തര്‍ജ്ജനി

പദ്മ സജു

മെയില്‍ : padma_sj@yahoo.co.in

Visit Home Page ...

കഥ

ഓര്‍മ്മകള്‍ ഇലകളാവുന്നത്‌

ഉറങ്ങുന്ന മകളെയും കൊണ്ട് പടികള്‍ ഇറങ്ങുമ്പോള്‍ താരയ്ക്ക് വലത്തേ കാല്‍മുട്ട് പെട്ടെന്ന് വേദനിച്ചു. ഒരു വീട്ടിലും ഇത്രയും ഗോവണികള്‍ പാടില്ലെന്ന് ആ നേരം അവള്‍ക്കു തോന്നി. മുകളിലെ ബെഡ് റൂമുകളിലേക്കൊന്ന്, അലക്കും, തേപ്പും സൂക്ഷിപ്പും ഒക്കെയുള്ള ബെയ്സ്മെന്റിലേക്കൊന്ന്, അടുക്കളയില്‍നിന്ന് ഡൈനിങ്ങ്‌റൂമിലേക്ക് വേറൊന്ന്, ഡൈനിംഗ് റൂമില്‍നിന്നും വാഷ്‌റൂമിലേക്കൊന്ന്, അടുക്കളപ്പുറത്തെ ഡെക്കില്‍നിന്നും പച്ചക്കറികളും ചെറിപ്പഴങ്ങളും മുന്തിരികളും വിളഞ്ഞുകിടക്കുന്ന ബാക്ക്യാര്‍ഡിലേക്ക് മറ്റൊന്ന്. നാഴികയ്ക്ക് നാല്പതുവട്ടം ഇതൊക്കെയും കയറിയിറങ്ങി താരയുടെ കാല്‍മുട്ടുകളും പഴയ ചില ഗോവണികളിലെ മരപ്പലകകള്‍പോലെ കിരുകിരെ മുറുമുറുത്തു.

"ഇനിയൊരു വീടെടുക്കുമ്പോള്‍ ഗ്രൌണ്ട് ഫ്ലോര്‍ മാത്രം മതി... ഇത് പോലെ നരകത്തിലേക്കും സ്വര്‍ഗ്ഗത്തിലേക്കും സ്റ്റെയെര്‍സു വേണ്ട. എനിക്ക് വയ്യ ഇങ്ങനെ കേറി ഇറങ്ങാന്‍ " ഉറക്കക്കാരിയെ സോഫയില്‍ കിടത്തിക്കൊണ്ട് സഞ്ജയ്‌ കേള്‍ക്കുവാന്‍ പാകത്തില്‍ താര ആത്മഗതം ചെയ്തു.

"ഇനിയുമൊരു വീടോ? വേറെന്തെങ്കിലും ആഗ്രഹങ്ങള്‍?"
"ഉണ്ട്... വീട്ടില്‍ നിറയെ ജനലുകള്‍ വേണം... ഒന്നിനും വാതിലുകള്‍ വേണ്ട. എന്താ പറ്റ്വോ?"
"എന്നാല്‍ പിന്നെ വീട്ടില്‍ താമസിക്കേണ്ട വല്ല കാര്യവും ഉണ്ടോ? നിനക്ക് വല്ല വെളിമ്പറമ്പിലും പോയി കിടന്നാല്‍ പോരെ... ഇഷ്ടം പോലെ വായു, വെളിച്ചം.
അപ്പൊ അതല്ലേ നല്ലത്. "

തന്റെ ഗൃഹസങ്കല്പങ്ങളുടെ മേല്‍ക്കൂര സഞ്ജയ്‌ തവിടുപൊടിയാക്കിയെങ്കിലും അസ്ഥികള്‍ തുളക്കുന്ന തണുപ്പുള്ള നോര്‍ത്ത് അമേരിക്കൻ പ്രവിശ്യകളില്‍ വാതിലുകള്‍ ഇല്ലാത്ത വീടിനെക്കുറിച്ചു താരയ്ക്കും ഓര്‍ക്കുവാന്‍ വയ്യായിരുന്നു. വരാന്‍പോകുന്ന തണുതണുത്ത ശൈത്യദിനങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ കാല്‍മുട്ടിലെ വേദന കൂടുന്നതായി അവള്‍ക്കു തോന്നി. പക്ഷെ വേദനയാണെന്ന് പരാതി പറഞ്ഞു നില്ക്കുവാന്‍ നേരമില്ല. ബ്രേക്ക്‌ ഫാസ്റ്റും ലഞ്ചും റെഡി ആക്കണം, മോളെ ഭക്ഷണം കൊടുത്തൊരുക്കി സ്കൂളില്‍ കൊണ്ടുവിടണം. പിന്നെ ലേയ്ക്ക് വ്യൂ ലോഡ്ജ് എന്ന വൃദ്ധസദനത്തിലേക്ക് ഓടണം. ഇതിനിടയില്‍ കാല്‍മുട്ടിന്റെ പരാതികളെ അവഗണിക്കുക മാത്രമേ തരമുള്ളൂ എന്നോര്‍ത്ത് താര സാമ്പാറിന്റെ കഷങ്ങള്‍ "ടക്കെ ടക്കെ" ശബ്ദത്തില്‍ അരിഞ്ഞിട്ടു.

