തര്‍ജ്ജനി

ചേതന്‍ വ്യാസ്

കുടിയാണ്ടീന്റവിട വീട്,
പൊയിലൂര്‍ പി. ഒ. 670 693.
തൂവക്കുന്ന്, കണ്ണൂര്‍ ജില്ല.

Visit Home Page ...

കഥ

പന്നിച്ചൂര്

ജീവിച്ചുതീര്‍ത്ത ഇന്നലെകളുടെ അരികുപറ്റി നിവര്‍ന്നതും ചുളിവീണതുമായ ഓര്‍മ്മകള്‍ നേര്‍നിഴലായി വളര്‍ന്നുകൊണ്ടിരിക്കുമ്പോഴും 'ഇന്നും' തങ്ങളുടെ മരണത്തിലൂടെ ഓര്‍മ്മകളുടെ അരികുപറ്റി വളരുവാന്‍ ഊഴവും കാത്തിരിക്കുകയാണ്. തന്റെ ഓര്‍മ്മകളുടെ ശവപ്പറമ്പായി ഇന്നിനെ തിരിച്ചറിയുമ്പോഴേക്കും ഗീവര്‍ഗ്ഗീസ് എന്ന മുപ്പത്തഞ്ചുവയസ്സുകാരന് നിരാശയുടെയും പതനത്തിന്റെയും ഒരു ഘട്ടം തരണംചെയ്യേണ്ടിവന്നിരുന്നു.

കണ്ടുമടുത്ത കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ അഭിനയമികവിനെയും ബൗദ്ധികസൂത്രങ്ങളെയുംകുറിച്ച് ചിന്തിച്ച് നേരംകളയുകയാണ് കേഷ്യര്‍ രാമചന്ദ്രന്‍ എന്ന 60 വയസ്സുകാരന്‍ ഇന്നും പകല്‍ സമയത്ത് ചെയ്തുകൊണ്ടിരുന്നത്. ഫ്ലാറ്റിനകത്തെ ഓരോ മുറിയിലും തങ്ങിനില്ക്കുന്ന മടുപ്പിക്കുന്ന ഏകാന്തതയുടെ മൂര്‍ച്ച തട്ടിയുണ്ടായ വ്രണത്തിന്റെ ഗന്ധം ശ്വസിച്ചും നിശ്വസിച്ചും നിമിഷങ്ങള്‍ തള്ളിനീക്കുവാനായി ഓര്‍മ്മകളുടെ ആഴങ്ങളില്‍ നിന്നും പാതാളക്കരണ്ടികൊണ്ട് പൊക്കിയെടുത്ത ചിന്തകളില്‍ സ്വയം ഒരു കഥാപാത്രമായി തന്നെത്തന്നെ പ്രതിഷ്ഠിച്ച് മാറിനിന്നും സ്വയം ലയിച്ചും സമയം കൊല്ലുകയാണ് മിക്കനേരങ്ങളിലും കേഷ്യര്‍. ഫ്ലാറ്റിനകത്തെ വിശാലമായ മുറിയിലെ കടുംവര്‍ണ്ണത്തിലുള്ള ചായംതേച്ച ചുമരിലെ വെളുത്ത നിറത്തിലുള്ള ഘടികാരത്തില്‍ ഇടയ്ക്കിടെ സമയം നോക്കിക്കൊണ്ടിരിക്കുമ്പോഴുണ്ടാകുന്ന ചിന്തകളുടെ വ്യതിചലനം അയാളെ ഓരോ പ്രാവശ്യവും വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ടായിരുന്നു. എങ്കിലും സ്വന്തം മനസ്സിന്റെ ശക്തിയാല്‍ തന്നെയാണ് കേഷ്യര്‍ ഘടികാരത്തിന്റെ മിനുട്ട് സൂചിയേയും മണിക്കൂര്‍സൂചിയേയും തള്ളിനീക്കിക്കൊണ്ടിരുന്നത് എന്നുവേണം അനുമാനിക്കാന്‍.

കഴിഞ്ഞ കുറച്ചു മാസങ്ങളായി വൈകുന്നേരം ആറിനു ശേഷമുള്ള സമയം കേഷ്യറെ സംബന്ധിച്ചിടത്തോളം കൗതുകം നിറഞ്ഞ ദിവസാരംഭത്തിലേക്കുള്ള ആകാംക്ഷയാല്‍ വീര്‍പ്പുമുട്ടുന്നതായിരുന്നു. എന്നാല്‍ പതിവിനു വിപരീതമായി ഡിസംബര്‍ 4 -ാം തീയ്യതി എന്ന ഇന്ന് ആറു മണിക്കുശേഷം ഓര്‍മ്മകളേല്പിച്ച കനത്ത ഭാരം അയാളെ ഉറക്കത്തിന്റെ ശാന്തതയിലേക്കാണ് നയിച്ചത്. ആ ഉറക്കം രാത്രി എട്ടു മണിക്ക് ഗീവര്‍ഗ്ഗീസ് മുറിയിലേക്കു കയറിവരുന്നതുവരെ നീണ്ടു നിന്നു.

'മിസ്റ്റര്‍ രാമചന്ദ്രന്‍ ........' എന്നുള്ള ഒട്ടും മയവും ഔപചാരികതയുമില്ലാത്ത പരിഹാസപൂര്‍ണ്ണമായ വിളിയുടെ ഒച്ച തട്ടിയാണ് കാഷ്യര്‍ ഉറക്കത്തില്‍ നിന്നും ഞെട്ടിയത്. ആ പരുക്കന്‍ വിളി തന്റെ ഉറക്കത്തിനും ഉണര്‍വ്വിനും ഏല്പിച്ച ആഘാതം മറികടക്കാന്‍ ശ്രമിച്ച് മനസ്സിന്റെ സമനില വീണ്ടെടുത്ത് കൊണ്ട് ഗീവര്‍ഗ്ഗീസിന്റെ സാന്നിദ്ധ്യം നല്കിയ സന്തോഷത്തെ സ്വീകരിക്കുവാനാണ് അയാള്‍ തീരുമാനിച്ചത്.
ടെലിവിഷനില്‍ ഇപ്പോഴും സാങ്കേതികമൗനത്തിന്റെ അകമ്പടിയോടെ ജെറിയും ടോമും പരസ്പരം കളിച്ചും കബളിപ്പിച്ചും അവയെ ആസ്വദിച്ച് ജീവന്‍മരണപ്പോരാട്ടം നടത്തുകയാണ്. ചലിച്ചുകൊണ്ടിരിക്കുന്ന ടെലിവിഷന്റെ വെളിച്ചത്തില്‍ ഗീവര്‍ഗ്ഗീസ് തന്റെ കൈയ്യിലെ പോളിത്തീന്‍ കൂടും മദ്യക്കുപ്പിയും മേശമേല്‍ വെയ്ക്കുന്നതിനിടയില്‍ ടോമിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ടോടുന്ന ജെറിയിലും അപ്പുറത്തായി ചടഞ്ഞുകൂടിയിരിക്കുന്ന കേഷ്യറുടെ വാര്‍ദ്ധക്യത്തിലേക്കും ഒന്നുകണ്ണോടിച്ചു. അപ്പോള്‍ മനസ്സില്‍ തോന്നിയ വികാരം പ്രകടിപ്പിക്കുവാനുള്ള സാവകാശത്തിനു മുതിരാതെ തന്റെ ശരീരത്തോടു ചേര്‍ന്നുകിടക്കുന്ന അഴുക്കിന്റെ ഭാരംനിറഞ്ഞ പണിവസ്ത്രത്തില്‍ നിന്നും രക്ഷപ്പെടുവാനുള്ള വ്യഗ്രതയിലായിരുന്നു അവന്‍. തന്നില്‍ ഒട്ടിപ്പിടിച്ചുകിടക്കുന്ന മുഷിഞ്ഞവസ്ത്രത്തില്‍ ഒളിഞ്ഞുകിടന്നുകൊണ്ട് പരിഹസിച്ചു ചിരിക്കുന്ന ഫലിതത്തെ ഭീതിനിറഞ്ഞ വെറുപ്പാലെയും നിസ്സഹായതയോടെയും അവന്‍ മുറിയുടെ മൂലയിലേക്ക് വലിച്ചെറിഞ്ഞു. കഴിഞ്ഞ മണിക്കൂറുകളിലെ ശീതീകരിച്ച അസ്വാതന്ത്ര്യത്തില്‍നിന്നുള്ള മോചനം മുഖത്ത് തെളിയുമ്പോഴും സ്വന്തം കഴിവുകേടിലുള്ള അപകര്‍ഷതാബോധത്തില്‍നിന്നും ഉടലെടുത്ത പ്രതിഷേധം അവന്റെ ഓരോ ചലനത്തിലും പ്രകടമായിരുന്നു.

