തര്‍ജ്ജനി

സൌമ്യ ഭൂഷണ്‍

Visit Home Page ...

സിനിമ

ബാംഗ്ലൂര്‍ ഡെയ്സ്‌

എണ്ണപ്പെട്ട ഒന്നോ രണ്ടോ പേരൊഴിച്ചാല്‍ മലയാളത്തില്‍ സ്ത്രീ തിരക്കഥാകൃത്തുക്കള്‍ ഇല്ലതന്നെ. പുരുഷന്മാരുടെ കണ്ണിലൂടെയാണ്‌ ഇന്നോളം നമ്മള്‍ സിനിമ കണ്ടിട്ടു‍ള്ളത്‌, സ്ത്രീയെ കണ്ടിട്ടു‍ള്ളത്‌. ലോകവും കുടുബവും സ്നേഹബന്ധങ്ങളും എല്ലാം നമുക്ക്‌ പുരുഷന്‍ പറഞ്ഞുതരികയായിരുന്നു‍. പുരുഷന്റെ തണലായി, അവന്റെ സന്തോഷങ്ങളില്‍ മാത്രം ആനന്ദിച്ച്‌ അവന്‌ പ്രണയിക്കാനും കാമിക്കാനും കുടുംബംനോക്കാനുമുള്ള ഉപകരണമായി സ്ത്രീയെ കണ്ടാല്‍മതിയെന്ന്‌ സിനിമാസംസ്കാരം നമ്മളെ പഠിപ്പിച്ചു. എന്നാ‍ല്‍ കാമറയ്ക്കു മുന്നി‍ല്‍ നിന്ന് അവള്‍ പിന്നി‍ല്‍ സ്ഥാനംപിടിക്കുമ്പോള്‍ അവളെയും അവള്‍ക്കുചുറ്റിലുമുള്ള ലോകത്തെയും അവള്‍ എങ്ങിനെ നോക്കിക്കാണുന്നു‍ എന്നതാണ്‌ അഞ്ജലി മേനോന്‍ ബാംഗ്ലൂര്‍ ഡെയ്സിലൂടെ കാണിച്ചു തരുന്നത്‌. ഒരുപക്ഷെ മലയാളത്തില്‍ വാണിജ്യസിനിമയെടുക്കുന്ന ആദ്യസ്ത്രീകൂടിയാകും അഞ്ജലി.

പെട്ടെന്നൊരു വിലയിരുത്തലില്‍ വളരെ ഈസി ഗോയിങ്ങ്‌ ആയ സിനിമയായി ബാംഗ്ലൂര്‍ ഡെയ്സിനെ കാണാമെങ്കിലും ചിത്രം ചര്‍ച്ചചെയ്യുന്ന വിഷയങ്ങള്‍ ഗൌരവമര്‍ഹിക്കുന്നതും സമകാലികവുമാണ്‌. എന്നാ‍ല്‍ അത്‌ അവതരിപ്പിക്കാന്‍ അഞ്ജലി തിരഞ്ഞെടുത്തത്‌ വളരെ സരസമായ രീതിയാണ്‌ എന്നു‍മാത്രം. അതുകൊണ്ടുതന്നെ‍ സിനിമ കണ്ടിറങ്ങുമ്പോള്‍ പെട്ടെന്നു‍ള്ള പ്രതികരണം ഒരു 'കാന്‍ഡി ഫ്ലോസ്‌' സിനിമ എന്നാ‍കാം. പക്ഷെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അതിലെ കഥാപാത്രങ്ങള്‍ ജീവന്‍ നഷ്ടപ്പെടാതെ നമ്മുടെയുള്ളില്‍ എവിടെയൊക്കെയോ തങ്ങിനില്ക്കുന്നത്‌ അവയ്ക്ക്‌ യാഥാര്‍ത്ഥ്യവുമായുള്ള ഗാഢബന്ധം കാരണമാണ്‌.അവതരണത്തിലെ ഈ സരസതതയൊണ്‌ ചിത്രത്തിന്റെ വിജയരഹസ്യവും. ഇതേ വിഷയം വേണമെങ്കില്‍ സാരോപദേശമായോ കണ്ണീര്‍കഥയായോ ആക്കിമാറ്റി അവതരിപ്പിക്കാമായിരുന്നു‍. പക്ഷെ അല്പസ്വല്പം തമാശയുടെ മേമ്പൊടിയോടെ വളരെ ഈസിയായി കണ്ടിരിക്കാവുന്ന സിനിമയാക്കി അവതരിപ്പിച്ച്‌ അഞ്ജലി പ്രേക്ഷകരുടെ കൈയ്യടി നേടുകയാണ്‌ ചെയ്തത്‌. ഒരുകണക്കിന്‌ പറഞ്ഞാല്‍ സിനിമയുടെ ലക്ഷ്യവും അതുതന്നെയാണ്‌. സാധാരണക്കാരന്റെ വിനോധോപാദിയായി സിനിമയെ നമ്മള്‍ കാണുമ്പോള്‍ അതു അവര്‍ക്ക്‌ ദഹിക്കുന്നത്‌ തന്നെയാകണം. അവരുടെ വികാരങ്ങളെയും ജീവിതത്തെയും സ്പര്‍ശിക്കുന്നത്‌ തന്നെയാകണം. ജീവിതത്തിലെ എല്ലാ തിരക്കുകളും പ്രയാസങ്ങളും മറന്ന് രണ്ട് മൂന്ന് മണിക്കൂര്‍ റിലാക്സ്‌ ചെയ്യാനാഗ്രഹിച്ചുവരുന്ന പ്രേക്ഷകനെ എടുത്താല്‍ പൊന്താന്ത ചിന്തകള്‍ കൊണ്ട്‌ വീര്‍പ്പുമുട്ടി‍ക്കുന്നതില്‍ വലിയ അര്‍ത്ഥമൊന്നു‍മില്ല. അവിടെയാണ്‌ ബാംഗ്ലൂര്‍ ഡെയ്സ്‌ വിജയിക്കുന്നത്‌. ഒപ്പം അഞ്ജലിയും.

