തര്‍ജ്ജനി

എസ്. ജയേഷ്

ഇ-മെയില്‍ :jayeshsa@yahoo.com

വെബ് : www.jayeshnovel.blogspot.com, www.jayeshsan.blogspot.com

Visit Home Page ...

കഥ

ഒന്നിടവിട്ട ശനിയാഴ്ചകള്‍

ചില ശനിയാഴ്ചകള്‍ ചിലപ്പോള്‍ ആശ്വാസത്തിന്റേയും ചിലപ്പോള്‍ ശൂന്യതയുടേതുമായിരിക്കും. ഒന്നിടവിട്ടുള്ള ശനിയാഴ്ചകള്‍ അവധിദിവസമായി കമ്പനി പ്രഖ്യാപിച്ചതുമുതലാണ് ഈ തോന്നല്‍ എന്നെ പിടികൂടിയത്. അല്ലെങ്കില്‍ എല്ലാ ശനിയാഴ്ചകളും മറ്റെല്ലാ ജോലിദിവസങ്ങളുംപോലെ ഒന്നുമാത്രമായിരുന്നു. രാവിലെമുതല്‍ ലോകമവസാനംവരെയെന്ന് തോന്നുംവിധംവരെ ജോലിചെയ്യുമായിരുന്നു. ഞായറാഴ്ച എന്ന ഒരു ദിവസത്തെ പരോള്‍ ഒന്നിനും തികയാത്തതുപോലെ തോന്നും. തിങ്കളാഴ്ചയിലേയ്ക്ക് കുതിക്കാന്‍ ഘടികാരം തിടുക്കംകൂട്ടുന്നതുപോലെ.രാത്രിയ്ക്ക് നീളംകുറയുന്നതുപോലെ. ഞായറാഴ്ചയെന്നത് ഒരു മിഥ്യാധാരണയെന്നതുപോലെ. അല്ലെങ്കില്‍… ആ ‘നീ ഈ പരാതികള്‍ ഒന്ന് അവസാനിപ്പിക്ക്, അവള്‍ പറയും. പരാതികളല്ലല്ലോ, എന്റെ തോന്നലുകള്‍ മുഷിഞ്ഞ വസ്ത്രംപോലെ ഊരിയെരിഞ്ഞില്ലെങ്കില്‍ എനിക്ക് ശ്വാസംമുട്ടും. അതിന്റെ വിയര്‍പ്പുനാറ്റം ഓക്കാനം വരുത്തും. ചിലപ്പോള്‍ തൊലിപോലും ചീന്തിക്കളയാന്‍ മുട്ടുന്നതുപോലെ ഒരു കുത്തല്‍ ചെന്നിയില്‍നിന്ന് പുറപ്പെടും.

ഒന്നിടവിട്ടുള്ള ശനിയാഴ്ചകള്‍ അവധിയായി പ്രഖ്യാപിക്കാന്‍ കമ്പനി തീരുമാനിച്ചതെന്തിനെന്ന് എനിക്കറിയില്ല. എന്തായാലും ഒരു ദിവസത്തെ ജോലി കുറയുകയൊന്നും ചെയ്തിട്ടില്ല. ആറ് ദിവസം കൊണ്ട് ചെയ്തിരുന്നത് അഞ്ച് ദിവസം കൊണ്ടും തീര്‍ക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് ഓഫീസില്‍ ഇതിന് മാത്രം എന്ത് ജോലിയെന്നാണ് അവള്‍ക്കറിയേണ്ടത്. ആ, ഞാന്‍ ഒരു സുപ്രഭാതത്തില്‍ ചിത്രശലഭമായി രൂപാന്തരം പ്രാപിക്കുന്നതുവരെ നീയൊന്നും ഒന്നും സമ്മതിക്കില്ല. എന്നെ തല്ലിക്കൊല്ല് നശൂലമേ.

ഒരു ചെറിയ തെറ്റ് സംഭവിച്ചതിന് വിശദീകരണം ആവശ്യപ്പെട്ട് മാനേജര്‍ വിളിച്ച അന്നായിരുന്നു മഴ പെയ്തത്. വിശദീകരണം തൃപ്തികരമായില്ലെന്ന് മാത്രമല്ല കമ്പനിയ്ക്ക് എന്നോടുള്ള താല്പര്യമില്ലായ്മയും അദ്ദേഹം വാക്കാല്‍ സൂചിപ്പിച്ചിരുന്നു. കമ്പനിയുടെ പേരും വിലാസവും ചിഹ്നവുമുള്ള വെള്ളക്കടലാസില്‍ എന്റെ ജോലി ഭീഷണിയെ നേരിടുകയാണെന്ന് കാണിച്ച് ടൈപ്പ് ചെയ്തത് ഒരു കവറിലാക്കി എനിക്ക് തന്നു. അത് ഭദ്രമായി കീശയിലിട്ടാണ് ഞാന്‍ ഓഫീസില്‍ നിന്നിറങ്ങിയത്. അപ്പോള്‍ ഏഴ് മണി കഴിഞ്ഞിരുന്നു, അതൊരു വെള്ളിഴാഴ്ചയായിരുന്നു.

സംഭവങ്ങള്‍ പാലിക്കുന്ന സമയകൃത്യത ജീവിതം കാണിക്കുന്നില്ലെന്ന് എനിക്ക് തോന്നി. ഓഫീസില്‍ അപ്പോഴും ചിലര്‍ ജോലിചെയ്യുന്നുണ്ടായിരുന്നു. അവര്‍ പുറംലോകത്ത് ഒന്നുമില്ലെന്ന ഭാവത്തില്‍ പതുക്കെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. കേടുവന്ന ഏതോ യന്ത്രത്തിലെ ജീവനുള്ള ബാക്കി ഭാഗങ്ങള്‍പോലെ. എപ്പോഴെങ്കിലും അലാറം ടൈംപീസ് അഴിച്ച് നോക്കിയിട്ടുണ്ടോ?

മഴ പെയ്തിരുന്നു എന്ന് പറഞ്ഞല്ലോ. ചെറിയ തോതിലുള്ള മഴയായിരുന്നു. ആ സമയത്ത് പതിവില്ലാത്തത്. എങ്കിലും തെരുവുകള്‍ നനയ്ക്കാന്‍മാത്രം വെള്ളം പതിച്ചിരുന്നു. വാഹനങ്ങള്‍ക്ക് വഴിപോക്കരുടെ മേലേയ്ക്ക് ചെളിവെള്ളം തെറിപ്പിക്കാന്‍ മാത്രം. ഞാന്‍ ആദ്യം ടൈ അഴിച്ച് കഴുത്തിനെ സ്വതന്ത്രമാക്കി ദീര്‍ഘമായി ശ്വസിച്ചു. കടകളില്‍നിന്നും ബഹിര്‍ഗമിക്കുന്ന വെളിച്ചം നഗരത്തിന് ആഭരണം അണിയിച്ചത് പോലെയുണ്ടായിരുന്നു. സാധാരണ ഇത്ര പ്രസന്നമായ ചിന്തകള്‍ വരാറുള്ള സമയമല്ലിത്. എന്നിട്ടും എനിക്കങ്ങനെ തോന്നി. വിചിത്രം തന്നെയെന്ന് മനസ്സില്‍ കുറിച്ചിട്ട് ഞാന്‍ റോഡ് മുറിച്ച് കടന്നു. എല്ലാ ശനിയാഴ്ചകളും അവധിയുള്ളവര്‍ ഒറ്റയ്ക്കും കൂട്ടമായും പെണ്ണുങ്ങളെ ഒട്ടിപ്പിടിച്ചും നടക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് കോഫീ ഷോപ്പുകളില്‍ വന്‍ തിരക്കായിരിക്കും. ലിപ് സ്റ്റിക് നനയാതെ സുന്ദരിമാര്‍ കാപ്പി കുടിക്കാന്‍ ബുദ്ധിമുട്ടുന്നത് കാണാന്‍ പറ്റും. അതുകൊണ്ട് ഞാന്‍ ഒന്നേ രണ്ടേ മൂന്നാമത്തെ തിരിവിലേയ്ക്ക് കടന്ന് ബോട്ട് ജെട്ടി ലക്ഷ്യമാക്കി നടന്നു. അവിടെ വെള്ളം തിളച്ച് മറിയുന്ന സമോവറുകള്‍ നിരത്തിയ ചായക്കടകള്‍ നിര്‍ത്തിയിട്ടിരിക്കുന്ന കപ്പലുകള്‍ പോലെയുണ്ടാകും. ചില്ലുഗ്ലാസ്സില്‍ കുറഞ്ഞ അളവില്‍ ചായ കിട്ടും. കുടിച്ച് തുടങ്ങുമ്പോഴേയ്ക്കും തീര്‍ന്നുപോയത് പോലെ തോന്നും.

രണ്ട് ചായ പറഞ്ഞ് ഞാന്‍ കാത്തുനിന്നു. അപ്പോള്‍ കുടവയറുള്ള ഒരാള്‍ എന്നെ നോക്കി ചിരിച്ചു. ഞാന്‍ ചിരി മടക്കി. അപ്പോള്‍ അയാള്‍ അടുത്തേയ്ക്ക് വന്ന്…

ഹോ… എന്ത് ബോറന്‍ സംഭവമായിരുന്നത് … എനിക്കത് മുഴുവന്‍ വിശദീകരിച്ച് കൈയ്യൊടിക്കാന്‍ വയ്യ.