" എന്നെയാണോ വെട്ടിമുറിക്കുന്നെ? " ശബ്ദം കേട്ട് സഞ്ജയ്‌ താരയുടെ അരികിലേക്ക് വന്നു.
"അല്ല, നിങ്ങളെ അരച്ചെടുത്ത് പുളിപ്പിച്ച് ഇഡലിത്തട്ടില്‍ ആവി കേറ്റാന്‍ വച്ചിട്ടുണ്ട്. "
"കാലിനു വേദന കൂടുതല്‍ ഉണ്ടെങ്കില്‍ ഇന്ന് കാര്‍ നീ എടുത്തോളൂ... അടുത്താഴ്ച എന്തായാലും നമുക്ക് ഡോക്ടറെ കാണാന്‍ പോകാം. സാരമില്ല ".
ഇത്രവേഗം തന്റെ അമ്പ് കുറിക്കു കൊണ്ടോ? താര അവിശ്വാസത്തോടെ ഭര്‍ത്താവിനെ നോക്കി. കാറല്ല ലക്ഷ്യം. അല്ലെങ്കിലും പാതിയും കൈപ്പിടിയില്‍ അല്ലാത്ത മനസ്സും കൊണ്ട് ഒരു വണ്ടിയോടിക്കുക എന്നത് താരയെ സംബന്ധിച്ചിടത്തോളം ഒരു യുദ്ധമാണ്. പ്രത്യേകിച്ച് ഈ ശരത്കാലത്ത്. ബഹുവര്‍ണ്ണങ്ങളില്‍ പ്രകൃതി അണിഞ്ഞൊരുങ്ങി നില്ക്കുകയാണ്. വഴികള്‍ മൂടിയിരിക്കുന്ന മേപ്പിള്‍ ഇലകള്‍കള്‍ക്കൊപ്പം പറന്നു പോകുന്ന മനസ്സ്. വേണ്ട, ഡ്രൈവ്ചെയ്യാന്‍ വയ്യ എന്നവള്‍ മനസ്സില്‍ ഓര്‍ത്തു. തല്ക്കാലം ഈ സിമ്പതി മതി.

"വേണ്ട ഞാന്‍ ബസ്‌ എടുത്തോളാം.പറ്റുമെങ്കില്‍ എന്നെ ഉച്ചക്ക് കൂട്ടാന്‍ വരൂ"

മാസത്തില്‍ ഒരേ ഒരു ദിവസം മാത്രമുള്ള ആവശ്യമാണ് അത്. അംഗീകരിക്കുന്നതാണ് നല്ലതെന്ന് അയാള്‍ക്കും തോന്നി. ലേയ്ക് വ്യൂ ലോഡ്ജിലെ അന്തേവാസികളുടെ ഓരോ മാസത്തെയും ടിക്ക് ഷീറ്റ് തയ്യാറാക്കിയിരുന്നത് താരയായിരുന്നു. അന്നേവരെ ഓടി തികച്ച ഒരു ജീവിതത്തിന്റെയും ബാക്കിയാണ് ഓരോ ടിക്ക് ഷീറ്റുകളും എന്ന് താരയ്ക്ക് തോന്നാറുണ്ട്. വെളുവെളുത്ത ബെഡ്ഷീറ്റുകളില്‍ ചുരുണ്ട് കിടന്നും നീളന്‍ വരാന്തകളില്‍ നടന്നും തീര്‍ക്കേണ്ട ശിഷ്ടജീവിതത്തില്‍, ഓരോ ദിവസവും ചെയ്ത വ്യായാമങ്ങളേയും കഴിച്ച മരുന്നുകളേയും ടിക്ക് ഷീറ്റുകളിലെ ചെറിയ ചെറിയ സമചതുരങ്ങളില്‍ കുരുക്കികിടത്തണം. ഫിസിയോതെറാപ്പിസ്റ്റും ഇപ്പോള്‍ ഗര്‍ഭിണിയും ആയ സോഫിയ എന്ന തന്റെ പ്രിയ കൂട്ടുകാരിയെ സഹായിക്കുവാന്‍ വേണ്ടിയായിരുന്നു താര ടിക്ക് ഷീറ്റ്കളുടെ ഉത്തരവാദിത്വം ഏറ്റെടുത്തത്. എന്നാല്‍, മാസത്തില്‍ ഒരു തവണയാണങ്കിലും ലേയ്ക്ക് വ്യൂ ലോഡ്ജിലെക്കുള്ള യാത്രകള്‍ താരയെ മറ്റു ചില ആത്മബന്ധങ്ങളിലേക്ക് കൂടെ ചെന്നെത്തിച്ചിരുന്നു എന്നത് സഞ്ജയും തിരിച്ചറിഞ്ഞിരുന്നു.

******************************************
താര ബസ്‌ ഇറങ്ങി ലേയ്ക്ക് വ്യൂ വിലേക്ക് നടക്കുമ്പോള്‍ തണുത്ത കാറ്റും നേര്‍ത്ത മഴയും തുടങ്ങിക്കഴിഞ്ഞിരുന്നു. മഴയില്‍ കുതിര്‍ന്ന ആദ്യദിവസങ്ങളെ, പഴുത്ത ഇലകള്‍ പുതച്ചുകിടത്തും എന്നും ഒക്ടോബര്‍. ഒടുവില്‍ നഗ്നമായ മരങ്ങളില്‍ ഒഴിഞ്ഞ പക്ഷിക്കൂടുകള്‍മാത്രം ബാക്കിയാക്കി നിശബ്ദമായി കടന്നുപോകും. ഓരോ ശരത്കാലവും മരച്ചുവടുകളില്‍ ആ വര്‍ഷത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പഴുത്ത ഇലകളായി അവശേഷിപ്പിച്ചു പോകുന്നു. ഇനി എത്താനുള്ള ശൈത്യം മരവിപ്പിന്റേതാണ്‌.

പലവര്‍ണ്ണങ്ങളിലുള്ള മേപ്പിള്‍ മരങ്ങള്‍ക്ക് നടുവില്‍, കോളോണിയല്‍ രൂപഭംഗിയുള്ള ലേയ്ക്ക് വ്യൂ ലോഡ്ജ് എന്ന ഓള്‍ഡ്‌ എയ്ജ് ഹോം വലിയൊരു കാന്‍വാസിലെ ചിത്രംപോലെ താരയ്ക്ക് മുന്നില്‍ നിശ്ചലമായിനിന്നു. വരഞ്ഞുതീരാത്ത, നിറങ്ങള്‍ ഇനിയും ഉണങ്ങിയിട്ടില്ലാത്ത ഒരു ചിത്രമാണതെന്ന് അവള്‍ക്കു തോന്നി.