'ഈ മൈരിലെ എടപാട് ....... മട്ത്തു.....ചത്താമതിയായിരുന്നു ....' മുറിയില്‍ മറ്റാരും തന്നെ ഇല്ലാതിരുന്നതിനാല്‍ 'മൈര് ' എന്ന അശ്ലീലപദത്തിന്റെ അപ്രസക്തമായ പ്രയോഗത്തിന്റെ കേള്‍വിക്കാരന്‍ താനാകേണ്ടി വന്നതിലുള്ള ജാള്യത കേഷ്യറെ അലട്ടി. താനെന്ന ഗൃഹനാഥനോട് കാണിക്കുന്ന അത്തരം ഒരവഗണന അയാള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതിനപ്പുറമായിരുന്നു. എന്നിട്ടും ഒരു പദം തീര്‍ത്ത സ്തംഭനാവസ്ഥയില്‍ നിന്നും പുറത്തേക്കുവന്നതിനു ശേഷവും മറുത്തൊന്നും പറയുവാനോ പ്രവര്‍ത്തിക്കുവാനോ ഉള്ള മനോധൈര്യം എന്തുകൊണ്ടോ അയാളില്‍ ഇല്ലായിരുന്നു. ടെലിവിഷന്റെ മിന്നിമായുന്ന വെളിച്ചത്തില്‍ ശബ്ദത്തിലുപരി ഒരു നിഴല്‍രൂപത്തിന്റെ പ്രകടനം മാത്രമായാണ് ഗീവര്‍ഗ്ഗീസിന്റെ ചലനങ്ങളെ തന്റെ വാര്‍ദ്ധക്യം ബാധിച്ച കണ്ണുകള്‍ കൊണ്ട് അയാള്‍ക്ക് കാണാന്‍ സാധിച്ചത്. അലോസരപ്പെടുത്തു വെളിച്ചത്തിലൂടെയുള്ള കാഴ്ചയ്ക്ക് വിരാമമിട്ടുകൊണ്ട് മുറിക്കകത്ത് കടന്നുവന്ന സി.എഫ്.എല്ലിന്റെ വെളിച്ചത്തെ കേഷ്യറുടെ കണ്ണുകള്‍ക്ക് പെട്ടെന്നു സ്വീകരിക്കുവാന്‍ സാധിച്ചില്ല. എങ്കിലും ഉറക്കച്ചടവില്‍ നിന്നും മനസ്സിനെ പൂര്‍ണ്ണമായും മോചിപ്പിക്കുവാന്‍ അതുകൊണ്ടു കഴിഞ്ഞിരുന്നു. മുറിക്കകത്ത് പൂര്‍ണ്ണമായും വെളിച്ചം നിറഞ്ഞതോടെ തന്റെ മുന്നില്‍ അടിവസ്ത്രം മാത്രം ധരിച്ചുനില്ക്കുന്ന ഗീവര്‍ഗ്ഗീസിനെയാണ് അയാള്‍ക്ക് കാണാന്‍ കഴിഞ്ഞത്. അവനെ സംബന്ധിച്ചിടത്തോളം താനല്ലാതെ മറ്റൊരാള്‍ സമീപത്തുണ്ടെന്ന ഭാവമേ ഇല്ലായിരുന്നു. ഈ കാഴ്ചകൂടി ആയപ്പോള്‍ തന്റെ പ്രായത്തെപ്പോലും അവന്‍ ഗൗനിക്കുന്നേയില്ല എന്ന ബോധം ഒരു ചൊറിയന്‍ പുഴുവിന്റെ രൂപത്തില്‍ അയാളുടെ മനസ്സിലൂടെ കടന്നുപോയി. അതിശക്തമായ ചൊറിച്ചില്‍ കാരണം തന്റെ അസ്തിത്വത്തെ തിരിച്ചുപിടിക്കാന്‍ അടുത്തനിമിഷംമുതല്‍ താനെടുക്കേണ്ടുന്ന നിലപാടിനെയും ജാഗ്രതയെയും കുറിച്ച് ചിന്തിക്കുവാന്‍ കേഷ്യറെ നിര്‍ബ്ബന്ധിതനാക്കി. എന്നാല്‍ പലപ്പോഴായി സ്വീകരക്കേണ്ടി വന്നിട്ടുള്ളതും പരാജയപ്പെട്ടതുമായ നിലപാടുകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അയാളില്‍ കുറ്റബോധമുണ്ടാക്കുകയാണ് ചെയ്തത്. ഈ പ്രാവശ്യവും സംഭവിക്കാന്‍ പോകുന്നത് മറ്റൊന്നല്ല എന്ന തോന്നല്‍ അയാളെ അത്തരമൊരു പ്രവര്‍ത്തിചെയ്യുന്നതില്‍ കൂടുതല്‍ അശക്തനാക്കുയും ചെയ്തു.

എല്ലുകള്‍ തള്ളിനില്ക്കുന്ന അവന്റെ അര്‍ദ്ധനഗ്നമായ ശരീരം കാഷ്യറെ നിരവധി അസ്തിത്വസംഘര്‍ഷത്തിലൂടെ കടത്തിവിട്ട പുഴുക്കുത്തു വീണ വെറുമൊരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം മാത്രമായി തീര്‍ന്നു പിന്നീടുള്ള ഓരോ നിമിഷങ്ങളിലേയും ഗീവര്‍ഗ്ഗീസിന്റെ പ്രവര്‍ത്തികള്‍.

മേശമേലിരിക്കുന്ന പോളിത്തീന്‍ കൂടിനുള്ളില്‍ എന്താണിരിക്കുന്നത് എന്നറിയാനുള്ള കൗതുകത്തിലും ഒരു ദിവസാരംഭം സമ്മാനിച്ച സംഘര്‍ഷാത്മകമായ ഉണര്‍വ്വോടെയും ചാരുകസേരയില്‍ നിന്നും എഴുന്നേറ്റേ് കേഷ്യര്‍ മേശക്കടുത്തേക്കു ചെന്നു.

'ഓ... ആ നായിന്റമോന്‍ ഇന്നെന്റെ തന്തയ്ക്കു വിളിച്ചു ......' ഗീവര്‍ഗ്ഗീസിന്റെ അമര്‍ഷത്തില്‍ അയാളൊന്ന് ഞെട്ടിയെങ്കിലും അതു പുറത്തു കാണിക്കാതെ ഒന്നു മയത്തില്‍ ചിരിച്ചുവെന്ന് വരുത്തി. മേശമേലിരിക്കുന്ന പോളിത്തീന്‍ കൂട് പൊക്കിനോക്കി അതിനകത്തിരിക്കുന്നത് പച്ചമാംസമാണെന്ന് തിരിച്ചറിഞ്ഞ അയാള്‍ക്ക് അവന്റെ അത്തരമൊരു പ്രവര്‍ത്തിയില്‍ വല്ലാത്ത വെറുപ്പുതോന്നി.

'നല്ല ഒന്നാന്തരം പന്നിയാ ....... പന്നിക്കറീം ഓ.സി.ആറും.....നല്ല കോമ്പിനേഷനാ ........ അപ്പച്ചന്റെ ബ്രാന്റാ അങ്ങേര്‍ക്കുള്ള പങ്ക് മാറ്റിവെച്ചിട്ട് ബാക്കികൊണ്ട് നമുക്കിന്ന് ആഘോഷിക്കാം......'

അവന്റെ പറച്ചില്‍ വെറുതെ കേള്‍ക്കുകയല്ലാതെ അയാളതിന് മറുപടിയൊന്നും കൊടുത്തില്ല. താനെന്ന വ്യക്തിയിലേക്കുള്ള അവന്റെ അമിതമായ കടന്നുകയറ്റം അയാളെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടെങ്കിലും രാവിലെ അവന്‍ പോയതുമുതലുള്ള ഏകാന്തതയില്‍ നിന്നുള്ള രക്ഷപ്പെടലില്‍ വല്ലാത്തൊരു ആശ്വാസവും തോന്നുന്നുണ്ടായിരുന്നു. മേശയോടു ചേര്‍ത്തിട്ടിരിക്കുന്ന കസേരയിലിരുന്ന കേഷ്യര്‍ക്കഭിമുഖമായി തന്റെ അടിവസ്ത്രം മാത്രം ധരിച്ച് ഗീവര്‍ഗ്ഗീസും ഇരിപ്പുറപ്പിച്ചു. അവര്‍ക്കിടയിലെ അല്പനേരത്തെ നാടകീയമായ മൗനത്തെ ലംഘിച്ചുകൊണ്ട് തന്റെ ഫ്ലാറ്റിനകത്ത് തനിക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥാനത്തെ തിരിച്ചുപിടിക്കാനെന്നവണ്ണം കേഷ്യര്‍ സംസാരിച്ചു തുടങ്ങി.

'ഈ ഫ്ലാറ്റില്‍ നമ്മള്‍ ഒരുമിച്ചാണെന്നു കരുതി ഇവിടെ എന്റെയും നിന്റെയും സ്ഥാനം രണ്ടു തന്നെയാണ് ..... അത് മറന്നുകൊണ്ടുള്ള നിന്റെ പെരുമാറ്റം കൂടുന്നുണ്ട്....... ഇങ്ങിനെ തന്നെയാണെങ്കില്‍ കാര്യങ്ങളെക്കുറിച്ച് എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവരും'.
കേഷ്യറുടെ പറച്ചിലിന് അകമ്പടിയായത് ഗീവര്‍ഗ്ഗീസിന്റെ ഉറക്കെയുള്ള ചിരിയാണ്. ആ ചിരിയുടെ അര്‍ത്ഥം പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ അയാള്‍ക്ക് സാധിച്ചില്ലായെങ്കിലും അതിലടങ്ങിയിരിക്കുന്ന പരിഹാസത്തിന്റെ ധ്വനിയെ വേര്‍തിരിച്ചറിയുവാന്‍ സാധിച്ചിരുന്നു. സ്വന്തം മനസ്സിന്റെ ചലനങ്ങളെ ഒളിപ്പിച്ചുനിര്‍ത്താന്‍ ഓരോ തവണ ശ്രമിക്കുന്തോറും അതൊന്നും വകവെയ്ക്കാതെ തന്റെ നേര്‍ക്ക് നോട്ടമുറപ്പിച്ചു വെച്ചിട്ടുള്ള ഗീവര്‍ഗ്ഗീസിന്റെ കോങ്കണ്ണുകള്‍ അവയെ ഏതെങ്കിലും തരത്തില്‍ കണ്ടുപിടിച്ച് പ്രതികരിക്കും. ഇത്തവണ അത് സംഭവിച്ചത് പരിഹാസപൂര്‍ണ്ണമായ ഒരു ചിരിയിലൂടെയായിരുന്നു.

