തര്‍ജ്ജനി

മുഖമൊഴി

പ്ലസ് ടു എന്ന ശര്‍ക്കരക്കുടം


കടപ്പാട് : റിപ്പോര്‍ട്ടര്‍ ടി.വി.

ശര്‍ക്കരക്കുടത്തില്‍ കയ്യിട്ടാല്‍ ആരും തന്നെ സ്വന്തം കൈ നക്കാതിരിക്കില്ലെന്ന് നമ്മുടെ ചൊല്ലാണ്. ശര്‍ക്കരയുടെ മധുരം പുരണ്ട കൈ വെടിപ്പാക്കുന്നതിന് മുമ്പ് ഇത്തിരി ആ മധുരം നുണയാതിരിക്കുന്നതെങ്ങനെ? ശര്‍ക്കരക്കുടത്തില്‍ കയ്യിടാന്‍ അവസരം കിട്ടാതിരിക്കുന്നവരെ അത് അസൂയപ്പെടുത്തിയേക്കാം. വെറുതെ കഴുകി വെള്ളത്തില്‍ അലിയിച്ച് കളയുന്നതിനേക്കാള്‍ നല്ലതല്ലേ ഇത്തിരി മധുരം നുണയുന്നത്? എല്ലാവരും ജീവിതത്തില്‍ മധുരം നിറയ്ക്കാനല്ലേ ആഗ്രഹിക്കുക? കയ്പുനീരുകുടിക്കാന്‍ ആരാണ് മോഹിക്കുക? അധികാരത്തിന്റെ ശര്‍ക്കരക്കുടം സ്വന്തം കയ്യിലെത്തിയിട്ട് അത് വെറുതെ വെച്ചിരിക്കാന്‍ ആര്‍ക്കാണ് മനഃസംയംമനം പാലിക്കാനാവുക? അധികാരത്തില്‍ എത്തുന്നത് തന്നെ ഈ ശര്‍ക്കരക്കുടം കയ്യിലെത്തുമെന്നതിനാലാണ്. അഞ്ചുകൊല്ലക്കാലം ശര്‍ക്കക്കരക്കുടത്തില്‍ കയ്യിട്ടും നക്കിയും നുണഞ്ഞും കഴിയാം. അടുത്ത അഞ്ച് വര്‍ഷം വിശ്രമിച്ചാലും തൊട്ടടുത്ത അഞ്ച് വര്‍ഷം വീണ്ടും ശര്‍ക്കരക്കുടം നമ്മുക്കുതന്നെ കിട്ടുമെന്ന് ഏതാണ് ഉറപ്പാണ്. പിന്നെന്തിനാണ് മടിക്കുന്നത്? ശര്‍ക്കരക്കുടത്തില്‍ കയ്യിട്ടതിനോ, കയ്യില്‍പ്പുരണ്ട ശര്‍ക്കര നുണഞ്ഞതിനോ നക്കിയതിനോ ആയുഷ്ക്കാലം അധികാരം നിഷേധിക്കപ്പെടുന്ന അവസ്ഥയില്ല്ല്ലല്ലോ. പിന്നെന്തിന് അധീരത? എന്തിന്നധീരത, ഇപ്പോള്‍ തുടങ്ങണം എന്ന് പഴയ ഒരു പരിഷത്ത് പാട്ടില്ലേ? അപ്പോള്‍ അങ്ങനെത്തന്നെ.

