തര്‍ജ്ജനി

അബിന്‍ തോമസ്

abntms.blogspot.com
thmmn.blogspot.com

Visit Home Page ...

കഥ

ഇന്ദ്രിയോപനിഷത്ത്

""ഗന്ധങ്ങളുടെ അടയാളം ഞങ്ങള്‍ തിരിച്ചറിയുന്നു,
ഗന്ധങ്ങളുടെ ആചാരം ഞങ്ങള്‍ പിന്തുടരുന്നു,
ഗന്ധങ്ങളുടെ ആചാരം-- മേതില്‍ രാധാകൃഷ്ണന്‍

"...ഞാന്‍ കൊല്ലപ്പെടും...!!!"
ജസ്സീലയുടെ വിളര്‍ച്ചയാര്‍ന്ന ഉദരത്തില്‍, രണ്ട് നനവുകളുടെ സമ്മേളനത്തില്‍ ഹരി നാവിനാല്‍, ശബ്ദത്തിലും സ്പര്‍ശത്തിലും കുറിച്ചു. അവളുടെ വിയര്‍പ്പും അവന്റെ ഉമിനീരും ചേര്‍ന്ന് രക്തത്തിന്റെ പുളിപ്പ്. തലയും വാലും മുറിച്ചിട്ട ഒരു ഉരഗകബന്ധത്തിന്റെ കീഴ്ഭാഗംപോലെ പകല്‍ വെളുത്ത ഖണ്ഡങ്ങളായി അവരിലൂടെ ഇഴഞ്ഞു. നിശ്ചലമായ ശരീരങ്ങളില്‍ നഗ്നതയുടെ ധ്യാനം. വിപരീതദിശകളിലേക്ക് പടര്‍ന്നുകിടന്നിരുന്ന മാംസവൃക്ഷങ്ങള്‍ പിണഞ്ഞിരുന്നു. അവളുടെ ചര്‍മ്മത്തിന്റെ ഇളംചുവപ്പാര്‍ന്ന സ്ഫടികഛായയും വിടര്‍ന്ന പൂക്കളുടെ മരണഗന്ധവും ഹരിയുടെ വിയര്‍പ്പിലേക്ക് ശുക്ലത്തിന്റെ രൂക്ഷത കലര്‍ത്തി. അവളോട് തലകീഴായി കിടന്നിരുന്ന ആണ്‍ദേഹത്തിന്റെ തുടയിടുക്കുകളുടെ ഉഷ്ണം ചൊരിഞ്ഞ വിയര്‍പ്പുതരികള്‍ അവളിലേക്ക് വിടര്‍ന്നു. ഹരിയുടെ മേല്‍ ശരീരഭാരം ചൊരിഞ്ഞു കൊണ്ട് അവള്‍ ഗന്ധത്തെ പരിഭാഷപ്പെടുത്തി, ശബ്ധത്തിലേക്ക്.

"ചെയ്യണോ...''

രതിയിലേക്ക് പങ്കാളിയെ വലിച്ചിഴയ്ക്കുന്ന വാത്സല്യവും, കാമത്തില്‍ പെണ്ണിന് ആണിനോടുള്ള ഔദാര്യവും നിറഞ്ഞ അവളുടെ ശബ്ദത്തിലേക്ക് വിറയലോടെ അവന്റെ ഹൃദയം വീണു, പിടഞ്ഞെഴുന്നേറ്റു.

" വേണ്ട...''
തലച്ചോറിന്റെ ആഴങ്ങളില്‍ നിന്നുമുള്ള ഇണയുടെ ചോദന പെണ്ണെപ്പോഴും നിഷ്പ്രയാസം ഗ്രഹിക്കുന്നു. അവളുടെ വയറില്‍ അവന്റെ ചെവി ഒരു മിടിപ്പിനായി കാത്തുനിന്നു. പൊക്കിള്‍ച്ചുഴിയോരത്ത് ചുണ്ടുകള്‍ നനവോടെ തിരഞ്ഞു. പൊക്കിള്‍ക്കൊടിയിലൂടെ അദൃശ്യമായും അനന്തമായും ബന്ധിക്കപ്പെട്ടവരാണ് സ്ത്രീകള്‍, പുരുഷന്‍ ജനനത്തോടെ മുറിച്ചുമാറ്റപ്പെടുന്ന അനാഥനും. പ്രസവിക്കാത്ത ഓരോ പെണ്ണും ഒരു ആണിന്റെ എകാന്തതയനുഭവിക്കുന്നു. പെണ്ണിന്റെ പൊക്കിളില്‍ സമര്‍പ്പിക്കപ്പെടുന്ന ഓരോ ചുംബനവും ഉള്ളില്‍ ആര്‍ത്തലയ്ക്കുന്ന നിശ്ശബ്ദമായ കണ്ണീരോടെയാണ്, ആ ചുംബനത്തില്‍ മാത്രം അവന്‍ കരയുകയാണ്. രതിയിലാണ് പെണ്ണ് ആദ്യം അമ്മയാകുന്നത്, ഗര്‍ഭത്തിനും പ്രസവത്തിനും മുമ്പേ. ഒരു ഈഡിപ്പസ്സിന്റെ അമ്മ. ഓരോ ഈഡിപ്പസും മുലകളിലും പൊക്കിളിലും അമ്മയെ തിരയുന്നു. മുറിഞ്ഞുപോയ പൊക്കിള്‍ക്കൊടിയുടെ രൂപാന്തരമാണ് വൃഷണം. പൊക്കിള്‍ക്കൊടിയോളം ആഴമേറിയതും സുഷുപ്തമാര്‍ന്നതുമായ ഒരു ബന്ധത്തിനാണ്‌ അത് ശ്രമിക്കുന്നത്. ഒരു വിഫലശ്രമം.