താര ആദ്യം കയറിച്ചെന്നത് ഫ്രന്റ്‌ ലോബ്ബിക്കടുത്തുള്ള ഗിഫ്റ്റ് ഷോപ്പിലേക്കായിരുന്നു. നിരന്നുകിടന്ന പൂക്കുടകള്‍ക്കിടയില്‍നിന്നും വെളുത്ത ഗ്ലാഡിയോളിസുകളും ഇളം പര്‍പ്പിള്‍ നിറമുള്ള സ്വീറ്റ് പീ പൂക്കളും ചേര്‍ത്തുവെച്ച ഒരെണ്ണം അവള്‍ തിരഞ്ഞെടുത്തു. അത് ഡെബ്ബിക്കുള്ളതാണ്. കൌണ്ടറില്‍ പണം അടച്ച് ഇറങ്ങുമ്പോള്‍ അതിനടുത്തുതന്നെയുള്ള കഫ്റ്റീരിയയില്‍നിന്നുമുള്ള കാപ്പിയുടെ കടുത്തഗന്ധം താരയെ എന്നത്തെയുംപോലെ അലോസരപ്പെടുത്തി.

റിസപ്ഷനില്‍ പരിചയമുള്ള മുഖം. സോഫിയ ഏത് മുറിയിലാണ് ഡ്യൂട്ടിയില്‍ എന്ന് വിളിച്ചന്വേഷിച്ചു. മൂന്നാമത്തെ നിലയിലാണ്. മുട്ട് വേദന ഓര്‍ത്തപ്പോള്‍ ലിഫ്റ്റ്‌ വഴി കയറാമെന്ന് താര തീരുമാനിച്ചു. മുകളിലെ വരാന്തയില്‍നിന്നും നോക്കിയാല്‍ ലേയ്ക്ക് ഒണ്ടാരിയോ പരന്നുകിടക്കുന്നത് കാണാം. വരാന്തയില്‍ താരയെകണ്ടപ്പോള്‍ ഇപ്പോള്‍ വരാമെന്ന് ആംഗ്യം കാണിച്ച് സോഫിയ പണി തുടര്‍ന്നു. തൊണ്ണൂറുവയസ്സെങ്കിലും ഉള്ള ഒരു വൃദ്ധനെ ഓരോ വശവും ചരിച്ചുകിടത്തി ഓരോ കൈകളായി മടക്കുകയും നിവര്‍ത്തുകയും ചെയ്യുകയായിരുന്നു അവള്‍. എട്ടു മാസം തികഞ്ഞ ഗര്‍ഭവും താങ്ങി സോഫിയ അദ്ധ്വാനിക്കുന്നത്‌ കണ്ടപ്പോള്‍ താരയ്ക്ക് അസ്വസ്ഥത തോന്നി.

അവളുടെ അരികിലെത്തിയപ്പോള്‍ സോഫിയ പതിയെ പറഞ്ഞു.
"പുതിയ റെസിഡണ്ട് ആണെടാ.. ആളൊരു വെറ്ററന്‍ ആണ്. സെക്കന്റ്‌ വേള്‍ഡ് വാറിലൊക്കെ കസറിയതാ. ദാ..എന്നിട്ടിപ്പോ കണ്ടോ! ഇപ്പോഴും വാര്‍ ഫ്രണ്ടിലാണെന്നാ മൂപ്പരുടെ വിചാരവും വര്‍ത്തമാനവും. പരിക്കുപറ്റി കിടപ്പിലാണെന്നാ കരുതിയിരിക്കുന്നത്. അങ്ങേരെന്നെ പിടിച്ചു ഒരു എയ്ഞ്ചല്‍ ഓഫ് മെര്‍സി ആക്കി".

ഓര്‍മ്മകള്‍ അങ്ങനെയാണ്. അവ മനുഷ്യരെ അപ്രതീക്ഷിതമായ ചിലയിടങ്ങളില്‍ കുരുക്കിട്ടു നിര്‍ത്തുമെന്ന് താര മനസ്സില്‍ ഓര്‍ത്തു.

സോഫിയയുടെ നിറഞ്ഞ വയറില്‍ തലോടിക്കൊണ്ട് താര പറഞ്ഞു
"എങ്കിലും നിന്നെ സമ്മതിച്ചിരിക്കുന്നു. ഈ വയറും വച്ച്...ഇത്രേം അദ്ധ്വാനം"
"ജീവിക്കണ്ടേ മോളെ..അതും അന്യനാട്ടിലല്ലേ."

സോഫിയ താരയുടെ കയ്യിലെ ബോക്കെയില്‍ നോക്കിക്കൊണ്ട്‌ പറഞ്ഞു.
"എനിക്കുള്ള സിമ്പതി ഒക്കെ വാക്കില്‍...എന്നിട്ട് പൂവൊക്കെ വേറെ ആര്‍ക്ക്. നീ വാ, നമുക്ക് ലഞ്ച് റൂമിലേക്ക്‌ പോകാം"
താര ചിരിച്ചു കൊണ്ട് സോഫിയയെ അനുഗമിച്ചു.

ലഞ്ച് റൂമിലേക്ക്‌ നടക്കുമ്പോള്‍ വരാന്തയുടെ ഒരറ്റത്തുനിന്നും സംഗീതം ഒഴുകിയെത്തി. അത് ശ്രദ്ധിച്ചുകൊണ്ട് സോഫിയ പറഞ്ഞു
"ഈ കനേഡിയന്‍ ഓള്‍ഡ്‌ എയ്ജ് ഹോം ജീവിതം അത്ര മോശം പരിപാടിയൊന്നുമല്ല. നീയൊന്നോര്‍ത്തുനോക്കൂ. മക്കളൊക്കെ വലുതായി സെറ്റില്‍ ആയാ പിന്നെ നമ്മള്‍ വെറും ശൂന്യമായ കൂട്ടില്‍ ഇരിക്കണ്ടേ. ഇവിടെ വന്നാല്‍ കണ്‍സെര്‍ട്ട്‌, സിനിമക്ക് സിനിമ, മ്യൂസിക്‌ തെറാപ്പി, യോഗ.." അത്രയും പറഞ്ഞു ഒന്ന് കണ്ണിറുക്കിക്കൊണ്ട് സോഫിയ തുടര്‍ന്നു "പിന്നെ ഫിസിയോ ചെയ്യാന്‍ എന്നെ പോലുള്ള സുന്ദരികള്‍.."

