തര്‍ജ്ജനി

രാജീവ്‌ സോമശേഖരന്‍

അംബികാലയം,
TVRA 94, പുന്നയ്ക്കാമുകള്‍,
ആറമട പി. ഒ .
തിരുവനന്തപുരം 32.
ഇ മെയില്‍ : rajeevsomashekar@gmail.com

Visit Home Page ...

കഥ

രോമം

“വൈദ്യന്മാര്ക്ക് ഒരാനുകൂല്യമുണ്ട്: അവരുടെ വിജയങ്ങള്‍ പകല്‍വെളിച്ചത്തില്‍ ഇറങ്ങിനടക്കും; അവരുടെ പരാജയങ്ങള്‍ മണ്ണ് മറച്ചുവയ്ക്കുകയും ചെയ്യും”
- മിഷേല്‍ ദെ മോണ്ടെയ് ന്‍

തള്ളക്കോഴിയും കുഞ്ഞുങ്ങളും പതിവുപോലെ മുറ്റത്ത്‌ ചിക്കിച്ചികഞ്ഞു നടക്കുന്നുണ്ടായിരുന്നു. ബാലു അവരെ കണ്ട ഭാവം കാണിച്ചില്ല; അവരും...

ബാലുവിന്റെ ശ്രദ്ധ പതിഞ്ഞത് വേലിക്കരികില്‍ നിര്ത്തിയിരുന്ന ഭീമാകാരന്‍ കൂടിന്നടിയില്‍ ചടച്ചിരുന്ന ഒരു കോഴിയിലാണ്. പൂടയില്ലാത്ത നീണ്ട കൊക്കോടുകൂടിയ ഒന്നിനെ അവന്‍ ആദ്യമായിട്ടാണ് കാണുന്നത്. ക്ഷീണിതനോ-തയോ ആണെന്നു തോന്നുന്നു.

ഓടുപാകിയ വീടിനുമുന്നില്‍ അവന്‍ ഒന്നുനിന്ന് പരിസരമാകെ സാകൂതം വീക്ഷിച്ചു.ചുമരില്‍ ചിതല്‍പ്പുറ്റുകള്‍ പതിപ്പിച്ചുവച്ചിരിക്കുന്നു. കൂരയ്ക്കുമുകളില്‍ ഓലക്കൈകള്‍. മച്ചിങ്ങ വീണ് വക്കുപൊട്ടിയ ഓടുകള്‍ കാറ്റില്‍ ഒന്നിളകി പൂര്‍വ്വസ്ഥിതി പ്രാപിച്ചു.

“എന്താടോ കുറുക്കാ നോക്കി നില്ക്കുന്നത് ? കേറി വാടോ...” പൂമുഖത്തുനിന്ന് വൈദ്യര്‍ വിളിച്ചു.

ബാലുവിന് ആ വിളി അത്ര സുഖിച്ചില്ലെങ്കിലും, നീരസം പുറത്തുകാണിക്കാന്‍ നിര്‍വ്വാഹമില്ല.

കഷണ്ടികള്ക്ക് മുടി കിളിര്പ്പിച്ചു കൊടുക്കുന്ന സിദ്ധനാണ് വൈദ്യര്‍. ഫലം സിദ്ധിച്ചവര്‍ ഏറെയുണ്ട്. ഇക്കാര്യത്തില്‍ ഇത്രയും ആത്മവിശ്വാസമുള്ള വൈദ്യന്മാര്‍ വേറെയില്ലെന്നാണ് നാട്ടുവര്ത്തമാനം.

തന്റെ വിജയഗാഥകള്‍ അദ്ദേഹം ചില്ലിട്ട് തളത്തിലെ ചുമരില്‍ തൂക്കിയിരുന്നു. കരടിക്കുഴിയിലെ ഹംസയാണ് കൂട്ടത്തില്‍ പ്രധാനി. ആഴ്ചയില്‍ ഒരു വട്ടം അമ്പട്ടനെ ചെന്നുകണ്ട് വണങ്ങേണ്ട അവസ്ഥയാണ് അയാള്ക്കിപ്പോള്‍. അഡ്വക്കേറ്റ് സേതുരാമന്‍, റേഷന്‍കട നടത്തുന്ന ക്രിസ്റ്റഫറിന്റെ തോന്നിവാസിയായ മകന്‍ പോള്‍ ക്രിസ്റ്റി. ഓട്ടോ കുമാര്‍... അങ്ങനെ നീണ്ടു പോകും ലിസ്റ്റ്.