ഗീവര്‍ഗ്ഗീസ് എന്ന ചെറുപ്പക്കാരന്‍ ഈ ഫ്ലാറ്റില്‍ താമസം തുടങ്ങിയിട്ട് ഏകദേശം അഞ്ചോ ആറോ മാസമായിക്കാണും. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അയാള്‍ തന്റെ ജന്മനാട്ടില്‍നിന്നും ഒളിച്ചോടിത്താമസിക്കുന്നത് ഈ നഗരത്തിലാണ്. പത്താം ക്ലാസ്സുമാത്രം വിദ്യാഭ്യാസയോഗ്യതയും റബ്ബര്‍വെട്ടല്ലാതെ മറ്റൊരു തൊഴിലും അറിയാത്തവനുമായ ഈ ചെറുപ്പക്കാരന്റെ ഒരുപാടുനാളത്തെ അന്വേഷണത്തിനു ശേഷമാണ് നഗരത്തിലെ ഷോപ്പിംഗ് മാളില്‍ ഒരു ജോലി തരപ്പെടുന്നത്. ഷോപ്പിംഗ് മാളിലെ ക്ലീനിങ്ങ് ജോലിയില്‍ നിന്നും തന്റെ സ്വപ്നത്തിലേക്കുള്ള ദൂരം വളരെ അകലെയാണ് എന്നറിഞ്ഞുകൊണ്ടും തനിക്കുമുമ്പില്‍ മറ്റൊരു വഴിയും ഇല്ല എന്ന ഉത്തമബോദ്ധ്യത്താലും കഴിഞ്ഞ കുറേനാളുകളായി ഈ ചെറുപ്പക്കാരന്‍ തന്റെ വൃത്തിയാക്കല്‍ ജോലി തുടര്‍ന്നുപോരുകയാണ്. രാത്രി ഉറക്കം ഷോപ്പിങ്ങ് മാളിനോടു ചേര്‍ന്നുള്ള മുറിയില്‍ത്തന്നെ. അങ്ങിനെ ജീവിതം വിശപ്പടക്കുവാന്‍ വേണ്ടിയുള്ള പ്രയത്നം എന്നതിലുപരി മറ്റൊന്നും തനിക്ക് നല്കുില്ല എന്ന നിരാശയാലും ആത്മഹത്യ ചെയ്യാനുള്ള ധൈര്യം ഇല്ലാതിരുന്നതുകൊണ്ടും ഇങ്ങനെയൊക്കെ ജീവിച്ചുപോന്നു. ഇങ്ങനെയൊക്കെ ജീവിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് വളരെ യാദൃച്ഛികമായി ഒരു പത്രപരസ്യം കാണാന്‍ ഇടയായത്. ' കൂടെ താമസിക്കാന്‍ ബാദ്ധ്യതകളൊന്നും ഇല്ലാത്ത ഒരാളെ ആവശ്യമുണ്ട്.' പരസ്യത്തിന്റെ ഒടുവില്‍ കൊടുത്ത മേല്‍വിലാസം തേടിയുള്ള യാത്രയാണ് പിന്നീടുള്ളതും തൊട്ടുമുന്നേ കഴിഞ്ഞതുമായ ആറുമാസം ഗീവര്‍ഗ്ഗിസിനേയും കേഷ്യറേയും ചേര്‍ത്തുവെച്ച ബന്ധം.

ഫ്ലാറ്റിനകത്ത് കേഷ്യറും ഗീവര്‍ഗ്ഗീസും കീഴടങ്ങിയും പോരാടിയും സ്വന്തം അസ്തിത്വത്തെ സ്ഥാപിച്ചെടുക്കുവാന്‍ ശ്രമിച്ചുകൊണ്ട് ഇക്കഴിഞ്ഞ നാളുകളിലെല്ലാം ജീവിച്ചുപോന്നു. തന്റെ അറുപതാമത്തെ വയസ്സിലെ ഒറ്റപ്പെട്ട ജീവിതത്തില്‍ നിന്നുള്ള മുക്തികൂടിയായിരുന്നു കേഷ്യര്‍ക്ക് ഗീവര്‍ഗ്ഗീസിന്റെ സാന്നിദ്ധ്യം. തന്റെ യൗവ്വനത്തിലെ ഓര്‍മ്മകളിലൂടെയുള്ള സഞ്ചാരമാണ് ഇക്കഴിഞ്ഞ കുറേ വര്‍ഷങ്ങളായുള്ള കേഷ്യറുടെ ജീവിതം. ജീവിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത ഒരു ഇടത്തരം കുടുംബത്തിലെ അംഗമായിരുന്ന രാമചന്ദ്രന്‍ തന്റെ ഡിഗ്രി പഠനകാലത്താണ് സമത്വസുന്ദരമായ ഒരു നാടിനെ കുറിച്ച് സ്വപ്നം കാണുവാന്‍ തുടങ്ങിയത്. എന്നാല്‍ സ്വപ്നത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്കുള്ള അകലത്തെക്കുറിച്ച് ഒട്ടും ബോധവാനല്ലാതിരുന്ന അയാള്‍ സ്വപ്നങ്ങളുടെ വഴിയേ സഞ്ചരിച്ചുകൊണ്ട് താനിഷ്ടപ്പെട്ടതും തന്നെ ഇഷ്ടപ്പെട്ടിരുന്നതുമായ അന്യജാതിക്കാരിയും പ്രായക്കൂടുതലുള്ളതുമായ ഒരു പെണ്കുട്ടിയെ സ്വന്തം ജീവിതത്തിലേക്ക് കൂട്ടിച്ചേര്‍ത്തു. കൃത്യമായി പറഞ്ഞാല്‍ തന്റെ കാമുകിയെ ഭാര്യാപദവിയിലേക്ക് ക്ഷണിച്ച് രണ്ടുനാള്‍ കഴിഞ്ഞതിനുശേഷമാണ് സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അകലം ഒരുപാടാണെന്ന് ബോദ്ധ്യപ്പെടാന്‍ തുടങ്ങിയത്. അതിനു കാരണക്കാരായത് ഒളിച്ചോടിയതിനുശേഷം രണ്ടുനാള്‍ അഭയം തന്ന സുഹൃത്ത് ദാമോദരന്റെ തെളിച്ചം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മുഖവും നല്ലവരും പുരോഗമനവാദികളുമായ നാട്ടുകാരുടെ നീതിബോധവുമായിരുന്നു. നാട്ടുകാരുടെ 'നീതിബോധം' അതിരുകടന്നപ്പോള്‍ നവദമ്പതിമാര്‍ക്ക് സ്വന്തം നാട്ടില്‍ നിന്നും തങ്ങളുടെ ജാതിയോ മതമോ മറ്റാര്‍ക്കും തിരിച്ചറിയാന്‍ പറ്റാത്ത ഒരിടംതേടി ഓടിപ്പോകേണ്ടിവന്നു. ആ പോക്കിനുശേഷം രാമചന്ദ്രന് സ്വപ്നത്തിനു പകരം ഒട്ടും മയമില്ലാത്ത യാഥാര്‍ത്ഥ്യത്തെ നന്നായി നേരിടേണ്ടതായും വന്നു.

'പ്രായം കൊറേ ആയില്ലേ.... എപ്പോഴെങ്കിലും ആത്മഹത്യ ചെയ്യാന്‍ തോന്നീട്ടുണ്ടോ?' ഗീവര്‍ഗ്ഗീസിന്റെ ചോദ്യത്തിന് ഒട്ടും മയമില്ലാത്തതിനാലും ശ്രദ്ധ മുഴുവന്‍ ടേബിളിനു മുകളിലെ പച്ചമാംസത്തിന്റ അസ്വസ്ഥതയിലായിരുതിനാലും കേഷ്യറൊന്നു ഞെട്ടി. എന്നാലും മറുപടിക്ക് കൂടുതല്‍ ആലോചിക്കേണ്ട ആവശ്യമില്ലാതിരുന്നതിനാല്‍ അയാള്‍ക്ക് പെട്ടെന്നുതന്നെ അത് പറയുവാന്‍ സാധിച്ചു.

'രണ്ടു തവണ'

മറുപടി കേട്ട ഗീവര്‍ഗ്ഗീസില്‍ നിന്നും ക്രൂരമായ ഒരു ചിരിയേയാണ് ഈ പ്രാവശ്യം കേഷ്യര്‍ക്ക് നേരിടേണ്ടി വന്നത്. തുളച്ചുകയറുന്ന അവന്റെ ചിരിക്കു മുന്നില്‍ അസ്വസ്ഥത നിറഞ്ഞ മൗനത്തിലൂടെ പ്രതിഷേധിക്കുവാനേ കേഷ്യര്‍ക്ക് എന്നും സാധിച്ചിരുന്നുള്ളൂ. ഇപ്രാവശ്യവും സംഭവിച്ചത് മറ്റൊായിരുില്ല.

'എന്നിട്ടെന്തേ മൂന്നാമതൊന്നുകൂടി ആലോചിക്കാതിരുന്നത്...?' ഗീവര്‍ഗ്ഗീസ് ഉദാസീനത നിറഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.

'ഇന്നത്തെ ദിവസം നമുക്കൊന്ന് ആഘോഷിക്കണം. അത് കണ്ടിട്ട് അപ്പച്ചന്‍ അസൂയ മൂത്ത് സങ്കടപ്പെടണം.... കെട്ടിത്തൂങ്ങീട്ട് ഇന്നേക്ക് നാലു കൊല്ലം തെകയുവാ..... പുള്ളിക്കാരന്‍ വല്ലാത്തൊരു കക്ഷിയായിരുന്നു.......'

കേഷ്യറുടെ ശ്രദ്ധ പൂര്‍ണ്ണമായും ഗീവര്‍ഗ്ഗീസിന്റെ സംസാരത്തിലായതോടെ പുറത്തു നിന്ന് വരുന്ന കാറ്റിന്റെ നേര്‍ത്തശബ്ദം ആ മുറിയെ മാത്രം വിട്ടൊഴിഞ്ഞുപോയി. അവന്റെ സംസാരം തുടര്‍ന്നുകൊണ്ടിരിക്കുന്നതിനിടയില്‍ എവിടെയോ വെച്ച് കേഷ്യര്‍ക്ക് തന്റെ താനെ അസ്വസ്ഥതയില്‍ നിന്നും മോചിതനാകാന്‍ സാധിച്ചിരുന്നു.

