തമ്മിലുള്ള അധികാര-അകലങ്ങളും വിധേയത്വങ്ങളും നമസ്കാരത്തില്‍ വ്യക്തമായികാണാം. നമസ്കരിക്കുമ്പോള്‍ നടുവും തലയും കുനിച്ച് കുനിയലും ആവിഷ്കരിക്കേണ്ടതുണ്ട്. നമസ്കാരം നല്കുന്ന ഉന്നതവ്യക്തിത്വത്തിനോടുള്ള അനുസരണവും വിധേയത്വവുമാണ് ഇതില്‍ പ്രകടമാകുന്നത്. ക്ലാസ് മുറിയില്‍ ഗുരു അധികാരമുള്ളവനാണ്. കുട്ടികളെല്ലാം അയാളുടെ അധികാരത്തിനു കീഴിലെ വെറും അധികാരരഹിതരായ പ്രജകളാണ്. ഇവിടെ നമസ്കാരം ഗുരുവും ശിഷ്യരും സമാനരല്ലാത്ത, വ്യക്തിത്വങ്ങളാണെന്നതിന്റെ അടയാളപ്പെടുത്തലാണ്. അദ്ധ്യാപകര്‍ മിക്കപ്പോഴും നമസ്കാരം ഏറ്റുവാങ്ങുകയേ ഉള്ളൂ. അവരത് തിരിച്ചു നല്കാറില്ല. മറ്റുള്ളവരുടെ ബഹുമാനം ഏറ്റുവാങ്ങാനുള്ളവരാണ് മിക്ക അധികാരസ്ഥാനങ്ങളും എന്നതാണിത് സൂചിപ്പിക്കുന്നത്.

1

കേരളത്തില്‍ ഫ്യൂഡല്‍കാലത്ത് നിലനിന്ന ഓച്ഛാനിച്ചുനില്ക്കല്‍ എന്ന ചടങ്ങ് ഇതിനു സമാനമാണെന്നു കാണാം. നമ്പൂതിരിമാരുടെ മുന്നില്‍ നായര്‍ അടക്കമുള്ളവര്‍ ബഹുമാനത്തോടെ നില്ക്കുന്ന രീതിയാണിത്. തീണ്ടാപ്പാടകലം നിന്ന് പ്രത്യേകനിലയില്‍ ഇടതുകൈ മാറത്തുവച്ചും വലതുകൈ വായമൂടിയും നടു നന്നായി വളച്ച് കുനിഞ്ഞുനിന്ന് അതിഭീകരമായ വിധേയത്വം കാണിക്കുന്ന ഏര്‍പ്പാടാണിത്. ചില ജാതിക്കാര്‍ക്ക് നമ്പൂതിരി സ്ഥലത്തുനിന്ന് പോകുന്നതുവരെ കുനിഞ്ഞു നില്ക്കേണ്ടതുണ്ട്. സ്ത്രീകളിലേക്കു വരുമ്പോള്‍ ഇതിലും ഭീകരമാകുന്നു. ബ്ലൗസ് ധരിച്ചിട്ടുണ്ടെങ്കില്‍ അതെടുത്തു മാറ്റിയ ശേഷം മുലകാണിച്ച് ഓച്ഛാനിച്ചു നില്ക്കണം. ഇവിടെ വായ മറച്ചു പിടിക്കുന്നതിന്റെ യുക്തി അയാളുടെ വായിലെ അശുദ്ധവായു നമ്പൂതിരി ശ്വസിക്കുന്ന വായുവിനെ അശുദ്ധമാക്കാതിരിക്കാനാണ്. ഇങ്ങനെ നില്ക്കുമ്പോള്‍ മറുത്തു പറയാന്‍ പാടില്ല. റാന്‍ എന്നു വിധേയത്വത്തോടെ മൂളുകമാത്രമേ ചെയ്യാവൂ. ഇങ്ങനെ നോക്കുമ്പോള്‍ നമസ്കാരം ഓച്ഛാനിക്കലിന്റെ പരിഷ്കരിച്ച രൂപമാണെന്നു കാണാം. പരിപൂര്‍ണ്ണമായ വിധേയത്വമാണ് രണ്ടിന്റെയും അടിസ്ഥാന ആശയം. നമസ്കാരം രേഖപ്പെടുത്തന്നവര്‍ കൂപ്പിയ കൈകളുമായി വളരെ നേരം നില്ക്കുന്നത് ഈ വിധേയത്വം കാണിക്കുന്നു. ദൈവത്തിന്റെ മുന്നില്‍ നമസ്കാരമാണ് നാം ബഹുമാനത്തോടെ രേഖപ്പെടുത്തുന്നത്. ഈ അര്‍ത്ഥത്തില്‍ ജാതിവ്യവസ്ഥയില്‍ തീര്‍ത്തും ഭദ്രമായ ഏര്‍പ്പാടാണ് ഇതെന്നുവ്യക്തം. ചിലരുടെ ശുദ്ധിയെ കൂടുതലുറപ്പിക്കാനും ചിലരുടെ അശുദ്ധിയെ അതേപടി നിലനിര്‍ത്താനും ഇത് വഴിയൊരുക്കുന്നു. ശരീരത്തെ ജാതിയുടെ വിധേയത്വങ്ങളുടെ ഉപകരണാത്മകതയിലേക്ക് സങ്കരം പാടില്ലെന്ന, ഇടകലരരുതെന്ന സന്ദേശത്തിലേക്ക് നമസ്കാരം വെട്ടിയൊതുക്കുന്നു.
2

ലിംഗപരമായി നോക്കുമ്പോഴാണ് ഇതിന്റെ മറുവശം കാണുക. അയിത്തത്തെ നിലനിര്‍ത്താനും നിശ്ചിത ഇടങ്ങളില്‍ ശരീരത്തെ കെട്ടിയിടാനും സാധിക്കുന്ന പെണ്ണിന്റെയും ആണിന്റെയും ശരീരത്തെ വേറിട്ടുനിര്‍ത്തുന്ന വ്യവഹാരമാകുന്നു നമസ്കാരം. വേറിടലാണ് നമസ്കാരത്തിന്റെ അടിസ്ഥാനമെന്നു വ്യക്തമാക്കി. ആണും പെണ്ണും നമസ്കാരം പറയുമ്പോള്‍ കൂടിച്ചേരല്‍ അനുവദിക്കാത്ത വിഭജിതങ്ങളായ, അപരരായ ശരീരങ്ങളാണെന്ന ധാരണയാണ് ഇവിടെ ഉല്പാദിപ്പിക്കപ്പെടുന്നത്. ജാതിയുടെ അയിത്തംപോലെതന്നെ ലിംഗപരമായ അയിത്തമാണ് സ്ത്രീ പുരുഷന്മാരുടെ നമസ്കാരത്തിന്റെ അടിസ്ഥാനം. നമ്മുടെ രാഷ്ട്രീയനേതാക്കളെല്ലാം പരസ്പരം കാണുമ്പോള്‍ പ്രകടിപ്പിക്കുന്ന നമസ്കാരം പരസ്പരമുള്ള സ്നേഹപ്രകടനത്തിന്റെതല്ല മറിച്ച് അധികാരത്തിന്റെ വിധേയത്വവും ആധിപത്യവുമൊക്കെയാണ്. പുരുഷന്മാരായ നേതാക്കളും തമ്മിലും നമസ്കാരമാണ് ഏറെ കാണുന്നത്. സ്ത്രീകള്‍ വരുമ്പോഴും ഇത് വളരെ കൂടുതലാകുന്നു. 