തര്‍ജ്ജനി

എം. രാഘവന്‍

മണിയമ്പത്ത്, മാഹി 673310.
വെബ്ബ്: എം. രാഘവന്‍
ഫോണ്‍: 0490-2333029

Visit Home Page ...

കഥ

മടക്കയാത്രയില്‍

മുപ്പത്തഞ്ച് വര്‍ഷങ്ങള്‍.....

സാമാന്യം നീണ്ട ഒരു ജീവിതത്തിന്റെ പകുതി. അത്രയും കാലം അങ്ങ് അന്യനാട്ടില്‍ കഴിച്ചുകൂട്ടിയതിന് ശേഷം... അര്‍ത്ഥമില്ലാത്ത തിരിച്ചുവരവ്.

തന്റെ തലയിലുയര്‍ന്ന അന്യനാട് എന്ന പ്രയോഗം ചുണ്ടുകളിലൊരു ചിരി വരുത്തിവെച്ചു.

വാസ്വേട്ടാ, എന്താ സംഗതി, ങ്ഹെ?

അനുജന്റെ സ്വരത്തില്‍ അതിര്‍കവിഞ്ഞ വിനയം. അത് രസകരം തന്നെ. ഇത്തരം ഏര്‍പ്പാടൊന്നും തന്റെയാ നാട്ടില്‍ കാണില്ലെന്നോര്‍ത്തു. വീണ്ടും ചിരി ഊറിവന്നു. ഇത്തവണ തന്റെ എന്ന വാക്കാണ് കുഴപ്പക്കാരന്‍. അന്യവും സ്വന്തവും ഒന്നാവുന്നതെങ്ങനെ?

എടാ

കോലായില്‍ കയറിനിന്നുകൊണ്ട് വിളിച്ചു. അങ്ങനെ വിളിച്ചത് ശരിയായില്ല. അനുജന്‍ തന്നെ. അഞ്ചെട്ടുവയസ്സ് കുറവും. എന്നാലും ആയിരത്തഞ്ഞൂറ് കുട്ടികള്‍ പഠിക്കുന്ന സ്ഥാപനത്തിന്റെ തലവനല്ലേ രാമകൃഷ്ണന്‍.

തെറ്റിപ്പോയതാ, മുസ്യെ ലെ പ്രൊവിസേര്‍.

ഹയര്‍സ്കൂള്‍ മേധാവിക്ക് അങ്ങ് ഫ്രഞ്ചുകാരുടെ നാട്ടില്‍ പ്രൊവിസ്ര്‍ എന്ന് പറയുന്നു. അത് അനുജനും അറിയാം. അതുകൊണ്ട് വിളികേട്ടു അവനും അകം നിറഞ്ഞ ചിരി പാസ്സാക്കി.

രാമകൃഷ്ണന്‍ മാഷ്, രാംഷ്ണമ്മാഷ്!!

അവന്‍ വായപൊളിക്കുന്നു.

മൂന്നു ദശകങ്ങള്‍ക്കു ശേഷമുള്ള ഈ സന്ദര്‍ശനം.... വീട്ടിനെ മാത്രമല്ല ദേശത്തെ ആകമാനം ഇളക്കിമറിച്ചിരിക്കും. അമ്മയോ ഇല്ല.താന്‍ നാടുവിടുന്നതിനുമുമ്പ് അച്ഛന്‍ മരിച്ചിരിന്നു. ഇനി ചെറുപ്പത്തില്‍ കല്ക്കണ്ടി എന്ന് വിളിച്ചിരുന്നീ രാമകൃഷ്ണനും ഭാര്യയും മക്കളും മാത്രം. ങ്ഹാ, ഒരു പെങ്ങളുണ്ട്.അവള്‍ ഒറീസയിലെവിടെയോ ഭര്‍ത്താവിന്റെ കൂടെ, കുട്ടികളുമായി എത്താതിരിക്കില്ല ഏട്ടന്‍ തിരിച്ചുപോകുംമുമ്പ്.

അനുജന്റെ ഭാര്യയെ ഇതുവരെ കണ്ടില്ലെങ്കിലും കുറേയൊക്കെ കണ്ടതുപോലുണ്ട്. ഇടയ്ക്ക് കിട്ടിക്കൊണ്ടിരുന്ന ഫോട്ടോയിലൂടെ അവളെ അറിയാം. മുല്ലപ്പൂവ് മറച്ച തലയുമായി പന്തലില്‍ വിയര്‍ത്തുനില്ക്കുന്ന കൊച്ചുസുന്ദരി. പിന്നെ ഗര്‍ഭവതി. അമ്മ. അങ്ങനെ വിവിധ ഘട്ടങ്ങളില്‍ അവളെ ഒരുവിധം കൃത്യമായി കണ്ടുകൊണ്ടിരുന്നു. അവളെപ്പറ്റി ചോദിക്കാന്‍ തുടങ്ങിയതായിരുന്നു. പെട്ടെന്ന് ആ പേര് നാവില്‍ വരുന്നില്ല. അതുകൊണ്ട് മറ്റൊരു വിധത്തിലാക്കി സംഭാഷണം.

