തര്‍ജ്ജനി

മുഖമൊഴി

കലാപഭൂമിയില്‍ നിന്നും നേഴ്സുമാര്‍ തിരിച്ചെത്തുമ്പോള്‍

സുന്നിവിമതര്‍ കലാപം നടത്തുന്ന ഇറാക്കില്‍ നിന്നും മലയാളികളായ നേഴ്സുമാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കാകുലമായ വാര്‍ത്തകളാണ് കഴിഞ്ഞ കുറേ നാളുകളായി മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത്. അതിനിടയില്‍ കുവൈത്ത് യുദ്ധകാലത്ത് അവിടെ നിന്നും ഇന്ത്യക്കാരെ, വിശേഷിച്ച് മലയാളികളെ, സുരക്ഷിതരായി നാട്ടിലെത്തിക്കുവാന്‍ താന്‍ നടത്തിയ ശ്രമത്തെക്കുറിച്ച് പഴയ കേന്ദ്രമന്ത്രി കെ. പി. ഉണ്ണിക്കൃഷ്ണന്റെ ഓര്‍മ്മകളും വാര്‍ത്തയായി വന്നു.തൊഴില്‍ തേടി കേരളത്തിന് പുറത്ത് പോകേണ്ടിവരുന്നവരാണ് മലയാളികള്‍. മാനസികമായും സാംസ്കാരികമായും മലയാളികള്‍ അതിന് സന്നദ്ധരുമാണ്. ലോകത്തിലെ ഏത് രാജ്യത്ത് ചെന്നാലും തൊഴില്‍തേടിപ്പോയ മലയാളിയെ കണ്ടെത്താനാവും. താരമതമ്യേന മെച്ചപ്പെട്ട വേതനം കിട്ടുന്നതും ജോലികിട്ടാന്‍ വലിയ പ്രയാസമില്ലാത്തതുമായ സ്ഥലങ്ങളിലേക്ക് മലയാളികളുടെ പ്രവാഹം തന്നെയാണ് ഉണ്ടാവുക. ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും കാനഡയും ആസ്ട്രേലിയയും മലയാളികളുടെ പ്രിയപ്പെട്ട രണ്ടാംനാടുകളായി മാറുന്നത് അക്കാരണത്താലാണ്. ഇറാക്കില്‍ എണ്ണൂറിനടുത്ത് മലയാളികള്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കലാപം ആരംഭിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഉണ്ടാക്കിയ കണക്ക്. അതില്‍ നിരവധി പേര്‍ നോര്‍ക്കയുടെ ഹെല്‍പ് ലൈനില്‍ നാട്ടിലേക്ക് മടങ്ങാനുള്ള സഹായം തേടി. അതില്‍ കുറച്ച് നേഴ്സുമാരെയാണ് ഇപ്പോള്‍ നാട്ടിലെത്തിച്ചിരിക്കുന്നത്.

