തര്‍ജ്ജനി

വിജയ് റാഫേല്‍

Visit Home Page ...

നേര്‍‌രേഖ

പ്രസവം, വാട്ട്സ് ആപ് പിന്നെ ഒരു കോലാഹലവും

പയ്യന്നൂരിലെ സര്‍ക്കാര്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ പ്രസവം മൊബൈല്‍ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് വാട്ട്സ് ആപ്പില്‍ പ്രചരിപ്പിച്ചുവെന്ന് ഒരു വിവാദം ഇപ്പോള്‍ കത്തിപ്പടരുകയാണ്. തമിഴകത്താണെങ്കില്‍ ജയലളിത ജയില്‍ ലളിതയായതിനെത്തുടര്‍ന്ന് സാക്ഷാല്‍ തീ കത്തിപ്പടരുകയാണ്. ഇവിടെ മുഖ്യമന്ത്രിയല്ല, ആര് ജയിലിലായാലും തീ കത്തുകയില്ല. ഹര്‍ത്താല്‍ ആഘോഷം ഉണ്ടാവും. ചാനലുകളിലും പത്രങ്ങളിലും ചര്‍ച്ചകള്‍ നടക്കും. അതിനായി അവതരിച്ചവര്‍ തന്നെയോ എന്ന് തോന്നിപ്പിക്കുന്ന നിരവധി ബുദ്ധിജീവികള്‍ ഉണ്ടായതാണ് മലയാളികളുടെ ഭാഗ്യം. തമിഴ്നാട്ടിലേതുപോലെ ഒരു കത്തല്‍ ഇവിടെ നടക്കില്ലല്ലോ. ഹന്ത ഭാഗ്യം ജനാനാം!!

പയ്യന്നൂരില്‍ നടന്ന സംഭവത്തില്‍ പലതരം വികാരപ്രകടനങ്ങള്‍, വിശകലനങ്ങള്‍ എന്നിവ നടക്കുന്നുണ്ട്. സംഭവം നടന്നത് ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ്.അവിടത്തെ രണ്ട് ഗൈനക്കോളജിസ്റ്റുകളാണ് ഈ വിവാദസംഭവത്തിലെ കഥാപാത്രങ്ങള്‍. അവര്‍ ആദ്യമായിട്ടല്ലല്ലോ പ്രസവം കാണുന്നതും കൈകാര്യം ചെയ്യുന്നതും. അപ്പോള്‍ അവര്‍ സ്ഥിരമായി ഇത്തരം വിദ്യകള്‍ കാണിക്കുന്നവരാണോ? അങ്ങനെ ഒരു ആക്ഷേപം അവരെക്കുറിച്ച് ആരും ഇതുവരെ ഉന്നയിച്ചിട്ടില്ല.

അങ്ങനെയെങ്കില്‍ എന്താണ് അവര്‍ ഇപ്പോള്‍ ഇങ്ങനെ ഒരു പ്രസവചിത്രീകരണം നടത്തിയത്? എന്താണ് അതിന്റെ ആവശ്യം? എന്താണ് അതിന്റെ പിറകിലെ ചേതാവികാരം? ഇത്തരം ആലോചനകള്‍ നടക്കുമ്പോഴാണ് വാര്‍ത്തകളില്‍ വലിയ പ്രാധാന്യമില്ലാതെ സൂചിപ്പിക്കപ്പെട്ട ചില വിവരങ്ങള്‍ പ്രസക്തമാകുന്നത്. ഒരു സിസേറിയന്‍ പ്രസവമാണ് ഇതിലെ സംഭവം. സിസേറിയന്‍ ഓപ്പറേഷന്‍ നടക്കുമ്പോള്‍ ഗര്‍ഭിണിയുടെ ശരീരഭാഗങ്ങളെല്ലാം മറച്ചുവെച്ചിരിക്കും. ഓപ്പറേഷന്‍ നടത്തുന്ന ഭാഗം മാത്രമായിരിക്കും തുറന്നിരിക്കുക. ഓപ്പറേഷനിലൂടെ കുട്ടിയെ പുറത്തെടുക്കുന്നതായിരിക്കും അങ്ങനെയെങ്കില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുക. വ്യക്തിയുടെ സ്വകാര്യതയെ സംബന്ധിക്കുന്ന ഒന്നും തന്നെ ഇതില്‍ ചിത്രീകരിക്കപ്പെടുകയില്ല.