തിരക്കുള്ള റോഡിലൂടെ കാര്‍ അതിവേഗം പാഞ്ഞു. ഞാന്‍ പിന്‍സീറ്റില്‍ നടുക്കായിരുന്നു. ഇരുവശവും ഓരോ കുടവയറന്മാര്‍. മുന്‍സീറ്റില്‍ രണ്ടുപേര്‍. അവരുടെ കൈയ്യില്‍ തോക്കുണ്ടായിരുന്നോയെന്ന് ഉറപ്പില്ല. എന്തായാലും വാക്കീ ടോക്കി പോലെ എന്തോ ഒന്നുണ്ടായിരുന്നു.

നഗരത്തിരക്കൊഴിഞ്ഞപ്പോള്‍ അവര്‍ എന്റെ തലയില്‍ കറുത്ത തുണിയിട്ട് മൂടി. നഗരത്തിലെ മുക്കും മൂലയും പരിചയമുള്ള ഞാന്‍ ഷെര്‍ലക് ഹോംസ് രീതിയില്‍ ശബ്ദങ്ങളും തിരിച്ചിലിന്റെ ആക്കവും കണക്കാക്കി വഴി കണ്ടുപിടിക്കാന്‍ ശ്രമിച്ചു. അതെല്ലാം പാഴായെന്നും അറിയിക്കട്ടെ. രണ്ടാമത്തെ തിരിച്ചിലില്‍ എന്റെ അനുമാനങ്ങളെല്ലാം തെറ്റിപ്പോയിരുന്നു. കാര്‍ റിവേഴ്സ് എടുത്ത് വന്ന വഴിയേ തന്നെ പോകുകയാണെന്ന് എനിക്ക് തോന്നിയപ്പോഴായിരുന്നു അത്. അതിനിടയില്‍ എന്റെ പോക്കറ്റില്‍നിന്നും ഭീഷണിക്കത്ത് അവര്‍ കൈക്കലാക്കി. പുത്തന്‍ കടലാസ് തുറക്കുന്ന ശബ്ദം എനിക്ക് കൃത്യമായി അറിയാന്‍ കഴിഞ്ഞു. മികച്ച ശബ്ദലേഖകന്മാര്‍ ആ ശബ്ദം തീര്‍ച്ചയായും സീനില്‍ ഉള്‍പ്പെടുത്തും.

ഒരു ഗരാജിലേയ്ക്ക് കാര്‍ കയറ്റിയിട്ട് അവര്‍ എന്റെ തലയെ സ്വതന്ത്രമാക്കി. അവര്‍ ഗരാജിന്റെ ഷട്ടര്‍ അടച്ചു. ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ ഗരാജിന്റെ ഒരു ഭാഗം ആവശ്യത്തില്‍ കൂടുതല്‍ വ്യക്തമായി കണ്ടു. എന്റെ കൈകള്‍ പിന്നിലേയ്ക്ക് തിരിച്ചുകെട്ടി തള്ളിത്തള്ളി പടികള്‍ കയറ്റി 2987/1 എന്നെഴുതിയ വാതിലിന് മുന്നില്‍ നിന്നു. അവര്‍ വാക്കി ടോക്കിയില്‍ എന്തോ പറഞ്ഞപ്പോള്‍ അകത്തുനിന്നും ആരോ നടന്നടുക്കുന്ന ശബ്ദം കേട്ടു. വാതില്‍ തുറക്കപ്പെട്ടു, കരീബിയക്കാരെപ്പോലെയുള്ള രണ്ട് പേര്‍. മെന്‍ ഇന്‍ ബ്ലാക്ക് സിനിമയിലെ വില്‍ സ്മിത്തിനെ ഓര്‍മ്മ വന്നു. ചോദ്യം ചെയ്യല്‍ മുറിയിലെ ഒരു ഇരുമ്പുകസേരയില്‍ എന്നെ ഇരുത്തിയിട്ട് അവരെല്ലാം തിരിച്ചുപോയി. അപ്പോഴേയ്ക്കും കൈകള്‍ സ്വതന്ത്രമായിരുന്നു.

ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ട് തടിയന്മാര്‍ വന്നു. കൂളിങ് ഗ്ലാസ്സ് ധരിച്ചിരുന്നതുകൊണ്ട് അവരുടെ ഭാവം ഊഹിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

‘മിസ്റ്റര്‍…. താങ്കളോട് കുറച്ച് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. അധികം ആലോചിക്കാതെ പെട്ടെന്ന് പെട്ടെന്ന് ഉത്തരം പറഞ്ഞാല്‍ നമുക്ക് രണ്ട് പേര്‍ക്കും സമയം ലാഭിക്കാം. അതല്ല, ഞങ്ങളെ വഴിതെറ്റിക്കാനാണ് ഉദ്ദേശ്യമെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരും.’ ഒരു തടിയന്‍ പറഞ്ഞു.