ജസ്സീലയ്ക്ക് അവന്റെ ഗന്ധങ്ങളെ വായിക്കാനാവുമായിരുന്നു. ആ വിനിമയത്തിന്റെ സന്ദേശങ്ങള്‍; ഭൂമിയുടെ ; ജീവന്റെ ; ഏറ്റവും തീക്ഷ്ണവും നിര്‍വ്യാജവുമായ ആ ഭാഷ. കാറിലെ തണുത്ത വായുവില്‍നിന്നും അവന്റെ മണത്തെ, തൊണ്ടമുഴയുടെ ആഴത്തിലേക്കിറങ്ങുന്ന മധുരമുള്ള ഉമിനീരിനാല്‍ കിളിര്‍ക്കുന്ന മിനുപ്പിനെ, കക്ഷത്തിലെയും ഗുഹ്യത്തിലെയും ഊഷ്മളവൈവിദ്ധ്യങ്ങളെ, വൃഷ്ണത്തിലെയും നെഞ്ചിലെയും രക്തമര്‍ദ്ദങ്ങളുടെ വ്യതിയാനങ്ങളെ അവള്‍ വിടര്‍ന്നു തുടിച്ച നാസികത്തുമ്പിലൂടെ അറിഞ്ഞു. വാക്കുകള്‍ക്കിടമില്ലാതിരുന്ന സാമീപ്യങ്ങളില്‍ ആ ജൈവശേഷി പുനര്‍ജ്ജനിച്ചു. ആ ജന്തുഭാവത്തിലൂടെ അവള്‍ക്ക് അവനെ അത്രയേറെ അറിയാനാവുന്നുണ്ടായിരുന്നു. ഗന്ധത്തിലൂടെ, അതിന്റെ സത്യത്തിലൂടെ... ജസ്സീല ആദ്യമായി തിരിച്ചറിയുകയായിരുന്നു. രുചിയിലും മണത്തിലും ആഴങ്ങളറിയാതെ പേറിയ ഗര്‍ഭങ്ങള്‍ക്കുശേഷം ഏറെ ബാക്കിയുണ്ടെന്ന്. സത്യം ശരീരത്തിന് മാത്രം അറിയുന്നതാണെന്ന് അഥവാ ശരീരത്തിലൂടെ മാത്രം അറിയുന്നതാണെന്ന്. ഗന്ധത്തിലൂടെ ജീവന്‍ ഓരോ നിമിഷവും പ്രപഞ്ചവുമായി സംസാരിക്കുകയാണെന്ന്. സ്വാതന്ത്ര്യത്തിന് ശരീരത്തിന്റെ ഗന്ധമാണ്.

കൊഴിഞ്ഞുപോയ ഒരു പൂര്‍വ്വകാലപ്രണയത്തിന്റെ അവശേഷിപ്പുകളില്‍ വെറുപ്പ് പറ്റിപ്പിടിച്ച് ജീര്‍ണിച്ചിരുന്നതിനാല്‍ വീണ്ടും ബന്ധിപ്പിക്കപ്പെടും മുമ്പേ അവളുടെ ഓര്‍മ്മ ഹരിയെ ഉളുമ്പുനാറ്റമുള്ള വിരഹത്തിലേക്ക് പൂഴ്ത്തിയിരുന്നില്ല. ഓര്‍മ്മകള്‍ക്കുള്ളില്‍, ചിലയിടങ്ങളില്‍ ശരീരങ്ങളുടെ വ്യഗ്രതകളില്‍ അവര്‍ അവര്‍ക്കായി മാത്രം ഒറ്റപ്പെട്ടിരുന്നു. ആ നിമിഷങ്ങളില്‍ അവരിലേക്ക് പൊഴിഞ്ഞ യാഥാര്‍ഥ്യത്തിന്‍റെ തൂവലുകള്‍ കൊഴിഞ്ഞിരുന്നു. കോശങ്ങളില്‍ ഉറങ്ങിക്കിടന്ന ചോദനകളില്‍ അവര്‍ അന്യോന്യം തിരഞ്ഞു. സ്വയവും പരസ്പരവും നിരാകരിക്കാനാവാത്ത സൂക്ഷ്മമായ ഉണര്‍ച്ചകളില്‍ അവര്‍ മറ്റുള്ളവര്‍ക്കിടയില്‍ ഒറ്റപ്പെട്ട രണ്ടു തുരുത്തുകളായി. യാദൃശ്ചികതകളിലൂടെ ഊര്‍ന്നൂര്‍ന്നു വന്നാണെങ്കിലും അവളടക്കമുള്ള ആ കുളിര്‍ത്ത വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്നും ഹരിയുടെ ഗന്ധം വമിക്കുന്നത് പുറകിലിരുന്ന് അവള്‍ അറിയാന്‍ തുടങ്ങി. അവര്‍ ഒരേ സൂചിത്തുമ്പിനാല്‍ മുറിപ്പെട്ടു, വിയര്‍പ്പില്‍ വേദനയുടെ മണം.

