തര്‍ജ്ജനി

താര എന്ന പെണ്‍കുട്ടി

താരയെ ഞാനറിയില്ല.

ഒരു പക്ഷെ അങ്ങിനെ എഴുതുമ്പോള്‍ അതെന്നെ വേദനിപ്പിച്ചേക്കുമെന്ന്‌ കരുതിയിട്ടാവും ഞാനത്‌ തുടര്‍ന്നെഴുതാത്തത്‌. എങ്കിലും താരയെ കുറിച്ച്‌ എനിക്ക്‌ അധികമൊന്നും അറിയില്ലെന്നതാണ്‌ സത്യം.

ഒരു യാത്രയിലേക്ക്‌ ഒട്ടൊരു അപരിചിതത്വത്തോടെ അതിലുപരി നിസ്സഹായതയോടെ കടന്നു വന്ന്‌, തികഞ്ഞ നിസ്സംഗതയോടെ, ഒരു പക്ഷെ തിരിഞ്ഞൊന്നെന്നെ നോക്കി വഴിയിറങ്ങിപ്പോയതാണ്‌ താര.

താര ഒരു പെണ്‍കുട്ടിയാണ്‌.

കല്‍ക്കത്ത. ബംഗാളിലെന്റെ ജോലിയുടെ കാലാവധി തീര്‍ന്നു. യാത്രയയക്കുവാന്‍ ഒപ്പം വന്നിരുന്ന അസിസ്റ്റന്റ്‌ എന്‍ജിനീയര്‍ ട്രെയിന്‍ ലേറ്റ്‌ ആയ വിവരം ഫോണ്‍ വിളിച്ചറിയിച്ച്‌ തിരികെ പോയിരിക്കും. ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോഴാണ്‌ ഒരു സ്കൂള്‍കുട്ടി ഒന്നു സംശയിച്ച്‌ ഞങ്ങളുടെ ഇടയില്‍ വന്നിരുന്നത്‌. ബ്രൌണ്‍ ചെക്ക്‌ ഷര്‍ട്ടും, ഇരുവശവും പിന്നിയിട്ട മുടിയുമാണ്‌ ആദ്യം ശ്രദ്ധിച്ചത്‌. ഏതു തിരക്കിലും നഷ്ടപ്പെട്ടു പോയേക്കാവുന്ന സാധാരണ മുഖം. നീണ്ടു കൊലുന്നനെയുള്ളൊരു പെണ്‍കുട്ടി. പതിമ്മൂന്നു പതിന്നാല്‌ വയസ്സു പ്രായം കാണും. ബംഗാളില്‍ ട്രെയിന്‍ യാത്ര ചെയ്തപ്പോഴൊന്നും സ്കൂള്‍കുട്ടികളെ ട്രെയിനില്‍ കണ്ടിട്ടില്ല. കല്‍ക്കത്ത പക്ഷെ വ്യത്യസ്തമാണ്‌.

അടുത്ത ചെറിയ സ്റ്റേഷനുകളിലൊന്നും അവള്‍ ഇറങ്ങിയില്ല. അപ്പോള്‍ സഹയാത്രികനായിരുന്ന ബീഹാരിയാണ്‌ അവളോട്‌ ആദ്യം "എങ്ങോട്ടെന്ന്‌" ചോദിച്ചത്‌.

ശ്രദ്ധിക്കുന്നില്ലെന്ന ഭാവത്തിലിരുന്ന്‌ അവള്‍ പറഞ്ഞറിഞ്ഞ കാര്യങ്ങള്‍ എന്റെയും താല്‍പര്യം അവളിലെത്തിച്ചു. ആ കുട്ടി ട്രെയിന്‍ മാറി കയറിയതാണ്‌. കല്‍ക്കത്തയുടെ അവസാന റെയില്‍വേ സൂചികയും കണ്ടണ്ടത്‌ ര ണ്ടുമൂന്ന്‌ മണിക്കൂറുകള്‍ക്ക്‌ മുന്‍പാകണം. അവളെ അടുത്തുള്ള സ്റ്റേഷനില്‍ ഏല്‍പ്പിക്കാമെന്ന്‌ കരുതിയിരുന്നപ്പോഴാണ്‌ ബീഹാരിയുടെ ഭാര്യ ചോദിച്ചത്‌, അവള്‍ ഒറ്റയ്ക്ക്‌ യാത്ര ചെയ്യുന്നതെന്തിനാണെന്ന്‌? സാധാരണ ഈ പ്രായത്തിലുള്ള കുട്ടികള്‍ അതും സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ഏകയായി യാത്ര ചെയ്യുന്നത്‌ ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെ. അതുകൊണ്ടു തന്നെ അവള്‍ പറഞ്ഞുവന്ന കഥയിലേക്ക്‌ ഞാനും പതിയെ ശ്രദ്ധിച്ചു.