ഞാന്‍ സമ്മതിച്ചു.

‘നിങ്ങള്‍ എത്ര കൊല്ലമായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്നു?’ എന്റെ കീശയില്‍ നിന്നും എടുത്ത ഭീഷണിക്കത്ത് ഉയര്‍ത്തിക്കാണിച്ചുകൊണ്ടായിരുന്നു ചോദ്യം.

‘എട്ടൊമ്പത് വര്‍ഷമായി’

‘എട്ടോ ഒമ്പതോ?’

‘എട്ട്’

‘അവിടെ നിങ്ങളുടെ കൂടെ ജോലി ചെയ്തിരുന്ന മി…നെ അറിയാമോ?’

‘അറിയാം… പക്ഷേ അയാള്‍ രണ്ട് മാസം മുമ്പ് ജോലിയുപേക്ഷിച്ച് പോയല്ലോ’

‘കാരണം?’

‘ശമ്പളം കൂട്ടിക്കൊടുക്കാത്തതില്‍ പ്രതിഷേധിച്ചാണെന്ന് തോന്നുന്നു; മാനേജറുമായി പിണങ്ങിയെന്നും കേട്ടു. കൃത്യമായി അറിയില്ല’

‘ഉം… രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഒന്നാമത്തെ ശനിയാഴ്ചയാണ് അയാള്‍ അവസാനമായി അവിടെ ജോലി ചെയ്തതെന്ന് ഞങ്ങള്‍ പറഞ്ഞാല്‍?‘

‘ഓ…’

‘അതിന് ശേഷം നിങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ലേ?’

‘ഇല്ല’

‘കള്ളം പറയരുത്’

‘ഇല്ല…കണ്ടിട്ടില്ല’

അവര്‍ എന്നോട് എഴുന്നേല്ക്കാന്‍ ആംഗ്യം കാണിച്ചു. ഒരു തടിയന്‍ വിരല്‍ ഞൊടിച്ചപ്പോള്‍ വാതില്‍ തുറക്കപ്പെട്ടു. അവര്‍ എഴുന്നേറ്റ് നടക്കാന്‍ തുടങ്ങി. എന്നോട് പിന്തുടരാന്‍ ആംഗ്യം കാണിച്ചു. ഞാന്‍ അവരുടെ പിന്നാലെ നടന്നു. മോര്‍ച്ചറി പോലെയൊരു മുറിയിലേയ്ക്കായിരുന്നു അവര്‍ എന്നെ കൊണ്ടുപോയത്. ഓഫീസിലെ ഫയല്‍റാക്കുകള്‍ പോലെ ശവം കിടത്താനുള്ള റാക്കുകള്‍ ഉണ്ടായിരുന്നു. അതില്‍ ഒരെണ്ണം അവര്‍ വലിച്ച് തുറന്നു.

‘ഇയാളല്ലേ അയാള്‍?’

ഞാന്‍ നോക്കി. അതെ അയാള്‍ തന്നെ.

‘അതെ’

ഇയാള്‍ മരിച്ചുപോയ വിവരം നിങ്ങള്‍ക്കറിയാമായിരുന്നോ?’

‘ഇല്ല’

‘ഉം.’ അവര്‍ റാക്ക് അടച്ച് തിരിച്ച് ചോദ്യം ചെയ്യല്‍ മുറിയിലേയ്ക്ക് പോയി. അന്ന് പിന്നെ ഒന്നും ചോദിക്കുകയുണ്ടായില്ല. വേറൊരു മുറിയില്‍ എന്നെ ആക്കിയിട്ട് അവര്‍ പോയി. അതിശയം തോന്നിപ്പോയി. അവിടെ എല്ലാ സൌകര്യങ്ങളുമുണ്ടായിരുന്നു. പുസ്തകങ്ങള്‍, മെത്ത, കട്ടില്‍, കാപ്പിയുണ്ടാക്കുന്ന യന്ത്രം, കക്കൂസ് എന്നിങ്ങനെ എല്ലാം. ഫോണും കലണ്ടറും മാത്രം ഇല്ലായിരുന്നു. എനിക്കാകട്ടെ അതൊരു കുറവായി തോന്നിയതുമില്ല. ശീതീകരിച്ച മുറിയില്‍ ഒറ്റയ്ക്ക് പതുപതുത്ത മെത്തയില്‍ ഞാന്‍ കിടന്നു. ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു ഞാനിത്ര ആഡംബരമുള്ള മുറിയില്‍ കിടക്കുന്നത്. സമയം പാതിരാത്രി കഴിഞ്ഞിട്ടുണ്ടാകുമെന്ന് ഊഹിച്ചു. എനിക്ക് ആ സമയത്ത് പതിവായി വരാറുള്ള താടി കോച്ചിപ്പിടിക്കല്‍ കാരണമായിരുന്നു അത്. മിക്കപ്പോഴും പെട്ടെന്ന് തിരിഞ്ഞ് കിടക്കുമ്പോള്‍ താടിയെല്ലില്‍ ചവണയിട്ട് പിടിക്കുന്നതുപോലെ തോന്നും. ഒരുപാട് ഡോക്ടര്‍മാരെ കാണിച്ചിട്ടും അവര്‍ക്കാര്‍ക്കും അതിന്റെ കാരണം കണ്ടെത്താനോ പരിഹാരം നിര്‍ദ്ദേശിക്കാനോ സാധിച്ചില്ല. പിന്നീട് എല്ലാ അസ്വസ്ഥതകളും ശീലമായി മാറുന്നത് പോലെ അതും ഞാന്‍ ശ്രദ്ധിക്കാതെയായി.

