തര്‍ജ്ജനി

സുനില്‍ ചെറിയാന്‍

ഇ-മെയില്‍: sunilkcherian@yahoo.com
വെബ്ബ്: http://varthapradakshinam.blogspot.com/

Visit Home Page ...

ലേഖനം

കഥാസാഹിത്യത്തിന്റെ പച്ചപ്പിലൂടെ

മലയാള ചെറുകഥാകൃത്തുക്കള്‍ - ടി. പത്മനാഭന്‍ മുതല്‍ എസ്. സിതാരവരെയുള്ളവര്‍ - സമീപകാലത്തെഴുതിയ കഥകളിലൂടെ കണ്ണോടിച്ചാല്‍ തെളിയുന്നത് ഇന്നത്തെ മലയാളിജീവിതത്തിന്റെ നേര്‍പ്പകര്‍പ്പുകളാണ്. സോഷ്യല്‍ റിയലിസം പന്തലിച്ചു നില്ക്കുന്ന കഥകളില്‍ അതിനാല്‍ ഭാവനയുടെ മേഘങ്ങള്‍ മിക്കവാറും അപ്രത്യക്ഷമായിരിക്കുന്നു. ഭാവനയേക്കാള്‍ വിസ്മയകരമാണ് നടപ്പുജീവിതം എന്നതാവും കഥാകൃത്തുക്കളെ റിയലിസത്തിന്റെ പെരുവഴിയില്‍ത്തന്നെ നടത്തിക്കുന്നത്.

1. 'അച്ചന്‍' ഏതാണ്ടൊരു കോമഡി പതിപ്പാണ്, മുകുന്ദന്‍ രക്ഷിതാക്കള്‍ എന്ന കഥയില്‍ ആക്ഷേപഹാസ്യവത്ക്കരിച്ചിരിക്കുന്നത്. ('അച്ചനി'ല്‍ പീഡനത്തിനിരയായ പെണ്‍കുട്ടി അച്ചനെ ചൂണ്ടിക്കാട്ടി അച്ഛനെ അക്ഷരപരമായിപോലും നിഷ്കാസിതനാക്കുന്ന കാഴ്‌ചയാണ്). പുതിയ കഥയില്‍ നാട്ടിലൊരാളുടെ മകന്റെ ഫോട്ടോ പത്രത്തില്‍ വന്നത് സംഭവമായതിനെ തുടര്‍ന്ന് വാര്‍ത്തയാവാന്‍ വേണ്ടി സ്വര്‍ണ്ണമാല വഴിയില്‍ കളയുന്നതും അത് മകനോട് കണ്ടെടുക്കാന്‍ പറയുന്നതും വിചാരിച്ചതുപോലെ എല്ലാം നടക്കുന്നതുമാണ്
പ്രധാനഭാഗം. മുകുന്ദകോമഡി അവിടെ തീരുന്നില്ല. സ്വര്‍ണ്ണമാലയുടെ ഉടമസ്ഥനായി
അഭിനയിച്ച സുഹൃത്ത് മാല തിരിച്ചുകൊടുക്കാതെ അതിന് യഥാര്‍ത്ഥഉടമസ്ഥയുടെ
മാനത്തിന് വില പറയുകയും ചെയ്യുന്നു.

2. ടി പത്മനാഭന്റെ കഥയില്‍ (അച്ഛനും മക്കളും) മക്കളില്ലാത്ത അനുജനോട്
പത്ത് മക്കളുള്ള ജ്യേഷ്ഠന്‍ പറയുന്നു നീ ഭാഗ്യവാനാണ്! സ്വത്തും പറമ്പും എഴുതിക്കിട്ടിയതിനുശേഷം കഞ്ഞിപോലും കൊടുക്കാത്ത മക്കള്‍ ജ്യേഷ്ഠന്റെ നിര്‍ഭാഗ്യം . 'നല്ല കഥ' എന്ന് നമ്മള്‍ പെടുത്തിയ കഥകളില്‍ ഇതും പെടുന്നു. 'തിങ്കളാഴ്ച നല്ല ദിവസം' മുതല്ക്കോ അതിനും മുന്‍പോ ഈ പ്രമേയം നമ്മുടെ കൂടെയുണ്ട്. കഥകളില്‍നിന്നും അതിപ്പോള്‍ ജീവിതത്തിലേക്ക് വ്യാപകമായി ഇറങ്ങിയിരിക്കുന്നു. അതു കൊണ്ട് പത്മനാഭന്‍ വിപ്ലവമോ അത്ഭുതമോ സൃഷ്ടിക്കാത്തതില്‍ നമുക്ക് പരിഭവമില്ല.