ഞാന്‍ വരുന്ന വക നീ ലീവൊപ്പിച്ചു. അവള്‍ക്കുംകൂടെ അവധിയാക്കാഞ്ഞതെന്ത്?

അവന്‍ പെട്ടികളിലൊന്ന് തൂക്കി അകത്തു കൊണ്ടുപോയി വെച്ച് തിരിച്ചുവന്നു.

അവള്‍ മുടങ്ങിയാല്‍ പിള്ളേര്‍ക്കും നിര്‍ബ്ബന്ധാവും ലീവാക്കാന്‍. പരീക്ഷ അടുത്തുപോയി. അതുകൊണ്ടാ.

അവന്റെ സ്വന്തം ശൈലിയിലൊരു ക്ഷമായാചനം.

രാമകൃഷ്ണനെ സൂക്ഷിച്ചുനോക്കി. അവന്റെ മീശയിലും നര കേറിയിരിക്കുന്നു. അസ്സലായി. ഇവിടം വിട്ടുപോകുമ്പോള്‍ നന്നായി ഓര്‍ക്കുന്നു. ആ ചുണ്ടിനുമേലെ രോമം പൊടിയുകയായിരുന്നു.

അവരെയൊക്കെ മാറ്റിനിര്‍ത്തി ആദ്യം ഏട്ടനെ ഒറ്റയ്ക്ക് കിട്ടണം. കുറേ നേരത്തേക്ക്. അതല്ലേ നിന്റെ സൂത്രം. നീ ചെറുപ്പത്തില്‍ത്തന്നെ വല്യ സ്വാര്‍ത്ഥിയാ. മറന്നിട്ടില്ല. ഇപ്പോഴും എന്തും നിനക്ക് ഏട്ടനേക്കാളും ഒന്നധികം വേണമായിരുന്നു.

അനുജന്‍ തല ചെരിച്ചുകൊണ്ട് ഓര്‍ത്തുനോക്കുന്നു.

വാസ്വേട്ടന്‍ സ്വാര്‍ത്ഥി എന്നാണോ കാച്ചിയത്? അപ്പോ ഭാഷ കൈമോശം വന്നിട്ടില്ല. അല്ലെ. തീപ്പൊരിപ്രസംഗം നടത്തിയ ആളല്ലേ, ഞാനും മറന്നിട്ടില്ല.

അവന്‍ വാതിലിലൂടെ കണ്ണുകള്‍ പുറത്തുവിടുന്നു. നേരിയൊരു ദുഃഖം ആ മുഖത്തില്‍ നിഴലിക്കുന്നു. നല്ല വര്‍ഷങ്ങള്‍​ മുഴുവന്‍ ജ്യേഷ്ഠനെക്കൂടാതെ കഴിയേണ്ടിവന്നു. എന്തെല്ലാം പ്രശ്നങ്ങള്‍ നേരിട്ടുകാണും.

എല്ലാം ഒറ്റയ്ക്ക് നിറവേറ്റി.

ആട്ടെ, നിനക്കെന്നോട് ..... വൈരാഗ്യം വല്ലതും.....

അവന്‍ രണ്ടാമത്തെ പെട്ടിയും എടുത്ത് മുറിയില്‍ ഒതുക്കിവെച്ചു. എന്നിട്ട് അടുക്കളയിലേക്ക് നീങ്ങുന്നതാണ് കണ്ടത്. എഴുന്നേറ്റ് കൂടെച്ചെന്നു. പഴയ ചുമരുകളില്‍ തട്ടിനില്ക്കുന്ന കാറ്റ് അരോചകമായിത്തോന്നി. ഈ മണം ഇവിടെമാത്രം കിട്ടുന്നതു തന്നെ. കാറ്റില്‍ നനവുണ്ട്. കരിപിടിച്ച സിമന്റിന്റെ വരളിച്ചയും. പിന്നെ കണ്ണെത്താത്ത അകലെവരെ നിറഞ്ഞുനില്ക്കുന്ന ഓര്‍മ്മകളും അതില്‍ തങ്ങിനില്ക്കുന്നു.

