തര്‍ജ്ജനി

യാക്കോബ് തോമസ്

മലയാളവിഭാഗം,
ഗവ. കോളേജ്,
കട്ടപ്പന.

Visit Home Page ...

ലേഖനം

പെണ്ണുങ്ങളുടെ കാവ്യവും നോവല്‍ബുക്കും; അഥവാ പെണ്ണിനെയും ആണിനെയും ഉണ്ടാക്കുന്നവിധം

സ്ത്രീ ജനിക്കുകയല്ല, പിന്നീട് നിര്‍മ്മിക്കപ്പെടുകയാണെന്ന വിഖ്യാതമായ സിമോണ്‍ ദ് ബുവ്വാറിന്റെ നിരീക്ഷണം നമ്മുടെ സാമുഹ്യഘടനയിലെ ഓരോ അടരുകളും പരിശോധിച്ചാല്‍ കാണാവുന്ന ഒന്നാണ്. സ്ത്രീ ഗര്‍ഭം ധരിക്കുന്നതുമുതല്‍ ആണ്‍/ പെണ്‍ കേന്ദ്രീകരിച്ചു നടത്തുന്ന വ്യവഹാരങ്ങളും ക്രമീകരണങ്ങളും തുടര്‍ന്നുള്ള ജനിക്കലും കുട്ടിയെ പരിപാലിക്കലും ഊന്നുന്നത് പെണ്ണോ ആണോ എന്ന വിഭജനത്തിലാണ്. ജനിച്ചുവീഴുന്ന കുട്ടിയുടെ ലിംഗഭേദമനുസരിച്ചല്ല പിന്നീട് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. മറിച്ച്, സവിശേഷമായ ലിംഗഭേദത്തിലേക്കു ജനിച്ചുവീഴുന്നതിലൂടെയാണ് ലിംഗംപോലും നിര്‍ണ്ണയിക്കപ്പെടുന്നതെന്ന ഉത്തരാധുനിക സ്ത്രീവാദനിരീക്ഷണമാണ് ഇത് വ്യക്തമാക്കുന്നത്. അപകടകരമായനിലയില്‍ ലിംഗപദവിയുടെ കോയ്മ ആന്തരീകരിക്കപ്പെട്ട നമ്മുടെ സാമുഹ്യഘടന എല്ലാമേഖലയെയും നിര്‍വ്വചിക്കുന്നതും ക്രമീകരിക്കുന്നതും ഈ ലിംഗഭേദത്തിലൂന്നിയാണ്. ബുവ്വാറിന്റെ വ്യാഖ്യാനത്തെ പിന്താങ്ങിക്കൊണ്ട് ആണുങ്ങളും ജനിച്ചുവീഴുകയല്ല പിന്നീട് നിര്‍മ്മിക്കപ്പെടുകയാണെന്ന് ആണത്തപഠിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ജൈവികമായതല്ല, ശരീരവും ലിംഗവും. മറിച്ച്, സാമൂഹികവ്യവഹാരങ്ങളിലൂടെ രൂപപ്പെടുന്നതാണെന്നുള്ള വസ്തുതയിലേക്കാണ് ഈ അന്വേഷണം നീളുന്നത്.

ഈ ലിംഗത്തിന്റെ നിര്‍മ്മാണം എങ്ങനെയാണ് നമ്മുടെ സമൂഹത്തില്‍ നടക്കുന്നത്? അതെങ്ങനെയാണ് നിത്യജീവിതത്തിലേക്ക് ആഴ്ന്നിറങ്ങുന്നത്? ചരിത്രപരമായി എങ്ങനെയാണ് ഇത് നിര്‍വ്വവഹിക്കപ്പെട്ടത്? ഇത് നിര്‍വ്വീര്യമാക്കുക സാദ്ധ്യമാണോ തുടങ്ങി നിരവധി ചോദ്യങ്ങളിലേക്കാണ് ഇത് വികസിക്കുന്നത്. ഈ ലിംഗചരിത്രത്തെ നോക്കിയാല്‍ ആണിനെക്കാളുപരി പെണ്ണിനെ സവിശേഷമായി നിര്‍വ്വചിക്കാനും മെരുക്കാനും ആണിനുകീഴെ നിര്‍ത്താനും വ്യവഹാരങ്ങള്‍ പാടുപെടുന്നതായിക്കാണാം. ആണത്തത്തെ സ്വതന്ത്രമാക്കുകയും പെണ്ണത്തത്തെ വല്ലാതെ മെരുക്കുകയും ചെയ്യുന്ന തന്ത്രത്തിലൂടെയാണ് ഈ ലിംഗനിര്‍മ്മാണം നടത്തുന്നത്. യഥാര്‍ത്ഥത്തില്‍ പെണ്ണിനെ മാത്രമാണ് ഇവിടെ പ്രത്യേകമായി നിര്‍മ്മിക്കുന്നത്. ആണ്‍ അധീശപരമായ ഒരു ഘടനയായി നില്ക്കുകയാണ്. ചരിത്രപരമായി, പെണ്ണ് ദുര്‍ബ്ബലയാണെന്നും വികാരവതിയും ബുദ്ധിയില്ലാത്തവളുമാണെന്നും പറഞ്ഞ് പെണ്ണിനെ നിര്‍മ്മിക്കാനാണ് ശ്രമം. കലയും സാഹിത്യവും മറ്റ് മേഖലകളും ഭരണകൂടവും പെരുമാറുന്നത് ഈ വ്യവഹാരങ്ങളാണ്. ഇപ്പോഴും മലയാളിയുടെ ചര്‍ച്ചാവിഷയമായ സാഹിത്യത്തിലെ രണ്ട് നിഷ്കളങ്കവ്യവഹാരങ്ങള്‍ ഈ പശ്ചാത്തലത്തില്‍ പുനഃപരിശോധന അര്‍ഹിക്കുന്നു.