വലിയ ജനാലകള്‍നിറഞ്ഞ വരാന്തയുടെ ഒരറ്റത്തുള്ള വിശാലമായ മുറിയില്‍ ഇരുന്നു കാര്‍ഡ്‌ കളിക്കുന്ന നാലഞ്ചുപേരെ നോക്കി സോഫിയ തുടര്‍ന്നു.
"ഒന്നോര്‍ത്തു നോക്കെടാ, ഞാന്‍, നീ, നമ്മുടെ കെട്ടിയോന്മാര്‍, ശ്വേത, വിശ്വം, മെറിന്‍.... നമ്മളൊക്കെ, ദാ.. അവരെ പോലെ ഇവിടെ ഇരുന്ന് റമ്മി കളിക്കുന്നത് ഒന്നാലോചിച്ചു നോക്കിയേ.. നോട്ട് ബാഡ്.. അല്ലെ?"
"അതെ അതെ...നിങ്ങളൊക്കെ റമ്മി കളിക്കും, ഞാന്‍ പഞ്ചറായ എന്റെ കാല്‍മുട്ടും തടവിയിരിക്കും " താര ചിരിച്ചു. ചിരിച്ചെങ്കിലും ഉള്ളില്‍ മറ്റൊരു ശരത്കാലം ഇലകള്‍ പൊഴിക്കുന്നുത് അവള്‍ തിരിച്ചറിഞ്ഞു. അവിടെ വസന്തവും വേനലും ഓര്‍മ്മകളാവുമെന്നും പിന്നെ നനഞ്ഞ ശിശിരത്തിന്റെ എകാന്തതക്ക്‌ മുകളില്‍ നിശ്ശബ്ദതയുടെ മഞ്ഞുപാളികൾ അടര്‍ന്നു വീഴുമെന്നും അവള്‍ക്കു തോന്നി.

"എന്തോ എനിക്കറിയില്ല " താര മന്ത്രിച്ചു
"എന്താണറിയാത്തത് ? നിന്റെ വാര്‍ദ്ധക്യം നിന്റെ മാത്രം ബാദ്ധ്യതയാണെന്ന് ഓര്‍ത്താ മതി... അങ്ങനെ വിചാരിച്ചാല്‍ ചിലതൊക്കെ തനിയെ സോള്‍വ് ചെയ്യാന്‍ സാധിക്കും. അവന്‍ അങ്ങനെ നോക്കണം, ഇവള്‍ ഇങ്ങനെ നോക്കണം എന്നൊക്കെ ആഗ്രഹിക്കുന്നത് ബാലിശം അല്ലെ?" അതും പറഞ്ഞു താരയെ ലഞ്ച് റൂമില്‍ ഇരുത്തി, ലാപ്‌ ടോപ്‌ എടുക്കുവാന്‍ വേണ്ടി സോഫിയ സ്വന്തം മുറിയിലേക്ക്പോയി.

ലഞ്ച് റൂമില്‍ അധികം ആളുകള്‍ ഇല്ലായിരുന്നു. അവിടെയിരുന്നു നോക്കിയാല്‍ ലേയ്ക്ക് ഒണ്ടാരിയോ കടല്‍പോലെ വിശാലമായി പരന്നുകിടക്കുന്നത് വ്യക്തമായി കാണാം. തണുത്ത കാറ്റിനെ തൊടുന്ന നേര്‍ത്ത തിരമാലക്കൈകള്‍, ശൈത്യത്തില്‍ മഞ്ഞുകട്ടകള്‍ വകഞ്ഞുമാറ്റി മരവിച്ചുകിടക്കും. വലിയ ശബ്ദത്തോടെ ഒരു പറ്റം ഗൂസുകള്‍ പറന്നു പോകുന്നത് താര ജനലിലൂടെ കണ്ടു. മഞ്ഞുകാലം അണയുംമുമ്പേ അവ കൂട്ടത്തോടെ ദേശാടനത്തിനു പോവുകയാണ്. ദേശാടനം അവയ്ക്ക് അതിജീവനത്തിന്റെ യാത്രകളാണ്. വസന്തം മഞ്ഞുരുക്കുമ്പോള്‍ അവ ഇതു പോലെ തിരിച്ചെത്തും. ഓരോ ദേശാടനവും അവയുടെ തൂവലുകളെ കൊഴിച്ചു ചിറകുകളെ തളര്‍ത്താറുണ്ടോ? അതില്‍ ചിലരെങ്കിലും തിരികെ വരാതിരിക്കാറുണ്ടോ? മറ്റൊരിടത്തൊരു കൂട്ടില്‍ മറ്റേതോ ജന്മം പോലെ ജീവിച്ചു തീരാറുണ്ടോ? അതിലൊരു അന്വേഷണം നടത്തിനോക്കണം എന്ന് താര വിചാരിക്കാറുണ്ട് എന്നും. താരയുടെ ദേശാടനം ഒരിക്കലും ഋതുക്കള്‍ തിരിച്ചല്ല. അല്ലെങ്കില്‍ത്തന്നെ അതൊരു ദേശാടനം അല്ലല്ലോ. ഒരുതരം പറിച്ചുനടല്‍ ആണ്. വസന്തവും വര്‍ഷവുംതേടി ഒരു തിരിച്ചുപോക്ക് അവളുടെ കാര്യത്തില്‍ ഉണ്ടാവില്ല. എങ്കിലും എത്രതന്നെ പടര്‍ന്നുപന്തലിച്ചാലും വേരുകള്‍ അറിഞ്ഞും അറിയാതെയും വന്നിടത്തേക്കു പടര്‍ന്നു പോകുന്നു. എത്രതന്നെ കരുതിയിരുന്നാലും അസമയത്ത് പനിനീര്‍ചമ്പകങ്ങളും, ഹനുമാന്‍ കിരീടങ്ങളും കരള്‍പിളര്‍ത്തി പൂക്കുന്നു. പഴയ രുചികള്‍തേടി മൈലുകള്‍ ഡ്രൈവ് ചെയ്തു കറിവേപ്പിലയും വാഴയിലകളും വാങ്ങാന്‍ ഇന്ത്യന്‍ഷോപ്പുകള്‍തേടി പോകുകയും ചെയ്യുന്നു . അപ്പോഴും നമുക്കറിയാത്ത മറ്റൊരിടത്ത് നമുക്കറിയാത്ത ആളുകളെ സ്നേഹിക്കുകയും അവരില്‍ ഒരാളായി മാറുകയും ചെയ്യുന്നു. എങ്കിലും ഒരു പറിച്ചുനടലും പൂര്‍ണ്ണമല്ല എന്ന് താര വിശ്വസിച്ചു. കാരണം ചില വേരുകള്‍ക്കൊപ്പം ആത്മാവും മുറിഞ്ഞുപോകാറുണ്ട് എന്ന് അവള്‍ ഓര്‍ത്തു. പക്ഷെ ഉറങ്ങുവാന്‍ നേരം മോളും സഞ്ജയും കൂടി "എന്റെ അമ്മ" "എന്റെ താരാ" എന്ന്, പരസ്പരം മത്സരിച്ചു കൈകള്‍ കൊണ്ട് മുറുക്കി ശ്വാസംമുട്ടിച്ചു കളിക്കുമ്പോള്‍ താര ഓര്‍ക്കാറുണ്ട്, ഭൂമിയില്‍ എവിടെയായാലെന്ത്, സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുവാനല്ലാതെ ജീവിക്കുന്നതെങ്ങനെ! എന്റേത്, നിന്റേത്, അവരുടേത്, നമ്മുടേത്‌.. പല വാക്കുകളില്‍ കുരുക്കി വലിഞ്ഞുമുറുകുന്നു സ്നേഹം.

