തര്‍ജ്ജനി

അനില്‍ കുരുടത്ത്

anilkurudath@mm.co.in

Visit Home Page ...

കവിത

ഓരോന്നിനും ഓരോരോ കാരണങ്ങള്‍

കൊട്ടിയടയ്ക്കുകയാണ്
ഞാന്‍ കൂട്ടുകാരി
നിന്‍ അടുക്കളയോളമെത്തുന്ന
ഈ നടവഴി.
നമുക്കിടയിലിനി വേണ്ട
ഉഴിയരി,
ഒരു മുറി തേങ്ങ,
കറിയില്‍ വറുത്തിടാന്‍
രണ്ടുമണി കടുക്.

ഇഞ്ചിയുണ്ടോയൊന്നെടുക്കാന്‍,
വെളിച്ചെണ്ണയുണ്ടെങ്കില്‍ ശകലം;
തന്നേക്കാം വൈകീട്ടോടെ.
വരില്ല ഞാനിനി ഇത്തരം
വീട്ടുചങ്ങാത്തങ്ങളുമായ്.

വരരുതിനി ഇങ്ങോട്ടും;
ഇത്തിരി പെരിഞ്ചീരകം,
രണ്ടുകമ്പ് മൈലാഞ്ചി,
പൊട്ടിപ്പോയീ
തയ്യല്‍ മെഷീനിന്റെ സൂചി,
വേണ്ട ഇത്തരം
ലോഹ്യങ്ങളൊന്നും.

വറചട്ടിയിലെ
കാഞ്ഞെണ്ണയില്‍
ചെറിയുള്ളി
മൂത്തു പരക്കുന്ന
മണം പോലും
കടന്നു വന്നേക്കരുതീ
തൊടിയിലേക്ക്.

കൊട്ടിയടക്കുകയാണ്
ഞാന്‍ കൂട്ടുകാരീ
നിന്‍ ഹൃദയത്തിലേക്ക്
നീളുമീ ഇഷ്ടവഴി.

ഓര്‍മ്മയുണ്ടോ,
റുഖ്സാനയ്ക്ക്
കണ്ണുദീനമായപ്പോള്‍,
പുയ്യാപ്ലയുടെ
കണ്ണില്‍ കരടുവീണപ്പോള്‍,
കൊണ്ടുപോയിരുന്നില്ലേ
കറന്നെടുത്ത് ചൂടോടെ നീ;
എടുക്കാനുണ്ടാവില്ലെടീ
തുള്ളിയുമിനി
ശൂന്യത കളിയാടും
മാറിടത്തില്‍.

പോകയാണെടോ,
അഴിച്ചുവെക്കാന്‍
നേരമായി
മുല രണ്ടും
കാന്‍സര്‍ വാര്‍ഡില്‍.

Subscribe Tharjani |
Submitted by d.yesudas (not verified) on Fri, 2014-07-18 18:14.

ഹൃദ്യം...വേദനാകരം