'അപ്പച്ചന്‍ തൂങ്ങിയത് എന്തിനാണെന്ന് കേക്കണോ....? അമ്മച്ചി എന്തോ മുഖം കറുപ്പിച്ച് പറഞ്ഞതിന്റെ വാശി തീര്‍ത്തതാ..... എനക്ക് നല്ല ഓര്‍മ്മയുണ്ട്..... അന്ന് അപ്പച്ചന്‍ പൊരേലേക്ക് കേറിവരുമ്പം ഒരു കൂട് നെറച്ചും പന്നിയിറച്ചീം കൈയ്യിലുണ്ടേനും.... കാല് നെലത്ത് ഒറക്കാന്‍ പറ്റാത്തത്ര മൂക്കറ്റം കുടിക്ക്യേം ചെയ്തിന്..... അപ്പച്ചന്റെ ഈ ധൂര്‍ത്ത് അമ്മച്ചിക്ക് ചെലപ്പം തീരെയങ്ങ് സഹിക്ക്വേല....... അന്ന് ഇരുട്ടില് ചൂട്ടേം കത്തിച്ചു കേറിവരുന്ന അപ്പച്ചനെ നോക്കി അമ്മച്ചി എന്തെല്ലോ പറഞ്ഞ്...... കൊറച്ച് നേരം ഒന്നും മിണ്ടാണ്ടിരുിന്ന് കൈയ്യിലെ പന്നിയെറച്ചീം അവിടെ വെച്ച് ഇരുട്ടിലേക്ക് ഇറങ്ങി ഒറ്റപ്പോക്കാ..... പിറ്റേന്ന് രാവിലെയായിട്ടും അപ്പച്ചന്‍ തിരിച്ചു വരാഞ്ഞപ്പോ അമ്മച്ചി പറഞ്ഞിട്ട് ഞാന്‍ ഷാന്റൂന്റെ കടയില്‍ അന്വേഷിച്ച് ..... ഞാനും ഷാന്റൂം കൂടി അപ്പച്ചനെ തെരക്കി കൊറേ നടന്ന്....... ആരോ പറേന്ന കേട്ടാണ് ഞാന്‍ തോട്ടത്തിലേക്ക് ഓടിയത്..... അപ്പച്ചന്‍ ഒരു തൂവലു പോലെ പറങ്കിമാവീല്‍ ആടുന്ന കാഴ്ചയാ ഞാന്‍ കണ്ടത്.... പറങ്കീന്റെ ചോട്ടില് പാതി കുടിച്ചുതീര്‍ത്ത ഒരു കുപ്പി ഓ.സി.ആറും ഉണ്ടേനും.....'

കെട്ടിക്കൊണ്ടുവന്ന പെണ്ണ് തന്റെ സ്നേഹം തിരിച്ചറിയാത്തതിന്റെ മനോവിഷമത്തില്‍ പറങ്കിമാവില്‍ കെട്ടിത്തൂങ്ങിയ പൈലിക്കുഞ്ഞിന്റെ മരണത്തില്‍ സങ്കടപ്പെട്ട ഗീവര്‍ഗ്ഗീസിന്റെയും അവന്റെ അമ്മച്ചിയുടെയും അനുജത്തിമാരുടെയും സങ്കടത്തില്‍ പങ്കുചേരാന്‍ എല്ലാ തിരക്കുകളും മാറ്റിവെച്ച് അയല്‍വാസികളും നാട്ടുകാരുമായ സഹൃദയര്‍ തങ്ങളുടെ ഏതാനും മണിക്കൂറുകള്‍ ചെലവഴിച്ചു. തങ്ങളുടെ ജീവിതത്തിലും ഏതെങ്കിലും സമയത്ത് ഇത്തരമൊരു ദുരന്തം നേരിടേണ്ടി വരും എന്ന ബോധം തന്നെയായിരുന്നു അവരെ അത്തരമൊരു പങ്കുചേരലിലേക്ക് പ്രേരിപ്പിച്ചത്.

പൈലിയുടെ ശവമടക്കിനുശേഷം മരണവീടിന്റെ അന്തരീക്ഷത്തിന് അല്പം അയവു വന്നിരുന്നു. നാലുനാള്‍ക്കുശേഷം അയല്‍വാസിയായ ഷാന്റു മരണവീട്ടില്‍ നിന്ന് ഇറങ്ങിയതിനു ശേഷം ആ കുടുംബത്തിന്റെ സങ്കടം അന്വേഷിക്കാന്‍ മറ്റാരും അങ്ങോട്ട് ചെന്നിരുില്ല. അഞ്ചാം നാള്‍ മൂത്ത അനുജത്തി അവളുടെ കെട്ടിയവന്റെ കൂടെ അവന്റെ പൊരേലേക്കും പോയി. എല്ലാറ്റിനും ശേഷം ഗീവര്‍ഗ്ഗീസിന് തന്റെ മനസ്സിനും ശരീരത്തിനും വല്ലാത്തൊരു ഭാരം അനുഭവപ്പെടുതായി തോന്നി. കെട്ടിയവനെ കുഴിമാടത്തിലേക്ക് നയിച്ച തന്റെ പ്രവര്‍ത്തിയിലുള്ള കുറ്റബോധത്താല്‍ അവന്റെ അമ്മച്ചി അവരുടെ പിന്നീടുള്ള കാലം കൂടുതലൊന്നും ഉരിയാടിയിട്ടില്ല.

പൈലി മരിച്ചതിന്റെ ആറാം നാള്‍ മുതല്‍ ഗീവര്‍ഗ്ഗീസ് അപ്പച്ചന്റെ പണി ആയുധങ്ങളുമായി ടാപ്പിങ്ങിനായി തോട്ടത്തിലിറങ്ങി. അന്നു മുതല്‍ തന്റെ ജീവിതത്തെ മാറ്റിമറിച്ച പന്നിയിറച്ചി കാണുമ്പോള്‍ അവന് വല്ലാത്ത ദേഷ്യവും സങ്കടവുമായിരുന്നു.
അപ്പച്ചന്റെ ഓര്‍മ്മയ്ക്കായി ഗീവര്‍ഗ്ഗീസ് കൊണ്ടു വന്ന മദ്യം ഗ്ലാസ്സുകളിലേക്ക് പകരുന്നതിനിടയില്‍ ഇന്നേവരെ തോന്നാത്തൊരു സ്നേഹം കേഷ്യര്‍ക്ക് അവനോട് തോന്നി. ഒട്ടും മടിക്കാതെ അയാള്‍ തന്റെ നോട്ടത്തിലൂടെ ആ സ്നേഹം അവനുമായി പങ്കുവെയ്ക്കുകയും ചെയ്തു. ഒഴിച്ചുവെച്ച മദ്യം വെള്ളംചേര്‍ക്കാതെ തന്നെ ഒറ്റവലിക്ക് കുടിച്ചു തീര്‍ത്തതും ടേബിളിലിരിക്കുന്ന പ്ലാസ്റ്റിക് കൂടിനകത്തിരിക്കുന്ന പന്നിയിറച്ചിയുമായി അവന്‍ അടുക്കളയിലേക്ക് പോകുന്നതുമെല്ലാം കേഷ്യര്‍ അത്ഭുതത്തോടെ നോക്കിനില്ക്കുകയായിരുന്നു. നിറം മങ്ങിയ അടിവസ്ത്രം മാത്രം ധരിച്ച് ഇറച്ചിക്കൂടുമായി അടുക്കളയിലേക്ക് പോകുന്ന അവന്റെ രൂപം കണ്ടപ്പോള്‍ തനിക്കും സ്വന്തമായി ആരൊക്കെയോ ഉണ്ടെന്നുള്ള തോന്നലായിരുന്നു അയാള്‍ക്ക്. കൈയ്യിലിരിക്കുന്ന മദ്യം നിറച്ച ഗ്ലാസ്സിലേക്ക് വെള്ളമൊഴിച്ച് അതിന്റെ രുചിയെ ഗൗനിക്കാതെ ഒറ്റവലിക്ക് കുടിച്ച് തീര്‍ന്നപ്പോഴേക്കും അടുക്കളയില്‍ ടേപ്പു തുറന്ന് വെള്ളം വീഴുന്നതിന്റെയും പാത്രങ്ങള്‍ കഴുകുന്നതിന്റെയും ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. അടുക്കളയില്‍ നിന്നുള്ള ശബ്ദത്തേയും ടെലിവിഷനില്‍ ജെറിക്കു പിന്നാലെ ടോം ആവേശപൂര്‍വ്വം ഓടുന്നതിന്റെ കാഴ്ചയേയും ചേര്‍ത്തുവെച്ചപ്പോള്‍ അയാള്‍ക്ക് ഈ മുറിക്കകത്ത് എന്തൊക്കെയോ തമാശകള്‍ നടക്കുന്നതായി തോന്നി. എന്നാല്‍ ഈയൊരു തോന്നലില്‍ കൂടുതല്‍ സമയം തുടരുവാന്‍ മെനക്കിടാതെ ടെലിവിഷന്‍ ഓഫ് ചെയ്ത് വീണ്ടുമൊരു പെഗ്ഗ് കൂടി അകത്താക്കി. അപ്പോഴും അടുക്കളയിലെ വാഷ്‌ബേസിനില്‍ വെള്ളം വീഴുന്നതിന്റെ ശബ്ദം കേള്‍ക്കാമായിരുന്നു.

ഒരു ശീലം പോലെ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ഘടികാരത്തിലേക്ക് നോക്കി സമയം തിട്ടപ്പെടുത്തുന്നതിനിടയില്‍ അതിനടുത്തായി തൂക്കിയിട്ടിരിക്കുന്ന റിട്ടയര്‍മെന്റ് ദിവസം സഹപ്രവര്‍ത്തകര്‍ സമ്മാനിച്ച മൊണാലിസയുടെ ചിത്രത്തില്‍ കേഷ്യറുടെ ശ്രദ്ധ ഒരു നിമിഷം തങ്ങിനിന്നു. റമ്മിന്റെ ലഹരി അല്പാല്പം സിരകളെ ബാധിച്ചിരുന്നതിനാല്‍ മൊണാലിസയിലേക്കുള്ള നോട്ടം അല്പം നീണ്ടുനില്ക്കുകയും വിഷാദവതിയായ അവളുടെ കണ്ണുകള്‍ തന്നോട് എന്തൊക്കെയോ സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അയാള്‍ക്ക് തോന്നി. അവളുടെ ആഗ്രഹത്തെ നിഷേധിക്കുവാന്‍ അയാള്‍ക്കൊരിക്കലും സാധിക്കുമായിരുന്നില്ല. ആ മുഖത്തെ അതേ ഭാവം തന്നെയായിരുന്നു മരണാസന്നയായി കിടക്കുമ്പോള്‍ അയാളുടെ മകളുടെ മുഖത്തും തങ്ങിനിന്നിരുന്നത്. ആ നേരത്തെ അവളുടെ കണ്ണുകള്‍ തന്നോട് എന്തൊക്കെയോ പറയാനാഗ്രഹിക്കുന്നുണ്ടെന്ന് അയാള്‍ക്ക് തോന്നിയിരുന്നു. പല കാരണങ്ങള്‍കൊണ്ടും മൊണാലിസയുടെ ചിത്രം അയാള്‍ക്ക് സ്വന്തം ഓര്‍മ്മകളുടെ ആഴങ്ങളിലേക്ക് പറക്കുവാനുള്ള സ്വാതന്ത്ര്യത്തിന് ആക്കം കൂട്ടിയിരുന്നു.