താര കൊണ്ടുവന്ന മെമ്മറിസ്റ്റിക്ക് ലാപ്‌ ടോപ്പിലേക്ക് കണക്ട് ചെയ്തുകൊണ്ട് സോഫിയ ചോദിച്ചു.
"അപ്പോളിത്തവണ എനിക്കിതു മാത്രമേയുള്ളൂ... വേറൊന്നുമില്ലേ?"

ഒരു കൊതിക്കാരീ എന്നാക്ഷേപിച്ചു കൊണ്ട് താര ബാഗില്‍നിന്നും ഒരു പാക്കറ്റ് ഉണ്ണിയപ്പവും ഒരു കുപ്പി നിറയെ ഉപ്പിലിട്ട നെല്ലിക്കയും പുറത്തേക്കെടുത്തു.
സോഫിയയുടെ മുഖത്തെ സന്തോഷം ആസ്വദിച്ചുകൊണ്ട്‌ അവള്‍ ചോദിച്ചു.
"ഇനിയെന്തെങ്കിലും ദുരാഗ്രഹം ബാക്കിയുണ്ടോ ഈ ഗര്‍ഭകാലത്ത്?"

"ഡാ, ഇതുപോലെ പറയുമ്പോ പറയുമ്പോ ഓരോന്നുണ്ടാക്കിത്തരാന്‍ നീയുണ്ടെങ്കില്‍ മൂന്നാമതൊരു ഗര്‍ഭംകൂടെ ചുമക്കാന്‍ ഞാന്‍ തയ്യാറാണ്"

സോഫിയയുടെ മറുപടി കേട്ട് " അതെ, അതെ, ഞാന്‍ കുപ്പിയില്‍നിന്നും വന്ന ഭൂതമാണല്ലോ" എന്ന് താര മറുപടി നല്കി.

ഒരു ഉണ്ണിയപ്പം വായിലിട്ടു ഉച്ചഭക്ഷണം മൈക്രോവേവ് ചെയ്യുന്നതിനിടയില്‍ സോഫിയ പറഞ്ഞു.
"നവംബര്‍ സെക്കന്റ്‌ വീക്ക്‌ തൊട്ടു എന്റെ ലീവ് തുടങ്ങും. ഒക്ടോബറിലെ ടിക്ക് ഷീറ്റ് ഞാന്‍ എന്‍ക്രിപ്റ്റ് ചെയ്തു നിനക്ക് മെയില്‍ ചെയ്യാം. കമ്പ്ലീറ്റ്‌ ചെയ്തു നീ അത് പോലെ തിരിച്ചയച്ചാല്‍ മതി. ഇവിടംവരെ വരണമെന്നില്ല... ഇനി എന്നെ കാണാന്‍ ഇടയ്ക്കിടക്ക് വീട്ടിലോട്ട് വന്നാ മതി. "

ചൂടായ ഭക്ഷണം മേശമേല്‍ എടുത്തു വയ്ക്കുമ്പോള്‍ സോഫിയ തുടര്‍ന്നു.
"സിക്സ് മന്ത്സ് ഈസ്‌ നോട്ട് ദാറ്റ്‌ ലോങ്ങ്‌ ... പക്ഷെ തിരികെ വരുമ്പോള്‍ പല റെസിഡണ്ട്സിനെയും ഞാന്‍ കാണില്ല. പ്രത്യേകിച്ച് ക്രിസ്മസ് അല്ലെ വരുന്നത്"