ഒരു ശനിയാഴ്ചയായിരുന്നു അയാള്‍ ജോലിയുപേക്ഷിച്ച് പോയത്. അതിന് ശേഷം ഞാന്‍ അയാളെ കണ്ടിട്ടില്ലെന്ന് പറഞ്ഞത് മുട്ടന്‍നുണയായിരുന്നു. അടുത്ത ദിവസം, കൃത്യമായി പറഞ്ഞാല്‍ ഇറാക്കില്‍ ബോംബ് സ്ഫോടനത്തില്‍ അഞ്ച് അമേരിക്കന്‍സൈനികര്‍ കൊല്ലപ്പെട്ട ഞായറാഴ്ച, ഞാന്‍ അയാളെ കണ്ടു. രാവിലെ അയാള്‍ എന്റെ മുറിയിലേയ്ക്ക് വരുകയായിരുന്നു. അയാള്‍ ജോലിനഷ്ടപ്പെടുന്ന ആദ്യദിവസങ്ങളില്‍ എല്ലാവര്‍ക്കും ഉണ്ടാകുന്നതുപോലെ ഒരു പറയാനാവാത്ത മാനസികാവസ്ഥയിലായിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ഒറ്റയ്ക്കിരിക്കാന്‍ തോന്നുന്തോറും ആരോടെങ്കിലും സംസാരിക്കാനും തോന്നും. അല്ലെങ്കില്‍ പുറത്തിറങ്ങി നടക്കാനെങ്കിലും. ആരെയെങ്കിലും കൂട്ടിന് കിട്ടുമ്പോള്‍ എത്രയും പെട്ടെന്ന് അയാള്‍ പോയിത്തരണേയെന്നും തോന്നും. പ്രവചിക്കാനാവാത്ത ചിന്തകള്‍ മനസ്സിനെ കുഴപ്പത്തിലാക്കും. അടുത്ത ദിവസം ജോലിയ്ക്ക് പോകേണ്ടതിലെന്ന അറിവ് മുന്നില്‍ ഒരു തുരങ്കം തീര്‍ക്കും. ആ തുരങ്കത്തിന്റെ അറ്റത്ത് നിന്ന് ആരൊക്കെയോ ഉറക്കെ വിളിക്കുന്നത് പോലെ ശബ്ദം പ്രതിധ്വനിക്കും. അത്തരമൊരു മനോഭാവത്തിലായിരുന്നു അയാള്‍ എന്നെത്തേടിവന്നത്. അന്ന് ഞായറാഴ്ചയായതിനാല്‍ ഞാന്‍ തുണിയലക്കാനുള്ള പുറപ്പാടിലായിരുന്നു. അയാള്‍ വന്നത് പ്രമാണിച്ച് തല്ക്കാലത്തേയ്ക്ക് ഞാനത് മാറ്റിവച്ചു.

‘നിനക്കറിയാമോ, ഓഫീസില്‍ എന്താണ് നടക്കുന്നതെന്ന്?‘ അയാള്‍ ചോദിച്ചു. ഞാന്‍ അറിയില്ലെന്ന് തലയാട്ടി.

‘അവര്‍ അവധികളുടെ എണ്ണം കൂട്ടാന്‍ പോകുന്നു’

‘അത് നല്ലതല്ലേ…’

‘എന്ന് നിങ്ങളെക്കൊണ്ട് തോന്നിക്കലാണ് അവരുടെ ലക്ഷ്യം. നോക്കിക്കോ അത് അപകടത്തിനാണ്’