വിപ്ലവകരമായ ദാമ്പത്യജീവിതം നയിച്ചുകൊണ്ടിരുന്ന രാമചന്ദ്രന്റേയും ഭാര്യയുടെയും ഇടയിലേക്ക് അധികം കാലതാമസമില്ലാതെ ഒരു പെണ്കുഞ്ഞ് പിറന്നു. പൊന്നിനേക്കാള്‍ മാറ്റ് കൂടുതല്‍ തങ്കത്തിനാണെന്ന തിരിച്ചറിവ് ആ കാലത്ത് പിറന്ന പെണ്കുഞ്ഞുങ്ങള്‍ക്കെല്ലാം അവരുടെ അച്ഛനമ്മമാര്‍ 'തങ്കം'എന്നുള്ള പേര് നല്കാന്‍ കാരണമായി. തങ്ങള്‍ക്കു പിറന്ന പെണ്കുഞ്ഞിനും രാമചന്ദ്രനും ഭാര്യയും 'തങ്കം' എന്ന പേരു തന്നെ വിളിച്ചു. തങ്കത്തിന്റെ ജനനത്തോടെ അവളുടെ അച്ഛനമ്മമാരുടെ ജീവിതത്തില്‍ പുതിയൊരു ഉന്മേഷം തന്നെയുണ്ടായി. രാമചന്ദ്രന്റെ താല്കാലികജോലി സ്ഥിരപ്പെട്ടതും ഭാര്യയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്കു ശേഷം അവരുടെ വീട്ടിലേക്ക് വന്നതും തങ്കം കൊണ്ടുവന്ന ഭാഗ്യമായാണ് അവര്‍ കരുതിയിരുന്നത്. തങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവുമായി വന്ന തങ്കത്തിനെ അവര്‍ അവരേക്കാളും സ്നേഹിച്ചു. തങ്കത്തിന്റെ കളിയും ചിരിയും കരച്ചിലും അവരുടെ ഇടയില്‍ ഒരു സ്വര്‍ഗ്ഗം തന്നെ തീര്‍ത്തു. വീട് നിറച്ച് അവള്‍ക്കുള്ള കളിപ്പാട്ടങ്ങളാലും കുഞ്ഞുടുപ്പുകളാലും നിറയാന്‍ തുടങ്ങി. എന്നാല്‍ ഇതൊന്നും അധികകാലം നീണ്ടുനില്ക്കുവാന്‍ സാത്താന്റെ കണ്ണിലെ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കു ചൊറിയന്‍ പുഴുക്കള്‍ അനുവദിച്ചില്ല. ദൈവത്തേക്കാളും കാഴ്ചശക്തിയുള്ള സാത്താന്റെ കണ്ണേറ്റ തങ്കത്തിന്റെ കുഞ്ഞിശരീരത്തെ അവന്റെ കൂടപ്പിറപ്പുകള്‍ നുള്ളാനും പിച്ചാനും തുടങ്ങുകയും മൂന്നാ പിറന്നാളിനു ശേഷം ദൈവം അവളെ കളിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും പൂര്‍ണ്ണമായും അവസാനിപ്പിക്കുകയും ചെയ്തു.
അങ്ങിനെ മഴയൊഴിഞ്ഞ് വേനലുദിക്കുകയും ആകാശത്ത് സൂര്യമൊട്ടുകളും മാലാഖമാരും കളിച്ചുരസിക്കുകയും ചെയ്യുന്ന ഒരു പകലില്‍ തങ്കത്തിന് തൊട്ടാല്‍ പൊള്ളുന്ന വിറയലോടു കൂടി ശക്തമായ പനി ബാധിച്ചു. ഗോപാലന്‍ ഡോക്ടറിനും വെളുമ്പത്തെ പള്ളിയിലും ആശാരിക്കാവിലും നേര്‍ച്ചകള്‍ ഒരുപാട് മാറിമാറി നേര്‍ന്നുവെങ്കിലും അവിടങ്ങളില്‍ കുടികൊള്ളുന്നോരാരും തന്നെ തങ്കത്തിന്റെ അച്ഛനമ്മമാരുടെ സങ്കടത്തെയോ പ്രാര്‍ത്ഥനയെയോ വകവെയ്ക്കാന്‍ തയ്യാറായിരുില്ല. അപ്പോഴേക്കും സാത്താന്റെ മനസ്സും കണ്ണുകളും ചൊറിയന്‍ പുഴുവിന്റെ ആക്രമണത്തില്‍ കലങ്ങിമറിഞ്ഞിരുന്നു. അനന്തരം ഇതൊന്നനുമറിയാതെ അന്ന് സന്ധ്യാസമയത്ത് തെക്കേതിലെ മാവിന്‍ കൊമ്പില്‍ കൂടുകൂട്ടി മുട്ടയിട്ട് കാത്തിരുന്ന കറുമ്പിക്കാക്കയ്ക്ക് ഒരു കാക്കക്കുഞ്ഞു പിറന്നു. തങ്കത്തിന്റെ വേര്‍പാടിനു ശേഷം അവളുടെ അമ്മ രണ്ടാമതൊരു കുഞ്ഞിനെ പെറ്റില്ല. അങ്ങിനെ അവള്‍ നല്കിയ ഓര്‍മ്മകളുമായി ആ ദമ്പതിമാര്‍ പിന്നീടുള്ള കാലം കഴിച്ചു കൂട്ടി.

ചുമരിലെ മൊണാലിസയെ നോക്കിയപ്പോള്‍ കേഷ്യര്‍ക്ക് ഓര്‍മ്മ വന്നത് തങ്കത്തിന്റെ മരണസമയത്തെ വിഷാദംനിറഞ്ഞ മുഖമായിരുന്നു. തങ്കത്തിന്റെ മരണശേഷം അവളുടെ അമ്മയുടെ മുഖത്തും തളംകെട്ടിനിന്നിരുന്നത് അതേ ഭാവം തന്നെയായിരുന്നു; മരണംവരെ അതവിടെത്തന്നെ ഒട്ടിപ്പിടിച്ചിരുന്നു. അതിനാല്‍ മൊണാലിസ എന്നത് കേഷ്യര്‍ക്ക് ഒരേ സമയം തന്റെ മകളിലേക്കും ഭാര്യയിലേക്കുമുള്ള എളുപ്പവഴി കൂടിയാണ്.
ചിത്രം തള്ളിക്കൊണ്ടുപോയ ഓര്‍മ്മകളുടെ ദൂരത്തുനിന്നും തിരിച്ചുവരുമ്പോഴേക്കും അടുക്കളയിലെ തന്റെ പാചകവുംകഴിഞ്ഞ് രണ്ട് പെഗ്ഗും അകത്താക്കി ടേബിളിനോട് ചേര്‍ത്തിട്ട കസേരയില്‍ ഇരിക്കുകയായിരുന്നു ഗീവര്‍ഗ്ഗീസ്. അവന്റെ മനസ്സ് ലഹരി നയിക്കുന്ന വഴികളിലൂടെ സഞ്ചരിക്കുകയാണെന്ന് മുഖത്തു നിന്നും വ്യക്തമാണ്. കേഷ്യര്‍ അവനഭിമുഖമായി ഇട്ടിരിക്കുന്ന കസേരയില്‍ വന്നിരുന്ന് ഏതോ പ്രേരണയാല്‍ എന്നവണ്ണം തന്റെ ഗ്ലാസ്സിലേക്ക് മദ്യമൊഴിച്ച് കുടിച്ചു.

' എന്നാത്തിനാ ചാവാന്‍ നോക്കിയേ....?' മുന്നിലെ പ്ലേറ്റില്‍നിന്നും ആവി പറന്നുകൊണ്ടിരിക്കുന്ന പന്നിയിറച്ചിയുടെ രുചി തൊട്ടുനാവില്‍ വെയ്ക്കുമ്പോഴായിരുന്നു ഗീവര്‍ഗ്ഗീസിന്റെ ചോദ്യം. റമ്മിന്റെ ലഹരിയും പന്നിയിറച്ചിയുടെ എരിവും ആസ്വദിച്ചുകൊണ്ട് തന്നെ അയാള്‍ ആത്മഹത്യ ചെയ്യുവാന്‍ ശ്രമിച്ചതിനു പിന്നിലെ കാര്യങ്ങള്‍ വ്യക്തമാക്കുവാന്‍ തുടങ്ങി.

'ഞങ്ങളു തമ്മിലുള്ള ബന്ധത്തെ എന്റേയും അവളുടേയും വിട്ടുകാര് ഒരുപോലെ എതിര്‍ത്ത്... അവളെ കെട്ടിയാല്‍ ഈ കുടുംബവുമായി നിനക്കൊരു ബന്ധവും ഉണ്ടാകില്ലാ എന്ന് എന്റച്ഛന്‍; അവളുടെ വീട്ടുകാര്‍ക്കും അതേ വാശി തന്നെ..... ഞങ്ങളുടെ മുന്നില്‍ വേറെ വഴികളൊന്നുമുണ്ടായിരുില്ല..... അങ്ങനെ രണ്ടുപേരും ഒന്നിച്ച് ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചു..... എന്നാല്‍ ഞങ്ങള്‍ക്കത് ചെയ്യാന്‍ വല്ലാത്ത പേടിയുമായിരുന്നു.... പിന്നെ ഞങ്ങളുടെ മുന്നിലുണ്ടായിരുന്ന വഴി ഒരുമിച്ചു ജീവിക്കുക എന്നതായിരുന്നു.... ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തന്നെ തീരുമാനിച്ചു..... കുഞ്ഞുമോളായ തങ്കത്തിന്റെ മരണശേഷം വിട്ടൊഴിയാത്ത വിഷാദം ഞങ്ങളുടെയിടയില്‍ തങ്ങിനിന്നിരുന്നു...... ഞാന്‍ റിട്ടയര്‍ ചെയ്യാന്‍ ഒരു വര്‍ഷം ബാക്കിയുള്ളപ്പോളാ ഒരു മുന്നറിയിപ്പുമില്ലാതെയുള്ള അവളുടെ മരണം...... അതെനിക്ക് താങ്ങാനാവുന്നതിനും അപ്പുറത്തായിരുന്ന...... അപ്പോളും എനിക്ക് തോന്നി എന്റെ ജീവിതോം അങ്ങ് അവസാനിപ്പിച്ചാലോ എന്ന് .... എന്നാല്‍ അപ്പോഴും എന്നെക്കൊണ്ടതിനു കഴിഞ്ഞില്ല.....'

