തര്‍ജ്ജനി

മുഖമൊഴി

ഉറ്റവര്‍ നഷ്ടപ്പെട്ടവന്റെ വികാരം

രാഷ്ട്രീയപകപോക്കലിന്റെ ഭാഗമായി പട്ടാപ്പകല്‍ ഒരു കൊലപാതകം വീണ്ടും തലശ്ശേരിയില്‍ നടന്നിരിക്കുന്നു. എന്നത്തെയും പോലെ ഒരു വശത്ത് സി.പി.ഐ(എം) എന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും എതിര്‍വശത്ത് ആര്‍.എസ്.എസ്സുമാണ്. ഇത്തവണ കൊല്ലപ്പെട്ടത് ആറെസ്സെസ്സിന്റെ ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് ആയ ഒരാളാണ്. പേര് മനോജ്കുമാര്‍. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങി ഒരു മിനി വാനില്‍ പോവുകയായിരുന്ന ഇയാളെ വീട്ടില്‍ നിന്നും അധികം അകലെയല്ലാത്ത ഒരിടത്ത് ബോംബെറിഞ്ഞ് വാഹനം തകര്‍ത്ത് വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് പത്രവാര്‍ത്തകള്‍ പറയുന്നത്. അക്രമികള്‍ ആസൂത്രിതമായി നടപ്പിലാക്കിയ ഒരു കൊലപാതകമാണ് ഇതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങളില്‍ നിന്നും ആര്‍ക്കും മനസ്സിലാക്കാനാവുക. ഇത് നേരത്തെ നടന്ന കൊലപാതകങ്ങളുടെ തുടര്‍ച്ചയാണെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവായ പി. ജയരാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ അംഗമായിരുന്നു ഇപ്പോള്‍ കൊല്ലപ്പെട്ടയാള്‍. വേറെ ചില രാഷ്ട്രീയകൊലപാതക കേസുകളിലും ഇയാള്‍ പ്രതിയായിരുന്നു. ഇത്രയും സൂചനകള്‍ വെച്ച് ആരും ഊഹിക്കുക, ഇപ്പോഴത്തെ കൊലപാതകത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പങ്കാളിത്തമാണ്. എപ്പോഴൊക്കെ രാഷ്ട്രീയക്കോലപാതകങ്ങള്‍ ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ പറയുന്നതുപോലെ പാര്‍ട്ടിക്ക് ഇതില്‍ പങ്കില്ല എന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയിറക്കിയിട്ടുണ്ട്. അത്തരം പ്രസ്താവന ആരും മുഖവിലയ്ക്കെടുക്കില്ലെങ്കിലും, അനുഷ്ഠാനപരമായി പാര്‍ട്ടി ചെയ്യേണ്ട കാര്യങ്ങളില്‍ ഒന്ന് എന്ന നിലയിലേ അത് കണക്കാക്കേണ്ടതുള്ളൂ.

കേസ് അന്വേഷണം ആരംഭിച്ച് അധികം വൈകാതെ തന്നെ സംഭവത്തിലെ പ്രധാനപ്രതിയെ പോലീസ് പിടികൂടി. മറ്റു പ്രതികളും ഒന്നൊന്നായി പിടിയിലായിക്കൊണ്ടിരിക്കുന്നു. അവര്‍ക്കെല്ലാമുള്ള പാര്‍ട്ടി ബന്ധം നിഷേധിക്കാനാവാത്തതാണ്. പാര്‍ട്ടി അംഗങ്ങളും പ്രവര്‍ത്തകരും പ്രതികളായ ഒരു കേസ് പാര്‍ട്ടിക്ക് പങ്കില്ലാത്തതാണെന്ന് പറഞ്ഞ് കയ്യൊഴിനാവാത്തതാണ്. അതിനാല്‍ പാര്‍ട്ടി തന്നെ വക്കീലിനെ ഏര്‍പ്പാടാക്കി കേസ് നടത്തും. പ്രതികളെ രക്ഷിക്കാന്‍ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യാന്‍ പാര്‍ട്ടി സംവിധാനം കച്ചകെട്ടിയിറങ്ങും. ടി. പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ നാം അത് കണ്ടതാണ്. പാര്‍ട്ടി നേതാക്കള്‍ പരസ്യമായി രംഗത്തിറങ്ങി. പാര്‍ട്ടി പത്രം പ്രതികള്‍ക്കുവേണ്ടി അച്ചുനിരത്തി. ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയപാര്‍ട്ടിയും ചെയ്യരുതാത്ത കാര്യങ്ങളാണ് അന്ന് സംഭവിച്ചത്.

