തര്‍ജ്ജനി

വിജയ് റാഫേല്‍

Visit Home Page ...

നേര്‍‌രേഖ

കളരിക്ക് പുറത്ത് അല്ലെങ്കില്‍ ഗുരിക്കളുടെ നെഞ്ചത്ത്

കളരിക്ക് പുറത്ത് അല്ലെങ്കില്‍ ഗുരിക്കളുടെ നെഞ്ചത്ത് എന്നത് കേരളം മുഴുവന്‍ പ്രചാരത്തിലുള്ള ചൊല്ലാണ്. കളരിയും ഗുരിക്കളുമെല്ലാം കറാത്തെയ്ക്കും കുംഫുവിനും വഴിമാറിയിട്ടും മലയാളി സംരക്ഷിച്ചുവരുന്ന പഴംചൊല്ലുകളുടെ കൂട്ടത്തില്‍ ഇതും ഉണ്ട്. അത് നമ്മുടെ കേമപ്പെട്ട ചില പെരുമാറ്റങ്ങളെ വിശദീകരിക്കാന്‍ ഒഴിച്ചുകൂടാത്തതാണ് എന്നതിനാലാണ് കളരികള്‍ അസ്തമിച്ചുപോയ നാട്ടില്‍ ഈ ചൊല്ല് നാം കൊണ്ടുനടക്കുന്നതെന്ന് വേണം കരുതാന്‍.

കളരിയുടെ കാര്യത്തില്‍ വടക്കന്‍പാട്ട് സിനിമകള്‍ നമ്മെ ധരിപ്പിച്ചിട്ടുള്ളത് മലബാറിലാണ് കളരിയുടെ കേമത്തം എന്നാണ്. കൃത്യമായി പറഞ്ഞാല്‍ വടക്കന്‍പാട്ടുകളില്‍ വര്‍ണ്ണിക്കപ്പെടുന്ന ദേശങ്ങളില്‍. തച്ചോളി ഒതേനനനും ഉണ്ണിയാര്‍ച്ചയും ചന്തുവുമെല്ലാം എണ്ണംപറഞ്ഞ കളരിയഭ്യാസികളായിരുന്നുവെന്നാണ് കഥകള്‍ പറയുന്നത്. ബ്രിട്ടീഷുകാര്‍ വന്ന് കളരികള്‍ അടച്ചുപൂട്ടിച്ചതിന് ശേഷം തലശ്ശേരിയില്‍നിന്നും സി.വി.നാരായണന്‍നായര്‍ സി.വി.എന്‍ കളരി സ്ഥാപിച്ച് അതിന്റെ ശാഖകളിലൂടെ കേരളം മുഴുവന്‍ കളരിനവോത്ഥാനത്തിന് നേതൃത്വം നല്കിയെന്നതും കളരിയുടെ വടക്കന്‍പെരുമയുടെ കാരണമാവാം. ഇതെല്ലാം കളരിക്കാര്യങ്ങള്‍, കളരിക്കകത്തെ കാര്യങ്ങള്‍ എന്ന് പറയാം. പറഞ്ഞു വരുന്നത്, കളരിക്ക് പുറത്തോ ഗുരിക്കളുടെ നെഞ്ചത്തോ പയറ്റുന്നവരെക്കുറിച്ചാണ്. ഇക്കഴിഞ്ഞ ദിവസം ഇ.പി.ജയരാജന്‍ എന്ന വടക്കന്‍കേരള മാര്‍ക്സിസ്റ്റ് നേതാവ് എസ്. എഫ്.ഐയുടെ ജില്ലാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിന്റെ റിപ്പോര്‍ട്ടാണ് കളരിക്കു പുറത്തുള്ള പയറ്റിനെക്കുറിച്ച് ചിന്തിക്കുവാന്‍ പ്രേരിപ്പിച്ചത്.

