തര്‍ജ്ജനി

ബിനു ആനമങ്ങാട്

എടത്രത്തൊടി വീട്,
തൂത തപാല്‍,
മലപ്പുറം ജില്ല. 679 357
ഇ മെയില്‍: afgaar@gmail.com

Visit Home Page ...

കവിത

ട്രാഫിക്

പച്ച
ചുവപ്പ്
മഞ്ഞ.
നിറങ്ങളാണ്
നിയന്ത്രണങ്ങളെ
രേഖപ്പെടുത്തുന്നത്.

അന്ധതയുടെ ഗോപുരങ്ങളില്‍
വേര്‍തിരിയ്ക്കാത്ത നിറങ്ങള്‍
അതിരുകളെ
ചൂടുപിടിപ്പിയ്ക്കുന്നു.

വേഗങ്ങളുടെ ആവേഗങ്ങള്‍
ഒരിയ്ക്കലും
ചുവപ്പു രേഖപ്പെടുത്താത്ത
സിഗ്നല്‍ തുരുത്തുകളില്‍
മുക്രയിട്ടുപായുന്നു.

സകല ഊടുവഴികളിലൂടെയും
ചീറിപ്പായുകയാണ്
ചുമടുവണ്ടികള്‍...
എവിടെയുമില്ല
ഒരു സ്പീഡ്ബ്രേയ്ക്കര്‍ പോലും.

കൈനാട്ടികളില്ലാത്ത
കവലകളില്‍
ഗതിവിഗതികള്‍
നിര്‍ണ്ണയിയ്ക്കാത്ത
പാതകളില്‍
ദിക്കറിയാതോടുകയാണ്
എന്റെ കാവല്‍മാലാഖമാര്‍.

തെറിച്ചമര്‍ന്നു കഷ്ണങ്ങളായി
ഒറ്റ ക്ലിക്കില്‍
വീണ്ടുമോടുന്ന
ഒരു കമ്പ്യൂട്ടര്‍ ഗെയിമിന്റെ
സ്വാഭാവികത പോലെ
മനസ്സേ,....
എത്ര വീണിട്ടും
വഴിതെറ്റിയിട്ടും
എണ്ണമറ്റ അപകടസഞ്ചിയില്‍
കാലാന്തരങ്ങളുടെ
മുറിവേറ്റിട്ടും
എന്തേ നീയിങ്ങനെ..?!

ശബ്ദവേഗത്തിന്റെ ഉച്ചസ്ഥായിയില്‍
കണ്ണും കരളും
മാഞ്ഞുപോകുമ്പോല്‍
അടയാളങ്ങല്‍ മുറിപ്പെട്ട
പോക്കുവരവുപട്ടികയില്‍
എന്നെങ്കിലും ബാക്കിയാകുമോ
ഓര്‍മ്മയുടെ
ഒരടയാളം?!

Subscribe Tharjani |