ബന്ധങ്ങള്‍, വിവാഹജീവിതം, വ്യക്തിസ്വാതന്ത്ര്യം, സൌഹൃദം എന്നി‍ങ്ങനെ പുതുസിനിമകളിലെ സ്ഥിരം വിഷയങ്ങളിലൂടെ തന്നെയാണ്‌ ബാംഗ്ലൂര്‍ ഡെയ്സും സഞ്ചരിക്കുന്നത്‌. പക്ഷെ മുന്നെ‍ പറഞ്ഞതുപോലെ സഞ്ചാരത്തിലെ പുതുമയാണ്‌ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്‌. അവിഹിതബന്ധങ്ങളും തെറിവിളിയും വ്യക്തിസ്വാതന്ത്രത്തെക്കുറിച്ചുള്ള നെടുങ്കന്‍ പ്രഭാഷണങ്ങളും ഇല്ലാതെ സിനിമ ന്യൂജെനാകാം എന്ന സ്ഥാപിക്കലാണ്‌ ബാംഗ്ലൂര്‍ ഡെയ്സ്‌.

പഠിച്ചതും വളര്‍ന്നതുമെല്ലാം ദുബായിലാണെങ്കിലും തന്റെ അവധിക്കാലഓര്‍മ്മകളെല്ലാം നാടുമായി ബന്ധപ്പെട്ടതാണ്‌ എന്ന്‌ അഞ്ജലിതന്നെ‍ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടു‍ണ്ട്‌. ബന്ധങ്ങളുടെ ഊഷ്മളത ചിത്രത്തിലുടനീളം കാണാനാവുന്നതും അതുകൊണ്ടുതന്നെയാകണം. ഒരു നായര്‍ തറവാട്ടി‍ലെ മൂന്നു‍ കസിന്‍സ്‌ തമ്മിലുള്ള ബന്ധവും അവരുടെ വ്യക്തിത്വങ്ങളിലെ വൈരുദ്ധ്യവും അവരുടെ ഇടയിലെ സ്നേഹവും സൌഹൃദവുമാണ്‌ ചിത്രത്തെ മുന്നോട്ടു‍ കൊണ്ടുപോകുന്നത്‌. പിന്നെ‍ യുവത്വത്തിന്റെ ഹരമായ ബാംഗ്ലൂരും ഒപ്പം വിന്റേജ്‌ കാറുകളുടെ ഫ്ലാംബയന്‍സും, ബൈക്ക്‌ റെയ്സിങ്ങിന്റെ ഹരവും.