1

പെണ്ണുങ്ങളുടെ കാവ്യം

മലയാളിയുടെ സാഹിത്യസംസ്കാരത്തിന്റെ അടിത്തറയാണ് എഴുത്തച്ഛനും ചെറുശ്ശേരിയും. ഇവരെ തമ്മില്‍ ചേര്‍ത്തുവച്ചുള്ള ചര്‍ച്ചകളും നിര്‍വ്വചനങ്ങളും പരസ്പരം ഇണങ്ങാത്ത വിരുദ്ധരായ കണ്ണികളാണെന്ന മട്ടിലാണ് ചിത്രീകരിക്കുന്നത്. ഇതില്‍ എഴുത്തച്ഛനെ ആണായും ചെറുശ്ശേരിയെ പെണ്ണായുമായാണ് നിര്‍വ്വചിച്ചിരിക്കുന്നതെന്നതാണ് പ്രധാനം. മലയാളഭാഷയുടെ പിതാവായി എഴുത്തച്ഛനെ പ്രതിഷ്ഠിച്ചതില്‍ പ്രവര്‍ത്തിക്കുന്നത് ഭാഷാപരമായ കാരണങ്ങളല്ലെന്നും സാംസ്കാരികമായവയാണെന്നും ഇത് പരിഗണിക്കുമ്പോള്‍ വ്യക്തമാകും. ലിംഗപദവിയെങ്ങനെ നെയ്തെടുക്കുന്നുവെന്ന പ്രശ്നം കൃത്യമായി ഇവിടെ കാണാം. ചില നിരൂപണങ്ങള്‍ നോക്കുക:

"ഇങ്ങനെ പാട്ടുപ്രസ്ഥാനത്തില്‍ അന്നുവരെ ഉണ്ടായിരുന്ന അവശ്യംഭാവിയായ പരിണാമമാണെങ്കില്‍പ്പോലും ഓജസ്സും അന്തസ്സുമുറ്റ ഞെട്ടും കാമ്പുമുറച്ച കാര്യക്ഷമമായ ഒരു ഒരു പദ്യഭാഷ കാവ്യഭംഗിയും ഭാവഗാംഭീര്യവും വിചാരൗല്‍കൃഷ്ടവും തികഞ്ഞ രണ്ടു ബൃഹല്‍ക്കാവ്യങ്ങളുടെ ഉരുത്തിരിയുകയും ....... എഴുത്തച്ഛനോടുകൂടെ മലയാള ഭാഷമാത്രമല്ല മലയാളസാഹിത്യവും അപക്വാവസ്ഥ നിശ്ശേഷം വിട്ട് തനിക്കുതാന്‍ പോരിമയിലേക്കു നീങ്ങുന്നു. ആത്മവിശ്വാസത്തോടും തികഞ്ഞ മനോനിയന്ത്രണത്തോടും കൂടി ജീവിതത്തിന്റെ ഭൗതികവും ആദ്ധ്യാത്മികവുമായ തലങ്ങളിലെ അനുഭൂതിസാരങ്ങളെ ഗൗരവബുദ്ധ്യാ വിശാലമായ ജനസാമാന്യത്തിനുവേണ്ടി ആവിഷ്കരിക്കാന്‍ പോരുന്ന വൈഭവം മലയാളസാഹിത്യം നേടിയെടുത്ത സന്ദര്‍ഭമായിരുന്നു അത് ".(എന്‍. കൃഷ്ണപിള്ള: കൈരളിയുടെ കഥ (അടിവര ലേഖകന്റേത്).

മലയാളത്തില്‍ വടക്കന്‍പാട്ടുകളൊഴിച്ച് മറ്റൊരു കാവ്യവിഭാഗവും ഒരുകാലത്തും കൃഷ്ണഗാഥയോളം സരളമോ ലളിതമോ ആയി ബഹുജനത്തിനനുഭവപ്പെട്ടിട്ടില്ല. അതിന്റെ സാരള്യവും ലാളിത്യവുമാണ് ഒരു കനപ്പെട്ട കൃതിയായി എണ്ണാന്‍ പണ്ഡിതന്മാര്‍ക്ക് വൈമുഖ്യം ഉണ്ടാക്കിയതെന്ന് കരുതേണ്ടിയിരിക്കുന്നു. ചെറുശ്ശേരിയുടെ എരിശ്ശേരിയില്‍ കഷണമില്ല എന്ന ആരോപണം ഈ കനക്കുറവു സൂചിപ്പിക്കുന്നു. സ്ത്രീകള്‍ക്കുവേണ്ടി നിര്‍മ്മിച്ച കാവ്യം എന്നൊരു നസ്യം കൂടി അതിന്റെ നേരെ തൊടുത്തുവിട്ടിട്ടുണ്ട് ..... ഭഗവദ്ഗീത,ഭാരതമാല, കണ്ണശ്ശരാമായണം, ഇവയോടു നിരപ്പൊത്തുപോകുന്ന ദര്‍ശനഗൗരവം കൃഷ്ണഗാഥയ്ക്കില്ല (എം. ലീലാവതി, മലയാള കവിതാസാഹിത്യചരിത്രം).

