തര്‍ജ്ജനി

വി. കെ. പ്രഭാകരന്‍

വടക്കെ കാളാണ്ടിയില്‍,
ചോമ്പാല പോസ്റ്റ്.
കോഴിക്കോട് ജില്ല.

ഫോണ്‍: 0496-2502142

Visit Home Page ...

ലേഖനം

മലയാളന്റെ കഥ

എന്റെ ഗ്രാമത്തില്‍നിന്നും ദേശീയപാത മുറിച്ചുകടന്ന് ഒരിടവഴിയിലൂടെ കിഴക്കോട്ട് ഇറങ്ങിയാല്‍ ഒഞ്ചിയമായി. പക്ഷേ എന്തുകൊണ്ടോ വളരെ ദൂരെ എവിടെയോ ഉള്ള ഒരു ഗ്രാമമാണത് എന്നൊരു തോന്നലാണ് ഞങ്ങള്‍ ചോമ്പാല്‍ക്കാര്‍ക്ക്. നാഷണല്‍ ഹൈവേയും തീവണ്ടിപ്പാതയും മാത്രമല്ല, രണ്ടു വ്യത്യസ്തമായ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു.

എന്റെ ഗ്രാമത്തിലെ നല്ലൊരുശതമാനം ആളുകളും സോഷിലിസ്റ്റുപാര്‍ട്ടിക്കാരായിരുന്നു. അവരുടെ ചുമരുകളില്‍ ഡോ. രാംമനോഹര്‍ ലോഹ്യയുടേയും ജയപ്രകാശ് നാരായണന്റേയും ശ്രീനാരായണഗുരുവിന്റെയും ചില്ലിട്ട ചിത്രങ്ങളായിരുന്നു സ്ഥാനംപിടിച്ചിരുന്നത്. നേതാക്കളുടെ ഇടക്കിടെയുള്ള കരണംമറച്ചിലുകളും പേരുമാറ്റങ്ങളും രൂപമാറ്റങ്ങളും ഇന്ന് ആ പ്രസ്ഥാനത്തെ ശോഷിപ്പിച്ചിട്ടുണ്ടെങ്കിലും ഇന്നും ജനതാദള്‍ പലതായി പിളര്‍ന്നതില്‍ ഏതോ ഒരുവിഭാഗം ഇവിടെയുള്ള വലിയപാര്‍ട്ടികളിലൊന്നാണ്. ഒഞ്ചിയത്താകട്ടെ, ഭൂരിപക്ഷം ജനങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരാണ്. 64ലെ പിളര്‍പ്പിനുശേഷം കമ്മ്യൂണിസ്റ്റ് (മാര്‍ക്‌സിസ്റ്റ്) പാര്‍ട്ടിക്കാര്‍. ഒഞ്ചിയം വെടിവെപ്പും രക്തസാക്ഷികളും പോലീസ്ഭീകരതയും ഐതിഹാസികമാനങ്ങള്‍ കൈവരിച്ച് എന്റെ വിപ്ലവസ്വപ്നങ്ങളിലേക്ക് ഇടക്കിടെ കടന്നുവന്നിരുന്നു. കുട്ടിക്കാലത്ത് ഒഞ്ചിയത്തുകൂടെ കടന്നുപോകുമ്പോള്‍ മിക്ക വീടിന്റെയും ഉമ്മറത്ത് കാണാറുള്ള മാര്‍ക്‌സ്, ഏംഗല്‍സ്, ലെനിന്‍, സ്റ്റാലിന്‍, ഏ. കെ. ജി, കൃഷ്ണപിള്ള, ഇ. എം. എസ് എന്നിവരുടെയെല്ലാം ചില്ലിട്ട ഛായാചിത്രങ്ങളും അവിടെ കാണുന്ന ചെങ്കൊടികളും വെടിയുണ്ടകള്‍ തുളച്ചുകയറിയ തെങ്ങുകളും ചുരുട്ടിയ മുഷ്ടിപോലെ തോന്നിക്കുന്ന രക്തസാക്ഷി മണ്ഡപവും എല്ലാംചേര്‍ന്ന് ഭീതികലര്‍ന്നൊരു ഗാംഭീര്യം ആ പ്രദേശം എന്റെ മനസ്സില്‍ സൃഷ്ടിച്ചിരുന്നു.

വളരെ അകലെയായി തോന്നുമെങ്കിലും മലോല്‍ അമ്പലത്തിലെ കുട്ടിച്ചാത്തന്റെ തിറയ്ക്കും മാണിക്കോത്തമ്പലത്തിലെ തിറയ്ക്കും ഈ അകല്‍ച്ചയെല്ലാം മാറ്റിവെച്ച് ഞങ്ങള്‍ ഒരൊറ്റ ഗ്രാമക്കാരെപ്പോലെ ഉത്സവത്തില്‍ പങ്കെടുക്കും. ചോമ്പാല്‍ക്കാരുടെ പ്രധാന ഉത്സവമായ ആയിക്കര ക്ഷേത്രത്തിലെ തിറയ്ക്ക് ഒഞ്ചിയത്തുകാരും എത്തിച്ചേരും. ഉത്സവങ്ങളും തിറകളും ദൈവങ്ങളും പറശ്ശിനിക്കടവിലെ മുത്തപ്പനും കൊട്ടിയൂര്‍ പെരുമാളും എല്ലാം ചേര്‍ന്ന് ഞങ്ങള്‍ കുറുമ്പ്രനാട്ടുകാരെ ദേശത്തിന്റെ ചില്ലറ വ്യത്യാസങ്ങളെല്ലാം മാറ്റിവെച്ച് ഒന്നാക്കിത്തീര്‍ക്കും. അത് അറക്കല്‍ പൂരമായാലും ഓര്‍ക്കാട്ടേരി ചന്തയായാലും, മാഹിപ്പള്ളിയിലെ പെരുന്നാളായാലും എല്ലാം. തച്ചോളിമാണിക്കോത്ത് തിറ, ലോകനാര്‍കാവിലെ ഉത്സവം, കല്ലേരി കുട്ടിച്ചാത്തന്‍ തിറ എന്നിങ്ങനെ ഒന്നിച്ചുകൂടാനുള്ള അവസരങ്ങള്‍ ഒന്നും ഞങ്ങള്‍ പാഴാക്കാറില്ല.