‘പടിഞ്ഞാറ്റിലെ ശങ്കരന്‍ മാഷ്ടെ മകന്‍ പി.ഡബ്ല്യു.ഡി ഇഞ്ചിനീയര്‍ ബാലചന്ദ്രന്‍’ ബാലു ഒരുല്പുളകത്തോടെ അതിലുപരി ചെറിയപേടിയോടെ അരമതിലില്‍ വൈദ്യര്ക്കഭിമുഖമായി ഇരുന്നു.

മരുന്നു ശേഖരത്തിനിടയില്‍ നിന്നും എന്തോ അന്വേഷിച്ചു കണ്ടുപിടിക്കുന്ന തിരക്കിലായിരുന്നു വൈദ്യര്‍. നിരാശനായാല്‍ അദ്ദേഹം സ്വന്തം കഷണ്ടി ചൊറിയും, മേലുടുപ്പു കണ്ടിട്ടില്ലാത്ത ശരീരത്തില്‍ ഒരടി ഉയര്ന്നു നില്ക്കുന്ന കുമ്പ തടവും.

കൂടിക്കാഴ്ചയുടെ ആദ്യനാളുകള്‍ മുതല്‍ ചോദിക്കാന്‍ മാറ്റിവച്ചിരുന്ന ഒരു ചോദ്യം ആശങ്കയില്‍ നിന്നുയര്ത്തെഴുന്നേറ്റ ആത്മവിശ്വാസത്തില്‍ ബാലു ചോദിച്ചു :

“വൈദ്യരെന്താ ഈ മരുന്ന് സ്വന്തം തലയില്‍ പ്രയോഗിക്കാതിരുന്നത് ?”

പ്രത്യേകിച്ചൊരു ഭാവമാറ്റം വൈദ്യരുടെ മുഖത്തു കണ്ടില്ല. അദ്ദേഹം തിരച്ചില്‍ തുടര്ന്നുകൊണ്ട് പറഞ്ഞു:

“നിങ്ങളെപ്പോലുള്ളോര് വന്നു തുടങ്ങിയേപ്പിന്നല്ലേ എനിക്കീ മുടീടെക്കെ പ്രാധാന്യം മനസ്സിലായത്.”

തങ്ങളെപ്പോലുള്ളവര്‍ കാണിക്കുന്ന ഈ പ്രാധാന്യത്തില്‍ അവന് ആശങ്ക തോന്നാതിരുന്നില്ല. കഷണ്ടി കുറച്ചു കാലത്തേക്കെങ്കിലും ഒരന്തസ്സാണെന്നും, ചുരുക്കും ചിലര്ക്കു് മാത്രം ലഭിക്കുന്ന ഒന്നാണെന്നും ബാലുവെന്ന ഇരുപത്തിയഞ്ചുകാരന്‍ സമാധാനിച്ചു.

വൈദ്യര്‍ കണ്ടെടുത്ത മരുന്ന് കുപ്പിയില്‍ നിന്നുയര്ന്ന രൂക്ഷഗന്ധം ബാലുവിനു ചുറ്റും പലവട്ടം താളം തെറ്റി കറങ്ങിനടന്നു. അവന്‍ അരമതിലില്‍ ഒന്നുകൂടി അമര്ന്നിരുന്നു.