സ്കൂള്‍കാലം കഴിഞ്ഞാല്‍ എങ്ങനെയെങ്കിലും ബാംഗ്ലൂരിലേക്ക്‌ ചേക്കേറുക എന്നു‍ ചിന്തിക്കുന്നവരാണ്‌ കേരളത്തിലെ നല്ലൊരു ശതമാനം ചെറുപ്പക്കാരും. നഗരത്തിന്റെ വേഗതയും വര്‍ണ്ണവിസ്മയങ്ങളും തീര്‍ക്കുന്ന മായാലോകത്തില്‍ ചെറുപ്പം ആഘോഷിക്കാന്‍ ഇഷ്ടപ്പെടുവരാണവര്‍. അതുകൊണ്ടുതന്നെ‍ യുവതലമുറയ്ക്ക്‌ ഈ ചിത്രം അവരുടേതാണെന്ന് തോന്നി‍ക്കാന്‍ മറ്റൊന്നും വേണ്ട.

നസ്രിയ ചെയ്ത ദിവ്യ എന്ന കഥാപാത്രത്തിന്റെ രണ്ടു കസിന്‍സാണ്‌ ദുല്‍ഖര്‍ അവതരിപ്പിച്ച അജുവും നിവിന്‍ പോളി അവതരിപ്പിച്ച കുട്ടനും. പഠനത്തില്‍ മിടുക്കിയാണെങ്കിലും ജോത്സ്യന്റെ ഉപദേശങ്ങളില്‍ വീണുപോയ മാതാപിക്കളുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി അവള്‍ ശിവദാസ്‌ (ഫഹദ്‌ ഫാസില്‍) എന്ന കോര്‍പ്പറേറ്റ്‌ എക്സിക്യൂട്ടീ‍വുമായുള്ള കല്ല്യാണത്തിന്‌ തയ്യാറാകുന്നതും തുടര്‍ന്ന് ബാംഗ്ലൂരിലേക്ക്‌ ചേക്കേറുന്നതും കസിന്‍സുമൊത്ത്‌ ബാംഗ്ലൂരില്‍ അടിച്ചുപൊളിക്കുന്നതുമാണ്‌ ബാംഗ്ലൂര്‍ ഡെയ്സ്‌. ഇതില്‍ ദിവ്യ ഭര്‍ത്താവിനൊപ്പമാണ്‌ ബാംഗ്ലൂരിലെത്തിയതെങ്കില്‍ കുട്ടന്‍ ജോലികിട്ടി‍വന്നതാണ്‌. അജു തന്റെ സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്തതാണ്‌ ആ നഗരം. ഇവരുടെയെല്ലാം കഥാപാത്രങ്ങള്‍ക്ക്‌ വ്യക്തതയും വ്യക്തിത്വവും നല്കാന്‍ സംവിധായകയ്ക്കായിട്ടു‍ണ്ട്‌.

ദിവ്യയും സേറയും കുട്ടന്റെ അമ്മയും

വീട്ടു‍കാരുടെ ഇഷ്ടത്തിനു വഴങ്ങി പഠനംപോലും പാതിവഴിയില്‍ നിര്‍ത്തി വിവാഹജീവിതം തുടങ്ങിയവളാണ്‌ ദിവ്യയെങ്കിലും തന്റെ ഭര്‍ത്താവിന്റെ ജീവിതത്തില്‍ തനിക്ക്‌ വലിയ സ്ഥാനമൊന്നു‍മില്ല എന്നറിയുമ്പോള്‍ കരഞ്ഞുകാലുപിടിക്കാനോ എതിര്‍ത്തു തോല്പിക്കാനോ അവള്‍ മിനക്കെടുന്നി‍ല്ല. മറിച്ച്‌ തന്റെതായ ഒരിടം അവളവിടെ കണ്ടെത്തുന്നു‍. തന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള ജീവിതവും അവളുണ്ടാക്കുന്നു‍. തന്റെ സമയവും ഭാവിയും വിലപ്പെട്ടതാണെന്ന്‌ തിരിച്ചറിഞ്ഞ്‌ അവള്‍ ആരെയും ആശ്രയിക്കാതെ സ്വന്തം സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തി തുടര്‍പഠനത്തിന്‌ ഒരുങ്ങുന്ന‍തും കഥാപാത്രത്തിന്റെ ശക്തി കൂട്ടന്നു‍. നസ്രിയ മുന്നെ‍യും ഇത്തരം പ്രസരിപ്പുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടു‍ണ്ടങ്കിലും ചിത്രത്തിന്റെ അവസാനത്തില്‍ കഥാപാത്രത്തിനു കൈവരുന്ന പക്വത നസ്രിയയുടെ മറ്റു കഥാപാത്രങ്ങളില്‍ നിന്നും ദിവ്യയെ വ്യത്യസ്തമാക്കുന്നു‍. നസ്രിയ തന്റെ ഭാഗം തരക്കേടില്ലാതെ അവതരിപ്പിച്ചുവെന്ന് പറയാം.