പറഞ്ഞു തീരുമ്പോഴേക്കും അയാള്‍ സങ്കടം നിറഞ്ഞ് കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു.

'അപ്പം നിങ്ങള് തമ്മില് അത്രയ്ക്ക് ഇഷ്ടമായിരുു അല്ലേ.....? '
' ഉം.....'

അനന്തരം ലഹരി നല്കിയ വൈകാരികസ്വാതന്ത്ര്യത്തിന്റെ വേദിയാകുകയായിരുന്നു അവരുടെ സ്ഥലകാലങ്ങള്‍.

'എന്റെ ജീവിതം എങ്ങിനെയൊക്കെയോ തീര്വാ കേഷ്യറെ..... വയസ്സ് മുപ്പത്തിയഞ്ച് കഴിഞ്ഞ് ഇനിയെന്നെക്കൊണ്ട് ഒന്നിനും സാധിക്കുമെന്ന് തോന്നുന്നില്ല..... അപ്പച്ചന്റേം അമ്മച്ചീടേം മരണത്തോടെ എനിക്കാ നാട്ടീന്ന് എങ്ങോട്ടെങ്കിലും പോയാമതീയായിരുന്നു..... കഴിഞ്ഞ ഓരോ കാര്യങ്ങള് ഓര്‍മ്മ വരുമ്പം എനക്ക് വല്ലാത്തൊരു വെഷമാ... ചെലപ്പം തോന്നും ഞാനെന്താ ഇങ്ങനെ ആയിപ്പോയേന്ന്..... അന്നേരേം മരിച്ചുപോയ അപ്പച്ചനേം അമ്മച്ചീനേം ഒരുപാട് പ്‌രാകും..... ഞങ്ങള് മൂന്നു മക്കളാ..... എന്റെ ഇളേത്ങ്ങള് രണ്ടും പെമ്പിള്ളേരാ..... അതുങ്ങളെ കെട്ടിച്ചയച്ചേപ്പിന്നെ ആ ബന്ധം ഏതാണ്ട് ഇല്ലാണ്ടായ പോലെയാ..... അപ്പന്റെ ഇഷ്ടം നേടാന്‍ വേണ്ടി ഞങ്ങള് മൂന്നുപേരും ചെറുപ്പത്തിലേ മത്സരായിരുന്നു..... എല്ലാറ്റിനും കാരണം അങ്ങേരുടെ കുടിയാ....... കുടിച്ചാല്‍ ഞങ്ങളോട് വല്ലാത്തൊരിഷ്ടായിരുന്നു..... ഏതു പാതിരാക്കായാലും അപ്പച്ചന്‍ വന്നാല്‍ ഞങ്ങളെ വിളിച്ചുണര്‍ത്തി ഭക്ഷണം കഴിപ്പിക്കും.... കഴിച്ചില്ലേല്‍ സങ്കടാവും എന്നുകരുതി ഞങ്ങള് ഒന്നും മിണ്ടാതെ കഴിക്കും...... കൂടുതല്‍ കഴിക്കുന്ന എന്നോടായിരുന്നു അപ്പച്ചന് ഏറ്റവും ഇഷ്ടം..... അത് പോയ്‌പ്പോകാതിരിക്കാന്‍ വേണ്ടി വയറുനിറഞ്ഞാലും ഞാന്‍ കഴിക്കും..... എന്നോട് ഇഷ്ടക്കൂടുതല്‍ കാണിക്കുന്നോണ്ട് ഇളേതുങ്ങള്‍ക്ക് എപ്പോഴും ദേഷ്യാ... അപ്പച്ചനും അമ്മച്ചീം പോയേപ്പിന്നെ അയിറ്റുങ്ങള്‍ എന്നെ തിരിഞ്ഞ്നോക്കീട്ടില്ല..... എല്ലാത്തിനും കാരണം അപ്പച്ചന്റെ കുടിയാ....'

പറച്ചിലിനിടയിലെ അവന്റെ വൈകാരികമാറ്റങ്ങളെ കേഷ്യര്‍ ശ്രദ്ധയോടെ പിന്തുടരുകയായിരുന്നു.

' എന്നാലും അപ്പച്ചന് എന്നോട് വല്ലാത്തൊരിഷ്ടായിരുന്നു.... അപ്പച്ചന്റെ ഇഷ്ടം എന്നും എന്നെ തോല്പിച്ചുകൊണ്ടിരുിന്നേയുള്ളൂ........'

എല്ലാം പറഞ്ഞു കഴിയുമ്പോഴേക്കും അത് വീണ്ടും സംഭവിച്ചു. സ്വയം തോറ്റുകൊണ്ടിരിക്കുന്നതിന്റെ കുറ്റബോധം മനസ്സിനെ വന്ന് സ്പര്‍ശിച്ചെങ്കിലും ലഹരി അവയെ തള്ളിമാറ്റിക്കളഞ്ഞു.

ഇറച്ചിപ്പാത്രവും മദ്യക്കുപ്പിയും കൈയില്‍ പിടിച്ചുകൊണ്ട് എന്തോ തീരുമാനിച്ചുറച്ചതുപോലുള്ള ഗീവര്‍ഗ്ഗീസിന്റെ പോക്കു കണ്ടിട്ട് കേഷ്യര്‍ക്ക് ഒന്നും മനസ്സിലായില്ല. എന്നാല്‍ അപ്പോഴേക്കും പുറത്തേക്കുള്ള വാതില്‍ തുറന്ന് അധികം വെളിച്ചമില്ലാത്ത ഇടനാഴിയിലേക്ക് അവന്‍ കടന്നിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച് മദ്യലഹരിയില്‍ വെളിയിലേക്ക് പോകുന്ന അവനെ തടയണമെന്ന ആഗ്രഹം അയാളുടെ ലഹരിപിടിച്ച ബോധത്തില്‍ എവിടൊക്കെയോ ഉണ്ടായിരുന്നു. എന്നാല്‍ അവയൊന്നും പ്രകടിപ്പിക്കുവാനാകാതെ അവനെ അനുഗമിക്കാനേ അയാള്‍ക്ക് സാധിച്ചിരുന്നുള്ളൂ. ഇരുട്ടും വെളിച്ചവും ഇടകലര്‍ന്ന ഇടനാഴിയിലൂടെ ഒരാളുടെ ലക്ഷ്യത്തിനു പുറകെ നടക്കുന്ന മറ്റൊരാളിന്റെ ചിന്താശൂന്യത കേഷ്യറിലും കാണാന്‍ സാധിക്കും. ശരീരത്തിന്റെ ചലനങ്ങളെ നിയന്ത്രണവിധേയമാക്കാന്‍ ബുദ്ധിമുട്ടിക്കൊണ്ട് അവര്‍ രണ്ടു പേരും മുന്നോട്ടുതന്നെ നടന്നുകൊണ്ടിരുന്നു. മുകളിലേക്കുള്ള പടികള്‍ കയറിക്കൊണ്ട് ഗീവര്‍ഗ്ഗീസ് മുന്നില്‍ നടക്കുമ്പോള്‍ അവന്റെ അര്‍ദ്ധനഗ്നമായ ശരീരത്തിന്റെ കാഴ്ചയെ ന്യായികരിക്കുവാന്‍ അയാള്‍ക്ക് ഏറെ പാടുപെടേണ്ടതായി വന്നു. എന്നാല്‍ ഫ്ലാറ്റിനു മുകളിലേക്കുള്ള ഓരോ പടികളും കയറിക്കൊണ്ടിരിക്കുന്ന അവന്റെ അസംബന്ധത നിറഞ്ഞ പ്രവൃത്തിയെ അയാളുടെ ഒരാലോചനയും പിന്‍തിരിപ്പിച്ചില്ല. പകരം അവനെ പിന്‍തുടരുക മാത്രമാണ് ചെയ്തത്.