കൃഷ്ണഗാഥാകാരന്റെ മഞ്ജരിക്കു ലാളിത്യം കാണും. പക്ഷേ കനം കുറയും.... അടിയുറപ്പും അന്തസ്സുമുള്ള ഒരു ക്ലാസിക് പ്രസ്ഥാനം കിളിപ്പാട്ടില്‍ക്കൂടി ഭാഷയിലുടലെടുത്തു (കെ. എം. ജോര്‍ജ്ജ്).

മലയാളത്തില്‍ ഇവരെക്കുറിച്ചുള്ള എല്ലാ നിരൂപണങ്ങളും ഇത്തരത്തിലാണ്. നിരന്തരം ആവര്‍ത്തിക്കുന്ന ഈ നിരൂപണങ്ങള്‍ പറഞ്ഞുവയ്ക്കുന്നത്, ചെറുശ്ശേരിയാണ് ആദ്യകവിയെങ്കിലും എഴുത്തച്ഛനാണ് ശരിയായ കവി. മലയാളഭാഷയുടെ പിതാവാണദ്ദേഹം. ചെറുശ്ശേരിയുടെ കവിതകള്‍ക്കു ചില ന്യൂനനതകളുണ്ട്. അതിന്റെ സ്ത്രൈണതയാണ് ഇതിനു കാരണം. ലളിതമലയാളമാണ് ഇതിനെല്ലാം കാരണം. ഇതില്‍ ഗൗരവമില്ല. എഴുത്തച്ഛന്റെ കവിത സംസ്കൃതീകരിച്ചതിനാല്‍ അത് പൗരുഷമാണ്, പ്രൗഢമാണ്, അത് സ്ത്രൈണമുക്തമാണ്. എഴുത്തച്ഛന്റെ കവിത ഭക്തി നിറഞ്ഞതാണ്. ആത്മീയതയില്‍ അടിയുറച്ചതാണ്. എന്നാല്‍ ഗാഥയാകട്ടെ ശൃംഗാരവും ഭോഗവും നിറഞ്ഞതാണ്. മണിപ്രവാള അച്ചീചരിതത്തിന്റെ തുടര്‍ച്ചയാണത്. അതിനാല്‍ ചെറുശ്ശേരിയുടെ സ്ഥാനം വളരെ താഴ്ന്നതാണ് ഭാഷയിലും സാഹിത്യത്തിലും. അങ്ങനെ ചെറുശ്ശേരിയെ സ്ത്രൈണമാക്കുകയും എഴുത്തച്ഛനെ പൗരുഷമാക്കുകയും ചെയ്യുന്ന വ്യവഹാരമണ്ഡലം രൂപംകൊണ്ടിരിക്കുന്നു. അതൊരു ദ്വന്ദ്വമാതൃകയിലൂടെയാണ് സഞ്ചരിക്കുന്നത്. ഈ ദ്വന്ദ്വമാതൃക സമൂഹത്തിലെ സ്ത്രീ-പുരുഷ വ്യത്യാസത്തെയാണ് അടയാളപ്പെടുത്തുന്നത്.

ചെറുശേരി/ സ്ത്രീ- എഴുത്തച്ഛന്‍/ പുരുഷന്‍

ലളിതം- ഗാംഭീര്യം
സൗന്ദര്യം- പരുക്കത്തം
കനക്കുറവ്- ഘനത്വം
മാര്‍ദ്ദവം കഠിനം
രസിപ്പിക്കല്‍ ചിന്തിപ്പിക്കല്‍
അസംസ്കൃതം സംസ്കൃതം
അലങ്കാരഭ്രമം നിരലങ്കാരം
അസദാചാരം സദാചരപരം/ധാര്‍മ്മികം

ചെറുശ്ശേരി/ സ്ത്രീ- എഴുത്തച്ഛന്‍/ പുരുഷന്‍

വികാരവേശം സംയമനം/ ഋഷിത്വം
ഹാസ്യം ഗൂഢസ്മിതം
ഭോഗപരത ഭക്തിപാരവശ്യം
ശൃംഗാരം ഭക്തിപാരവശ്യം
കുട്ടിത്തം ഗുരുത്വം
ചപലം സ്ഥിരത
അപക്വം പക്വം
നമ്പൂരിത്തം ആചാര്യത്വം
ശരീരം മനസ്സ്