കമ്പ്യൂട്ടര്‍ കോഴ്സുകളുടെ അടുത്തടുത്ത ഇരിപ്പിടങ്ങളിലേക്ക് വീണ്ടും പരസ്പരം പരതിച്ചെല്ലുവാനാകാതെ അവരെ വളര്‍ച്ച ബാധിച്ചിരുന്നു. തൊലിയുടെയും മാംസത്തിന്റെയും പഴക്കവും ശീലങ്ങളും പൊഴിച്ചുകളയാനാവാതെ, ആ ഒറ്റവരി കോണച്ചുമരില്‍ എന്നതുപോലെ മടിച്ചുനിന്നു. ഉച്ചയുടെ പൊള്ളിച്ചയില്‍ ഹരി അവളുടെ മുടിയിഴകള്‍ക്കരികില്‍ പിന്‍കഴുത്തില്‍ മൂക്കമര്‍ത്തിയിരുന്നു. ചെവികള്‍ക്ക് പുറകില്‍നിന്ന് ജസ്സീല അവന്റെ ശബ്ദം കേട്ടു.

"... നിന്റെ മണം ....!!!!''

മറ്റു ശരീരഗന്ധങ്ങളുടെയും സുഗന്ധങ്ങള്‍ക്കുമിടയിലൂടെ അവള്‍ അടുത്തുണ്ടായിരുന്നിട്ടും ആ മണം തിരിച്ചറിയാനാവാതെ ഹരിയുടെ നാസികത്തുമ്പ്‌ വിടര്‍ന്നു തുടിച്ചു. അവള്‍ കടന്നു പോകുമ്പോള്‍ പൂര്‍ണമായും ആഴ്ന്ന് മണത്തു.

കാത്തിരുപ്പുകളുടെ ഒടുവില്‍ അവര്‍ ഒറ്റപ്പെട്ടുപോയ മടക്കയാത്രയില്‍ കാറിന്റെ ചില്ലുജാലകങ്ങള്‍ക്കകത്ത് അവരുടെ മൌനവും മണവും തട്ടിക്കനത്തു. പൊട്ടിത്തുളുമ്പുവാനൊരുങ്ങുന്ന ഓരോ വാക്കില്‍ നിന്നും ഓടിയൊളിക്കുന്ന മൗനം... വിങ്ങുന്ന വാക്കുകളാകുന്നു മൗനം... എല്ലാ വാക്കുകളുടെയും കാമുകനാകുന്നു മൗനം, ഉറഞ്ഞുപോയ ഓരോ വാക്കിനെയും മൗനം പ്രണയിച്ചുകൊണ്ടിരിക്കുന്നു. മൗനത്തിന്റെ തൊലിയില്‍ പച്ചകുത്തപ്പെട്ട അനേകം മരിച്ചവാക്കുകള്‍ ഉണ്ടാകും. മൗനം ആ വാക്കുകളുടെ ആത്മാവുമാകുന്നു. മരണത്തോളം നിശ്ശബ്ദവും ആഴവുമാര്‍ന്ന മൗനത്തില്‍ മരിച്ചുവീഴുകയായിരുന്നു ചില വാക്കുകള്‍ അപ്പോള്‍ എന്നെന്നേക്കുമായി.