അപ്പോഴും ചോദ്യം അവശേഷിക്കുകയാണ്. എന്തിനാണ് അവര്‍ ഈ ചിത്രീകരണം നടത്തിയത്? ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് സര്‍ക്കാര്‍ അശുപത്രികളില്‍ പതിവില്ലാത്ത ഒരു സര്‍ജറിയാണ് അവിടെ നടന്നത്. ഒന്നിലേറെ ശിശുക്കള്‍ ഉള്ള സിസേറിയന്‍ ഓപ്പറേഷനായിരുന്നുവത്രെ, അത്. ഗര്‍ഭിണിയും ഡോക്ടര്‍മാരും തമ്മില്‍ വളരെ നല്ല ബന്ധമായിരുന്നുവെന്നും സിസേറിയന്‍ ചിത്രീകരിക്കുമെന്നും പറയപ്പെടുന്നു. എന്തായാലും രേഖാമൂലം അനുമതി വാങ്ങിയിരുന്നില്ല. സാധാരണനിലയില്‍ പല ചികിത്സരും പ്രത്യേകതകളുള്ള കേസുകള്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയും അക്കാദമികമായ പഠനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഉപയോഗിക്കുക പതിവാണ്. അതിനായി അവരുടെ വേദികളില്‍ ഇത്തരം ചിത്രീകരണങ്ങളും വിവരങ്ങളും പ്രദര്‍ശിപ്പിക്കുക പതിവാണ്. പയ്യന്നൂരിലും അതു തന്നെയാണ് സംഭവിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സ്വകാര്യസ്ഥാപനങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെ നശിപ്പിക്കാന്‍ ശ്രമിക്കുമെന്നത് പരസ്യമായ രഹസ്യമാണ്. പയ്യന്നൂരിലെ സ്വകാര്യ ആശുപത്രികളിലെ ഗൈനക്കോളജിവിഭാഗം സര്‍ക്കാര്‍ ആശുപത്രിയുടെ മികച്ച പ്രവര്‍ത്തനംകാരണം വേണ്ടത്ര കച്ചവടം നടക്കാത്ത ഇടങ്ങളായി മാറിയെന്നതാണ് ഇതിന്റെ കൂടെ ലഭിക്കുന്ന വിവരം. ഗൈനക്കോളജിസ്റ്റുകളുടെ ഗ്രൂപ്പില്‍ പങ്കിട്ട റെക്കോര്‍ഡിംഗ് പുറത്തുവിട്ടതും ഇതു പയ്യന്നൂരിലെ ആശുപത്രിയില്‍ നടന്ന പ്രസവം ചിത്രീകരിച്ചതുമാണെന്ന് പ്രചരിപ്പിച്ചതിന്റെ പിന്നില്‍ തൊഴില്‍മേഖലയിലെ അനാരോഗ്യകരമായ മത്സരമാണ്. സിസേറിയന്‍ ഓപ്പറേഷനാണ് വാട്സ് ആപിലൂടെ ഷേര്‍ ചെയ്യപ്പെട്ടതെന്ന വസ്തുതയ്ക്കുപകരം പ്രസവചിത്രീകരണം പങ്കിട്ടുവെന്ന് പ്രചരിപ്പിച്ചുവെന്നതാണ് ഇതിലെ ഹീനമായ മറ്റൊരു കാര്യം. കാള പെറ്റെന്ന് കേള്‍ക്കക്കുമ്പോള്‍ കയറെടുക്കുന്ന മാദ്ധ്യമങ്ങള്‍ ഈ കളിയില്‍ അവരുടെ സഹജമായ പങ്ക് വഹിക്കുകയും ചെയ്തു.

Subscribe Tharjani |