നാടകവും നാടകീയതയും എന്നും കുറമ്പ്രനാടിന്റെ മുഖമുദ്രയായിരുന്നു. അതിന്റെ ചരിത്രത്തിലും തനതായ നാടോടിക്കഥകളിലും നാടന്‍പാട്ടുകളിലും തിറകളിലും തോറ്റങ്ങളിലുമെല്ലാം ആ മുഖമുദ്ര പ്രകടമാണ്. കാലത്തിന്റെ ഓരോരോ തിരശ്ശീല പൊങ്ങുമ്പോഴും നാടകം കളിച്ചുകൊണ്ടേയിരിക്കുകയാണ് ഞങ്ങള്‍ കുറുമ്പ്രനാട്ടുകാര്‍. വടക്ക് മയ്യഴിപ്പുുഴയ്ക്കും തെക്ക് അകലാപ്പുഴയ്ക്കും ഇടയില്‍ ചെറുതും വലുതുമായ നിരവധി കുന്നുകള്‍ക്കിടയിലൂടെ തിങ്ങിഞെരുങ്ങിയൊഴുകി പെട്ടെന്ന് കടലായിത്തീരുന്ന മറ്റൊരു പുഴപോലെ ഞങ്ങളുടെ കുറുമ്പ്രനാട്. ഗ്രാമങ്ങളുടെ ചേതോഹരമായ ഒരു സമുച്ചയം. ചുവടുമാറ്റങ്ങളിലൂടെ (കളരിപ്പയറ്റില്‍ ഒരു വര്‍ഷം പഠിച്ച അഭ്യാസങ്ങള്‍ മുഴുവന്‍ ഒരു പ്രദര്‍ശനപ്പയറ്റിലൂടെ പ്രകടിപ്പിക്കുന്ന ചടങ്ങ്.) അടുത്തവര്‍ഷം പുതിയ ചുവടുകളും അഭ്യാസങ്ങളുമായി പഠനം തുടരുന്നു. ജീവിതായോധനത്തിന്റെ അങ്കക്കളരിയില്‍ ചുവടുറപ്പിച്ചുനില്ക്കുന്ന നേരിന്റെ നീരൊഴുക്കുകള്‍ ചുഴിയായും ചുഴലിയായും മാറുന്ന ദേശം. വടക്കന്‍പാട്ടിന്റെ ഈണമായി, മെയ്‌വഴക്കത്തിന്റെ വായ്ത്താരികളായി വയലേലകളിലും നാടകമായി കൃഷിയിടങ്ങളിലെ കാവല്‍പ്പുരകളിലും ഉത്സവപ്പറമ്പുകളിലും നാടകീയതയായി ചരിത്രത്തിന്റെ നാല്‍ക്കവലകളിലും എന്നും ഒരു കുളിര്‍കാറ്റ് വഴിനടക്കുന്നു. ഞങ്ങളുടെ വിശ്വാസങ്ങളുടേയും നിലപാടുകളുടേയും അടിസ്ഥാനമായി, ഞങ്ങളുടെ സ്വപ്നങ്ങളിലും യാഥാര്‍ത്ഥ്യങ്ങളിലും കൂടെത്തന്നെ സഞ്ചരിച്ചുകൊണ്ട് ഞങ്ങളെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ഒരു തിറയുണ്ട്. ഞങ്ങളതിനെ കൊറ എന്നു വിളിക്കുന്നു. ഇതൊരു തിറയല്ല. നാടകം തന്നെയാണ്. നാടകത്തിന്റെ പുതുമയാര്‍ന്ന രൂപം. അതിനെക്കുറിച്ചു പറഞ്ഞാലേ ഞങ്ങള്‍ ഒഞ്ചിയം ഉള്‍പ്പെടേയുള്ള കുറുമ്പ്രനാട്ടുകാരുടെ മനസ്സിന്റെ പശ്ചാത്തലം മനസ്സിലാക്കാന്‍ പറ്റുകയുള്ളൂ....

കുഭം-മീനമാസങ്ങളില്‍ ഈ പ്രദേശങ്ങളിലെ ചില അമ്പലപ്പറമ്പുകളില്‍ കെട്ടിയാടുന്ന ഒരു തിറയാണ് കൊറ. അതില്‍ ഒരു സാധാരണമനുഷ്യന്റെ വേഷത്തിലെത്തുന്ന കഥാപാത്രത്തിന്റെ ആക്രോശം കാണികളെ ആദ്യമേ ഞെട്ടിക്കുന്നു.
കരിന്ദ്രേരും പിരിന്ദ്രേരും
വീരാട്ടം പെരുന്തിരേരും
മൊഴിപിഴച്ച് വഴിതപ്പിയ
മലയാളനെകുത്തുവേം
കൊല്ലുവേം കൊടലെടുക്കുവേം!
ഏറ്റേറ്റ് മലയാളന്‍.

ഒന്നര മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന ഈ തിറയില്‍ അഥവാ നാടകത്തില്‍ ഉച്ചരിക്കപ്പെടുന്നത് ഈയൊരു സംഭാഷണം മാത്രമാണ്. കുറ എന്ന വാക്കിന് സന്ദേശം എന്നര്‍ത്ഥമുണ്ട്. കുറ എന്ന വാക്ക് രഹസ്യസന്ദേശം എന്ന അര്‍ത്ഥം സൂചിപ്പിച്ചുകൊണ്ട് ഗ്രാമീണ ഉച്ചാരണത്തില്‍ കൊറ എന്ന് മാറിയതാവാന്‍ സാദ്ധ്യതയുണ്ട്. വയനാട്ടിലെ ചില ആദിവാസികളുടെ ഭാഷയില്‍ കൊറ എന്നാല്‍ മുറ്റം എന്നാണ്. ക്ഷേത്രമുറ്റത്തുവെച്ചുള്ള ഏറ്റുമുട്ടല്‍ എന്ന രീതിയില്‍ ഈ തിറക്ക് പേരുവന്നതാകാനും മതി. ഏതായാലും ഞങ്ങള്‍ കുറുമ്പ്രനാട്ടുകാര്‍ അക്കാര്യത്തിലൊരു തര്‍ക്കത്തിനൊന്നും വരില്ല. കൊറ എന്നാല്‍ കൊറ തന്നെ. ഞങ്ങളുടെ മനസ്സിലെ കൊറ അനിതരസാധാരണമായ അവതരണശൈലി സ്വീകരിച്ചിരിക്കുന്നൊരു നാടകമാണ്. ഈ നാടകത്തില്‍ പ്രണയവും യുദ്ധവും ചതിയും പകയും മാത്രമല്ല അധികാരസ്ഥാനങ്ങളാല്‍ അടിച്ചമര്‍ത്തപ്പെടുന്നവരുടെ പുതുമയാര്‍ന്ന പ്രതിഷേധവും അതിജീവനത്വരയും ചുരുള്‍നിവരുന്നു.