പിന്നെ കുറേ നേരം എന്തൊക്കെയോ പറഞ്ഞിട്ട് അയാള്‍ ഇറങ്ങിപ്പോയി. അപ്പോള്‍ ഉച്ചയായിരുന്നു. ഞാന്‍ തുണിയലക്കി, ഊണ് കഴിച്ച് വിശ്രമിക്കാനായി ഒരു പുസ്തകമെടുത്ത് കിടന്നു. അന്നത്തെ ദിവസം പിന്നെ ഒന്നും സംഭവിച്ചില്ല. മണിക്കൂറുകള്‍ വെട്ടിച്ചുരുക്കിയത് പോലെ ആ ദിവസം ഓടി മറഞ്ഞു. തിങ്കളാഴ്ച പിറന്നു. ഓഫീസില്‍ എത്തിയപ്പോള്‍ നോട്ടീസ് ബോര്‍ഡിന് മുന്നില്‍ ആള്‍ക്കൂട്ടം കണ്ടു. തുടക്കത്തില്‍ പറഞ്ഞ ശനിയാഴ്ചയവധിയെപ്പറ്റിയുള്ള അറിയിപ്പായിരുന്നു അത്.

തണുപ്പ് കൂടിക്കൂടി വരുന്നെന്ന് തോന്നിയപ്പോള്‍ ഏസി ഓഫാക്കി. ഒരു കാപ്പിയിട്ട് കുടിച്ചു. വായിക്കാന്‍ ബൊലാനോയുടെ നോവല്‍ എടുത്തു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ മടിപിടിച്ച് കണ്ണടച്ച് കിടന്നു. അപ്പോള്‍ വാതിലില്‍ മുട്ടുന്നത് കേട്ടു. ട്രേയില്‍ ഭക്ഷണം നിരത്തിപ്പിടിച്ച് ഒരു കരീബിയന്‍ ആയിരുന്നത്. ഞാന്‍ അന്ന് വരെ രുചിച്ചിട്ടില്ലാത്ത വിഭവങ്ങള്‍. ആര്‍ത്തിയോടെ അത് കഴിച്ച് കഴിഞ്ഞപ്പോള്‍ പഴയ തടിയന്മാര്‍ തിരിച്ചെത്തി. അവരും നന്നായി ഭക്ഷണം കഴിച്ചിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. അവരുടെ ബെല്‍റ്റ് വല്ലാതെ മുറുകിയിരുന്നു.

‘ഒരു കാര്യം അറിയാനുണ്ടായിരുന്നു’ ഞാന്‍ പറഞ്ഞു. അവര്‍ എന്താണെന്ന മട്ടില്‍ പുരികം ഉയര്‍ത്തി.

‘അയാളുടെ മരണവുമായി എനിക്കൊരു ബന്ധവുമില്ല. പിന്നെ എന്നെ ചോദ്യം ചെയ്യുന്നതെന്തിനാണ്?’

മറുപടിയായി അവര്‍ ഭീഷണിക്കത്ത് പൊക്കിപ്പിടിച്ചു.

‘നിങ്ങള്‍ക്ക് ഇതിന് മുമ്പ് ഇങ്ങനെ എന്തെങ്കിലും കിട്ടിയിട്ടുണ്ടോ?’

‘ഇല്ല’

‘അപ്പോള്‍ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ഇതിന്റെ അര്‍ത്ഥമെന്താണ്?’

‘അറിയില്ല’

‘അല്ല…. നിങ്ങൾക്കറിയാം….’

‘ഇല്ല’

‘ശരി’ തടിയന്‍ കുറച്ച് ഫോട്ടോകള്‍ മുന്നില്‍ നിരത്തി. മരിച്ചയാളുടെ ഫോട്ടോകളായിരുന്നു അത്. മരിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പെടുത്തതാകണം. അതില്‍ അയാളുടെ മുഖത്ത് വല്ലാത്ത ശാന്തതയും നിശ്ചയദാര്‍ഢ്യവും ഉണ്ടായിരുന്നു.

‘ഇയാള്‍ എങ്ങിനെയാണ് മരിച്ചതെന്ന് അറിയാമോ?’

‘ഇല്ല’

‘വണ്ടിയിടിച്ച് മരിച്ചതാണ്’

‘ഞാന്‍ കരുതി ആത്മഹത്യ ആയിരിക്കുമെന്ന്’

‘ആത്മഹത്യ തന്നെ. സംശയമില്ല. അയാള്‍ പാഞ്ഞ് വരുകയായിരുന്ന ഒരു കാറിന്റെ മുന്നിലേയ്ക്ക് ചാടുകയായിരുന്നു…അതും ഒരു ബെന്‍സ് കാര്‍’

‘ഓഹ്’

‘മരിക്കുന്നതിന്റെ തലേ ദിവസം ഇയാള്‍ നിങ്ങളുടെ വീട്ടില്‍ വന്നിരുന്നു അല്ലേ?’

‘ഇല്ല….അല്ല…ഉവ്വ്…സോറി ഞാന്‍ മറന്നതാണ്… ‘

‘അന്നയാള്‍ എന്താണ് പറഞ്ഞത്?’

‘പ്രത്യേകിച്ചൊന്നുമില്ല’

‘ഒന്നും?