'വിദേശി'യായ സോണിയാഗാന്ധി അടക്കമുള്ളവര്‍ നമസ്കാരത്തിന്റെ ഭാഷയുമായാണ് വിമാനത്താവളത്തില്‍ വരുന്നത്. വിദേശപ്രതിനിധികള്‍ ഇന്ത്യയില്‍ വരുമ്പോഴും നമസ്കാരം മുഖ്യഘടകമായി പ്രവര്‍ത്തിക്കുന്നതു കാണാം. അങ്ങനെ ഇന്ത്യയുടെ ആര്‍ഷ-പവിത്ര-സംസ്കാരത്തിന്റെ മുഖ്യലക്ഷണങ്ങളിലൊന്ന് നമ്മുടെ നമസ്കാരമാണെന്നു സ്ഥാപനവല്കരിക്കപ്പെട്ടിരിക്കുന്നു. ഇത് വളരെ ദൈവികമായ ഒന്നാണെന്നും അതിന്റെ അകലത്തിന്റെ ദൃശ്യവല്കരണത്തിലൂടെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പള്ളികളിലും ക്ഷേത്രങ്ങളിലും ദിവ്യദര്‍ശനങ്ങളില്‍ ഭക്തര്‍ കൈകൂപ്പി തൊഴുതുനില്ക്കുന്നത് ഈ നമസ്കാരത്തിന്റെ ദൈവികതയുടെ കൂടി സാക്ഷ്യമാണ്. ഈ അകലം 'സ്വാഭാവിക'മാണെന്നും ഉറപ്പിക്കപ്പെടുന്നു, കാഴ്ചക്കാരിലേക്കു നിഷ്കളങ്കമായി കൈമാറ്റം ചെയ്യപ്പെടുന്നു. അങ്ങനെ നിഷ്കളങ്കമായ അഭിവാദനരീതിയായി നമസ്കാരം വിനിമയം ചെയ്യുന്നു. വിദേശികളൊക്കെ നമസ്കാരം ചെയ്യുന്നത് വലിയ വാര്‍ത്തയായി നമ്മുടെ മാദ്ധ്യമങ്ങള്‍ ആഘോഷിക്കുന്നത് പതിവു കാഴ്ചയാണ്. ഇവിടെയാണ് അഭിവാദനം ചെയ്യുന്നവരെ ശാരീരികമായി ചേര്‍ത്തുനിര്‍ത്തുന്ന ഹസ്തദാനം/ഷേക്ഹാന്‍ഡ് ചില പ്രശ്നങ്ങള്‍ ഉന്നയിക്കുന്നത് ദൃശ്യമാകുന്നത്.

സ്വാതന്ത്ര്യസമരകാലം തൊട്ടേ ഇത്തരത്തിലുള്ള പെരുമാറ്റരീതികള്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. വൈദേശിക/ ബ്രിട്ടീഷുകാരുടെ പെരുമാറ്റ സംഹിതകളെല്ലാം ആദ്യകാലം മുതല്‍ക്കേ പാരമ്പര്യവാദികള്‍ പരിഷ്കാരമായിക്കണ്ട് വിമര്‍ശിച്ചിരുന്നു. ഇത്തരം വൈദേശികരീതികള്‍ അനഭിലഷണീയമാണെന്നും ഭാരതീയര്‍ക്ക് തനതായ ജീവിതരീതിയുണ്ടെന്നും അക്കാലത്ത് വാദിക്കപ്പെട്ടു. അങ്ങനെ പരിഷ്കാരങ്ങളെ പലതരത്തില്‍ നിഷേധിക്കുന്ന അന്തരീക്ഷം വളര്‍ത്തിയെടുത്തു. പരിഷ്കാരം എന്നു പറയുന്നത് വിപുലമായ ഒന്നായിരുന്നു. വേഷം, ഭാഷ, വിദ്യാഭ്യാസം, ആചാരമര്യാദകള്‍ തുടങ്ങി ഭാരതീയമല്ലാത്തതെല്ലാം പരിഷ്കാരമായി കണ്ട് എതിര്‍ത്തിരുന്നു. കേരളത്തില്‍ പരിഷ്കാര വിമര്‍ശനത്തിന് വലിയ സ്വീകാര്യതയാണ് സവര്‍ണ്ണ-പാരമ്പര്യവാദികള്‍ നല്കിയത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവില്‍ മുതല്‍ ശക്തമാകുന്ന നവോത്ഥാനചിന്തകളില്‍ പ്രധാനസ്ഥാനം ഇതിനുണ്ടായിരുന്നു. ജാതിപരമായ തലമുടിവളര്‍ത്തല്‍, വേഷവിധാനം, ഭക്ഷണരീതികള്‍ എന്നിവയ്ക്കു വിരുദ്ധമായി നടക്കുന്നവരെ ജാതിഭ്രഷ്ടരാക്കിവരെ സമുദായങ്ങള്‍ പീഡിപ്പിച്ചു. തലമുടി വെട്ടി ക്രോപ്പുചെയ്യുക, ഷര്‍ട്ട് ധരിക്കുക, ചായയും കാപ്പിയും കഴിക്കുക, ഇംഗ്ലീഷു പഠിക്കുക, സൈക്കിള്‍ ചവിട്ടുക, പുതിയ പുസ്തകങ്ങള്‍ വായ്കുക, ചെരിപ്പിടുക തുടങ്ങി ജാതി ആചാരങ്ങള്‍ക്കു വിരുദ്ധമായതെല്ലാം പരിഷ്കാരമായിക്കണ്ട് അവയെ അംഗീകരിക്കുന്നവരെ നിശിതമായി എതിര്‍ത്തിരുന്നു ആളുകള്‍. ഷര്‍ട്ടോ ചെരിപ്പോ ഇട്ടാല്‍ കടുത്ത ശിക്ഷകളും തറവാട്ടില്‍ നിന്നു പുറത്താക്കലുമായിരുന്നു നടപടി. കീഴാളര്‍ ഇതെങ്ങാനും ധരിച്ചാല്‍ സവര്‍ണരുടെ കടുത്ത മര്‍ദനത്തിനും കൊലയ്ക്കും ഇരയായിരുന്നു. മാറുമറയ്ക്കല്‍, പുലയരുടെ കല്ലുമാല ബഹിഷ്കരണം എന്നിവയിലെല്ലാം ഈ രാഷ്ട്രീയം കാണാം.

ഇത്തരത്തിലുള്ള (പാശ്ചാത്യ)പരിഷ്കാര വിരുദ്ധതയാണ് നവോത്ഥാന കേരളീയ തനിമയായി ചിലഭാഗത്തുനിന്ന് ഉയര്‍ത്തിയത്. സവര്‍ണ ബുദ്ധിജീവികളുടെ പ്രധാന കോട്ടയായിരുന്ന തിരുവതാംകൂറില്‍ സി.വി രാമന്‍പിള്ള, ഇ.വി കൃഷ്ണപിള്ള അടക്കമുള്ള എഴുത്തുകാര്‍ ഇത്തരത്തിലുള്ള പരിഷ്കാരത്തെ ശക്തിയുക്തം എതിര്‍ത്തു. അദ്ദേഹം സൃഷ്ടിച്ച കുറപ്പില്ലാക്കളരി പോലുള്ള പ്രഹസനങ്ങള്‍ മുന്നോട്ടവച്ചത് അക്കാലത്തെ സ്ത്രീകളുടെ ഇടയിലെ പലതരത്തിലുള്ള പാശ്ചാത്യ പരിഷ്കാരങ്ങളാണ്. ഇംഗ്ലീഷു വിദ്യാഭ്യാസമാണ് പരിഷ്കാരത്തിനുള്ള കാരണമെന്നതിനാല്‍ അതു നേടുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കുകയായിരുന്നു അവരുടെ മുഖ്യലക്ഷ്യം. ഇ.വി, സഞ്ജയന്‍ മുതലായ ഹാസ്യസാഹിത്യകരന്മാരുടെ സാഹിത്യമെന്നത് ഇത്തരത്തില്‍ സ്ത്രീകള്‍ പുതിയ വിദ്യാഭ്യാസം നേടുന്നതും അതിന്റെ ഫലമായി പാശ്ചാത്യരീതിയിലുള്ള ജീവിതചര്യകള്‍ പുലര്‍ത്തുന്നതിനെയും കളിയാക്കുക എന്നതായിരുന്നു. കുലീനകള്‍ക്കിത്തരം പരിഷ്കാരങ്ങള്‍ പാടില്ലെന്നു വിലക്കി. എന്നാല്‍ കീഴാള – സ്ത്രീ മുന്നേറ്റങ്ങളും ചിന്തകളുമാകട്ടെ ഈ സവര്‍ണ പുരുഷഭ്രാന്തിനെതിരേ ശക്തിയുക്തം പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