അദ്ദേഹം മറ്റൊരു കുപ്പിയിലേക്ക് ആ മരുന്നു പകരുന്നത് ബാലു ഇമകളനക്കാതെ നോക്കി ഇരുന്നു. വലം കയ്യിലെ മരുന്ന് ഇടം കയ്യിലെ കുപ്പിയിലേക്ക്. കട്ടിയുള്ള ഒരു കറുത്ത നൂല്‍ പോലെ ആ ദ്രാവകം കാണപ്പെട്ടു. അലസമായൊരു കാറ്റെവിടെയോ ഒന്നു മൂളി. മച്ചിനു മുകളില്‍ പടര്ന്നുനിന്നിരുന്ന ഓലക്കൈകളിലൊന്ന് കുതറിമാറി. കൂരയിലെ വിടവുകളിലൊന്നിലൂടെ വെയില്‍ അരിച്ചിറങ്ങി, കറുത്ത നൂലിനെ തഴുകിമറഞ്ഞു. കണ്‍പോളകള്‍ ഒന്നു ചിമ്മി തുറന്നപ്പോള്‍ രംഗം ശൂന്യം.

കുപ്പികള്‍ മേശപ്പുറത്തു വച്ച് വെറ്റിലച്ചെല്ലം കയ്യിലെടുത്ത് വൈദ്യര്‍ ചോദിച്ചു:

“ഞങ്ങള്ക്കൊരു വരം കിട്ടീട്ട്ണ്ട്, അറിയ്യോ ബാലൂന് ?”

കൂട്ടിന്നടിയിലെ ഉറക്കം തൂങ്ങി കോഴിയെ അന്വേഷിച്ചുകൊണ്ട് അവന്‍ പറഞ്ഞു:

“അറിയാം, അതോണ്ടല്ലേ ഞാനും, എനിക്കു മുന്പ് മറ്റു പലരും ഇവിടെ വന്ന് ഇങ്ങനെ വൈദ്യരുടെ മുന്പില്‍ ഇരിക്കണേ...”

വൈദ്യര്‍ അവനെ രൂക്ഷമായൊന്നു നോക്കി. ഗുഹാതുല്യമായ വായ തുറന്ന് ചുരുട്ടിയ വെറ്റില വായിലേക്കടുപ്പിച്ചുകൊണ്ട് പൊട്ടിച്ചിരിക്കുകയും അത് വായിലാക്കിക്കൊണ്ട് ചിരി അവസാനിപ്പിക്കയും ചെയ്തു. അദ്ദേഹം അവന്റെ അടുത്തേക്കു നീങ്ങിക്കൊണ്ട് പറഞ്ഞു:

“നീ പറഞ്ഞതാണ് പച്ചപ്പരമാര്ത്ഥായ സത്യം. അതിലെല്ലാണ്ട്; എന്റെ ജനനോം മരണോം വളര്ച്ചേം തളര്ച്ചേം .. ക്കെ.. പക്ഷെ...”

മുഴുമിപ്പിക്കാതെ വൈദ്യര്‍ ബാലുവിന്റെ. തലയില്‍ പിടിത്തമിട്ട് അവന്റെ കഷണ്ടിയില്‍ സൂക്ഷ്മമായൊരു പരിശോധന നടത്തുകയും മൃദുവായി തടവിനോക്കുകയും ചെയ്തശേഷം ആശ്വാസസൂചകമായി ഒരു ശബ്ദമുണ്ടാക്കി പറഞ്ഞു:

“കിളിര്ത്തു തുടങ്ങീട്ട്ണ്ട്. തേനും പൊടിയും ഒഴിവാക്കാം. ഇനി കുറച്ചു നാള് എണ്ണ കൊണ്ടുള്ള പ്രയോഗമാവാം...”

ബാലുവിന്റെം വാരിയെല്ലുകള്‍ ഒന്നയഞ്ഞു. കഴിഞ്ഞ ഒരു മാസക്കാലമായി ഒരു തരം വെളുത്തപൊടി ചെറുതേനില്‍ ചേര്ത്ത് ഉറങ്ങുന്നതിനു മുന്പ് തലയില്‍ തേക്കുകയും രാവിലെ കഴുകിക്കളയുകയുമായിരുന്നു പതിവ്. ഓരോ തവണ കഴുകുമ്പോഴും കൈവെള്ളയില്‍ തടയുന്ന മാറ്റത്തിന്റെ സൂചന അവന്‍ അറിഞ്ഞിരുന്നു.