രണ്ടു വ്യത്യസ്ത അരങ്ങുകളിലായാണ് ഈ നാടകം പൂര്‍ത്തിയാകുന്നത്. ഒന്നാമത്തെ അരങ്ങ് അമ്പലമുറ്റവും അമ്പലപ്പറമ്പ് മുഴുവനുമാണ്. പശ്ചാത്തലത്തില്‍ വന്മരങ്ങളും വള്ളിപ്പടര്‍പ്പുകളും ഇടതൂര്‍ന്ന് വളരുന്ന സര്‍പ്പക്കാവുകളാണ്. കോട്ട എന്നാണ് ഇവിടങ്ങളില്‍ ഈ കൊച്ചുകാടുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്. അമ്പലത്തിനുചുറ്റും കല്‍പ്പടവുകള്‍. അമ്പലപ്പറമ്പില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന ഇലഞ്ഞിയും കാഞ്ഞിരവും വളര്‍ന്ന് പന്തലിച്ചു തണല്‍വിരിക്കുന്നു. തിറയാട്ടക്കോലങ്ങള്‍ക്ക് യഥേഷ്ടം ചലിക്കാന്‍ ധാരാളം സ്ഥലം ഒഴിച്ചുവിട്ടുകൊണ്ട് അമ്പലമുറ്റത്തും അമ്പലപ്പറമ്പിലുമായി ആ ഗ്രാമത്തിലെ ഏതാണ്ട് മുഴുവന്‍ ജനങ്ങളും കൂട്ടംകൂടി നില്ക്കുന്നുണ്ടായിരിക്കും. ഈ ജനങ്ങളുടെ മനസ്സും ഈ സന്ദര്‍ഭത്തില്‍ അവര്‍ പരസ്പരം കൈമാറുന്ന ആശയങ്ങളുമാണ് രണ്ടാമത്തെ അരങ്ങ്.

അങ്കക്കാരന്‍, പൂതാടി, മലയാളന്‍, (ചില സ്ഥലങ്ങളില്‍ ഇയാള്‍ മറുതല എന്ന പേരിലാണറിയപ്പെടുന്നത്) തുടങ്ങിയവരാണ് അരങ്ങിലെത്തുന്ന കഥാപാത്രങ്ങള്‍. അങ്കക്കാരന്‍ അമ്പലത്തിലെ മുഖ്യപ്രതിഷ്ഠയാണ്. വേഷംകൊണ്ടും ചലനം കൊണ്ടും ഉഗ്രപ്രതാപിയും വീരശൂരപരാക്രമിയുമായാണ് ഇയാള്‍ കാണപ്പെടുന്നത്. മൂന്നു തട്ടുകളുള്ള തൊങ്കല്‍മുടിയും കറുത്ത ചായം കൂടുതലുള്ള മുഖത്തെഴുത്തും ചെവിപ്പൂവും താടിമീശകളുമെല്ലാം ചേര്‍ന്നു കഥകളിയിലെ കത്തിവേഷത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു തിറയാട്ടക്കോലമാണ് അങ്കക്കാരന്‍. കുംഭമാസത്തിലെ പകല്‍വെളിച്ചത്തില്‍ അമ്പലപ്പറമ്പിലെ വേഷപ്പുരയില്‍ അണിഞ്ഞൊരുങ്ങുന്ന അങ്കക്കാരന്റെ തോറ്റംപാട്ട് ചെണ്ടയുടെ വലന്തലത്താളത്തിലുണരുന്നു. ആ തോറ്റംപാട്ടിന്റെ ഏതാനും വരികളിലൂടെ കടന്നുപോയാല്‍ത്തന്നെ തിറയുടെ ഗരിമയും ധാടിയും മനസ്സിലാക്കാം.

ആദിത്യമണ്ഡലത്തിലല്ലോ
ദൈവം പിറന്നുദിക്കുന്നത്
ചന്ദ്രഭൂമി മണ്ഡലത്തിലല്ലോ
ദൈവം മെയ്‌വളരുന്നത്
തന്നോടങ്ങെതിര്‍ത്തോരു
മറുതല വരുമ്പോള്‍ വാരികപ്പൊടി
വാരിമറുതലയ്‌ക്കെറിവൂ...............
എളമ്പിലാന്‍കോട്ട തന്റെ കളരിക്ക്
കിഴക്ക് അങ്കവും കല്ലുമല്ലോ തോന്നിക്കാണുന്നൂ.........
പയ്യാറമ്മലസ്വരൂപേ പൊടിച്ചെഴുന്നോ-
രങ്കക്കാരാ തുണക്കേണം നമുക്ക്.......
അണ്ടല്ലൂര്‍കോട്ടവാഴും പൊടിച്ചെഴുന്നോ
രങ്കക്കാരാ തുണക്കേണം.