ദേശീയരാഷ്ട്രീയകക്ഷികള്‍ പ്രാദേശികക്ഷികളെക്കാള്‍ കേമത്തമുള്ളവരാണ് എന്നൊരു ധാരണയുണ്ട്. പ്രാദേശികന്മാര്‍ വല്ലവിധേനയും അധികാരത്തില്‍ കേറി അതിന്റെ സുഖസൌകര്യങ്ങള്‍ അനുഭവിക്കാന്‍ മാത്രമുള്ളവരാണെന്നും ദേശീയന്മാര്‍ ദേശീയകാഴ്ചപ്പാടും രാജ്യതാല്പര്യവും വികസനകാഴ്ചപ്പാടും ഉള്ളവരാണെന്നാണ് പറച്ചില്‍. പ്രാദേശികപാര്‍ട്ടികള്‍ അഖിലേന്ത്യാ .... എന്നെല്ലാം പേരിടും. തികഞ്ഞ വര്‍ഗ്ഗീയവാദികള്‍ പാര്‍ട്ടിക്ക് പേരിടുമ്പോള്‍ സെക്കുലര്‍ എന്നെല്ലാം ചേര്‍ക്കും. അങ്ങനെയുള്ള ഒരു രാജ്യത്തില്‍ വലിയകാര്യങ്ങള്‍ ആര്‍ക്കും അവകാശപ്പെടാവുന്നതാണ്. ഇത്തരം വലിയ വര്‍ത്തമാനം പറയുന്നതിന് വലിയ പ്രയാസമില്ല. പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ പൊരുത്തം വേണം എന്ന് രാഷ്ടീയത്തില്‍ ഇല്ലല്ലോ. പിന്നെന്താണ് പ്രശ്നം?