പഠിപ്പുമുടക്കുസമരം കാലഹരണപ്പെട്ടതാണെന്നാണ് ജയരാജന്‍ കുട്ടികളോട് പറഞ്ഞത്. അതിനാല്‍ പഠിപ്പുമുടക്കാതിരിക്കുക. പഠിക്കുകയാണ് ഇപ്പോഴത്തെ സമരത്തിന്റെ രീതിയായി വരേണ്ടത്. എല്ലാവര്‍ക്കും പഠിക്കുവാന്‍ അവസരം വേണം. കാലത്തിന് ചേരുന്ന വിധത്തിലുള്ള പ്രവര്‍ത്തനമാണ് വിദ്യാര്‍ത്ഥിസംഘടനയിലെ കുട്ടികള്‍ നടത്തേണ്ടത്. ജയരാജന്റെ ഉപദേശങ്ങള്‍ ഇങ്ങനെ പോകുന്നു. പണ്ടത്തെ കാലത്താണെങ്കില്‍ വിശ്വസിക്കാനാവാത്തതാണ്, കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാള്‍ ഇങ്ങനെ പറഞ്ഞുവെന്നത്. പക്ഷെ മലയാളികള്‍ പുത്തന്‍തലമുറ കമ്യൂണിസ്റ്റ് നേതാക്കളെ കാണാനും കേള്‍ക്കാനും തുടങ്ങിയിട്ട് കുറച്ചുകാലമായി എന്നതിനാല്‍ ഇതില്‍ വലിയ അമ്പരപ്പ് ഉണ്ടാവാനിടയില്ല.

മേല്പറഞ്ഞ വാര്‍ത്തയോടൊപ്പം സി.പി.ഐയുടെ വിദ്യാര്‍ത്ഥിസംഘടനായ എ.ഐ.എസ്.എഫിന്റെ നേതാവായ മഹേഷ് കക്കത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിനെ അടിസ്ഥാനമാക്കി ഒരു പത്രം, എസ്.എഫ്.ഐക്കാര്‍ വിവരദോഷികളാണെന്ന വാര്‍ത്തയും പ്രസിദ്ധീകരിച്ചിരുന്നു. ഇടതുപക്ഷം എന്ന പേരില്‍ സി.പി.ഐ എംന്റെ നേതൃത്വത്തിലുള്ള മുന്നണിയിലെ ഘടകകക്ഷികളില്‍ ഒന്നാണ് ഇപ്പോഴും സി.പി.ഐ. അതിനാല്‍ വിദ്യാര്‍ത്ഥിസംഘടനാതലത്തിലുള്ള ഇടതുപക്ഷത്തെ രണ്ടു സംഘടനകളാണ് എസ്.എഫ്.ഐയും എ.ഐ.എസ്.എഫും എന്നുവേണം മനസ്സിലാക്കാന്‍. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തി കോണ്ഗ്രസ്സിനെയും ബി.ജെ.പിയെയും ചെറുക്കുന്നതിനിടയില്‍ വിരേന്ദ്രകുമാറും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള ജനത പാര്‍ട്ടിയും പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള ആര്‍.എസ്.പിയും പുറത്തുചാടിപ്പോയിരുന്നു.സി.പി.ഐ ആണെങ്കില്‍ ഇനിയെങ്ങോട്ടും പോകാനില്ല എന്നതിനാല്‍ മുന്നണിയില്‍ത്തന്നെ നില്ക്കുകയാണ്. ആ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥിസംഘടനയുടെ നേതാവാണ് വലിയേട്ടന്‍ വിവരദോഷിയാണെന്ന് പറയുന്നത്.