അതെ, ക്രിസ്തുമസ് ഓരോ അന്തേവാസികള്‍ക്കും പ്രതീക്ഷയുടെ കാലമാണ്. മക്കളും പേരക്കിടാങ്ങളും സമ്മാനപ്പൊതികളുമായി കാണാനെത്തുമെന്ന പ്രതീക്ഷ. അവരോടൊപ്പം ഒരുമിച്ചു ചിലവഴിക്കാന്‍ പോകുന്ന ദിവസങ്ങളെക്കുറിച്ച് മാത്രമായിരിക്കും ഇനിയുള്ള സ്വപ്നങ്ങള്‍. മഞ്ഞായ മഞ്ഞുകൊണ്ട് മൂടിയ ഭൂമിക്കു മുകളിലൂടെ സാന്തക്ലോസ് അപ്പൂപ്പന്‍, ജിംഗിള്‍ ബെല്‍സും പാടി ചിമ്മിനി വഴി ഇറങ്ങിവന്നു ക്രിസ്തുമസ് ട്രീക്ക് താഴെ സ്നേഹസമ്മാനങ്ങള്‍ പൊതിഞ്ഞു വയ്ക്കുന്ന വൈറ്റ് ക്രിസ്തുമസ്. പഴയ ക്രിസ്തുമസ് ഓര്‍മ്മകള്‍ അവരെ ഒരേ സമയം ഹരം കൊള്ളിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു . പ്രതീക്ഷകള്‍ ചിലരെ തളര്‍ത്തുകയും മറ്റു ചിലരെ ജീവിപ്പിക്കുകയും ചെയ്യുന്നു.ചിലരെ കാണാന്‍ ചിലരെത്തും. മറ്റു ചിലരാകട്ടെ പ്രതീക്ഷയുടെ അവസാനകിരണത്തോടൊപ്പം ഒടുവില്‍ അലിഞ്ഞില്ലാതാവും. അവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരുപിടി പൂക്കളള്‍ അര്‍പ്പിക്കാന്‍ വസന്തത്തെ ഏല്പിച്ചുകൊണ്ട് ശൈത്യവും പതിയെ മണ്ണോടലിഞ്ഞുചേരും. പുതിയ അന്തേവാസികളും ക്രിസ്തുമസും പിന്നെയും വരികയും പോവുകയുംചെയ്യും.

ചൂടാക്കിയ ഭക്ഷണം താരയുമായി പങ്കുവയ്ക്കുമ്പോള്‍ സോഫിയ പറഞ്ഞു.
"നിന്നെ അറിയിക്കാന്‍ എനിക്ക് രണ്ട് സാഡ് ന്യൂസ്‌ ഉണ്ട്. ഫോണ്‍ ചെയ്തപ്പോഴൊക്കെ പറയണമെന്ന് തോന്നിയിരുന്നു. പിന്നെ കരുതി നേരിട്ട് കാണുമ്പോള്‍ പറയാമെന്ന്."
ചോദ്യഭാവത്തില്‍ തന്നെ നോക്കിയ താരയെ നോക്കി ഒരിടവേളയ്ക്ക് ശേഷം സോഫിയ തുടര്‍ന്നു.

"ഒന്ന്... ക്രിസ്റ്റി മരിച്ചു. പ്രിന്സെസ്സ് മാര്‍ഗരറ്റില്‍ വച്ചുതന്നെയായിരുന്നു. രണ്ടാഴ്ചയായി. കുറച്ചു നാളായത്രെ മെഡിസിന് തീരെ റെസ്പോണ്ട് ചെയ്യാതെ... ഇനി രണ്ടാമത്തേത്, ഡെബ്ബിക്ക് ഇപ്പോള്‍ ഓര്‍മ്മ തീരെ കുറവാ... കുറച്ചു ദിവസം മുന്നേ തരക്കേടില്ലാത്ത ഒരു ന്യുമോണിയയും വന്നു. ഇന്ന് നിന്നെ തിരിച്ചറിയാന്‍ സാദ്ധ്യത വളരെ കുറവാണ്. സോ ഡോണ്ട് ബീ സാഡ് "

താന്‍ വാങ്ങിയ പൂവുകളുടെ നിറം പെട്ടെന്ന് മങ്ങിപ്പോയപോലെ തോന്നി താരക്ക്. എന്നിട്ടും " ഒരു കണക്കിന് നന്നായി" എന്ന് പറയാനാണ് ആ നേരം അവള്‍ക്കു തോന്നിയത്. താരയുടെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ട് സോഫിയ തുടര്‍ന്നു.
"ഷീ മേ നോട്ട് സര്‍വൈവ് ദിസ്‌ വിന്റെര്‍"
**********************************************

സോഫിയയോട് അപ്പോള്‍ അങ്ങനെ പറഞ്ഞെങ്കിലും, പൂക്കൂടയുമായി ഡെബ്ബിയുടെ മുറിയിലേക്ക് നടക്കുമ്പോള്‍ സോഫിയ പങ്കുവച്ച ഭക്ഷണവും വിശേഷങ്ങളും താരയ്ക്കുള്ളില്‍ ദഹിക്കാതെ കിടന്നു. മാസങ്ങള്‍ക്ക് മുമ്പ് അതേ വരാന്തയില്‍ വച്ചായിരുന്നു ഡെബ്ബി അവളെ പുറകില്‍നിന്നും വിളിച്ചത്. മുട്ടോളം മഞ്ഞു പെയ്തൊരു ദിവസത്തില്‍ പാതി വഴിയില്‍ നിന്നുപോയ ബസ്സിനെയും ശപിച്ചുക്കൊണ്ട്‌, കയ്യും കാലും മുഖവും മരവിച്ച് വന്നുകയറിയതേ ഉണ്ടായിരുന്നുള്ളൂ താര. കയ്യുറകള്‍ ഊരിയപ്പോള്‍, ചുവന്നു മരവിച്ച കൈകള്‍കണ്ട് താഴത്തെ നിലയിലെ കോഫി ഷോപ്പില്‍ കയറി ചൂടുള്ളതെന്തെങ്കിലും വാങ്ങിക്കഴിച്ചാലോ എന്നാലോചിക്കുകയായിരുന്നു അവള്‍ അപ്പോള്‍.

"ഡിഡ് യു സീ ക്രിസ്റ്റി?" പെട്ടെന്നായിരുന്നു പുറകില്‍ നിന്നൊരു ചോദ്യം. ചോദ്യം മനസ്സിലാകാത്തതിന് മാപ്പ് ചോദിച്ചു നിന്ന താരയോടു ഒന്നുകൂടെ വ്യക്തമായി അവള്‍ ചോദിച്ചു.
"ഡിഡ് യു സീ മൈ ക്രിസ്റ്റി?"
എന്റെ ക്രിസ്റ്റിയെ നീ കണ്ടോ എന്ന ആര്‍ദ്രമായ ആ ചോദ്യം താരയുടെ ഉള്ളില്‍ ഒരു നീറ്റലുണ്ടാക്കി. പഞ്ഞിപോലുള്ള തലമുടി. ചുളിവുകള്‍ വീണ മെലിഞ്ഞ ശരീരം. ക്രിസ്റ്റി അവള്‍ക്ക് വേണ്ടപ്പെട്ട ആരെങ്കിലും ആവണം. ഒരു പക്ഷെ മകള്‍, അല്ലെങ്കില്‍ സഹോദരി, അതുമല്ലെങ്കില്‍ പേരക്കുട്ടി.അതുമല്ല, ക്രിസ്റ്റി ഒരു സ്ത്രീ ആകണമെന്നേ ഇല്ല. അപ്പോള്‍ മകനായിരിക്കുമോ?