കല്‍ക്കത്തയുടെ വടക്ക്‌ കുറച്ചുമാറി ഒരു ചെറിയ നഗരത്തില്‍ അവളുടെ സഹോദരനുണ്ടണ്ട്‌, ജോലി ചെയ്യുന്നു. കറുത്ത ചളിവീണു കിടക്കുന്ന ഗലികളില്‍ കിട്ടുന്ന വിലകുറഞ്ഞ മദ്യം മണക്കുന്ന അച്ഛനെ കുറിച്ച്‌ അവള്‍ക്ക്‌ ഓര്‍ക്കുവാന്‍ തന്നെ മടിയായി തുടങ്ങിയിരുന്നു. ചെറിയമ്മ വീട്ടില്‍ അവള്‍ക്ക്‌ സ്വൈര്യം നല്‍കുന്നില്ല. മേഘാവൃതമായി നക്ഷത്രശോഭനഷ്ടപ്പെട്ട ഒരുപാടുരാത്രികള്‍ക്ക്‌ ശേഷം, അവള്‍ ഇറങ്ങിപ്പുറപ്പെട്ടു. ഒരു പക്ഷെ തേടിപ്പോകുവാന്‍ ഒരു സഹോദരനില്ലെങ്കില്‍ കൂടി അവള്‍ വീടുവിട്ടിറങ്ങിയേനെ.

"പേരെന്താണ്‌?"

അപ്പോഴാണ്‌ ഞാന്‍ അവളുടെ കഥ കേട്ടിരിക്കുകയാണെന്ന്‌ അവളറിഞ്ഞത്‌. ഞാന്‍ ഓര്‍മ്മിച്ചതും.

താരയുടെ കഥകള്‍ കേട്ടതുകൊണ്ടണ്ടാണെന്നു തോന്നുന്നു ബിഹാരി അവളെ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക്‌ ഏല്‍പ്പിക്കുന്ന പരിപാടി ഉപേക്ഷിച്ചു. അവരുടെയൊപ്പം അവളും യാത്ര ചെയ്തോട്ടെയെന്നായി. അവരിറങ്ങുമ്പോള്‍ ഒപ്പമിറങ്ങാം, പിന്നെ അവളുടെ ജ്യേഷ്ഠനെ കണ്ടുപിടിച്ച്‌ അവളെ അടുത്തെത്തിക്കുന്ന കാര്യം ബിഹാരിയേറ്റെടുത്തു.

താര മന്ദഹസിച്ചു. ട്രെയിന്‍ മാറിക്കേറിയെന്നറിഞ്ഞിട്ടു പോലും ആ കുട്ടി പരിഭ്രമിച്ചുകണ്ടണ്ടില്ല. തിരികെ കല്‍ക്കത്തയിലോ അവളുടെ ജേഷ്ഠന്റെ അടുത്തോ എത്തുവാന്‍ അവള്‍ തിരക്കിട്ടതുമില്ല. ബോധപൂര്‍വ്വം ഒരു കുസൃതി കാട്ടിയതു പോലെ.

താരയ്ക്ക്‌ പോകുവാനിടങ്ങളുണ്ട്‌.

പറയുവാന്‍ വിലാസങ്ങളുണ്ട്‌.

പക്ഷെ, താര ആ യാത്ര ആസ്വദിക്കുകയായിരുന്നു. ഞങ്ങളും.

ഒരു മിനുറ്റിലധികം നിര്‍ത്തിയിടാതെ കടന്നു പോകുന്ന കൊച്ചു സ്റ്റേഷനുകള്‍. താര ആശ്വസിക്കുന്നത്‌ ശ്രദ്ധിച്ചാലറിയാം. അവളെ തേടി ആരുമെത്താതതിന്റെ സന്തോഷം? അതോ ആരുമവളെ ഇറക്കിവിടാത്തതിന്റെ ആശ്വാസമോ?

താരയുടെ വിശേഷങ്ങള്‍ അറിഞ്ഞശേഷം എല്ലാവരും മൂകരായി. പുതുമയുള്ള വേറെ വിശേഷങ്ങള്‍ ഇല്ലാഞ്ഞിട്ടാകാം യാത്രയിലെ പതിവു ശീലങ്ങളിലേക്ക്‌ അവര്‍ പൊടുന്നനെ ഊര്‍ന്നുവീണു. ഞാനെന്റെ പതിവു പുസ്തകങ്ങളിലേക്കും.

ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചിരുന്നു. മറ്റു കുട്ടികളെ പോലെ താര ജനലരുകില്‍ ഇരുന്നില്ല. താര ബീഹാറിക്കും അയാളുടെ കോട്ടണ്‍ സാരിയുടുത്ത ഭാര്യക്കുമിടയില്‍ തെല്ലും സങ്കോചം കൂടാതെ എനിക്കഭിമുഖമായിരുന്നു. അവള്‍ ഞങ്ങളുടെ ഇടയില്‍ ഞങ്ങളിലാരോ ആകുവാനുള്ള ശ്രമത്തിലാണെന്ന്‌ തോന്നി.

പുസ്തകങ്ങളില്‍ നിന്ന്‌ ഞാന്‍ കണ്ണുയര്‍ത്തുമ്പോഴെല്ലാം അവ താരയില്‍ ചെന്നു നിന്നിരുന്നു.
അവളാകട്ടെ വിടര്‍ന്ന കണ്ണുകളാല്‍ എന്നെ പഠിക്കുന്നതുപോലെ. ഒരു കുട്ടിക്ക്‌ മാത്രം കഴിയാവുന്ന നിഷ്കളങ്കതയില്‍ താര ചിരിക്കുന്നു. അവളെ അടുത്തു പിടിച്ചിരുത്തി എന്റെ ബംഗാളിയിലെ അല്‍പമാത്രജ്ഞാനം പ്രകടിപ്പിക്കുവാന്‍ എനിക്കു തോന്നിയിരുന്നു. കുട്ടികളോട്‌ സംസാരിക്കുമ്പോള്‍ ഗുണമുണ്ടണ്ട്‌, അവര്‍ പ്രകടമായ തെറ്റുകളെ നിഷ്കളങ്കമായി ചിരിച്ചുകൊണ്ടണ്ട്‌ കാണിച്ചു തരും. മുതിര്‍ന്നവരാകട്ടെ തെറ്റുകളെ ഗൌനിക്കാതെയെമിരിക്കും.

താര അപ്പോഴും കനമുള്ള സ്കൂള്‍ബാഗ്‌ മുതുകത്ത്‌ ചുമന്നിരുന്നു. അവള്‍ അതു ഊരി വച്ചില്ല. അതായിരുന്നു അവളുടെ ഐഡന്റിറ്റി, അതു കൈവിടുവാന്‍ അവള്‍ക്കെന്നല്ല ഒരു സ്കൂള്‍കുട്ടിക്കും കഴിയില്ല. തടിച്ച ആ ബാഗിനകത്തെന്തെന്നറിയുവാനുള്ള കൌതുകം എന്നുള്ളില്‍ ജനിച്ചു കഴിഞ്ഞിരുന്നു. എന്റെ കുട്ടികള്‍ കുറച്ചുകൂടി വലുതാകുമ്പോള്‍ ഒരു പക്ഷേ ഒരു സ്കൂള്‍ബാഗിനകത്ത്‌ എന്താണെന്ന്‌ അറിയുവാനുള്ള സൌഭാഗ്യം എനിക്കുണ്ടായേക്കും. അതുവരെ താരയും മറ്റനവധി വിദ്യാര്‍ത്ഥികളും ചുമക്കുന്ന ബാഗിനെ കുറിച്ച്‌ ഊഹിക്കാം, കൂടിയ പക്ഷം കുട്ടികള്‍ ചുമക്കുന്ന ഭാരമുള്ള ബാഗിനെ കുറിച്ച്‌ ഏതെങ്കിലുമൊരു ടാക്ക്ഷോയില്‍ എന്റെ എതിര്‍പ്പു പ്രകടിപ്പിക്കാം.

ഒരു പക്ഷെ, താരയുടെ സ്കൂള്‍ ബാഗില്‍ "ഗീതാജ്ഞലി"യുടെ വരികള്‍ അച്ചടിച്ച പുസ്തകത്താളുകളുണ്ടാവും. ആ വരികള്‍ താര കാണാതെ പഠിച്ച്‌ കല്‍ക്കട്ടയില്‍ അവളുടെ വീടിന്റെ മുറ്റത്തെ പേരാലിനു ചൊല്ലിക്കേള്‍പ്പിക്കുന്നത്‌ ഞാന്‍ വെറുതെ സങ്കല്‍പ്പിച്ചു.

