തര്‍ജ്ജനി

ബിനു ആനമങ്ങാട്

എടത്രത്തൊടി വീട്,
തൂത തപാല്‍,
മലപ്പുറം ജില്ല. 679 357
ഇ മെയില്‍: afgaar@gmail.com

Visit Home Page ...

കവിത

Crush the bottle after use അഥവാ ഓര്‍മ്മകള്‍ ചാവേറുന്ന ആകാശക്കപ്പല്‍

കുടിനീരിനും ലഹരിയ്ക്കും മാത്രമല്ല,
ആകാശപ്പക്ഷിയ്ക്കും
മീന്‍ കൊത്തിപ്പറവേ നിന്റെ പേരെന്ന
കണ്‍ മിഴിക്കലില്‍
ഒരാന്തല്‍ തിളച്ചുപറക്കുന്നു.
ഓര്‍ക്കുംമുമ്പേ മറക്കുന്ന
പ്രത്യുത്തരവേളകളും
മറക്കുന്തോറുമോര്‍ക്കുന്ന പാഴിടങ്ങളും
മേഘങ്ങളില്‍ ചിതറിത്തെറിയ്ക്കുന്നു.

ചിറകിനേക്കാള്‍ വേഗത്തില്‍
വീശിയടിയ്ക്കുന്ന തേരില്‍,
എന്റെ മാത്രം തേരില്‍,
മേഘത്തണുപ്പ്,..
ഏയ് അല്ലല്ല, മേഘച്ചൂട്....
തപമുരുക്കാന്‍
താപശമനത്തിന്റെ നീർപ്പാച്ചില്‍.

നീ നീട്ടുന്ന പച്ചിലത്തുരുത്തുകളെക്കാള്‍
എനിയ്ക്കു ബോധ്യം
എന്റെ മാത്രം കരിയിലക്കാടുകളാണെന്ന്
ഈ പഞ്ഞിത്തുണ്ടുകളെ സാക്ഷിയാക്കി
ഞാനാണയിടുന്നു.
നിന്റെ മഴയില്‍,
ആ മഴ ഞാനെന്ന നിന്റെ ബോദ്ധ്യത്തില്‍,
എന്റെ മഴക്കാടുകള്‍
കരിഞ്ഞുലയുന്നു.
വേനല്‍ പൂത്ത നീലമേഘങ്ങളില്‍
മനസ്സൊളിപ്പിയ്ക്കുന്നു.

എനിയ്ക്കറിയാം,
വിറവറ്റും മുമ്പേ
താഴെ
നീയുണ്ടാകും...
ആയിരമായിരം എട്ടുകാലികള്‍
ഒന്നിച്ചുനെയ്ത വലകളില്‍
നക്ഷത്രങ്ങള്‍ കൂടുകൂട്ടിയപോലെ
രാനഗരമേ,
നീ,…
നിന്റെ ആകാശക്കാഴ്ചകളും…
കുരുങ്ങുന്ന ശ്വാസത്തിനും
പിടയുന്ന പ്രാണനും നടുവില്‍
തിളയ്ക്കുന്ന സ്വപ്നത്തിന്റെ
അവസാനത്തെയിറ്റ്!

മേഘങ്ങളുടെ ചതുരജാലകങ്ങളില്‍ നിന്ന്,
സബര്‍ബന്‍,
നിന്റെ ഉരുക്കുപാളങ്ങളുടെ നിസ്സഹായതയിലേയ്ക്ക്
പറിച്ചുനടുമ്പോള്‍
ചങ്കിടിയ്ക്കുന്ന കല്‍ക്കഷ്ണങ്ങളില്‍
ജീവിതം പൊള്ളിത്തരിയ്ക്കുന്നു.
ഉപയോഗശേഷം
നശിപ്പിയ്ക്കയെന്ന ലേബലില്‍
മടിയിലെത്തുന്ന സാമ്രാജ്യത്തിന്റെ
തിളക്കവും മിനുസവും
ഓര്‍മ്മകളുടെ ചവറ്റുകൂനയിലേയ്ക്കു
വലിച്ചെറിയപ്പെടുന്നു.
മുലപ്പാല്‍ വറ്റിയ അമ്മമാര്‍
പാല്‍ക്കുപ്പികള്‍ വലിച്ചെറിയുന്നതെവിടെയാകുമെന്ന്
ഓര്‍ത്തോര്‍ത്തു ചങ്കിടിപ്പേറുന്നു.
ഓര്‍മ്മയുടെ ഓരോ വളവിലും മനസ്സുടക്കി
ഇല്ലായ്മകളുടെ അബോധത്തിലേയ്ക്ക്
ഞാന്‍ തിരികെയെത്തുന്നു.

എനിയ്ക്കുവേണ്ടാ ഈ തണല്‍പ്പടര്‍പ്പെന്ന്
നിഷേധത്തിന്റെ അമ്ലവര്‍ഷങ്ങളില്‍
മുളകുപാടങ്ങളുടെ തീക്ഷ്ണഗന്ധത്തെ
കോരിയെടുക്കുന്നു.
വെയില്‍മഴകളില്‍ നിന്ന്
ആലിപ്പഴങ്ങള്‍ പെറുക്കിക്കൂട്ടിയ
നിധികാക്കും ഭൂതം
ഇന്നലെയുടെ
കരിയിലച്ചതുപ്പില്‍ പുതഞ്ഞു പോകുന്നു.
പറയപ്പെടാത്തൊരു വാക്കിന്റെ
ആഴങ്ങളില്‍
ഞാനന്ധയാകുന്നു!!

Subscribe Tharjani |