എവിടെയും വിടരുന്ന ഒരു വള്ളിച്ചെടിയുടെ വിത്തുകളാണ്, മഴത്തുള്ളികള്‍. മഴമേഘങ്ങളില്‍നിന്നും വളര്‍ന്നു. ജലം അതിനറിയാത്ത ശാസ്ത്രങ്ങളിലൂടെ സഞ്ചരിക്കുന്നു, അതിന്റെ സത്യം തേടി. താഴേയ്ക്ക്.... ആഴങ്ങളിലേക്ക്... ഉള്ളറകളിലേക്ക്.... വിത്തുകള്‍ ടാറിന്റെ ഗന്ധത്തില്‍ കൊഴിഞ്ഞു. റോഡില്‍ ജലദളങ്ങള്‍ വിരിഞ്ഞു. സുതാര്യമായ പൂക്കള്‍. മഴയിലും മൌനത്തിലും പെട്ടകംപോലെ കാര്‍ ഒഴുകി. ഭൂമിയിലെ ഇണകളായ മറ്റെല്ലാ ജന്തുക്കളുടെയും അഭാവം അതിലുണ്ടായിരുന്നു. ടയര്‍ ഒരു ഇഴജന്തുവാണ്‌; തല വാലിനെ വിഴുങ്ങിയത്; അത് ഇഴഞ്ഞുകൊണ്ടിരുന്നു. അവളുടെ പൂമണവും അവന്റെ സ്രവഗന്ധവും ഇഴകലര്‍ന്നു. സ്പര്‍ശനത്തിനായി ഓരോ രോമകൂപങ്ങളും വിയര്‍ത്തു നിറഞ്ഞു. വഴിയരികിലേക്ക് കാര്‍ ഇണങ്ങിനിന്നു.

ഒരു ശരീരത്തിന് എത്രയെത്ര ഭാഷകളാണ് കൈവശമുള്ളത്...? എഴുതപ്പെടാതെ നമ്മളിലൂടെ എത്രയെത്ര വാക്കുകളാണ് കടന്നുപോകുന്നത്...? ശരീരങ്ങള്‍ ചേരുമ്പോള്‍ എത്രയെത്ര അലിഖിതങ്ങളായ ഭാഷകളാണ് സമ്മേളിക്കുന്നത്...? പരിണാമം ഒരു വികാസമായിരുന്നില്ല, അപൂര്‍ണങ്ങളായ ഭാഷകളിലേക്കുള്ള സങ്കോചമായിരുന്നു. നമ്മളോരോരുത്തരും നമ്മളില്‍ തന്നെ പണിതീരാത്ത ഒരു ബാബേല്‍ ഗോപുരത്തിനായി വഴക്കടിച്ചുകൊണ്ടിരിക്കുന്നു.

അവരില്‍ ആര്‍ക്കെങ്കിലും പരസ്പരം ഉണര്‍ത്തേണ്ടിയിരുന്നു. ഒരൊറ്റ വാക്കിന്റെ ഉച്ചാരണധ്വനിയിലൂടെ ജസ്സീല കഴിഞ്ഞകാലത്തെ മായ്ചു.

"...ഹരീ....!!!!''

തന്റെ മേലിഴയുന്ന ശരീരത്തെ ജസ്സീല ചെറുത്തു. വെയിലിനും വര്‍ണ്ണങ്ങള്‍ക്കും മുന്നില്‍ വിവസ്ത്രയാകുവാനാകാതെ. ഇഴപിരിഞ്ഞുപോയ സമ്മിശ്രഗന്ധങ്ങളുടെ പൂരിത നിശ്വാസങ്ങളും പേറി അവര്‍ അടര്‍ന്നു മാറി. അവള്‍ അവനെ അറിയുന്നു, തന്റെ പതിനാറുവയസ്സിന്റെ ഗര്‍ഭപാത്രക്കുഴലിനെ തുരന്ന ഭര്‍ത്തൃവൃഷ്ണത്തേക്കാളും ആഴത്തില്‍, തീവ്രമായി.

2

അവളുടെ മുറിയിലെ അവശേഷിക്കുന്ന പ്രകാശത്തിന്റെ ഓര്‍മ്മയിലേക്ക് കയറി വരുന്നയാള്‍ അദൃശ്യവും യഥാര്‍ത്ഥവുമല്ലാത്ത ഒരു പ്രതിഫലനംപോലെയായിരുന്നു. കറുത്ത മനുഷ്യന്റെ ചലനം മേയുന്ന ഒരു നിഴല്‍ മാത്രമായി അവള്‍ക്ക് തോന്നി. ഇഴഞ്ഞു വരുന്ന സ്പര്‍ശത്തിന്റെയും ഗന്ധത്തിന്റെയും നേര്‍ത്ത ശബ്ദത്തിന്റെയും വിനിമയങ്ങള്‍ ആര്‍ത്തലച്ച് ഒഴുകിവരുന്നതും ഇപ്പോള്‍ അവള്‍ക്ക് അറിയാനാകുന്നു. വിയര്‍പ്പിന്റെ രൂക്ഷവും ആര്‍ദ്രവുമായ വിളംബരത്തിലൂടെ ദേഹത്തെ തിരിച്ചറിഞ്ഞു. അവള്‍ അരക്കെട്ടിനെ തുറന്നു. ഉയര്‍ച്ചയുടെയും താഴ്ചയുടെയും ഒരേ ആവര്‍ത്തനത്തില്‍ രണ്ടുനിശ്വാസങ്ങള്‍ നിലച്ചുകൊണ്ടിരുന്നു. ഉന്നതിയില്‍ നിന്നും താഴ്മയിലേക്ക് വീഴ്ചയില്‍; രതിയുടെ സാരാംശത്തില്‍; നഷ്ടപ്പെടുന്നവയുടെ ശൂന്യതയിലേക്കുള്ള ആഴ്ന്നുപോകലില്‍; അവര്‍ അന്യോന്യം മുറുകെപിടിച്ചു.