പാര്‍വ്വതി മേനോന്‍ അവതരിപ്പിച്ച ആര്‍. ജെ. സേറയും കല്പന അവതരിപ്പിച്ച അമ്മയും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിമുള്ളവരാണ്‌. തന്റെ ശാരീരികപരിമിതികളില്‍ തളര്‍ന്നി‍രിക്കാന്‍ കൂട്ടാ‍ക്കാതെ ശുഭാപ്തിവിശ്വാസംകൊണ്ട്‌ വെല്ലുവിളികളെയെല്ലാം നേരിട്ട്‌ ജീവിതത്തില്‍ നേട്ടങ്ങളുമായി മുതിര്‍ന്നവളാണ്‌ സേറ. ഈ കഥാപാത്രമായി പാര്‍വ്വതിയെ കാസ്റ്റ്‌ ചെയ്ത അഞ്ജലിയും സേറയെ മനോഹരമാക്കിയ പാര്‍വ്വതിയും ഒരുപോലെ പ്രശംസ അര്‍ഹിക്കുന്നു‍ണ്ട്‌. മലയാളത്തിലെ ഇതുവരെയുള്ള അമ്മ സങ്കല്പങ്ങളുടെയെല്ലാം പൊളിച്ചെഴുത്താണ്‌ കല്പന ചെയ്ത കുട്ടന്റെ അമ്മ. അമ്മ എന്നാ‍ല്‍ എന്നും ത്യാഗത്തിന്റെയും നന്മയുടെയും പ്രതീകമായി, സ്വന്തമായി ഒന്നും വേണ്ടാത്തവളായാണ്‌ ഇക്കാലമത്രയും സിനിമ നമ്മുക്ക് കാണിച്ചു തന്നത്‌. എന്നാ‍ല്‍ ബാംഗ്ലൂര്‍ ഡെയ്സിലെ ഈ അമ്മ വ്യത്യസ്തയാണ്‌. ജീവിതം ആഘോഷമാക്കാന്‍ ഇഷ്ടപ്പെടുന്നവരാണവര്‍. സാഹചര്യംകൊണ്ട്‌ നാട്ടി‍ല്‍ കഴിയേണ്ടിവരുന്ന അവര്‍ ബാംഗ്ലൂരിലേക്ക്‌ ചേക്കേറാന്‍ കിട്ടി‍യ അവസരം മുതലെടുത്ത്‌ തന്റെ സ്വപ്നത്തിലെ ജീവിതം എത്തിപ്പിടിക്കുകയാണ്‌. നാഗരികതയോടുള്ള അഭിനിവേശവും മക്കള്‍ പഠിച്ചു മിടുക്കരായതിന്റെ പൊങ്ങച്ചവും അവരില്‍ കാണാം. ഇന്നത്തെ കേരളത്തില്‍ നാം കണ്ടുമുട്ടു‍ന്ന എത്രയോ അമ്മമാര്‍ക്ക്‌ കുട്ടന്റെ അമ്മയുടെ ഛായ കാണാനാകും.