ഒരുപാടുനേരം താരയെ തന്നെ നോക്കിയിരിക്കുകയായിരുന്നു എന്ന ബോധം വന്നപ്പോള്‍ കണ്ണുകളെ ഞാന്‍ ധൃതിയില്‍ പുസ്തകത്താളുകളിലേക്ക്‌ മടക്കി.

അവിഘ്നം തുടരുന്ന യാത്ര. പുസ്തകങ്ങളില്‍ നിന്ന്‌ കണ്ണുപറിച്ച്‌ ഞാന്‍ പുറത്തെ ലോകത്തിനെ നോക്കിയിരുന്നു. ഇടയില്‍ താരയെയും. അപ്പോഴെല്ലാം താര എന്ന പെണ്‍കുട്ടി ഹൃദ്യമായി ചിരിച്ചു.

അവള്‍ക്കുറക്കം വരുന്നുണ്ടണ്ടാവില്ലേ? ഉറക്കം പിടിച്ചു തുടങ്ങുന്ന മറ്റു യാത്രക്കാര്‍ക്ക്‌ ശല്യമാവാതിരിക്കുവാന്‍ ഞാന്‍ ശബ്ദം താഴ്ത്തി ചോദിച്ചു:

"ബാബു എന്തു ചെയ്യുന്നു?"

അവളുത്തരവും തന്നു. കല്‍ക്കത്തില്‍ അവളുടെ വീടിനെ കുറിച്ച്‌ ചോദിയ്ക്കണമെന്നുണ്ടണ്ടായിരുന്നു. ബംഗാളി തടസ്സം നിന്നു. എങ്കിലും അവള്‍ മന്ദഹസിക്കുന്നത്‌ കാണുവാന്‍ വേണ്ടണ്ടി മാത്രം ഞാന്‍ പലപ്പോഴും അവളെ തിരിഞ്ഞുനോക്കി. അവളപ്പോഴെല്ലാം തികഞ്ഞ നിഷ്കളങ്കതയോടെ പുഞ്ചിരിച്ചു.

പിന്നെ ചോദിയ്ക്കാതെ അവള്‍ അവളുടെ വിശേഷങ്ങള്‍ പറയുവാന്‍ തുടങ്ങി. എനിക്ക്‌ മനസ്സിലാവുന്നെണ്ടെന്ന്‌ ഉറപ്പുവരുത്താനെന്നോണം നിര്‍ത്തി നിര്‍ത്തി അവള്‍ സംസാരിച്ചു. പാലുകൊണ്ടു തന്നിരുന്ന പയ്യന്‍ ബിശ്വാസിനോട്‌ ശിഷ്യപ്പെട്ട്‌ ഞാന്‍ പഠിച്ചെടുത്ത ബംഗാളിയില്‍ ഞാനും ഒന്നു രണ്ടണ്ട്‌ മുട്ടാപ്പോക്ക്‌ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു.

ഒടുവില്‍ അവര്‍ക്കിറങ്ങേണ്ട സ്റ്റേഷന്‍ അടുക്കാറായി. അപ്പോഴാണ്‌ അവള്‍ ആദ്യമായി അവളുടെ ബാഗ്‌ ചുമലില്‍ നിന്നെടുത്ത്‌ മടിയില്‍ വച്ചത്‌. അവളതു തുറന്ന്‌ എന്തോ പരതുവാന്‍ തുടങ്ങി. പിന്നെ ഒരു കാര്‍ഡെടുത്ത്‌ അതിന്റെ പുറകില്‍ ശ്രദ്ധയോടെ എന്തോ എഴുതി എനിക്കു തന്നു.

ഉരുണ്ട കൈപ്പടയില്‍ അതിലൊരു നമ്പര്‍ എഴുതിയിരുന്നു. അവളുടെ ജ്യേഷ്ഠന്റെയാണ്‌. മറുവശത്ത്‌ ഹോളോഗ്രാം ചെയ്തിരിക്കുന്ന ഒരു മയില്‍പ്പീലിയുടെ ചിത്രം. ട്രെയിനിനുള്ളിലെ ചെറിയ പ്രകാശത്തില്‍ അതു ചെരിക്കുമ്പോള്‍ വിവിധ വര്‍ണ്ണത്തിലുള്ള മയില്‍പ്പീലി ദൃശ്യമാകുന്നു. ആ കൊച്ചു പെണ്‍കുട്ടിയുടെ സ്കൂള്‍ബാഗിനുള്ളിലെ ഏറ്റവും വലിയ സമ്പാദ്യമാവണമിത്‌.

കാര്‍ഡില്‍ നിന്ന്‌ കണ്ണെടുത്ത്‌ താരയുടെ മുഖത്ത്‌ നോക്കിയപ്പോള്‍ അവളെന്തോ മന്ദഹസിച്ചിരുന്നില്ല.