പുരുഷാധിത്യപരമായി പുരുഷന്റെ ലക്ഷണങ്ങളായി പറയുന്നവയാണ് എഴുത്തച്ഛന്‍ പ്രതിനിധാനം ചെയ്യുന്നത്. സ്ത്രീയുടെ ലക്ഷണങ്ങളാണ് ചെറുശ്ശേരിയുടെ അടിസ്ഥാനം. ഇത്തരം ലക്ഷണങ്ങളും അതിനെ ആസ്പദിച്ചുള്ള സ്വത്വനിര്‍മ്മിതികളും നടന്നത് കേരളത്തിന്റെ കോളനീകരണത്തിലൂടെ രൂപംകൊണ്ട ആധുനികതയിലാണ്. അതായത് എഴുത്തച്ഛന്‍/ ചെറുശ്ശേരീ വായനകള്‍ അത് രൂപപ്പട്ട കാലത്തിന്റെ ആധുനിക ലിംഗബോധത്തെ അബോധമാക്കുകയായിരുന്നു. ആണിനെ പെണ്ണില്‍നിന്നും ഭിന്നമായി ഭാവന ചെയ്യുകയായിരുന്നു ഇത്തരം വ്യവഹാരങ്ങള്‍. പെണ്ണത്തത്തെ പാടെ ത്യജിച്ചവനാണ് ശരിയായ ആണ്‍ എന്നതാണ് ഇതിലൂടെ സ്ഥാപിക്കപ്പട്ടത്. ഈ ആധുനികവ്യവഹാരങ്ങള്‍ ലിംഗപരതയെ സ്ഥിരസ്വത്വമായി നിര്‍വ്വചിച്ച - ആണിന് സ്ഥിരമായി പരുക്കത്തവും കരുത്തും, പെണ്ണിന് നാണവും ദുര്‍ബ്ബലതയും- കാലത്ത് അതിനനുസരിച്ചുള്ള സ്ഥലനിര്‍മ്മിതികളും നടത്തി. പൊതുവിടം/ സ്വകാര്യയിടം എന്നായിരുന്നു ആ വേര്‍തിരിവ് (Public- Private Sphere). അതില്‍ പൊതുവിടം പുരുഷന്മാര്‍ക്കും സ്വകാര്യയിടം സ്ത്രീകള്‍ക്കുമായിരുന്നു. സ്വകാര്യയിടത്തിനു ചേര്‍ന്ന വിധത്തിലുള്ള ശരീരസൗന്ദര്യലക്ഷണമായിട്ടാണ് സ്ത്രീത്വത്തെ നിര്‍വ്വചിച്ചത്. അടങ്ങിയൊതുങ്ങി വീട്ടിലിരിക്കുന്ന, പരിചര്യാവേലകള്‍ ചെയ്യുന്നതാണ് സ്ത്രീയുടെ സ്വത്വമെന്നും പുരുഷനാകട്ടെ പുറത്തുപോയി പണിയെടുക്കുന്ന കരുത്തനായ വ്യക്തിത്വമാണെന്നും സ്ഥാപിക്കപ്പെട്ടു. ആധുനികകാലത്തെ ഈ ലിംഗപദവീക്രമത്തിനകത്താണ് കേരളത്തിലെ ആധുനികതയുടെ ലിംഗപദവികള്‍ നിര്‍വ്വചിക്കപ്പെടുന്നതും സാഹിത്യവ്യവഹാരങ്ങള്‍ ഉല്പാദിപ്പിക്കപ്പെടുന്നതും. കോളനിവല്കരണത്തിലൂടെ ആധുനികീകരണം കേരളത്തില്‍ നടക്കുമ്പോള്‍ രണ്ട് തരത്തിലുള്ള പ്രക്രിയകള്‍ വരുന്നുണ്ട്- ഒന്ന്, പൊതുവിടം സ്വകാര്യയിടം എന്ന വിഭജനവും അതിന്റെ അടിസ്ഥാനത്തിലുള്ള സ്ത്രീ-പുരുഷ ദ്വന്ദ്വീകരണവും.

രണ്ട്, ശരീരം പ്രദര്‍ശിപ്പിക്കാനുള്ളതല്ലെന്നും അത് വസ്ത്രത്താല്‍ മറയ്ക്കണമെന്നും അതുമായി ബന്ധപ്പെട്ട ലൈംഗികത പോലുള്ളവ അശ്ലീലമാണെന്നുമുള്ള ധാരണകള്‍. ഇതിലൂടെയാണ് കേരളത്തിലെ മരുമക്കത്തായത്തിലെ അര്‍ദ്ധനഗ്നശരീരങ്ങള്‍ മറയ്ക്കപ്പെടുകയും മരുമക്കത്തായത്തിലെ സംബന്ധലൈംഗികത വിലക്കപ്പെടുകയും ചെയ്തു. പാതിവ്രത്യവും കന്യകാത്വവും ഇല്ലാതിരുന്ന യഥേഷ്ടം ലൈംഗികതകള്‍ ആകാമായിരുന്ന സംബന്ധലൈംഗികത കുത്തഴിഞ്ഞതും വേശ്യാത്വമായും വ്യാഖ്യാനിച്ചു. മാറുമറയ്ക്കാതെ നടക്കുന്ന സ്ത്രീ ശരിയല്ലാത്തവളുമായി മാറി. ഈ ആധുനികപശ്ചാത്തലത്തിലാണ്, മരുമക്കത്തായത്തിന്റെ സൃഷ്ടിയായ കൃഷ്ണഗാഥപോലുള്ള കവിതകള്‍ വ്യാഖ്യാനിക്കപ്പെടുന്നത്.