ടെറസ്സിന്റെ മുകളിലെത്തിയപ്പോഴേക്കും ഡിസംബറിന്റെ തണുപ്പിനെ വകവെയ്ക്കാതെ അയാളുടെ ശരീരം നന്നായി വിയര്‍ത്തിരുന്നു. കൈയ്യിലെ മദ്യവും മാംസവും കോണ്‍ക്രീറ്റ് തറയില്‍ വെച്ചുകൊണ്ട് ഗീവര്‍ഗ്ഗീസ് തെളിഞ്ഞു നില്‍ക്കുന്ന ആകാശത്തിലേക്ക് നോക്കി മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നത് കയറിവന്ന കോണിപ്പടികളില്‍ നിന്നും നഷ്ടമായ വായുവിനെ ഊക്കോടെ വലിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഒട്ടും ഉരിയാടാതെ കൗതുകത്തോടെ അയാള്‍ നോക്കിനിന്നു. നിലാവിന്റെ വെളിച്ചത്തില്‍ കുളിച്ചുകൊണ്ട് പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്ന ഗീവര്‍ഗ്ഗീസിന്റെ നഗ്നമായ ശരീരം ഏതൊക്കെയോ കാരണത്താല്‍ വിറയ്ക്കുന്നുണ്ടായിരുന്നു. തന്നെ സ്പര്‍ശിച്ചുകൊണ്ട് പോകുന്ന തണുത്ത കാറ്റിലൂടെ ഓര്‍മ്മകളുടെ അടരുകള്‍ പോസ്റ്റ്‌മോര്‍ട്ടംചെയ്ത അപ്പച്ചന്റെ ശരീരത്തിന്റെ ഗന്ധമായും പാതിവെന്ത പന്നിയിറച്ചിയുടെ മണമായും പറങ്കിമാവില്‍ തൂവലുപോലെ ആടുന്ന രൂപമായും പ്രാര്‍ത്ഥനയുടെ ഓരോ നിമിഷത്തിലും ഓക്കാനിച്ചുകൊണ്ടേയിരുന്നു. തെളിഞ്ഞു വരുന്ന ഓര്‍മ്മകളില്‍ നിന്നും വ്യതിചലിക്കുന്തോറും പഞ്ചേന്ദ്രിയങ്ങളെ കീഴ്പെടുത്തിക്കൊണ്ടിരിക്കുന്ന വൈകാരികതകളില്‍ കീഴടങ്ങി നിലയുറപ്പിക്കുവാനുള്ള അബോധപൂര്‍വ്വമായ തീരുമാനം പ്രാര്‍ത്ഥനാനിരതമായ നിമിഷങ്ങളിലെപ്പോഴോ അവന്‍ കൈക്കൊണ്ടിരുന്നു. എന്നാല്‍ അധികം വൈകാതെ താന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നൂല്‍പ്പാലത്തിന് നീളം കൂടുന്നതായും കനം കുറയുന്നതായും അനുഭവപ്പെട്ടതോടെ നിയന്ത്രണാതീതമായ വിറയലോടെ അവന്റെ ശരീരം കോണ്ക്രീറ്റ് തറയിലേക്ക് കമഴ്ന്നടിച്ച് വീഴുകയാണ് ചെയ്തത്. എന്നിട്ടും ഓര്‍മ്മകളുണ്ടാക്കിയ വീര്‍പ്പു മുട്ടലുകളില്‍ നിന്നും അവന്റെ ശരീരത്തിനും മനസ്സിനും പൂര്‍ണ്ണമായും വിട്ടൊഴിയാന്‍ സാധിച്ചിരുന്നില്ല. ഇനിയും കണ്ണുതുറക്കാതിരിക്കുകയാണെങ്കില്‍ താനില്ലാതായി പോകുമെന്ന നേര്‍ത്തൊരു ബോധം അവനെക്കൊണ്ട് അടഞ്ഞുകിടക്കുന്ന കണ്ണുകളെ ബലപ്രയോഗത്തിലൂടെ തുറന്നുപിടിക്കുവാനുള്ള ശ്രമകരമായ തീരുമാനമെടുപ്പിച്ചു. കണ്ണുതുറതിന് ശേഷം ഒരു നിമിഷം അവിടെത്തന്നെ കിടന്ന അവന്‍ പതിയെ എഴുന്നേല്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്റെ ശരീരത്തില്‍ മറ്റൊരു സ്പര്‍ശം ഏല്ക്കുന്നതായി അവന്‍ മനസ്സിലാക്കി. സര്‍വ്വശക്തിയും ഉപയോഗിച്ച് അത് തട്ടിമാറ്റിക്കൊണ്ട് തിരിഞ്ഞുനോക്കുമ്പോള്‍ അരികിലായി നില്ക്കുന്ന കേഷ്യറെ കണ്ടതും അയാളുടെ മുഖത്തേക്ക് കാര്‍ക്കിച്ചുതുപ്പിയതും ഒരുമിച്ചായിരുന്നു. അപ്പോളും വീണുകിടക്കുന്ന അവനെ എഴുന്നേല്ക്കുവാന്‍ സഹായിക്കണമെന്ന് അയാളുടെ ഉള്ള് പറഞ്ഞെങ്കിലും ധൈര്യം ചോര്‍ന്നുപോയിരുന്നു.

ഏറെ പണിപ്പെട്ട് എഴുന്നേറ്റ ഗീവര്‍ഗ്ഗീസ് തന്റെ അരികിലായി നില്ക്കുന്ന കേഷ്യറിന്റെ അടുത്തേക്ക് ചെന്ന് അയാളെ കെട്ടിപ്പിടിച്ച് ഒരു കുഞ്ഞിനെപ്പോലെ കരയുവാന്‍തുടങ്ങി. അവന്റെ നിര്‍ത്താതെയുള്ള കരച്ചിലിനു പിന്നാലെ എന്തിനാണെറിയാതെ അയാളും കരയാന്‍ തുടങ്ങി. ഏറെനേരം പരസ്പരം കെട്ടിപ്പിടിച്ചും മുഖത്തോടുമുഖം നോക്കിയും കരയാനല്ലാതെ ഒന്നും പറയാനോ കരച്ചില്‍ നിര്‍ത്താനോ അവര്‍ക്ക് സാധിച്ചില്ല.
അപ്പോഴും സങ്കടങ്ങളാല്‍ വീര്‍പ്പുമുട്ടിക്കൊണ്ട് തെളിച്ചമില്ലാത്ത ഒരു നക്ഷത്രം ഭൂമിയിലെ തന്റെ പുത്രനെയും അവന്‍ തനിക്കായി നേദിച്ച മദ്യവും മാംസവും നോക്കിക്കൊണ്ട് ആകാശത്തു നിന്നും കൊതിയോടെ വായില്‍ വെള്ളമിറക്കുന്നുണ്ടായിരുന്നു.

അപ്പച്ചനുള്ള ആണ്ടുബലി അര്‍പ്പിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്താലെ ഗീവര്‍ഗ്ഗീസും കേഷ്യറും ഫ്ലാറ്റിനകത്തെ തറയില്‍ മലര്‍ന്നു കിടക്കുകയാണ് . നേരം ഏറെ വൈകിയതിനാലും വൈകാരികതള്ളിച്ചകള്‍ തീര്‍ത്ത ക്ഷീണത്താലും കേഷ്യര്‍ മയക്കം പിടിച്ചിരുന്നു. കണ്ണടച്ച് മയങ്ങുവാന്‍ അവന്‍ ഏറെ ശ്രമിച്ചെങ്കിലും മനസ്സ് അതിനു കീഴടങ്ങാതെ ഏതൊക്കെയോ ചിന്തകളുടെ പുറകെ ഓടുകയാണിപ്പോഴും. കുറച്ചു സമയം അങ്ങിനെ തള്ളിനീക്കിയെങ്കിലും തനിക്കൊരിക്കലും രക്ഷപ്പെടുവാന്‍ സാധിക്കാതിരുന്നതും ആദിമകാലം മുതലേ തില്‍ അള്ളിപ്പിടിച്ചു നില്ക്കുന്നതുമായ അകാരണമായ ഏതോ ഒരു പേടി വീണ്ടും പിന്‍തുടരുതായി അവനു തോന്നുന്നുണ്ടായിരുന്നു. എത്ര ആലോചിച്ചിട്ടും പിടികിട്ടാത്തതും എന്നാല്‍ വീണ്ടും വീണ്ടും ആക്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന അതിന്റെ കാരണം എന്താണ്? ചോദ്യചിഹ്നം മാത്രം ബാക്കിയാക്കിക്കൊണ്ട് ഉത്തരം തന്നെ നോക്കി ഇളിച്ചു കാട്ടുന്നതായിട്ടേ ഇതുവരെ അവനു തോന്നിയുള്ളൂ. ഓരോ നിമിഷം കഴിയുന്തോറും അവനിലെ പേടി കൂടിക്കൂടി വരുന്നത് അവന്റെ ശരീരചലനങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.

'കേഷ്യറേ.... കേഷ്യറേ..... എഴുന്നേല്ക്ക് ... നമുക്ക് കൊറച്ച് സമയം ടി.വി. കാണാം....'

മയക്കത്തില്‍ നിന്ന് എഴുന്നേറ്റേ കേഷ്യര്‍ ഒട്ടും ആലോചിക്കാതെ നേരെ ടെലിവിഷന്റെ അടുത്തേക്കാണ് പോയത്. പകല്‍സമയത്ത് കണ്ടുകൊണ്ടിരു ടോം ആന്റ് ജെറിയുടെ ബാക്കി ഭാഗം വെച്ചുകൊണ്ട് അയാള്‍ ഗീവര്‍ഗ്ഗീസിന്റെ അടുത്ത് തറയില്‍ വന്നിരുന്നു. വളരെ പെട്ടെന്നുതന്നെ അയാളുടെ ശ്രദ്ധമുഴുവന്‍ ടോമിനും ജെറിക്കുമൊപ്പം സഞ്ചരിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ എത്ര ശ്രമിച്ചിട്ടും അവന് തന്നിലെ ഭയത്തെ മാറ്റിനിര്‍ത്തി ടെലിവിഷനിലേക്ക് ശ്രദ്ധ പതിപ്പിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. മുറിക്കുള്ളില്‍ നിറഞ്ഞു നില്ക്കുന്ന കാര്‍ട്ടൂണ്‍പരമ്പരയുടെ പശ്ചാത്തലസംഗീതം അവന്റെ വീര്‍പ്പുമുട്ടലിന് ആക്കം കൂട്ടിയതേ ഉള്ളൂ. എന്നാല്‍ ദൃശ്യത്തില്‍ പൂര്‍ണ്ണമായി മുഴുകിയിരിക്കുന്ന കേഷ്യര്‍ ആറിക്കൊണ്ടിരിക്കുന്ന മദ്യത്തിന്റെ ലഹരിക്കുപകരം ലഭിച്ച മറ്റൊരു ലഹരിയുടെ ലോകത്തിന്റെ ആസ്വാദനത്തിലായിരുന്നു. ടെലിവിഷന്‍ പെട്ടെന്ന് ഓഫ് ചെയ്തതും അവന്‍ വന്ന് തന്റെ മടിയില്‍ തലവെച്ച് ഒരു കുഞ്ഞിനെപ്പോലെ ചുരുണ്ടുകൂടി കിടന്ന് അവ്യക്തമായി എന്തൊക്കെയോ പറയാന്‍ ആരംഭിച്ചതും ഒരുമിച്ചായിരുന്നു. തന്നില്‍ ഒട്ടിച്ചേര്‍ന്ന് ജീവിച്ചിരുന്ന ഭയത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ പല വഴികളായിരുന്നു അവന്‍ സ്വീകരിച്ചത്. ചിലപ്പോള്‍ മൂടിപ്പുതച്ച് കിടന്നുറങ്ങും അല്ലെങ്കില്‍ സ്വയംഭോഗം ചെയ്യും അതുമല്ലെങ്കില്‍ തനിക്കു മാത്രം കേള്‍ക്കാന്‍ പാകത്തില്‍ വെറുതെ എന്തെങ്കിലും ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും. ഇതൊക്കെത്തന്നെ അവനെ താല്ക്കാലികമായെങ്കിലും പേടിയില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. തന്റെ മടിത്തട്ടിന്റെ സുരക്ഷിതത്വത്തില്‍ പതുങ്ങിയിരിക്കുമ്പോഴും ഏതോ കാര്യമായ പ്രശ്നം അവനെ ഇപ്പോഴും അലട്ടുന്നുണ്ടെന്ന് മുഖത്തെ ഭാവമാറ്റത്തില്‍ നിന്നും അയാള്‍ ഊഹിച്ചെടുത്തു. ഏതാനും നിമിഷം അവര്‍ രണ്ടുപേരും അതേ നിലയില്‍ത്തന്നെ ഇരിപ്പുറപ്പിച്ചു. നേരം വൈകുന്നതിനനുസരിച്ച് കാറ്റിന്റെ തണുപ്പ് കൂടിക്കൂടിവരികയും രണ്ടുപേര്‍ക്കുമിടയില്‍ നിന്നുകൊണ്ട് തങ്ങള്‍ക്കു നിയന്ത്രണം കിട്ടാത്തവണ്ണം ദൈവവും സാത്താനും തോളോടുതോള്‍ ചേര്‍ന്നു നിന്ന് ഇന്ദ്രിയങ്ങളെ തളര്‍ത്തിയും ഉണര്‍ത്തിയും നേരംപോക്കു നടത്തിക്കൊണ്ടിരിക്കയാണ്. അതിനാല്‍ അവര്‍ പറയുന്ന കാര്യങ്ങളിലെല്ലാം നേരിയ അവ്യക്തത കടന്നുവന്നുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