നിലത്തിരുന്ന് ഭക്ഷണം കഴിച്ചിരുന്ന ആ പലകകള്‍ തറയില്‍ പരതി. കാലം തനിക്കുവേണ്ടി കാത്തിരിക്കുന്നില്ല. പോരാതെ ഇപ്പോള്‍ പലകമേലിരുന്നാല്‍ തന്റെ നടുവൊടിയും.

തിരിച്ചുപോവുമ്പോള്‍ കൊണ്ടുപോകേണ്ട ചില സാധനങ്ങള്‍ മനസ്സില്‍ പറഞ്ഞുവെച്ചിട്ടുണ്ട്. അതൊന്നും കിട്ടിയില്ലെങ്കില്‍ പലകകളിലൊന്ന് അകത്ത് കിടപ്പുണ്ടോ എന്നു നോക്കണം. പഴയതെന്തിനും പടിഞ്ഞാറ് പിടിവലിയാണല്ലോ. ഒരു മതില്‍ പൊളിച്ച കല്ലുകളേക്കാളും പുരാതനമായ നാടന്‍ ഇരിപ്പിടം വെള്ളക്കാര്‍ക്ക് ആവേശം ഉളവാക്കിയെന്നുവരാം. അറിയാതെ നോട്ടം മുകളിലേക്കുയര്‍ന്നു. എവിടെ അട്ടം? മണ്ടന്‍. മറ്റെല്ലാം പോയിട്ട് ഇതുമാത്രമിങ്ങനെ അവശേഷിക്കാന്‍. തലയ്ക്കുമീതെ നല്ല തടികൊണ്ടുള്ള മച്ച്. അതിന്റെ ഓരത്ത് ഒരു മുട്ടന്‍ പല്ലി. അവന്‍ മാത്രം മാറിയിട്ടില്ല.

കഴിഞ്ഞ മാസാ ഇവിടെ ഗ്യാസ് സംഘടിപ്പിച്ചത്. അതുവരെ വിറക് കത്തിക്കല്‍ തന്നെയായിരുന്നു.

അനുജന്‍ പറയുന്നു. ഒരു കുന്തം പെട്ടെന്ന് ഞെക്കി തീപ്പൊരി പാറ്റിക്കൊണ്ട് ചായക്കുള്ള വെള്ളം അവന്‍ അതിനുമേല്‍ വെച്ചു. എന്നിട്ടവന്‍ അടുക്കളയിലാകെ കണ്ണോടിക്കുന്നു.

ഏട്ടന്‍ വരുന്നതിനു മുമ്പ് ഒന്ന് പെയിന്റ് ചെയ്യിക്കണമെന്ന് വിചാരിച്ചു. ഒത്തില്ല. നോക്ക് പുകയാ മുഴുവന്‍.

ആ ചുമരില്‍ വിരല്‍ തട്ടിച്ചു. പണ്ടൊറു മുത്തശ്ശിയുണ്ടായിരുന്നു. അവര്‍ മീന്‍കൂട്ടാന്‍ കയ്യിട്ട് കലക്കി അടുപ്പത്തുവെച്ചുകഴിഞ്ഞാല്‍ ബാക്കിയുള്ള അരച്ച തേങ്ങയും മഞ്ഞളും ഉരുളകളാക്കി ഈ ചുമരിന്‍മേല്‍ എറിയുമായിരുന്നു. പിറ്റേദിവസം അത് അടര്‍ത്തിഎടുത്ത് വീണ്ടും കൂട്ടാനുണ്ടക്കും.

ഏട്ടന്‍ ഓര്‍ക്കുന്നത് ......... അറിയാം.

അനുജന്‍ സമര്‍ത്ഥനല്ലേ, അവന് തെറ്റില്ല.

കൂറകള്‍ തിന്നതിന്റെ ബാക്കി ശാപ്പിട്ടാണ് നമ്മള്‍ വളര്‍ന്നത്.

അവന്റെ വായില്‍ നനവ് പൊടിയുന്നു. അറപ്പോടെ വെളിയില്‍പ്പോയി ഉറക്കെ തുപ്പുന്നു.

കേട്ടോ, അങ്ങ് എന്റെ ദത്തെടുത്ത നാടുണ്ടല്ലോ, അവിടെ ഇങ്ങനെ കാര്‍ക്കിച്ചു തുപ്പാന്‍ കഴിയൂല്ല. അതുപോലെ തുമ്മല്‍ വരുമ്പോള്‍ അടുത്തുള്ളവരില്‍ നിന്ന് ഓടിമാറണം.

അനുജന്‍ ഒന്ന് വിങ്ങിപ്പൊട്ടി. പണ്ടത്തെ കല്‍ക്കണ്ടി തന്നെ. തല മുകളിലേക്ക് വെട്ടിച്ചുകൊണ്ടാണ് ചിരി.