മണിപ്രവാളകവിതകള്‍ ലൈംഗികസാഹിത്യമാണെന്നു മുദ്രയടിക്കപ്പെടുന്നത് ഈ ആധുനികവിചാരത്തിലാണ്. ലൈംഗികതയെ അശ്ലീലമായി നിര്‍വ്വചിച്ച സാംസ്കാരികസാഹചര്യങ്ങള്‍ അതിനു ബദലായി ആത്മീയതയെ കൊണ്ടുവരികയും എഴുത്തച്ഛനെ അതിന്റ ചിഹ്നമായി അവരോധിക്കുകയും ചെയ്തു. കൃഷ്ണഗാഥയെയും അതിന്റെ കര്‍ത്താവായ ചെറുശ്ശേരിയെയും മോശക്കാരനും എഴുത്തച്ഛനേക്കാള്‍ രണ്ടാംകിടക്കാരനുമാക്കിയ പശ്ചാത്തലം ഇതാണ്. ലൈംഗികതയെ തരംതാണതായി നിര്‍വ്വചിച്ച ആധുനികതാചിന്തയാണ് കൃഷ്ണഗാഥയിലെ ശരീരത്തെ അശ്ലീലമാക്കിയതും അതില്‍ ഭോഗം കണ്ട് ഗൗരവം ഇല്ലെന്നു വിധിയെഴുതിയതും.

രണ്ട് പ്രശ്നങ്ങളാണ് ഈ നിരൂപണങ്ങള്‍ ഉന്നയിക്കുന്നത്. 1. ചെറുശ്ശേരിയുടെ ഭാവുകത്വം സ്ത്രൈണമാണ്. ലളിതവും സരളതയുമാണ് സ്ത്രീത്വത്തിന്റെ ലക്ഷണം. അതൊക്കെ ഗാഥയിലുണ്ട്. പെണ്ണത്തത്തിന്റെ എല്ലാക്കാര്യങ്ങളും അതിനാല്‍ ഇതിലുണ്ട്. പുരുഷലൈംഗികതയുടെ പ്രലോഭനവിഷയം സ്ത്രീയുടെ ശരീരമാണ്. ലൈംഗികതയുടെ കുത്തഴിഞ്ഞ അവസ്ഥ, ഭോഗം ഗാഥയിലുണ്ട്. എന്നാല്‍ എഴുത്തച്ഛനിലാകട്ടെ ഇതൊന്നുമില്ല. അയാളില്‍ പൗരുഷവും ആത്മീയതയുമാണ് കാണുന്നത്. ആകയാല്‍, വളരെ ഗൗരവക്കാരനാണ് എഴുത്തച്ഛന്‍. സരളമല്ല. പരുക്കന്‍രീതിയും കരുത്തും അദ്ദേഹം പ്രകടിപ്പിക്കുന്നു.

2. ലളിതവും സരളവുമായ ചെറുശ്ശേരിക്കവിത സ്ത്രൈണമാണെന്നും അത് വളരെ ദുര്‍ബ്ബലമാണെന്നും ഗൗരവവും നിലവാരവുമില്ലാത്തതാണെന്നും പറയുന്ന നിരൂപകര്‍ സ്ത്രൈണമായതെല്ലാം നിലവാരമില്ലാത്തതാണെന്ന വാദമാണ് ഉന്നയിക്കുന്നത്. മൂല്യം കല്പിക്കപ്പെടാത്ത സ്ത്രീയുടെ ജോലികള്‍ക്കും ചിന്തകള്‍ക്കും അക്കാരണത്താല്‍ത്തന്നെ പ്രസക്തിയില്ലാതായി. വീട്ടിലെ ജോലികളൊക്കെയാണ് സ്ത്രീക്കു യോജിച്ചതെന്നു പറഞ്ഞതിലുടെയും അവള്‍ ചെയ്യുന്ന വീട്ടുജോലിക്കു മൂല്യമില്ലെന്നു സ്ഥാപിച്ചെടുത്തതിലൂടെയും ബുദ്ധിപരമായി നിലവാരം കുറഞ്ഞവളാണ് സ്ത്രീയെന്നു വ്യവഹരിച്ചു. അതിലൂടെ പെണ്‍ബുദ്ധി പിന്‍ബുദ്ധിയെന്ന് ചൊല്ലിയുറപ്പിക്കുകയും നിലവാരം കുറഞ്ഞതിന്റയെല്ലാം അടയാളമായി സ്ത്രൈണത മാറി. ബുദ്ധിപരവും ചിന്താപരവും അല്ലാത്തതെല്ലാം സ്ത്രൈണമെന്നും നിര്‍വ്വചിക്കപ്പെട്ടു. അങ്ങനെയാണ് ലളിതമായ മലയാളത്തില്‍ എഴുതിയ, കൃഷ്ണപ്പാട്ട് പെണ്ണുങ്ങളുടെ കാവ്യമെന്നു മുദ്രയടിക്കപ്പെട്ടത്. പില്‍ക്കാലത്ത് പൈങ്കിളിസാഹിത്യമെന്നു ബുദ്ധിജീവികളാല്‍ അപഹസിക്കപ്പെട്ട ജനപ്രിയനോവല്‍വിഭാഗം സാംസ്കാരികമായി അടയാളപ്പെട്ടത് ഈ രീതികളിലാണ്. പ്രധാനമായും സാധാരണക്കരായ സ്ത്രീകളുടെ വായനാസാമ്രാജ്യമായിരുന്നു ഈ പൈങ്കിളിസാഹിത്യം എന്നു വിളിക്കപ്പെട്ടത്. വിലയില്ലായ്മയുടെയും വിവരക്കേടിന്റെയും ശരീരമായി സ്ത്രീ മാറ്റപ്പെട്ടുവെന്ന ലിംഗപ്രശ്നമാണ് കൃഷ്ണഗാഥാവായനകള്‍ ഉന്നയിക്കുന്നത്. ഇന്നും നമ്മുടെ ക്ലാസ്സുമുറികളില്‍ കൃഷ്ണഗാഥയും എഴുത്തച്ഛനും പഠിപ്പിക്കപ്പെടുന്നത് ഈ രീതിയിലാണെന്നുള്ളത് ഇതോടൊപ്പം കൂട്ടിച്ചേര്‍ക്കണം. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ദുലേഖാവായനകളുടെ ചരിത്രവും പറയുന്നത്.