മലബാറിലെ മലയോരപ്രദേശമായ ശ്രീകണ്ഠപുരത്തെ ഒരു കോളേജില്‍ പുതിയ അക്കാദമിക് വര്‍ഷത്തില്‍ കോളേജിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് എ.ഐ.എസ്.എഫുകാര്‍ സ്ഥാപിച്ച ബോര്‍ഡും മറ്റും എസ്.എഫ്.ഐക്കാര്‍ നശിപ്പിച്ചുകളഞ്ഞുവെന്നാണ് മഹേഷ് കക്കത്ത് പറയുന്നത്. കോടതിയുടെ രീതിയെ അനുകരിച്ച്, തെളിയിക്കപ്പെടും വരെ ഇത് വെറും ആരോപണമാണെന്നും ആര്‍ക്കും ആരുടെ പേരിലും ഇത്തരം ആരോപണം ഉന്നയിക്കാമെന്നെല്ലാം പറയാം. അതിരിക്കട്ടെ, മഹേഷ് പറയുന്നത് ഇങ്ങനെയാണ് : ബോര്‍ഡുകള്‍ നശിപ്പിച്ചപ്പോള്‍ പുതുതായി ബോര്‍ഡ് ഉണ്ടാക്കി കൊണ്ടുവെച്ചു. അതും എസ്.എഫ്.ഐക്കാര്‍ നശിപ്പിച്ചുകളഞ്ഞു. ഇതില്‍ സഹികെട്ടാണ് ഫേസ് ബുക്കില്‍ അദ്ദേഹം എഴുതിയത്. മുന്നണിയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കുപോലും പ്രവര്‍ത്തനസ്വാതന്ത്ര്യം നല്കാത്തവരാണ് എസ്.എഫ്.ഐക്കാര്‍ എന്നും അതിനാലാണ് അവര്‍ ജനങ്ങളില്‍ നിന്ന് അകന്നുപോയതെന്നും കക്കത്ത് വ്യാഖ്യാനിക്കുന്നു. വ്യാഖ്യാനം എന്നേ പറയാവൂ. ജനങ്ങളുമായി അകലുന്നതിനെപ്പറ്റി പാര്‍ട്ടിക്ക് വേറെ വിലയിരുത്തലുണ്ട്. അതാണ് ഔദ്യോഗികം, ആധികാരികം, വിശ്വസ്തം. പുറത്തിരിക്കുന്നവര്‍ പറയുന്നത് വിശ്വസിക്കരുത്. പാര്‍ട്ടിയുടെ പലതരം തൊഴിലാളി-ഉദ്യോഗസ്ഥസംഘടനകളിലെ അംഗങ്ങളുടെ എണ്ണം വോട്ടുപോലും സി.പി.എമ്മിന് കിട്ടാത്ത അവസ്ഥയാണെന്നും വ്യഥിതമനസ്കനായ വിദ്യാര്‍ത്ഥിനേതാവ് വെളിപ്പെടുത്തുന്നു. മുന്നണിയില്‍ ഒരുമിച്ചിരുന്ന് കണക്ക് നോക്കിയിരിക്കാം, അങ്ങനെ കണക്ക് ഈ നേതാവിന്റെ പാര്‍ട്ടിക്കാര്‍ക്കോ ഈ നേതാവിനു തന്നെയോ കിട്ടിയിരിക്കാം. ചുരുക്കിപ്പറഞ്ഞാല്‍, ഉപദേശിച്ചാല്‍ നന്നാവില്ല, നന്നാക്കാന്‍ വേറെ മാര്‍ഗ്ഗവുമില്ല, വലിയേട്ടനായിപ്പോയി. ഗത്യന്തരമില്ലാഞ്ഞാല്‍ ഫേസ് ബുക്കില്‍ കരഞ്ഞുതീര്‍ക്കാം എന്നല്ലാതെ വേറെ എന്തുചെയ്യാന്‍!!!