‘ഒന്നും’

അവര്‍ പരസ്പരം നോക്കി. ഇന്ന് ഇത്രയും മതിയെന്ന മട്ടില്‍ തലകുലുക്കി. എന്നെ മുറിയിലാക്കി അവര്‍ പോയി.

അതൊരു ഞായറാഴ്ചയായിരുന്നെന്ന് എനിക്കുറപ്പുണ്ട്. കാരണം, അടുത്തെവിടെയോ പള്ളിയില്‍ കുര്‍ബാന നടക്കുന്നുണ്ടായിരുന്നു. ഏത് പള്ളിയാണെന്ന് ഊഹിച്ചെടുക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞിരുന്നെങ്കില്‍ എനിക്ക് സ്ഥലം കണ്ടെത്താന്‍ കഴിയുമായിരുന്നു. അടുത്ത ദിവസം തിങ്കളാഴ്ചയാണെന്നും ജോലിക്ക് പോകണമെന്നുമുള്ള ചിന്ത എന്നെ അലട്ടാന്‍ തുടങ്ങി. ഞാനൊരു വീട്ടുതടങ്കലിലാണെന്നോ ചോദ്യം ചെയ്യപ്പെടുകയാണെന്നോ ഒന്നും എനിക്ക് തോന്നിയില്ലെന്നുള്ളത് അത്ഭുതമായിത്തോന്നി. ചിരപരിചിതമായ ഒരു പ്രക്രിയയിലൂടെ കടന്ന് പോകുന്നതുപോലെ നിസ്സാരമായിട്ടേ എല്ലാം തോന്നിയുള്ളൂ. അല്ലെങ്കിലും തോന്നലുകളാണല്ലോ ഒരു അവസ്ഥയെ നിശ്ചയിക്കാന്‍ പ്രേരകമാകുന്നത്. വാസ്തവത്തില്‍ ഞാനിപ്പോള്‍ താമസിക്കുന്ന വാടകമുറി മാറുന്നതിനെക്കുറിച്ചാണ് ഞാന്‍ ആലോചിച്ചത്. വളരെ ഇടുങ്ങിയ ഒരു മുറിയാണത്. പാചകം ചെയ്യാന്‍ പ്രത്യേകം അടുക്കളയൊന്നുമില്ല. മുറിയുടെ ഒരു മൂലയില്‍ സ്ഥലം കണ്ടെത്തി അടുക്കളയാക്കിയതാണ്. രാത്രി മുഴുവനും മസാലയുടേയും വെന്ത ചോറിന്റേയും മണം മുറിയില്‍ തങ്ങിനില്ക്കും. വെള്ളത്തിനും പ്രശ്നമുണ്ട്. സാധനങ്ങളുടെ വിലയാണെങ്കില്‍ വിശ്വസിക്കാന്‍ പറ്റാത്ത വിധം ഉയരുന്നു. എല്ലാ മാസവും പലചരക്ക് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ബില്ല് കൂടിക്കൂടി വരുന്നത് ശ്രദ്ധിച്ചിരുന്നു. അടുത്തുള്ള ഹോസ്റ്റലില്‍ ഭക്ഷണമടക്കം താമസിക്കാനുള്ള സൌകര്യമുണ്ട്. ഏസി മുറിയെടുത്താലും ചിലവ് ഇപ്പോഴുള്ളതേ വരൂ. പാചകം ചെയ്യേണ്ട എന്ന സൌകര്യവും ഉണ്ട്. സമയം വളരെ ലാഭിക്കാം. എത്ര കാലം ഇങ്ങനെ രുചിയില്ലാത്ത ഭക്ഷണവും കഴിച്ച് ആയുസ്സ് പാഴാക്കും?

‘നൌ സ്റ്റോപ് കമ്പ്ലേനിങ്’ അവര്‍ പറയും. എനിക്കെപ്പോഴും പരാതികള്‍ മാത്രമേയുള്ളൂ എന്നാണ് അവര്‍ പറയുന്നത്. വാസ്തവമാണ്. എങ്ങിനെ ഇല്ലാതിരിക്കും? ഞാന്‍ ജീവിക്കുന്ന നാട്ടില്‍ പരാതികളില്ലാതെ ജീവിക്കണമെങ്കില്‍ എനിക്ക് ഇന്‍ഷുറന്‍സ് കമ്പനിയില്‍ കിട്ടുന്ന വരുമാനം ഒട്ടും തികയില്ല. അപ്പോള്‍ ഞാന്‍ പരാതിപ്പെടും. അല്ലെങ്കില്‍ വല്ല കോടീശ്വരന്റേയോ ജന്മിയുടേയോ ഒറ്റമകനായി ജനിക്കണം.