2

പെണ്ണുങ്ങളുടെ നോവല്‍ബുക്ക്

മലയാളത്തിലെ ആദ്യത്ത ലക്ഷണമൊത്ത നോവലായ ഇന്ദുലേഖയെക്കുറിച്ചും അതിന്റെ കര്‍ത്താവായ ചന്തുമേനോനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട പല സംഗതികളെക്കുറിച്ചും നിലനിന്ന വ്യവഹാരങ്ങള്‍ കൃഷ്ണഗാഥാവ്യവഹാരങ്ങള്‍പോലെ സവിശേഷം ശ്രദ്ധേയമാണ്. മലയാള സാഹിത്യചിന്തകര്‍ക്കിടിയില്‍ ജാതി, ദേശ, മതപരമായ സംഘങ്ങളും അവയുടെ രാഷ്ട്രീയവും ഉണ്ടായിരുന്നുവെന്നുള്ളത് പ്രഖ്യാതമാണ്. 'കവിരാമായണ'വും 'കവിഭാരത'വും പോലുള്ള അനേകം തര്‍ക്കവിതര്‍ക്കങ്ങളും ചൂണ്ടിക്കാണിക്കുന്നത് സാഹിത്യത്തിലെ അത്തരം താത്പര്യങ്ങളാണ്. അത്തരമൊരു കൂട്ടുകെട്ടിന്റെ അടയാളമാണ് തെക്കും വടക്കമുള്ള സാഹിത്യകാരരുടെ കൂട്ടങ്ങളും അവര്‍ പ്രകടിപ്പിച്ച നിലപാടുകളും. കേരളവര്‍മ്മയുടെ നേതൃത്വത്തിലുള്ള തെക്കന്‍കൂട്ടര്‍ക്ക് പാരമ്പര്യത്തോടും സംസ്കൃതത്തോടും പ്രതിപത്തിയായിരുന്നെങ്കില്‍ ചന്തുമേനോന്‍ അടക്കമുള്ള വടക്കര്‍ക്ക് ഇംഗ്ലീഷിനോടും പുരോഗമനത്തോടുമായിരുന്നു താത്പര്യം. ഈ പശ്ചാത്തലത്തിലാണ് ഇന്ദുലേഖാനോവലിനെക്കുറിച്ചുള്ള വ്യവഹാരങ്ങള്‍ രൂപംകൊള്ളുന്നത്. അത്തരത്തിലൊന്ന് മുണ്ടശ്ശേരി സൂചിപ്പിക്കുന്നു - നമ്മുടെ സാഹിത്യസാമ്രാജ്യത്തില്‍ സംസ്കൃതത്തിന്റെ രാജവാഴ്ചയ്ക്കു യാതൊരു കോട്ടവും തട്ടിയിട്ടില്ല. എന്റെ കുട്ടിക്കാലത്തെ ഒരനുഭവം പ്രസംഗവശാല്‍ പറഞ്ഞുകൊള്ളട്ടെ, ആഖ്യായിക ആഖ്യായിക എന്നു പറഞ്ഞതിനുദാഹരണമായി ഞങ്ങളുടെ ഭാഷാദ്ധ്യാപകന്‍ എപ്പോഴും എടുത്തുകാട്ടിയിരുന്നത് അക്ബറും രാമരാജബഹദൂറും ധര്‍മ്മരാജായും മറ്റുമാണ്. ഇടയ്ക്കൊരിക്കല്‍ ഒരു വിരുതന്‍ ഇന്ദുലേഖയും ദൃഷ്ടാന്തമല്ലേ എന്നു ചോദിച്ചതിനുത്തരം കിട്ടിയത് ഇന്ദുലേഖയും കുന്ദലതയുമൊക്കെ വെറും നോവലുകളാണ്, പെണ്ണുങ്ങള്‍ക്കു വായിച്ചുരസിക്കാനുള്ള നോവലുകള്‍ എന്നത്രേ. മദ്ധ്യകേരളത്തിലെ ഒരു ഭാഷാദ്ധ്യാപകനുപോലും അന്നിപ്രകാരം പറയാന്‍ തോന്നിയെങ്കില്‍ അദ്ദേഹത്തെപ്പോലുള്ളവരുടെ ഞരമ്പിലോടിയിരുന്ന ഗീര്‍വാണഫോര്‍മലിസത്തിന്റെ രക്തം എത്രയായിരുന്നിരിക്കണം? (മുണ്ടശ്ശേരികൃതികള്‍, വാല്യം ഒന്ന്, പുറം.562).