പുത്തേഴത്തു രാമന്‍ മേനോന്‍ തന്റെ ഭാര്യയെക്കുറിച്ചു ആത്മകഥയില്‍ പറയുന്നത് ശ്രദ്ധിക്കുക- തൃപ്പൂണിത്തുറയില്‍ കുന്നിന്മേല്‍ ബംഗ്ലാവില്‍ മഹാരാജാവിന്റെ വകയായി ചിലപ്പോള്‍ ഉണ്ടാകാറുള്ള ഗാര്‍ഡന്‍ പാര്‍ട്ടികളില്‍ സ്ത്രീകളായ അതിഥികളെ സ്വീകരിക്കാറുള്ള ചടങ്ങ് നടത്താറുള്ളത് സര്‍വാധികാര്യക്കാരുടെ ഭാര്യയാണ്. എന്നാല്‍ ഞാന്‍ സര്‍വാധികാര്യക്കാരായി ഇരുന്ന കാലത്തുണ്ടായ അത്തരം സന്ദര്‍ഭങ്ങളില്‍ എന്റെ ഭാര്യ അതിനു സന്നദ്ധയായില്ലെന്നു മാത്രമല്ല അന്നേദിവസം വാസസ്ഥലം വിട്ടു പുറത്തിറങ്ങിയതുമില്ല (കാഴ്ചപ്പാടുകള്‍). കുലീനകള്‍ പരിഷ്കൃതരീതിയുള്ളതെല്ലാം എതിര്‍ത്തു. അല്ലാത്തവര്‍ പരിഷ്കാരികളായി. പാര്‍ട്ടികള്‍ പോലുള്ളവ പരിഷ്കാരത്തിന്റെ ലക്ഷമാണ്. മദ്യപാനവും പാശ്ചാത്യരീതിയിലുള്ള ഭക്ഷണവും വേഷ-മര്യാദകളും നിറയുന്ന ഇടമാണത്. ഇവിടുത്ത സ്വീകരണ ചടങ്ങില്‍ തീര്‍ച്ചയായും ഷേക്ഹാന്‍ഡ് ഉണ്ടാകും. ഇത് അശുദ്ധിക്കിടയാക്കും. കാരണം വെള്ളക്കാരെ അയിത്തക്കാരായാണ് പൊതുവില്‍ സവര്‍ണജാതിബോധം കരുതിയിരുന്നത്.
3
പ്രത്യക്ഷത്തിലുള്ള ജാതിബോധം ഒരുപരിധിവരെ ഇല്ലാതാകുകയും ഹസ്തദാനംപോലുള്ള അഭിവാദന രീതികള്‍ പ്രബലമാവുകയും ചെയ്തിട്ടുണ്ടെങ്കിലും അതൊക്കെ സ്വവര്‍ഗലിംഗപരമായിട്ടാണ് കാണുന്നത്. ആണും പെണ്ണും ഷേക്ഹാന്‍ഡ് ചെയ്യുന്നത് കേരളത്തില്‍ ഇന്നും അപൂര്‍വമാണെന്നു പറയേണ്ടിവരുന്നു. നഗരപ്രദേശങ്ങളില്‍ കണ്ടെക്കാമെങ്കിലും പെണ്ണിനും ആണിനും ഇടയിലുള്ള മതിലുകള്‍ തുളച്ച് ഇന്നും കരംകോര്‍ക്കല്‍ അസാധ്യമായിരിക്കുന്നു എന്നതാണ് വസ്തുത. അവിടെയെല്ലാം നമസ്കാരം അതിന്റെ വികൃതമുഖം