പ്രാദേശികന്മാര്‍ സങ്കുചിതതാല്പര്യക്കാരാണെന്നതിനാല്‍ വിദ്യാഭ്യാസം ദേശീയകക്ഷികള്‍ തന്നെ ഭരിക്കണം എന്ന് മുമ്പൊക്കെ നമ്മുടെ നാട്ടിലെ രാഷ്ട്രീയനിരീക്ഷകരായ ബുദ്ധിജീവികള്‍ പറയാറുണ്ടായിരുന്നു. അതിനുള്ള തന്റേടം കാണിച്ചത് ഇടതുപക്ഷക്കാരായിരുന്നു. അവരുടെ കൂട്ടത്തിലെ പ്രശസ്തബുദ്ധിജീവിയായ എം. എ. ബേബിയെ വിദ്യാഭ്യാസം ഏല്പിച്ചു. യുഡിഎഫുകാരാവട്ടെ നേര്‍ച്ചയാണെന്നതുപോലെ വിദ്യാഭ്യാസം പച്ചപുതപ്പിക്കും. കാലാകാലങ്ങളായി അങ്ങനെയാണ്. ഇത്തവണയും അങ്ങനെ തന്നെ സംഭവിച്ചു. ബേബിയും സഖാക്കളും ചുവപ്പണിയിക്കുമ്പോള്‍ ലീഗുകാര്‍ പച്ചപുതപ്പിക്കും. ബാക്കിയെല്ലാം സമം തന്നെ. കയ്യില്‍ കിട്ടുന്നത് സെല്‍ഫ് ഫിനാന്‍സിംഗ് കോളേജോ, പ്ലസ് ടു കോഴ്സ് അനുവദിക്കലോ, എന്തായാലും ആഘോഷിക്കുക തന്നെ. ഇത്തരം കാര്യങ്ങളുടെ ഇടനിലക്കാര്‍ മാറുമെന്നതല്ലാതെ ബാക്കിയെല്ലാം ഒരുപോലെ ഇരിക്കും. അങ്ങനെ ഇരിക്കാനല്ലെങ്കില്‍ പിന്നെന്തിനാണ് കഷ്ടപ്പെട്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുന്നത്? ജയിച്ച് അധികാരം കയ്യില്‍ വന്നിട്ടുവേണം ഇത്തരം പരിപാടികളില്‍ മുഴുകാന്‍. അധികാരം ദുഷിക്കും, പരമാധികാരം പരമമായി ദുഷിക്കുമെന്നത് രാഷ്ട്രമീമാംസയിലെ പ്രശസ്തമായ ചൊല്ലാണ്. അധികാരം ദുഷിക്കുന്നതിന്റെ ഒരു വഴി അഴിമതിയാണ്. അതാണ് രാജപാത. അതിന്റെ ഇടവഴികള്‍ മാത്രമാണ് ബാക്കിയെല്ലാം. സ്വജനപക്ഷപാതവും താന്‍പ്രമാണിത്തവുമെല്ലാം അഴിമതിക്ക് ശക്തിപകരാനുള്ളതാണ്. അങ്ങനെയല്ലാത്ത ഭരണം വേണമെന്ന് ആദര്‍ശവാദികള്‍ക്ക് മോഹിക്കാം. അഴിമതിക്കെതിരെ പോരാടുന്ന ആം ആദ്മികളെ അധികാരത്തിലെത്തിക്കാം. പക്ഷെ അരവിന്ദ് കെജ്രിവാള്‍ ദില്ലിയില്‍ അധികാരം ഉപേക്ഷിച്ച് ഇറങ്ങിപ്പോന്നതോടെ, ആദര്‍ശവും അഴിമതിവിരുദ്ധതയുമെല്ലാം പ്രസംഗിക്കാനും വിമര്‍ശിക്കാനുമേ കൊള്ളാവൂ, പ്രായോഗികതയാണ് നോക്കേണ്ടതെന്ന നിലപാടിലാണ് പൊതുജനം അഭയം പ്രാപിക്കുക. പ്രായോഗികതയെന്നാല്‍ തന്‍കാര്യം സാധിക്കാനുള്ള അവസ്ഥയെന്നതാണ് അതിന്റെ വിവക്ഷ.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മലബാറിന്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയുടെ തെളിവായി ഉത്തരകേരളത്തിലെ മൊത്തം പ്ലസ് ടു സീറ്റുകളുടെ എണ്ണവും അപേക്ഷകരുടെ എണ്ണവും എടുത്തുകാണിച്ച് കാംപയില്‍ നടത്തുകയും സമരം നയിക്കുകയും ചെയ്തിരുന്ന കാര്യം ഓര്‍ക്കുക. പക്ഷെ അക്കാലത്ത് പരക്കെ പ്ലസ് ടു കോഴ്സുകള്‍ തുടങ്ങിയില്ല. ഒരു സ്കൂളില്‍ പുതുതായി ഒരു കോഴ്സ് തുടങ്ങുന്നതും നിലവിലുള്ള കോഴ്സില്‍ അധികസീറ്റ് അനുവദിക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. അധികസീറ്റ് പരിമിതമായ അളവില്‍ മാത്രമേ സര്‍ക്കാരിന്റെ ഭാഗത്ത് ചെലവ് വര്‍ദ്ധിപ്പിക്കുകയുള്ളൂ. പുതുതായി കോഴ്സ് ആരംഭിക്കുമ്പോള്‍, അടിസ്ഥാനസൌകര്യവികസനം, അദ്ധ്യാപകനിയമനം എന്നിങ്ങനെ വാര്‍ഷികബഡ്ജറ്റില്‍ വര്‍ദ്ധനവരുത്തുന്ന ചെലവിനങ്ങള്‍ കടന്നുവരികയാണ്. സര്‍ക്കാരിന് ചെലവില്ലാത്തവിധത്തിലും കാര്യം നടത്താനുള്ള സംവിധാനം ഇപ്പോഴുണ്ട്. അതാണ് സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്സുകള്‍. എയിഡഡ് മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ചില കോഴ്സുകള്‍ സെല്‍ഫ് ഫിനാന്‍സിംഗായി അനുവദിക്കുക!! അപ്പോള്‍, ആ കോഴ്സ് നടത്താനുള്ള ചെലവ് കോഴ്സ് നടത്തുന്നവര്‍ സ്വയം കണ്ടെത്തിക്കോളണം. വിദ്യാര്‍ത്ഥികളില്‍ നിന്ന് സംഭാവനയെന്ന പേരില്‍ നിയമവിരുദ്ധമായ ക്യാപിറ്റേഷന്‍ ഫീസ് വാങ്ങുകയെന്നതാണല്‍ അതിന് അനുവര്‍ത്തിക്കുന്ന പരിപാടി. എയിഡഡിലെ സ്റ്റഫിന്റെ ശമ്പളം സര്‍ക്കാരാണ് നല്കുന്നത്. അവിടത്തെ നിയമനം സ്കൂള്‍മുതലാളിമാര്‍ നടത്തും. അങ്ങനെ നടത്തുന്ന നിയമനങ്ങള്‍ക്കല്‍ കനത്ത കോഴയും വാങ്ങും. തല്ക്കാലം പുതിയ പോസറ്റുകള്‍ അനുവദിക്കാതിരിക്കുക, കരാര്‍പണിക്കാരായി അദ്ധ്യാപകരെ നിയമിക്കുക.... തൊഴിലുറപ്പുകാരെപ്പോലെ അവരെടുത്ത പണിക്ക് കൂലി കൊടുത്തുപറഞ്ഞുവിടാം. സേവന-വേതനവ്യവസ്ഥയൊന്നുമില്ല!!! ഹാ, എത്ര മനോഹരമായ അവസ്ഥ!!! നാട്ടിലാണെങ്കില്‍ തൊഴിലില്ലാപ്പട ജോലിവല്ലതും കിട്ടാനായി കാത്തുകിടപ്പുണ്ട്. ആകാവുന്നത്ര അവരെയെല്ലാം പിഴിയാം. ആരും ചോദിക്കില്ല. കാരണം അത് നാട്ടുനടപ്പായിക്കഴിഞ്ഞിട്ടുണ്ട്. നായനാര്‍സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷക്കാര്‍ വന്‍തോതില്‍ നടപ്പില്‍വരുത്തിയ വിപ്ലവം എന്ന നിലയിലും സ്വന്തമായി അത്തരം സ്ഥാപനങ്ങള്‍ പാര്‍ട്ടിക്കാര്‍ നടത്തുന്നതിനാലും വിപ്ലവകാരികള്‍ ആരും അനങ്ങില്ല.