എ. ഐ.എസ്.എഫ് നേതാവിന്റെ സങ്കടം അല്ലെങ്കില്‍ നിസ്സഹായത അല്ലെങ്കില്‍ ധര്‍മ്മരോഷം പുതിയതൊന്നുമല്ല. കേരളത്തില്‍ സ്വാതന്ത്ര്യസമരകാലം മുതല്‍ കമ്യൂണിസ്റ്റുകാരും അക്കാലത്തെ പ്രമുഖരായ കോണ്ഗ്രസ്സുകാരുമായി അസഹിഷ്ണുതയില്‍ അധിഷ്ഠിതമായ ബന്ധമായിരുന്നു. കമ്യൂണിസ്റ്റുകാര്‍ക്ക് അല്പം സ്വാധീനമുള്ള എല്ലായിടത്തും അവര്‍ പോക്കിരിരാജാക്കന്മാരായിരുന്നു. കോണ്ഗ്രസ്സുകാരും മോശമല്ലായിരുന്നു. രണ്ടുപേരും പരസ്പരം നശിപ്പിക്കാന്‍ വഴികള്‍ നോക്കുകയുമായിരുന്നു. തത്വചിന്തയും പ്രത്യയശാസ്ത്രവും പ്രസംഗവുമെല്ലാം ഒരു വശത്ത് ഇരിക്കെ മറുവശത്ത് അസഹിഷ്ണുതയായിരുന്നില്ലേ നമ്മുടെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ അസ്തിവാരം? സ്വാതന്ത്ര്യാനന്തരഭാരതത്തില്‍ ഭരണാധികാരത്തിന് വേണ്ടി പൊരുതുന്നവരായി പാര്‍ട്ടികള്‍ മാറിയപ്പോള്‍, എതിരാളി നശിച്ചാലേ അവനവന്റെ നിലനില്പ് ഭദ്രമാവൂ എന്നതിനാല്‍ അസഹിഷ്ണുതയും എതിരാളിയെ നശിപ്പിക്കാനുള്ള താത്പര്യവും രാഷ്ട്രീയത്തിന്റെ മുഖമുദ്രയായി. പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായി എതിര്‍ചേരികളില്‍ നില്ക്കുന്നവര്‍ തമ്മില്‍ സൌഹൃദം ഉണ്ടാവുന്നത് കുറുക്കനും കോഴിയും കൂട്ടാളികള്‍ ആകുന്നതുപോലെയാണല്ലോ. അത് മനസ്സിലാക്കാം. എന്നാല്‍ 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അത്രയും കാലം കൂടെനടന്ന് കൊടിപിടിച്ച് പോരാടിയവര്‍ പരസ്പരം ശത്രുക്കളായി മാറി. ഒരേ കൊടി, ഒരേ പ്രത്യയശാസ്ത്രം, ഒരേ പേരുള്ള പാര്‍ട്ടി, അത്രയും കാലം കൂടെനടന്ന സഖാക്കള്‍.... അവരോടാണ് കണ്ണില്‍ ചോരയില്ലാത്തവിധം ക്രൂരതകള്‍ കാണിച്ചത്. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ കീഴ്ത്തട്ടിലെ പ്രവര്‍ത്തകര്‍ അധികവും സി.പി.എമ്മിനായതിനാല്‍ അവര്‍ സി.പി.ഐക്കാരെ ആകാവുന്ന വിധത്തിലെല്ലാം ദ്രോഹിച്ചു. പഴയ സഖാക്കള്‍ക്ക് അറിയാവുന്ന കാര്യമാണത്. മഹേഷ് കക്കത്തിന്റെ അച്ഛന്റെ കാലത്തെ കാര്യമാണ്. അക്കാലത്തെ പ്രവര്‍ത്തകരോട് ചോദിച്ചാല്‍ അവര്‍ പറഞ്ഞുതരും, സ്വാഗതം പറയുന്ന ബോര്‍ഡ് കീറലും നശിപ്പിക്കലുമൊന്നും ഒന്നുമല്ല മക്കളേ എന്ന്.