കാട്ടി നില്‍ക്കുന്നതുകാണാം. പെണ്‍- ആണ്‍ശരീരത്തെക്കുറിച്ചു നിലനില്‍ക്കുന്ന വേറിട്ട സ്വത്വങ്ങളെന്ന സങ്കല്പങ്ങളുടെ അടിത്തറയിലാണ് ഈ വിടവ് പ്രത്യക്ഷപ്പെടുന്നത്. ഭിന്ന ഗുണങ്ങളുള്ള ശരീരമായതിനാല്‍ ലൈംഗികതയെന്ന ഭീകരപ്രശ്നമുണ്ടെന്നും അതിനാല്‍ അവരുതമ്മില്‍ ചേരരുതെന്നുമാണ് ഇന്നും പഠിപ്പിക്കപ്പെടുന്നത്. കൈയില്‍ പിടിക്കുക ഒരു തരത്തിലുള്ള, ലൈംഗികതയ്ക്കു മുന്നേയുള്ള സുഖാന്വേഷണമാണെന്നാണ് ഇന്നത്തെ വിശ്വാസം. ഇന്ദുലേഖ എന്ന നോവലില്‍ മക്ഷാമന്‍ മാദാമ്മയുടെ കൈയില്‍ പിടിച്ച് 'രോമാഞ്ചം' അനുഭവിക്കുന്ന സൂരിനമ്പൂതിരിപ്പാടിനെ ഓര്‍ക്കുക. പെണ്ണെന്നു പറയുന്നത് ലൈംഗികതയ്ക്കുവേണ്ടിയുള്ള ഒരു വിഭവമെന്ന പുരുഷയുക്തിയിലാണ് ഹസ്തദാനം അശ്ലീലമായൊരു പ്രക്രിയയാകുന്നത്. പെണ്‍- ആണ്‍ ശരീരങ്ങള്‍ തീപിടിക്കാന്‍ വെമ്പുന്ന ബോംബുകളാണെന്നും അവയിലേക്കു തീ പകരുന്ന പ്രവര്‍ത്തനമാണിതെന്നും കരുതുന്നതിലാണ്, കൈപിടിക്കാനുള്ള അനുമതി പുരുഷന്‍ മൊത്തം ശരീരത്തെ പിടിക്കാനുള്ള അനുമതിയായി കണക്കാക്കുമെന്നതും നമ്മുടെ ഹസ്തദാനമില്ലായ്മയുടെ ബാക്കിയാണ്. ചുരുക്കത്തില്‍ ശരീരങ്ങളെന്നു പറയുന്നതുതന്നെ അശ്ലീലമാണെന്നു കരുതുന്ന ഒരു (പുരുഷ) വ്യവസ്ഥയുടെ ബാക്കിപത്രമാണ് ഇത്തരം ചിന്തകളും അതിനു വിരുദ്ധമായതിനെയെല്ലാം പാശ്ചാത്യം എന്നു വിശേഷിപ്പിക്കാനുള്ള പ്രവണതയും വെമ്പലും. ഭാരതീയത, ആര്‍ഷസംസ്കാരം എന്നൊക്കെ പറഞ്ഞുള്ള പാരമ്പര്യത്തിന്റെ അടിസ്ഥാനവും ഇത്തരത്തിലുള്ള ലിംഗവിവേചനവും ഷേക്ഹാന്‍ഡ് പോലുള്ളതിനെ പാശ്ചാത്യം എന്നു വിളിച്ച് ബഹിഷ്കരിക്കുന്ന യുക്തിയുമാണ്. പാരമ്പര്യങ്ങളെ പുനരാനയിക്കുന്ന സവിശേഷ സമകാല ഇന്ത്യന്‍ സംസ്കാരിക പശ്ചാത്തലം നമസ്കാരം പോലുള്ളതിനെ ആഘോഷിക്കുന്നുണ്ട്. വന്‍കിട ഹോട്ടലുകളും കടകളിലും നമസ്കാരം പറഞ്ഞ് ഉപഭോക്താക്കളെ സ്വീകരിക്കുന്നത് വര്‍ധിച്ചുവരുന്നു പ്രവണത ഇത് സൂചിപ്പിക്കുന്നു.