വിദ്യാര്‍ത്ഥിപ്രവേശനത്തിന് കോഴ, അദ്ധ്യാപകരുടെയും ജീവനക്കാരുടെയും നിയമനത്തിന് കോഴ, കെട്ടിടംനിര്‍മ്മാണത്തില്‍ തരികിട, സാധനങ്ങള്‍ വാങ്ങുന്നതില്‍ തരികിട... അങ്ങനെ വിദ്യാഭ്യാസം പണമുണ്ടാക്കക്കാനുള്ള കച്ചവടമായിമാറിയിട്ട് കാലം കുറച്ചായി. അതിന് പാകത്തില്‍ വലിയ മാറ്റമൊന്നും നിയമത്തില്‍ വന്നിട്ടില്ല. നിയമം നടപ്പിലാക്കുന്നതിലും കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിലും ഉള്ള അയഞ്ഞസമീപനത്തിലൂടെ നടത്തുന്ന അഴിമതികളാണ് വിദ്യാഭ്യാസരംഗത്തെ പ്രശ്നത്തിന് കാരണം. അത്തരം പഴുതുകളിലൂടെ പണമുണ്ടാക്കാനാണ് പ്ലസ് ടു കോഴ്സുകള്‍ അനുവദിക്കുന്നതില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവുന്നതും ക്രമവിരുദ്ധമായ കാര്യങ്ങള്‍ നടന്നതും. ഇപ്പോള്‍ പുതിയ പോസ്റ്റില്ല, എല്ലാം കരാര്‍പണിക്കാര്‍ മാത്രമെന്ന് പറഞ്ഞാലും സ്വാധീനം ഉപയോഗിച്ചും പഴുതുകള്‍ ഉപയോഗിച്ചും കരാര്‍ നിയമനത്തെ സ്ഥിരമാക്കാനും കോഴവാങ്ങാനും സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണല്ലോ കോഴ്സുകള്‍ സംഘടിപ്പിക്കുന്നത്. കോടതി ഇടപെട്ട് സര്‍ക്കാര്‍ തീരുമാനം മാറ്റിയാവും പ്രശ്നമില്ല. അടുത്തവര്‍ഷം ക്രമപ്രകാരമാക്കി അവര്‍ക്ക് കോഴ്സ് നല്കാം. ആരില്‍നിന്നെങ്കിലും കോഴ്സ് അനുവദിക്കാനായി ആരെങ്കിലും വല്ലതും കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ അതൊന്നും തിരിച്ചുകൊടുക്കേണ്ടതായൊന്നും വരില്ല, അത് അത്ര തിട്ടമാണ്. പിന്നെന്തിന് ചക്കരക്കുടത്തില്‍ കയ്യിടാതിരിക്കണം? നക്കാതിരിക്കണം?

Subscribe Tharjani |