ബാലുവിന്റെ തലയില്‍ വൈദ്യര്‍ എണ്ണപുരട്ടുമ്പോഴായിരുന്നു ആ രാസ്സൌന്തര്യത്തിന്റെ വരവ്. വാതില്ക്കല്‍ നിന്ന് തല മാത്രം പുറത്തേക്കിട്ട് വെള്ളിക്കണ്ണുകള്‍ തിളക്കിക്കൊണ്ട് അവളൊന്നു നോക്കി, പലവട്ടം മടിച്ച് അവന്റെ കാല്ചുവട്ടില്‍ വന്ന് പരുങ്ങി താല്പര്യം ഇല്ലാത്തതു പോലെ ചില സ്വരങ്ങള്‍ മൂളി.

“അല്ല, ആരിത്... കിങ്ങിണിയോ ?” ഒരു ചെറിയ ചിരിയും ചിരിച്ച് വൈദ്യര്‍ അവളെ കണ്ടതായി അലസമായി അറിയിക്കുകയും തന്റെ ജോലി തുടരുകയും ചെയ്തു.

ബാലു കൈയ്യെത്തിച്ച് കിങ്ങിണിയുടെ കഴുത്തില്‍ തൂക്കിയെടുത്ത്‌ മടിയിലിരുത്തി. അവള്‍ ഒന്നു മുരണ്ടുകൊണ്ട് അമര്ന്നിരുന്നു. അവളുടെ കട്ടിയുള്ള കറുത്ത രോമങ്ങള്‍ ബാലുവിനെ അലോസരപ്പെടുത്താതിരുന്നില്ല.

വൈദ്യര്‍ കിങ്ങിണിയുടെ മുതുകില്‍ തലോടി. പൂച്ചകള്‍ ഇതുവരെ പുറപ്പെടുവിച്ചു കേട്ടിട്ടിലാത്ത ഒരു ശബ്ദത്തില്‍ അവള്‍ മുരണ്ടു. ബാലു ഒരു നിമിഷം പകച്ചു പോയി, അവളില്‍നിന്നും അവന്റെ കൈകള്‍ അയഞ്ഞു. കിങ്ങിണി മുറ്റത്തേക്കു കുതിച്ച് ഏതോ മറവിലേക്കു സാവധാനം നടന്നുനീങ്ങി.

സന്ദര്ഭത്തിനു യോജിക്കാത്ത അപൂര്ണ്ണമായ ഒരു ചിരിയോടെ വൈദ്യര്‍ പറഞ്ഞു:

“ഇന്നലെ ഞാനിവള്ടെ തള്ളയെപ്പിടിച്ച് രസായനാക്കി; കരിമ്പൂച്ച രസായനം... അതിന്റെ അമര്ഷാവും.”

വൈദ്യര്‍ കൈയ്യില്‍ അവശേഷിച്ച എണ്ണ തന്റെ മുണ്ടില്‍ തുടയ്ക്കുമ്പോള്‍ ബാലു കിങ്ങിണിയെ തിരയുകയായിരുന്നു. കിങ്ങിണിയെക്കാള്‍ വലിപ്പമുള്ള അവളുടെ നിഴല്‍ കത്തുന്ന വെയിലില്‍ മുറ്റത്തു ചുരുണ്ടുകൂടി കിടന്നിരുന്നു.

ഇനി ആറു ദിവസങ്ങള്‍, തുടര്ച്ചയായി ആറു ദിവസങ്ങള്‍. വരമ്പിലൂടെ നടക്കുമ്പോള്‍ കാടുകയറുന്ന തന്റെ തലയെക്കുറിച്ചു മാത്രമായിരുന്നു ബാലുവിന്റെ ചിന്ത. ഇടയ്ക്ക് വെറുതേ ഒരു നേരമ്പോക്കിനു കയറി വന്ന “വൈദ്യര്‍ ഒരു ക്രൂരനാണോ?” എന്ന ചിന്ത അവന്‍ മനപ്പൂര്‍വ്വം ഉപേക്ഷിക്കുകയായിരുന്നു.