കലാപഭൂമിയില്‍ നിന്നും ആത്മരക്ഷയ്ക്കായി അഭ്യര്‍ത്ഥിച്ച നിസ്സഹായരായ നേഴ്സുമാര്‍ കേരളത്തിലെ മാദ്ധ്യമങ്ങളുടെ സെന്‍സേഷനിലിസത്തിന്റെ വിഷയമായി മാറി. കേരള സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഈ പെണ്കുട്ടികളെ രക്ഷിക്കുവാനായി നടത്തുന്ന പ്രവര്‍ത്തനം എന്തെന്ന് കിട്ടിയ വിവരത്തിനുമേല്‍ ഭാവനാവിലാസവും ചേര്‍ന്ന് പരമാവധി സെന്‍സേഷനലൈസ് ചെയ്തതിനാല്‍ ഗുണമുണ്ടായി. കലാപഭൂമിയില്‍ നിന്ന് നേഴ്സുമാരെ രക്ഷിക്കുകയെന്നത് വലിയ രാഷ്ട്രീയപ്രശ്നമായി ഉയര്‍ന്നുവന്നു. ഒടുവില്‍ അവര്‍ വിമാനം കയറുമെന്നായപ്പോള്‍ ഇതിന്റെ നേട്ടം ആര്‍ക്ക് എന്നതായി പ്രശ്നം. മുഖ്യമന്ത്രിക്കോ, പ്രധാനമന്ത്രിക്കോ, വിദേശകാര്യമന്ത്രിക്കോ ആര്‍ക്കാണ് ഇതിന്റെ ക്രഡിറ്റ്? അത് തനിക്കല്ല, നേഴ്സുമാരുടെ മനഃസാന്നിദ്ധ്യത്തിനാണെന്ന് മുഖ്യമന്ത്രി വിനീതനായി. അത് ഞമ്മളാ എന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാരും മോഡിയും വരുമെന്നാണ് അപ്പോള്‍ പ്രതീക്ഷിക്കേണ്ടത്. അത് ഉണ്ടായില്ല. മോഡിയുടെ ടീമാണ് പ്രശ്നം പരിഹരിച്ചതെന്ന് മലയാളം ഫെയ്സ് ബുക്ക് കോലാഹലം ടീം പറഞ്ഞുവെന്നല്ലാതെ വേറെ അവകാശവാദമൊന്നും കണ്ടില്ല. സുഷമ സ്വരാജിനും ഉമ്മന്‍ ചാണ്ടിക്കും കെ.സി.ജോസഫിനും അവകാശവാദം ഉന്നയിക്കാവുന്ന ഒരു സുവര്‍ണ്ണസന്ദര്‍ഭം അങ്ങനെ ആരും "അത് ഞമ്മളാണ്" എന്ന് പറയാനില്ലാതെ കടന്നുപോകുന്ന കൌതുകകരമായ കാഴ്ചയാണ് നാം കണ്ടത്. വിമാനം ഇറങ്ങിവരുന്ന നേഴ്സുമാര്‍ക്ക് ഏതോ യുദ്ധം ജയിച്ചുവരുന്നവരെ എന്നപോലെ വീരോചിതമായ സ്വീകരണം നല്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും എന്നല്ല കേമന്മാരെല്ലാം വിമാനത്താവളത്തിലെത്തി. അവര്‍ വരുന്ന വിമാനത്തിന്റെ ആദ്യദൃശ്യം കിട്ടിയത് ഞങ്ങള്‍ക്കാണെന്ന് നാണമില്ലാതെ യഥാര്‍ത്ഥപത്രത്തിന്റെ ശക്തി വിളിച്ചോതുന്ന പത്രം നടത്തുന്ന ചാനല്‍ ബ്രേക്കിംഗ് ന്യൂസ് ഇട്ടു. ചമ്പക്കുളം വള്ളംകളിയാണെങ്കിലും കലാപഭൂമിയില്‍ നിന്നും രക്ഷിച്ചുകണ്ടുവരുന്ന പാവപ്പെട്ട പെണ്കുട്ടികളുടെ കാര്യമായാലും മാദ്ധ്യമമത്സരത്തിലെ ഞാനാദ്യം കളിയാണ് ഇന്നത്തെ കേരളത്തിന്റെ സവിശേഷത. സഹതാപജനകമായ മത്സരം എന്നേ ഇതിനെക്കുറിച്ച് പറയാനാവൂ.

ചാനലുകളുടെ ഉപജീവനാര്‍ത്ഥമുള്ള "ഞാനാദ്യം" കളിയെക്കാള്‍ അശ്ലീലമായ മറ്റൊരു കളിയാണ് തുടര്‍ന്നു വന്നത്. കലാപഭൂമിയില്‍ നിന്ന് സ്വന്തം ജീവന്‍ രക്ഷിക്കാനായി ജോലി ഉപേക്ഷിച്ചുപോന്ന നേഴ്സുമാര്‍ക്ക് ജോലി നല്കാന്‍ സന്നദ്ധരായി നിരനിരയായി കേമപ്പെട്ട ആശുപത്രികള്‍ രംഗത്തു വന്നു. സാധാരണ നിലയ്ക്ക്, നല്ല കാര്യം എന്ന് പറയേണ്ടതാണ്. പക്ഷെ വന്നവരുടെ കൂട്ടത്തില്‍ കൊച്ചിയിലെ അമൃത ആശുപത്രിയും ഉണ്ട്!! അവിടെ ജോലി ചെയ്യുന്ന നേഴ്സുമാര്‍ക്കും അതുപോലുള്ള ജീവനക്കാര്‍ക്കും നേരാംവണ്ണം ശമ്പളം കൊടുക്കുന്നില്ല എന്ന പരാതി അതിന്റെ തുടക്കംംഉതല്‍ ഉണ്ട്. ഗതികെട്ട നേഴ്സുമാര്‍ പണിമുടക്കി സമരം ചെയ്തപ്പോള്‍ സമരക്കാരെ സംസാരിക്കാന്‍ കൂട്ടിക്കൊണ്ടുപോയി തല്ലി എല്ലൊടിച്ച ചരിത്രം മലയാളികള്‍ മറക്കാനുള്ള കാലമായിട്ടില്ല!! എന്നിട്ടും നിര്‍ല്ലജ്ജം അവര്‍ ദീനാനുകമ്പയുമായി അങ്ങാടിയില്‍ ഇറങ്ങി. തൊലിക്കട്ടിക്ക് നൊബേല്‍ സമ്മാനം ഉണ്ടെങ്കില്‍ ഇതിന്റെ പേരില്‍ അത് അമൃത ആശുപത്രി ഉറപ്പിച്ചു!! ഷെട്ടി, ആറ്റ് ലസ് ജ്വല്ലറിയുടെ രാമചന്ദ്രന്‍ എന്നിങ്ങനെ പലരും നേഴ്സുമാര്‍ക്ക് ജോലി നല്കാന്‍ സന്നദ്ധരായി രംഗത്തു എത്തിയവരില്‍ പെടും. എന്നാല്‍ യോഗ്യതയുള്ള എല്ലാവര്‍ക്കും സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി നല്കും എന്ന് ഉമ്മന്‍ ചാണ്ടിയോ കെ.സി.ജോസഫോ പ്രഖ്യാപിച്ചില്ല. മികച്ച കയ്യടി കിട്ടാവുന്ന പ്രഖ്യാപനമാകുമായിരുന്നു, അത്. പി.എസ്.സി തുടങ്ങിയ നൂലാമാലകളെല്ലാം പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമല്ലേ?