വേഷം ധരിച്ചുകഴിഞ്ഞാല്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കഴകക്കാരുടെ കൈ താങ്ങായി പിടിച്ചുകൊണ്ട് അങ്കക്കാരന്‍ അമ്പലമുറ്റത്തേക്കെത്തി ഉറഞ്ഞാടുന്നു. (ക്ഷേത്രത്തിന്റെ നടത്തിപ്പിന് ചുമതലപ്പെട്ട തറവാട്ടിലെ താവഴിക്കാരാണ് കഴകക്കാര്‍ അഥവാ പരികര്‍മ്മികള്‍) പിന്നീട് അമ്പലവാതിലിനു നേരെ മുന്നിലുള്ള വലിയ തറയില്‍ കയറിനിന്ന് മൂന്നു തട്ടുകളുള്ള പൊക്കം കൂടിയ തൊങ്കല്‍മുടി കഴകക്കാരാല്‍ തലയിലണിയിക്കപ്പെട്ട് പൂര്‍വ്വാധികം പ്രതാപവാനായി കിഴക്കോട്ടേക്ക് തിരിഞ്ഞുനില്‍ക്കുന്നു. ഇങ്ങിനെ മുടിയെടുത്ത് കിഴക്കോട്ടു തിരിയുമ്പോഴാണ് ഭക്തന്മാര്‍ കാണിക്ക നല്കുന്നതും തങ്ങളുടെ പരാതികളുണര്‍ത്തുന്നതും. പട്ട്, കോഴി, പണം, വാഴക്കുല തുടങ്ങിയ ഭക്തന്മാരുടെ കാഴ്ചവസ്തുക്കള്‍ സ്വീകരിച്ച് അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുകയും അനുഗ്രഹങ്ങള്‍ ചൊരിയുകയും ചെയ്യുന്നു. പിന്നീട് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ അങ്കക്കാരനെ കഴകക്കാരന്‍ ആദരിച്ചു പൂജിക്കുകയും സല്ക്കരിക്കുകയും ചെയ്യുന്ന ചടങ്ങുകളാണ്. ഒടുവില്‍ അങ്കക്കാരന്റെ തൊങ്കല്‍ മുടിയില്‍ വരച്ചുവെച്ചിരിക്കുന്ന സ്ത്രീ (ഭഗവതി) യുടെ നെറ്റിയില്‍ മുഖ്യകഴകക്കാരന്‍ തിലകംചാര്‍ത്തി തിലകച്ചിരട്ട വലിച്ചെറിയുന്നു. ഭക്തജനങ്ങള്‍ ആ തിലകച്ചിരട്ട നിലം തൊടുന്നതിനു മുമ്പേ പിടിച്ചെടുത്ത് സ്വയം തിലകംതൊടുകയും മറ്റുള്ളവരെ തിലകമണിയിക്കുകയും ചെയ്യുന്നു.

അടുത്ത ഊഴം പൂതാടിയുടേതാണ്. കിരീടത്തിന്റെ ആകൃതിയും മൊത്തം രൂപവുമെല്ലാം ചേര്‍ന്ന് കഥകളിയിലെ ചുവന്നതാടിയെ ഓര്‍മ്മിപ്പിക്കുന്ന ഒരു തിറയാട്ടക്കോലമാണ് പൂതാടി. വേഷത്തിലും ചലനത്തിലുമെല്ലാം രൗദ്രതയും ഹാസ്യവും ഇടകലര്‍ന്നിരിക്കുന്നു. കുറച്ചുസമയം അമ്പലമുറ്റത്തും അമ്പലപ്പറമ്പിലും നിറഞ്ഞാടുന്നു. അല്പസമയം കഴിഞ്ഞ് അങ്കക്കാരന് കഴകക്കാര്‍ രണ്ടു നീണ്ടുകൂര്‍ത്ത വാളുകള്‍ നല്കുന്നു. ചെറിയൊരു വാള്‍ പൂതാടിക്കും. അങ്കക്കാരന്‍ തന്റെ വാളുകള്‍ കൂട്ടിമുട്ടിച്ച് അലറിക്കൊണ്ട് ജാഗ്രതയോടെ ചുറ്റുപാടും നിരീക്ഷിക്കുന്നു. പൂതാടി തന്റെ വാളിന്ന് മൂര്‍ച്ചകൂട്ടാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടതായി കാണപ്പെടുന്നു.

പൊടുന്നനെ മലയാളന്‍ (മറുതല) രംഗത്തേക്ക് ചാടിവീഴുന്നു. തിറയാട്ടക്കോലങ്ങളുടെ വേഷഭൂഷാദികളൊന്നും ഇയാള്‍ക്കില്ല. തികച്ചും ഒരു സാധാരണക്കാരന്‍. തലയില്‍ ഒരു ചുവന്നതുണി ശിരോവസ്ത്രമായി ധരിച്ചിരിക്കുന്നു. അരയില്‍ വെള്ളമുണ്ടിന് മീതെ ചുവന്ന കച്ച കെട്ടിയിരിക്കുന്നു. കഴുത്തില്‍ ചില വിലകുറഞ്ഞ മാലകള്‍. നെറ്റിയിലും മാറത്തും കൈത്തണ്ടകളിലും ചന്ദനലേപനം. കൈയില്‍ അലകിന്റെ (കവുങ്ങിന്റെ തടി ചീന്തിയെടുത്തത്) രണ്ടു കൂര്‍ത്തവടികള്‍ മാത്രം. അയാള്‍ കവുങ്ങിന്‍പൂക്കുലയിലെ അല്ലികള്‍ ചുറ്റും നുരിച്ചുകൊണ്ട് അങ്കക്കാരനേയും പൂതാടിയേയും വലംവെയ്ക്കുന്നു. അതിനിടയില്‍ അവര്‍ക്കുനേരെ ആക്രോശിക്കുന്നു.
കരിദ്രേരും പരിദ്രേരും
വീരാട്ടം പെരുന്തിരേരും.
മൊഴിപിഴച്ച് വഴിതപ്പിയ
മലയാളനെകുത്തുവേം
കൊല്ലുവേം! കൊടലെടുക്കുവേം!
ഏറ്റേറ്റ് മലയാളന്‍.