നീര്ക്കെട്ടു മൂത്ത് വൈദ്യനായ ആളാണദ്ദേഹം. തന്റെ നീര്ക്കെട്ട് അലോപ്പതിയും കൈയ്യൊഴിഞ്ഞപ്പോള്‍, മുത്തച്ഛനെ ഗുരുസ്ഥാനീയനായി നിര്ത്തി സ്വയം മരുന്നുണ്ടാക്കി സേവിച്ചു സുഖപ്പെട്ടവന്‍; സര്ക്കാര്‍ ജോലി ഉപേക്ഷിച്ചവന്‍.

മൂന്നാം നാള്‍ ബാലുവിന്റെ തലയില്‍ എണ്ണപുരട്ടിക്കൊടുക്കുന്നതിനൊപ്പം വൈദ്യര്‍ ഒരു പാട്ടും പാടികൊടുത്തു. സ്വതസിദ്ധമായ ശൈലിയില്‍ “ഇന്ദ്രവല്ലരി പൂചൂടി വരും” എന്നു തുടങ്ങുന്ന പാട്ട്. അദ്ദേഹം പാടുമ്പോള്‍ സ്വരരാഗഭേദങ്ങള്‍ മറന്ന് അതില്‍ ലയിച്ച് അവന്‍ എപ്പോഴോ മയങ്ങിപ്പോയി.

പാദസരങ്ങളുടെ കിലുക്കം കേട്ടാണ് ബാലു മെല്ലെ കണ്ണു തുറക്കുന്നത്. വൈദ്യരുടെ മടിയില്‍ നാലോ അഞ്ചോ വയസ്സ് തോന്നിക്കുന്ന ഒരു പെണ്കുട്ടി; ചേറു പുരണ്ട യൂണിഫോം. വൈദ്യര്‍ അവളെ കൊഞ്ചിക്കുകയായിരുന്നു. അവളുടെ ചേഷ്ടകളുടെ താളം അതേപടി വൈദ്യര്‍ ആസ്വദിക്കുകയും അനുകരിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹം അവളെ ബാലുവിനഭിമുഖമായി നേരെ ഇരുത്തി.

“ഇതാരാന്നര്യ്യ്വോ മോള്ക്ക് ?”

അവള്‍ ബാലുവിനെ നോക്കി ഇല്ലെന്നര്ത്ഥത്തില്‍ തല കുലുക്കി; പാതി വിടര്ന്ന ഒരു ചിരി അവളുടെ ചുണ്ടുകളില്‍ തെളിഞ്ഞോ എന്നു സംശയം.

അപൂര്ണ്ണമായ ആ ചിരിയിലാണ് ബാലുവിന് ഒരു പെണ്കുിട്ടിയുടെ അച്ഛനാകണമെന്ന അതിയായ ആഗ്രഹം ആദ്യമായി പൊട്ടിപ്പുറപ്പെടുന്നത്.

വൈദ്യര്‍ അവളുടെ തലയില്‍ ചുംബിച്ചുകൊണ്ട് പറഞ്ഞു:

“ചെറുമോളാണ്... ഇതൊന്നേയുള്ളു ലാളിച്ച് വഷളാക്കാനായിട്ട് !”
“എന്താ മോള്ടെ പേര് ?”

വൈദ്യരുടെ കഷണ്ടിയില്‍ കൈയ്യെത്തിച്ചുകൊണ്ട് അവള്‍ മറുപടി പറഞ്ഞു:

“മിന്നു..”

“ഇന്നെന്താ സ്കൂള്‍ ഉച്ചയ്ക്ക് പൂട്ടിയോ ?”

“ചമരം..” ആ ചിരി ഇപ്പോള്‍ പൂര്ണ്ണത നേടിയതായി തോന്നി.

നാലാം നാളും അഞ്ചാം നാളും അധികം വൈകാതെ തളിരിടാന്‍ പോകുന്ന വസന്തകാലത്തെ സദാ ചിന്തകളില്‍ താലോലിച്ചു കടന്നുപോയി. കിങ്ങിണിയെ മറന്നു, മിന്നുവിനെ മറന്നു.