3. സാംസ്ക്കാരികസ്ഥാപനമായിരുന്ന പുസ്തകക്കട കച്ചവടസ്ഥാപനമാകുന്നതും കാരൂരിന്റെയും ദസ്തയേവ്‌സ്കിയുടെയും സ്ഥാനത്ത് വിസ്കിപ്പാട്ടുകാരും കാതരമാരും കയറിയിരിക്കുന്ന മൂല്യശോഷണം ബെന്യാമിന്‍ 'പുസ്തകശാല'യില്‍ വിവരിക്കുന്നു. എന്നത്തേയുംപോലെ ഒഴുക്കുള്ള ഭാഷയില്‍. കഥയെഴുത്ത് ഇങ്ങനെ വിവരണം മാത്രമായാലും വായനയില്‍നിന്ന് ആളുകള്‍ ഓടിപ്പോകുമെന്നൊരു ധ്വനിയും ഈ കഥ പറയാതെ പറയുന്നുമുണ്ട്.

4. റിസോര്‍ട്ടിലെ നീന്തല്‍ക്കുളം വൃത്തിയാക്കുന്ന കൊച്ചുകേശവനാണ് സി. വി. ബാലകൃഷ്ണന്റെ 'മറുവേഷക്കൂത്തി'ലെ നായകന്‍. കൂത്താടാന്‍ വരുന്ന അതിഥികളുടെ സുഖസൌകര്യങ്ങള്‍ക്കായി ചുറ്റും ജീവിക്കുന്നവരുടെ അടിസ്ഥാനാവശ്യങ്ങള്‍പോലും തടയിടുന്നത് വിവരിക്കുന്നു ബാലകൃഷ്ണന്‍. നീന്തല്‍ക്കുളത്തിലേക്ക് പ്രവേശനം നിഷേധിച്ച പാമ്പ് കൊച്ചുകേശവന്റെയടുത്ത് ക്രോധം തീര്‍ക്കുമോ?

5. ദീര്‍ഘനാളത്തെ സ്ഥലതര്‍ക്കങ്ങള്‍ക്കും കവലയിലെ പരസ്യ-പരസ്പര തെറിയഭിഷേകങ്ങള്‍ക്കും ശേഷം ശത്രുക്കളിലൊരാള്‍ മരിച്ചത് കണ്ട് അപരന് സന്തോഷമായി, രാത്രി മൃതദേഹത്തിന് കാവലിരുന്നു. ജീവിക്കുന്ന ശത്രു, പിറ്റേന്ന് പകല്‍, പ്രായാധിക്യം വകവെക്കാതെ തര്‍ക്കത്തിലിരുന്ന സ്ഥലം ഒറ്റക്ക് വേലിയിറക്കി കെട്ടി കൈവശപ്പെടുത്തി. അന്ന് അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശത്രുക്കള്‍ തൊട്ടടുത്ത ദിവസങ്ങളില്‍ മരിച്ചു എന്ന വാര്‍ത്ത നാട് കേള്‍ക്കേണ്ടിവരും എന്ന ധ്വനിയോടെ എസ് ഹരീഷ് കഥ (രാത്രികാവല്‍) അവസാനിപ്പിക്കുന്നു. എന്തിനാണ് മനുഷ്യന്‍ ശത്രുതയില്‍ ജീവിക്കുന്നത് എന്ന ലളിത-പരമമായ സത്യം ആവിഷ്കരിക്കുന്ന ഹരീഷ്-കഥയാണ്, എന്‍ പ്രഭാകരന്റെ 'ഭൂമിയുടെ വില'യേക്കാള്‍ ആസ്വാദ്യകരം. പ്രഭാകരന്റെ കഥയില്‍ മുതലാളിയുടെ ഡ്രൈവര്‍ ആറ് സെന്‍റ് സ്ഥലം കൈവശപ്പെടുത്താന്‍
ശ്രമിച്ച് പരാജയപ്പെട്ട് മനോനില തെറ്റി. ഭൂമി വാങ്ങുകയും വില്ക്കുകയും ചെയ്യുന്ന മനുഷ്യരുടെ സ്വപ്നങ്ങള്‍ക്കാണ് പ്രഭാകരന്‍ വിലയിടുന്നത്, തത്വചിന്താപരമായി.