അറിയാം, ഏട്ടന്‍ ഒരിക്കലത് ഒരു കത്തിലെഴുതി. എന്നാലുണ്ടല്ലോ, ഈ വരുന്ന മൂന്ന് മാസം ഇവിടെ നടന്നും ഇരുന്നുംകിന്നും തുപ്പിക്കോ. പിന്നെ ഒരു നൂല്‍ മൂക്കില്‍ കേറ്റി മതിയാവോളം തുമ്മാം.

രണ്ടുപേരും കുടെ എന്തു ബഹളമാണ് ഉണ്ടാക്കുന്നത്.

എന്നാലും ഏട്ടത്തിയമ്മയെ കൂടെ കൊണ്ടുവരാമായിരുന്നു. ഇനി ഞങ്ങളെപ്പാ അവരെ കാണുക? ഹല്ല, ഞങ്ങളൊരിക്കലും കാണണ്ടാന്നാണോ?

പ്രതീക്ഷിച്ച ചോദ്യം തന്നെ. വാസ്തവത്തില്‍, അനുജത്തി, ങ്ഹാ പിടികിട്ടി, വിശാലം, വിശാലാക്ഷി, അതായിരുന്നു അവളുടെ പേര്. ഈ ചോദ്യം അവള്‍ തൊടുത്തുവിടുമെന്നായിരുന്നു കരുതിയത്. നീലക്കണ്ണുള്ള ഏടത്തിയമ്മയെ ആവാഹിച്ചെടുക്കാന്‍.

അവര്‍ വരുമ്പോള്‍......

വെറുതെ ഒരു കുസൃതി തോന്നി.

വിശാലോം മക്കളും ഒന്നിച്ചല്ലേ വരിക. അവര്‍ വരുമ്പോള്‍ ഞാന്‍ എവിടെയെങ്കിലും ഒളിക്കും. ഏട്ടന്‍ എത്തീല്ലാന്ന് പറയണം നിയ്.

കല്‍ക്കണ്ടച്ചിരി കണ്ടും കേട്ടും ആ മുഖത്തെ ആവരണം ചെയ്യുന്ന ഓമനത്തം അമ്പതുകഴിഞ്ഞിട്ടും ഈ അനുജന്‍ നഷ്ടംവരാതെ എങ്ങനെ സൂക്ഷിക്കുന്നു. ഏതായാലും ഇത് നുകരാന്‍ തന്നെ വന്നത്.

വാസ്വേട്ടന്‍ കുട്ടിക്കളി വിട്ടില്ലെ. ഏട്ടന്ന് ഇപ്പളത്തെ പിള്ളേരെ അറീല്യ. എത്ര മറച്ചുവെച്ചാലും .. ങ്ഹും.. നടപ്പില്ല. അവര്‍ വന്നപാടെ മണത്തറിയും.

കപ്പില്‍ നിന്നും ചൂടുള്ള പാനീയം അല്പം വായിലാക്കി.രുചി ഇഷ്ടപ്പെട്ടില്ല. ഇത് ചായ തന്നെയാണോ?

ഏട്ടന്‍ കാപ്പിപ്രിയനാ, അല്ലേ, കേട്ടിട്ടുണ്ട് നിങ്ങളുടെ കഫെ ന്വാറിനെപ്പറ്റി. കറുത്ത കാപ്പി! പാലില്ലാത്ത എന്ന് പറഞ്ഞാല്‍ തെറ്റാണോ.

രാമകൃഷ്ണന് കുറേ ഫ്രഞ്ച് വാക്കുകള്‍വശമുണ്ടെന്ന് മനസ്സിലായി. രണ്ടാംഭാഷയായി പഠിച്ചതല്ലേ.

അതുകൊണ്ടല്ല, ഞങ്ങളിവിടെ കുടിക്കുന്നത് ഇന്ത്യയില്‍ കിട്ടാത്ത ഏറ്റവും മുന്തിയ ഇന്ത്യന്‍ ചായയാ. അതാണിതിന്റെ സ്വാദ് രസിക്കാത്തത്.

വീട്ടിന്റെ വടക്കുവശം പുതിയൊരു മുറികൂടി എടുത്തിരിക്കുന്നതുകണ്ടു. മെല്ലെ അങ്ങോട്ടു നീങ്ങി.