ജീവിതത്തിനും രതിക്കും ഒരേ ഉള്ളൊഴുക്കാണ്. നിറവില്‍ നിന്നും ഒഴിവിലേക്ക്; പൂര്‍ണ്ണതയില്‍ നിന്നും ശൂന്യതയിലേക്ക്; ബിന്ദുവില്‍ നിന്നും അനന്തയിലേക്ക്; സമ്മേളനത്തില്‍ നിന്നും വിഘടനത്തിലേക്ക്; പരസ്പരം ചൂഴ്ന്നുറഞ്ഞുപോയ ശരീരങ്ങളിലൂടെ ശ്വാസങ്ങള്‍ മാത്രം ചലിച്ചു.

ഇരുട്ടില്‍ അവന്റെ ചുരുള്‍മുടിക്കുള്ളില്‍ പൂണ്ടിരുന്ന അവളുടെ വിരലുകളുടെ തുമ്പിലാണ് നിലച്ചിരുന്ന ഘടികാരസൂചിയുടെ വിറയല്‍ ആദ്യം വന്ന്‍ തൊട്ടത്, അത് നിലച്ചിരുന്നിടത്ത് നിന്ന് വിറയ്ക്കുകയായിരുന്നു, പിന്നീട് കണ്‍പോളകളില്‍. അവന്‍ തന്നില്‍ നിന്നും ഉണര്‍ച്ചയിലേക്ക് പിറന്നുവീഴുന്നത് അവള്‍ അറിഞ്ഞു; വേദനയില്ലാതെ പ്രസവിക്കുന്നത്; കരയാതെ ജനിക്കുന്നത്. അനാഥത്വത്തിന്റെ ഉറഞ്ഞുപോയ കണ്ണീരുമായി ഉണര്‍ന്ന അവനെ അവള്‍ തന്നില്‍ നിന്നും പുറന്തള്ളപ്പെട്ട ഒരു ജീവനെപ്പോലെ ചേര്‍ത്തുപിടിച്ചു.

"...ഇത് നീയാണ്, നീ മാത്രമാണ്.... എനിക്കറിയാം... എനിക്കറിയാം...''

തൊട്ടടുത്ത ഏത് നിമിഷത്തിലും തന്റെ അദൃശ്യതയുടെ ചരടുപൊട്ടുമൊന്നും തിരശ്ശീല വലിച്ചുനീക്കപ്പെടുമെന്നും അവനറിയാമായിരുന്നു. ഭീതിയുടെ കനത്ത കയ്യുറകളുടെ സ്പര്‍ശം അവന്‍ അറിയാന്‍ തുടങ്ങി. എമിലിയും നെല്‍സണും അവര്‍ പരസ്പരം വലിച്ചകറ്റാന്‍ ശ്രമിക്കുമ്പോലെ അവര്‍ക്ക് തോന്നി. സമ്മേളനത്തില്‍ നിന്നും വിഘടനത്തിലേക്ക്; ഗര്‍ഭപാത്രത്തില്‍ നിന്നും മരണത്തിലേക്ക്; സ്നേഹത്തില്‍ നിന്നും വെറുപ്പിലേക്ക്; കാമത്തില്‍ നിന്നും നിരാശയിലേക്ക്; മാംസം, രക്തം, സ്പര്‍ശത്തിന്റെ ഓരോ ബിന്ദുക്കളും പരസ്പരം വികര്‍ഷിക്കുന്നു. കലര്‍ന്ന അവരുടെ വര്‍ണ്ണങ്ങള്‍ വേര്‍പിരിയുവാന്‍ വെമ്പി. എമിലി കരഞ്ഞു; ഒരു അവയവം മുറിച്ചുമാറ്റുംപോലെ. ആ മുറിയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു ഗ്രഹം പോലെ നിശബ്ദതയും ശൂന്യതയും കുമിഞ്ഞുവീണു.

