തര്‍ജ്ജനി

രമേശ്‌ കുടമാളൂര്‍

KPRA 140, 'പ്രണവം',
കാഞ്ഞിരംപാറ,
തിരുവനന്തപുരം.
മെയില്‍ ramesh.v67@gmail.com
ബ്ലോഗ് http://www.rameshkudamaloor.blogspot.com

Visit Home Page ...

കവിത

കറുത്ത തോണിക്കാരാ

മരണക്കടലിന്റെ വക്കില്‍ ജീവിതക്കര-
ച്ചെരുവില്‍ കാത്തിരിക്കും കറുത്ത തോണിക്കാരാ
തീരാത്ത കൌതുകത്തിന്‍ മദനലാസ്യമാര്‍ന്ന
തോരാത്ത തിരകള്‍തന്‍ രജതനൃത്തമായേ
തീരത്തു നിന്നീക്കടല്‍ ഞങ്ങള്‍ക്ക് തോന്നിയുള്ളൂ

അകലങ്ങളില്‍നിന്നു വീശും കുളിര്‍കാറ്റായും
അറിയാത്താഴങ്ങളില്‍ രത്നാകരങ്ങളായും
പടരുമനന്തമാം വന്യവിസ്താരങ്ങളില്‍
കാണാക്കരതന്‍ ലോലസങ്കല്പം കാട്ടും കടല്‍.

മരണക്കടലിന്റെ വക്കില്‍ ജീവിതക്കര-
ച്ചെരുവിലിരിക്കും നിസ്സംഗനാം തോണിക്കാരാ
ഞങ്ങളോ വാഴ്വിന്‍ നിത്യവിസ്മയങ്ങളില്‍ ചേര്‍ന്നു
മൃണ്‍മയമാം ജന്മത്തെ നെഞ്ചോട്‌ ചേര്‍ക്കുന്നവര്‍.

ഇടയ്ക്ക് ജീവിതത്തില്‍ ചെറുവിസ്മൃതികളാം
പുഴകള്‍ നീന്തിടാറുണ്ടെങ്കിലും കടലിന്റെ
അനന്തവിസ്തൃതിയെ ഭയന്ന് ജീവിപ്പവര്‍
എങ്കിലും സൗവര്‍ണ്ണമാമിത്തീരഭൂവില്‍ വന്നു
നിന്റെ കടലിലുദിച്ചസ്തമിക്കും സന്ധ്യതന്‍
ക്ഷണികവിസ്മയങ്ങള്‍ കണ്ടുനിറയാനിഷ്ടം.

മരണക്കടലിന്റെ വക്കില്‍ ജീവിതക്കര-
ച്ചരുവില്‍ നിഗൂഡമായ് ചിരിക്കും തോണിക്കാരാ
ഒരിക്കല്‍ നിന്റെ തോണിപ്പടിയില്‍ നീ പാടുന്ന
പതിഞ്ഞ താളത്തിലെപ്പാട്ടു ഞാന്‍ കേട്ടിരിക്കെ
പതിയെ നമ്മള്‍ സ്വര്‍ണ്ണതീരം വെടിഞ്ഞു നീല
സമുദ്ര സാന്ദ്രതയെ തിരഞ്ഞു തുഴയവേ
ഉള്‍ക്കടലിന്റെ വിക്ഷുബ്ധതകള്‍ വെടിഞ്ഞു നാം
അതിരില്ലാത്ത ജലസൗമ്യതയായ് ത്തീരവേ
അകലെ നിനവിന്റെ നിഴലായ് മൃതമെന്റെ
കര ബോധക്ഷയത്തിന്‍ ചുഴിയില്‍ മുങ്ങിപ്പോകെ
ഒരുവേള ഞാന്‍ തിരിച്ചറിയാമപ്പോള്‍-എന്റെ
ദുരിതജന്മപഥം വിരിച്ച കല്ലും മുള്ളും
മരണജല മൃദുശീതള സ്പര്‍ശത്തെക്കാള്‍
എത്രയോ പുളകിതമായിരുന്നെന്ന സത്യം
അക്കരെകളില്ലാതുള്ളാ ജലയാനത്തില്‍ ഞാ-
നൊരു തുള്ളിയായലിഞ്ഞെത്തേണമീത്തീരത്തില്‍.

മരണക്കടലിന്റെ വക്കില്‍ ജീവിതക്കര-
ച്ചരുവില്‍ എന്നെയുംകാത്തിരിക്കും തോണിക്കാരാ...

Subscribe Tharjani |