കുട്ടികള്‍ വലുതായില്ലേ. അവര്‍ക്കുവേണ്ടി പ്രത്യേകമായൊരു ..... അവന്‍ തലചൊറിഞ്ഞുകോണ്ട് നില്ക്കുന്നു. ജ്യേഷ്ഠനെക്കണ്ടതോടെ അവന്‍ കൊച്ചുകുട്ടിയാവുന്ന മട്ടുണ്ട്.

മുറിയിലേക്ക് കടന്നുനോക്കി.പെണ്പിള്ളേരുടെ സങ്കേതം. അവരില്ലാത്തപ്പോള്‍ അവിടെ പ്രവേശിക്കുന്നത് ശരിയല്ല. അതോര്‍ത്ത് മുന്നോട്ടുവെച്ച കാല്‍ പിന്‍വലിച്ചു.

പിന്നില്‍നിന്ന് തള്ളിക്കൊണ്ട് അരികിലൂടെ മുന്നോട്ടു കയറി അനുജന്‍ ക്ഷണിക്കുന്നു.

ഇതാ നോക്ക്, ഇത് മൂത്തവളുടെ വകയാ ഈ ചിത്രം. അവള്‍ ചെറിയൊരു കലാകാരിയാ...

ഷെല്‍ഫില്‍ നിറയെ ബഹുമതിചിഹ്നങ്ങള്‍. സന്തോഷം തോന്നി.

രാമകൃഷ്ണന്‍ വെറുതെ ഒരു അലമാരയുടെ വാതില്‍ തുറക്കുകയും അടക്കുകയും ചെയ്തു. അതിനുള്ളില്‍ കുറേ ഉടയാടകള്‍ ഒരു നിമിഷാര്‍ദ്ധം കണ്ണില്‍ത്തട്ടി.

ചെറിയവള്‍ക്ക് ഹോബിയൊന്നുമില്ലേ. സ്വയം ചോദിച്ചു. ഒരു മൂലയില്‍ കണ്ട കൊച്ചുമേശയും അതില്‍ ശ്രദ്ധാപൂര്‍വ്വം മടക്കിവെച്ച ചെസ്സ്ബോര്‍ഡും കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു. മറ്റവള്‍ കരുക്കളില്‍ തലചായ്ചുകൊണ്ട് നിശ്ചലമായി ഇരിക്കുന്നു. ആ കാഴ്ച ഒട്ടും മോശമായി തോന്നിയില്ല.

വാസ്വേട്ടാ

അനുജന്‍ അടുത്ത മുറിയിലേക്ക് തിരിയുന്നു. ഓ, ഇതൊക്കെ എന്തുണ്ട് കാട്ടാനും കാണാനും. അവരുടെ ആസ്ഥാനത്തിലേക്കാണ് പ്രവേശിച്ചത്. ജ്യേഷ്ഠന്‍ എത്തുമെന്ന് അറിഞ്ഞതുകാരണം എല്ലാം വൃത്തിയാക്കിവെച്ചിരിക്കുന്നു. ഉലഞ്ഞ ബനിയനും മറ്റും കാണാനില്ല. ചുമരില്‍ വെളിച്ചം കുറഞ്ഞ ഒരിടത്ത് രണ്ടാളുകള്‍ നില്ക്കുമ്പോലെ തോന്നി. എന്തു പോക്കാ പോയത്! രാമഷ്ണന് നീയല്ലാതെ ആരുണ്ട്- അവര്‍ ചോദിക്കുമ്പോലെ. തിരിച്ചുപോകും മുമ്പ് അച്ഛനമ്മമാരുടെ ഫോട്ടോവിന്റെ ഒരു കോപ്പി എടുപ്പിക്കണം.

എനിക്കേയ്

തന്റെ തലയ്ക്കുള്ളില്‍ സദാ മുഴങ്ങിക്കൊണ്ടിരിക്കുന്ന ആ കുറ്റപ്പെടുത്തലിനുള്ള മറുപടിയെന്നോണം ക്ഷമാപണസ്വരത്തില്‍ അനുജനോട് വിശദീകരിച്ചു.

എനിക്ക് മടിയായിരുന്നു വരാന്‍.

ചെറുപ്പത്തില്‍ത്തന്നെ സമരത്തോട് സമരമായിരുന്നില്ലേ. ആദ്യം ബ്രിട്ടീഷുകാരോട്, ആറുമാസം അവരുടെ ജയിലില്‍ കിടന്നു. പിന്നെ ഫ്രഞ്ചുകാരെ നേരിട്ടു. പേരിനെങ്കിലും അവരുടെ വകയും ഒരു ശിക്ഷ. അതൊക്കെ കഴിഞ്ഞ് അവരുടെതന്നെ നാട്ടില്‍ പോവുക. പണിയെടുക്കുക. അവസാനം അവരുടെ പൌരത്വം സ്വീകരിക്കുക. ഛീ, ആലോചിക്കുമ്പോ, ശരിക്കും എന്നോടുതന്നെ വെറുപ്പും പുച്ഛവും.