അവന്‍ അവളെ വെറുപ്പിന്റെയും പുലഭ്യങ്ങളുടെയും ഗന്ധമായി അറിഞ്ഞിരുന്നു. അവളെയും കൊണ്ട് വേഗതയിലേക്ക് പാഞ്ഞുകയറി മറിക്കാന്‍ തീരുമാനിക്കും. വെറിയുടെ രൂക്ഷതയില്‍ സ്വന്തം തൊലിയില്‍, മിനുസമാര്‍ന്നതും കടുംനിറമാര്‍ന്ന തന്റെ തൊലിയെ അടര്‍ത്തിയെടുക്കാനെന്നപോലെ അവന്‍ പിടിച്ചുവലിക്കും. തന്നില്‍നിന്നും പറിച്ചെറിയാന്‍ വെമ്പുന്ന ഒരു വെറുപ്പിനെ, ഉരുത്തിരിയാനാവാത്ത ഒരു നിറത്തിനെ, പിടിച്ചെടുക്കാനാവാതെ അവന്റെ കണ്ണില്‍ രക്തത്തിന്റെ പുളിപ്പുണ്ടാകും. നിരാശയില്‍നിന്നും തിടംവച്ച് വളരുന്ന പകയോടെ...

അവളുടെ മുറിയില്‍ നിന്നും മദ്യത്തിലൂടെ ഒലിച്ചിറങ്ങിപ്പോയവന്റെ വഴിയെ നെല്‍സണ്‍ പുറകിലേക്ക് ചുവടുകളായി അളന്നു. ചുണ്ടുകളില്‍ ചോരയുടെ രുചിയൊരുക്കിയ അയാളുടെ മര്‍ദ്ദങ്ങളുടെ മഴയ്ക്ക് മുമ്പായിരുന്നു അയാള്‍ ആ വഴിയിലൂടെ ഇറങ്ങിവന്നത്. തെരുവിലൂടെ ഈര്‍ഷ്യയോടെ കടന്നുപോയ ഓരോ കാറ്റും അയാളെ ഓര്‍മ്മിപ്പിച്ചു.

തെരുവ് വിജനതയെ പ്രസവിക്കുകയാണ്. അപ്രത്യക്ഷമാക്കാനൊരുങ്ങുന്ന ഒരു മാന്ത്രികനെപ്പോലെ ആകാശം നിഗൂഢമായി തെരുവിനെ പൊതിഞ്ഞു. എമിലിയുടെ മുറിയോടടുക്കുമ്പോള്‍ പകയുടെ ഇരുണ്ട തുരങ്കത്തിലൂടെ മുഴങ്ങിപ്പായുന്ന ഒരു തീവണ്ടിയുടെ തല അവനില്‍ തിളച്ചു. പാതി തുറന്നു കിടന്ന വാതിലിനു മുന്നില്‍ നിന്ന് അകത്തെ ചലനങ്ങളെ നിരൂപിച്ചു, നിശബ്ദം. ലഹരിയില്‍ ചൂഴ്ന്നിറങ്ങി കൈപ്പിടിയിലെ മദ്യക്കുപ്പിയില്‍ അവള്‍ തളച്ചിടപ്പെട്ടു കിടന്നു. ചുരുട്ടിപ്പിടിച്ചിരുന്ന കൈവിരലുകളില്‍ രക്തം ജ്വലിച്ചു. അവളുടെ വെളുത്ത കഴുത്തിലേക്ക്‌ മുറുകുവാനാഞ്ഞ കൈകളില്‍ അവന്റെ ഭയം ആഞ്ഞുകൊത്തി. പകയുടെയും ഭയത്തിന്റെയും പോരില്‍, ഭയം കൌശലത്തിന്റെയും പക മൂര്‍ച്ചയേറിയതുമായ വഴി കണ്ടെത്തുമ്പോള്‍ ഒത്തുതീര്‍പ്പുണ്ടാകുന്നു. നെല്‍സണ്‍ അവളെ ഇരുട്ടിലേക്ക് നഗ്നയാക്കി.

അക്രമാസക്തവും മൃഗീയവും എകപക്ഷീയവുമായ രതി. അവള്‍ വേദനയില്‍ ലഹരിക്കുള്ളില്‍ കിടന്ന്‍ ഞരങ്ങി. അവളുടെ കൈക്കുള്ളിലിരുന്ന ധാന്യത്തിന്റെ രക്തം അവനെ ത്രസിപ്പിച്ചു. അമര്‍ത്തിയ കൈപ്പടത്തിന്റെയും നഖത്തിന്റെയും ശേഷിപ്പ്, വിയര്‍പ്പിന്റെ സ്വതസിദ്ധത, അവളുടെ കവിളില്‍, മുലകളില്‍, കഴുത്തില്‍, തുടകളില്‍ പതിഞ്ഞു. ശുക്ലത്തിന്റെ സൂചിത്തുമ്പുകളാല്‍ അവന്‍ അവളുടെ ഉള്ളില്‍ തൊട്ടു. ഞരമ്പുകളുടെ മുറുക്കത്തിന്റെ മൂര്‍ദ്ധന്യതയിലും വേദനയിലും സംഭോഗത്തില്‍ തുടര്‍ന്നു. യോനിയില്‍ രക്തത്തിന്റെ കിളിര്‍പ്പ്; വിജയത്തിന്റെയും പരാജയത്തിന്റെയും നിറം; ചുവപ്പ്.