അജുവും കുട്ടനും ശിവദാസും

അജുവും കുട്ടനും വൈരുദ്ധ്യങ്ങളുടെ രണ്ടു ധ്രുവങ്ങളിലുള്ളവരാണ്‌. എന്നാ‍ലും സൌഹൃദത്തിന്റെ ഊഷ്മളതയില്‍ അവര്‍ ഒന്നാ‍ണ്‌. പരസ്പരം മനസ്സിലാക്കുന്നവരാണ്‌. നാടിനെ സ്നേഹിക്കുന്ന നിഷ്കളങ്കതയുടെ പ്രതീകമാണ്‌ അജു. ജോലിസംബന്ധമായി മറുനാട്ടി‍ലാണെങ്കിലും മനസ്സുകൊണ്ട് അവന്‍ നാട്ടി‍ന്‍പുറത്തുകാരനാണ്‌. നിവിന്‍ പോളി ചെയ്ത ഈ കഥാപാത്രമാണ്‌ ചിത്രത്തില്‍ നര്‍മ്മമുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നത്‌. തനിക്ക്‌ നര്‍മ്മവും നന്നായി വഴങ്ങുമെന്ന്‌ തെളിയിച്ച നിവിന്‍ എന്തുകൊണ്ടും ഭാവി പ്രതീക്ഷ തന്നെയാണ്‌. എന്നാ‍ല്‍ അജു വേഗത ഇഷ്ടപ്പെടുന്ന, ബൈക്ക്‌ റെയ്സിങ്‌ ക്രേസിയായ സ്വന്തം ഇഷ്ടങ്ങളില്‍ പാറി നടക്കുന്ന ഈസി ഗോ ലക്കി പഴ്സനാണ്‌. കണക്കുകൂട്ടലുകളോ ചിട്ടയോ ഭാവിയെക്കുറിച്ചുള്ള ആശങ്കയോ അവന്റെ ജീവിതത്തിന്റെ ഭാഗമല്ല. എന്നാ‍ല്‍ യാഥാസ്ഥിതികമായ സമൂഹത്തില്‍ നിലനില്ക്കുന്ന ആചാരങ്ങള്‍ക്കെതിരെ നിരന്തരം കലഹിക്കുന്നതാണ്‌ അവന്റെ മനസ്സ്‌.

വീല്‍ച്ചെയറില്‍ നീങ്ങുന്ന സേറയെന്ന പെണ്‍കുട്ടി‍യോട്‌ തന്റെ പിന്നി‍ല്‍ നടക്കാനല്ല ഒപ്പം നടക്കാനാണിഷ്ടം എന്നു‍ പറയുന്നതിലൂടെ അവന്റെ വ്യക്തിത്വത്തിന്റെ വിശാലതയാണ്‌ മനസ്സിലാക്കാന്‍ സാധിക്കുക. ദുല്‍ക്കറിന്റെ കൈയ്യില്‍ അജു ഭദ്രമാണ്‌. ഫഹദ്‌ ഫാസിലിന്റെ ശിവദാസ്‌ ഏതോ ഒരു നിഗൂഢത ഉള്ളില്‍ ഒതുക്കി അതിന്റെ പശ്ചാത്താപത്തില്‍ ജീവിക്കുന്ന വ്യക്തിയാണ്‌. വലിയ പ്രത്യേകതകളൊന്നും പറയാനില്ലാത്ത കഥാപാത്രമാണിത്‌. ഫഹദ്‌ ഇതുവരെ ചെയ്തുവരുന്ന കഥാപാത്രങ്ങളില്‍ ഒന്നാ‍യി മാത്രം കാണാനാകുന്ന ഒരു കഥാപാത്രം. വിജയരാഘവന്‍ അവതരിപ്പിച്ച കുട്ടന്റെ അച്ഛന്‍ എന്ന കഥാപാത്രംപോലും അവസാനം സ്വാതന്ത്ര്യം തേടിപ്പോകുന്നയാളാണ്‌.

