തര്‍ജ്ജനി

മുയ്യം രാജന്‍

Excavation Department (7th Floor)
Western Coalfields Ltd
Coal Estate
Civil Lines
NAGPUR-440 001 (Maharashtra)
ഇമെയില്‍:muyyamrajan08@gmail.com
വെബ്ബ്: muyyamkanavukal.blogspot.com

Visit Home Page ...

കവിത

ഋതുപ്പിറവി

നിനയ്ക്കാത്ത നേരത്താണ്
കയറി വരിക -
മിന്നലായിരിക്കുമെന്ന്
കരുതും

കാറ്റ് വിതയ്ക്കുന്ന
കെടുതിയായി കുതറും
കരളു പറിച്ചുകാണിച്ചാലും
വെറും ഇറച്ചിയെന്ന്
കൊതി കൂറുന്നിടത്ത്
കരഞ്ഞു പറഞ്ഞാലും
കലികാലമെന്ന് കണ്ണുരുട്ടും?

കൂരിരുട്ടിലും കരിങ്കുട
ചൂടിയായിരിക്കും വരവ്
അരയന്നനടയൊത്ത വടിവ് !

(ചെലപ്പം നിങ്ങള്‍
അറിയാതിങ്ങനെ പാടിപ്പോകും -
യേശുദാസിന്റെ ശബ്ദമാധുരിയില്‍,
മോഹന്‍ലാല്‍ സ്റ്റൈലില്‍,
ഭാനുപ്രിയയുടെ നിറവില്‍,

രവീന്ദ്രന്‍ മാഷുടെ സംഗീതചാതുരിയില്‍,
ഒ.എന്‍.വി.യുടെ രചനാപാടവത്തില്‍ ..

'പൊയ്കയില്‍ കുളിര്‍പ്പൊയ്കയില്‍
പൊന്‍വെയില്‍ നീരാടും നേരം
പൂക്കണ്ണുമായി നില്‍ക്കുന്നുവോ
തീരത്തെ മന്ദാരം
കാറ്റില്‍ തൈലഗന്ധം
നീറ്റില്‍ പൊന്നു ചന്തം..')

കാര്‍കൂന്തലില്‍ നിന്നും
ഈറനിറ്റുറ്റു വീഴും
കീഴേക്ക് വെറുതേ
കണ്ണുകളിഴഞ്ഞുഴിയുമ്പോള്‍
കുളിരിന്റെ ജലസമാധിയില്‍ നിന്നും
മുങ്ങി നിവര്‍ന്ന്,
ദാ ഞാനിപ്പം
ഋതുമതിയായതേയുള്ളൂവെന്ന്
നാണത്താല്‍ പൂത്തുലയും !

അതെ, അവള്‍ തന്നെ
നമ്മുടെ പുതിയ കവിത !

Subscribe Tharjani |