മേല്പറഞ്ഞ പ്രശ്നങ്ങള്‍ കൃത്യമായി ഇവിടെയും കടന്നുവരുന്നു- 1. സംസ്കൃതം അധികമില്ലാത്ത, നല്ലതുപോലെ മലയാളം ഉപയോഗിച്ചിരിക്കുന്ന കൃതികള്‍ വേണ്ടത്ര ഗൗരവമുള്ളതല്ലെന്നും അത് ബുദ്ധിമാന്മാരായ പുരുഷന്മാര്‍ക്ക് വായിക്കാനല്ലെന്നും 2. നല്ല മലയാളം ധാരാളമുള്ള കൃതികള്‍ ബുദ്ധിജീവികളുടെ വായനയ്ക്കുള്ള വിഭവമല്ല. അത് 'ബുദ്ധിയധികമില്ലാത്ത' നിസ്സാരകളായ പെണ്ണുങ്ങളുടെ അലസവായനയ്ക്കുള്ളതാണ്. വായന എന്നു പറയുന്നതുതന്നെ പുരുഷന്മാരുടെ മനനമാണ്. 3 സ്ത്രീകള്‍ക്കു ബുദ്ധിയും വിവരവും അധികമില്ലെന്നും അവര്‍ക്ക് രസിക്കാനുള്ള ശേഷിയേ ഉള്ളൂവെന്നും അതിന് പ്രേമവും മറ്റും കുത്തിച്ചെലുത്തിയ സാധനങ്ങള്‍ മതിയെന്നും ഉറപ്പിക്കുന്നു. ആഖ്യായികയും നോവലും തമ്മിലുള്ള വ്യത്യാസത്തിലൂടെ ആധുനികതയുടെ നോവല്‍നിസാരമാണെന്നും പറയുന്നത് പാരമ്പര്യത്തിന്റെ ശക്തിയെ ഉയര്‍ത്തിക്കാണിക്കുന്നതാകുന്നു. അതിലുപരി ഇവിടെ തെളിയുന്നത്, 'ഗൗരവ'മില്ലാത്തതെന്നു പറയുന്ന നോവലുകള്‍ പെണ്ണുങ്ങള്‍ക്കു വായിച്ചു രസിക്കാനുള്ളതാണ് എന്നതിലെ പെണ്ണുങ്ങള്‍ നിസ്സാരകളാണെന്നുറപ്പിക്കുന്ന യുക്തിയാണ്.

ആധുനികത നിസ്സാരമാണെന്നും ആധുനികത ഗൗരവമായി കാണുന്ന പെണ്ണത്തം - ആധുനികതയിലാണല്ലോ അടുക്കളയില്‍ നിന്ന് പെണ്ണുങ്ങള്‍ അരങ്ങത്തെത്തിയത്- അവഗണിക്കേണ്ടതാണെന്നുമാണ് ഈ അദ്ധ്യാപകനും ഇതേറ്റു പറയുന്നവരും പറയാതെ പറയുന്നത്. ഇന്ദുലേഖ താന്‍ ഭാര്യയ്ക്കു കഥപറഞ്ഞു കൊടുത്തതിലൂടെ രൂപപ്പെട്ട നോവലാണെന്നും താന്‍ വീട്ടില്‍ സംസാരിക്കുന്ന ഭാഷയിലാണിത് എഴുതിയിട്ടുള്ളതെന്നുമുള്ള ചന്തുമേനോന്റെ പ്രസ്താവനകള്‍ ഇവിടെ വളരെയധികം ശ്രദ്ധിക്കണം. ഇങ്ങനത്തെ വ്യവഹാരങ്ങളിലൂടെ പുതിയ ലിംഗമാതൃകകള്‍ വാര്‍ത്തെടുക്കുകയായിരുന്നു അക്കാലത്തു നടന്നതെന്നാണ് തെളിയുന്ന വസ്തുത. ഫ്യൂഡല്‍ പുരുഷാധിപത്യത്തെ തകര്‍ക്കുന്ന അതിശക്തമായ രാഷ്ട്രീയമാണ് ഇന്ദുലേഖ മുന്നോട്ടുവച്ചതെന്ന് അതിന്റെ വീണ്ടുകിട്ടിയ 'ശരിയായ' പതിപ്പ് പറയുമ്പോള്‍ ഈ നിസ്സാരീകരണത്തിന്റെയും അസ്വസ്ഥതയുടെയും ചൂട് മനസ്സിലാകും. നമ്മുടെ ക്ലാസ്സുമുറികളും പൊതുവിടങ്ങളും ഓഫീസുകളും ഭരണകൂടവുമൊക്കെ ഉല്പാദിപ്പിച്ചിരുന്നത്, പ്രവര്‍ത്തിച്ചിരുന്നത് ആണിനെയും പെണ്ണിനയും കുറിച്ചുള്ള ഇത്തരം വകഞ്ഞു മാറ്റങ്ങളിലൂടെയായിരുന്നു എന്നതാണ് വസ്തുത. ഇവയെയാണ് ചോദ്യം ചെയ്യേണ്ടത്. എന്തുകൊണ്ടിവ പെണ്ണ് ദുര്‍ബ്ബലയാണെന്നും ആണ് കരുത്തനാണെന്നും എപ്പോഴും പറയാന്‍ ശ്രമിക്കുന്നു എന്നതാണ് പ്രശ്നം. വര്‍ത്തമാനകാല ജീവിതവ്യവഹാരങ്ങളില്‍ ഇവ പുതിയ രൂപത്തില്‍ തുടരുകയാണെന്നു കാണാം. ടി. വി സീരിയലുകള്‍ 'വീട്ടിലിരിക്കുന്ന' പെണ്ണുങ്ങളുടെ കാഴ്ചവസ്തുവാണെന്ന ചര്‍ച്ച ഉദാഹരണമാണ്. എന്തുകൊണ്ട് ഇത്തരം വ്യവഹാരങ്ങളെ തിരുത്തുന്ന ചിന്തയും രാഷ്ട്രീയവും സാമൂഹ്യഘടനയുടെ ആഴത്തില്‍ നിന്ന് ശക്തിപ്പെടുന്നില്ല? അലസമായ ഐക്യദാര്‍ഢ്യങ്ങള്‍ക്കപ്പുറത്തേക്ക് ലിംഗപരമായ സമതയുടെ ഇടപെടല്‍ പോകുന്നില്ല? വേര്‍തിരിഞ്ഞു ദ്വന്ദീകരിക്കപ്പെട്ട നിലയിലുള്ള പെണ്ണത്തവും ആണത്തവും പാരസ്പര്യത്തിന്റെ പുതിയ സമവാക്യം എഴുതുവാന്‍ സാദ്ധ്യമാണോ?