ബോധപൂര്‍വ്വമായ ചില ഇടപെടലുകള്‍

ഒരു ശരാശരി മലയാളിയുടെ ഉള്ളില്‍ പതിഞ്ഞുപോയ ചില വിശ്വാസങ്ങളെയും ചിന്തകളെയും ചോദ്യംചെയ്യാന്‍ ശ്രമിക്കുന്നു‍ണ്ട്‌ ഈ ചിത്രത്തില്‍. ഇത്‌ അഞ്ജലി ബോധപൂര്‍വ്വം ചെയ്യുന്നതായി തന്നെ‍ കണക്കാക്കാം. സര്‍വ്വകലാശാല ബിരുദങ്ങളുടെ എണ്ണത്തില്‍ ആളുകളെ വിലയിരുത്തുന്ന രീതിയും വൈറ്റ്‌ കോളര്‍ ജോലിയോടുള്ള മലയാളിയുടെ താല്പര്യവും ചിത്രത്തില്‍ എടുത്തുപറയുന്നു‍ണ്ട്‌. എഞ്ചിനിയറിങ്ങ്‌ ഡ്രോപ്പ്‌ഔട്ടും ബൈക്ക്‌ മെക്കാനിക്കാനിക്കുമായ അജുവിനെ സമൂഹമെങ്ങനെ നോക്കിക്കാണുന്നു‍വെന്നത്‌ പ്രസക്തമാണ്‌. ഈ കഥാപാത്രത്തിലൂടെ ഏതു ജോലിയും പ്രസക്തമാണ്‌ എന്ന പാശ്ചാത്യകാഴ്ചപ്പാടിന്റെ നല്ലവശവും അഞ്ജലി കാട്ടി‍ത്തരുന്നു‍ണ്ട്‌. മറ്റൊന്ന്‌, മുള്ള്‌ ഇലയില്‍ വീണാലും ഇല മുള്ളില്‍ വീണാലും കേട്‌ ഇലയ്ക്കാണെന്ന ‌ പഴംചൊല്ലാണ്‌. തീര്‍ത്തും സ്ത്രീവിരുദ്ധമായ ഈ ചൊല്ലിനെ മുള്ളിനും കേടുവരാം എന്ന്‌ അല്പം നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്നുണ്ട്‌ ചിത്രത്തില്‍.

കുടുംബജീവിതത്തിലെ വിള്ളലുകള്‍ എങ്ങിനെ ബന്ധം വേര്‍പിരിയുന്നതില്‍ ചെന്നെത്തുന്നുവെന്നും കുട്ടി‍കള്‍ എങ്ങനെ അതിന്റെ ഇരകളാകുന്നുവെന്നും ചിത്രം കാണിച്ചുതരുന്നു‍ണ്ട്‌. ഒപ്പം ഇത്തരം സാഹചര്യങ്ങള്‍ പുതുതലമുറ എങ്ങനെ കൈകാര്യംചെയ്യുന്നുവെന്നും പറയുന്നി‍ടത്താണ്‌ ചിത്രം വ്യത്യസ്തമാകുന്നത്‌. വിവാഹബന്ധത്തിലെ പ്രശ്നങ്ങള്‍ ആശയവിനിമയത്തിലൂടെയും പരസ്പരം മനസ്സിലാക്കുന്നതിലൂടെയും കഴിവതും സ്വയം പരിഹരിക്കാമെന്ന് ദിവ്യയിലൂടെ കാട്ടി‍ത്തരുന്നു‍ണ്ട്‌. ഒപ്പം യുവതലമുറ പ്രായോഗികമായി ചിന്തിക്കുവരാണെന്നും അവരുടെ ജീവിതം സുരക്ഷിതമാക്കാനുള്ള പ്രാപ്തി അവര്‍ക്കുണ്ടെന്നും ചിത്രം പറയുന്നു‍.

നൊസ്റ്റാല്‍ജിയ വിട്ട് കളിയില്ല

അഞ്ജലി മേനോന്‍ സിനിമകളിലെ സ്ഥിരം ഇന്‍ഗ്രേഡിയന്‍സില്‍ ഒന്നാ‍ണ്‌ നൊസ്റ്റാല്‍ജിയ. ബാംഗ്ലൂര്‍ ഡെയ്സും അതിന്‌ അപവാദമല്ല. ചിത്രം തുടങ്ങുന്നതുതന്നെ‍ മൂന്നു‍ കസിന്‍സ്‌ തമ്മിലുള്ള കളികളും അവരുടെ കുട്ടി‍ക്കാലത്തെ പടങ്ങളും വച്ചാണ്‌. 'ബ്ലാ‍ക്ക്‌ ആന്റ്‌ വൈറ്റില്‍ കാണിക്കുന്ന ഈ രംഗങ്ങളുടെ ചാരുത നമ്മളെ ഒരുമാത്ര പഴയകാലത്തേക്ക്‌ കൂട്ടി‍ക്കൊണ്ടുപോകമെന്ന് ഉറപ്പാണ്‌. 'മഞ്ചാടിക്കുരു' മുതലുള്ള അവരുടെ സിനിമകളില്‍ നാം കണ്ടതും ഗൃതാതുരതയുടെ ഈ മുതലെടുപ്പാണ്‌. പക്ഷെ അത്‌ ആസ്വദിക്കാന്‍ പ്രേക്ഷകരുള്ള കാലത്തോളം അതില്‍ തെറ്റുപറയേണ്ടതുണ്ടോ?