"ഷീ ടോള്‍ഡ്‌ മീ, ഷീ വില്‍ കം "
അപ്പോള്‍ 'അവനല്ല' 'അവള്‍' തന്നെ. ഓര്‍മ്മകളുടെ നൂലിഴകള്‍ മുറിഞ്ഞുപോയൊരു പാവം അന്തേവാസിയാവണം അവള്‍ എന്ന് താരയ്ക്ക് തോന്നി. മഞ്ഞ് അപ്പോഴും നിര്‍ത്താതെ പെയ്യുകയായിരുന്നു. മോളുടെ സ്കൂള്‍വിടുന്നതിനു മുന്നേ തിരിച്ചെത്തണം, സോഫിയയെ കണ്ടു പെട്ടെന്നിറങ്ങണം എന്നൊക്കെ ഓര്‍ത്ത് രക്ഷപ്പെടാനുള്ള ആഗ്രഹവും കൊണ്ട്
" ഉവ്വ , ഞാനവരെ കണ്ടിരുന്നു... ഗ്രോസെറി ഷോപ്പില്‍ ഉണ്ടായിരുന്നു. നിങ്ങളെ കാണാന്‍ ഉടനെ വരുമെന്ന് എന്നോടും പറഞ്ഞിരുന്നു" എന്നൊരു നല്ല നുണ താര തട്ടിവിട്ടു. ചേതമില്ലാത്ത ഒരു നുണ എന്ന് ആദ്യം തോന്നിയെങ്കിലും അവരുടെ കണ്ണിലെ പ്രതീക്ഷയുടെ ആഴങ്ങളില്‍ മുങ്ങി ആ തോന്നല്‍ പെട്ടന്നസ്തമിച്ചു. അപ്രതീക്ഷിതമായി അവരുടെ ആലിംഗനം കൂടിയായപ്പോള്‍ തന്റെ മറുപടിയില്‍ അവള്‍ക്കു പശ്ചാത്താപം തോന്നി.

അന്ന് ഉച്ചഭക്ഷണത്തിന് മുന്നേ ഇറങ്ങാനിരുന്നപ്പോള്‍ താര സോഫിയയോട് അവരെക്കുറിച്ച് ചോദിച്ചു. ഡെബ്ബി എന്ന പുതിയ അന്തേവാസി എല്ലാവരോടും അത് തന്നെയാണ് ചോദിക്കാറത്രെ. "നിങ്ങള്‍ എന്റെ ക്രിസ്റ്റിയെ കണ്ടോ?"
"അപ്പോള്‍ ക്രിസ്റ്റി ...?" ആരെന്നറിയാനുള്ള ആകാംക്ഷയില്‍ താര സോഫിയയോട് ചോദിച്ചു.
"ക്രിസ്റ്റി ഡെബ്ബിയുടെ മകളാണ്. അവരാണ് ഡെബ്ബിയെ ഇവിടെ കൊണ്ടുവിട്ടത്. പെട്ടെന്ന് തിരിച്ചുവരാമെന്ന് പറഞ്ഞു കാണണം. അതായിരിക്കണം ഇങ്ങനെ എല്ലായ്പോഴും ചോദിച്ചു കൊണ്ടിരിക്കുന്നത്" സോഫിയ പറഞ്ഞു.

താരക്ക് സങ്കടവും അമര്‍ഷവും തോന്നി.
മഹാപാപമായിപ്പോയി എന്ന അവളുടെ ആത്മഗതം കേട്ടപ്പോള്‍ സോഫിയ പറഞ്ഞു
"അതല്ലെടാ, അതല്ല... ക്രിസ്റ്റി ഇപ്പോള്‍ പ്രിന്‍സെസ്സ് മാര്‍ഗരറ്റില്‍ ആണ്. ട്രീറ്റ്മെന്റിന് പോകുന്നതിനു മുന്നേ അവള്‍ അമ്മയെ ഇവിടെ കൊണ്ടുവിട്ടതാണ്. വേറാരും ഇല്ല."
പ്രിന്‍സെസ്സ് മാര്‍ഗരറ്റ്... പ്രശസ്തമായ കാന്‍സര്‍ ഹോസ്പിറ്റല്‍.
"ഡെബ്ബിക്കറിയുമോ?" താര ചോദിച്ചു.
"ഇല്ല. ഒരു പക്ഷെ അവള്‍ ഇനി തിരിച്ചുവരുമോ എന്നുതന്നെ അറിയില്ല, അഡ്വാന്‍സ്ഡ് സ്റ്റേജ് ആണത്രേ". സോഫിയയുടെ മറുപടി അവളെ വേദനിപ്പിച്ചു.

"എന്റെ ക്രിസ്റ്റിയെ നീ കണ്ടോ?" എന്ന ചോദ്യം താരയെ ദിവസങ്ങളോളം പിന്തുടര്‍ന്നു. പിന്നീട് ലേയ്ക് വ്യൂവിലെക്കുള്ള അവളുടെ യാത്രകള്‍ ഡെബ്ബിയെ കൂടെ കാണുവാനുള്ളതായി.