അങ്കക്കാരനേയും പൂതാടിയേയും പരിഹാസരൂപേണ വിശേഷിപ്പിച്ചുകൊണ്ട്, വഴിചോദിക്കുമ്പോള്‍ ഭാഷ മനസ്സിലാകാതെ വഴിതെറ്റിയെത്തിയ മലയാളനോട് അവര്‍ ചെയ്ത കൊടുംപാതകം - വെട്ടിക്കൊന്നു കുടല്‍മാല വലിച്ചെടുത്തത് - അയാളിലൂടെ മലയാളന്റെ ആത്മാവ് നാട്ടുകാരോട് വിളിച്ചുപറയുകയാണ്. ഈ മലയാളന്‍ അതിന് പ്രതികാരം ചെയ്യുവാന്‍ എത്തിയിരിക്കുകയാണെന്നും അറിയിക്കുകയാണ് ഈ സംഭാഷണത്തിലൂടെ. ഇതിനിടയില്‍ നാടകത്തിന്റെ പ്രധാനഭാഗം കാണികളുടെ മനസ്സിലും ഉണര്‍ന്നുകഴിഞ്ഞു. ബാക്കിഭാഗം അവര്‍ പരസ്പരം സംഭാഷണങ്ങളിലൂടെ കൈമാറുന്നു.

വരണ്ടുണങ്ങിയ വയലുകളില്‍ ശുഷ്കിച്ച വിത്തുകള്‍ക്കുള്ളില്‍ മനോഹരമായ ആമ്പലുകളും താമരകളും കണിവെള്ളരികളും ഉറങ്ങിക്കിടക്കുന്നതുപോലെ, ഗ്രാമീണരുടെ മനസ്സുകള്‍ക്കുള്ളിലും നിരവധിക്കഥകളും രഹസ്യങ്ങളും ഉറങ്ങിക്കിടക്കുന്നു. ജലസാമീപ്യത്താല്‍ ആമ്പലുകളും താമരകളും ഉണരുന്നതുപോലെ ചെണ്ടയുടെ താളവും തോറ്റവും തിറകളുടെ ഇളകിയാട്ടവും മലയാളന്റെ വെല്ലുവിളിയും ചേര്‍ന്നു പ്രേഷകരുടെ മനസ്സില്‍ ഒരു പ്രണയകഥ ഇതള്‍വിരിയുന്നു.

മലയാളന്‍ ഒരു തിയ്യചെറുപ്പക്കാരനായിരുന്നു. തികഞ്ഞ അഭ്യാസിയും അതിസുന്ദരനും. കളരിയായ കളരികളിലെല്ലാം പോയി അഭ്യാസങ്ങള്‍ പഠിച്ചവന്‍. ഒറ്റപ്പയറ്റിലും മെയ്പയറ്റിലും കൈകുത്തിപ്പയറ്റിലും കളരിഗുരുക്കന്മാരുടെ ഓമന. മനസ്സിലെപ്പോഴും നന്മയുണ്ടാവണം. നന്മപുലരാന്‍ മനസ്സുമുണ്ടായിരിക്കണം എന്ന ഉപദേശത്തോടെ ഗുരുക്കന്മാര്‍ അവനെ അനുഗ്രഹിച്ചയച്ചു. കൊള്ളക്കാരേയും, കവര്‍ച്ചക്കാരേയും വിടന്മാരേയും അമര്‍ച്ചചെയ്ത് അവന്‍ നാട്ടുകാരുടെ കണ്ണിലുണ്ണിയായിത്തീര്‍ന്നു. പുഴയെ ഗതിതിരിച്ചുവിട്ട് തന്റെ ഗ്രാമത്തെയാകെ തരിശാക്കി മാറ്റിക്കൊണ്ടിരിക്കുന്ന നാട്ടിലെ പ്രമാണിയും നിരവധി കോട്ടകളുടെ അധിപനുമായ അങ്കക്കാരനോടും അവന്‍ ഏറ്റുമുട്ടി. പുഴയെ വീണ്ടെടുത്തു.

അവന്റെ അഭ്യാസത്തികവിലും ധീരതയിലും സൗന്ദര്യത്തിലും ആകൃഷ്ടയായി ലോകമലയാര്‍കാവിലെ ഭഗവതിക്കുപോലും അവനോട് പ്രണയം തോന്നി. വടക്കന്‍ പാട്ടിലെ ശക്തിസ്വരൂപിണിയായ ഭഗവതി അതിസുന്ദരിയായൊരു രാജകുമാരിയുടെ രൂപം ധരിച്ചു മലയാളനോട് തന്റെ പ്രണയം അറിയിച്ചു. അവരുടെ പ്രണയം കടത്തനാടന്‍ വയലേലകളില്‍ വസന്തകാലത്തെ പാടിയുണര്‍ത്തി. വയനാടന്‍ കുന്നുകളില്‍ പൂക്കാലം സ്ഥിരവാസമായി. എന്നാല്‍, അധ:കൃതന്റെ ഈ പ്രണയം സവര്‍ണര്‍ക്കും നാടുവാഴികള്‍ക്കും ഒട്ടും രസിച്ചില്ല. പക്ഷേ തികഞ്ഞ അഭ്യാസിയായ മലയാളനോട് നേരിട്ട് ഏറ്റുമുട്ടാന്‍ അവര്‍ക്കാര്‍ക്കും ധൈര്യമില്ല. മലയാളന്റെ കയ്യില്‍ കാമുകി സമ്മാനിച്ച ഒരു മാന്ത്രികവളയുണ്ട്. അതിന്റെ പ്രാഭവം കൊണ്ട് ചതിപ്രയോഗത്തിലൂടെ വരുന്ന ഒരായുധവും അവനേല്ക്കുകയുമില്ല.