അച്ഛനും അമ്മയും വിശ്രമിച്ച പഴയ മരക്കട്ടലിന്റെ കാലില്‍ പിടിച്ചുകൊണ്ട് അനുജന്‍ തന്റെ നേരെ നോക്കുന്നു, അനുഭാവത്തോടെ.

ഇതൊക്കെ ഇവിടെ ആരന്വേഷിക്കുന്നു. ഏട്ടന്റെ കയ്യില്‍ പണംല്ലെങ്കില്‍ പൌരത്വം തിരസ്കരിച്ചാലും ഒരു കാര്യവുമില്ല.

അവന്‍ പെട്ടെന്ന് ഒരാളായി വളര്‍ന്നതുപോലെ ശരിക്കും ഒരു പ്രധാനാദ്ധ്യാപകന്‍.

നടന്നുതുടങ്ങിയ അനുജനെ പിന്തുടര്‍ന്നു. മൂന്നാമത്തെ മുറി അതിഥികള്‍ക്കുള്ളത്. താനും അതില്‍ പെടുമായിരിക്കും.

ഏടത്തിയമ്മയെ കാണണം എന്നൊക്കെ ഞങ്ങള്‍ വാശിപിടിച്ചിട്ടെന്താ.

അവന്‍ പുതിയ കൊമ്പില്‍ പിടിക്കുമ്പോലെയുണ്ട്.

അഥവാ അവര്‍ വന്നാല്‍ സൌകര്യമുള്ള ഒരു മുറീണ്ടോ ഇവിടെ യൂറോപ്യന്‍സിനു പറ്റിയ ഹോട്ടല്‍പോലും സ്ഥലത്തില്ല.

പാവം കല്ക്കണ്ടി! അവനെന്തറിയാം ജ്യേഷ്ഠന്റെ ഭാര്യ ഈ ലോകം വിട്ടിട്ട് രണ്ട് വര്‍ഷം കഴിയുന്നു. ഇതുവരെ നാട്ടിലാരെയും അറിയിച്ചിട്ടില്ല. എന്തിനറിയിക്കണം. അവരുടെ അനുകമ്പയ്ക്ക് ഇരയായിട്ടെന്തുവേണം. ആറായിരം നാഴിക അകലെ ഒരു ഉടുപ്പിട്ട ഏടത്തിയമ്മ ഉണ്ടായിട്ടും ഇല്ലാഞ്ഞിട്ടും ആര്‍ക്കെന്തു വ്യത്യാസം. അത് തന്റെ മാത്രമായ ഓരു രഹസ്യമായി തുടരട്ടെ. പെട്ടെന്ന് തിടുക്കത്തിലൊന്ന് ചുറ്റുംനോക്കി. ഇവിടെ തന്റേതായി തന്റെ ഓര്‍മ്മയെ സൂക്ഷിക്കുന്നതായി വല്ലതും .... ഞടുക്കത്തോടെ ശ്രദ്ധിച്ചു. പഠിച്ച പുസ്തകങ്ങളിലൊന്ന്, തന്റെ പഴയ പടം.... ഇല്ല, ഇവിടെ ഒന്നുമില്ല.

വിഷമം തോന്നി. ഇത്രയുംകാലം കഴിഞ്ഞ്, എന്തിനിങ്ങോട്ട് എഴുന്നള്ളി. ഇവിടെ തനിക്കെന്തുകാര്യം. സ്വന്തമായിട്ടും അന്യരായിത്തീര്‍ന്ന ഈ കൂട്ടില്‍ തലയിട്ടുനോക്കുന്നതെന്തിന്?

ഈ വീട്

അറിയാതെ പറഞ്ഞുപോയി. അനുജന്‍ അതുകേട്ട് ചെറുതായൊന്ന് ഞെട്ടിയോ എന്ന് സംശയം.

ഇതിപ്പോള്‍ ആരുടെ പേരിലാ? അമ്മ മരിക്കുംമുമ്പ് വല്ലതും എഴുതിവെച്ചോ?