അവള്‍ പൂര്‍ണ്ണമായും വിസ്മൃതയായാണ് പിന്നീടെന്നും കാറിലിരുന്നത്. മുനകളാല്‍ തന്നില്‍ പച്ചകുത്തിയ ഒരു ആണ്‍ഗന്ധത്തെ, കരുത്തിനെ, ശുക്ലത്തിന്റെ രൂക്ഷതയെ അവള്‍ മൗനത്തിലൂടെ തിരഞ്ഞു. കാറിന്റെ മുന്‍സീറ്റില്‍ ഇരിക്കുമ്പോള്‍ ബലാല്‍ക്കാരം ചെയ്തവനെ അവള്‍ കണ്ടെത്തുമെന്നും അവളുടെ കണ്‍ചലനങ്ങളും ശ്വാസവും അവനെ തിരയുന്നുവെന്നും ഉള്ള ഭീതി അവനിലിരുന്ന് വിറച്ചു.

ലഹരിയുടെ ബോധത്തില്‍ കിടന്നിരുന്ന അവളെ വീണ്ടും നെല്‍സണ്‍ ഇരുട്ടിലേക്ക് ഇഴച്ചുകൊണ്ടുപോയി. തന്നില്‍ ഉറച്ചു നില്ക്കുന്ന ഗന്ധത്തെ എമിലി കൂടുതല്‍ ആഴത്തില്‍ തിരഞ്ഞു. ശുക്ലത്തിന്റെയും വിയര്‍പ്പിന്റെയും മണത്തെ കൂടുതല്‍ ഏകാഗ്രമായി ഘ്രാണിച്ചു. മൃഗീയമായി തന്നെ ഭോഗിച്ചിറങ്ങിപ്പോയവനെ എമിലി ലഹരിയുടെ നാടകീയതയോടെ കാത്തിരുന്നു. അവന്റെ തിരിച്ചുവരവില്‍; ഗന്ധങ്ങളുടെ തിരിച്ചറിവില്‍; വിനിമയങ്ങളുടെ ഇഴപിരിയലില്‍; വെറുപ്പിന്റെ മിശ്രണത്തില്‍; ഏറ്റവും ഒടുവില്‍ ഇണയെ കൊല്ലുവാനായുന്ന ഒരു ചിലന്തിയെപ്പോലെ അവള്‍ പിടഞ്ഞു.

തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നത് തന്റെ ഗര്‍ഭപാത്രത്തിന്റെ ശീലങ്ങളെയാണെന്ന് എമിലി പറഞ്ഞില്ല. അവള്‍ പറഞ്ഞതത്രയും ഉള്‍ക്കൊള്ളുന്നതെന്തെല്ലാമായിരുന്നെന്ന്‍ അവനറിഞ്ഞില്ല. അവളോളം ആഴത്തില്‍ അവന് ഒരിക്കലും സഞ്ചരിക്കാനാവില്ലെന്നതിനാല്‍. ഓരോ ദിവസവും ഓരോ നിമിഷവും അവള്‍ തന്റെ ശീലം മറന്നുപോയ ശരീരം മാത്രമായിരുന്നു. അവന്റെ വിയര്‍പ്പിനോടും ഗന്ധത്തോടും അവളെ ചേര്‍ത്തുകൊണ്ട് അവള്‍ ആവര്‍ത്തിച്ചു.

"...ഇത് നീയാണ്, നീ മാത്രമാണ്.... എനിക്കറിയാം... എനിക്കറിയാം...''