നേരത്തെ കുവൈറ്റ് യുദ്ധം നടന്നപ്പോള്‍ ഇതുപോലെ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. കെ.പി.ഉണ്ണിക്കൃഷ്ണനും സര്‍ക്കാരും ഉണരാന്‍ വൈകിയെന്നത് അക്കാലത്തെ കഥയറിയുന്നവര്‍ക്ക് അറിയാം. അപ്പോഴും ഇപ്പോഴും നാട്ടില്‍ എത്തുന്നതുവരെയേ പ്രശ്നമുള്ളൂ. പിന്നെ കഥകളാണ്. ആ കഥകളില്‍ സുന്നി വിമതര്‍, അവര്‍ കലാപം നടത്തുകയാണ്, അവര്‍ യോഗ്യരാണ്, ഉത്തരവാദിത്തമുള്ള ആങ്ങളമാരാണ്!!! കലാപം നടത്തുന്ന വേറെ പലരും ഉണ്ട്. മാവോവാദികള്‍ തുടങ്ങിയവര്‍. അവര്‍ക്കും ഈ ആനുകൂല്യം കിട്ടുമോ? മനുഷ്യരുടെ സാധാരണജീവിതം അസാദ്ധ്യമാക്കിയാലേ അവര്‍ക്ക് അവരുടെ കേമത്തം ലോകത്തെ അറിയിക്കാനാകൂ? നേഴ്സുമാര്‍ സ്വന്തം ജീവിതം രക്ഷപ്പെട്ടതിന് നന്ദി പറയയുകയാവാം.

പറഞ്ഞുതുടങ്ങിയത് തൊഴില്‍ തേടി മലയാളികള്‍ ലോകമെമ്പാടും അലയുന്നുവെന്നതാണ്. അതില്‍ തന്നെയാണ് കാര്യം. ലോകത്തിലെവിടെ പ്രശ്നമുണ്ടായാലും അത് മലയാളി ബാധിക്കും. എവിടെ കൊടുങ്കാറ്റ് വിശിയാലും സുനാമി വന്നാലും തീവ്രവാദി ആക്രമണമുണ്ടായാലും അത് മലയാളി ബാധിക്കുന്ന പ്രശ്മാണ്, ഇന്ന്. പണ്ട്, എന്‍.വി.കൃഷ്ണവാര്യര്‍ എന്ന കവി, ലോകത്തിലെവിടെ പ്രശ്നമുണ്ടായാലും അത് നമ്മുടെ പ്രശ്നമാണ് എന്ന് പറഞ്ഞിരുന്നു. അത് പ്രത്യയശാസ്തപരമായ ഐക്യദാര്‍ഢ്യമാണ്. ഇന്നതല്ല, അത് നമ്മുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നു.