പര്‍ട്ടിക്ക് പങ്കില്ലെന്ന് ജില്ലാക്കമിറ്റി കുറിപ്പ് പുറത്തിറക്കുകയും വിവരം സംസ്ഥാനകമ്മിറ്റിയേയും കേന്ദ്രകമ്മിറ്റിയേയും അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതെല്ലാം അനുഷ്ഠാനപരമായി ഇത്തരം സംന്ദര്‍ഭങ്ങളില്‍ ചെയ്യുന്ന കാര്യങ്ങള്‍. അതാര്‍ക്കും മനസ്സിലാകും. മാത്രമല്ല, നാളിതുവരെ ഏതെങ്കിലും ഒരു കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്ന് പാര്‍ട്ടി സമ്മതിച്ചിട്ടില്ല. ഇടുക്കിയിലെ എം. എം. മണി പാര്‍ട്ടി അണികളെ അഭിസംബോധന ചെയ്ത് ആവേശം കേറിയപ്പോള്‍ വിളിച്ചുപറഞ്ഞതുപോലെ ചില പറച്ചിലുകള്‍ അവിടെയും ഇവിടെയുമൊക്കെയായി ഉണ്ടായിരുന്നിരിക്കാം. അതൊന്നുമില്ലെങ്കിലും അത്തരം ഹീനകൃത്യങ്ങള്‍ നടത്തുന്ന പാരമ്പര്യം ഈ പാര്‍ട്ടികള്‍ക്കുണ്ടെന്ന് അറിയാവുന്ന ജനങ്ങളുടെ മുന്നില്‍ കുറ്റം ഏറ്റെടുക്കേണ്ട കാര്യമില്ലല്ലോ.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം നടക്കുന്ന സന്ദര്‍ഭത്തില്‍ സമര്‍ത്ഥമായി പ്രതികളെ പിടികൂടുന്ന സന്ദര്‍ഭത്തില്‍ വന്ന പത്രവാര്‍ത്തകള്‍ പാര്‍ട്ടിക്കൊലപാതകങ്ങളുടെ പിന്നിലെ നിരവധി രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ഏതെങ്കിലും പ്രവര്‍ത്തകര്‍ ആവേശംകേറി, എതിരാളിയെ കുത്തിമലര്‍ത്തുക എന്നതല്ല സാധാരണ നിലയില്‍ സംഭവിക്കുക. പാര്‍ട്ടിക്കുവേണ്ടി ഒരാളെ ഇല്ലായ്മ ചെയ്യണം എന്ന് തീരുമാനിക്കപ്പെടുന്നു. അത്തരം തീരുമാനം കൊലപാതകം ചെയ്യുന്നവരെ ആധികാരികമായി അറിയിക്കുവാനുള്ള ആളുകള്‍ ഉണ്ട്. അവരില്‍ നിന്നും ഉറപ്പുവരുത്തി പണി ചെയ്യുകയെന്നതാണ് അതെന്ന് അക്കാലത്ത് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആ ചുമതല നിര്‍വ്വഹിച്ചയാള്‍ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ്. ആധികാരികമായി വിവരം അറിയിക്കുന്നയാള്‍ എവിടെ നിന്നാണ് നിര്‍ദ്ദേശങ്ങള്‍ ശ്രീകരിക്കുന്നതെന്നും, പണി നടത്തുവാനുള്ള ചെലവിന്റെ പണം എങ്ങനെയാണ് സംഘടിപ്പിക്കുന്നതെന്നും പരസ്യമാക്കപ്പെട്ടിട്ടില്ല. എന്തായാവും ഓഡിറ്റിന് വിധേയമാവുന്ന കണക്കാവില്ലല്ലോ, അത്. എന്തു തന്നെയായാലും പാര്‍ട്ടിക്കുള്ളിലെ ഒരു സംവിധാനം എന്ന നിലയില്‍ ഇങ്ങനെ ഒരു ഘടകം നിലനില്ക്കുന്നുണ്ടെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം.

