തര്‍ജ്ജനി

രാജേഷ്‌ ചിത്തിര

വള്ളിക്കോട് - കോട്ടയം,
പത്തനംതിട്ട.
ഇമെയില്‍ : rajeshdopet@gmail.com
ബ്ലോഗുകള്‍ :മഷി തണ്ട്
സൂക്ഷ്മദര്‍ശിനി
ഹരിതചിത്രങ്ങള്‍

Visit Home Page ...

കവിത

വീടു വ(ര)യ്ക്കുന്നു.

അച്ഛന്‍ പണിത വീട്
മകന്‍ പണിത വീട്
വീട്
വീട് വീട്
വീട്
പണിതു വീട് പണിതങ്ങനെ
വീട് വീടിന്റെ നീളത്തില്‍ നീണ്ടു നീണ്ടു
................ വീടുവിട്ടു പോവുന്നു.

എന്റെ വീടിതെന്റെ വീടിതെന്നച്ഛന്‍
എന്റെ വീടിതെന്റെ വീടിതെന്നു മകന്‍.
വീടാനാകാത്ത കടത്തിന്റെ കൂടു കൂടിയിതെന്ന്
അകന്നു പോവുന്ന വിടവിന്റെ കാതിതെന്നു
വീടാകാതെ പോവുന്ന കൂടിതെന്നു വീടിത്.

വീടൊരു ചില്ല.
വീടൊരു വൃക്ഷം.
വീടൊരു വൃക്ഷമതിന്‍ ചില്ലകള്‍
വേരുകളിളക്കാതെ മണ്ണ് പൊഴിക്കാതെ
കൂടുമാറുന്ന മരമിതു തന്നെ വീട് .

എന്റെ വീട്
നിന്റെ വീട്
നമ്മുടെ വീട്.
നമ്മുടെതല്ലാത്ത വീട്.
നമ്മുടേത്‌ മാത്രമല്ലാത്ത വീട് .

വീടുപോലെ നമ്മള്‍
നമ്മളെ പോലെ വീട്.
ധൂര്ത്തപനാമൊരു വേനല്‍
വിറ്റ് തുലച്ചതിന്‍ ബാക്കിയാ-
മരുവിത്തുണ്ട് ഈ വീട്

ഒരു വീടൊഴിഞ്ഞു കിളികള്‍
ഒരു വീട്ടിലെക്കെത്തുന്നു കിളികള്‍
സ്വയം പേരിട്ട കിളികളുടെ ചില്ലകള്‍
കിളികള്‍ ഒഴിഞ്ഞുപോം പകലുകളുടെ ചില്ലകള്‍

അച്ഛനിറങ്ങുന്നു.
മകനിറങ്ങുന്നു.
ചിലരിറങ്ങുന്നു.
അവരിറങ്ങുന്നു.
വീടൊഴിയുന്നു.
വീടുറങ്ങുന്നു
വീണുറങ്ങുന്നു.
വീണുടയുന്നു.

Subscribe Tharjani |
Submitted by Justin Jacob (not verified) on Mon, 2014-07-14 21:22.

കവിത നന്നായിട്ടുണ്ട് രാജേഷ്.