ഈ പഴംകഥകളല്ല പറയാന്‍ വന്നത്. കളി കളരിക്ക് പുറത്താകുന്നതിനെപ്പറ്റിയാണ്. എ. കെ.ഗോപാലന്‍ എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ ചിത്രം എല്ലാ ഇന്ത്യന്‍ കോഫി ഹൌസുകളിലും കാണാം. എന്താണ് അദ്ദേഹത്തിന് കോഫീ ഹൌസുകളുമായുള്ള ബന്ധം എന്ന് പുതുതലമുറ കമ്യൂണിസ്റ്റുകള്‍ അന്വേഷിച്ച് പഠിക്കേണ്ടതാണ്. കോഫി ഹൌസുകള്‍ എന്ന പേരില്‍ ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടായിരുന്ന റെസ്റ്റോറന്റ് ചെയിന്‍ അടച്ചുപൂട്ടാന്‍ അതിന്റെ ഉടമസ്ഥര്‍ തീരുമാനിച്ചപ്പോള്‍ അന്ന് ലോക് സഭയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന എ. കെ. ഗോപാലന്‍ സമ്മര്‍ദ്ദം ചെലുത്തുകയും തൊഴിലാളികളുടെ സഹകരണസംഘത്തിന് കോഫി ഹൌസുകള്‍ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ തൊഴിലാളികളുടെ സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റ് ചെയിനായി ഇന്ത്യന്‍ കോഫീഹൌസ് മാറി. സഹകരണമേഖലയിലെ മികച്ച ചുവടുവെയ്പ്. എന്നാല്‍ പുതുതലമുറ കമ്യൂണിസ്റ്റുകള്‍ സഹകരണമേഖലയില്‍ ബാങ്കുകളും ആശുപത്രികളും സ്വാശ്രയസ്കൂളുകളും കോളേജുകളും നടത്തുന്നു. കോഴിക്കോട്ട് സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങാനുള്ള പദ്ധതി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തകൃതിയായ് നടന്നതാണ്. എ.കെ.ഗോപാലന്റെ സഹകരണപ്രസ്ഥാനം തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കാനും അവരുടെ ശാക്തീകരണത്തിനും വേണ്ടിയുള്ളതായിരുന്നു. എന്നാല്‍ പുതുതലമുറ സഹകരണസ്ഥാപനങ്ങള്‍ പാര്‍ട്ടി മുതലാളിത്തം എന്ന പുത്തന്‍ പ്രതിഭാസമാണ്. തൊഴിലാളിവര്‍ഗ്ഗപാര്‍ട്ടി സഹകരണസ്ഥാപനത്തിന്റെ മുതലാളിയാവുകയാണ്. മുതലാളിയുടെ താത്പര്യം എപ്പോഴും ലാഭമുണ്ടാക്കുകയെന്നതാണ്. അത് ഏതൊക്കെ രീതിയിലുള്ള ചൂഷണവും തട്ടിപ്പും നിയമലംഘനവും നടത്തിയായാലും ലാഭം ഉണ്ടാക്കണം. അങ്ങനെ വരുമ്പോള്‍ കേരളത്തിലെ ഏറ്റവും മോശം സ്വകാര്യ ആശുപത്രി, നേഴ്സുമാര്‍ക്കും ജീവനക്കാര്‍ക്കും കൊടുക്കുന്ന ശമ്പളമേ പാര്‍ട്ടിമുതലാളിയുടെ സ്ഥാപനത്തില്‍ പ്രതീക്ഷിക്കാവൂ. അപ്പോഴാണ് കളി കളരിക്ക് പുറത്താവുന്നത്. അല്ലെങ്കില്‍ ഗുരിക്കളുടെ നെഞ്ചത്ത്. തൊഴിലാളിവര്‍ഗ്ഗത്തിന്റെ താത്പര്യമല്ല പാര്‍ട്ടി ബ്യൂറോക്രാറ്റുകള്‍ക്ക് സുഖജീവിതം നയിക്കാനുള്ള പണം കണ്ടെത്താനുള്ളവയായി സഹകരണസ്ഥാപനങ്ങള്‍ മാറുമ്പോള്‍ അത് ഗുരിക്കളുടെ നെഞ്ചത്തും ആവുന്നു.

കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞദിവസം എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പഠിപ്പുമുടക്കുസമരം നടന്നു. പാര്‍ട്ടി ഉടമസ്ഥതയിലുള്ള സ്കൂളില്‍ പഠിപ്പുമുടക്കാന്‍ സ്കൂള്‍ അധികൃതരും ഭരണസമിതിയും പ്രാദേശികപാര്‍ട്ടി നേതൃത്വവും സമ്മതിച്ചില്ല. അവിടെ മാത്രം സമരം നടന്നില്ല. സിണ്ടിക്കേറ്റ് പത്രങ്ങള്‍ അത് വാര്‍ത്തയാക്കി ആഘോഷിച്ചു. അപ്പോഴാണ് പഠിപ്പുമുടക്ക് സമരത്തിന്റെ വിദ്യാഭ്യാസവിരുദ്ധസ്വഭാവത്തെപ്പറ്റി യുറേക്കാ... യുണ്ടായത്. അതോടെ പഠിപ്പാണ് സമരം, പഠിപ്പുമുടക്കല്ല എന്ന സിദ്ധാന്തം ഉണ്ടായി. വിദ്യാര്‍ത്ഥികള്‍ പഠിപ്പു മുടക്കുന്നതു മാത്രമാണോ വിദ്യാഭ്യാസവിരുദ്ധം, അദ്ധ്യാപകരും ജീവനക്കാരും പണിമുടക്കിയുണ്ടാക്കുന്ന പഠിപ്പുമുടക്കം വിപ്ലവാത്മകമായി തുടരുന്നുണ്ടോ എന്ന ചോദ്യം ബാക്കിയാണ്. ഹര്‍ത്താല്‍, ബന്ദ്, വഴിതടയല്‍ എന്നിവ കാരണം ഉണ്ടാവുന്ന പഠിപ്പുമുടക്കങ്ങള്‍ വിദ്യാഭ്യാസവിരുദ്ധമാണോ എന്നുകൂടി സംശയമുണ്ട്. പൊതുമുതല്‍ നശിപ്പിക്കല്‍, അക്രമം കാണിച്ച് വിദ്യാര്‍ത്ഥികളേയും പൊതുജനങ്ങളേയും ഭയപ്പെടുത്തി വീട്ടിലിരുത്തല്‍ തുടങ്ങിയ മുന്‍കാലപരിപാടികള്‍ ഇതോടെ അവസാനിപ്പിക്കേണ്ടതാണ്. പണ്ടത്തെപ്പോലെ സമരത്തിന് ആളെ കിട്ടാത്തതിനാല്‍ എല്ലാ സമരവും അക്രമം കാണിച്ച് ജനങ്ങളെ ഭീതിപ്പെടുത്തി നടത്തുന്ന രീതിയായിരുന്നു കുറച്ചുകാലമായി കണ്ടിരുന്നത്. അക്രമത്തെ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തും എന്നു വന്നപ്പോള്‍ സമരം ചെയ്യാനുള്ള ചാവേറുകള്‍ പോലും കിട്ടാനില്ലാതായി. സോളാര്‍തട്ടിപ്പിന്റെ പേരില്‍ തിരുവനന്തപുരത്ത് നടന്ന ഐതിഹാസികസമരത്തിന്റെ ഐതിഹാസികപരാജയത്തിന്റെ കാരണം എന്തെന്ന് സമചിത്തതയോടെ ആലോചിക്കാനെങ്കിലും ഗുരിക്കളുടെ നെഞ്ചത്തോ കളരിക്കു പുറത്തോ പയറ്റുന്നതിനു മുമ്പ് ആലോചിക്കേണ്ടതായിരുന്നു.

കുട്ടിസ്സഖാക്കള്‍ പഠിപ്പുമുടക്കുസമരം നിറുത്തുകയും "അടിക്കും ഞങ്ങള്‍ പൊളിക്കും ഞങ്ങള്‍ അടിച്ച് പൊളിച്ച് നിരത്തും ഞങ്ങള്‍" എന്ന മുദ്രാവാക്യവും, "ചോരച്ചാലുകള്‍ നീന്തിക്കേറി ...." എന്ന മുദ്രാവാക്യവും അവസാനിപ്പിച്ചാല്‍ അവരുടെ സംഘടനയ്ക്ക് ആം ആദ്മി പാര്‍ട്ടി എന്ന് പേരിടേണ്ടിവരും. സി.പി.ഐ.എം, കുട്ടിസ്സഖാക്കളെപ്പോലെ സമരമില്ല പഠിപ്പുമാത്രം എന്ന നയം അനുസരിച്ച് ഇനി വെട്ടിനിരത്തില്‍ ഇല്ല, അക്രമമില്ല,തൊഴിലാഴിവര്‍ഗ്ഗസേവനം മാത്രം എന്ന് തീരുമാനിച്ചാല്‍ അവരുടെ പാര്‍ട്ടിയുടെ പേര് സര്‍വ്വോദയസംഘം എന്നോ മറ്റോ മാറ്റേണ്ടിവരും. ഒന്നുകില്‍ കളരിക്ക് പുറത്ത്, അല്ലെങ്കില്‍ ഗുരിക്കളുടെ നെഞ്ചത്ത്- ഇതെന്തൊരു ദുര്‍വ്വിധിയാണാവോ!!!

Subscribe Tharjani |