പല പൂക്കൂടകള്‍, പല ആലിംഗനങ്ങള്‍... പല നുണകള്‍.
***********************************************

സോഫിയ പറഞ്ഞത് ശരിയായിരുന്നു. ഡെബ്ബി താരയെ തിരിച്ചറിഞ്ഞതേയില്ല. ബൊക്കെ പതിയെ മേശപ്പുറത്തു വയ്ക്കുമ്പോള്‍ ഡെബ്ബി താരയെ നോക്കി എന്തോ പറഞ്ഞത്, താളംതെറ്റിയ ശ്വാസനിശ്വാസങ്ങളില്‍ കുരുങ്ങിക്കിടന്നു. എങ്കിലും അത് ക്രിസ്റ്റിയെക്കുറിച്ചായിരുന്നില്ല എന്ന് താരയ്ക്കുറപ്പായിരുന്നു. ആദ്യമായി ഡെബ്ബി താരയോട് ക്രിസ്റ്റിയെക്കുറിച്ചൊന്നും ചോദിച്ചില്ല. മുറിഞ്ഞു പോകുന്ന വാക്കുകള്‍ക്കൊപ്പം ആ ശരീരം വിട്ടു ഓര്‍മ്മകള്‍ കനമില്ലാത്ത അപ്പൂപ്പന്‍താടികള്‍പോലെ പറന്നുപോവുകയാണെന്ന് താരയ്ക്ക് തോന്നി. ആ ഓര്‍മ്മകളില്‍നിന്നും ഒരു പക്ഷെ ക്രിസ്റ്റി മോചിതയായിരിക്കണം. താനും.

ഡെബ്ബിയും ക്രിസ്റ്റിയും തനിക്ക് ആരായിരുന്നു എന്ന് താര ഓര്‍ത്തു. ആരുമായിരുന്നില്ല. പൊയ്പോയ നാളുകളിലെങ്ങോ കുഞ്ഞുടുപ്പിട്ട് കയ്യിലൊരു പാവയുമായി തുള്ളിച്ചാടിനടന്ന നീലക്കണ്ണുള്ള പെണ്‍കുട്ടി, "എന്റെ അമ്മ, എന്റെ അമ്മ" എന്ന് വിളിച്ച് സ്നേഹിക്കപ്പെട്ട ഡെബ്ബി. "എന്റെ പഞ്ചാരക്കുട്ടി" എന്ന് കൊഞ്ചിക്കപ്പെട്ട ക്രിസ്റ്റി എന്ന മകള്‍. അവള്‍ താരക്ക് ആരുമായിരുന്നില്ല. പക്ഷെ ജന്മജന്മാന്തരങ്ങളായി അവള്‍ അമ്മയും മകളുമായിരുന്നു. പലയിടങ്ങളില്‍, പലകാലങ്ങളില്‍, പല രൂപങ്ങളില്‍ അവള്‍ അമ്മയും മകളുമായി സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്കിടയില്‍ താന്‍ ആരുമായിരുന്നില്ല. എന്നിട്ടും മറക്കപ്പെടുന്നതിന്റെ വേദന ചെറുതല്ല എന്നവള്‍ തിരിച്ചറിഞ്ഞു. തങ്ങള്‍ ഓരോരുത്തരും മറ്റുള്ളവരുടെ മറവിയുടെയോ മരണത്തിന്റെയോ ഗുഹാമുഖത്ത്‌ ഒരിക്കലും തിരിച്ചറിയാനാവാത്ത ഓര്‍മ്മകളായി ചിന്നിച്ചിതറിക്കിടക്കേണ്ടവരാണെന്ന സത്യം താരയെ പൊള്ളിച്ചു. ഒരുനാള്‍ മാഞ്ഞു മാഞ്ഞുപോകുന്ന ഓര്‍മ്മകള്‍.

ഇനിയൊരിക്കലും കാണുവാന്‍ സാദ്ധ്യതയില്ലാത്ത ഡെബ്ബിയെ ഒന്നാലിംഗനം ചെയ്യുകയോ നെറുകയില്‍ ഒരു ഉമ്മവയ്ക്കുകയോ ചെയ്യണമെന്നു താരക്ക് തോന്നി. എങ്ങനെ പ്രതികരിക്കുമെന്ന ഭയം കാരണം, വെളുത്ത പുതപ്പുകൊണ്ട് മൂടിയ കാലുകളെ പതുക്കെ തലോടുകമാത്രം ചെയ്തു. കരയില്ലെന്ന അവളുടെ വാശിയെ തോല്പിച്ചുകൊണ്ട് കണ്ണുകള്‍ നനഞ്ഞു.

"പോകുന്നതിനു മുന്നേ പറയാതിരിക്കുന്നതെങ്ങനെ.... ഞാന്‍ ഒരിക്കലും ക്രിസ്റ്റിയെ കണ്ടിട്ടേയില്ല. ചില വേദനകളെ കുറയ്ക്കുവാന്‍ പറഞ്ഞ നുണകള്‍ മാത്രമായിരുന്നു എല്ലാം... മാപ്പാക്കണം". അവള്‍ക്കുവേണ്ടി തനിക്ക് ചെയ്യുവാനുള്ള അവസാനത്തെ കാര്യം ആ ക്ഷമാപണം മാത്രമാണെന്ന് വിശ്വസിക്കാന്‍ അവള്‍ ശ്രമംനടത്തി.

ഒരു തവണ കൂടെ ഡെബ്ബിയെ നോക്കി താര പുറത്തേക്കിറങ്ങി. കൊഴിഞ്ഞ ഇലകളെ പറത്തിക്കൊണ്ട് പുറത്തു കാറ്റ് വീശുന്നു. ഒരു നിമിഷം കണ്ണുകള്‍ താഴെ പാര്‍ക്കിംഗ് ലോട്ടില്‍ ഉടക്കി. ഇലകള്‍ പൊഴിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ഷുഗര്‍ മേപ്പിളിനു* താഴെ കാര്‍ പാര്‍ക്ക് ചെയ്തു സഞ്ജയ്‌ കാത്ത് നില്ക്കുന്നു. പഴുത്ത ഇലകള്‍ താഴെ ഉതിര്‍ന്നു കിടന്നു. ഉപേക്ഷിക്കപ്പെട്ട ഓര്‍മ്മകള്‍ പോലെ.

-------------------------------------------

1. എയ്ഞ്ചല്‍ ഓഫ് മെര്‍സി*- വേള്‍ഡ് വാറില്‍ പങ്കെടുത്ത കാനേഡിയന്‍ നഴ്സുമാര്‍
2. ഷുഗര്‍ മേപ്പിളിനു* - ഒരിനം മേപ്പിള്‍ മരം

Subscribe Tharjani |