‘നൌ യൂ ഷട്ട് യുവര്‍ ആസ്സ് ഹോള്‍’ അവര്‍ ദേഷ്യപ്പെടും. ശരി, ഞാനൊന്നും പറയുന്നില്ല. എന്റെ ആസനം മൂക്കിന് താഴെയാണ്.

അയാള്‍ ആ ഞായറാഴ്ച തിരിച്ച് പോകുമ്പോള്‍ എന്തോ നിശ്ചയിച്ചുറപ്പിച്ചതുപോലെ തോന്നിയിരുന്നു. തിങ്കളാഴ്ച ഓഫീസിലെത്തിയപ്പോള്‍ സമ്മിശ്രപ്രതികരണമായിരുന്നു. എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. വാസ്തവത്തില്‍ ഞാന്‍ അവധി ദിവസങ്ങളെ വെറുക്കാന്‍ തുടങ്ങിയിരുന്നു. ഓഫീസില്‍ മണിക്കൂറുകളോളം ഫയലുകളുമായി മല്ലിട്ട് വൈകുന്നേരം പുറത്തിറങ്ങുമ്പോള്‍ എന്തോ ഒരു ആശ്വാസം തോന്നുമായിരുന്നു. ഞാനൊരു മസോക്കിസ്റ്റ് ആണെന്ന് പോലും.

മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തടിയന്മാര്‍ വീണ്ടും വന്നു. ചോദ്യംചെയ്യല്‍ കഴിഞ്ഞെന്നും എനിക്ക് തിരിച്ച് പോകാമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. അവര്‍ തന്നെ കാറില്‍ തിരിച്ചെത്തിക്കുകയും ചെയ്തു.

അത് തിങ്കളാഴ്ച രാവിലെയായിരുന്നു. ഞാന്‍ തിടുക്കത്തില്‍ മുറിയില്‍പോയി കുളിച്ച് വസ്ത്രംമാറി പുറപ്പെട്ടു. ഓഫീസില്‍ എല്ലാം സാധാരണപോലെയുണ്ടായിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ മാനേജര്‍ എന്നെ വിളിപ്പിച്ചു.

‘വെല്‍… മിസ്റ്റര്‍…. നിങ്ങളുടെ കാര്യത്തില്‍ മാനേജ്മെന്റ് ഒരു തീരുമാനത്തിലെത്തിയിരിക്കുകയാണ്…’

അല്പനേരത്തേയ്ക്ക് അദ്ദേഹം ഗൌരവത്തിലിരുന്ന് എന്നെത്തന്നെ നോക്കി. എന്റെ തൊണ്ടയിലെ വെള്ളം വറ്റിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം ഉറക്കെച്ചിരിച്ചു.

‘അഭിനന്ദനങ്ങള്‍ മിസ്റ്റര്‍….. നിങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. ഒപ്പം പ്രൊമോഷനും. യൂ നോ വാട്ട്? ഇനി എല്ലാ ശനിയാഴ്ചകളും നിങ്ങള്‍ക്ക് അവധിയായിരിക്കും, വിത് ആഡഡ് റെസ്പോണ്സിബിലിറ്റീസ്’

പുത്തന്‍ കടലാസില്‍ അച്ചടിച്ച ഉത്തരവ് വാങ്ങി ഞാന്‍ എന്റെ സ്ഥാനത്തെത്തി. അവള്‍ എന്താണെന്ന് ചോദിച്ചു. ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ വികസിച്ചു. ഇത്രയും നേരം അവള്‍ അവള്‍ എന്ന് പറഞ്ഞത് ഇവളെയായിരുന്നു. എന്റെ തൊട്ടടുത്തിരിക്കുന്ന സ്റ്റെനോഗ്രാഫര്‍ പെണ്ണ്.

‘ഛേ, ഇത് തന്നെ സഹിക്കാന്‍ പറ്റാത്തതാണ്, ഇനി എല്ലാ ശനിയാഴ്ചയും അവധിയെന്ന് വച്ചാല്‍…. ഞാന്‍ ചത്ത് പോകും. അല്ലെങ്കില്‍ ചിത്രശലഭമായി രൂപാന്തരീകരണം നടത്തി നിങ്ങള്‍ക്ക് തല്ലിക്കൊല്ലാന്‍ പാകത്തിന് കിടന്നുതരും’

‘ഫക്ക് യൂ… സ്റ്റോപ് കമ്പ്ലേനിങ്… ഇറ്റ്സ് എ പാര്‍ട്ട് ഓഫ് ഗേം’ അവള്‍ പറഞ്ഞു.

കണ്ണാടിച്ചുവരിലൂടെ മാനേജര്‍ എന്നെ നോക്കി തമ്പ്സ് അപ്പ് കാണിച്ചു. എന്തായാലും, ഞാന്‍ മനസ്സില്‍ പറഞ്ഞു, എന്തായാലും അത് തന്നെ…

Subscribe Tharjani |