Subscribe Tharjani |
Submitted by Anonymous (not verified) on Sun, 2014-08-31 18:03.

നിസ്സാരമെന്നു പൊതുവില്‍ കരുതുന്ന പ്രസ്താവനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും പിന്നില്‍ ഇത്തരം സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉണ്ടെന്നറിയുന്നത് ഞെട്ടിപ്പിക്കുന്നു എന്നുതന്നെ പറയാം. ചെറുശ്ശേരി എഴുത്തച്ഛനെക്കാള്‍ മോശപ്പെട്ട കവിയാണെന്നും എഴുത്തച്ഛന്റെ കവിത ഭക്തി നിറഞ്ഞതാണെന്നും ചെറുപ്പത്തില്‍ സ്കൂളില്‍ പഠിച്ചിട്ടുണ്ട്. ആ പറച്ചലിന്റെ പിന്നില്‍ ഇത്തരമൊരു യുക്തി മറഞ്ഞിരിക്കുന്നു എന്നത് ചിന്തനീയമാണ്. ആണും പെണ്ണും പരസ്പരം കൂടിച്ചരാനാവാത്ത വ്യക്തിത്വങ്ങളാണെന്നു സമൂഹം പഠിപ്പിക്കുന്നതു തന്നെയാണ്. അതിന് സാഹിത്യം ഒരു നിമിത്തം മാത്രം...ചിന്ത ആവശ്യപ്പെടുന്ന വായന.

Submitted by Adarsh (not verified) on Wed, 2014-09-03 22:17.

ആണ്‍ / പെണ്‍ ദ്വന്ദ്വം ഒരു മേല്‍ക്കീഴ്ബന്ധമായി രൂപപ്പെടുന്നത് ആധുനികതയുടെ അവസ്ഥയിലാണ് എന്ന് പൊതുവേ പറയപ്പെടുന്നുണ്ടല്ലോ. പക്ഷേ ഇങ്ങനെയല്ലാതെ ആധുനികപൂര്‍വ്വ വ്യവഹാരങ്ങളിലുണ്ടായിരുന്നു എന്നതിന് വ്യക്തമായ തെളിവുകളുണ്ടോ? ആ കാലഘട്ടത്തിലും ഇത്തരത്തിലുള്ള മേല്‍കീഴ് ബന്ധങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നില്ലേ...ഇനി ആധുനികഘട്ടത്തില്‍ തന്നെ ഇത്തരത്തിലല്ലാതെ ചില സംഘര്‍ഷങ്ങളും സന്ദേഹങ്ങളും ഉണ്ടായിട്ടില്ലേ... ബഷീറിന്റെയും മറ്റും കൃതികളില്‍ സൂക്ഷ്മമായി ഇതു തെളിയുന്നുണ്ട്. ചില വ്യവഹാരങ്ങള്‍ക്കു മേല്‍ക്കൈകിട്ടുന്നു എന്നതിനോടൊപ്പം തന്നെ പ്രധാനമാണ് ആ കാലത്തെ സമാന്തരമായ മറ്റുവ്യവഹാരങ്ങളെ കണ്ടെത്തുക എന്നതും. ചരിത്രപരമായ പഠനത്തിലൂടെ അതാണ് ചെയ്യേണ്ടതും. അന്വേഷണങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. ആശംസകള്‍.