മലയാളന്റെ ശത്രുക്കള്‍ അവരെ വകവരുത്താന്‍ തക്കംപാര്‍ത്തു നടക്കുമ്പോഴാണ് അങ്കക്കാരന്റെ ദൃഷ്ടിയില്‍ മലയാളനും അവന്റെ കാമുകിയും പെട്ടത്. രാജകുമാരിയുടെ സൗന്ദര്യത്തിന്റെ വശ്യത അയാളുടെ മനസ്സിനെ ഇളക്കിമറിച്ചു. നിരവധി കോട്ടകള്‍ക്ക് അധിപനും ഉഗ്രപ്രതാപിയുമായ അങ്കക്കാരന്റെ മനസ്സില്‍ മലയാളന്‍ എന്ന അധ:കൃതനോടുള്ള അസൂയ മൂത്ത് പ്രതികാരമായി വളര്‍ന്നു. അങ്കക്കാരനും അയാളുടെ കാര്യസ്ഥനായ പൂതാടിയും കൂടി മലയാളനെതിരെ തന്ത്രങ്ങള്‍ മെനയാന്‍ തുടങ്ങി. കൈപ്പാടകലത്തില്‍ ആയുധമുള്ളപ്പോള്‍ അവനെ നേരിടാന്‍ പറ്റില്ല. കൈയ്യില്‍ മാന്ത്രികവളയുള്ളപ്പോള്‍ ചതിപ്രയോഗത്തിലൂടെ കൊല്ലാനും പറ്റില്ല. മലയാളനെ വകവരുത്താന്‍ പറ്റിയ ഒരു സന്ദര്‍ഭവും കാത്ത് അങ്കക്കാരനും പൂതാടിയും രഹസ്യമായി അയാളുടെ ചലനങ്ങള്‍ നിരീക്ഷിക്കുവാന്‍ തുടങ്ങി.

ഒരിക്കല്‍ വടക്കൊരു ദേശത്തുകൂടി പോകുമ്പോള്‍ മലയാളന് ഒരാപത്ത് സംഭവിച്ചു. ആ ദേശത്ത് അധ:കൃതര്‍ക്ക് പണിയായുധങ്ങളല്ലാതെ മറ്റ് ആയുധങ്ങളൊന്നും ധരിച്ചു നടക്കാന്‍ അവകാശമില്ലായിരുന്നു. അതുകൊണ്ട് ഒരു ആദിവാസിക്കുടിലില്‍ തന്റെ ആയുധങ്ങള്‍ തല്‍ക്കാലത്തേക്ക് സൂക്ഷിക്കുവാന്‍ ഏല്പിക്കേണ്ടിവന്നു. യാത്രകഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ ആയുധം സൂക്ഷിച്ച കുടില്‍ കണ്ടെത്താനായില്ല. തല്ക്കാലത്തേക്ക് ശത്രുക്കളെ നേരിടുവാന്‍ രണ്ട് അലകിന്റെ വടികള്‍ ചെത്തിയെടുത്ത് യാത്ര തുടര്‍ന്നു.
ആ നാട്ടുകാരുടെ ഭാഷ ശരിക്ക് അറിഞ്ഞുകൂടാത്ത മലയാളന്റെ അന്വേഷണങ്ങള്‍ക്കെല്ലാം തെറ്റായ ഉത്തരങ്ങളാണ് കിട്ടിയത്. ഒടുവില്‍ അയാള്‍ വഴിതെറ്റി അങ്കക്കാരന്റെ അധീനതയിലുള്ള പയ്യാറമ്മല്‍ സ്വരൂപത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ എത്തപ്പെട്ടു. കൈയിലുള്ളത് അലകിന്റെ വടിയാണെങ്കിലും ഒറ്റപ്പയറ്റില്‍ അഗ്രഗാമിയായ മലയാളനെ നേരിടാന്‍ അങ്കക്കാരന് ധൈര്യം വന്നില്ല. (ആനയെ സിംഹം നേരിടുന്ന മെയ്‌വഴക്കത്തിനനുസരിച്ച് ചിട്ടപ്പെടുത്തിയതാണ് ഒറ്റപ്പയറ്റ്) അങ്കക്കാരന്‍ പൂതാടിയേയും കൂട്ടി രഹസ്യമായി അവനെ പിന്തുടര്‍ന്നു.

യാത്രാക്ഷീണം കൊണ്ട് അവശനായ മലയാളന്‍ ഒരു കുളം കണ്ടെത്തിയപ്പോള്‍ അതില്‍ കുളിക്കാനിറങ്ങി. മലയാളന്റെ കൈയ്യിലെ മാന്ത്രികവള നനയുവാന്‍ പാടില്ല. നനഞ്ഞാല്‍ ശക്തി കുറഞ്ഞുപോകും. അതുകൊണ്ട് കുളത്തില്‍ മുങ്ങുമ്പോള്‍ വള കുളത്തിന്റെ പടവില്‍വെച്ച് ഒരു നീണ്ടചരട് കൊണ്ട് തന്റെ അരയിലെ ചരടു -അരഞ്ഞാണം- മായി ബന്ധിപ്പിക്കുകയാണ് പതിവ്. ഇവിടെയും മലയാളന്‍ യാതൊരു സംശയവുമില്ലാതെ അതുതന്നെ ചെയ്തു. അയാള്‍ വെള്ളത്തില്‍ മുങ്ങിയ ഉടനെ പൂതാടി ഓടിച്ചെന്ന് വളയുമായി ബന്ധിച്ചിരുന്ന ചരട് മുറിച്ചുമാറ്റി. വെള്ളത്തില്‍ മുങ്ങിനിവരുന്ന മലയാളനെ അങ്കക്കാരന്‍ തന്റെ കൈയിലെ നാന്ദകവാളുകൊണ്ട് തുരുതുരാ വെട്ടിവീഴ്ത്തി. വെട്ടിന്റെ എണ്ണം അന്നാരും എണ്ണി തിട്ടപ്പെടുത്തിയില്ല.

മലയാളനെ കൊല്ലാന്‍ പറ്റിയതിന്റെ ഹര്‍ഷോന്മാദത്തില്‍ അവന്റെ കുടല്‍മാല വലിച്ചെടുത്ത് കഴുത്തിലണിഞ്ഞ് രക്തംകലങ്ങി ചുവന്ന വെള്ളത്തില്‍ അങ്കക്കാരന്‍ നൃത്തംവെച്ചു. പെട്ടെന്ന് വെള്ളത്തില്‍ കലര്‍ന്ന രക്തമത്രയും അതിന്റെ ഭാരം മൂലമാകാം കുളത്തിന്റെ അടിത്തട്ടിലേക്ക് താഴ്ന്നുപോയി. പിറ്റേന്ന് ആ കുളം മുഴുവന്‍ ചുവന്ന ആമ്പലുകള്‍ വിരിഞ്ഞുനിന്നു. ചുവന്ന ആമ്പലുകള്‍ ആ പ്രദേശത്തെ കുളങ്ങളിലേക്കും വയലുകളിലേക്കും തോടുകളിലേക്കുമെല്ലാം ക്രമേണ വ്യാപിച്ചു.