6. കരുണാകരന്റെ 'അജ്ഞാതവാസ'ത്തില്‍ കഥകളില്‍ കണ്ടു പരിചയിച്ചിട്ടില്ലാത്ത കഥാപാത്ര-മനോസഞ്ചാരങ്ങള്‍ കാണാം. ഇതിവൃത്തം കരുണാകരന് വിഷയമേ അല്ല. പ്രവചിക്കാനാവാത്ത ഇടങ്ങളിലേക്ക് കഥാപാത്രങ്ങളെ, കഥയേയും കൊണ്ടുപോകാനുള്ള വണ്ടി മാത്രമാണ് ഇതിവൃത്തം. വാഹനമല്ലല്ലോ യാത്ര. സര്‍ക്കാരാഫീസില്‍ പാമ്പുകളെ കൂടു തുറന്നു വിടുന്ന ഉത്തരേന്ത്യന്‍ കര്‍ഷകര്‍ നീതികിട്ടാതെയും ആത്മരക്ഷയ്ക്കുമായി ഹിംസയ്ക്ക് മുതിരുന്നതും അവരുടെ കഥയില്ലായ്മകളില്‍ സ്വപ്നത്തിലും അല്ലാതെയുമായി കൂട്ടുകൂടുന്ന
കഥാകാരന്റെ പങ്കെടുക്കലുമാണ് കഥയുടെ ഗതി. കഥയുടെ വിധിയല്ലാത്ത കാഴ്ചയാണ് കഥാകാരനോടൊപ്പം നമ്മളും കാണുന്നത്. കീചകവധമാണ് കഥയ്ക്കുള്ളിലെ കഥ. പുരാണത്തിലെ കീചകനെ വധിച്ചത് ഭീമനായിരുന്നെങ്കില്‍ ഈ കഥയിലെ കീചകന്‍
കൊല്ലപ്പെടുന്നത് അഭിനവപാഞ്ചാലിയാല്‍ത്തന്നെ.

7. പുരാണകഥകളുടെ സമകാലികവായന എന്‍. എസ്. മാധവന് ഇഷ്ടമാണ്. ദ്രൌപദിയെ
ഗോവയില്‍ വാഴിച്ച കഥക്ക് ശേഷം ഇപ്പോള്‍ കുന്തിയെ നഗരത്തിലെ ഫ്ലാറ്റില്‍
ഒറ്റയ്ക്ക് താമസിപ്പിച്ചിരിക്കുന്നു (കുന്തിയും ഹെമിങ്‌വേയും). മദ്യപിക്കുന്നവളാണ് കുന്തി. മാത്രമല്ല, വഴിനീളെ നടന്ന് വ്യഭിചരിക്കുന്നവളും. ബാല്യകാലത്തെ ദുരനുഭവങ്ങള്‍ പുതിയ കുന്തിയുടെ മനോനില തകരാറിലാക്കി. ശേഷം തോക്കിന്‍കുഴല്‍ വായിലിട്ട് കാഞ്ചിവലിക്കുക എന്ന ധര്‍മ്മമേ അവള്‍ക്ക് നിറവേറ്റാനുള്ളൂ. സ്ത്രീസ്വാതന്ത്ര്യത്തിന്റെ
മൂര്‍ച്ഛയിലാണ് മാധവന്റെ കഥ വ്യാപരിക്കുന്നത്. എങ്കിലും 'രതിനിര്‍വേദ'ത്തിലെ പോലെ പാപത്തിന്റെ ശമ്പളം മരണമാണെന്ന ധര്‍മ്മത്തിന് ഇപ്പോഴും മോചനമില്ല!