ആഗോളസാമ്പത്തികാവസ്ഥയെ തകിടം മറിച്ച സാമ്പത്തികത്തകര്‍ച്ച ഉണ്ടായപ്പോള്‍ അത് ലോകമെമ്പാടുമുള്ള വ്യവസായങ്ങളെ മുഴുവന്‍ ബാധിച്ചു. അതില്‍ ഐ.ടി മേഖലയും പെടുന്നു. അമേരിക്കയിലും ഗള്‍ഫിലും സിങ്കപ്പൂരിലും ബാംഗളൂരുവിലും കൊച്ചിയിലും ജോലിചെയ്തിരുന്ന ഐ.ടി തൊഴിലാഴികള്‍ കൂട്ടത്തോടെ പുറത്തായി. പക്ഷെ, അവരെ പുനരധിവസിപ്പിക്കാന്‍ ആരും എത്തിയില്ല. അവര്‍ക്ക് തൊഴില്‍ നല്കാം എന്ന വാഗ്ദാനവുമായി ഇപ്പോള്‍ നേഴ്സുമാര്‍ക്ക് ജോലി നല്കാമെന്ന് പറഞ്ഞവര്‍ ഉള്‍പ്പെടെ ആരും ഉണ്ടായിരുന്നില്ല. അതിനാ കാരണം, നേഴ്സുമാരുടെ കാര്യത്തിലെന്നതുപോലെ, സെന്‍സേഷണല്‍ ജേര്‍ണലിസത്തിനെ വികാരഭരിതകഥയായി നിത്യവും പുരത്തുവന്ന് ഏറ്റവും പതുക്കെ മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നമ്മുടെ രാഷ്ട്രീയക്കാരെ ഉണര്‍ത്താന്‍ ആഗോളസാമ്പത്തികത്തകര്‍ച്ചയ്ക്ക് സാധിച്ചില്ലെന്നതാണ്.

Subscribe Tharjani |
Submitted by Suresh Potteckat (not verified) on Sun, 2014-07-13 15:05.

കടുത്ത തൊഴില്‍ചൂഷണത്തിന് വിധേയരാവുന്ന കേരളത്തിലെ തൊഴില്‍സമൂഹങ്ങളിലൊന്നാണ് നേഴ്സുമാര്‍. അമൃത ആശുപത്രിയിലും തുടര്‍ന്ന് കേരളത്തിലുടനീളവും നടന്ന അവരുടെ സമരങ്ങള്‍ അത് വ്യക്തമാക്കിയതാണ്. സഹകരണമേഖലയിലെ ആശുപത്രികള്‍ വിവിധ രാഷ്ട്രീയപാര്‍ട്ടിക്കാര്‍ നടത്തുന്നതാണ്. എന്നിട്ടും അവയും സ്വകാര്യമുതലാളിമാരുടെ ചൂഷണരീതി തന്നെയാണ് പിന്തുടരുന്നത്. വിദ്യാഭ്യാസവായ്പയെടുത്ത് പഠിച്ച് ജോലിതേടുന്ന നേഴ്സുമാര്‍ തൊഴില്‍ചൂഷണത്തിന്റെ ഈ വലയ്ക്കകത്താണ് ചെന്നുപെടുന്നത്. ഒന്നോ രണ്ടോ കൊല്ലം തുച്ഛമായ പണത്തിന് ജോലി ചെയ്ത് നേടുന്ന ജോലിപരിചയത്തിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ വിദേശത്ത് ജോലിക്കുപോകാന്‍ അവര്‍ വിധിക്കപ്പെട്ടിരിക്കുകയാണ്. ഇറാക്കിലെന്നല്ല, ലോകത്തില്‍ എവിടെ പ്രശ്നമുണ്ടായാലും ഇങ്ങനെ അന്യദേശത്ത് പോയി ജോലിചെയ്യാന്‍ വിധിക്കപ്പെട്ടവര്‍ തൊഴില്‍രഹിതരായി തിരിച്ചെത്തും. അപ്പോഴൊക്കെ വലിയ മാദ്ധ്യമശ്രദ്ധ കിട്ടുന്നവയില്‍ മുന്നില്‍ കേറി അത് ഞമ്മളാണ് എന്ന് പറയുവാന്‍ ഭരണക്കാരും രാഷ്ട്രീയക്കാരും തിരക്കുകൂട്ടും.

തൊഴില്‍ചൂഷണത്തിന് വിധേയരാവുന്ന അവസ്ഥ ഇല്ലായ്മചെയ്യാതെ കതിരിന് വളംവെക്കുന്ന ഈ പരിപാടിയുള്ള പൊള്ളത്തരം തുറന്നുകാണിക്കപ്പെടേണ്ടതാണ്.