നാല് വയസ്സുള്ളപ്പോള്‍ ഈ രാമകൃഷ്ണന്‍ ഒരു കല്കണ്ടക്കനിയായിരുന്നു, ഈ ജ്യേഷ്ഠന്. തടിച്ചുകൊഴുത്ത് മാധുര്യം ഊറിനില്ക്കുന്ന തെളിച്ചവുമായി അവന്റെ കൈപിടിച്ച് വിദ്യാലയത്തിന്റെ പടികള്‍ ആദ്യമായി കയറ്റിയത് അച്ഛനല്ല, ഈ വാസ്വേട്ടനായിരുന്നു. അവിടെയെത്തവേ ആ ചിരിമാഞ്ഞ് അവന്‍ ചുവന്നു, കരയാന്‍ തുടങ്ങി. ഏട്ടാ എനിക്ക് മൂത്രം...... ആ വാക്കുകള്‍ ഇന്നും ഓര്‍ക്കുന്നു. മിണ്ടാണ്ടിരി എന്ന് പറഞ്ഞ് ചെറുക്കന്റെ ചെവിയില്‍ പിടിച്ചതും.......

തന്റെ ചോദ്യം ആ മുഖത്തെ സ്ഥായിയായ പ്രസാദത്തിന് മങ്ങലേല്പിച്ചതുപോലെയുണ്ട്.

അമ്മ..... ഓസ്യത്തൊന്നും ഉണ്ടാക്കീട്ടില്ല. അതുകൊണ്ട് അവകാശം മൂന്നുപേര്‍ക്കും സമമാ.ഞാന്‍ മുറിയൊന്ന് കൂട്ടിയെടുത്തത്.....

അവന്‍ വല്ലാതെ വിളറുന്നു. മെല്ലെ ആ കയ്യില്‍ പിടിച്ചു.

നീ പതറുന്നതിന്റെ കാരണം?

പരിഭ്രമം മറച്ചുവെക്കാന്‍ അവന്‍ ഒന്നുകൂടെ ശ്രമിക്കുന്നതുകണ്ടു.

ഹല്ല, ഏടത്തി കഴിഞ്ഞ തവണ വന്നപ്പോ ഒരു കാര്യം പറഞ്ഞു. പിന്നെ ഒരു കത്തുണ്ടായിരുന്നു കഴിഞ്ഞ മാസം.

അവന്‍ സംസാരിച്ചുകൊണ്ടിരുന്നു വിറക്കുന്ന ശബ്ദത്തില്‍. ഏടത്തീടെ മൂത്തമകന്‍ ദിനേശ്. അവന് അടുത്ത കൊല്ലം മെഡിക്കല്‍ കോളേജില്‍ ചേരണംത്രെ. കുറേ വേണ്ടിവരും ചെലവ് ... വീടും പറമ്പുംകൂടെ ലക്ഷങ്ങള്‍ മതിക്കുംത്രെ. ഭാഗം കണക്കാക്കി ഏട്ത്തിക്ക് പണം കൊടുക്കണംന്നാ ....

ആ സമയം അവന്റെ മുഖത്ത് നിറഞ്ഞുനിന്ന നിസ്സഹായത മനസ്സലിയിച്ചു. അവനെ മടിയിലിരുത്തി ആ ചെവിയില്‍ പിടിച്ച് തിരിക്കാന്‍ തോന്നി.

എന്റടുത്തേക്ക് ..... എവിട്യാ ഇത്രേം പണം? അനുജന്‍ തുടരുന്നത് കേട്ടു. പറമ്പില്‍നിന്ന് ഒന്നും കിട്ടുന്നില്ല. ചെലവുകള്‍ ദിവസവും അധികാവുന്നു. പിന്നെ നാലഞ്ച് കൊല്ലത്തിനകം രണ്ട് പെണ്കുട്ടികളുടെ കല്യാണം നടത്തണം. പൊരേം പറമ്പും വിറ്റാ്ല്‍ ....

സംഗതി എത്ര എളുപ്പം! വീടു വിറ്റു. അവന്‍ ഭാര്യയും കൊച്ചുങ്ങളുമായി പെരുവഴിയില്‍.....

അറിയാം, കുട്ടീ, ഒക്കെ എനിക്കറിയാം. ഒറീസ്സേന്ന് പെങ്ങളുടെ കത്ത് എനിക്കുണ്ടായിരുന്നു.

ഇപ്പോള്‍ രാമകൃഷ്ണന്‍ ശരിക്കും ഞെട്ടി. ഇതവനൊട്ടും പ്രതീക്ഷിച്ചില്ലെന്ന് വ്യക്തം.

അപ്പോ ഏട്ടന്‍ വന്നത്.......

അവന്‍ നിന്ന് വിയര്‍ക്കുന്നു. ഇനി താമസം ഭാര്യവീട്ടിലാക്കേണ്ടിവരുമോ എന്നൊക്കെ ആലോചിക്കുകയാണോ?

ചേട്ടന്‍ വന്നത് ..... പാര്‍ട്ടീഷന്‍......?