മലയാളന്റെ പേരില്‍ അഭിമാനിക്കുകയും അവനെ രഹസ്യമായി ആരാധിക്കുകയും ചെയ്തിരുന്ന നാട്ടുകാര്‍ അതിനകം ഉഗ്രമൂര്‍ത്തിയായി മാറിക്കഴിഞ്ഞ അങ്കക്കാരന്റെ പ്രതിഷ്ഠയുള്ള ചില അമ്പലങ്ങളില്‍ മലയാളന്‍ എന്ന തിയ്യച്ചെറുപ്പക്കാരന്റെ അസ്ഥിയും പ്രതിഷ്ഠിച്ചു. തിയ്യന്മാര്‍ (ഈഴവര്‍) കഴകക്കാരായുള്ള അമ്പലങ്ങളിലാണ് ഇങ്ങിനെ പ്രതിഷ്ഠ നടന്നിട്ടുള്ളത്. അങ്കക്കാരന്റെ തിറ നടക്കുമ്പോള്‍ മലയാളന്റെ ആത്മാവ് വന്ന് സത്യം വിളിച്ചുപറയുകയും അങ്കക്കാരനോട് ഏറ്റുമുട്ടുകയും ചെയ്യുന്നു എന്നാണ് സങ്കല്പം. ഈ കഥയത്രയും കൊറ കാണുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സിലുണ്ടായിരിക്കും. അവര്‍ കൊറ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അടുത്തിരിക്കുന്ന ആളോട് രഹസ്യമായി ഈ കഥപറയും. അങ്ങിനെ ഓരോ പ്രേക്ഷകനും ഈ നാടകത്തില്‍ ഭാഗവാക്കാവുന്നു. ഇനി നമുക്ക് ഒന്നാമത്തെ അരങ്ങില്‍ നടക്കുന്ന സംഭവങ്ങളിലേക്ക് തിരിച്ചുവരാം.
തനിക്കെതിരെ പൊലിയാട്ടു വിളിച്ചുപറയുന്നത് കേട്ടു കലിയിളകിയ അങ്കക്കാരന്‍ മലയാളനെ അങ്കത്തിനു വിളിക്കുന്നു. അങ്കമര്യാദയനുസരിച്ച്, ഒരാള്‍ മറ്റൊരാളെ അങ്കത്തിനു വിളിച്ചാല്‍ ക്ഷണം സ്വീകരിക്കാതിരിക്കാന്‍ പറ്റുകയില്ല. സിംഹവും ആനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സ്വീകരിക്കുന്ന അടവുകളും തന്ത്രങ്ങളും നിരീക്ഷിച്ച് ചിട്ടപ്പെടുത്തിയ കടത്തനാടന്‍ ഒറ്റപ്പയറ്റില്‍ വിദഗ്ധനായ മലയാളന്‍ തന്റെ കയ്യില്‍ അലകിന്റെ വടി മാത്രമാണെന്ന കാര്യം മറന്ന്, മുമ്പിലുള്ള പീഠം ചാടിക്കടന്ന് അങ്കക്കാരനുമായി ഏറ്റുമുട്ടുന്നു. അങ്കം മുറുകവേ മലയാളന്‍ ഓടിയൊളിക്കുന്നു. അങ്കം നടക്കുമ്പോള്‍ മലയാളന്‍ ഓടി രക്ഷപ്പെടുന്നത് തടയാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന പൂതാടി, മലയാളന്‍ ഓടുമ്പോള്‍ എതിര്‍ദിശയിലേക്ക് ബോധപൂര്‍വ്വം നീങ്ങുന്നു.
ഈ നാടകത്തിലുടനീളം (തിറയിലുടനീളം) പൂതാടിയുടെ ചലനങ്ങള്‍, മലയാളനെ കൊല്ലാന്‍ അയാളും ആവത് ശ്രമിക്കുന്നുണ്ട് എന്ന് അങ്കക്കാരനെ ബോദ്ധ്യപ്പെടുത്താനും എന്നാല്‍ തനിക്കതില്‍ വലിയ താല്പര്യമില്ലെന്നു കാണികളെ ബോദ്ധ്യപ്പെടുത്താനും ഉതകുന്ന രീതിയിലാണ്. പ്രേക്ഷകന്‍ അങ്കക്കാരന്റേയും പൂതാടിയുടേയും അന്വേഷണശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി അവിടെ നോക്ക് ഇവിടെ നോക്ക് എന്നൊക്കെ ആവേശത്തോടെ വിളിച്ചുപറയുന്നുണ്ട്. അങ്കക്കാരനും പൂതാടിയും അമ്പലപ്പറമ്പിലെ കിണറിലും കോട്ടയിലുമെല്ലാം കാണികളെ ഇളക്കിമറിച്ചുകൊണ്ട് അന്വേഷിക്കുന്നു. അപ്പോഴൊക്കെ മലയാളന്‍ സുരക്ഷിതനായി പ്രേക്ഷകര്‍ക്കിടയില്‍ അവരുടെ സംരക്ഷണത്തില്‍ ഒളിച്ചിരിക്കുകയുമാണ്.