ബീഹാരിയുടെയൊപ്പം താരയും ഇറങ്ങി. വാതിലിനടുത്തെത്തിയപ്പോള്‍ താര തിരിഞ്ഞു നോക്കിയിരുന്നു. അപ്പോഴവള്‍ മന്ദഹസിച്ചിരുന്നു.

ഉറക്കത്തിന്റെ ആലസ്യത്തില്‍ താരയെ ഞാന്‍ മറന്നു. പിന്നീടോര്‍ക്കുന്നത്‌ കുറേ ദിവസങ്ങള്‍ക്കു ശേഷം ഒരു സുഹൃത്തിനു പുസ്തകം എടുക്കുവാന്‍ വേണ്ടി പെട്ടി തുറന്നപ്പോഴാണ്‌. കാര്‍ഡിലെ മയില്‍പ്പീലികള്‍ പകല്‍ വെളിച്ചത്തില്‍ കൂടുതല്‍ ഭംഗിയുള്ളതായി തോന്നി. അന്ന്‌ ആ സുഹൃത്തിനോട്‌ ഞാന്‍ താരയെ കുറിച്ചു പറഞ്ഞു. ഷിവാസിന്റെ കുപ്പി കാലിയാക്കികൊണ്ട്‌ അയാള്‍ എന്നെ ചീത്ത പറഞ്ഞു. ഇരുട്ടത്ത്‌ അപരിചിതരുടൊപ്പം ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ പിന്നീട്‌ വിളിച്ചന്വേഷിയ്ക്കാതിരുന്നത്‌ മോശമായെന്ന്‌ പറഞ്ഞു. പിന്നെയും എന്തെല്ലാമോ.

ഞാനോര്‍ത്തിരുന്നത്‌ അതായിരുന്നില്ല. താരയുടെ മുഖം ഓര്‍ക്കുവാനാകുന്നില്ല. ബ്രൌണ്‍ ചെക്ക്‌ ഷര്‍ട്ടും, ഇരുവശവും പിന്നിയിട്ട മുടിയുമെല്ലാം ഇന്നലെ കണ്ടണ്ടതുപോലെ ഓര്‍ക്കാം. പക്ഷെ ആ മുഖം എളുപ്പം
നഷ്ടപ്പെടാവുന്നൊന്നായുരുന്നു.

പിന്നെയും മയില്‍പ്പീലി കാര്‍ഡ്‌ എന്റെ പെട്ടിക്കുള്ളില്‍ പുസ്തകങ്ങളുടെയും തുണികളുടെയും മറ്റു വസ്തുക്കളുടെയുമെല്ലാം ഇടയില്‍ മറഞ്ഞിരുന്നു കാലം കഴിച്ചു.

താരയെ പിന്നീടോര്‍ക്കുന്നത്‌ തികച്ചും അവിചാരിതമായാണ്‌ (ഒരു പക്ഷെ, താര ഇഷ്ടപ്പെട്ടിരുന്നതും അങ്ങനെ എന്തോ ആയിരുന്നു.)

"ഇതാരാദ്‌? താര?"

പഴയ മയില്‍പ്പീലി കാര്‍ഡുമായി ഭാര്യ മുന്‍പില്‍ നില്‍ക്കുന്നു.

താര! ആകാശത്ത്‌ ഒറ്റയ്ക്കു നില്‍ക്കുന്നൊരു ശുഭ്രനക്ഷത്രമായ്‌ താരയുടെ മുഖം ഞാന്‍ വീണ്ടണ്ടും ഓര്‍ത്തെടുത്തു. അപ്പോള്‍ ഉയര്‍ന്നുവന്ന മൌനത്തിന്റെ നിമിഷങ്ങളെ ഞാനാദ്യമായി സ്നേഹിക്കുവാന്‍ തുടങ്ങി....
താരയെ കുറിച്ച്‌ എന്തു പറഞ്ഞ്‌ തുടങ്ങേണം ഞാന്‍? എന്തുപറഞ്ഞവസാനിപ്പിക്കേണം ഞാന്‍?

പെരിങ്ങോടന്‍, http://www.peringodan.blogspot.com, peringodan@hotmail.com

Submitted by kevin (not verified) on Tue, 2005-02-01 16:13.

പോളെ, ചില്ലക്ഷരങ്ങള്‍ക്കെല്ലാം എന്തു പറ്റി?

Submitted by chinthaadmin on Tue, 2005-02-01 20:13.

kevin, thanks for pointing out. I have made the update. Let me know if you still see the problem.

Paul