മൈ ബോസ് എന്ന മംമ്ത - ദിലീപ് സിനിമയില്‍, നഗരവാസിയായ നായിക നാട്ടിന്‍പുറത്തെ പുരുഷന്മാര്‍ക്ക് ഷേക്ഹാന്റും ആശ്ലേഷവും നല്‍കുന്ന ദൃശ്യമുണ്ട്. ഇത് കണ്ട് വലിയൊരു നിര പുരുഷന്മാര്‍ വരിയായി നില്‍ക്കുന്നത് കോമഡിയായി ചിത്രത്തില്‍ കാണിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് ചിരിക്കുള്ള വിഭവമാണെന്നും യഥാര്‍ഥ്യമല്ലെന്നുമാണ് പറഞ്ഞുവയ്ക്കുന്നത്. അതായത് ഷേക്ഹാന്റും ആശ്ലേഷവും അരുതാത്തതോ നഗരവാസിയുടെ പരിഷ്കാരഭ്രമമോ ആണിന്നും. പെണ്ണില്‍ നിന്നും ഷേക്ഹാന്റും ആശ്ലേഷവും കിട്ടാന്‍ കാത്തിരിക്കുന്ന ആണ്‍(ള്‍)ക്കൂട്ടം എന്താണ് പ്രതീക്ഷിക്കുന്നത്? അത് പെണ്ണിന്റെ ശരീരസ്പര്‍ശനം മാത്രമാണ്. അതിനര്‍ഥം ഷേക്ഹാന്റും മറ്റും ഉപചാരപരമായ അഭിവാദനമല്ല മറിച്ച് അശ്ലീലമാണെന്നാണ്. ഇന്നും ചിരിക്കുള്ള വിഷയമാണ് ഷേക്ഹാന്റൊക്കെ എന്നു പറഞ്ഞുകൊണ്ട് ഉല്പാദിപ്പിക്കുന്നത് നമസ്കാരമാണ് 'ശരിയായ' അഭിവാദനരീതി എന്നാണ്.
ഇവിടെയാണ് അടുത്തകാലത്ത്, സുഷമാ സ്വരാജ് ഷേക്ഹാന്‍ഡ് ചെയ്ത് വിദേശ പ്രതിനിധിയെ സ്വീകരിക്കുന്ന ചിത്രത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. (മന്ത്രി പദവിയില്‍ നിന്ന് പുറത്തു കടന്നാല്‍ അവരിത് ചെയ്യുമോ എന്നുള്ളത് ചോദ്യമാണ്.). മന്ത്രി, വിദേശ പ്രതിനിധി എന്നിങ്ങനെയുള്ള മോടികള്‍ മാറ്റിവച്ച് ഒരു സ്ത്രീയും പുരുഷനുമായും അവരെ കണ്ട് കൂടിക്കാഴ്ചകള്‍ ഇത്തരത്തില്‍ സൗഹൃദപരമാക്കുവാന്‍, ശരീരത്തിന്റെ വേറിടലുകളും ഭാരങ്ങളും (കുറച്ചെങ്കിലും) മുറിച്ചുമാറ്റി നമുക്കു പെരുമാറുവാന്‍ കഴിയുമോ? അതോ ശരീരം സ്പര്‍ശിക്കുന്നത് ലൈംഗികതയെന്ന പാപമാണെന്ന ചിന്തയില്‍ നമസ്കാരത്തിലേക്കു ചുരുങ്ങുകയാണോ വേണ്ടത്? ശരീരത്തിന്റെ 'സുഖ'മറിയല്‍ എന്നതാണ് ഇതിലൂടെ നടക്കുന്നതെന്നു കരുതുന്ന അശ്ലീലത്തെ എന്നാണ് നമുക്ക് തേച്ചുമാച്ചുകളയാന്‍ കഴിയുക? ചാനല്‍ പരിപാടികളില്‍ പുരുഷന്മാര്‍ക്കു ഷേക്ഹാന്‍ഡും ആശ്ലേഷവും നല്‍കുന്ന നടി ശ്വേതാമേനോന്റെ അഭിവാദനത്തെ അര്‍ഥവത്തായൊരു പ്രക്രിയയായിക്കാണുവാന്‍ നമുക്കാകുമോ? അതോ അവര് 'നടിയാണെന്ന' 'അശ്ലീല'സൂചനയില്‍ അത് അവഗണിക്കുമോ?
ശരീരത്തെ ജൈവിക/ ദൈവികസത്തയില്‍ നിന്ന് എന്നാണ് മലയാളി മോചിപ്പിക്കുക? ഇതുവരെയുള്ള സാമൂഹ്യ വഴക്കങ്ങള്‍ നിര്‍മിച്ച നമ്മുടെ ശരീരത്തെ ഉടയ്ക്കുവാന്‍ നമുക്കാകുമോ?

Subscribe Tharjani |