പാര്‍ട്ടിക്ക് ബന്ധമില്ലാത്ത കൊലപാതകത്തില്‍ പാര്‍ട്ടിയെ കരിവാരിത്തേക്കാന്‍ മാദ്ധ്യമങ്ങളും രാഷ്ട്രീയശത്രുക്കളും ചേര്‍ന്ന് ചെയ്യുന്ന പ്രവര്‍ത്തനത്തിനെതിരെ സംസാരിക്കാന്‍ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ തന്നെ രംഗത്തുവന്നു. അദ്ദേഹം പല കാര്യങ്ങളും വിശദികരിച്ചു, പലതും വ്യാഖ്യാനിച്ചു. പറഞ്ഞതിന്റെ രത്നച്ചുരുക്കം ഇതാണ് ഉറ്റവര്‍ നഷ്ടപ്പെട്ടവരുടെ വികാരത്തെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്കാവില്ല.

വികാരം തോന്നുംപോലെ പ്രകടിപ്പിക്കലല്ല സംസ്കാരം. വികാരത്തെ സാമൂഹികജീവിതത്തിലെ പ്രതിഷ്ഠിതമായ മുല്യങ്ങള്‍ക്കനുസരിച്ചും പൊതുസമൂഹത്തിന്റെ താല്പര്യത്തിന് വിധേയമായും പ്രകടിപ്പിക്കുന്നതാണ് സംസ്കാരം. അല്ലാത്ത ഏത് വികാരപ്രകടനവും സംസ്കാരവിരുദ്ധമാണ്. പ്രാകൃതത്വമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പോലെ തത്വചിന്തയെക്കുറിച്ച് വാചാലമാകുന്ന ഒരു സംഘടനയുടെ സമുന്നതനായ ഒരു നേതാവ് വികാരപ്രകടനത്തെ നിയന്ത്രിക്കാന്‍ പാര്‍ട്ടിക്കാവില്ല എന്ന് പറയുന്നത് ഏത് സാഹചര്യത്തിലായാലും അത് ആപല്‍ക്കരമാണ്. തങ്ങള്‍ക്ക് അഹിതമെന്ന് തോന്നുന്ന എതൊന്നിനോടും അടക്കാനാവാത്ത വൈരാഗ്യം അണികള്‍ക്ക് ഉണ്ടാവാം. എന്തിന് അണികള്‍ മാത്രമാക്കുന്നു, നേതൃത്വത്തിനും ഉണ്ടാവാം. അപ്പോഴാണ് ക്യാപിറ്റല്‍ പണിഷ്മെന്റ് പോലെയുള്ള പ്രയോഗങ്ങളുമായി നേതാക്കള്‍ രംഗത്തിറങ്ങുക. അസഹിഷ്ണുതയുടെ രാഷ്ട്രീയഭാഷയാണ്. അഡോള്‍ഫ് ഹിറ്റ് ലര്‍ സംസാരിക്കുന്ന ഭാഷ. ആ ഭാഷയിലെ വികാരപ്രകടനം തന്നെയല്ലേ ടി.പി.ചന്ദ്രശേഖരനെ വകവരുത്തിയിട്ടുണ്ടാവുക. അവിടെ ആരുടെ ഉറ്റവരെയാണ് ടി.പി.ചന്ദ്രശേഖരന്‍ വകവരുത്തിയതെന്നും ആലോചിക്കുക. ഹിംസാത്മകമായ വികാരാവിഷ്കാരങ്ങള്‍ക്കുവേണ്ടി സംസാരിക്കുന്നവരുടെ രാഷ്ട്രീയം എന്താണ്? സംസ്കാരത്തെ അവര്‍ എങ്ങനെയാണ് കാണുന്നത്?

Subscribe Tharjani |