ആറാം നാള്‍, ചികിത്സയുടെ അവസാനദിവസം. തലയില്‍ എഴുന്നുനില്ക്കുന്ന കുറിയ രോമങ്ങള്‍ തടവിക്കൊണ്ടാണ് ബാലു ഇടവഴിയില്‍ നിന്ന് മുറ്റത്തേക്കു കയറിയത്. ഈ പ്രവര്ത്തി വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ തുടങ്ങിയതാണെങ്കിലും അവന് ബോധം ഉണ്ടായത് വൈദ്യരുടെ വീടെത്തിയപ്പോഴായിരുന്നു.

വൈദ്യരുടെ വാത്സല്യവും ലാളനയും നിറഞ്ഞൊഴുകുന്ന ശബ്ദം അവിടമാകെ നിറഞ്ഞു കിടക്കുന്നത് അവനറിഞ്ഞു. അതേ രാഗം, അതേ താളം. മിന്നുവിനെ പ്രതീക്ഷിച്ച് അവന്‍ വരാന്തയിലേക്കു കയറി.

ചാരുകസേരയില്‍ വൈദ്യരുടെ മടിയില്‍ മിന്നുവിന്റെന സ്ഥാനം കൈയ്യടക്കി കിങ്ങിണി, കണ്ണുകളടച്ച് അദ്ദേഹത്തിന്റെ സ്നേഹം അതിന്റെ പരിപൂര്ണ്ണതയില്‍ ഏറ്റുവാങ്ങുകയായിരുന്നു അവള്‍.

ബാലുവിനെ കണ്ട വൈദ്യരുടെ മുഖത്ത് വല്ലാത്തൊരു ഭാവം ഉരുണ്ടു കൂടി. മ്ലാനതയുടെ, വിഷാദത്തിന്റെ ... എന്താണെന്നു തിരിച്ചറിയാന്‍ കഴിയാത്ത ഒന്ന്. നന്നേ പാടുപെട്ട് ഒരു ചിരി മുഖത്തുവരുത്തി അദ്ദേഹം അവളെ കൈകളില്‍ ഒതുക്കി അവിടെ നിന്നും എഴുന്നേറ്റു.

“താന്‍ ഇരിക്കടോ... ഞാനിവളെ കൂട്ടിലാക്കീട്ടു വരാം... അടുത്താഴ്ച ഒരു രസായനം കൊടുക്കാമെന്നേറ്റു പോയി !”

വൈദ്യരും കിങ്ങിണിയും മുറ്റത്തേക്കിറങ്ങുമ്പോള്‍ ശൂന്യതയില്‍ ഉറഞ്ഞുകിടന്ന ഒരിരുട്ട് തന്റെ കണ്ണുകളെ മറയ്ക്കുന്നതായി അവനു തോന്നി. സ്ഥിരമായി ഇരിക്കാറുള്ള അരമതിലും അവന്‍ കണ്ടില്ല. വിഭ്രാന്തിയുടെ വേലിയേറ്റംപോലെ എന്തോ ഒന്ന് തന്നെ പിന്നിലേക്ക് പിടിച്ചു വലിക്കുന്നതായി അവന് അനുഭവപ്പെട്ടു.

തലയ്ക്കുള്ളില്‍ അമൂര്ത്തങ്ങളായ ചില അക്ഷരങ്ങള്‍

മൂര്ത്തങ്ങളായ വാക്കുകളായും വാക്യങ്ങളായും പരിണാമപ്പെട്ടു. അവ്യക്തതയുടെ വ്യക്തതയില്‍ അവ പിറുപിറുത്തുകൊണ്ട് വരാന്തയില്‍ നിന്ന് മുറ്റത്തേക്കും, ഇടവഴിയിലേക്കും അവിടെ നിന്ന് പിന്നെ വരമ്പിലേക്കും....

“വൈദ്യന്മാര്ക്ക് ഒരാനുകൂല്യമുണ്ട്: അവരുടെ വിജയങ്ങള്‍ പകല്‍വെ ളിച്ചത്തില്‍ ഇറങ്ങി നടക്കും; അവരുടെ പരാജയങ്ങള്‍ മണ്ണ് മറച്ചു വയ്ക്കുകയും ചെയ്യും.”

Subscribe Tharjani |