സിനിമയിലുടനീളം പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന ഒന്ന്‌ സമീര്‍ താഹിറിന്റെ കാമറയാണ്‌. ബാംഗ്ലൂരിലെ ജീവിത്തതിന്റെ രസവും ബൈക്ക്‌ റെയ്സിങ്‌ സീനുകളും കൊതിപ്പിക്കുംവിധം കാമറയില്‍ പകര്‍ത്താന്‍ സമീറിനായിട്ടു‍ണ്ട്‌. ശിവദാസിന്റെ പൂര്‍വ്വകാലം പറയുന്ന സീനുകളിലും ദിവ്യയുടെ ജനാലചിത്രത്തിന്റെ ഭംഗിയില്‍ തിളങ്ങുന്ന പുലര്‍കാലരംഗവും സമീറിന്റെ കാമറയില്‍ പ്രത്യേകഭംഗിയുള്ളതായി അനുഭവപ്പെട്ടു‍.

മൂന്നു‍മണിക്കൂര്‍ ക്ഷമപരീക്ഷിച്ചു

ചെറുപ്പത്തിന്റെ വേഗതയൊപ്പിയെടുക്കാന്‍ ശ്രമിച്ച അഞ്ജലി ചിലയിടങ്ങളില്‍ വല്ലാതെ ഇഴയുന്നതുപോലെ തോന്നി‍ച്ചു. ആദ്യപകുതിയില്‍ പ്രത്യേകിച്ചും. ചിലയിടങ്ങളില്‍ സിനിമ ഏതു ദിശയിലേക്കാണ്‌ പോകുന്നത്‌ എന്നുപോലും സംശയംതോന്നി‍ച്ചു. ചിത്രത്തിന്റെ ദൈര്‍ഘ്യം മൂന്നു‍മണിക്കൂര്‍ എന്നത് അല്പം കൂടിപ്പോയില്ലേ എന്ന തോന്നലും മുഖ്യമായുണ്ട്‌. നൊസ്റ്റാല്‍ജിയ പോലെ അഞ്ജലിയെ വിട്ടു‍മാറതെ പിടികൂടിയ ഒന്ന്‌ എണ്‍പതുകളുടെ ഹാങ്ങ്‌ഓവര്‍ ആണെന്ന് തോന്നുന്നു. എണ്‍പതുകളുടെ ഹാപ്പി എന്‍ഡിങ്‌ സിനിമകളെ അനുസ്മരിപ്പിക്കുന്ന ഒന്നി‍ലധികം സീനുകള്‍ ബാംഗ്ലൂര്‍ ഡെയ്സില്‍ കാണാമായിരുന്നു‍. വീല്‍ചെയറിലെ നായികയും യുവത്വത്തിന്റെ സന്തോഷം കെടുത്തുന്ന, എല്ലാം തകര്‍ക്കുന്ന ആക്സിഡന്റും സദാ പൂട്ടി‍ക്കിടക്കുന്ന നിഗൂഢതകളുടെ മുറിയും പ്രശ്നങ്ങളെല്ലാം അവസാനനിമിഷം പരിഹരിക്കപ്പെട്ട് ശുഭപര്യവസായിയായി തീരുന്നത് എണ്‍പതുകളെ ഓര്‍മ്മിപ്പിച്ചു.