അവന്‍ ചെറിയൊരു ആത്മഗതം നടത്തുന്നതുപോലെയുണ്ട്.

ഞാന്‍ വന്നത്..... പെങ്ങള്‍ക്കുള്ളത് പെങ്ങള്‍ക്കു കൊടുക്കാന്‍. അവളുടെ മകന്‍ ഡോക്ടറാകുന്നെങ്കില്‍, അത് നല്ലതല്ലേ. എന്നിട്ട് പുരയും പറമ്പും ഒരു കല്ക്ണ്ടത്തിന്റെ പേരില്‍ എഴുതിവെക്കാന്‍.

കുട്ടിക്കാലത്ത് ആ പേരില്‍ വിളിച്ചാല്‍ അവന്‍ കവിളുകള്‍ വീര്‍പ്പിച്ച് കൊഞ്ചുമായിരുന്നു. ഇന്നവന്‍ ആ വാത്സല്യനാമം മനസ്സിലാവാത്തതുപോലെ നില്ക്കുന്നു. കള്ളന്‍. അല്പസമയം കഴിഞ്ഞ് അവന്റെ ചുണ്ടുകള്‍ ഇളകുന്നു.

എന്നാലും ..... ഏട്ടന്‍ ഇത്രേ പണം .......

വാസ്തവം. ഇതിവിടെ വലിയൊരു സംഖ്യയല്ലെ. സ്വീകരിക്കാന്‍ മടികാണിക്കുന്നത് സ്വാഭാവികം മാത്രം.

യൂറോന്ന് ഇപ്പോള്‍ വലിയ വിലയാ, അറിയോ നിനക്ക്.

എഴുന്നേറ്റ് കുറേ നാടകീയമായി ഒരു നടത്തം നടന്നുകൊണ്ട് അവനോട് പറഞ്ഞു.

ഉറുപ്പികയാക്കി കുറച്ചു ലക്ഷങ്ങള്‍ ഇങ്ങോട്ടയക്കാന്‍ ........ വീമ്പ് പറയ്യവ്വ ... എനിക്ക് അധികമൊന്നും വിഷമമുണ്ടാവില്ല.

ആ മുഖത്ത്, നേരിയ നരവീണ മീശയ്ക്ക് താഴെ അതാ, അതാ...

ആ പഴയ മുത്തുമണികള്‍ വിടരുന്നു.

നീണ്ട മുപ്പത്തഞ്ച് വര്‍ഷം നഷ്ടപ്പെട്ടതെന്തോ, അതിന്റെ ഒരംശം തിരിച്ചുകിട്ടുമ്പോലെ തോന്നി.

താന്‍ ഇത്രയും ദൂരംതാണ്ടി ഇങ്ങെത്തിയത് .... സത്യത്തില്‍ ഇതിന്നുവേണ്ടി മാത്രം. കാലത്തിന്റെ കെട്ടടിഞ്ഞ ചിതയില്‍ നിന്നും ഒരു നുള്ള് ഭസ്മം ശേഖരിക്കാന്‍. തിരിച്ചുപോകുമ്പോള്‍ അത് കൂടെ കൊണ്ടുപോകണം. കൊണ്ടുപോയി, അങ്ങ്, സേന്‍ നദിയില്‍ ഒഴുക്കണം.

അനുജന്‍ പെട്ടെന്ന് കിടപ്പു മുറിയില്‍ പോകുന്നതു കണ്ടു. അല്പസമയം ആളെ കാണുന്നില്ല. പിന്നെ എന്തോ ഒരു പൊതി കയ്യില്‍ പിടിച്ച് ധൃതിയില്‍ തിരിച്ചെത്തുന്നു.

ഏട്ടാ, ഇത് ..... അമ്മയുടെ ....

വികാരത്തള്ളലോടെ ആ സ്വര്‍ണ്ണമാലയില്‍ തുറിച്ചുനോക്കി. എന്തിനാണാവോ ഇവന്‍ ഇപ്പോള്‍ ഇതെടുത്ത് കാട്ടുന്നത്?

ഇത്.... ഏടത്തിയമ്മയ്ക്ക് തരാന്‍........

ഓ, അമ്മ മരിക്കും മുമ്പ് ഏല്പിച്ചതാണല്ലേ. ശരിയാ, ചുവന്ന കല്ലുള്ള ഈ സാധനം വെള്ളക്കാരിയുടെ തൊലിക്ക് ചേരും. ഇങ്ങട്ട് തരൂ.

അത് വാങ്ങി കീശയിലിട്ടു.

അങ്ങെത്തിയാല്‍ ഇതും സേന്‍ നദിയില്‍.

Subscribe Tharjani |