'എനിക്ക് വല്ലാത്തൊരു പേടി തോന്നുന്ന പോലെ..... അങ്ങനെ തോന്നുമ്പം പിന്നെ ഒന്നും ചെയ്യാന്‍ പറ്റ്വേല്ല..... ചെയ്യുന്നതെല്ലാം തെറ്റായിപ്പോയാല് ആള്‍ക്കാര് എന്തേലും വിചാരിക്കൂല്ലേ......?'

അവന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് കേള്‍ക്കുമ്പോള്‍ കേഷ്യര്‍ക്ക് അവനില്‍ തന്നെത്തന്നെയാണ് കാണാന്‍ സാധിച്ചിരുന്നത്. അതിനാല്‍ അവന്റെ ആ ഒരു പ്രശ്നത്തിന് പരിഹാരവും അയാള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നു.
രാത്രി ഏറെ വൈകുമ്പോള്‍ രണ്ടു മനുഷ്യരുടെ ഇടയിലെ ഞാനെന്ന ഭാവത്തിന്റെ തീവ്രത നഷ്ടമാകുന്നു എന്നുള്ള യാഥാര്‍ത്ഥ്യത്തിന്റെ ആവര്‍ത്തനമാണ് '17 ആ' എ ഈ ഫ്‌ളാറ്റ് മുറിക്കകത്ത് ജീവിക്കുന്ന രണ്ടു മനുഷ്യരുടെ ഇടയിലും നടന്നുകൊണ്ടിരിക്കുന്നത്.
എന്തേലും സങ്കടം വരുമ്പോള്‍ അതില്‍നിന്നും രക്ഷപ്പെടുവാന്‍ കേഷ്യര്‍ക്കു മുന്നിലുള്ള ഒരു വഴി കാര്‍ട്ടൂണ്‍പരമ്പര കണ്ടിരിക്കുക എന്നുള്ളതാണ്. അതെപ്പോഴും അയാള്‍ക്ക് ആശ്വാസം നല്കിയിരുന്നു. എന്നാല്‍ ഗീവര്‍ഗ്ഗീസിനെ അത് കൂടുതല്‍ അസ്വസ്ഥപ്പെടുത്തുതിനാല്‍ അയാള്‍ക്കു തോന്നിയ മറ്റൊരു കാര്യം സ്വയം കാര്‍ട്ടൂണ്‍കഥാപാത്രങ്ങളായി തീരുക എശ്ശ്തായിരുന്നു. അതിനായി തയ്യാറെടുത്തുകൊണ്ട് അയാള്‍ അവനോട് പറഞ്ഞു.

'നമുക്ക് ടോം ആന്റ് ജെറി കളിക്കാം... നീ ടോം.... ഞാന്‍ ജെറി....' കേഷ്യര്‍ പറയുന്നത് കേട്ടുനില്ക്കുന്ന അവന്റെ മുഖത്ത് കളിയറിയാത്തതിന്റെ പരുങ്ങലും കളിച്ചു കൊണ്ടിരിക്കുമ്പോള്‍ അത് തെറ്റിപ്പോകുമോ എന്നുള്ള ആശങ്കയുമായിരുന്നു. കളിയുടെ നിയമങ്ങള്‍ വിശദീകരിച്ചു കഴിയുമ്പോഴേക്കും അവന്റെ മനസ്സ് കളിക്ക് തയ്യാറായിക്കഴിഞ്ഞിരുന്നു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അവനു മനസ്സിലായ ഒരു കാര്യം കളി അവസാനിക്കാതെ തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് ആരും തോല്‍ക്കാതെ വിജയിച്ചു കൊണ്ടിരിക്കുന്നത് എന്ന പുതിയൊരു തത്വമായിരുന്നു.

അങ്ങിനെ അവര്‍ രണ്ടുപേരും വിശാലമായ മുറിക്കകത്തുനിന്നും പരസ്പരം കബളിപ്പിച്ചും പിടികൊടുക്കാതെയും രസകരമായി കളിയിലേര്‍പ്പെട്ടു. കളിക്കിയടില്‍ മുറിക്കകത്തെ ഫര്‍ണ്ണിച്ചറുകളും അലങ്കാരവസ്തുക്കളും മറിഞ്ഞുവീഴുകയും ക്രമംതെറ്റുകയും ചെയ്യുന്നുണ്ടായിരുന്നു. അതൊന്നും ഗൗനിക്കാതെ നിയന്ത്രണവിധേയമല്ലാത്ത ഊര്‍ജ്ജത്തിന്റെ താളരാഹിത്യത്തെ തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ പുതിയ ഇടങ്ങളായിട്ടാണ് രണ്ടുപേര്‍ക്കും തോന്നിയത്.

കളിയുടെ ആസ്വാദനം പൂര്‍ണ്ണമായത് അത് നിയമങ്ങളെ ലംഘിച്ചുകൊണ്ട് അടുക്കും ചിട്ടയും ചിന്താപൂര്‍ണ്ണതയും യുക്തിയും നഷ്ടമായിടത്തു വെച്ചായിരുന്നു. അപ്പോഴേക്കും രണ്ടുപേരും പൂര്‍ണ്ണമായി തളര്‍ന്ന് പണ്ടെങ്ങോ മരിച്ചുപോയ ആത്മാക്കളെപ്പോലെ മുഖത്തോടുമുഖം നോക്കിയിരുന്ന് അവരുടെ അവസാനശ്വാസത്തിന്റെ ഓര്‍മ്മകളെ അയവിറക്കുംവണ്ണം കിതച്ചുകൊണ്ടിരുന്നു.

കിതപ്പൊന്നടങ്ങിയപ്പോള്‍ ജോലിക്കു പോകേണ്ടതിനെക്കുറിച്ച് ബോധവാനായ ഗീവര്‍ഗ്ഗീസ് ക്ലോക്കിലേക്ക് നോക്കി സമയം ഉറപ്പുവരുത്തി. ആറുമണിയാകാന്‍ ഇനിയും രണ്ടു മണിക്കൂറുണ്ട്. തലേദിവസം ഊരിയെറിഞ്ഞ പണിവസ്ത്രവും ധരിച്ച് ക്ലോക്കിന് അഭിമുഖമായിട്ടിരിക്കുന്ന കേഷ്യറിന്റെ ചാരുകസേരയില്‍ സമയം പോകുന്നതും നോക്കിക്കൊണ്ട് മലര്‍ന്നുകിടന്നു. അപ്പോഴേക്കും കേഷ്യര്‍ തറയില്‍ത്തന്നെ കിടന്ന് ഉറക്കം പിടിച്ചിരുന്നു.

മുറിയിലേക്ക് ഇടയ്ക്കിടെ കയറിക്കൊണ്ടിരിക്കുന്ന കാറ്റിന് അപ്പച്ചനെകുറിച്ചുള്ള ഓര്‍മ്മകളുണ്ടാക്കുന്ന ഗന്ധമായിരുന്നു. പതിവിനു വിപരീതമായി അതില്‍ നിന്നും രക്ഷപ്പെടുവാനുള്ള പഴുതുകള്‍ അന്വേഷിക്കാതെ അവയിലൂടെ സഞ്ചരിക്കുവാന്‍ സദ്ധനായിക്കൊണ്ട് കണ്ണടച്ച് കിടന്നു. മനസ്സ് വല്ലാത്ത വേഗതയിലായിരുന്നു സഞ്ചരിച്ചുകൊണ്ടിരുന്നത്. അത് കഴിവില്ലായ്മയുടേയും പരാജയത്തിന്റേയും ഇലകളിലൂടെ നിലവിളികളോടെ ഓടിക്കൊണ്ടിരിക്കയാണ്. പറയാന്‍ കഴിയാതിരുന്ന ഇഷ്ടങ്ങള്‍, ആഗ്രഹങ്ങള്‍, കാമം, പ്രണയം, ചുംബനങ്ങള്‍ - എന്നാല്‍ ഇവയെയെല്ലാം തട്ടിമാറ്റിക്കൊണ്ട് കടന്നുവരുന്ന പോസ്റ്റ്‌മോര്‍ട്ടംചെയ്ത ശരീരത്തിന്റേയും വേവാത്ത പന്നിയിറച്ചിയുടേയും തീഷ്ണമായ ഗന്ധവും.

Subscribe Tharjani |