ഒടുവില്‍ അങ്കക്കാരന്‍ പീഠത്തിന്മേല്‍ കയറിനിന്ന് ചുറ്റുപാടും ഒരു വിഹഗവീക്ഷണം നടത്തുന്നു. മലയാളന്‍ ഒളിസ്ഥലത്തുനിന്നും പുറത്തുവരുന്നു. പൂതാടി ഇവനെ താനാണ് പിടിച്ചുകൊണ്ടുവന്നത് എന്ന ഭാവത്തില്‍ അവന്റെ വസ്ത്രങ്ങളില്‍ പിടിച്ച് അങ്കക്കാരന്റെ മുമ്പിലേക്ക് തള്ളുന്നു. ആള്‍ക്കൂട്ടത്തോട് ഇവനെ ഞാന്‍ ഇപ്പോള്‍ കൊല്ലും എന്ന ഭാവത്തില്‍ ചില ആംഗ്യങ്ങള്‍ കാണിക്കുന്നു. അങ്കക്കാരന്‍ മലയാളന് നേരെ ക്രുദ്ധനായി വാളോങ്ങിക്കൊണ്ട് ചില ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു. മലയാളന്‍ അലകിന്റെ വടിയുമായി അയാളോട് ഏറ്റുമുട്ടുന്നു. അങ്കം മുറുകുന്നു. പെട്ടെന്ന് വീണ്ടും മലയാളന്‍ ഓടിമറയുന്നു. അങ്കക്കാരനും പൂതാടിയും അമ്പലപ്പറമ്പു മുഴുവന്‍ അയാളെ തിരക്കി ഓടുന്നു. അങ്കക്കാരന്‍ കൂടുതല്‍ ക്രുദ്ധനാണ്. ഓടുന്നതിനിടയില്‍ പൂതാടിയോട് എന്തൊക്കെയോ ആക്രോശിക്കുന്നു. അങ്കക്കാരന്‍ തിരികെ അമ്പലമുറ്റത്തെത്തുമ്പോള്‍ മറ്റൊരുഭാഗത്ത് ജനങ്ങള്‍ക്കിടയില്‍ അവരുടെ സഹകരണത്തോടെ ഒളിച്ചിരിക്കുകയായിരുന്ന മലയാളന്‍ വീണ്ടും യുദ്ധസന്നദ്ധനായി അങ്കക്കാരനുനേരെ ചെല്ലുന്നു. അങ്കം വീണ്ടും തുടങ്ങുന്നു. ഇത്തവണ അങ്കത്തിന്റെ വീറും വേഗവും കൂടിയിട്ടുണ്ട്. മൂര്‍ദ്ധന്യത്തില്‍ അങ്കക്കാരനും മലയാളനും മല്ലയുദ്ധത്തിലെന്നപോലെ കൈകള്‍ കോര്‍ത്തുപിടിച്ച് അതിവേഗം കറങ്ങുന്നു. ആ കറക്കത്തിനിടയില്‍ മലയാളന്‍ മായാവിയെപ്പോലെ അപ്രത്യക്ഷനാകുന്നു.

അങ്കക്കാരനും പൂതാടിയും കൂടുതല്‍ ശൗര്യത്തോടെ ആള്‍ക്കൂട്ടത്തേയും അമ്പലപ്പറമ്പും ഇളക്കിമറിച്ച് പൊടിപടലങ്ങളുയര്‍ത്തിക്കൊണ്ട് മലയാളനെ അന്വേഷിച്ച് ഓടുന്നു. അങ്കക്കാരന്‍ അതിനിടയില്‍ ക്രുദ്ധനായി പൂതാടിയെ കുത്താന്‍ നോക്കുന്നു. പൂതാടി അങ്കക്കാരനില്‍നിന്ന് അകന്നുമാറി തന്റെ അന്വേഷണം തുടരുന്നു. ആള്‍ക്കൂട്ടം രണ്ടുപേരേയും പ്രോത്സാഹിപ്പിക്കുന്നു. അന്വേഷണങ്ങളുടെ ഒടുവില്‍ നിരാശനായ അങ്കക്കാരന്‍ ക്ഷോഭത്തോടെ തന്റെ ഒരു വാള്‍ ആര്‍ക്കോ നേരെ വലിച്ചെറിയുന്നു. പിന്നെ ഓടിച്ചെന്ന് മറ്റേ വാള്‍കൊണ്ട് മുറ്റത്തുള്ള ഒരു കല്ത്തറയില്‍ കുത്തിക്കുഴിക്കാന്‍ തുടങ്ങുന്നു. (ഈ കല്ത്തറയ്ക്കുള്ളിലാണ് മലയാളന്റെ അസ്ഥി പ്രതിഷ്ഠിച്ചത് എന്നാണ് സങ്കല്പം). അങ്കക്കാരന്‍ അവശനായി കഴകക്കാരുടെ കൈകളിലേക്ക് കുഴഞ്ഞുവീഴുന്നു. അവര്‍ അയാളെ താങ്ങി അമ്പലവരാന്തയിലെ പീഠത്തിന്മേല്‍ ഇരുത്തി വീശിക്കൊടുത്ത് ആശ്വസിപ്പിക്കുന്നു. ക്രമേണ പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചുവരുന്ന അങ്കക്കാരന്റെ അടുത്തേക്ക് ആളുകള്‍ ദക്ഷിണയുമായി വന്ന് പ്രശ്നപരിഹാരനിര്‍ദ്ദേശങ്ങളും അനുഗ്രഹങ്ങളും വാങ്ങുന്നു. ദൈവികമായ ഒരു ചടങ്ങില്‍ പങ്കെടുത്തതിന്റെ സായൂജ്യത്തോടെയും മന:സമാധാനത്തോടെയും ജനങ്ങള്‍ വീടുകളിലേക്ക് തിരിച്ചുപോകുന്നു. വര്‍ഷംതോറും ഈ നാടകം അരങ്ങേറുന്നു.

കാലം കടന്നുപോകുമ്പോള്‍ പുതിയ തലമുറ വരികയും അവരുടേതായ ഭാഗം അഭിനയിക്കുകയും ചെയ്യുന്നു. കാണികള്‍ക്ക് ഇത്രമാത്രം സ്വാതന്ത്ര്യവും പങ്കാളിത്തവും നല്കുന്ന മറ്റൊരു കലാരൂപം മറ്റെങ്ങും കാണില്ല. ഞങ്ങളുടെ ദേശചരിത്രത്തിലാകട്ടെ സമാനമായ സംഭവപരമ്പരകള്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരുന്നു.

Subscribe Tharjani |