8. സമൂഹത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്നു എന്ന ജാമ്യത്തോടെ കൌതുകകരമായഒരു ആധിയെ കഥാവല്‍ക്കരിച്ചിരിക്കുന്നു സുസ്മേഷ് ചന്ദ്രോത്ത് 'അപസര്‍പ്പക മുത്തശ്ശിക്കഥ' യിലൂടെ. എഴുപത്തിമൂന്നുകാരിയായ മുത്തശ്ശിയുടെ സ്വവര്‍ഗ്ഗരതി, അതും ഏഴു വയസ്സുള്ള കൊച്ചുമകളോട്, ചോദ്യം ചെയ്യുന്ന വനിതാപൊലീസുദ്യോഗസ്ഥയില്‍ ഉണ്ടാക്കുന്ന ആത്മസംഘര്‍ഷമാണ്, കഥയുടെ ആംഗിള്‍. മുത്തശ്ശി-വീട്ടിലെ അപസര്‍പ്പകത ബാലന്‍സ് ചെയ്യാനെന്നോണം നന്മയുടെ നിലവിളക്ക് എരിയുന്ന പൊലീസുകാരിയുടെ വീട്ടില്‍ സുസ്മേഷ് കഥ അവസാനിപ്പിക്കുന്നു. അതുകൊണ്ട് ഇക്കഥ ക്രൈം റിപ്പോര്‍ട്ട് അല്ലാതാകുന്നു.
അപസര്‍പ്പക മുത്തശ്ശിക്കഥ എന്ന് കഥക്ക് പേരിടുമ്പോള്‍ കൌതുകകരമായ ഒരു ആധി വിവരിക്കുക എന്ന ദൌത്യമേ കഥാകൃത്തിനുള്ളൂ എന്ന് തോന്നുന്നു. കഥ ഭാവനയല്ല, യാഥാര്‍ത്ഥ്യമാണെന്ന് കഥാകൃത്ത് തന്നെ ഫെയ്‌സ്ബുക്കിലൂടെ അറിയിക്കുകയുണ്ടായി.

9. അംബികാസുതന്‍ മാങ്ങാടിന്റെ മാതൃഭൂമിക്കഥയില്‍ രണ്ട് മത്സ്യങ്ങളാണ് പ്രധാനപാത്രങ്ങള്‍. സോദ്ദേശ്യകഥയാണ് മാങ്ങാട് എഴുതിയിരിക്കുന്നതെങ്കിലും ഇത് മത്സ്യപീഡനമാണ്. ദമ്പതികള്‍ മത്സ്യങ്ങളാണെങ്കിലും പറയുന്നത് വെള്ളമില്ല, ജീവനില്ല എന്നൊക്കെയാവുമ്പോള്‍, മനുഷ്യര്‍ കൃത്യമായും പ്രതിസ്ഥാനത്ത് വരുമെന്ന് പ്രവചിക്കാനാവുമ്പോള്‍, കഥയെ രക്ഷിക്കാന്‍ ഒരു ബുദ്ധനും കഴിയുന്നില്ല. വില്ലന്‍-മനുഷ്യര്‍ ആവാസവ്യവസ്ഥ നശിപ്പിക്കുന്നത് പോലെ കഥാകാരന്‍ മത്സ്യങ്ങളുടെ നിഷ്ക്കളങ്കത വറുത്തുപൊരിക്കുന്നു.

10. സെപ്‌റ്റംബറില്‍ അന്തരിച്ച കഥാകൃത്ത് കെ വി അനൂപിന്റെ ആനന്ദപ്പാത്തുവിന്റെ പ്രസംഗങ്ങള്‍ എന്ന കഥ വര്‍ഗ്ഗീയതക്കെതിരെ പ്രസംഗപ്പടവാളെടുക്കുന്നയാള്‍ വര്‍ഗീയ-ക്വട്ടേഷന്‍കാരാല്‍ നിശ്ശബ്ദനായാലും ജനങ്ങള്‍ക്കിടയില്‍ ഉയര്‍ത്തെണീക്കുമെന്ന് പച്ചയായി പറയുന്നു. 'ദസ് സ്‌പെയ്‌ക് സരാതുസ്‌ട്ര'യെ ഉപജീവിച്ച് അനേകം
പ്രവാചകന്‍മാര്‍, വിശുദ്ധപദവിയോളംവരെ ഉയര്‍ന്നവര്‍, കഥകളിലുണ്ടായി.
അനൂപിന്റെ ആനന്ദപ്പാത്തുവിന് നമ്മുടെ നാടിന്റെ മണമുണ്ട്.

Subscribe Tharjani |