ചിത്രത്തിന്റെ അപാകതയായി തോന്നി‍ച്ച മറ്റൊന്ന് ശബ്ദമിശ്രണവും സംഭാഷണങ്ങളിലെ അവ്യക്തതയുമാണ്‌. പല സംഭാഷണങ്ങളും ഒട്ടും വ്യക്തതയില്ലാതെ, എന്താണെന്ന് മനസ്സിലാക്കാന്‍ക്കൂടി പ്രയാസമുള്ളതായി അനുഭവപ്പെട്ടു‍. സംഭാഷണങ്ങള്‍ ദുര്‍ബ്ബലവും ശബ്ദം ഒട്ടും തെളിച്ചവുമില്ലതെയുമായത്‌ സിനിമാസ്വാദനത്തിന്‌ കല്ലുകടിയായി. മറ്റൊന്ന്‌ പാട്ടു‍കളാണ്‌. ഒരു പക്കാ വാണിജ്യസിനിമയായി ഇറക്കാന്‍ ഉദ്ദേശിച്ച സ്ഥിതിയ്ക്ക്‌ പാട്ടു‍കള്‍ കുറച്ചുകൂടി നല്ലതാക്കാമായിരുന്നു‍ എന്നു‍ തോന്നി‍. ഈ സിനിമ കുറച്ചുകൂടി നല്ല പാട്ടു‍കള്‍ അര്‍ഹിക്കുന്നു‍ണ്ട്‌. ഗോപീ സുന്ദര്‍ - റഫീക്ക്‌ അഹമ്മദ്‌ കൂട്ടു‍കെട്ടി‍ലെ പാട്ടു‍കള്‍ക്ക്‌ പ്രത്യേകതയൊന്നും പറയാനില്ല. സിനിമകഴിഞ്ഞിറങ്ങുമ്പോള്‍ ഒന്നു‍ മൂളാന്‍ ഒരു പാട്ടി‍ല്ലാത്തത്‌ ഒരു പോരായ്മയായും തോന്നി‍.

എട്ടര കോടി രൂപ ചിലവഴിച്ചാണ്‌ അന്‍വര്‍ റഷീദ്‌ എന്റര്‍റ്റേന്‍മെന്റും വീക്കെന്‍ഡ്‌ ബ്ലോ‍ക്ക്ബസ്റ്ററും ചേര്‍ന്ന് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. മുന്‍നിര നായകര്‍ക്കുപുറമെ നിത്യ മേനോന്‍, ഇഷാ തല്‍വാര്‍ തുടങ്ങി പുതുതലമുറയിലെ നടീനടന്മാരും ഒപ്പം വിജയരാഘവന്‍, പ്രതാപ്‌ പോത്തന്‍, മണിയന്‍പിള്ള രാജു, വിനയപ്രസാദ്‌, രേഖ, പ്രവീണ തുടങ്ങിയ മുതിര്‍ന്ന താരങ്ങളും അടങ്ങുന്ന സാമാന്യം വലിയ താരനിര തന്നെ‍ ചിത്രത്തിലുണ്ട്‌. ഇന്ത്യയിലുടനീളം 205 തിയ്യേറ്ററുകളിലാണ്‌ സിനിമ ഒരേ ദിവസം റിലീസ്‌ ചെയ്തത്‌. റിലീസിന്റെ ഒരാഴ്ചകൊണ്ട്‌ മുടക്കിയ എട്ടര കോടിയും തിരിച്ചുപിടിച്ചു എന്ന അപൂര്‍വ്വഭാഗ്യവും നിര്‍മ്മാതാക്കള്‍ക്കുണ്ടായി എന്ന്‌ അറിയുന്നു‍. റിലീസിന്റെ ആദ്യദിനങ്ങള്‍ തിയേറ്ററില്‍ക്കണ്ട ഹൌസ്‌ ഫുള്‍ ബോര്‍ഡും, ആദ്യ നിരയില്‍പോലും സ്ത്രീകള്‍ അടക്കമുള്ളവര്‍ സ്ഥാനമുറപ്പിച്ചതും കുറേ കാലത്തിനുശേഷമാണ്‌ മലയാളസിനിമയില്‍ സംഭവിക്കുന്നത്‌ എന്ന് തോന്നുന്നു‍. എന്തായാലും വാണിജ്യസിനിമയിലേക്കുള്ള ചുവടുവെപ്പ്‌ അഞ്ജലി ആഘോഷമാക്കിയെന്നുവേണം കരുതാന്‍. ഒപ്പം പ്രേക്ഷകരും. ബാംഗ്ലൂര്‍ ഡെയ്സ്‌ നല്കിയ ഊര്‍ജ്ജവും ലാഭവും നല്ല സിനിമകള്‍ എടുക്കാന്‍ അന്‍വര്‍ റഷീദ്‌ ടീമിനും പ്രചോദനമാകെട്ടെ എന്ന് ആഗ്രഹിക്കുന്നു‍.

Subscribe Tharjani |
Submitted by Suresh Potteckat (not verified) on Sun, 2014-07-13 15:06.

Good.