രക്തം വിസ്സര്‍ജ്ജിക്കുവാനാവാതെ ഗര്‍ഭപാത്രം അടഞ്ഞുപോകുന്നത് അവള്‍ അറിഞ്ഞു. തല തുളഞ്ഞ വെടിയുണ്ടയുമായി നെല്‍സണ്‍ തെരുവില്‍ വീഴുന്നത് അവളില്‍ സങ്കല്പിക്കപ്പെട്ടു. ഇപ്പോള്‍ വേണമെങ്കിലും രക്തം പെയ്തേക്കാവുന്ന തന്റെ അടിവസ്ത്രത്തെ അവള്‍ ഭയന്നു. അതില്‍ നഷ്ടപ്പെട്ടേക്കാവുന്ന ഒരു ഓര്‍മയുടെ ബീജത്തെ; സൂക്ഷിച്ചുവക്കാനാവാത്ത ഒരു ശരീരത്തിന്റെ ഗന്ധത്തെ; സ്പര്‍ശത്തെ അവള്‍ ഉള്ളില്‍ ഒതുക്കിപ്പിടിച്ചു. വിസര്‍ജ്ജ്യങ്ങളുടെ നിമിഷങ്ങളില്‍ അസ്വസ്ഥതയില്‍ മുങ്ങി ശ്വാസംമുട്ടി. അവള്‍ അടിവയറിലേക്കും തുടയിടുക്കിലേക്കുമായി ചുരുങ്ങി. ചലനത്തിലും നിശ്ചലതയിലും അവള്‍ ഉദരത്തില്‍ മര്‍ദ്ദങ്ങളില്ലാതെ സൂക്ഷിക്കുവാന്‍ തുടങ്ങി. ആ നിഴല്‍ സ്വപ്നത്തിന് അവള്‍ മൂക്കുവിടര്‍ത്തി.

3

അത്രയേറെ പരസ്പരം ഇഴുകിചേര്‍ന്നിട്ടും ജീവന്റെ തുള്ളികള്‍ക്കിടയിലൂടെ ഒരു മൂര്‍ഛ പാഞ്ഞുപോകുന്നു, വേര്‍പ്പെട്ടു കിടന്നുപിടയുന്നു. ശരീരങ്ങളെ വേര്‍പിരിക്കുന്ന ആ അരികുകള്‍ക്കിടയിലൂടെ കടന്ന് ഉറപൊഴിക്കുവാനാവാതെ അവര്‍ വിഘടിക്കുവാനൊരുങ്ങി. പരസ്പരം ഉരുവിടുന്ന നാമധേയങ്ങളില്‍ അവര്‍ വിഷം രുചിച്ചു. ശരീരം പേരുകള്‍ക്കും വര്‍ണ്ണങ്ങള്‍ക്കും അപ്പുറത്തേക്ക് അവരെ വിളിച്ചു. ഏതു നിമിഷവും അവനില്‍ വീണേക്കാവുന്ന മൂര്‍ഛയുടെ വാള്‍ത്തലയെ ജസീല അറിഞ്ഞു. അവളുടെ അടിവയറിലൂടെ ഒരു മിന്നല്‍ തിളങ്ങി.

".. ഞാന്‍ കൊല്ലപ്പെടും ...'' അവന്റെ ശബ്ദം ചിലമ്പിച്ച് മുഴങ്ങി.

ഒരു പകല്‍ ദൂരത്തോളം ഇണങ്ങിക്കിടന്ന ശരീരങ്ങളില്‍നിന്നും പ്രതീക്ഷിച്ചിരുന്ന ഭീതിയുടെ മണം വിടര്‍ന്നു. ഭയത്തിന്റെ ഫണം വിടരുവാന്‍ തുടങ്ങി. തന്നില്‍ തന്നെ അവന്റെ ഓരോ സ്പര്‍ശങ്ങളും മണവും പറ്റിപ്പിടിച്ചിരിക്കാന്‍ ജസ്സീല അവളുടെ ശരീരത്തോട് കെഞ്ചി. ആര്‍ത്തവത്തിലും ഭോഗത്തിലും തന്റെ രക്തസ്രവഗന്ധങ്ങളുമറിഞ്ഞ ആ ശരീരത്തെ അവള്‍ വേര്‍പ്പെടാനാവാതെ വിറച്ചു. സ്പര്‍ശത്തിന്റെയോ, ഗന്ധത്തിന്റെയോ ഓര്‍മ്മകളെ സൂക്ഷിക്കുവാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു, അല്ലെങ്കില്‍ അതെങ്ങനെയെന്ന്‍ മറന്നുപോയിരിക്കുന്നു.

ശരീരത്തില്‍ നിന്നും ഇറങ്ങിപ്പോയ നിഴലിനെ അവള്‍ ജനലിലൂടെ കാത്തുനിന്നു. ഇരുട്ടിലെ അലര്‍ച്ചയുടെ രൂപം റോഡിലെ വൈദ്യുതി വെളിച്ചത്തില്‍, തലയില്‍ ഒരു ചുവന്ന പൂ വിടരുന്നതിന്റെ പിടച്ചിലുള്ള നിഴലായി വീഴുന്നത് അവള്‍ കണ്ടു. എത്രയേറെ ഇറുക്കിപ്പിടിച്ചിട്ടും അവളുടെ ഗര്‍ഭപാത്രം തുറന്നൊഴുകി. യോനിയും അടിവസ്ത്രവും രക്തത്തില്‍ നനഞ്ഞു കുതിര്‍ന്നു.

അവള്‍ ചുവന്നു പെയ്തു. അവന്‍ ചുവന്നു പൂത്തു.

Subscribe Tharjani |